2012, മേയ് 11, വെള്ളിയാഴ്‌ച

വെറുതെയല്ല ഭര്‍ത്താവ്!



ഒരു ബെഡ് റൂമും അടുക്കളയും ചെറിയൊരു ഹാളും മാത്രമുള്ള ഫ്ലാറ്റില്‍ തന്റെ ഭാര്യയെന്ന ശരീരത്തെ വിരസതയിലൂടെ മേയാന്‍ വിട്ട്, ഒരു കട്ടന്‍ ചായ മാത്രം കുടിച്ചു കൊണ്ട് അന്നുമയാള്‍ ജോലി സ്ഥലത്തേക്ക് ഓടി. 
പതിവുകള്‍ക്കു പുതുമയൊന്നുമില്ലാത്തതിനാല്‍ അവള്‍ എസിയുടെ കടുത്ത തണുപ്പില്‍ പുതപ്പിനുള്ളിലേക്ക് ചുരുണ്ടു. വീണ്ടും ഉറങ്ങി തന്റെ ചന്തമുള്ള ശരീരം ചില ഗള്‍ഫു ഭാര്യമാരെപ്പോലെ വെറുമൊരു ഇറച്ചിത്തുണ്ടാമാവാന്‍ അവള്‍ ഇഷ്ടപ്പെടുന്നില്ല. കണ്ണുകളടച്ചു കഴിഞ്ഞ കാലത്തിലേക്ക് ഒന്ന് ഊളിയിടാന്‍ അവള്‍ക്കെന്നും ഇഷ്ടമായിരുന്നു.


ഒന്നുരിയാടി മനസ്സിനുള്ളില്‍ കെട്ടിക്കിടക്കുന്നതൊക്കെ ഒന്നൊഴുക്കിക്കളയാന്‍ ആരുമില്ലാത്ത,,,, പെട്ടെന്നാണവള്‍ ഓര്‍ത്തത് താഴത്തെ നിലയില്‍ താമസിക്കുന്ന അറബി പെണ്ണുങ്ങള്‍ തലേന്ന് പറഞ്ഞ "ഇതെന്താ നിങ്ങള്‍ കൈകാലിലെ രോമം കളയാത്തെ. അത് നിര്‍ബന്ധമായും വേണം. എന്നിട്ട് കുളിച്ചൊരുങ്ങി മേയ്ക്കപ്പും ചുണ്ടില്‍ ലിപ്സ്റ്റിക്കുമൊക്കെയിട്ട് നിക്കണം...... ജോലി കഴിഞ്ഞു വരുന്ന ഭര്‍ത്താക്കന്മാര്‍ അത് കാണുമ്പോഴുണ്ടല്ലോ...! ഇടക്കെന്നെന്കിലുമൊന്നു കേറി വരുന്ന അവര്‍ ഭാഷക്കൊപ്പം താളവും ഭാവവുമായി കള്ള ചിരിയോടെ പറഞ്ഞ അക്കാര്യത്തെ കുറിച്ച് അവള്‍ കുറച്ചു നേരം ആലോചിച്ചു. ഡോക്ടര്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ പറഞ്ഞ രണ്ടു മൂന്നു ദിവസമാണ് ഇന്ന് തൊട്ട്. അവസാനം അവള്‍ ഒരു തീരുമാനത്തിലെത്തി.


 അവള്‍ കിടന്നിടത്ത് നിന്നും എണീറ്റ്‌ ബാത്ത് റൂമില്‍ ചെന്ന് സെറ്റെടുത്ത് നൈറ്റ്ഗൌണ്‍ പൊക്കി മുട്ടുകാലിനു താഴെ അല്‍പ സ്ഥലം........ശേഷം വടിച്ചിടം കൈ വിരലോടിച്ചു നോക്കി. കൂടുതല്‍ മിനുസവും, വെളുപ്പും; അത് വരെ വേണോ വേണ്ടയോ എന്ന് തീരുമാനമാവാത്ത അവളില്‍ അത് ആവേശം ജനിപ്പിച്ചു. പിന്നെ ഗൌണ്‍ അഴിച്ചു വച്ച് എല്ലായിടവും.... കുളിയും കഴിഞ്ഞു വലിയ കണ്ണാടിക്കു മുമ്പില്‍ പോയി നിന്ന് അവള്‍ തന്റെ വിവസ്ത്രയായ പ്രതിബിംബം മറ്റൊരാളെന്ന പോലെ നോക്കി കണ്ടു. പിന്നെ മനസ്സിലെ സുഖ ദുഃഖങ്ങള്‍ പങ്കു വെക്കപ്പെടുന്ന തന്റെ ഏറ്റവും വലിയ കൂട്ടുകാരിയായ നിഴലിനോട്‌ കോപ്രായങ്ങള്‍ കാട്ടി സല്ലപിച്ചു. പിന്നെ ആ ശരീരം ഒരു മാക്സിക്കുള്ളില്‍ ഒളിപ്പിച്ചു,


അവളെ പോലെ തന്നെ എകാന്തതയോടു പൊരുതി ഇരമ്പിക്കൊണ്ടിരിക്കുന്ന എസി ഓഫാക്കി. ജാലക വിരിപ്പുകള്‍ വകഞ്ഞു മാറ്റി ചില്ല് പാളികള്‍ ഒരു വശത്തേക്ക് നീക്കി പുറത്തെക്കൊന്നു എത്തി നോക്കി. താഴെ പാര്‍ക്ക് ചെയ്ത കാറുകള്‍ കഴുകിക്കൊണ്ട് നില്‍ക്കുന്ന കാവല്‍ക്കാരന്‍ ബംഗാളി. അയാളുടെ കൈകള്‍ കാറിന്‍ ബോഡിയിലെ ഫെയറി പതകള്‍ തുടച്ചു മാറ്റുന്നുണ്ടെങ്കിലും കണ്ണുകള്‍ തറച്ചിരിക്കുന്നത് തന്റെ മുഖത്തേക്കായിരുന്നു. ഫ്ലാറ്റിന്റെ ഉടമയെക്കാളും അധികാരം കാണിക്കുന്ന അയാളെ എന്നും വെറുപ്പോടെ മാത്രമേ അവള്‍ കാണാറുള്ളു.


ജനല്‍ തുറന്നാല്‍ ഉടനെ അവിടന്നും ഇവിടന്നുമായ ദാഹാര്‍ത്തമായ പല ജോഡി കണ്ണുകള്‍ അവളുടെ ഒരു കടാക്ഷത്തിനായി കത്തുന്നത് അവള്‍ സ്ഥിരമായി കാണാറുണ്ട്‌. മനസ്സില്‍ തീ എരിയുന്ന നിസ്സഹായര്‍ക്ക്ഒരു ചെറു ചിരി കണ്ടാല്‍ പോലും ശരീര മോഹം സായൂജ്യമടയുമായിരിക്കും. ഒരു പക്ഷേ അതു തന്റെ വെറുമൊരു തോന്നല്‍ മാത്രമാകാം. പൊള്ളുന്ന പകലില്‍ പുറത്തെ വെളിച്ചവും വായുവും ശ്വസിക്കാന്‍ ആവാതെ അവള്‍ തിരിഞ്ഞു. കിച്ചണില്‍ ചെന്ന് ലൈറ്റ്തെളിയിച്ചപ്പോള്‍ കൂറകൂട്ടങ്ങള്‍ പലയിടങ്ങളിലേക്കായി ഓടിയൊളിച്ചു. കുറച്ചു കോണ്‍ഫ്ലാക്സ് എടുത്തു അതിലേക്കു ചുടു പാലും ഒഴിച്ചു. തല്‍ക്കാലം അത് തിന്നു വിശപ്പടക്കി. അദ്ദേഹം വൈകിയേ വരൂ. അപ്പോഴേക്കും എന്തെങ്കിലുമൊക്കെ പാകം ചെയ്യുകയാണ് പതിവ്. പാത്രം വാഷ് ബേസിനിലേക്ക് എറിഞ്ഞ് കൈ കഴുകി ഹാളിലെ സോഫയിലേക്ക് ചരിഞ്ഞു. തുരുമ്പെടുത്ത ചിന്തകള്‍ അവളറിയാതെ തന്നെ കൂട്ടിനു വന്നു. 'രണ്ടാള്‍ക്കും തകരാറൊന്നുമില്ല. പക്ഷെ ഒരുമിച്ചു കഴിയണം' എന്ന ഡോക്ടരുടെ ഉപദേശം.അദ്ദേഹത്തിന്റെ ഇഷ്ടത്തെക്കാള്‍ തന്റെ ആഗ്രഹമായിരുന്നു ഗള്‍ഫിലെ ഒരുമിച്ചുള്ള ജീവിതം. മാസങ്ങള്‍ പിന്നിടുമ്പോഴും നാട്ടില്‍ നിന്നുമുള്ള 'വിശേഷം വല്ലതുമുണ്ടോ' എന്ന ചോദ്യത്തിനു എന്നും ഉത്തരം ഒന്നേയുള്ളൂ. ഇല്ല, പ്രത്യേകിച്ചൊന്നുമില്ല.


ഇവിടെ എത്തി തന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒരു ഗൈനകോളജിസ്റ്റിനെ കാണാന്‍ തന്നെ കൂട്ടാക്കിയത്‌. ഈ രണ്ടു മൂന്നു ദിവസം ലീവെടുത്ത് ഭാര്യയുമായി കഴിയാന്‍ ഡോക്ടര്‍ കുറെ ഉപദേശങ്ങള്‍ക്കൊപ്പം പറഞ്ഞിരുന്നെങ്കിലും അതദ്ദേഹം കാര്യമായെടുക്കില്ലെന്നറിയാം . ജോലി, സമ്പാദ്യം എന്ന ഒരു ചിന്ത മാത്രമേ അദ്ദേഹത്തിനുള്ളു. പെട്ടെന്ന് ഫോണ്‍ ബെല്‍ അടിക്കുന്ന ശബ്ദം കേട്ട് അവള്‍ ഞെട്ടി. ബെഡ് റൂമിലെത്തി. മൊബൈല്‍ എടുത്തു നോക്കി. അതില്‍ തെളിഞ്ഞ നമ്പര്‍ കണ്ട് ഓണാക്കാന്‍ ഒന്ന് ശങ്കിച്ചു. പലപ്പോഴായി ഈ നമ്പരില്‍ നിന്നും വിളി വരുന്നു. അറ്റന്റു ചെയ്ത് ആരെന്നു ചോദിച്ചാല്‍ ഒരു മറുപടിയും ഇല്ലായിരുന്നു. എന്നാല്‍ ഇന്നലെ ഫോണെടുത്ത് ഹലോ പറയും മുമ്പേ ഏതോ ഒരുത്തന്റെ ചോദ്യം "എന്താടീ------- "ബാക്കി പറഞ്ഞ തോന്ന്യാസം കേട്ട് ഒന്നു ഞെട്ടിയെങ്കിലും "താങ്കള്‍ക്കു ആള് മാറിപ്പോയി" എന്ന അവളുടെ മറുപടിയില്‍ അയാള്‍ പതറിയതായി തോന്നി. ഇന്ന് വീണ്ടും...? ഒന്നറച്ചു നിന്നെങ്കിലും അവള്‍ ബട്ടണമര്‍ത്തി. അപ്പുറത്ത് നിന്നും അയാളുടെ ശബ്ദം. "ഹലോ"
കട്ടാക്കിയാലോ എന്നൊരു വേള ചിന്തിച്ചെങ്കിലും അവള്‍ "എന്താ താങ്കള്‍ക്കു വേണ്ടത്" എന്ന് ചോദിച്ചു.
"ക്ഷമിക്കണം ഞാനിന്നലെ...അറിയാതെ...അതിനും വേണ്ടി ഒരു സോറി പറയാന്‍......." അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞതിന് അവളൊന്നും മറുപടി പറഞ്ഞില്ല. പിന്നെ ഓരോ ചോദ്യമായി. അതിനെല്ലാം ഒറ്റ വാക്കില്‍ മറുപടിയും പറഞ്ഞു. സംസാരം നീണ്ടു പോവുന്നതറിഞ്ഞ് അവള്‍ ദൃതി കൂട്ടി. അപ്പോള്‍ അയാളുടെ ഭാവം മാറി. "തിരക്ക് കൂട്ടല്ലെ മോളെ ഏതായാലും ഒറ്റക്കല്ലേ റൂമില്‍. എനിക്കും കാര്യമായ പണിയൊന്നും ഇല്ല നമുക്ക് കുറച്ചു നാട്ടു വര്‍ത്താനങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കാം... ഏന്തേ"


അയാളുടെ മനസ്സിലിരുപ്പ് കേട്ട് "താന്‍ ഉദ്ദേശിച്ച ആളല്ലേടോ ഞാന്‍.. നീ പോയി...." അവള്‍ അയാള്‍ക്ക്‌ നേരെ കലി തുള്ളി ഫോണ്‍ കട്ട് ചെയ്തു. പിന്നെ ആത്മഗതമെന്നോണം കുറച്ചുറക്കെ തന്നെ പറഞ്ഞു "അയാളെന്താ എന്നെ കുറിച്ച് വിചാരിച്ചേ.... തെണ്ടി, നാറി. അപ്പൊ ഇതിനായിരുന്നു പലപ്പഴുമുള്ള ആ വിളി" അവള്‍ ഫോണ്‍ സോഫയിലെക്കെറിഞ്ഞു കിതച്ചു.


ഏറെ വൈകി എത്തിയ ഭര്‍ത്താവിനെ ചോദ്യങ്ങള്‍ കൊണ്ടു മുഷിപ്പിക്കണ്ട എന്ന് അവള്‍ നേരത്തെ തീരുമാനിച്ചിരുന്നു. ചോദിച്ചാല്‍ കിട്ടുന്ന മറുപടി അവള്‍ക്കറിയാം "ഇന്ന് നിര്‍ബന്ധ ഓവര്‍ ടൈം..." തന്റെ ഇന്നത്തെ മാറ്റം കണ്ടു അദ്ദേഹം തന്നെ വാരിപ്പുണരുന്നതോര്‍ത്ത് വാതില്‍ തുറന്ന് കൊടുത്തു. അയാളെ നേരിടാന്‍ വയ്യാതെ അവള്‍ തല താഴ്ത്തി നിന്നു. അകത്തേക്ക് കേറിയ അയാള്‍ അവളുടെ രൂപവും ഭാവവും കണ്ടു ഒന്നമ്പരന്നു "ഇതെന്താ കാട്ടിക്കൂടിയെ...ഇപ്പൊ നിന്നെ കണ്ടാ ശരിക്കും ലക്ഷം വീട്ടിലെ ശാന്തേനെ പോലെണ്ട്' എന്ന് പറഞ്ഞത് കേട്ട് അല്പം നിരാശ തോന്നിയെങ്കിലും അത് മറച്ചു വച്ച് അവള്‍ നാണത്തോടെ വശ്യമായി പുഞ്ചിരിച്ചു. അയാള്‍ അതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കാതെ വേഷം മാറി നേരെ ബാത്ത് റൂമിലേക്ക്‌ കേറി. ആ സമയം അവള്‍ രണ്ടു പേര്‍ക്കും കഴിക്കാനുള്ള ഭക്ഷണം എടുത്തു വച്ചു.


ഭക്ഷണം കഴിച്ചു കഴിഞ്ഞു പാത്രങ്ങളെല്ലാം വൃത്തിയാക്കാന്‍ നാളത്തേക്ക് മാറ്റി അവള്‍ ദൃതിയില്‍ ബെഡ് റൂമിലെത്തി. അപ്പോഴേക്കും അയാള്‍ നെറ്റിയില്‍ കൈകള്‍ വച്ച് കണ്ണുകള്‍ ചിമ്മിയിരുന്നു.അവള്‍ അയാള്‍ നെഞ്ച് വരെയിട്ട ബ്ലാങ്കറ്റിനകത്തെക്ക് കേറി. അയാളെ തന്റെ കൈകളാല്‍ കെട്ടി വരിഞ്ഞു. അവളുടെ ശരീരത്തിന്റെ മാറ്റം അപ്പോള്‍ മാത്രമാണ് അയാള്‍ ശ്രദ്ധിച്ചത്. അയാള്‍ അടച്ച കണ്ണുകള്‍ തുറന്ന് മുട്ടുകയ്യില്‍ നിവര്‍ന്നു അവളെ സാകൂതം നോക്കി. അവള്‍ നാണം കൊണ്ടു. പക്ഷെ അവള്‍ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. ‘നീയെന്താ പോണ്‍ ഫിലിമില്‍ അഭിനയിക്കാന്‍ പോകുന്നോ. വെറുതെ ഓരോ മണ്ടത്തരങ്ങള്‍ ചെയ്തു വച്ചു.....”അയാള്‍ അവളെ കളിയാക്കി ചിരിച്ചു. പിന്നെ ഒരു വശത്തേക്ക് ചരിഞ്ഞു, കൈ രണ്ടും തലക്ക് താങ്ങായി വച്ചു ചുരുണ്ടു.


അവള്‍ക്കതൊരു തമാശയായി തോന്നിയില്ല. പകരം ഇരച്ചു പൊങ്ങിയ ദേഷ്യത്തെ നിയന്ത്രിച്ച് മെല്ലെ അയാളെ തനിക്കഭിമുഖമാക്കാന്‍ ശ്രമിച്ച് കൊണ്ടു മൊഴിഞ്ഞു
“പിന്നേയ്....ഇന്ന് ഡോക്ടര്‍ പറഞ്ഞ ഒന്നാമത്തെ ദിവസമാ..’
“ങാ...എനിക്കറിയാം ഡോക്ടര്‍മാര്‍ അങ്ങനെ പല വിഡ്ഢിത്തങ്ങളും പറയും. അത് വിശ്വസിക്കാന്‍ മാത്രം പോഴനല്ല ഞാന്‍. മാത്രവുമല്ല മറ്റുള്ളവരുടെ ക്ഷീണം അവര്‍ക്കറിയില്ലല്ലോ. നിയാ ലൈറ്റോഫാക്കി കിടന്നുറങ്ങാന്‍ നോക്ക്. അതൊക്കെ.......”അയാള്‍ പിന്നെയും എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു.  
 അതിനു മുമ്പേ തന്നെ അവളിലെ ആവേശമെല്ലാം അണഞ്ഞു പോയിരുന്നു.


മൌനം കനത്തു. ഇരുട്ടില്‍ ചാലിട്ട കണ്ണുനീര്‍ തുടച്ചു അവള്‍ മലര്‍ന്നു കിടന്നു.
പിറ്റേന്ന് വളരെ നേരം വൈകിയാണ് അവള്‍ എണീററത്.
തലേന്നു കാര്യമായൊന്നും കഴിക്കാഞ്ഞതിനാല്‍ നല്ല വിശപ്പുണ്ടായിരുന്നു. വാഷ്‌ബേസിനില്‍ നിന്നും ഒന്ന് കുലുകുഴിഞ്ഞു അവള്‍ ചായക്ക് വെള്ളം വച്ചു. റഫ്രിജരേറ്റര്‍ തുറന്ന് ഒരു റൊട്ടിയും കുറച്ചു ജാമും പിന്നെ ഒരു ഖിയാറും കാരെറ്റുമെടുത്തു. തിളച്ച വെള്ളത്തിലേക്ക് തെയിലയിട്ടു ഗ്ലാസിലേക്ക് പകര്‍ന്നു ഹാളിലേക്ക് നടന്നു. സോഫയിലിരുന്നു ചായ ഒരു കവിള്‍ കുടിച്ചു. നല്ല വിശപ്പുണ്ടായിട്ടും റൊട്ടി കഴിക്കാന്‍ ഒരു മടി പോലെ. ചായഗ്ലാസും മറ്റും ടീപോയില്‍ വച്ച് കാലുകള്‍ ടീപോയുടെ ഒരു ഭാഗത്തേക്ക് കേറ്റി വച്ച് കൈകള്‍ ഇരു വശത്തേക്കും നിവര്‍ത്തി അവള്‍ സോഫയിലേക്ക് ചാഞ്ഞു.


അപ്പോള്‍ തലേന്ന് ദേഷ്യത്തില്‍ സോഫയിലേക്കെറിഞ്ഞ മൊബൈല്‍ കൈയ്യില്‍ തടഞ്ഞു. അവള്‍ അതെടുത്ത്ബട്ടണില്‍ വെറുതെ ഞക്കിക്കൊണ്ടിരുന്നു. റസീവ്ഡ കോളില്‍ എത്തിയപ്പോള്‍ അവളുടെ വിരലുകളുടെ ചലനം അല്‍പ നേരം നിന്നു. പിന്നെ എപ്പഴോ അവളുടെ വിരലുകള്‍ പച്ച ബട്ടണില്‍ അമര്‍ന്നു. രണ്ടു നിമിഷം കഴിഞ്ഞു അവള്‍ ഫോണ്‍ ചെവിയോടടുപ്പിച്ചു. അങ്ങേ തലക്കലെ റിംഗ് ടോണ്‍ കേട്ട് അവളുടെ ഹൃദയമിടിപ്പിനു വേഗതയേറി. അതിനു പിറകെ ഹലോയെന്ന അയാളുടെ ശബ്ദം കൂടി കേട്ടപ്പോള്‍ അവളുടെ ചങ്കുകള്‍ വരണ്ടുണങ്ങി!




മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില