2021, ജൂലൈ 27, ചൊവ്വാഴ്ച

പവര്‍ കട്ട്

ഗ്രാമത്തില്‍, ബെല്‍ ബോട്ടം പാന്റ്സും ഷര്‍ട്ടും ധരിച്ച് ആദ്യമായി നടന്ന പെണ്ണ്, സുന്ദരനായ മാനു കെട്ടിക്കൊണ്ടു വന്ന സുമുഖിയായ മാളുവായിരുന്നു പോൽ! വൈകുന്നേരങ്ങളില്‍ ഗ്രാമത്തിലെ ചെറു അങ്ങാടിയിൽ കൂടിയുള്ള യുവ മിഥുനങ്ങളുടെ ഉലാത്തൽ കണ്ടന്തം വിട്ട ചിലരുടെ വാർത്ത കേട്ട്, ആ കാഴ്ച കാണാത്തവർ കുഞ്ഞാപ്പായുടെ മോരും വെള്ള പാരലരിനരികില്‍ ഒത്ത് കൂടിയത്, അവളെ കണ്ടെങ്ങാനും അന്തം വിട്ടാൽ പെട്ടെന്ന് സോഡ കിട്ടുമല്ലൊ എന്ന വിചാരത്തോടെയായിരുന്നു പോൽ! സായംകാലം മരക്കാരുടെ മക്കാനി ബഞ്ചിൽ വെടി പറയുന്ന കാക്കമാരുടെ എണ്ണം കൂടിയത്, -മുപ്പത്തിരണ്ട്,ഇരുപത്തെട്ട്, മുപ്പത്തിനാല്- അളവിലുള്ള അവളുടെ ആനമലൈസ് ബോഡിയോടെയുള്ള നട(ത്തം) കണ്ട് മൂക്കത്ത് വിരൽ വക്കാനായി മാത്രമായിരുന്നു പോൽ! ആ ഏന്ത്യാനി ടൌണിലെ പെൺമുടിവെട്ടുകടയിൽ പോയി മുടി മുടിക്കാറും വടിക്കാറുമുണ്ടെന്ന് തെളിവു നിരത്തി കൊച്ചന്നാമ വെളിപ്പെടുത്തി പോൽ! പണ്ടാരമടങ്ങാൻ ഞമ്മളെ കെട്ട്യോന്റെ കണ്ണ് നരകക്കുണ്ടിലേക്ക് പോകോലൊ ന്റെ ബദ് രീങ്ങളെയെന്ന് ചേമ്പിലേക്ക് നോക്കുമ്പോൾ ചേന കാണാൻ തക്ക കണ്ണുള്ള, ആലിക്കോയാന്റെ പുന്നാര ബീഡര് മുത്തീബി ഗദ്ഗദം കൊണ്ടു പോൽ! ചിൽമീല് ചീമേനേം ചിൽക് ച്മിതേനേം മ്പൾ ഈ കോലത്തിൽ കണ്ടിട്ടുണ്ടെന്ന് ചക്കിക്കുട്ടി വെറ്റിലടക്ക വായിലിട്ട ശേഷം പ്രവചിച്ചു പോൽ! ഈപ്രവചനങ്ങൾ ഒരു വശത്ത് നടക്കെ തന്നെ അന്നാട്ടിലെ പെണ്ണുകെട്ടാ ചെക്കന്മാരൊക്കെയും തനിക്കും അമ്മാതിരിയൊരു ചുന്തരിയെ കിട്ടാനായി അവരവരുടെ ജാതിയിൽ പെട്ട പള്ളിയമ്പലശൈഖുചാത്തന്മാർക്കൊക്കെയും നേർച്ച നേർന്ന്, കെട്ടിക്കൊണ്ട് വന്നതെങ്കിലും ആരെയും നിരാശരാക്കാത്ത; തങ്ങളുടെ ഖണ്ഡസാരി മാളു(അങ്ങനെയും ഒരു പേരുണ്ട് )വിന്റെ ഒരു കടാക്ഷം കിട്ടാൻ ആ വീടിന് ചുറ്റും ഇടമ്പിരി വലമ്പിരി പിരിയില്ലാതെയും നടന്നിരുന്നു പോൽ! അന്നാട്ടിലെ പയ്യന്മാർ അതു വരെയും നെട്ടോട്ടമോടി ബുദ്ധിമുട്ടായി,മുട്ടായിയുണ്ടാക്കിയിരുന്ന പെൺകുട്ട്യാളൊക്കെയും തങ്ങൾ സെക്കന്റ്സിലേക്ക് തള്ളപ്പെട്ടതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യാനായി ഒരു റെയിൽ പാത ആ വഴിക്ക് ഉടൻ വരുന്നെന്നും പറഞ്ഞ് കാത്തിരിക്കവെയാണ് ഈ കഥ വേറെ ഒരു പാതയിൽ കൂടി സഞ്ചരി(പ്പി)ക്കുന്നത്. “”“”“”“”“??????”“”“”“”“” ഡിഡി ഭൂതലചാനലിൽ മലയാള പരിപാടികൾ കഴിഞ്ഞ് ഉപഗ്രഹത്തിലേക്ക് മാറിയപ്പോൾ ടിവി ഓഫ് ചെയ്ത് തന്റെ ഇഷ്ടവാരികയെടുത്ത് മാളു സിറ്റൌട്ടിലേക്ക് നടന്നു. അടുത്തിടെ താമസം മാറിയ പുതിയ വീടിന്റെ ഉമ്മറത്തെ ചാരു ചൂരൽ കസേരയിൽ ഗമയിലിരുന്നുള്ള ആ വായനക്കിടയിലും അയൽ പക്ക കണ്ട്രികളുടെ അസൂയ നിറഞ്ഞ നോട്ടവും, കുശുമ്പ് അടങ്ങിയ അടക്കം പറച്ചിലും അവൾ ആഗ്രഹിച്ചിരുന്നു. അകലെ പള്ളിയിൽ നിന്നും മഗ് രിബ് ബാങ്ക് വിളിച്ചത് അവൾ കേട്ടിരുന്നൊ എന്തൊ. കറന്റ് പോയപ്പോഴാണ് അവൾ ശ്രദ്ധിച്ചത്, അയലോക്കത്തെ മണ്ണെണ്ണ വിളക്കിൻ പ്രകാശവും കുട്ടികളുടെ അന്തിക്കലോത്തും പുസ്തക പഠനവും കൂടിയ താളലയവിന്യായങ്ങളങ്ങനെങ്ങനെ പലയതുകൾ. വെറുതെയെങ്കിലും അതുമാസ്വദിച്ച് ഇരുട്ടിൽ കണ്ണുമടച്ച് ഓരോന്നുമോർത്ത് കസേരയില്‍ ഞാന്നു കിടന്നു. ----ഇത്ര നേരമായിട്ടും കാണാനില്ല....! ഈ വീട്ടിലേക്ക് മാറിയതിൽ പിന്നെ പുറം ലോകവുമായുള്ള ബന്ധം മുറിഞ്ഞ മട്ടാണ്. ഇതിലും നല്ലത് ആ തറവാടും അവിടത്തെ പഴഞ്ചൻ സംസ്കാരവുമായിരുന്നു. എത്ര ദിവസമായി ഒരു സിനിമ കണ്ടിട്ട്. ഇങ്ങ് വരട്ടെ ഇന്ന് രണ്ട് വറ്ത്തമാനം പറഞ്ഞിട്ട് തന്നെ കാര്യം....ങാഹാ അങ്ങനെ വിട്ടാൽ പറ്റൂലല്ലൊ... പാത്രങ്ങൾ തട്ടി മറിയുന്ന ശബ്ദം. അവൾ ഇരുട്ടിൽ തപ്പി ടോർച്ചെടുത്ത് അടുക്കളയിലേക്ക് നടന്നു. ജനൽ വഴി പൂച്ച പുറത്തേക്ക് ചാടുന്നത് ടോർച്ച് വെളിച്ചത്തിൽ കണ്ടപ്പോൽ ശരീരത്തിനെ ബാധിച്ച ചെറുഭയം ഇല്ലാതായി. ചോറും കൂട്ടാനുമെല്ലാം ഉണ്ടാക്കി വച്ച് നേരത്തെ സ്ഥലം വിട്ട വേലക്കാരിയെ പ്രാകിക്കൊണ്ടവൾ ജനൽ കൊളുത്തിട്ട ശേഷം ഒരു വിളക്ക് കത്തിച്ച് ബെഡ് റൂമിലേക്ക് നടന്നു. വിളക്ക് കട്ടിൽ പടിയിൽ വച്ച് അവൾ കട്ടിലിലേക്ക് ചരിഞ്ഞു. നിശ്ചലമായി തൂങ്ങി നിൽക്കുന്ന ഫാനിനെ ഒരു നിമിഷം നോക്കി കയ്യിൽ തടഞ്ഞ വാരികയെടുത്ത് വീശി. പുറത്തേക്കുള്ള വാതിൽ ശാക്ഷയിടുന്ന ശബ്ദം കേട്ട് അവൾ ചെവി കൂർപ്പിച്ചു. “എന്താ മാളോ കരന്റ് പോയ സമയത്തെങ്കിലും ഈ വാതിലൊന്നടച്ചൂടെ നിനക്ക്” എന്നും പറഞ്ഞ് മാനു കടന്ന് വന്നു. അവളതിന് ഒന്നും പറഞ്ഞില്ല. ഷർട്ടിന്റെ ബട്ടണഴിച്ച് കൊണ്ട് മാനു തുടർന്നു. “ഇന്ന് കുറേ അലയേണ്ടി വന്നു. ആ നെല്ല് വിറ്റ കാശ് ഇങ്ങോട്ട് കിട്ടിപ്പോരാൻ...ഞാനൊന്ന് കുളിക്കട്ടെ. നീയൊന്ന് എണിറ്റ് ഒരു ഗ്ലാസ് വെള്ളമിങ്ങെടുത്തെ. എന്തൊരു കിടത്തമാ മാളൊ ഈ ഇശാ മഗ് രിബിന്റെ ഇടയിൽ...?” അതിന് മറുപടിയായി, ‘ഈ വീട്ടിൽ ഞാനൊറ്റയൊരുത്തി ഒറ്റക്കാണെന്നുള്ള വിചാരമില്ലാതെ അതിലേം ഇതിലേം തെണ്ടി നടന്ന് കേറി വന്നിരിക്കുന്നു. എപ്പൊ വന്നാലും എന്റെ കുറ്റമേ കാണൂ...പോരെങ്കി ഒരോ ഉപദേശപുന്നാരവും...’ഇങ്ങനെ പറയാൻ വന്നത് മനസ്സിലൊതുക്കി അവളവനെ രൂക്ഷമായൊന്ന് നോക്കി. ശേഷം ടോർച്ചെടുത്ത് അവനു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു “ദാ ആ ഫ്രിഡ്ജിലിരിപ്പുണ്ട് വെള്ളം എടുത്ത് കുടിച്ചൊ” അവളുടെ ശബ്ദമാറ്റത്തിന്റെ കാരണം മാനു അപ്പോഴാണ് ചിന്തിച്ചത്. താൻ നല്ലതെന്ന് കരുതുന്നതൊക്കെയും ഇവൾക്ക് വഴിക്കിടുവാൻ കാരണമാവുന്നല്ലൊ..എന്ന് വിഷമത്തോടെയും എന്നാൽ കുറച്ച് നീരസത്തോടെയും മനസ്സിൽ പറഞ്ഞ്, അവളെ കുറച്ച് നേരം നോക്കി നിന്ന് മാനു ടോർച്ച് വാങ്ങി നടന്നു. -------------- മാളുവിന്റെ അലറിവിളി കേട്ട് മാനു ഒരു നിമിഷം ഞെട്ടി. ബാത്ത് റൂമിൽ നിന്നും അയാൾ ഇരുട്ടിലൂടെ പാഞ്ഞു. ബെഡ് റൂമിൽ കണ്ട കാഴ്ച അയാളെ സ്തംഭനാക്കി. ബെഡ്ഡും തലയണയും കത്തുന്നു. സാരീക്ക് തീ പിടിച്ച മാളു ഓടിച്ചാടുന്നു. സ്ഥലകാല ബോധം വന്ന മാനു തന്റെ നനഞ്ഞ ബാത്ത് ടവ്വലഴിച്ച് തീയെ തല്ലിക്കെടുത്തി. രണ്ടാളുടെയും നിലവിളി കേട്ട് അയൽ വാസികൾ ഓടി കൂടി. കരഞ്ഞ് കൊണ്ടിരിക്കുന്ന മാളുവിന്റെ രൂപം അവരുടെ കയ്യിലുള്ള ചിമ്മിനി വിളക്കിൻ വെളിച്ചത്തിൽ കണ്ട് മാനു, ചതിച്ചൊ ന്റെ പടച്ചോനെ...എന്ന് പറഞ്ഞ് കൊണ്ട് ഓടിയടുത്തു. -ഒരു ചെറുമയക്കത്തിൽ തട്ടി മറിഞ്ഞ വിളക്കിൽ നിന്നുമുള്ള തീ അവളുടെ ബോബ് ചെയ്തിട്ട തലമുടിയെ ഒന്ന് നക്കിയ ശേഷം മറ്റുള്ളിടത്തേക്കും വ്യാപിക്കയായിരുന്നു- അമ്പാസിഡ്ഡർ കാർ അവളെയും കൊണ്ട് പാഞ്ഞപ്പോഴും ഇറച്ചി കരിഞ്ഞ മണം ആ വീട്ടിൽ തങ്ങി നില്പുണ്ടായിരുന്നു. ------------- ദൂരെയെങ്ങോ ഉള്ള ആശുപത്രിയിൽ നിന്നും ആറേഴു മാസത്തെ ചികിത്സ കഴിഞ്ഞെത്തിയ മാളുവിന്റെ പിന്നീടുള്ള നടത്തം നേർ വിപരീതമായതിൽ ജനം വീണ്ടും കമന്റുകളിറക്കി. ആ കുട്ടി പടച്ചോനെ പേടിള്ള കൂട്ടത്തിലായി...എന്നവർ അവസാനം വിധിയെഴുതി. എങ്കിലും, മുമ്പ് അവളുടെ ഉയർച്ചയും താഴ്ച്ചയും(ശരീരത്തിന്റെ) കണ്ട് ശീലിച്ച ജനം അവളെ ഒന്നും കൂടെ കാണാൻ ആഗ്രഹിക്കുന്നു. അത് ഉടനെ നടക്കുമെന്നും അവർക്കറിയാം. കാരണം, മാനു വേറെ ഒരു പെണ്ണ് കെട്ടി അവരുടെ എസ്റ്റേറ്റിലുള്ള പുരയിലേക്ക് കൊണ്ട് വരും. അന്ന് മാളു പൊന്മുട്ടയിടുന്ന താറാവ് സിനിമയുടെ അവസാനത്തിൽ ഹാജ്യാരെ ബീവി പുറത്തിറങ്ങിയ പോൽ ഉടുമുണ്ടിൽ പുറത്തിറങ്ങി വരും. അതും മാനുവെന്ന പാമ്പിന്റെ തല മുറിക്കാനായുള്ള ഒരു കീരിയായി തന്നെ.....!!! അന്ന്; അന്ന് ഒട്ടു പാൽ കൊണ്ട് റബ്ബർ ഷീറ്റടിച്ചത് പോലുള്ള മാളുവിന്റ് സ്കിനും, പവര്‍ കട്ടായ മുഖവും കണ്ട് ജനം വാ പൊളിച്ച് നിൽക്കുമായിരിക്കും അല്ലെ? ഹൊ, ഒന്ന് പറയാൻ വിട്ട് പോയി; അന്നാട്ടിൽ ആദ്യമായി ബുർക്ക ധരിച്ച് മുഖം മറച്ച് നടന്നതും മാളുവായിരുന്നു പോൽ!!! പാന്റ്സില്‍ നിന്നും പര്‍ദ്ദയിലേക്കുള്ള ധൂരം,,,,,

20 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

അന്ന് മാളു പൊന്മുട്ടയിടുന്ന താറാവ് സിനിമയുടെ അവസാനത്തിൽ ഹാജ്യാരെ ബീവി പുറത്തിറങ്ങിയ പോൽ ഉടുമുണ്ടിൽ പുറത്തിറങ്ങി വരും. അതും മാനുവെന്ന പാമ്പിന്റെ തല മുറിക്കാനായുള്ള ഒരു കീരിയായി തന്നെ.....!!!

ശ്രീ പറഞ്ഞു...

പാവം മാളൂ! കലികാലം തന്നെ അല്ലേ?

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

OAB,
മാളുവിന്റെ കഥ, മറ്റു പലതും പറയാതെ പറയുന്നുണ്ടെങ്കിലും മാളുവിന്റെ കഥ, ഇഷ്ടമായി.
എഴുത്തും.

Anil cheleri kumaran പറഞ്ഞു...

..അവളുടെ ഉയർച്ചയും താഴ്ച്ചയും(ശരീരത്തിന്റെ) ..
അതു കലക്കി. പോസ്റ്റ് നന്നായിട്ടുണ്ട്.

യുവമിധുനം അല്ല, മിഥുനം. ആണു ശരി.

വശംവദൻ പറഞ്ഞു...

"ചിൽമീല് ചീമേനേം ചിൽക് ച്മിതേനേം "

ചിരിപ്പിച്ചു.

:)

Sabu Kottotty പറഞ്ഞു...

മാളുവിന്റെ കഥ വളരെ നന്നായി...
തമാശയും ഗുണപാഠവും എല്ലാം കൂടി ഉഷാറായി...
ക്ലൈമാക്സില്‍ ഒരു ആക്ഷേപച്ചിരിയ്ക്കുന്നത് എനിയ്ക്കു മനസ്സിലായി (ഇനി എനിയ്ക്കു തോന്നിയതാണോ എന്തൊ). അതാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്...

ഗോപക്‌ യു ആര്‍ പറഞ്ഞു...

അന്നാട്ടിൽ ആദ്യമായി ബുർക്ക ധരിച്ച് മുഖം മറച്ച് നടന്നതും മാളുവായിരുന്നു പോൽ!!!


മാളുവിനെ ചൊല്ലി ദുഖിക്കുന്നു...........

Typist | എഴുത്തുകാരി പറഞ്ഞു...

പാവം മാളു.

OAB/ഒഎബി പറഞ്ഞു...

ശ്രീ- ആദ്യമായി പരഞ്ഞതിന് നന്ദിയോടെ...
എന്തു കാലമായാലും അതിന്റെ കാര്യം ഇപ്പോൾ വലിയ കഷ്ടമാണ്.

അനിൽ@- പറഞ്ഞ രീതിയും കഥയും ഇഷ്ടപ്പെട്ടതിൽ സന്തോഷം.

കുമാരൻ- സന്തോഷം. നന്ദി തെറ്റ് ചൂണ്ടിയതിന്. തിരുത്താം.... തൽക്കാലം വായനക്കർ അറിയട്ടെ. :)

വശംവദൻ- ഞങ്ങളുടെ പാടത്ത് പണിയെടുത്തിരുന്ന ഒരു സ്ത്രീയിൽ നിന്നും കിട്ടിയ ശൈലി. നന്ദി..

കൊട്ടോട്ടിക്കരൻ- ഒരനുഭവ കഥ തമാശയിൽ പറയാൻ ശ്രമിച്ചു. തീർച്ചയായും ഉദ്ദേശം ഗുണപാഠം തന്നെയായിരുന്നു.(സൌന്ദര്യം ആസ്വദിക്കുന്നവർ ആസ്വദിച്ചോട്ടെ. പക്ഷേ. ആസ്വദിക്കപ്പെടുന്ന ചരക്ക് ഏതായാലും സ്വയം അഹങ്കരിക്കരുത്)

ക്ലൈമാക്സിൽ, എന്റെ ചിന്തകൾക്ക് ഒപ്പ്മാണ് താങ്കൾ എങ്കിൽ ശരിയായിരിക്കാം.

ഗോപക്- അതെ, അങ്ങിനെ തന്നെ....

എഴുത്തുകാരി- മാളു ഇപ്പോൾ പാവത്തിനുമപ്പുറത്താണ്.

എല്ലാവർക്കും നന്ദി.

താരകൻ പറഞ്ഞു...

ഓയെബി ..,അപാരസുന്ദരമായ ശൈലി ..അസൂയ തോന്നുന്നു

വരവൂരാൻ പറഞ്ഞു...

ഒരു സുന്ദരിയുടെ അവസ്സാനം... എല്ലാവരുടെയും കണ്ണു പറ്റിയിട്ടുണ്ടാവും അതിനു.. നന്നായി അവതരിപ്പിച്ചിരിക്കുന്നു ആശംസകൾ

വയനാടന്‍ പറഞ്ഞു...

നല്ല അവതരണം
ആശം സകൾ

രസികന്‍ പറഞ്ഞു...

അപ്പോ ഇബടേ ഒക്കേ ഇണ്ട് അല്ലേ .... നന്നായിരുന്നു ആശംസകള്‍

രസികന്‍ പറഞ്ഞു...

അപ്പോ ഇബടേ ഒക്കേ ഇണ്ട് അല്ലേ .... നന്നായിരുന്നു ആശംസകള്‍

Areekkodan | അരീക്കോടന്‍ പറഞ്ഞു...

OAB....ഏത്‌ നാണയത്തിനും രണ്ട്‌ പുറം ഉണ്ടാകുമല്ലോ?

OAB/ഒഎബി പറഞ്ഞു...

താരകൻ- അയ്യോ...ഈ നാല്പത്താറ് ഡിഗ്രി ചൂടിലും കുളിരു തോന്നുന്നു!

വരവൂരാൻ‌- അതായിരിക്കാം. പറ്റിയെന്നത് ശരി തന്നെയാണ്.

വയനാടൻ- ഓകെ..ആസംസകൾക്ക് നന്ദിയുണ്ട്

രസികൻ- ഉണ്ടുണ്ട്. അതും ഇബടെത്തന്നെ

അരീക്കോടൻ- അതെ മാഷേ, അതൊരു സത്യം മാത്രം

വന്നവർക്കും, പറഞ്ഞവർക്കും അഭിനന്ദനങ്ങൾ..

ബഷീർ പറഞ്ഞു...

മാളൂ‍ൂന്റെ കഥ നന്നായി ഒ.എ.ബി..
അനിൽ@ബ്ലോഗ് പറഞ്ഞപോലെ , പലതും പറയാതെ പറഞ്ഞിരിക്കുന്നു. ഓരോരുത്തർക്കും വായിച്ചെടുക്കാവുന്ന വിധത്തിൽ. അഭിനന്ദനങ്ങൾ

അജ്ഞാതന്‍ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്. ആദ്യം വായിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ല. പിന്നെയാണ് മനസ്സിലായത്.
തുടക്കത്തിലെ ശൈലി ഇഷ്ടമായി.
(ഉമ്മ പണ്ട് പറഞ്ഞ കഥ ഓര്‍ക്കുന്നു.)
-ശാബു-

നരിക്കുന്നൻ പറഞ്ഞു...

ഈ ശൈലി രസകരമായിരിക്കുന്നു. പലതും പറയാതെ പറഞ്ഞു. വായനക്കാരന് ഒരുപാട് കാര്യങ്ങൾ പറഞ്ഞ് കൊടുത്തു. മനസ്സിൽ കൊള്ളുന്ന രീതിയിൽ.

അവസാനം ആദ്യമായി ആ നാട്ടിൽ പർദ്ദ ഇട്ട് നടന്ന മാളു വരെ.....

വലിയൊരു ഗുണപാഠം. ശരിക്കും അവതരിപ്പിച്ചു.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അപ്പോൾ മാളുവാണ് വഴികാട്ടി അല്ലേ

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില