2009, ജനുവരി 13, ചൊവ്വാഴ്ച

സഖാവ് വിരുതന്‍

ഭരണിയിലുള്ള മുട്ടായി,റൌണ്ടുട്ടായി, കട്ടായി കട്ടെടുത്ത് തിന്നാൻ ഉപ്പ പള്ളിയില്‍ പോവുന്നത് എന്നും നോക്കിയിരിക്കും സഖാവ് വിരുതൻ .
സഖാവ് വിരുതന്‍ മറ്റാരുമല്ല, എന്റെ അനുജൻ തന്നെ!
മൂന്നാം തരത്തില്‍ പഠിക്കുന്ന അവൻ സ്കൂൾ വിട്ട് വന്നാൽ , ഞങ്ങളുടെ വിക്കി,വിക്കി പീടികയിലെ ബീഡി തെറുപ്പുകാരും, സഖാക്കളുമായ ആലി ഗോപാലന്മാരുടെ കൂടെ ഞായം പറഞ്ഞിരിക്കലാണ് പിന്നത്തെ പണി. നന്നേ കുട്ടിയായിരിക്കുമ്പോൾ തന്നെ ഏത് കാര്യത്തിനും എന്നെക്കാളും അല്പം കൌശലം കു‌ടുതല്‍ ഉള്ളതിനാൽ പീടികയിൽ വരുന്നവരും മറ്റും അവനെ വിരുതൻ എന്ന ഓമനപ്പേര് നൽകി ഓമനിച്ചു .
ആലിയും ഗോപാലനും, സഖാവ് എന്ന ഒരു ബിരുദം നല്കി ആദരിച്ച ശേഷം അവന്‍ സഖാവ് വിരുതൻ എന്ന പേരിലറിയപ്പെടാൻ തുടങ്ങി.
പള്ളിയില്‍ നിന്നും ബീരാന് മൊല്ലയുടെ അസര്‍ ബാങ്ക്‌!. തന്റെ കലാ പരിപാടി ആരംഭിക്കാനുള്ള ഒരു വിളിയാളമായി അവനന്നും തോന്നി.
ഉപ്പ പള്ളിയിലേക്ക് പുറപ്പെട്ടതും അവന്‍ മേശപ്പുറത്തെ ഭരണികളെ മാറി, മാറി നോക്കി.
ഒരു മസാല കേക്ക് ആദ്യം തട്ടിയപ്പോള്‍ അടുത്ത ഐറ്റംസിന് കൂടുതൽ ചിന്തിക്കേണ്ടതായി വന്നില്ല. ഒരു അരുള്‍ ജ്യോതിയും കൂടി റാഞ്ചി, ഊമ്പി വലിച്ച് തിന്നാൻ സമയം ഇല്ലാത്തതിനാൽ കടിച്ച് ചവച്ച് വേഗത്തിൽ അകത്താക്കി. ഇതൊക്കെയും കസ്റ്റമേഴ്സ് കാണാതെ കയ്യിലൊതുക്കാനുള്ള അവന്റെ യുക്തിവൈഭവം എടുത്ത് പറയേണ്ടത് തന്നെ.
ഇനി അഥവാ ആരെങ്കിലും കണ്ടാലും ഞങ്ങളുടെ പീടിക, ഞങ്ങളുടെ ഭര(ണി)ണം, ഇങ്ങക്കെന്താ കോങ്ക്രസ്സെ. എന്നാണ് അവന്റെ ഭാവം.

" സ്വഭാവം ശരിയല്ല കേട്ടോ" ഞാന്‍ പലപ്പോഴും എതിർ പ്രകടിപ്പിക്കും.
“നീ പോടാ കട്ഞ്ഞിപൊട്ടേ” അവന്റെ പ്രതിരോധശേഷി വായ് കൊണ്ട് മാത്രമല്ല എന്ന് ശരിക്കറിയാവുന്ന ഞാൻ, വലിയ തവളയെ കണ്ട കൊക്കിനെ പോൽ കണ്ണടക്കും.

അന്ന് പതിവ് പരിപാടി അവസാനിച്ചപ്പോൾ സഖാവ് വിരുതന് വേറെ ഒരു പൂതി കൂടി തോന്നി,,,. ഒരു ബീഡി കൂടി ആയാലെന്താ?.
അങ്ങനെ ഒരു ബീഡി പൊക്കി , തീപ്പെട്ടിയിൽ നിന്നും ഒന്ന് രണ്ട് കോലും ഊരിയെടുത്ത് പീടികയുടെ പിന്നാമ്പുറത്തേക്ക് എസ്കേപ്പായി.

പള്ളി പിരിഞ്ഞ് വന്ന ഉപ്പയുടെ കണ്ണിൽ പെട്ടത് മേശപ്പുറത്ത് കിടക്കുന്ന അരുൾ ജ്യോതി പൊതിഞ്ഞ കടലാസ്!. ഭരണിയുടെ ചരിഞ്ഞടഞ്ഞ അടപ്പ്!. ആദ്യമേ സംശയമുണ്ടായിരുന്ന ഉപ്പാക്ക് രണ്ടാമതൊന്നാ‍ലോചിക്കേണ്ടി വന്നില്ല.
ഉപ്പ ശബ്ദമുണ്ടാക്കാതെ അവനെ തിരഞ്ഞു. പീടികയുടെ പിറക് വശത്ത് ചുമരും ചാരി ഒരു കാൽ മടക്കി കേറ്റി വച്ച് മൂളിപ്പാട്ടും പാടി ബീഡി ആഞ്ഞ് വലിച്ച്, മൂക്കിൽ കൂടി പൊഹ എങ്ങനെ വരുത്താം എന്ന് പരിശീലിക്കുന്നു.

അവനെ കണ്ടതും ഉപ്പ പീടികക്കകത്തേക്ക് തന്നെ വലിഞ്ഞു. നേരെ പോയി ഒരു കെട്ട് സാധു ബീഡിയും ഒരു സുറൂം കുറ്റിയും (ഓട, ഈറ്റ .ഇതിൽ മണ്ണെണ്ണ ഒഴിച്ച് ചകിരിത്തൊപ്പ തിരുകി ക്കേറ്റി കത്തിച്ചായിരുന്നു രാത്രിയിലെ യാത്രക്കാറ് വഴി നടന്നിരുന്നത്)കയ്യിൽ പിടിച്ച് വീണ്ടും പീടികയുടെ പിറക് വശത്തേക്ക് ശബ്ദമുണ്ടാക്കി തന്നെ നടന്നു.


“ഓന്റെ ബീഡി വലി ഇന്ന് ഞാൻ തെകച്ച് കൊടുക്കാം. ഹറാം പെറന്നോനെ അന്നെന്ന് ഞാൻ...... “. ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവൻ ഞെട്ടി. ഉപ്പ ഓടക്കുറ്റിയും ഓങ്ങിക്കൊണ്ട് അടുത്തെത്തിയതും, വായിലുള്ള പുക പുറത്തേക്ക് വിടാൻ കഴിയാതെ അവൻ ഒറ്റ വിഴുങ്ങൽ.
ഉപ്പ അവന്റെ തല പിടിച്ച് ഇരുപത് ബീഡിയുടെ ഒറ്റക്കെട്ട് ഒന്നിച്ച് വായിൽ തിരുകി കേറ്റി വച്ച് തീപ്പെട്ടി ഉരസി.
“വലി...മക്കള് വലിച്ചാട്ടെ.... പുന്നാരമോന്റെ വലി ഞാനൊന്ന് കാണട്ടെ...”
ഉപ്പയുടെ മുഖം കോപത്താൽ ചുവന്നു. ശബ്ദം ഒരട്ടഹാസമായി.
അകത്തേക്ക് വിട്ട പുക മൂക്കിൽ കൂടി പുറത്തേക്കും (പുക എങ്ങിനെ മൂക്കിൽ കൂടി വിടാം എന്നവൻ അപ്പോൾ പഠിച്ചു) ഒപ്പം ചുമയും കൂടി കൂട്ടിനുണ്ടായതിനാൽ, ഉപ്പ പിന്നെ പറഞ്ഞതൊന്നും അവന് മനസ്സിലായില്ല.

ഈ ശിക്ഷയിൽ ആഹ്ലാദിക്കുന്ന ഒരുവൻ ഉണ്ടായിരുന്നു അവിടെ . അതെ, അത് ഞാൻ തന്നെ!.
കാരണം, അവന്റെ പോക്ക്രിത്തരം ഞനാണല്ലൊ കൂടുതൽ അനുഭവിക്കുന്നത്.
കുഞ്ഞാണിയേ വിട്”.
“ഞ്ഞി ഓൻ വലിക്കൂല”.
“ന്തേയ്..സഖാവേ അങ്ങ്നെയല്ലെ....?ഇനി ഒരിക്കലും ബീഡി വലിക്കൂലാന്ന് ഉപ്പാനോട് പറയ്”.
പീടികയിലുള്ളവരുടേയും മറ്റും ഒത്ത് തീറ്പ്പ് .
കാര്യം സുല്ലാക്കി എല്ലാവരും പിരിഞ്ഞു. അവന്റെ ഉച്ച്ത്തിലുള്ള കരച്ചിൽ പിന്നെ ഏങ്ങിയേങ്ങി വോള്യം കുറഞ്ഞും, ഇടക്കിടക്ക് ഞാൻ വന്ന് കളിയാക്കുമ്പോൾ ശബ്ദമുയറ്ത്തിയും പിന്നെ മറന്നും, ഓറ്ക്കുമ്പോൾ വീണ്ടും ഒരേലക്കമായി തുടറ്ന്നും കുറേ നേരത്തേക്ക് അവസാനിച്ചിരുന്നില്ല.

---മഹത്തായ രണ്ടാം വാരത്തിലേക്ക്. അതെ നിലമ്പൂര്‍ രാജേസ്വരി തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദറ്ശനം തുടരുന്നു. ഷീല, പ്രേം നസീറ്. ഭാസി......”ദൂരെ നിന്നും അടുത്ത് വന്ന് കൊണ്ടിരിക്കുന്ന അനൌൺസ് മെന്റ് കേട്ട്, എപ്പഴോ കരയാന്‍ മറന്ന്‍ പോയി മൂക്കിൽ തുഴഞ്ഞ് കൊണ്ടിരുന്ന വിരലെടുത്ത് സഖാവ് വിരുതൻ ചെവി കൂറ്പ്പിച്ചു.
നോട്ടീസ്....!” ( അന്ന് ഞങ്ങളുടെ ഒരു വീക്ക്നെസ്സായിരുന്നു നോട്ടീസ് ശേഖരണം)
ചിന്തിച്ച് നിൽക്കാൻ സമയമില്ല. അവൻ റോഡിലേക്ക് പാഞ്ഞു. നോട്ടീസ് പുറത്തേക്കെറിഞ്ഞ് കൊണ്ട് ജീപ്പ് ഞങ്ങളുടെ അടുത്തെത്തി. നേരത്തെ റോഡിൽ എത്തിയ എനിക്ക് രണ്ടെണ്ണം കിട്ടി. അവനൊരെണ്ണമെങ്കിലും കിട്ടാനായി ജീപ്പിന്റെ പിറകിൽ “ഹേയ് ...നോട്ടീസ്, നോട്ടീസ് “ എന്ന് വിളിച്ച് കൂവി ഓടിക്കൊണ്ടിരിക്കെ തട്ടിത്തടഞ്ഞ് റോഡിൽ വീണതും ഒരു ലാറി ജീപ്പിനെ കടന്ന് വന്നതും ഒരുമിച്ച്.
കമിഴ്ന്നടിച്ച് വീണ് കിടക്കുന്ന അവന്റെ തലക്ക് നേരെ ലോറി ചക്ക്രം......
ഞാൻ പേടിച്ച് കണ്ണ് പൊത്തി. ലോറി ഞങ്ങളെ കടന്ന് പോയി.
“ന്റെ പടച്ചോനേ...’ ഉപ്പയുടെ കരച്ചിൽ.
ആരെക്കെയോ ഓടിക്കിതച്ചു വരുന്ന ശബ്ദം.
പിന്നെ കേട്ടു അവന്റെ കരച്ചിൽ. ഞാൻ കണ്ണ് തുറന്ന് നോക്കി. ഓടിക്കൂടിയവറ് വീണീടത്തും നിന്നും അവനെ പൊക്കിയെടുത്ത് പീടികയിലെ ബഞ്ചിൽ കിടത്തി.
“അള്ള കാത്തു. ഒന്നും പറ്റീലല്ലൊ”.ആരോ.

അവൻ കരഞ്ഞ് കൊണ്ട് തലയിൽ തപ്പി. അപ്പോൾ കണ്ടു... കൈ വിരലിൽ ചോര.
“ന്റെ കുട്ടിന്റെ തല...”അത് കണ്ട് ഉപ്പ വീണ്ടും കരയാൻ തുടങ്ങി. ഓടിക്കിതച്ച് ഉമ്മയും സ്ഥലത്തെത്തിയപ്പോൾ കൂട്ടക്കരച്ചിൽ.
ഇല്ല കുഞ്ഞാണിയേ കാര്യമായി ഒന്നും പറ്റീട്ടില്ല. നീ ബേജാറാവല്ലെ”. ലോറി ചക്ക്രമുരഞ്ഞ് അവന്റെ തലയിൽ വട്ടത്തിൽ മുടിയടക്കം തൊലി ഉരഞ്ഞ് പോയിരുന്നു. പിന്നെ എന്തൊക്കെയോ നാടൻ മരുന്ന് വച്ച് കെട്ടി.
അപ്പോൾ ഞാൻ ചിന്തിക്കയായിരുന്നു,,,, അര മണിക്കൂറ് മുൻപേ കണ്ട ഞങ്ങളുടെ ഉപ്പാന്റെ മുഖം ഇതായിരുന്നില്ലല്ലൊ ?.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില