2011, ജനുവരി 17, തിങ്കളാഴ്‌ച

സൈന്‍ ഔട്ട്‌ - ചെറു കഥ


സഹപ്രവർത്തകന്റെ ഒപ്പമെത്താനുള്ള കഴിവ് ഇല്ലാത്തിടത്ത് പാരകൾ സൃഷ്ടിക്കപ്പെടുന്നു! കുഴികൾ രൂപപ്പെടുത്താനും, ചേമ്പ്, ചേന കളച്ചെടുക്കാനുമുതകാത്ത ആ ‘സാങ്കല്പിക പാര’ തന്നെയാണ് കാലേ കൂട്ടി കണ്ടറിഞ്ഞ് പി കെ അലിയും
പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ പ്രയോഗിച്ചത്.

അതിനാ‍ൽ കഷ്ടപ്പെടാതെ നല്ല ശംബളമുള്ള ജോലിയിൽ എത്തിപ്പെട്ട്, വലിയ പണക്കാരനായി അറിയപ്പെട്ടപ്പോഴും സാമ്പത്തികമായി കഷ്ടപ്പെടുന്നവരെ കണ്ടറിഞ്ഞ് സഹായിക്കാൻ അയാൾ മനസ്സ് കാണിച്ചു എന്നത് എടുത്തു പറയേണ്ടതായ ഒരു വസ്തുതതന്നെയായിരുന്നു കെട്ടൊ. സഹായമായി രണ്ടഞ്ഞൂറിന്റെ റിയാൽ കൊടുക്കുമ്പോൾ നൂറിന്റെ ഒരു നോട്ട് അപ്പോൾ തിരിച്ചു
കൊടുത്താൽ മതി. പിന്നെ മാസാവസാനം ശംബളം കിട്ടി, ആ കാശ് തിരിച്ച് കൊടുക്കുമ്പോൾ അതേപോലെ നൂറ് റിയാൽ മടക്കിക്കൊടുക്കുന്ന ദു:സ്വഭാവമൊന്നും പി കെ അലിക്കില്ലായിരുന്നു ട്ടൊ?!

പണ്ടെന്നോ നാട്ടിൽ പായസ കച്ചവടം നടത്തി പിന്നെ ഗൾഫിൽ വന്ന് നാല് കാശ് കൂടിയപ്പോൾ പായസം കൂട്ട്യാലിയെന്ന തന്റെ പേര് ചുരുക്കി പി കെ അലി എന്നാക്കി മാറ്റിയതാണെന്നും അതല്ല പലിശക്ക് കാശ് കൊടുക്കുന്ന കുട്ട്യാലി എന്നതിന്റെ ചുരുക്കമാണെന്നും പറയപ്പെടുന്നു.

എന്തായാലും പ്രവാസ കൂട്ടായ്മയിൽ അയാൾ എല്ലാവർക്കും പ്രിയങ്കരനായി. പള്ളി മദ്രസ്സ പിരിവിനും, പന്തുകളി ഓണോത്സവ സകല കുലാവി അസോസിയേഷനുകളിലും, എന്തിന്; നാട്ടിലെ പാവപ്പെട്ട ഒരു പെങ്കുട്ടിയെ അയ്മ്പത്തൊന്ന് പവനും തൊണ്ണൂറ്റെട്ടായിരം ഉർപ്യ- ഒരു ലച്ചമായിരുന്നു ചോയ്ച്ചത്. അത് നാട്ടുകാർ പേശി പേശി തൊണ്ണൂ‍റ്റെട്ടാക്കി കുറച്ചതാ. അവരെ സമ്മയ്ക്കണം‌- യും കൊടുത്ത് കെട്ടിച്ചയക്കാനുള്ള വരിയിടൽ പിരിവിനു വരെ ചുക്കാൻ പിടിക്കാൻ പി കെ അലി വേണമെന്നായി.

അതൊക്കെ ചലിക്കുന്നതും നിശ്ചലിക്കുന്നതുമായ ചിത്രങ്ങളായി മാധ്യമങ്ങളിൽ വന്നു തുടങ്ങും മുമ്പെ തന്നെ നാട്ടുകാരിൽ വലിയവരൊക്കെയും അയാ‍ളെ അവരവരുടെ ഹൃദയങ്ങളിൽ കുടിയിരുത്തിയിരുന്നു. കുട്ടികൾ ഫാനായി അയാളുടെ ചിത്രങ്ങൾ വെട്ടിയെടുത്ത് വറ്റ് തേച്ച് വീടുകളിലെ വാതിലുകളിൽ വരെ ഒട്ടിച്ച് വച്ചിരുന്നു!

അങ്ങനെ, ഏറെയേറെ
പൊങ്ങി നിൽക്കുന്ന സമയത്താണ് അയാളുടെ ആത്മാർത്ത സുഹൃത്തുക്കളിൽ ഒന്ന് രണ്ട് പേർ അയാ‍ളെ അറിയിച്ചത് “കുട്ട്യാല്യേ...സംഗതിയൊക്കെ ശരിതന്നെ. പക്ഷേങ്കി..... അന്റെ കെട്ട്യോളേം കുട്ട്യാളേം നാട്ടുക്കൂടെള്ള നടത്തത്ര ശരിയല്ലാന്ന് കേക്കണു. ഇയ്യൊന്നു ശ്രദ്ധിച്ചാൽ അനക്ക് നന്ന്..” എന്നാൽ ആ പറച്ചിലുകൾ, ‘നിന്റെ വളർച്ചയിൽ അവരിൽ രൂപപ്പെട്ട അസൂയയുടെ പര്യായാങ്ങളായി കരുതിയാ‍ൽ മതി’യെന്ന് അയാളുടെ ‘ചിലവ് പറ്റികൾ’ അയാളുടെ കാതിലോതിയപ്പോൾ; അതാണതിന്റെ ശരിയെന്ന് പി കെ കുട്ടിയും ധരിച്ചു.

പിന്നെ എപ്പഴോ; ജോലി കഴിഞ്ഞ് എന്തിനുമേതിനും മണ്ടിപ്പാഞ്ഞ് നടന്നിരുന്ന അയാളിതാ ജോലിക്ക് പോലും പോവാതെ,
തീനും കുടിയും, യാതൊരു മുണ്ടാട്ടവുമില്ലാതെ റൂമിലൊരേ ഇരുത്തം! ഇതിപ്പംതുടങ്ങിയിട്ട് ദിവസം കുറച്ചായി. എന്താ കാരണമെന്ന് ചോദിച്ചാൽ റൂമിലുള്ളോർക്ക് ഒന്നേ പറയാനുള്ളു.
ഒരു
സുഹൃത്തിന്റെ മൊബൈലിലേക്ക് ആരൊ അയച്ച ഒരു എമ്മെമ്മെസ് സൌണ്ട് ക്ലിപ്പ് എല്ലാവരുംകൂടിയിരുന്ന് കേട്ട് ആർത്തുല്ലസിച്ച് ചിരിച്ചതിന് ശേഷം അയാൾ മിണ്ടാതായി പോലും.
അതിൽ അനുരാഗവിലോചനയായി അതിലേറെ മോഹിനിയായി ‘നൌഷാദിക്കാ..എന്റെ നൌഷാദിക്കാ
..’ എന്നിടക്കിടക്ക് വിളിച്ച് പിന്നെ കാമാർത്ത ഭാവത്തോടെ പലതും പറയുന്നത് പി കെ അലിയുടെ മകളുടെ ശബ്ദമാണെന്ന് പറഞ്ഞ്, ചിലർ ഒളിഞ്ഞും തെളിഞ്ഞും ചിരിച്ചു. പിന്നെ അത് അയാളോടുള്ള ദയയുടെയും അനുകമ്പയുടെയും പാതയിലേക്ക് വഴി മാറി. അപ്പോഴേക്കും മാസങ്ങൾകഴിഞ്ഞിരുന്നു.
* * * *
സ്യൂട്ടും കോട്ടുമ്മണിയാത്ത, സാധാരണ ക്ലീൻ
ഷേവ് ചെയ്തിരുന്ന മുഖത്തിനു പകരം നീണ്ട് വളർന്ന ദീക്ഷയും വെട്ടിയൊതുക്കാത്ത തലമുടിയുമായി കൈയ്യിലൊരു സ്യൂട്ട് കേസ് പോലുമില്ലാതെ, യാതൊരു മുന്നറിയിപ്പും കൂടാതെ വീട്ടിലേക്ക് കേറിവരുന്നയാൾ ഒരു തെണ്ടിയല്ലെന്ന് മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു പി കെ അലിയുടെ ഭാര്യമക്കൾക്ക്.

“അസ്സലാമു അലൈക്കും” പതിവില്ലാത്ത ചൊല്ലു കേട്ട്, മുമ്പേ ഭയന്ന് പോയിരുന്ന അവർ
സലാം മടക്കാൻ മറന്ന് നിന്ന നിശ്ചലാവസ്ഥയിൽ നിന്നും ചലനാവസ്ഥ പുനസ്താപ്പിക്കാൻ “എന്താവടെ..എന്തു പറ്റി ഇവിടെയുള്ളോർക്കെല്ലാം” എന്ന അയാളുടെ ഇടി വെട്ടുമ്പോലുള്ള ഒരു അട്ടഹാസം വേണ്ടിവന്നു .
ഉടൽ വിറച്ച് ഭൂതം
കയറിയത് പോലെയായ അയാളെ കണ്ട് മൂന്ന് ഖൽബുകളുടെ വോൾട്ടേജ് കൂടാൻ തുടങ്ങി.
എന്നാൽ അയാൾ
ഒരു മറുപടിക്കൊ മറ്റോ കാത്ത് നിൽക്കാതെ, എന്തോ നിശ്ചയിച്ചുറച്ച മട്ടിൽ പുതിയതായി പണിത കൊട്ടാരസമമായ വീടിന്റെ പുറകിലെ പൊളിച്ച് മാറ്റാത്ത പഴയ വീട്ടിലേക്ക് കേറി. അകത്തെ മൂലയിൽ പണ്ടെന്നോ കൂട്ടിയിട്ട അലുമിനിയ പാത്രങ്ങളും തന്റെ നാലു ചക്ര ഉന്തു വണ്ടിയുമെടുത്ത് മുറ്റത്തേക്കിട്ടു. അതിൽ ഏറ്റവും വലിയ പാത്രത്തിൽ വെള്ളം കോരി നിറച്ചു.ശേഷം മൂന്ന് വെട്ടുകല്ലിനാൽ മുറ്റത്തൊരടുപ്പ് തയ്യാറാക്കി. പുതിയ വീട്ടിനുള്ളിലേക്കോടി. തിരിച്ചുവന്ന അയാളുടെ കൈയ്യിൽ തന്റെ ഭാര്യയുടെ ഉയർച്ച താഴ്ചകൾ കാണിക്കുന്ന പർദ്ദകളും, മകളുടെ അണിഞ്ഞാൽ അരച്ച് തേച്ചത് പോലുള്ള ഉടുപ്പുകളും മറ്റുമുണ്ടായിരുന്നു. അതൊക്കെയുമയാൾ അടുപ്പിലേക്കെറിഞ്ഞു. ശേഷം മകന്റെ പ്രൈവറ്റ് റൂമിലെ അലമാരിക്കുള്ളിലെ കുപ്പിയിലെ നിറമുള്ള ദ്രാവകമെടുത്ത് അടുപ്പിലേക്കൊഴിച്ച് ഗ്യാസ് ലൈറ്റർ ഉരച്ച് തീ കൊളുത്തി. പിന്നെ ഫണമുയർത്തിയാടുന്ന തീയിൻ മുകളിലേക്ക് വെള്ളം നിറച്ച് വെച്ച പാത്രമെടുത്ത് വച്ചു.

ആളിക്കത്താൻ തുടങ്ങിയ തീ കണ്ട് അയാൾ ഉന്മത്തനായി പൊട്ടിച്ചിരിക്കാൻ തുടങ്ങി. വീണ്ടും അകത്തേക്കോടി. നാലഞ്ച് മൊബൈലുകളും ടിവിയും സിഡിയും കമ്പ്യൂട്ടറും മറ്റു കുറേ യന്ത്രങ്ങളും ആയാൾ കത്തുന്ന തീയിലേക്കെറിഞ്ഞ് കൊണ്ടിരുന്നു. എല്ലാം കത്തിയമർന്നപ്പോൾ, തീയിലേറെ ആളിക്കത്തിയിരുന്ന അയാളുടെ കണ്ണുകൾ വെറും കനലുകളായി മാറി. വിയർപ്പുകൾ ചാലിട്ട ശരീരവുമായാൾ കിതച്ചു.

ഏറെ കഴിഞ്ഞ് അയാൾ പാത്രം താഴെയിറക്കി. ഭ്രാന്തൻ കാ‍ഴ്ചകൾ കണ്ട് കാറ്റിലെ പുൽകൊടി പോലെ
നിൽക്കുന്ന മൂവരോടുമായി അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു
“ഈ പാത്രത്തിൽ കേറി നിന്ന് നിങ്ങളോരോരുത്തരും അവരവരുടെ ശരീരം കഴുകി വൃത്തിയാക്കുവിൻ” ശബ്ദമില്ലാഞ്ഞിട്ടും അവർ നടുങ്ങി. എന്തിനുള്ള പുറപ്പാടെന്നറിയാതെ അ
ച്ച് വിറച്ച് നിന്ന അവരുടെ നേരെ നീണ്ട് വരുന്ന രണ്ട് കനൽ കട്ടകൾ കണ്ടപ്പോൾ അവർ യാന്ത്രികമായി അതിലേക്ക് കേറി.
ആ സമയം, അയാള്‍ പഴയ പായസം കുട്ട്യാലിയായി വണ്ടിയിലെ തുരുമ്പും പാത്രങ്ങളിലെ പൊടിയും മാറാലകളും കഴുകി കളയാൻ തുടങ്ങി. അപ്പോൾ പുതിയ വീടിൻ മുമ്പിൽ ഒരു ജെ സി ബി എത്തിക്കഴിഞ്ഞിരുന്നു!

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില