2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

നിണമണിഞ്ഞ നോമ്പുകള്



കുല്ലു ആം അന്തും ബി ഖൈറ് .
--------------------------------
ചായക്കടയില് ഞങ്ങള് കുട്ടികൾക്ക് കയ്യെത്താ ദൂരത്ത് വച്ച ഫിലിപ്സ് ന്റെ
നാല് വാൾവ്  ഉള്ള റേഡിയോയിൽ നിന്നും കാള സോദരി രാഗത്തില്‍ കഷ്ടാങ്ങ വൈദ്യര്‍ പാടുന്ന കീർത്തനം ആസ്വദിച്ച് ഇരിക്കുന്ന നാട്ടുകൂട്ടത്തെ നിരാശരാക്കി ക്കൊണ്ട് ആകാശ വാണിയിലെ ഏതോ ഒരു വാണി മൊഴിഞ്ഞു.
“ഒരു പ്രത്യേക അറിയിപ്പ്.......കടപ്പുറത്ത് മാ‍സം കണ്ടതായി...........നാളെ നോമ്പായിരിക്കുമെന്ന്.......”
കാരണവന്മാരില്‍ ചിലർ “ എന്റെ പടച്ചോനെ...” എന്ന് ആത്മഗദം ചെയ്തത് ഭക്തി കൂടിയത് കൊണ്ടാണൊ എന്ന് അത്ര തിട്ടമില്ലാ‍യിരുന്നു.

ജനം പിരിഞ്ഞു.

നാളെ മുതല്‍ നോമ്പ് തുറന്ന് രണ്ട് മൂന്ന് മണിക്കൂറ് കാലി ചായ വിറ്റതിന്റെ പ്രോഫിറ്റ് കൊണ്ട് ആറേഴെണ്ണത്തിന്റെ പള്ളേല് ഉണ്ടാക്കാനുള്ളതൊന്നും തന്നെ വാങ്ങാന്‍ തികയില്ല എന്ന് എന്റെ ഉപ്പാക്ക് മുന്‍പരിചയം ഉള്ളതിനാല്‍ ഹോട്ടല്‍ മുഗള്‍ എന്ന പ്രസസ്ഥ സ്ഥാപനത്തിന്റെ, മൂച്ചിപ്പലകയാല്‍ നിർമ്മിതമായ പ്രധാന കവാടം ആമത്താഴിട്ട് പൂട്ടിക്കൊണ്ട് ഉപ്പ വീടണഞ്ഞു.

ഞങ്ങള്‍ നാട്ടിലെ അറിയപ്പെടുന്ന ഹോട്ടല്‍ ബിസിനസ്സുകാര്
. കൊയ്ത്തും മെതിയുമായി വർഷാ വർഷം
മൂന്ന് നാല് പറ നെല്ല് വീട്ടിലെ ബല്ലക്കൊട്ടയെന്ന ഗോഡൌണില്‍ സൂക്ഷിക്കപ്പെടുന്നവര്. അതിന്റെ വൈക്കോല്‍ രണ്ടാഴ്ച സുഖമായി തിന്ന് ഏമ്പക്കമിടാത്ത;, മെയ്ത്യാക്കാന്റെ ആനയെ കുത്തി തോല്പിച്ച, ആലയില്‍ നിറഞ്ഞ് നില്‍കുന്ന ചൂട്ടി എരുമ. കറിയായി വെക്കാന്‍ മുറ്റത്ത് മുരിങ്ങാമരമൊന്ന്. ഞാനൊ...?. സെഞ്ചുറി മില്ലിന്റെ കലാപി കോട്ടണ്‍ കുപ്പായം, അലുമിനിയ പിഞ്ഞാണത്തില്‍ ചിരട്ടക്കണലിട്ട് ഇസ്തിരിയിട്ട് ചുളിയാതെ നടക്കുന്നവന്‍. ചുരുക്കിക്കുറുക്കി പറഞ്ഞാല്‍ ഹോട്ടലില്ലെങ്കിലും ഞങ്ങള്‍ക്ക് പട്ടിണി കിടക്കാം എന്നത് നാട്ടുകാർക്ക് അറിയില്ല. ഞങ്ങള്‍ അറിയിച്ചിരുന്നില്ല എന്നതാണ് ശരി.

അത് കൊണ്ട് ഉപ്പ ഒരു ഭയങ്കര തീരുമാനം എടുത്തു. നാട്ടിലെ പേര് കേട്ട പണക്കരന്റെ കൂടെ കള്ളക്കടത്ത് ബിസിനസ്സ്!


 നോമ്പ് ചില്ലറ ദിവസങ്ങള്‍ പിന്നിട്ടു. ഉപ്പ വിദേശ രാജ്യങ്ങളായ പാലക്കാട്, കാലടി എന്നിവിടങ്ങളില്‍ കുറച്ച് ദിവസങ്ങളായി ബിസിനസ്സ് ടൂറിലാണ്. അവിടങ്ങളിലേക്ക് കരിഞ്ചന്തയായി ലോറിയില്‍ കേറ്റി പോയ സ്വർണ്ണക്കളറുള്ള നെല്ലിന്റെ പൈസ കിട്ടാന്‍ കാത്തിരുന്നതിനാല്‍ വീട്ടിലേക്കുള്ള എല്ലാ കമ്മ്യൂണിക്കേഷനും തല്‍ക്കാലമായി നിന്നു പോയിരുന്നു.

നോമ്പ് ആദ്യത്തില്‍ അരിപ്പത്തിരി, പിന്നെ ഗോതമ്പത്തിരി, പിറ്റേന്ന് തിരിക്കാത്ത ഗോതമ്പ്, പിന്നീടുള്ള ദിവസങ്ങള്‍ കിലോക്ക് അമ്പത് പൈസ നിരക്കില്‍ പ്ലാസ്റ്റിക്കിനെ നാണിപ്പിക്കുന്ന (കൈപ്പ് ഫ്രീ ) പറമ്പന്‍ മരച്ചീനിയാല്‍ നോമ്പ് തള്ളിയിട്ടപ്പോഴേക്കും  ഖജനാവ് കാലി. പിന്നെ മടിച്ചു നിന്നില്ല. അയല്‍ പക്കത്ത് മാനം പണയം വച്ച് അരിയും മറ്റും കടം വാങ്ങി. ഒരു കാലത്ത് വയറ് നിറച്ചുണ്ണാന്‍ ഞങ്ങളുടെ വീട്ടീല്‍ വരേണ്ടിയിരുന്ന അവരില്‍ നിന്നും തുടർന്നും സഹായമഭ്യാർത്തിക്കാൻ പിന്നെ മാനം സ്റ്റോക്കില്ലായിരുന്നു.

കിട്ടിയാല്‍ ഒരു നോമ്പ് പോയാല്‍ ഒരു നിയ്യത്ത് എന്ന് കരുതി ഏഴു വയസ്സ് കാരന്‍ അനുജന്‍ വരെ നോമ്പ് കാരനാണ്. മാത്രവുമല്ല, എങ്ങനെയെങ്കിലും ടൈം അഡ്ജസ്റ്റ് ചെയ്ത് നോമ്പ് തുറന്ന് ഭക്ഷണം വിളംമ്പുംമ്പോള്, നോമ്പ് ഉള്ള മക്കള്‍ക്ക് ഉമ്മാന്റെ വക ബോണസ്സായി രണ്ട് പത്തിരിയെങ്കിലും അധികം കിട്ടും എന്ന ഒരു ഉള്‍ കാഴ്ചയും അന്നത്തെ നോമ്പിനുണ്ടായിരുന്നു.

അങ്ങനെ നോമ്പ് തുറക്കാനുള്ള സമയം അടുത്തു കൊണ്ടിരിക്കുന്നൂ. ഉപ്പയെ പ്രതീക്ഷിച്ചിട്ട് ഇനി കാര്യമില്ല എന്ന് മനസ്സിലാക്കി ഉമ്മ, അന്നത്തെ പാഠ പുസ്തകത്തിലെ ഖലീഫ ഉമറ് എന്ന കഥയിലെ നായികയായി. കിണറ്റില്‍ നിന്നും ഫ്രീയായി കിട്ടുന്ന വെള്ളം മണ്‍ കലത്തില്‍ ഒഴിച്ച് വീട്ടില്‍ സ്വന്തമായി ഉണ്ടായിരുന്ന അടുപ്പിന്‍ മുകളില്‍ ചൂടാകാന്‍ വച്ചു.
ആ സമയം “ ഇതാ നോമ്പ് തുറക്കാന്‍ സമയമായി കൊണ്ടിരിക്കുന്നു. ഞാനൊന്നും കാണുന്നില്ലല്ലൊ നാഥാ എന്റെ കുഞ്ഞു മക്കള്‍ക്ക് കൊടുക്കാന്‍. ....”

എന്ന്ഉമ്മ പ്രാർത്ഥിച്ചത് ശബ്ദമായി പുറത്തേക്ക് വന്നില്ലെങ്കിലും, കയ്യില്‍ ഐല മീന്‍ തവരക്കോലില്‍ കോർത്ത് തൂക്കിപ്പിടിച്ച് നടന്നു പോകുന്ന അയല്‍ പക്കത്തെ അബുകാക്കയെ നോക്കി ഒതുക്കുകല്ലിലിരിക്കുന്ന ഞാനെന്ന പന്ത്രണ്ട് വയസ്സുകാരന്‍ അത് കേട്ടിരുന്നു.

ആ സമയത്തതാ ദൈവം ഞങ്ങളുടെ വീടിന്റെ കുറേ അകലെയുള്ള ഒരു പയ്യന്റെ രൂപത്തില്‍ കയ്യില്‍ ഒരു പാത്രവുമായി അവിടെ പ്രത്യക്ഷപ്പെട്ട് എന്നോട് ചോദിച്ചു.
“ഉമ്മയില്ലെ”
“ഉമ്മാ ദാ വിളിക്കണൂ...”
ഉമ്മ എന്റെ വിളി കേട്ട് പുറത്തേക്ക് വന്നു. അവന്‍ വാഴയില കൊണ്ട് മൂടിയ പാത്രം ഉമ്മയുടെ കയ്യില്‍ കൊടുത്തു കൊണ്ട് പറഞ്ഞു. “ ഞങ്ങള്‍ക്ക് നേർച്ചയുണ്ടായിരുന്നു. കുറച്ച് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാമെന്ന്. ഇന്ന് നിങ്ങള്‍ക്കാ......” അപ്പോളാണ് ഞങ്ങള് പാവങ്ങളിൽ പെട്ടതാണെന്ന കാര്യം ഞങ്ങൾ തന്നെ അറിയുന്നത്. (കണ്ണീര് കൊണ്ട് എഴുതാന്‍ കഴിയുന്നില്ല ഇനി പിന്നീട് എഴുതാം)

അവന്‍ പോയിക്കഴിഞ്ഞ് ഉമ്മ കരഞ്ഞു. അത് കണ്ട് ഞാനും കരഞ്ഞു. സംഭവം ഒന്നും മനസ്സിലാകാത്ത അനുജാ‍നുജത്തിമാര് നല്ല വോള്യത്തില്‍ കരയാന്‍ ശദ്ധിച്ചു.

ഈ കഥക്കിപ്പോള്‍ പ്രസക്തി ഉണ്ടെന്ന് തോന്നിയതിനാലാണ് ഇവിടെ കുറിച്ചിടുന്നത്. കാരണം, ആരാണ് പാവപ്പെട്ടവന്‍?. നമ്മുടെ മുമ്പില്‍ അവരുണ്ടാവാം. അത് വീട്ടിലേക്കുള്ള അര കിലോമീറ്ററ് നടക്കാന്‍ മടിച്ച് ഓട്ടോ‍ പിടിച്ച് വരുന്ന കൂലിപ്പണിക്കാരനല്ല. എന്നോ ഒരിക്കല്‍ മാറ്ഗ്ഗത്തില്‍ കൂടിയവനാവില്ല. പിന്നെയോ? അതൊരു ഗള്‍ഫ് കാരനാവാം. രോഗം വന്ന് കിട്ടുന്നതൊക്കെയും ചികിത്സക്ക് വേണ്ടി ചിലവഴിക്കുന്നവനാവാം. അവർ നല്ല ഡ്രസ്സും അണിഞ്ഞ് നടന്ന് ആരുടെ മുമ്പിലും കൈ നീട്ടാത്തവരാവാം. ചുരുക്കത്തില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ മാത്രമേ നമുക്കവരെ കാണാന്‍ സാധിക്കൂ.

അതിനാല്‍ അവരെ കണ്ടെത്തി അവരുടെ മുമ്പില്‍ ദൈവമായി പ്രത്യക്ഷപ്പെടാന്‍ ഇതാ വലിയ അവസരം വന്നിരിക്കുന്നു. ‘അയല്‍ വാസി പട്ടിണി കിടക്കെ വയറ് നിറച്ചുണ്ണുന്നവന്‍ നമ്മളില്‍ പെട്ടവനല്ല‘. എന്ന് പറഞ്ഞവരില്‍ പെട്ടവരാണ് നമ്മള്‍. ഒന്നോർക്കുക. നാളെ, കൂറ്റന്‍ മാളികകളും, ആഡംഭര കാറുകളും, റബറ് എസ്റ്റേറ്റും നമ്മള്‍ കൂടെ കൊണ്ട് പോവില്ല. നമുക്ക് ബാക്കിയായി നല്ല സന്താനങ്ങളുടെ പ്രാർത്തനയും, അവകാശപ്പെട്ടവന് സഹായങ്ങള്‍ ചെയ്ത് കൊടുത്തതും മാത്രമേ ബാക്കിയുണ്ടാവൂ.
പറഞ്ഞ് ചളമാക്കുന്നില്ല.
എന്തിനും സ്വന്തം അനുഭവം പറഞ്ഞ് ബോറടിപ്പിക്കുന്ന ഞാന്‍ കുറച്ചു കൂടെ പറയട്ടെ.

അന്നത്തെ ആ സ്നേഹത്തിന്‍ ഉറവിടമായിരുന്ന ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് മൂന്ന് കൊല്ലമായെങ്കില്‍ ഉപ്പയില്ലാത്ത ആ‍ദ്യ റമളാന്‍ ആണ് ഇന്ന്. മക്കളെല്ലാം നല്ല നിലയില്‍ ആയത് കണ്ട് മരിക്കാന്‍ ഭാഗ്യം വന്നവര്!
ഇടക്കിടക്ക് ഞാന്‍ ദൈവത്തെ പല രീതിയിലും കാണും. ഇപ്പോഴിതാ വീണ്ടും കണ്ടു. ഒരഞ്ച് പൈസ ആർക്കും വെറുതെ കൊടുക്കാത്ത എന്റെ മുതലാളി ദൈവ രൂപത്തില്‍ വന്ന് എന്നോട് പറഞ്ഞു. “യാ......(അറബിയിലെഴുതുന്നില്ല) നിന്റെ നാട്ടില്‍ പോയ ബ്ലോഗിനെയും പോസ്റ്റുകളെയും ഇങ്ങോട്ട് കൊണ്ട് വരിക. എന്നാല്‍ നിനക്കിനി നാട്ടില്‍ പോവാതെ ഇവിടെ നിന്ന് കൊണ്ട് പോസ്റ്റുകള്‍ രചിക്കയും, കമന്റുകള്‍ എഴുതുകയും ചെയ്യാമല്ലൊ..അതിനുള്ള ചിലവ് ഞാന്‍ തരാം....” അല്‍ഹംദുലില്ലാ.......ഹ് .
അതിനാല്‍ അതിന്റെ ഒരുക്കത്തിലേറെ, ഞാന്‍ എന്റെ പടച്ചവനോട് കൂറ് പുലർത്തണ്ടവനല്ലെ....
അതിനുള്ള അവസരം ഞാന്‍ ശരിക്കും വിനിയോഗിച്ചേ മതിയാകൂ...അതിനാല്‍ ഈ ഒരു മാസക്കാലം ഞാന്‍ ഇവിടന്ന് തല്‍ക്കാലത്തേക്ക് വിട്ട് നില്‍ക്കട്ടെ...

ദൈവം എനിക്ക് ദാനമായി തന്ന നിങ്ങളുടെ നല്ല മനസ്സുകള്‍ ഞാന്‍ കാണുന്നു. നിങ്ങള്‍ക്ക് നല്ലതിന്‍ വേണ്ട പ്രാർത്ഥന എന്നോടൊപ്പം എപ്പോഴുമുണ്ടാവും. തിരിച്ച് നിങ്ങളും പ്രാർത്ഥിക്കുക..

ശല്യമാവാന്‍ വേണ്ടി കൂടുതല്‍ ശക്തിയാർജിച്ച് ഞാന്‍ വരും. തല്‍ക്കാലം വിട.

എല്ലാവർക്കും റമളാൻ ആശംസകൾ.
ഒഎബി.
























മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില