2018, നവംബർ 3, ശനിയാഴ്‌ച

ഞാനും ഒരു പ്രവാസി ആയിരുന്നു!


                                 ----------

അയൽവാസി ജ്വലിപ്പിച്ച പ്രകാശത്തിൽ വഴികണ്ട്, അതിജീവനത്തിന്റെ കനൽപഥങ്ങൾ താണ്ടിക്കടന്ന് വിജയഭേരികൾ മുഴക്കാനാവുമെന്ന  വിശ്വാസത്തിലുറച്ച് "അറിയില്ല'' എന്ന വാക്ക് എന്റെ നിഘണ്ടുവിൽ നിന്നൊഴിവാക്കി, അനേകലക്ഷം ചടുലമായ യൗവ്വനത്തിന്റെ ചിറകുകൾ കരിഞ്ഞുവീണ ഒരഭിശപ്ത നെരിപ്പോടിലേക്ക് ഞാനും.....

ആരുടെയൊക്കെയോ പ്രാർത്ഥനയാലൊ മൂന്നാളെ തൊഴിൽചെയ്യാൻ ഈ ഒരു 'ബഖറ' (മൂരി, പോത്ത്) മതിയെന്ന അറബിയുടെ തോന്നലിലോ, ഞാനെന്റെ വാഗ്ദത്തഭൂമിയിൽ വാഴ്ത്തപ്പെട്ടവനായത് ?

ഉപകാരംചെയ്തതിന് ഒരാൾക്ക്  പ്രത്യുപകാരമായി ഒരു ഉയർസ്ഥാനം ഏല്പ്പിച്ചുകൊടുത്തതായിരുന്നു ഞാൻചെയ്ത വലിയതെറ്റ്.

സമൂഹത്തിൽ പേര് ഉയരാൻ ഏതറ്റംവരെയുംപോകാൻ അദ്ദേഹം തയ്യാറായിരുന്നു.  വെറുതെ ഓവർടൈമും മറ്റു പലവിധ കൈകടത്തലുമായി അർഹതയില്ലാത്തവർക്ക് / അദ്ദേഹത്തിന്റെ റാൻമൂളികൾക്ക് അംഗീകാരംകൊടുത്തപ്പോൾ  വലിയൊരു വിഭാഗം ജോലിക്കാരായ മടിയന്മാർ അയാളോടൊപ്പംകൂടി.

പുതിയതായി ജോലിക്കെത്തുന്ന അനുജന്മാരോട് ഞാൻ പറഞ്ഞു. "നോക്കു ഇവിടെ നിന്റെ പണി ശ്രദ്ധിക്കാൻ ആരുമില്ല. എന്നാൽ മുകളിൽ ഒരാളുണ്ട്. അവനെ ഭയപ്പെടുക . സ്വന്തം ജോലിയിൽ കള്ളത്തരം കാണിക്കരുത് "
അവരത് അനുസരിച്ചു.

അപ്പോൾ നാട്ടിൽ അവരുടെ മക്കൾ ഉള്ളകാശിന്  പുതുതായെടുത്ത ചുരിദാറുകളുടെ നിറം മങ്ങിയില്ല !

അവർ പറഞ്ഞു...

നോക്കൂ ഇവിടെ എല്ലാരും തരികിടകൊണ്ടാണ് ജീവിച്ചുപോവുന്നത് ' മുദീർ ' വരുന്നസമയം നന്നായിജോലിചെയ്യുക. അവനെ പൊക്കിപ്പറയുക /  ബഹുമാനിക്കുക. എങ്കിൽ നീ രക്ഷപ്പെടും..."

അവർക്ക് ശംബളംകൂടിയപ്പോൾ വീടുകളിലെ മക്കൾക്ക് പനിബാധിച്ചു !

വിറ്റുവരവുകൾ..  എനിക്കും പടച്ചവനും മാത്രമറിയുന്ന രേഖകൾവെച്ച്  ലക്ഷങ്ങൾ   എന്റെ കയ്യിലെത്തിപ്പെട്ടത് 'അണാപൈ' ഇല്ലാതെ, മുതലാളിയെ  സ്ഥിരമായി ഏൽപിച്ചപ്പോൾ മുദീറന്മാർ എയർഹോസ്റ്റസുമാരെവരെ പരിചയപ്പെടുത്തിത്തന്നു!!!

നാട്ടിൽ അതിലുംവലിയ സുന്ദരി എനിക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് ഞാനും!!..

6 / 60 mm ബോൾട്ട് തിരിച്ചറിയാത്തവർ / കറണ്ടില്ലെങ്കിൽ സ്പ്രേപെയ്ന്റ് ചെയ്തോളൂ എന്നുപറഞ്ഞവരെ   'മുഹന്തിസ്' ആയി ഞാൻ അംഗീകരിച്ചില്ല.

ഹീറ്ററിന്റെ പരിധിയറിയാൻ 100° ക്ക്മേലെ വെള്ളംതിളക്കാൻ കാത്തിരിക്കുന്നവൻ എന്റെ മുന്നിൽ  'ഫണ്ണി കാഹർബായ്' (ഇലക്ട്രിക്കൽ എഞ്ചിനീയർ)  ആയില്ല.

തൊലിവെളുപ്പുള്ളവന് പണിക്കിഴിവും തടിമിടുക്കുള്ളവന് ശംബളക്കൂടുതലും എന്റെമുമ്പിൽ വിലപ്പോയില്ല.

കാറിന്മേൽ വാൾപുട്ടിയിട്ടോളൂ എന്നാൽ വെള്ളംകൂട്ടി അധികം ഉരക്കണ്ടല്ലൊ എന്ന് പറഞ്ഞവനെ ഞാനോടിച്ചുവിട്ടു.

 അവർ, ശൈത്താന്മാർ വന്ന് കാതിലോതി

 "ഒരു ദിവസത്തെ വരവ്മതി നിനക്ക് പത്തേക്കർ റബ്ബർ തോട്ടം വാങ്ങാൻ "
ഞാനതുകേട്ട് ചിരിച്ചു. അപ്പോൾ അവരെന്നെ 'മൂഖ് മാഫി' യെന്ന് വിളിച്ചു.

 എന്നാൽ ഞാനെന്ന പ്രവാസിക്ക് മുന്നോട്ടുള്ള പ്രയാണത്തിന്  അതൊക്കെ വിലങ്ങ് തടിയാവുമെന്നറിഞ്ഞിട്ടും സത്യത്തെ തിരുത്താൻ എനിക്കായില്ല !

പലപ്പഴും സ്വപ്നങ്ങൾ കൈക്കുള്ളിലൊതുക്കാനായെന്ന് നിനച്ച് കളിക്കുന്ന കളത്തിന്റെ അവസാനത്തിലെത്തുമ്പോൾ ഒരു പാമ്പ് എല്ലായ്പ്പോഴും വന്ന് ഫണംവിടർത്തിയതിൽ, പിന്നെയും താഴെ കള്ളിയിലെത്തി വീണ്ടും പ്രതീക്ഷയോടെ കരുക്കൾ നീക്കിക്കൊണ്ടേയിരുന്നു.

വർഷങ്ങൾ കഴിഞ്ഞിട്ടും എന്റൊപ്പമെത്താനുള്ള കഴിവില്ലാത്തവരൊക്കെയുംവെച്ച പാരക്കൊന്നിനും മൂർച്ചപോരായിരുന്നു. എന്നാൽ മുദീർമുതൽ മറ്റു എല്ലാവരുടെയും പാരകൾ ചുട്ട്, രാകി, മൂർച്ചകൂട്ടി ഒരുമിച്ചാക്രമിക്കാൻ തുടങ്ങി.

പിന്നെപ്പിന്നേ, എന്റെ എതിർപ്പുകൾ മൗനത്തിൽ കലാശിക്കാൻതുടങ്ങി. കാരണം,,,, ഇപ്പോൾ എന്ത്ചെയ്യുന്നു എന്നല്ല ഇതുവരെ എന്തുചെയ്തു; എന്തൊക്കെ ചെയ്യുന്നു എന്നുനോക്കിയിരുന്ന, എന്റെ തോളിൽകൈയിട്ടുനടന്നിരുന്ന മുതലാളി സൗദി വിട്ട് ദൂരദേശത്തായിരുന്നു  കൂടുതൽസമയവും.

അങ്ങനെ ഞാൻ സ്വയം പിൻ ലിഞ്ഞപ്പോൾ, വിവരമില്ലാത്തവർ ഉന്നതങ്ങൾ അലങ്കരിച്ചു. ജടകൊഴിയാൻ തുടങ്ങിയെങ്കിലും തൊഴിലിൽ ഊർജജ്വസ്സ്വലത കാണിച്ചിരുന്ന, 1200 റിയാലിന് പണിയെടുത്തിരുന്നവരെയൊക്കെ ഒഴിവാക്കി, പകരം 2500ന് റോഹിങ്ക്യൻസിന് (അധികവും സൗദിയിൽ പെറ്റുവളർന്നവര്‍) അവസരംനൽകി. അവർ, ഒരു മലയാളി ചെയ്തിരുന്ന ജോലി പത്താൾ ചെയ്തു. എന്നിട്ടും അവർക്ക് സ്ഥാനക്കയറ്റവും ജോലിക്കിഴിവും അനുവദിച്ചു. അവരിൽ അധികവും തൊലിവെളുപ്പുള്ളവരായിരുന്നു. അതാണ് വലിയമുദീറിന് വേണ്ടിയിരുന്നതും.  കാരണം അവന്റെ ഭാര്യ തെറ്റിപ്പിരിഞ്ഞ്പോയപ്പോൾ പറഞ്ഞിരുന്നു..

"നിങ്ങൾക്ക് ഭാര്യയായി വേണ്ടത് ഒരു പെണ്ണല്ല  പുരുഷനായിരുന്നു"

പിന്നീട്, എന്റെ കയ്യിനാൽ മൂലക്കല്ല് സ്ഥാപിച്ച (അധികം ആരും സമ്മതിക്കില്ലെങ്കിലും) ഒരു ഫാക്ടറിയുടെ അന്ത്യംകാണാൻ നില്ക്കാതെ, വെറുംകൈയോടെ ഞാനെന്ന തൊഴിലാളി നാട്ടിൽവന്ന്, പിന്നെ തിരിച്ചുപോയില്ല.

ഇന്നിപ്പോൾ എന്റെ പൂച്ചകളൊക്കെ അവിടം വിട്ടുകാണും എന്റെ പച്ചക്കറിത്തോട്ടങ്ങളൊക്കെ ഉണങ്ങിക്കരിഞ്ഞ് പോയിക്കാണും.
കോഴി, താറാവ്, കാടയെയുമൊക്കെ അവിടെയുള്ളവർ അറുത്തുതിന്നുകാണും.

അകലെനിന്ന് വെള്ളംകുടിക്കാൻ വന്നിരുന്ന പക്ഷികൾ ഒരുപക്ഷേ  ആരൊ എറിഞ്ഞുകൊടുത്ത ഗോതമ്പുമണികൾ കൊത്തിത്തിന്ന്, മക്കത്തെ പള്ളിക്ക്മുകളിൽ വട്ടമിട്ടുപറക്കുന്നുണ്ടാവാം.. അല്ലെങ്കിൽ ഇവിടെ...  ഈ വാണിയമ്പലത്തെ ഏതെങ്കിലും ഒരു മന്ദിരത്തിൻമച്ചിലൊ ചർച്ചിനുച്ചിയിലൊ പള്ളിമിനാരങ്ങളിലൊ ഇരുന്ന് എന്നെ ചൂണ്ടി, മറ്റുള്ളവക്ക് ഇങ്ങനെ പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ടാവാം

"ദാ അങ്ങോട്ടു നോക്കൂ ഉള്ളതിൽ സന്തോഷിച്ച്, നമ്മെപ്പോലെതന്നെ ജാതിനോക്കാതെ നാട്ടാരെയൊക്കെയും മനുഷ്യരായിമാത്രം കാണുന്ന; വലിയ വീടും കാറും എസ്റ്റേറ്റും ഒന്നും ഇല്ലെങ്കിലും, കുടുംബം കൊണ്ടും, ഭാര്യ-മക്കളെകൊണ്ടും സന്തോഷിച്ച്, ജീവിതലക്ഷ്യപൂർത്തീകരണത്തിലെ വിജയിയായ ഒരാളാണാ പോകുന്നത്!... "

അബ്ദുൽ ബഷീർ
വാണിയമ്പലം.

8 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

കുറെ കാലത്തിന് ശേഷം രമേഷ് അരൂർ പറഞ്ഞു. അതനുസരിച്ചു. ഇനി ഇടക്ക് എന്തെങ്കിലും.....

OAB/ഒഎബി പറഞ്ഞു...

കുറെ കാലത്തിന് ശേഷം രമേഷ് അരൂർ പറഞ്ഞു. അതനുസരിച്ചു. ഇനി ഇടക്ക് എന്തെങ്കിലും.....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

'എന്റെ കയ്യിനാൽ മൂലക്കല്ല് സ്ഥാപിച്ച (അധികം ആരും സമ്മതിക്കില്ലെങ്കിലും)
ഒരു ഫാക്ടറിയുടെ അന്ത്യംകാണാൻ നില്ക്കാതെ, വെറുംകൈയോടെ ഞാനെന്ന തൊഴിലാളി
നാട്ടിൽവന്ന്, പിന്നെ തിരിച്ചുപോയില്ല.

ഇന്നിപ്പോൾ എന്റെ പൂച്ചകളൊക്കെ അവിടം വിട്ടുകാണും എന്റെ പച്ചക്കറിത്തോട്ടങ്ങളൊക്കെ
ഉണങ്ങിക്കരിഞ്ഞ് പോയിക്കാണും.കോഴി, താറാവ്, കാടയെയുമൊക്കെ അവിടെയുള്ളവർ അറുത്തുതിന്നുകാണും.

അകലെനിന്ന് വെള്ളംകുടിക്കാൻ വന്നിരുന്ന പക്ഷികൾ ഒരുപക്ഷേ ആരൊ എറിഞ്ഞുകൊടുത്ത
ഗോതമ്പുമണികൾ കൊത്തിത്തിന്ന്, മക്കത്തെ പള്ളിക്ക്മുകളിൽ വട്ടമിട്ടുപറക്കുന്നുണ്ടാവാം.. അല്ലെങ്കിൽ ഇവിടെ...
ഈ വാണിയമ്പലത്തെ ഏതെങ്കിലും ഒരു മന്ദിരത്തിൻമച്ചിലൊ ചർച്ചിനുച്ചിയിലൊ പള്ളിമിനാരങ്ങളിലൊ ഇരുന്ന്
എന്നെ ചൂണ്ടി, മറ്റുള്ളവക്ക് ഇങ്ങനെ പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ടാവാം

"ദാ അങ്ങോട്ടു നോക്കൂ ഉള്ളതിൽ സന്തോഷിച്ച്, നമ്മെപ്പോലെതന്നെ ജാതിനോക്കാതെ നാട്ടാരെയൊക്കെയും
മനുഷ്യരായിമാത്രം കാണുന്ന; വലിയ വീടും കാറും എസ്റ്റേറ്റും ഒന്നും ഇല്ലെങ്കിലും, കുടുംബം കൊണ്ടും, ഭാര്യ-മക്കളെ
കൊണ്ടും സന്തോഷിച്ച്, ജീവിതലക്ഷ്യപൂർത്തീകരണത്തിലെ വിജയിയായ ഒരാളാണാ പോകുന്നത്!... "

അതാണ് മുൻ പ്രവാസിയായിരുന്ന നമ്മുടെ സ്വന്തം സോപ്പുചീപ്പ്കാണ്ണാടി കടയുടമ സാക്ഷാൽ അബ്ദുൾ ബഷീർ ഭായ്..!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ബഷീര്‍ക്കാ...ബ്ലോഗ് ചലഞ്ച് കീ ജയ്!

OAB/ഒഎബി പറഞ്ഞു...

നന്ദി ഭായ്. മറുപടി കമന്റിടാൻ ഒരു ചളിപ്പ് . കുറെ കാലമായതല്ലെ. അതായിരിക്കാം. ഏതായാലും സന്തോഷം

OAB/ഒഎബി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
OAB/ഒഎബി പറഞ്ഞു...

അതെന്നെ കീ ജയ്

മഹേഷ് മേനോൻ പറഞ്ഞു...

' മുദീർ ' വരുന്നസമയം നന്നായിജോലിചെയ്യുക. അവനെ പൊക്കിപ്പറയുക / ബഹുമാനിക്കുക. എങ്കിൽ നീ രക്ഷപ്പെടും..."

അതിനിപ്പോ ഏതു നാട്ടിലെ ഏതു കമ്പനിയിലായാലും വലിയ മാറ്റമൊന്നുമില്ലല്ലോ :-)

ബ്ലോഗ് ചലഞ്ചിന്റെ കാലമല്ലേ, പരമാവധി ബ്ലോഗുകളിൽ എത്തണം എന്ന വാശിയോടെ തപ്പിയപ്പോളാണ് ഈ ബ്ലോഗ് കിട്ടിയത്. ഫോളോ ചെയ്തിട്ടുണ്ട്.. വഴിയേ പഴയ പോസ്റ്റുകളും വായിക്കുന്നുണ്ട്. ദയവായി തുടർച്ചയായി എഴുതുക... ആശംസകൾ :-)

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില