2010, ഡിസംബർ 23, വ്യാഴാഴ്‌ച

തഴമ്പുകള്‍

നഷ്ടപ്പെടലുകൾ മാത്രം സമ്മാനിച്ച പ്രവാസ ജീവിതത്തിനിടക്ക് ലഭിക്കുന്ന പരോൾ ദിനങ്ങൾ കഴിയുന്നത്ര ആ‍നന്ദഭരിതമാക്കാനുള്ള പ്രവാസിയുടെ ശ്രമം -നാട്ടുകാ‍രുടെ ഇടയിൽ- വേണ്ടത്ര വിജയം കാണുന്നില്ല.

പ്രവാസി, ഉള്ളതിൽ നല്ല ഡ്രസ്സെടുത്തണിഞ്ഞ് മേശവലിപ്പിൽ അട്ടിയായി വച്ച നോട്ടുകെട്ടിൽ നിന്നും ഒരെണ്ണം വലിച്ചൂരി പോക്കറ്റിലിട്ട്, തന്റെ സെക്കനേന്റ് ബൈക്കുമെടുത്ത് അങ്ങാടിയിൽ പോയി പലചരക്ക് കടയിൽ കേറി ഓരോന്നിനും വില ചോദിക്കും. ഇന്നലെ വാങ്ങിയ മൈദക്കെങ്ങനെ ഇന്നഞ്ച് രൂപ കൂടി എന്ന് ചോദിച്ചാൽഅത് തമിഴ് നാട്ടിൽ നിന്നും ലോറി വരുന്നില്ല. അതോണ്ട്...”
ഇന്നലെയും ഇതേ ചാക്കീന്നല്ലെ തൂക്കിയത്. പിന്നെ ഇന്ന് രാവിലെ... പെട്ടെന്ന് എങ്ങനെ വില കൂടിഎന്നെങ്ങാനും ചോദിച്ചാൽഏയ് കാക്ക ഇങ്ങക്ക് മാണെങ്കി കൊണ്ടൊയാ മതിഎന്ന ധാഷ്ട്യം നിറഞ്ഞ മറുപടി. ധാഷ്ട്യം എന്ന് പറയാൻ പറ്റില്ല. കാരണം പലചരക്കു സാധനങ്ങൾ ഇന്ന് വിറ്റില്ലെങ്കിലും നാളെയും, മറ്റന്നാളും കഴിഞ്ഞാൽ ഡബിൾ വിലക്ക് വില്പന നടക്കുമെന്നയാൾക്കറിയാം.

ഇനി പച്ചക്കറിക്കടയിൽ കേറിയാലൊ ?“അല്ല ഇന്നൊരൊറ്റ ദിവസം കൊണ്ട് ഉള്ളിക്ക് പതിനഞ്ച് രൂപ കൂടുതലായൊ എന്നെങ്ങാനും ചോദിച്ചാൽ അയാൾക്കുമുണ്ട് പറയാൻതമിഴ് നാട്ടിൽ മഴ. അതിനാൽ...”
അത് ഓകെ, പക്ഷേ ചുറ്റും നിൽക്കുന്നവർ ‘ഇവനേത് കോത്താഴത്തുകാ‍രനെഡെയ്എന്ന ഭാവത്തോടെ തമ്മിൽ തമ്മിൽ നോക്കി പരിഹാസഭാവത്തോടെ ചിരിക്കുന്നത് പ്രവാസിക്ക് സഹിക്കാവുന്നതിലപ്പുറമാണ്.

അവർക്ക് ചിരിക്കാം. കാരണം, അയാ‍ൾ റിയൽ എസ്റ്റേറ്റ് കാരനാണ്/ഫാമുകാരനാണ്/ പല വിധ ബിസ്സിനസ്സുകാരനാണ് അതുമല്ലെങ്കിൽ ഇന്ന് നാലാൾ കേട്ടാൽ അന്തസ്സായി കരുതുന്ന പിടിച്ചുപറിക്കാരനാണ്/വാ‍ഹനമോഷ്ടാവാണ്/ക്വട്ടേഷൻ കാരനാണ്/ ഇതൊന്നുമല്ലാത്ത സാധാ ഒരു തൊഴിലാലിയാണ്/ എല്ലാത്തിലുമധികം അയാൾ നാട്ടുവാസിയാണ്. ആയതിനാൽ എവിടെ ഒരു രൂപ കൂടുന്നുവൊ അവർക്ക് തന്താങ്ങളുടെ ബിസ്സിനസ്സിൽ രണ്ട് രൂപ അധികം നേടാനാവും. സാധാ കൂലിക്കാരനും മുതലാ‍ളിയോട് കൂലി കൂട്ടി വാങ്ങിക്കാം.

നാട്ടിലെ കൂലിപ്പണിക്കാരിൽ ഒരു വിഭാഗം കിട്ടുന്ന കൂലിയുടെ മൂന്ന് ഭാഗത്തിൽ ഒന്ന് കള്ള് കുടിക്കാനും രണ്ടാം ഭാഗം ലോട്ടറിയെറ്റുക്കാനും ബാക്കിക്ക് വീട്ടുസാമാനങ്ങളും വാങ്ങി ലാവിഷായി നടക്കുന്നു. മറ്റൊരു വിഭാഗം പണിക്കാർ ആഴ്ചയിൽ നാല് ദിവാസം കൂലി വാങ്ങി ബാക്കി ദിവസങ്ങളിൽ മുച്ചക്ര വാഹനം വിളിച്ച് കുടുംബവുമായി കറങ്ങി, ഇനിപ്പൊ വീട്ടിലെത്തിയാ‍ൽ വച്ചുണ്ടാക്കാനൊന്നും നേരമില്ലെന്ന് പറഞ്ഞ് അറേബ്യൻ ഫുഡ്ഡിൽ കേറി ബ്രോസ്റ്റും, ഷവർമയും, മന്തിയും വാങ്ങിക്കഴിച്ച് വീട്ടിലെത്തി ആട്ടൊക്കാരൻ പറഞ്ഞ കൂലിയും കൊടുത്ത് സുഖമായി കിടന്നുറങ്ങുന്നു. കെട്ടിക്കാനായ ഒരു പെൺകുട്ടി അയാൾക്കുണ്ടെന്ന ചിന്ത അയാളെ അലോസരപ്പെടുത്തുന്നില്ല. കാരണം അത് നാട്ടുകാർ- ഗൾഫുകാർ പിരിവിട്ട്- എങ്ങനെയെങ്കിലും നടത്തിത്തരും എന്നയാൾക്ക് ഉത്തമവിശ്വാസമുണ്ട്. കാരണം, അയാ‍ൾ പാവം കൂലിപ്പണിക്കാരണ്!

നാട്ടിലെ ഇപ്പഴത്തെ മുതലാളിക്കൊ? മുതലാളിക്ക് ഇന്നൊലിച്ചത് പോലെ കറ നാളെയും ഒലിക്കും. അത് ഷീറ്റാക്കി ഉണക്കി കെട്ടാക്കി റബ്ബർ കടയിൽ കൊണ്ട് ചെന്നാൽ അതിലും വലിയ ഒരു കെട്ട് നോട്ടെടുത്ത് കൊടുക്കുന്നതും കൊണ്ട് വിട്ടു വണ്ടി കെവിആറിലേക്ക്.
തന്റെ കാർ ഫുളോപ്ഷനല്ല എന്ന നാട്ടുകാരുടെ കളിയാക്കലിൽ നിന്നും അല്ലെങ്കിൽ മക്കളുടെ മുഖം തിരിക്കലിൽ നിന്നും രക്ഷ നേടാൻ മൂന്ന് മാസം മുമ്പ് വാങ്ങിയ ഇന്നോവ വെറും രണ്ട് ലക്ഷം രൂപ ? നഷ്ടത്തിൽ തിരിച്ച് നൽകി അതിലും മുന്തിയ ഒരു പുതിയ വണ്ടി അധിക വില കൊടുത്ത് വാങ്ങി; ഫുൾ ഓപ്ഷ്ൻ ഫുൾ സ്റ്റൈലിൽ വിട്ട് കൊണ്ടങ്ങനെയങ്ങനെ..........

അവസാനം പ്രവാസി മത്സ്യ മാർക്കറ്റിലെത്തി വലിയ മീനിലേക്ക് നോക്കിത്തുടങ്ങുമ്പോഴായിരിക്കും മീങ്കാരൻ സൈനുദ്ദീന്റെ വിളിടാ ഗൾഫേരാ... ഇങ്ങട്ട് പോരേ...ധാ അനക്കുള്ളത് ബടെണ്ട്അത് കേട്ട് ഒരു പുളിങ്ങാ ചിരിയും ചിരിച്ച് അര കിലോ മത്തിയും വാങ്ങി തിരിയുമ്പോഴായിരിക്കും പള്ളിക്കലെ/ സ്കൂളിന്റെ/പാവപ്പെട്ടവന്റെ/അസുഖമായി കിടക്കുന്നവന്റെ...........

വീട്ടിൽ തിരിച്ചെത്തി കാലിക്കീശ തപ്പി, പടച്ചോനെ പത്തുർപ്പ്യേക്ക് പെട്രോൾ അടിക്കാൻ പോലും പറ്റീലല്ലൊ. ഇനിപ്പൊ നാളെ പമ്പിലേക്കെത്താൻ എണ്ണണ്ടാവൊ ആവൊ? എന്ന ഒരു ആകുലത. എങ്കിലും പതിനഞ്ച് രൂപ കൊണ്ട് രണ്ട് നേരത്തെ കറിക്കായല്ലൊ എന്ന ഒരാശ്വാസത്തോടെ മീൻ കീശ് ഭാര്യേടെ കൈയ്യിൽ കൊടുക്കുമ്പോഴോ...ഇന്നും മത്തിയാ...അത് നന്നാക്കാനുള്ള ഒരു ബുദ്ധിമുട്ട്...മാത്രൊല്ല അയിന്റെ ചൂര് അടുക്കളേന്ന് പോയിക്കിട്ടൂല. ന്തേയ് കണ്ടം മീനൊന്നും ഇല്ലായ്നൊ?” എന്ന നീരസം നിറഞ്ഞ പറച്ചിൽ.

അത് കേട്ട് പ്രവാസി“
അനക്ക് നന്നാക്കാൻ പറ്റൂലെങ്കി അത് പറ. ഓന്റെ ബാപ്പാനെ നന്നാക്കി പടിച്ചിട്ടാ ഞമ്മള് ഗൾഫീന്ന് ഇങ്ങട്ട് വണ്ടി കേറ്യേത്. ങ്ങട്ട് താ ഞാൻ നന്നാക്കി തരാം. എടി മൊയന്തെ; ങ്ങക്കൊക്കെ എന്തറിയാം. വലിയ വില കൊടുത്ത് വിറ്റാമിനില്ലാത്ത കഷ്ണം മീൻ വാങ്ങുന്നതിലും നല്ലതല്ലെ കാത്സ്യം കൂടുതലുള്ള മത്തി. എന്നാ ങ്ങക്കൊക്കെ ബുദ്ധി വക്കാ..”
ങും ഉപ്പാക്ക് ചെറുപ്പത്തിൽ പഴങ്കഞ്ഞീം മത്തിത്തലേം തിന്ന് ബുദ്ധി കൂടിയതാ....കൊറേ കേട്ടതാ പ്പാന്റെ പുളു. ഇനിയെങ്കിലും ഒന്ന് നിർത്തിക്കോളീ. ഉപ്പ വെല കൊറഞ്ഞതേ വാങ്ങൂന്ന് ഞങ്ങക്കറിഞ്ഞൂടെമക്കളുടെ കളിയാക്കൽ കേട്ടില്ലെന്ന് നടിച്ചേ പ്രവാസിക്ക് മതിയാവൂ.

എന്നാൽ “നാട്ടിൽ ജീവിതച്ചെലവ് കൂടി അതിനാൽ ശംബളം കൂട്ടിത്തരണം” എന്ന് പ്രവാസി തന്റെ അറബി മൊയലാളിയോട് പറഞ്ഞാൽ “ങാഹാ..തന്നയോ? അയ്ന്പ്പൊ..യ്യൊരു കാര്യം ചെയ്യ്... ഒന്നുകിൽ മറ്റെവടേലും പണി നോക്കാ അതല്ലെങ്കി നാട്ടീ പൂവാ; ഞമ്മക്ക് അന്നെപ്പോലത്തെ കൊറേ ഹിമാറുകളെ ഇയ്നെക്കാളും കൂലി കൊറച്ച് കൊടുത്താ കിട്ടും” ഇതായിരിക്കും മറുപടി. അത് കേട്ട് സങ്കടം+കോപം= വളിഞ്ഞ ചിരിയോടെ ഉള്ളിലെ ദേഷ്യം ഇങ്ങനെ തീർക്കും. “ഹൈവാൻ” (മൃഗം) എന്ന് പറയാൻ വന്നത് ലേശം മാറ്റം വരുത്തി “ഐവ”(ശരി) എന്നാക്കും.

അവസാനം; ഒരുർപ്യ പോലും തിരിച്ച് വീഴാത്ത മേശവലിപ്പിൽ തപ്പാനായി ഒന്നുമില്ലാതാവുമ്പോൾ പ്രവാസിയുടെ ഭാര്യയുടെ കെട്ടുതാലി ബാങ്കിലെത്തുന്നു. അതും കഴിഞ്ഞ് തന്നെയും കുടുംബത്തെയും രണ്ട് മൂന്ന് മാസം വഹിച്ചസെക്കനേന്റ്കിട്ടുന്ന വിലക്ക് വിറ്റ്, തിരിമറി ചെയ്തതൊക്കെയും തിരിച്ച് കൊടുക്കുന്നു. പിന്നെ പിറ്റേന്ന് തന്നെ ഒരു എംറ്റി ചട്ടപ്പെട്ടിയും സംഘടിപ്പിച്ച് തന്റെ പഴയ ഉടുപ്പുകളും, നാട്ടിലേക്ക് വരാനായ കുട്ട്യാളില്ലാത്ത കുട്ടിമാളെ കെട്ട്യോൻ സ്വകര്യമായി ഫോൺ ചെയ്ത് പറഞ്ഞ ---പവർ എക്സ്ട്രാ ക്യാ‍പ്സൂളുകളും, അമ്മായീടെ മോനുള്ള അച്ചാർ പൊതിയും, അയലോക്കത്തെ ഖദീജ താത്ത പുത്യാപ്ലക്ക് കൊടുക്കാനേല്പിച്ച പ്രഷറിനും സുഗറിനുമുള്ള ഗുളികകളും, വെൽഫേർ അസോഷിയേഷനിലേക്കുള്ള റക്കമെന്റ് സഹായാഭ്യാർത്തന കത്തുകളും കുത്തി നിറക്കുന്നു.

ശേഷം, ഒരായിരം കൊളുത്തിട്ട് തിരിച്ച് വലിച്ച് കൊണ്ടിരിക്കുന്ന ആരാലും കാണപ്പെടാത്ത മനസ്സുമായി, ഒന്നും മറന്നിട്ടില്ലല്ലൊ എന്ന സ്വയമൊരോർമ്മപ്പെടുത്തലോടെ പ്രവാസി ഒതുക്കുകല്ലിറങ്ങുമ്പോൾ, ചുരുക്കം ബന്ധുക്കളുടെ ഇടയിലെ സ്ത്രീകൾ -നാട്ടുനടപ്പ് പ്രകാരം- രംഗം ഒരു ട്രാജടി ആയിക്കോട്ടെ എന്ന്കരുതി- ഡ്യൂപ്ലിക്കേറ്റായി- മൂക്കൊന്ന് കേറ്റിവലിച്ച്, പൊടിഞ്ഞിട്ടില്ലാത്ത കണ്ണീർ തട്ടം കൊണ്ട് തുടച്ച് തന്റെ സ്നേഹം പ്രകടിപ്പിക്കുമ്പോൾ, ഉമ്മറപ്പടിയിലെ തൂണും ചാരി വിതുമ്പുന്ന ഹൃദയവുമായി പൊന്തി തുടങ്ങുന്ന വയറുമായി നിൽക്കുന്ന പ്രവാസിയുടെ പ്രിയപ്രേയസിയോട് ഒരു ചെറുനോട്ടത്തിനാൽ യാത്ര പറഞ്ഞ്, അടർത്തിയെടുത്തു കൊണ്ട് വന്ന ആ മനുഷ്യശരീരമെന്ന കണ്ണി വീണ്ടുമാ പ്രവാസ ചങ്ങലയിൽകോർത്തിണക്കാൻ വേണ്ടി യാത്ര തിരിക്കുന്നു.

മാഞ്ഞ് പോകാനായി അയാളിലെ തഴമ്പുകൾ മാത്രം ബാക്കിയാക്കിക്കൊണ്ട്!!!

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില