2024, ഒക്‌ടോബർ 27, ഞായറാഴ്‌ച

പുതിയ കയർ

 

പുതിയ കയർ
ചെറു കഥ
----------------

നടവഴി വളവ് തിരിയുമ്പഴേ കേട്ടു ചൂട്ടിയുടെ പതിവ്
'മ്പേ' ഒച്ച.
ചായക്കടയിൽ പാല് കൊടുത്ത് തിരിച്ച് പോരുമ്പോൾ കൊണ്ട് വരുന്ന പഴത്തൊലി തിന്നാനുള്ള ധൃതി !
"ദാ കൊണ്ടരണൂ യ്യ് കെടന്ന് അമറണ്ട" മാളുഅമ്മ അൽപം ഉച്ചത്തിൽ തന്നെ പറഞ്ഞു.

ചൂട്ടിയെ കെട്ടിയിട്ട പഴയ കയർ കെട്ട് പിണഞ്ഞത്  വേർപ്പെടുത്തിയഴിച്ച്, അന്ന്  പുതുതായി വാങ്ങിയ കയറ് കൊണ്ട്  കുടുക്കിട്ട് പശുവിനെ കുറ്റി മാറ്റിക്കെട്ടി.  വെറുതെ വിട്ട കിടാവ് കുന്തിരിയെടുത്ത് പാഞ്ഞ് വന്ന്, കുമ്പിട്ട് നിന്ന് പഴത്തൊലിയിട്ട് കൊടുക്കുന്ന മാളുഅമ്മയെ മെല്ലെ കുത്തിയും ഉരസിയും നിന്നു.

മാളു അമ്മ സ്വന്തം മക്കളെ ചീത്ത പറയുമ്പോലെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

അത് കഴിഞ്ഞ്  വീട്ടിലേക്ക് നടന്ന് മടിയിൽ നിന്നും മൊബൈൽ എടുത്ത് കോലായത്തിണ്ടിന്മേൽ വച്ച ശേഷം വാതിൽ തുറന്ന് അകത്ത് കേറി വേഗം ഉരി അരിയെടുത്ത് കഞ്ഞിക്കലത്തിലിട്ട് പുറത്തിറങ്ങവെ സൂറയും അവളുടെ കുട്ടികളും പുത്തനുടുത്ത് ചിരിച്ച് കൊണ്ട് വരുന്നത് കണ്ട് മുറ്റത്ത് തന്നെ നിന്നു.

പ്രതീക്ഷിച്ച പോലെത്തന്നെ അവളും കുട്ടികളും അവരുടെ വീട്ടിൽ പോവുന്നു എന്ന വിവരം പറയാനായിരുന്നു വന്നത്.

കൂരിപ്പുഴക്കടവിലേക്ക് പോകുന്ന നടവഴിയുടെ അരികിലെ രണ്ട് പുരയിലൊന്ന്  സുഹ്റയുടെയും മറ്റൊന്ന് മാളുവമ്മയുടെതുമാണ്. പിന്നെ അൽപ ധൂരം കഴിയഞ്ഞാൽ രണ്ട് മൂന്ന് വീട് മാത്രമേയുള്ളുവെങ്കിലും പുഴ അക്കരെയുള്ള അങ്ങാടിയിലേക്ക് നടന്ന് പോകുന്നവർ എറെയുണ്ട്.

സുഹ്‌റയുടെ  ഭർത്താവ് ഗൾഫിലാണ് രണ്ടാൺകുട്ടികളിൽ ഒരാൾ എട്ടിലും ചെറിയവൻ അഞ്ചിലും പഠിക്കുന്നു.
ഇനി തിങ്കളാഴ്ച രാവിലെ കുട്ടികൾ നേരെ അവിടന്ന് സ്കൂളിലേക്ക്  പോവുകയും സുഹ്റ ഉച്ചയാവുമ്പോഴേക്കും തിരിച്ച് വീട്ടിലെത്തുകയും ചെയ്യും.

മാളുഅമ്മ ചെറിയ വീട്ടിൽ ഒറ്റക്കാണ് താമസം.ഒരു മകൻ ഉള്ളത് ബേങ്കലൂരിൽ ആണ്.  പത്ത് പൈസൻ്റെ ഉപകാരം അവനെക്കൊണ്ടില്ലെങ്കിലും ഇടക്കിടക്ക് ഫോൺ വിളിച്ച് അമ്മയുടെ വിവരം അന്വേഷിക്കും. നാട്ടുകാർ പറയുന്നത് അവനവിടെ പോക്കറ്റടിയൊ വേറെ എന്തൊക്കെയോ തരകിട പരിപാടിയാണെന്നാ.

അവൻ്റെ നന്നേ ചെറുപ്പത്തിൽ അച്ചൻ മരിച്ചതിൽ പിന്നെ മാളു അമ്മ കൂലിവേല ചെയ്താണ് മകനെ വളർത്തിയത്. ഒരു ദുഷ്പേരും ഇത് വരെ വരുത്താതെ ജീവിച്ച് പോന്ന;
വളരെ അഭിമാനിയായ മാളു അമ്മ താമസം ഒറ്റക്കാണെങ്കിലും നാളിത് വരെ സഹായിക്കണമെന്ന് പറഞ്ഞ് ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല.

രാവിലെ പശുവിനെ കറന്ന് ഒരു ഗ്ലാസ് പാൽ സ്വന്തമായെടുത്ത്  അര ലിറ്റർ പാൽ സുഹ്റക്കും ബാക്കി മുഴുവനും അക്കരെ  ബീരാക്കാൻ്റെ ചായക്കടയിലും കൊടുത്ത് അവിടന്ന് ചായയും കടിയായി പുട്ടൊ ദോശയൊ തിന്ന് അൽപനേരമവിടെ ഇരുന്ന് നാട്ട് വർത്തമാനമൊക്കെ കേട്ട് വീട്ടിലേക്ക് അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും പിണ്ണാക്കും വാങ്ങിപ്പോരും.
പിന്നെ ഉച്ചയ്ക്കും രാത്രിക്കും  കഴിക്കാനുമായി ഒറ്റവപ്പ്.
മിണ്ടാനും പറയാനും ആകെയുള്ളത് കറവയുള്ള പശുവും അതിൻ്റെ കുഞ്ഞും പിന്നെ എപ്പഴെങ്കിലും വരുന്ന ഒരേ ഒരു അയൽവാസി സുഹ്റയും മാത്രം.

അവർ പോയിക്കഴിഞ്ഞ് മാളു അമ്മ അരി അടുപ്പത്തിട്ട് കറിക്കരക്കാൻ ഒന്നുമില്ലാഞ്ഞ്  തൊട്ടു കുട്ടുവാനെന്തെങ്കിലും കിട്ടുവാനായി തൊടിയിലിറങ്ങി  നാല് കാന്താരി പറിച്ച് തിരിഞ്ഞതും സുഹ്റയുടെ തെങ്ങിൽ നിന്നും മാളുവമ്മയുടെ തൊടിയിലേക്ക് വീണ തേങ്ങയെടുത്ത് അവളുടെ വളപ്പിലേക്കെറിഞ്ഞു.

ഫോൺ ശബ്ദിക്കുന്നത് കേട്ട് മകനായിരിക്കാമെന്ന് കരുതി  മാളു അമ്മ വേഗം കോലായിൽ കേറി ഫോണെടുത്തു.

"മാളു അമ്മെ ഞങ്ങളെ വീടിൻ്റെ വാതിൽ പൂട്ടി താക്കോൽ അതിമ്മെന്ന് എടുക്കാൻ മറന്നു അതിനാൽ ങ്ങള് പോയി ആ താക്കോലൊന്ന് എടുത്ത് കൊണ്ടരണേ. ആ ചെക്കനെ ഏൽപിച്ചതായിരുന്നു കള്ള ബലാല് അവ്ടെട്ട് പോന്നു" അങ്ങേ തലക്കൽ നിന്നും  സുഹ്റ ഒറ്റ ശ്വാസം മുട്ടി മുഴുമിപ്പിച്ചു.

"അതിനെന്താ മോളേ ഞാനിപ്പം പോവാം യ്യ് ഒന്ന് കൊണ്ടും ബേജാറാവണ്ട"

അവർ തിടുക്കത്തിൽ സുഹ്‌റയുടെ വീട്ടിലേക്ക് നടന്നു പറഞ്ഞ പോലെത്തന്നെ വാതിലിൽ തൂങ്ങി നിൽക്കുന്ന താക്കോൽ ഒന്നും കൂടെ ഇടത്തോട്ട് തിരിച്ച് പൂട്ടിയത് ശരിയെന്ന് വരുത്തി താക്കോൽകൂട്ടമെടുത്ത് തിരിഞ്ഞു.
ജോലിയെല്ലാം തീർത്ത് ചോറ് വാർത്ത കാടിയുമെടുത്ത് പശുവിന് കൊടുത്ത് തിരിച്ച് വന്ന് ഭക്ഷണം കഴിഞ്ഞ് ഒന്നുറങ്ങി എണീറ്റു. വൈകുന്നേരമായപ്പോൾ കെട്ടിയിട്ട പശുവിനെ അഴിച്ച് കൊണ്ട് വന്ന് തൊഴുത്തിൽ രണ്ടിനെയും കെട്ടി. രാവിലെ പാൽ കറന്നെടുത്ത ശേഷം  പശുക്കുട്ടിക്ക് തള്ളയുടെ പാൽ കുടിക്കാനുള്ള സ്വാതന്ത്യം വൈകുന്നേരം  തൊഴുത്തിൽ  കെട്ടുന്നതോട് കൂടി അവസാനിക്കുന്നു.

മിണ്ടാനും പറയാനും ചെയ്യാനുമൊന്നുമില്ലാത്തതിനാൽ അന്നും നേരത്തെ കിടന്നു. ഒരുറക്കത്തിലേക്ക് നീങ്ങവെ ഫോൺ ശബ്ദിച്ചു.
മകനായിരുന്നു. അവൻ നാളെ രാവിലെ വീട്ടിലേക്ക് വരുന്നെന്ന് .

പിറ്റേന്നും അതിരാവിലെ എണീറ്റ് പശുവിനെ കറന്ന് പാലുമായി ചായക്കടയിലെത്തി.
ഒരു ചുടു ചായ കുടിച്ചു. ഇനി കടി ആയ ശേഷം ഒരു ചായ കൂടി.

ശേഷം പീടികക്കോലായിലെ കൂട്ടങ്ങളിൽ നിന്നും അന്നത്തെ പുലർകാല പുതു സൊറകളിലേക്ക് ശ്രദ്ധ തിരിച്ച് അൽപം കഴിഞ്ഞതും തെങ്ങ് കയറ്റക്കാരൻ അന്ത്രു ചായക്കടക്ക് മുമ്പിൽ എത്തി.  മോട്ടോർ സൈക്കിളിലിരുന്ന് തന്നെ ഉച്ചത്തിൽ പറഞ്ഞു

"ആ സൂറയും കുട്ട്യാളും അവരുടെ വീട്ടിലില്ലെ എത്ര വിളിച്ചിട്ടും ഒരു ശബ്ദവും കേക്കാഞ്ഞ്  തുറന്ന് കിടക്കുന്ന വാതിൽ കണ്ട് ... "
അന്ത്രു കിതപ്പ് തീർക്കാൻ നിർത്തിയ നിമിഷം മാളു അമ്മ പുറത്തിറങ്ങി

"അന്ത്രോ യ്യെന്താ പറഞ്ഞത് സുഹറയുടെ വീട്ട് വാതിൽ ....?"
അന്ത്രു മോട്ടോർ സൈക്കിൾ സ്റ്റാന്റിന്മേൽ നിർത്തിയിട്ട് തുടർന്നു.
"അതേ മാളുക്കുട്ടിയമ്മെ ഓള് തേങ്ങയിടാൻ വരാൻ പറഞ്ഞിരുന്നു. ന്നാൽ എത്ര വിളിച്ചിട്ടും ഒരൊച്ചയും വിളിം കേക്കാഞ്ഞ് ഞാനൊന്ന് അകത്ത് കേറി  നോക്കി. മനുഷ്യനല്ലെ ... പോരെങ്കി ഇപ്പഴത്തെ കാലവും. അപ്പഴ്ണ്ട്  വീട്ടിനകത്തുള്ള എല്ലാ സാധനങ്ങളും വാരി വലിച്ചിട്ടിക്ക്ണ്. പക്ഷേ ഓളും മക്കളും അവിടില്ല അതുറപ്പാ വല്ല  കള്ളന്മാരും ... വല്ല പൊന്നും പണ്ടോം ഉണ്ടായ് നൊന്ന് ആർക്കറിയാം ... " 
അത് കേട്ട് മാളു അമ്മ കണ്ണ് മിഴിച്ച് മേലോട്ട് നോക്കി  നെഞ്ചിൽ കൈ വച്ച് ശ്വാസം വിടാൻ പോലും മറന്ന് ഏറെ നേരമങ്ങനെ നിന്നു.

അതിന് മുമ്പെ പീടികക്കോലായി ശൂന്യമായിക്കഴിഞ്ഞിരുന്നു.
സ്ഥലകാല ബോധം തിരിച്ച് വന്ന മാളു അമ്മ പാൽ പാത്രം പോലും എടുക്കാൻ മറന്ന് വീട്ടിലേക്കോടി.

ഉച്ചയായപ്പോഴേക്കും  സുഹ്‌റയും അവളുടെ ആങ്ങളമാരും പോലീസുമൊക്കെ എത്തി.

അലമാരയിലുണ്ടായിരുന്ന കൊളുത്ത് പൊട്ടിയ പാദസരവും പിന്നെ കുറച്ച് പൊട്ടും പൊടിയും നഷ്ടപ്പെട്ടതിന്റെ കാരണക്കാർ സുഹ്‌റയാണെന്നും അതല്ല അവളുടെ ഭർത്താവാണെന്നും കളളനാണ് ശരിയെന്നും അതുമല്ല പോലീസാണ് ഉത്തരവാദിയെന്നും  അതൊന്നുമല്ല വാർഡ്മെമ്പർ ശരിയല്ലെന്നും ഞങ്ങളുടെ മെമ്പർ വന്നാൽ ഇമ്മാതിരി സംഭവങ്ങൾ ഉണ്ടാവില്ലെന്നും തുടങ്ങിയ  പല വിധ അഭിപ്രായങ്ങൾ പറഞ്ഞ് നടവഴിയിലൂടെ പോകുന്നവരാരും തന്നെ കഴുത്തിൽ കയറില്ലാതെ മേയുന്ന മാളുഅമ്മയുടെ ചൂട്ടിപ്പശുവിനെ ശ്രദ്ധിച്ചതേയില്ല ! 


മഴ

 

മഴ മൂന്നാം വട്ടം പെയ്യാറില്ല!
അതെ അതിന്നും
രണ്ടാം വട്ടവും വർഷിക്കുന്നു
തട്ട് പൊളിപ്പൻ സംഗീതവും
കൂട്ടിന് ഡീജേയും മിന്നലും

തിളക്കം നഷ്ടപ്പെട്ടയലുമിനിയക്കുടുക്ക നിറത്തിത്തിൽ മൂടപ്പെട്ടയാഘാശത്തിലേക്കുയർന്ന് നിൽക്കുന്നകലെയൊരു ഇരുമ്പിനസ്ഥികൂടം

പടിവാതിലിനപ്പുറത്തെ പുകമറക്കിടയിൽ അനക്കമില്ലാതുറക്കത്തിൽ  തെങ്ങിൻ കൂട്ടവും മേൽക്കൂരകളും.

കലങ്ങിയും തെളിഞ്ഞും മുറ്റം മൂടിയ ജലത്തിലൊരു നിമിഷമായുസ്സില്ലാ കുമിളകൾ.

ചെടിച്ചട്ടികളിലുണങ്ങാൻ തയ്യാറായ മുല്ലകൾക്കിനി വിരിയാം നാളെ പത്ത് മണിക്ക്.

പെട്ടെന്നെവിടെന്നോ വീശിയെറിഞ്ഞ കാറ്റിൽ മാവിലെയഞ്ചാറ് മാങ്ങകൾ വീണോടുകൾക്ക് തുളയിട്ടതിലൂടെ ചാലിട്ടൊലിച്ച് നനച്ചും ....
ഹൗ വല്ലാത്തൊരു മഴ!

മഴ;
അതങ്ങിനെയാണ് ഏറെ സന്തോഷിപ്പിക്കുന്നതിനൊപ്പം പ്രാകിപ്പറയിപ്പിച്ചെ രണ്ടാം വട്ടം പെയ്യാനായി പോകൂ...

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില