സൂര്യൻ വളരെയധികം പടിഞ്ഞാറ് താഴ്ന്നിരുന്നു. സമയമായെന്ന് കാര്യസ്തൻ പറഞ്ഞപ്പോൾ എല്ലാവരും പണി മതിയാക്കി. അയാളുടെ കയ്യിൽ മാത്രമുള്ള വാച്ച് ഒരു മണിക്കൂർ പിന്നോട്ടാണെന്ന് എല്ലാവര്ക്കും അറിയാം. അത് വിളിച്ച് പറയാൻ ആർക്കെങ്കിലും തോന്നിയാൽ അവനപ്പോൾ മലയിറങ്ങാം!
കൂട്ട് പുരയിലെത്തി ചളുങ്ങിയതെങ്കിലും വലിയ അലുമിനിയ പാത്രം തന്നെ കിട്ടാനായി പണിക്കാർ തിരക്ക് കൂട്ടി. അത് അടുത്ത കാട്ട് ചോലയിൽ നിന്നും വെള്ളം കോരി തലയിലൊഴിക്കാനെന്ന് പേര്! എന്നാൽ ഉദ്ദേശം; കുളി കഴിഞ്ഞ് വന്നാലുടനെ വിളമ്പുന്ന ചോറിനും, ഉടപ്പറപ്പ് കറി(ചെറുള്ളി നാലഞ്ചെണ്ണം ചെറുതായി അരിഞ്ഞ് ഒരു സ്പൂൺ എണ്ണയും ചേർത്ത് ആറേഴ് പച്ചമുളകും മുറിച്ചിട്ട് , ചോറ് ഊറ്റിയതിന്റെ ബാക്കിയുള്ള വെള്ളം ഒഴിച്ച് ശ്ചീ...എന്ന ശബ്ദം നിന്നാലുടനെ ഉപ്പും ചേർത്താൽ ഉടപ്പിറപ്പ് കറി പാകമായെന്ന് മനസ്സിലാക്കാം)ക്കും അതേ പാത്രമാണ് കാണിച്ച് കൊടുക്കുക എന്നതാണ്.
ചോറ് വിളമ്പുമ്പോൾ ‘പോവും..പോവും‘ എന്ന് പറയും. അതിനുമുണ്ട് രണ്ടറ്ത്ഥം. ഒന്ന്:- അധികം വിളമ്പിയാൽ പാത്രത്തിന് പുറത്ത് പോവും. രണ്ട്:-എത്ര വിളമ്പിയാലും ഞാൻ തിന്നോളാം.
കാട്ടു മൃഗങ്ങളിൽ നിന്നും താൽക്കാലിക രക്ഷക്കായി മൂന്ന് ഭാഗം ചരിവും മുൻ ഭാഗം നിരപ്പുമായ സ്ഥലം തിരഞ്ഞെടുത്താണ് കൂട്ടു പുര നിർമ്മിച്ചിട്ടുള്ളത്. ശാപ്പാട് കഴിഞ്ഞ് മുൻഭാഗത്ത് ഉണക്ക മരം കൂട്ടിയിട്ട് തീയിട്ടു. ചിലർ അതിൽ നിന്നും തീ പകർന്ന് ഓരോ ബീഡി കൂടി കത്തിച്ച് വലിച്ച് റാഹത്തായ ശേഷം ചാക്ക് വിരിച്ച് ഉറങ്ങാൻ കിടന്നു. ചെറിയ ഒരു ചാറ്റൽ മഴ തണുപ്പിനെ ഒന്നും കൂടെ തണുപ്പിച്ചു. ചിലർ ഉടുമുണ്ട് അഴിച്ച് പുതച്ചപ്പോൾ മറ്റുള്ളവർ ചാക്കിനെ ആശ്രയിച്ചു.
“.......മക്കളൊക്കെ എന്തായിരിക്കാം കഴിച്ചിട്ടുണ്ടാവുക...മൂസാക്ക പലചരക്ക് സാധനങ്ങൾ കൊടുത്തിട്ടുണ്ടാവും. ഈ പണി കഴിഞ്ഞ് നാട്ടിലെത്തിയാൽ അയാളുടെ കടം വീട്ടണം. സ്കൂൾ തുറക്കുമ്പോഴേക്കും കുട്ടികൾക്ക് ഉടുപ്പും പുസ്ഥകങ്ങളും വാങ്ങണം. ---ക്ക് ഒരു ലുങ്കിയും ബ്ലൌസും വാങ്ങിക്കണം...........”പലരും ഇങ്ങനെയുള്ള ചിന്തകളുമായി കിടക്കവെ എന്റെ ചിന്ത മറ്റൊന്നായിരുന്നു.
കൂലി കിട്ടിയാൽ ഒരാഴ്ചത്തെ റേഷൻ വാങ്ങാൻ ഉമ്മാടെ കയ്യിൽ കാശ് കൊടുക്കണം. ബാക്കി പൈസയും കൊണ്ട് നെലമ്പൂര് പോയി രണ്ട് റിലീസ് പടം കാണണം. പിന്നെ ഇന്ത്യനോട്ടലിൽ കേറി മട്ടൺ ചാപ്സും പൊറാട്ടയും കഴിച്ച്........വായിൽ പൊടിഞ്ഞ് പുറത്തേക്കൊലിച്ച ഉമിനീർ തുടച്ച് ഞാൻ ശബ്ദമില്ലാതെ ചിരിച്ചു.
എപ്പഴോ അടക്കിപ്പിടിച്ച സംസാരം കേട്ടുണർന്ന് ശ്രദ്ധിച്ചു. ങേ.. ആന പുറത്ത് വന്ന് നില്പുണ്ട് പോലും! “ശരിയാ ചെവിയാട്ടുന്ന ഒച്ച കേൾക്കാം...അത് തന്നെ...ആന തന്നെ” എല്ലാവരും ഉറപ്പിച്ചു!
മഴയിൽ തീയണഞ്ഞതിനാലാവാം ഒറ്റക്കൊമ്പൻ വന്നത്. അന്ന് പകലിലും തൊട്ടടുത്ത കുന്നിൻ ചരുവിൽ ആനകൾ മേയുന്നത് കണ്ടിരുന്നു. മറ്റ് കൂപ്പിലുള്ള ഒന്ന് രണ്ടാളുകളെ പിച്ചിച്ചീന്തിയതായ വാർത്ത നാട്ടിൽ നിന്നും പോരുന്നതിന് മുമ്പേ കേട്ടിരുന്നു. അത് പോലെ ഞങ്ങളെയും..ഈ കൂട്ടുപുരയടക്കം എടുത്തെറിഞ്ഞ്.....
പേടിച്ച് വിറച്ച് ഓരോരുത്തരും ശ്വാസം വിടാതെ അവനവന്റെ ജാതിയിൽ പെട്ട പ്രാർത്തനകൾ മനസ്സിൽ ചൊല്ലി. നിമിഷങ്ങൾ കഴിഞ്ഞിട്ടും ചെവിയാട്ടൽ ശബ്ദം മാറ്റമില്ലാതെ തുടർന്നു.
ഏതായാലും മരണം മുന്നിൽ വന്ന് നിൽക്കുന്നു. എന്നാൽ പിന്നെ ചാകുന്നതിന് മുമ്പെ കൊല്ലുന്നവനെയൊന്ന് നേരിൽ കണ്ട് ഒരു സലാം പറയാം എന്ന് കരുതിയാണെന്ന് തോന്നുന്നു ആരോ അഞ്ചുകട്ട ടോർച്ചടുത്ത് പുറത്തേക്ക് അടിച്ചത്. കത്തുന്ന പ്രകാശത്തിൽ കണ്ട കാഴ്ച???
ആനയതാ കൂട്ട് പുരക്ക് മുമ്പിൽ! ഇനിയെന്ത് ചെയ്യും? കാറ്റ് കൂറ്റിൽ കൂടിയാലോചനകൾ നടക്കവേ കൂട്ടത്തിൽ നിന്നും ആലി ശബ്ദമുയർത്തി പറഞ്ഞു “നിങ്ങളാ ടോർച്ച് ഒന്നുംകൂടെ തെളിച്ചേ...”
“ഹേയ്..വേണ്ട വെളിച്ചം കണ്ടാൽ പിന്നെ അവൻ...” നിങ്ങളതിങ്ങ് താ..എന്നും പറഞ്ഞ് ആലി ടോർച്ച് പിടിച്ച് വാങ്ങി പുറത്തേക്ക് നീട്ടിയടിച്ചു.
‘ചെങ്ങായ്മാരെ അത് ഞമ്മളെ പാറയല്ലെ’ ശരിയാ. ഹാവൂ....പിടിച്ചു വച്ച ശ്വാസം ഓരോരുത്തരും പുറ്ത്തേക്ക് തള്ളി .
രണ്ട് ദിവസമേ ആയിട്ടുള്ളു ഈ സ്ഥലത്ത് പണി തുടങ്ങിയിട്ട്. ആനയെന്ന് കേട്ട ഭയത്തിനിടയിൽ മുന്നിലുള്ള പാറയെക്കുറിച്ച് ഓർക്കാൻ സമയമെവിടെ.
“അപ്പൊ പിന്നെ ആ ശബ്ദമൊ?” അത് കേട്ട്, വിട്ട ശ്വാസം തിരിച്ച് വലിക്കാൻ പോലും മറന്ന് എല്ലാരും ഒന്നിച്ച് ഞെട്ടി.
അല്പ സമയം കഴിഞ്ഞ് ഇരുമ്പൻ മൊയ്തീൻ ടോർച്ചുമെടുത്ത് പുറത്തിറങ്ങി. അത് കണ്ട് ശ്വാസം വലിക്കണൊ വിടണൊ എന്നറിയാതെ കൂട്ടർ ചെവി കൂർപ്പിച്ചു.
".............???"
“ഹാഹ ഹാ...പോയത്തക്കാർ.. തേക്കിന്റെല!”
“തേക്കിന്റെലയോ????”ഒറ്റ ശ്വാസം.
എന്നലതൊന്ന് കണ്ടിട്ട് തന്നെ കാര്യം. അഴിഞ്ഞ മുണ്ടെടുത്ത് പുരുഷാരം പുറത്തിറങ്ങി.
നാട്ടിൽ നിന്നും പോരുമ്പോൾ ഉണക്ക മീൻ പൊതിഞ്ഞ് കൊണ്ട് വന്ന തേക്കിൻ ഇലയിന്മേൽ, കൂട്ട് പുരപ്പുറത്തു നിന്നും വെള്ളത്തുള്ളികൾ ഉറ്റ് വീഴുമ്പോൾ എങ്ങിനെ ആന ചെവിയാട്ടുന്ന ശബ്ദമുണ്ടാകുന്നുവെന്ന തന്റെ കണ്ട് പിടുത്തം, ശാസ്ത്രമേള കൌണ്ടറിലെ സ്കൂൾ കുട്ടിയെ പോൽ ഇരുമ്പൻ ഞങ്ങൾക്ക് വിവരിച്ചു തന്നു.
പിന്നെ കൂട്ടർ ബഡായികളുടെ കെട്ടഴിക്കാൻ തുടങ്ങി.അതൊരു ലിങ്കായി തുടരവേ ..വീണ്ടും ഓരോരുത്തരായി പുതയിട്ടു.
“ബസിയേ..നീ ഒറങ്ങിയോ?”
വാതിലിനരികിൽ കിടന്നിരുന്ന ശിവന്റെ വിളി കേട്ട് നിദ്രാലസ്യത്തിൽ, ബ്ലാക്ക് ബൽറ്റ് മണി സിനിമയിലെ കുതിരപ്പുറത്ത് പോകുകയായിരുന്ന ഞാൻ ചാടിയിറങ്ങി.
“ഇല്ലാ...എന്തേ ശിവാ?’
“എനിക്ക് പേടിയാവുന്നു”
“ഞങ്ങളൊക്കെയില്ലേ.. പിന്നെയെന്തിനാ...?”
“അതല്ല..അഥവാ ആന വന്നാ...ന്നെല്ലേ ആദ്യം പിടിക്ക്യാ...അതോണ്ട്...”
“...........”
“അതോണ്ട്...ഞാൻ നിന്റെ അടുത്ത് വന്ന് കിടക്കാം”
ഉറക്കമുണർന്നവർ അത് കേട്ട് ചിരിച്ചു. ശിവൻ എന്റെ അടുത്ത് വന്ന് കിടന്ന ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു.“നമ്മക്ക് ഈ പണി വേണ്ട..നന്ന രാവിലെ മ്മക്ക് പോവാം”
“എന്തെ ശിവാ..ഇങ്ങനെ പേടിച്ചാലൊ?”
“അതേയ് ഞാൻ നാളെ പറയാം”
അവൻ കാറ്റ് കൊണ്ട് സംസാരിച്ചു.
രാവിലെ കാലി കട്ടൻ ചായ മധുരമിടാതെ തരുന്നതിനൊപ്പം കിട്ടുന്ന വെല്ലശർക്കര ഊമ്പി തിന്ന്, ശിവന്റെ നിർബന്ധത്തിന് വഴങ്ങി മലയിറങ്ങി.
വഴിക്ക് വച്ച് ഞാൻ ചോദിക്കാതെ തന്നെ അവൻ പറഞ്ഞ് തുടങ്ങി.
“അതേയ്....എനിക്കത്ര പേട്യൊന്നുല്ല്യാ ട്ടൊ”
“ങും..പിന്നെ എന്തേ ഇന്നലെ അന്തിക്ക്...?”
“അത് പിന്നെ...മ്മടെ ആ കാക്കയില്ലെ... ആ കാര്യേസൻ”
“....ങാ അയാള്‍?”
“അയാള്‍... ഞാൻ കെടന്നപ്പൊ തൊടങ്ങ്യേതാ ന്നെ തോണ്ടലും തലോടലും. ഞാൻ കൊറേ സഹിച്ചു. പിന്നെ രക്ഷ്യല്ലാന്ന് വന്നപ്പോ...അങ്ങനെ ഒരു നൊണ പറഞ്ഞേ...അല്ലാതെ...”
അത് കേട്ട് ഞാൻ ചിരിച്ചു. എന്റെ ചിരിയിൽ അവനും പങ്ക് ചേർന്നപ്പോൾ അതൊരു പൊട്ടിച്ചിരിയായി മാറി. അത് കേട്ട് മരക്കൊമ്പിലിരുന്ന മൊച്ചക്കുരങ്ങുകൾ കാര്യമറിയാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി.
ഒരു പെരുമഴക്കുള്ള ഒരുക്കത്തിൽ, ഇല മേലാപ്പിനിടയിൽ നിന്നും അങ്ങിങ്ങായി ചിതറിത്തെറിച്ച വെയിൽ പൊട്ടുകളും ഇല്ലാതായി. മഴ പെയ്താൽ പുഴയിൽ കുത്തിയൊലിച്ച് വരുന്ന വെള്ളം കുറയുന്നത് വരെ കാത്ത് നിൽക്കേണ്ടി വരും അക്കരെയെത്താന്‍.
നാലഞ്ച് മണിക്കൂർ നടന്ന് മലയിറങ്ങി നാട്ട് പാതയിലെത്തിയാൽ മൂത്തുമ്മാന്റെ വീടായി. അവർ കഞ്ഞികുടി തുടങ്ങും മുമ്പേ അവിടെ എത്തിപ്പെട്ടാലെ കാലി വയറിലേക്കെന്തെങ്കിലും ചെല്ലൂ. അവിടന്ന് നാട്ടിലെത്താൻ ബസ്സിനുള്ള പൈസ മൂത്തുമ്മ തരുമായിരിക്കും. എന്നിങ്ങനെ ചിന്തിച്ച്, ആവി പറക്കുന്ന ആന പിണ്ഡത്തെ വക വെക്കാതെ ഞങ്ങൾ നടത്തത്തിന് വേഗത കൂട്ടി.
25 അഭിപ്രായങ്ങൾ:
ഏതായാലും മരണം മുന്നിൽ വന്ന് നിൽക്കുന്നു. എന്നാൽ പിന്നെ ചാകുന്നതിന് മുമ്പെ കൊല്ലുന്നവനെയൊന്ന് നേരിൽ കണ്ട് ഒരു സലാം പറയാം എന്ന് കരുതിയാണെന്ന് തോന്നുന്നു ആരോ അഞ്ചുകട്ട ടോർച്ചടുത്ത് പുറത്തേക്ക് അടിച്ചത്. കത്തുന്ന പ്രകാശത്തിൽ കണ്ട കാഴ്ച???
കാട്ടില്‍ അവരുടെ കൂടെ കഴിഞ്ഞ പോലെ ഒരു തോന്നല്‍
പോസ്റ്റ് മനോഹരമായിരിക്കുന്നു !
എന്തെല്ലാം അനുഭവങ്ങളാണ് മാഷേ...
വളരെ വളരെ നന്നായിരിക്കുന്നു.
ആകാംക്ഷയോടെ വായിച്ചുതീര്‍ത്തു. നന്നായിരിക്കുന്നു. :-)
ramaNiga- ആദ്യം എത്തി മനോഹരമായെന്ന് പറഞ്ഞതിന് ശുക്രൻ.
ശ്രീ- അതെ ശ്രീ അതാണ് ഞാൻ മുമ്പ് പറഞ്ഞത്. ഇനിയും എത്രയോ ഇതു പോലെ ഇരിക്കുന്നു...
കുമാരൻ- വളരെ നന്ദി കുമാരാാ
ബിന്ദു ഉണ്ണി- ഒരനുഭവം അതിന്റെ രീതിയിൽ പറഞ്ഞെന്നെയുള്ളു.
പറഞ്ഞവർക്ക് എല്ലവർക്കും നന്ദിയുണ്ട്.
Aana kitannitatthu poota polumilla..ketto..
kollaam !
1
ശ്ശോ! തീർന്നു പോയ്!! വായിച്ചു വന്നപ്പോൾ കഥയിനിയും ഒരുപാട് പറയാൻ ബാക്കി എന്നൊരു തോന്നൽ. ഇഷ്ടമായി കെട്ടോ പോസ്റ്റ്. നന്നായി പറഞ്ഞിരിക്കുന്നു
ഒന്നു വിറച്ചുപോയീട്ടാ..പിന്നെ ഉടപറപ്പ് കറിയും ഇഷ്ടപെട്ടു.(ഉഡായിപ്പല്ലല്ലോ)
ബിലാത്തി പട്ടണം- ഊണ്ടാവില്ല..ഉണ്ടായാൽ കഥയില്ലല്ലൊ പിന്നെ
ലക്ഷ്മി- ഇപ്പൊ ഇത്രേ ഒള്ളു.ഒരു പാട് പിന്നെ എഴുതാം..സമയം കിട്ടണ്ടെ കുട്ട്യേ...
താരകൻ- സത്യത്തിൽ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. അത് കൊണ്ടും കൂടിയാണ് അവിടന്ന് സ്ഥലം കാലിയാക്കിയത്.
അല്ല. ഉടപ്പിറപ്പ് തന്നെ. അതായത് ചോറിന്റെ കൂടെ പിറന്നത് എന്നർത്ഥം.
എല്ലാവർക്കും നന്ദിയോടെ ഒഎബി.
ബഷീറേ, ഇങ്ങളൊരു ഒന്നൊന്നര സംഭവമാണല്ലോ..!
അനുഭവങ്ങളുടെ വല്യ ഭാണ്ഡമുണ്ടല്ലോ മനസ്സിൽ..
സത്യത്തിൽ ഞാൻ അന വന്നു എന്നും പിന്നെ നിങ്ങൾ ഭാവി ബ്ലോഗർ ആവാനുള്ള ആളാണെന്ന് പറഞ്ഞ് രക്ഷപ്പെട്ടതാണെന്നും കരുതി..
നന്നായി അവതരിപ്പിച്ചിരിക്കുന്നു.
OT: പുതിയ ബ്ലോഗ് ബസ്റ്റോറി യിൽ പോസ്റ്റുകൾ വരുമ്പോൾ അറിയിക്കണേ
ishtaayi
വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു..സത്യത്തില്‍ ആ കൂരിരുട്ടും കൂപ്പിലെ ജീവിതവും ഒക്കെ കണ്മുന്പില് കണ്ടത് പോലെ..
ithu pole oru padu abathangal cheruppathil pattiyittundu..mazha thornna rathriyil vazhayila kandu oru pennanennu thettidharichathadakkam orupadu
നന്നായിരിക്കുന്നു;
ആശം സകൾ
ബഷീര്‍ വെള്ളറക്കാട്- അങ്ങനെ ഇന്ന് വരെ തോന്നിയിട്ടില്ല.
അപ്പറഞ്ഞത് സത്യം. അത് കുറച്ചെങ്കിലും ഇവിടെ ഇറക്കി വക്കണം. അപ്പോഴേക്കും ഇതും മടുക്കും/നിർത്തും.
ബസ്സ്സ്റ്റോറിയിൽ എഴുതിയിട്ട് പുറം ലോകം കാണുന്നില്ല. ഒന്നും കൂടെ ശ്രമിക്കട്ടെ. അതും ഒരു പാടുണ്ട് എഴുതാൻ. സമയം കിട്ടണ്ടേ എന്റെ മാഷേ..
the man to walk with- താങ്ക്യു സാർ..
raadha- അപ്പൊ എന്റെ ലക്ഷ്യം വിജയിച്ചു എന്നർത്ഥം. നന്ദി പെങ്ങളേ...
ഗൗരിനാഥന്‍- ശരിയാ അങ്ങനെ ഒരനുഭവം വീട്ടിലുണ്ടായി.അനുജന്റെ പുതുപെണ്ണ് കിണറ്റിൻ കരയിലെ ആളെ കണ്ട് പേടിച്ച് കരഞ്ഞപ്പോൾ ഞാൻ വെട്ടുകത്തിയുമായി എടൂത്തു ചാടി. വാഴയിലയെന്നറിഞ്ഞ് പുതുപെണ്ണ് ചമ്മിയത് ഇന്നും പറഞ്ഞ് ചിരിക്കും.നന്ദി..
വയനാടന്‍- ആയെന്ന് പറഞ്ഞതിൽ സന്തോഷം.
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയട്ടെ.
നല്ല എഴുത്ത്. സത്യത്തിൽ ആനയാണെന്ന് തോന്നിയപ്പോഴും അല്ലെന്ന് മനസ്സിലായപ്പോഴുമുള്ള അവസ്ഥ ഞാൻ ശരിക്കും അനുഭവിച്ചു.
മാഷേ, ഒരാനക്കാര്യം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ശരിക്കും ഓരോ രംഗവും മുന്നിൽ കാണുന്നത് പോലെ തോന്നി. ആ തേക്കിന്റിലയിൽ വെള്ളത്തുള്ളികൾ വീണ് ആന ചെവിയാട്ടുന്നത് പോലെ ശബ്ദം ഉണ്ടാക്കിയതും, ഉടപ്പറപ്പ് കറിയും [എന്റെ സ്തിരം കറിയാ] ഒക്കെ മനസ്സിൽ തങ്ങി നിൽക്കുന്നു.
നല്ല കുത്തരിച്ചോറും ഉടപ്പറപ്പ് കറിയും നല്ല നെയ്യുള്ള മത്തി പൊരിച്ചതും തേങ്ങയും, പുളിമാങ്ങയും ഇട്ട് വെച്ച ചമ്മന്തിയും കൂടി ഉണ്ടായാൽ പിന്നെ ഏത് ചൈനീസും, കോണ്ടിനെന്റലും മറ്റോനും മർച്ചോനും ഒക്കെ മാറി നിൽക്കില്ലേ.. ഹാവൂ നാവിൽ വെള്ളം....
ശ്വാസം അടക്കിപിടിച്ചു വായിച്ചു.. മനോഹരമായ ഈ എഴുത്തും ഒരാനക്കാര്യം പോലെ തോന്നി..ഒത്തിരി ഇഷ്ടായ്...തുടരുക...ആശംസകൾ
:) ആനേക്കാളും പേടി :)
നല്ല ഒഴുക്കുള്ള എഴുത്ത്...അഭിനന്ദനങ്ങള്‍...
എഴുത്ത് തുടരുക....
Rasleena- അപ്പൊ കാശ് ചിലവാകാതെ ഒന്ന് പേടിച്ചൂന്ന് അല്ലെ:)
നരിക്കുന്നൻ-അതാണനുഭവം. അതൊക്കെ നിങ്ങൾക്കുണ്ടായിരിക്കാൻ സാധ്യതയില്ല. കാരണം ആ പ്രായത്തിലൊക്കെ നിങ്ങൾ സ്കൂൾ കോളേജ് എന്ന് പറഞ്ഞ് നടന്നു :):)
പിന്നെ ചോറിന്റെ ഒപ്പമെഴുതിയ കൂട്ടുകൾ എന്റെ വായിലാണ് വെള്ളമൂറിപ്പിച്ചത്. പടച്ചോനാണെ നേര്.കാരണം ഞാൻ അതൊക്കെയും ഇഷ്ടപ്പെടുന്ന കൂട്ടത്തിലാ...
ഇതാ ഫ്രീസറിൽ കിടക്കുന്നു പച്ചമാങ്ങ കഷ്ണങ്ങളും പിന്നെ അച്ചാറും ഉണക്ക മാങ്ങാത്തോലും.
വരവൂരാൻ- മനോഹരമെന്ന് പറഞ്ഞതിന് നന്ദി.
Kichu $ Chinnu | കിച്ചു $ ചിന്നു- ശിവനല്ലെ?എനിക്കുണ്ടായിരുന്നില്ലല്ലൊ...:):)
ചാണക്യന്- നന്ദി സർ, തീർച്ചയായും.
എല്ലാവർക്കും ഈ എളിയവന്റെ അഭിനന്ദനങ്ങളോടൊപ്പം നന്ദി ഒരിക്കൽ കൂടി.
AzeezfromCalgary
ബഷീറേ ആനക്കാര്യം വായിച്ചു.
ഒരു ടെലിഫിലിം ശ്വാസം അടക്കിപ്പിടിച്ചു കണ്ടപോലുണ്ടു .
നല്ല ആശ്വാസം വായിക്കുമ്പോള്‍ .
പിന്നെ ആ കറി എനിക്ക് പിടികിട്ടിയില്ല. ഞാന്‍ തെക്കനായത് കൊണ്ടാവും, കേട്ടിട്ടില്ല. അതിന്റെ ചേരുവകളൊക്കെ അറിയാം.
അടുത്ത പോസ്റ്റിനുവേണ്ടി കാത്തിരിക്കുന്നു
കൂപ്പും,കരുളായിയിമൊക്കെ കണ്ണിൽ
കണ്ടു പൊന്നാര ഒ എബി..!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ