2009, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

മച്ചി {ചെറു കഥ}

ഹെൽത്ത് വാണിങ്ങ്: റീഡിങ് ഇസ് മെയിൻ കേസ് ഫോർ.... കഥ വളിപ്പ്‌ തമാശയില്ലാതെ, പോലെ കള്‍ ഇല്ലാതെ വായിക്കാനുള്ള മൂഡ് ഉള്ളവർ മാത്രം ഈ അതിർത്തി ലംഘിച്ചാൽ മതി.
=====================================


കുഞ്ഞുമോൻ
ഉമ്മയുടെ കൂടെ ബസ്സിറങ്ങി ഒരു മൈലെങ്കിലും നടന്ന് കാണും. കോളാമ്പിയിൽ കൂടി അതു വരെ കേട്ടിരുന്ന പാട്ടുകൾ നിന്നതൊ നിർത്തിയതൊ എന്നതായിരുന്നുന്റെ അവന്റെ ചിന്ത.
കുഞ്ഞുമോന് പാട്ട് വളരെ ഇഷ്ടമാണ്. മുസ്ലിം വീടുകളിൽ അധികവും മാപ്പിളപ്പാട്ടായിരിക്കും. ഹിന്ദുക്കളുടെ കല്ല്യാണത്തിന് സിനിമാപാട്ടും. അത് രണ്ട് മൂന്ന് ദിവസവും ഉണ്ടാവുകയും ചെയ്യും.

“ഓനോട് ഞാനാദ്യമേ ഒലത്ത്യേതാ....ദൂരേക്ക് പാട്ട് കേക്കൂലാ ആ ഫീക്കർ പ്ലാകിന്റെ* മോളിലെ കൊമ്പിൽ കെട്ട്...കെട്ട്ന്ന്; മൻസന്റെ കുട്ട്യാണെങ്കി ഓൻ കേക്കണ്ടെ?”
പന്തലിലേക്ക് കേറിയപ്പോൾ പാട്ട് നിന്നതിന്റെ കാരണം മനസ്സിലായി. സ്പീക്കർ കെട്ടിയത് ഉയരം പോരെന്ന് മൂത്താപ്പ ജദബ് എളകുന്നു. വയസ്സ് കുറേ ആയതാ. എന്നാലും മൂത്താപ്പയെ എല്ലാർക്കും പേടിയാ. അബ്ദു എളാപ്പ മൂത്താപ്പ പറഞ്ഞ് കൊടുത്ത കൊമ്പിൽ സ്പീക്കർ ഉയർത്തി കെട്ടി.

അബ്ദു എളാപ്പ മൂത്താപ്പാന്റെ മൂത്ത മോനാ. ആ എളാപ്പാന്റെ മോളെ കല്ല്യാണമാ ഇന്ന്.
“ഇതെന്താ ഒരാള് വന്നപ്പൊ തന്നെ പെട്ടിപ്പാട്ടിന്റൊപ്പം കൂടിയൊ? വാ..വാ മൂത്തമ്മ നിന്നെ വിളിക്കണു” പരിചിത ശബ്ദം കേട്ട് അവൻ തിരിഞ്ഞതും സഫിയാത്ത അവനെ പൂണ്ടടക്കം പിടിച്ചു. നെഞ്ച് നന്നായമർന്നെങ്കിലും അവന് വേദനിച്ചില്ല? വാതിൽക്കൽ അവനെ തന്നെ നോക്കി നിന്നിരുന്ന മൂത്തമ്മയും അവനെ കെട്ടിപ്പിടിച്ചുമ്മ വച്ചു കൊണ്ട് പറഞ്ഞു
“ഹായ് എന്താ സുജായിന്റെ ഒരു പൌറ്; പുത്യേ ചെരിപ്പും വാച്ചും..”
“ചെക്കനിന്ന് കള്ളത്തരം കാട്ടി അല്ലെ? അല്ല എളേമാ...ഇവനെ സ്കൂളിൽ പറഞ്ഞയകാതെ...?
“ഇല്ല സഫിയ..ഇന്നൊരീസം പറഞ്ഞയച്ചീല. കല്ല്യാണല്ലെ”
“ങാഹാ അതൊന്നും പറ്റൂല. ആദ്യം സ്കൂൾ പിന്നെയാ കല്ല്യാണോം കാനോത്തും. അല്ലേടാ കട്ഞ്ഞ്യേ” കുഞ്ഞുമോൻ തലയാട്ടി കൊണ്ട് പറഞ്ഞു “എനിക്കും അതു തന്നെയാ ഇഷ്ടം അതിന് ഈ ഉമ്മ സമ്മതിക്കണ്ടെ”
“അല്ല സഫിയാ..എന്താപ്പൊ അന്റെ കാര്യം. ഓൻ വരാരില്ലെ?ഉമ്മ.
“അയിന് മാത്രം ഇപ്പൊ എന്തേ ണ്ടായീ...ഓളെ അൻസത്തിന്റെ മാപ്പള വന്നപ്പൊ കോയീനെ അറുത്ത് നെയ്ച്ചോറ് വച്ചു. ഓൻ വന്നപ്പൊ സാധാ ചോറ് വച്ച് മുരിങ്ങാകറി കൊടുത്ത്. ഇങ്ങനെ ഒക്കെയല്ലൊ ഓൻ പറഞ്ഞോണ്ട് നടക്ക്ണെ” മറുപടി മൂത്തമ്മയാണ് പറഞ്ഞത്.
“അതൊന്നുമല്ല എളേമ്മെ..മൂപ്പർക്ക് ഇപ്പൊ ന്നെ ശർത്ത് പോര. ഞാൻ വേറെ ആളെ ഒപ്പാന്നും പറഞ്ഞ് വലിച്ചിട്ട് എന്നും അടിയാ...ഇനിക്ക് മടുത്തു” സഫിയാത്ത കണ്ണ് തിരുമ്മി.
“അയ്ന്പ്പൊ ജ്ജ് ഇനി....ങാ തേടിപ്പോകാനുള്ളോര് ഇപ്പൊ ഇങ്ങെത്തും. ജ്ജ് ആ തേങ്ങട്ത്ത് അരക്കാൻ നോക്ക്” മൂത്തമ്മ വിഷയയം മാറ്റി.
സഫിയാത്ത തേങ്ങയെടുക്കാൻ പോയപ്പോൾ മൂത്തമ്മ സ്വകാര്യം പറഞ്ഞു.“അനക്കറീലെ കാര്യം; ഓല് പെറൂല! ആറേഴ് കൊല്ലായിലെ കെട്ടിച്ചിട്ട്. ഈ റജബ് മാസം വന്നാല് ഓക്ക് വയസ്സ് ഇരുപതാ..ഓള് മച്ചിയാ.... മച്ചി!!
സഫിയ തേങ്ങയുടച്ച് അതിന്റെ വെള്ളം അവന് കൊടുത്തു. ദാഹിച്ചിരുന്നതിനാൽ അവനതൊറ്റ വലിക്ക് കുടിച്ചു. അത് കണ്ട് മൂത്തമ്മ പറഞ്ഞു“അള്ളാ...വർത്താനത്തിന്റെടക്ക് ന്റെ കുട്ടിക്ക പഞ്ചാരവെള്ളം കൊടുക്കാൻ മറന്നല്ലൊ”

സഫിയ ഒരു മൂളിപ്പാട്ടും പാടി തേങ്ങ നീട്ടിയരച്ചു. അതിനനുസരിച്ച് അയഞ്ഞ കുപ്പായത്തിന്റെ നിറഞ്ഞ മാറ് തുള്ളിക്കളിച്ചു.
സഫിയാത്ത മൂത്തമ്മാന്റെ നാത്തൂന്റെ മോളാ. ഇംഗ്ലീഷും ഹിന്ദിയുമൊക്കെ വായിക്കാൻ അറിയാം!! എട്ട് വരെ സ്കൂളിൽ പോയത!!!പിന്നെ കെട്ടിച്ചു. എവിടെ കല്ല്യാണമുണ്ടായാലും സഫിയാത്ത നല്ല കെസ്സ് പാടും. അത് കൊണ്ട് തന്നെ കുഞ്ഞുമോന് സഫിയാത്തയെ നല്ല ഇഷ്ടമാ. എന്നാലും,,,,ഈ മച്ചി എന്ന് എന്തിനാ സൂറാത്തയെ പറഞ്ഞത്? മച്ചി പാല് കൊണ്ട് വരുന്ന അപ്പ്വേട്ടന്റെ പശൂന്റെ പേരല്ലെ??മനുഷ്യരെയും അങ്ങനെ പറയൊ???

കൂടുതൽ ആലോചിക്കാൻ നിൽക്കാതെ അവൻ സ്പീക്കർ പാടിപ്പിക്കുന്ന മൂലയിലേക്ക് നടന്നു. അവിടെ താഴേക്കെറിഞ്ഞ സൂചികൾ പെറുക്കി. അത് കണ്ട് സ്പീക്കറുകാരൻ ഒരു കാലിപ്പെട്ടി അവന് കൊടുത്തു. പിന്നെ അരികിൽ പിടിച്ചിരുത്തി. അവന് അതിലും വലിയ സന്തോഷമില്ലായിരുന്നു. പക്ഷേ അയാളുടെ ഇടക്കിടക്കുള്ള കത്രിമാർക്ക് സിഗരറ്റ് വലി, അതിന്റെ ഗന്ധം അവന് തീരെ ഇഷ്ടമല്ലായിരുന്നു. എങ്കിലും സഹിച്ചു. കാരണം ഓരോ റിക്കാഡ് പ്ലേറ്റ് മാറ്റിയിടുമ്പോഴും കിട്ടുന്ന സൂചി! വേറെ കുട്ടികൾ എത്തും മുമ്പെ അവിടെ എത്തിപ്പെട്ടതിലും അവൻ സന്തോഷിച്ചു.

മൂത്താപ്പ വയ്യെങ്കിലും എല്ലായിടത്തും ഓടി നടന്നു. കുറച്ച് കഴിഞ്ഞ് ഒരു മുസ്ല്യാരും പിന്നെ കുറച്ചാളുകളും എത്തി. ചായ ആയില്ലെ എന്ന് ചോദിച്ച് മൂത്താപ്പ ബേജാർ കൂട്ടി.
പിന്നെ പ്രധാനപ്പെട്ടവർക്ക് വേണ്ടി അകത്തെ മുറിയിൽ സ്വകാര്യമായി എടുത്തു വച്ച കോഴിയും പത്തിരിയും കഴിക്കാൻ കുഞ്ഞുമോനെയും വിളിച്ചു.

ചായ കുടി കഴിഞ്ഞ് മുസ്ല്യാർ അൽ-ഫാത്തിഹ പറഞ്ഞ് ദുആ ഇരന്നു. കുഞ്ഞുമോനും ആകൂട്ടത്തിൽ തന്നെയിരുന്നു? പുത്തൻ ചെരിപ്പും സൂരിത്തുണിയും, വളർത്തിയ മുടിയിൽ എണ്ണ തേച്ച് ഒരു വശത്തേക്ക് ചീകിയൊതുക്കിയും, അപ്പോഴും കഴുത്തിലും നെഞ്ചിലും പറ്റിപ്പിടിച്ചു കിടക്കുന്ന പൌഡറും പോരാത്തതിന് കല്ല്യാണത്തിന് പുറപ്പെട്ടപ്പോൾ ഉപ്പ കെട്ടിക്കൊടുത്ത ഹാന്റിസാന്റോസ് വാച്ചും കുഞ്ഞുമോനെ ഒരു മുതലാളിക്കുട്ടി എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. മൂക്കിളയൊലിപ്പിച്ച് മുളം തൂണും ചാരി നിന്ന കുട്ടികൾ ആമീൻ പറയാൻ മറന്ന് അസൂയയോടെ അവന്റെ പത്രാസും കണ്ട് നിന്നപ്പോൾ വലിയവർ ചിലർ അൽഭുതത്തോടെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു.

പ്രാർത്ഥന കഴിഞ്ഞ് തേടികൾ പുത്യാപ്ലയുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി. അപ്പോൾ അബ്ദു എളാപ്പ കിതച്ച് കൊണ്ടെത്തി “ആ സ്പീക്കർകാരൻ പാട്ട് നിർത്തി എറങ്ങിപ്പോയി. ഓനെ ചായ കുടിക്കാൻ വിളിച്ചിലാന്നും പറഞ്ഞ്....”
“ആ കാര്യം പറ്റേ മറന്നല്ലൊ ന്റെ ബദ് രീങ്ങളെ...ഇനിപ്പൊ ന്താ ഒരു വയി? ആ ചെങ്ങായി ആണെങ്കി ഒരു കൈതമുള്ളാ..മേപ്പട്ടും വജ്ജ.... കീപ്പട്ടും വജ്ജ”മൂത്താപ്പ തലക്കും കൈ കൊടുത്ത് ഒരു ബഞ്ചിൽ ഇരുന്നു.

പുത്യാപ്ലയുടെ വീട്ടിൽ നിന്നും തിരിച്ചു വന്നപ്പോൾ കുഞ്ഞുമോൻ ആദ്യം ശ്രദ്ധിച്ചത് പാട്ടായിരുന്നു. എങ്ങനെയാ അയാളെ പിണക്കം മാറ്റിയതാവൊ? കല്ല്യാണത്തിന്റെ അന്ന് പാട്ട് മുടങ്ങിയത് അങ്ങാടിപ്പാട്ടയാൽ?? ഔ..പെട്ടിപ്പാട്ടുകാരന്റെ ഒരു ഭാഗ്യം!വലുതാവുമ്പൊ ഒരു സ്പീക്കർകാരനാവണം,,,എന്തൊരു സൽക്കാരമാ അയാൾക്ക്!!
അവൻ വീണ്ടും സ്പീക്കർ ഓപ്പറേറ്റ് ചെയ്യുന്നിടത്തേക്ക് നടന്നു. റിക്കാഡ് പ്ലേറ്റിൻ നടുവിൽ കോളാമ്പിയിലേക്ക് നോക്കിയിരിക്കുന്ന നായയേയും/ അത് കറങ്ങുന്നതും നോക്കിയിരിപ്പായി.

മറ്റു കുട്ടികൾ ബഹളവുമായി പന്തലിൽ കളിച്ചുകൊണ്ടിരിക്കെ കാരണവന്മാർ ഒച്ചയിട്ടു. അപ്പോളവർ ചെമ്മൺ ചെത്തിലേക്കും തൊടിയിലേക്കുമോടി. ഇറച്ചി മണം കേട്ടെത്തിയ നായകളെ കല്ലെടുത്തെറിഞ്ഞും അണ്ടിക്കളി കളിച്ചും ആർമാദിച്ചു. രാത്രി ആയപ്പോൾ ആളുകൾ കൂടാൻ തുടങ്ങി.

പന്തലിന് പിറകിൽ നാരിയും തോഴിമാരു ഒപ്പൻ പാടാനിറങ്ങി. മൈലാഞ്ചിയിട്ട ഏതോ കൈ പനമ്പട്ടക്കിടയിലൂടെ പന്തലിനുള്ളിലേക്ക് നീണ്ടതിൽ സ്പീക്കർകാരൻ മൈക്ക് വച്ച് കൊടുത്തു. അപ്പോഴും അയാളുടെ മറ്റേ കയ്യിൽ കത്രിമാർക്ക് പുകഞ്ഞിരുന്നു “ജ്ജ് പാട്..ജ്ജാദ്യം പാട്”ഓണായിക്കിടന്ന മൈക്കിൽ കൂടി പെൺ കൂറ്റ് കേൾക്കായി. തുടക്കം കുറിക്കനുള്ള മടി. പിന്നെ പൊട്ടിച്ചിരികൾ. അത് കേട്ട് മൂത്താപ്പ കലി തുള്ളി “ഒന്ന്നാത്തരം പോന്ന പഹയത്ത്യാള് നിന്ന് കൊണീണത് കണ്ടീലെ..ഒന്നൂക്കിൽ പാട്വാ..അല്ലെങ്കി
പറയ്വാ..” ശബ്ദം കനത്തതെങ്കിലും അതിൽ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിയിരുന്നു.
“ആദിപെരിയോന്റെ............”ഒടുവിൽ സഫിയാത്താന്റെ ശബ്ദം.

പിന്നെ ആരൊക്കെയോ പാടി.കൈ കൊട്ടി. താളം പിടിച്ച്. കുപ്പി വളകൾ കിലുക്കി.
എന്നാൽ, അതിനിടക്കൊക്കെ പന്തൽ മറ ചാരിയിരിക്കുന്ന സ്പീക്കർകാരന്റെ കൈ എന്തിനാ പുറത്തേക്ക് കടത്തുന്നത്? അതിനും കുഞ്ഞുമോന് സംശയം തന്നെ!

രാത്രി ഏറെ വൈകി തന തന പാടി പുത്യാപ്ലയും കൂട്ടുകാരുമെത്തി. ഒരു കിണ്ടി വെള്ളം
അളിയൻ കുട്ടി എടുത്ത് കൊടുത്തതിലേക്ക് ഒരു നാണയമിട്ട് പുത്യാപ്ല ചെരുപ്പഴിച്ച് വച്ച് പന്തലിൽ കേറിയപ്പോൾ കൂടെയുള്ളവർ ചെമ്പു പാത്രത്തിൽ നിന്നുംകാൽ കഴുകി നിരത്തിയിട്ട വൈക്കോലിൽ ചവിട്ടി നടന്ന് വിരിച്ചിട്ട പായകളിൽ ഇരുന്നു. സർബത്ത് ഗ്ലാസുകൾ കൂട്ടിമുട്ടി. ആരോ എറിഞ്ഞു കൊടുത്ത സിഗരറ്റുകൾ എരിഞ്ഞ് പന്തലിനുള്ളിൽ പുക നിറഞ്ഞു. പനമ്പട്ടയുടെ വിടവുകൾ വലുതായി. അതിൽ കൂടെ സുറുമയിട്ടനൂറ് കണ്ണുകൾ, വെള്ള മേലാപ്പിനടിയിൽ വെള്ള വിരിച്ചതിലിരിക്കുന്ന പുതുമണവാളന്റെ നേരെ പാഞ്ഞു.
അകത്ത് തോഴിമാർ അടക്കം പറഞ്ഞു. പുതുപെണ്ണ് നാണം കുണുങ്ങി. പെട്രോമാക്സ് വെളിച്ചത്തിൽ കസവ് തട്ടം തിളങ്ങി. ചെരിപ്പുകൾ കിരികിരി പാടി.

പുതുക്കപ്പെണ്ണുങ്ങൾ ഇറങ്ങിയതും, അയൽ പക്കത്ത് നിന്നും കൊണ്ട് വന്ന പായയും മറ്റ് ഉപകരണങ്ങളും അതിന്റെ ഉടമസ്ഥർ തന്നെ തെരഞ്ഞെടുക്കാൻ സഹായിച്ചു. ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കലും മറ്റു ജോലികളും അവരുടെ അവകാശമായി കണ്ട് വേഗത്തിൽ തീർത്തു കൊണ്ടിരുന്നു. മാപ്പിളപ്പാട്ടുകൾ സിനിമാപാട്ടുകൾക്ക് വഴി മാറി. അപ്പോഴും കുഞ്ഞുമോൻ ഉറക്കം തൂങ്ങി കൊണ്ട് പാട്ടും കേട്ട് കൊണ്ടിരിപ്പായിരുന്നു.

പിന്നെ എപ്പഴോ സഫിയാത്ത അവനെ വിളിച്ചുണർത്തി പിടിച്ച് കൊണ്ട് പോയി. എല്ലായിടത്തും മത്തിയുണക്കാനിട്ട പോലെ കിടത്തക്കാർ. അവസാനം സഫിയയും അവനും ശബ്ദമുണ്ടാക്കാതെ മൂത്താപ്പ കിടക്കുന്ന ചായ്പിൽ പോയി കിടന്നു. കുപ്പായക്കീശയിലെ സൂചിപ്പെട്ടി പായക്കടിയിൽ വച്ച് അവൻ ചിന്തിച്ചു. തനിക്ക് ഇത്രയും സൂചികൾ കിട്ടിയത് കണ്ട് സ്കൂളിലെ കുട്ടികൾ അസൂയപ്പെടുന്നത് കാണാൻ അവന് ദൃതിയായി. നാളെയും സ്കൂളിൽ പോകാൻ പറ്റില്ല. ഇനി മറ്റന്നാൾ.....
പാട്ട് എപ്പഴോ നിന്നിരുന്നു. അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് കത്രിമാർക്കിന്റെ അവനിഷ്ടമില്ലാത്ത ഗന്ധം! അവിടെയും അനുഭവപ്പെടുന്നതായി. ഇനി മൂത്താപ്പയെങ്ങാൻ....ഹെയ് മൂത്താപ്പ ബീഡിയാ വലിക്കുക. അതിന്റെ വാസന ഇതല്ല. പിന്നെ എവിടെന്നാണാവൊ ആ വാസന? അങ്ങനെ പലതും ചിന്തിച്ച് കിടക്കവെ ഉറക്കം കൺ പോളകളെ തഴുകുന്നതറിഞ്ഞ് അവൻ ചെരിഞ്ഞ് കിടന്നു. നല്ല തണുപ്പ്.പുതപ്പ് ഇല്ലാതെ സാധാരണ ഉറങ്ങാറെ ഇല്ല. അവൻ കൈകൾ കാലുകൾക്കിടയിൽ തിരുകി ചുരുണ്ടു.

“കുട്ട്യാളെ പൊറത്താരും ഇല്ലെ? ഇബടെ എവടെയോ പട്ടി കേറീന്നാ തോന്നണെ. കൊറേ നേരായി കെതപ്പ് കേക്കണ്. ആ കാസ്ലൈറ്റ്**ൽ കാറ്റടിച്ച് ഒന്ന് നോക്കി. ആ പാത്രങ്ങളൊക്കെ അയ്റ്റങ്ങൾ നക്കും” ഉറങ്ങിയ അവൻ മൂത്താപ്പയുടെ പിച്ചും പേയും കേട്ട് ഉണർന്നു. മൂത്താപ്പ പറഞ്ഞത് ആരും കേട്ടില്ലെന്ന് തോന്നുന്നു ഒരൊച്ചയും അനക്കവും എവിടെ നിന്നുമുണ്ടായില്ല. ഇനിയിവിടെയെങ്ങാൻ പട്ടിയുണ്ടൊ? അവൻ കണ്ണ് തുറന്ന് ചുറ്റുമൊന്ന് നോക്കി. ഒരു മിന്നാമിനുങ്ങിന്റെ? പ്രകാശം അവൻ കണ്ടു.

അപ്പോൽ ആളില്ലാ പന്തലിൽ, കാറ്റ് തീർന്നു കൊണ്ടിരിക്കുന്ന പെട്രോമാക്സ്, അതിന്റെ അവസാന ശ്വാസം വലിച്ച് കൊണ്ടിരുന്നു. അതിന്റെ ആളിയാളിയുള്ള കത്തൽ ചായ്പിലെ ഇരുട്ടിലേക്ക് കൂടുതൽ വെളിച്ചം കടന്ന് വന്നു. ആ വെളിച്ചത്തിൽ അവൻ മിന്നാമിനുങ്ങിന്റ്റെ വെളിച്ചം കണ്ടിടത്തേക്ക് നോക്കി. അവിടെ ആരോ ഇരിക്കുന്നതായി അവന് തോന്നി. ഉടൻ അവൻ അടുത്ത് കിടന്നിരുന്ന സഫിയാത്തയെ നോക്കി. പാവം പട്ടിയെ പേടിച്ചാണെന്ന് തോന്നുന്നു മൂത്താപ്പാന്റെ കട്ടിലിനടിയിൽ എത്തിയിരിക്കുന്നു! ഈ സഫിയാത്താക്ക് തണുക്കുന്നും ഇല്ലെ. മണ്ണ് തേച്ച നിലത്ത് കെടക്കുന്ന കെടത്തം കണ്ടീലെ!! കുപ്പായത്തിന്റെ കുടുക്ക് പോലുമിടാതെ!!!
അപ്പോൾ വീണ്ടും കത്രി മാർക്കിൻ രൂക്ഷഗന്ധം കുഞ്ഞുമോനെ ശ്വാസം മുട്ടിച്ചു.
------------------------------------------
*പ്ലാവിന്റെ
**ഗ്യാസ്ലൈറ്റ്/പെട്രോമാക്സ്



17 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

ഒരു പഴയ കാല ഏറനാടൻ കല്ല്യാണം. അതിന്റൊപ്പം ചെറിയ ഒരു കഥ പറയാനുള്ള ശ്രമവും.ഏറെ പറഞ്ഞ് ബോറാക്കി???

ശ്രീ പറഞ്ഞു...

കഥ നന്നായിട്ടുണ്ട് മാഷേ. ആ പഴയ കാലവും കുഞ്ഞുമോന്റെ ചിന്തകളിലൂടെയുള്ള ആഖ്യാനവും വളരെ നന്നായി.

വശംവദൻ പറഞ്ഞു...

"ആ ചെങ്ങായി ആണെങ്കി ഒരു കൈതമുള്ളാ..മേപ്പട്ടും വജ്ജ.... കീപ്പട്ടും വജ്ജ”"

ഹ..ഹ..

കഥയും അവതരണവും വളരെ നന്നായിട്ടുണ്ട്. ആ കല്യാണവീട്ടിൽ പോയ പ്രതീതി!

നിഷാർ ആലാട്ട് പറഞ്ഞു...

ആ കല്യാണത്തിന്നു ഞമ്മളും ണ്ടാരുന്നു ഒരൂ മൂലക്ക് ജ്ജ് കണ്ടോ ? (കിനാവിൽ)
പെരുത്തിഷ്ടാ‍ായി
അന്റ്റെ കഥ

Sabu Kottotty പറഞ്ഞു...

മലബാറിലെ പഴയ കല്യാണ വിശേഷങ്ങള്‍ ഇങ്ങനെയൊക്കെയല്ലേ അറിയാന്‍ പറ്റൂ...
കൂടുതല്‍ പ്രതീക്ഷിയ്ക്കുന്നു.

നരിക്കുന്നൻ പറഞ്ഞു...

ശരിക്കും ഒരു കല്യാണവീട്ടിൽ ചെന്ന പ്രതീതി. കുഞ്ഞുമോനും, സഫിയാത്തയും, സ്പീക്കർകാരനും, മൂത്താപ്പയുമെല്ലാം വരികളിൽ ജീവിക്കുന്നു. ഈ ശൈലി വളരെ ഇഷ്ടായി.....

OAB/ഒഎബി പറഞ്ഞു...

ശ്രീ- എന്താണിതിന്റെ ഗുട്ടൻസ്? ആദ്യമായെത്തുന്നതിന്റെ?
സന്തോഷത്തോടെ ഏറെ ആഹ്ലാദത്തോടേ നന്ദി.

വശം വദൻ- കീഴ്പ്പോട്ടും വയ്യാ...എന്തൊരു പാടാ അങ്ങനെ പറയാൻ അല്ലെ?ഹഹ ഹ കല്ല്യാണം കൂടിയതിന് നേരിൽ
കാണുമ്പോൾ എന്റെ വക ഒരു ബിരിയാണി ഫ്രീ..

നിഷാർ ആലാട്ട്- അപ്പോൾ കഥാകൃത്തിന് പിഴവ് സംഭവിച്ചിരിക്കുന്നു. നിങ്ങളായിരുന്നു അല്ലെ അവിടെ ബീഡിയും വലിച്ച് കുത്തിയിരുന്നത്? ഞാൻ കരുതി സ്പീക്കർകാരനായിരുന്നെന്ന്. .അങ്ങനെ വരട്ടെ...സഫിയ മച്ചി ആയത് നിങ്ങളെ ഭാഗ്യം :) :)
ഏതായാലും ഇനിയും വരിക.

കൊട്ടോട്ടിക്കാരൻ‌- അരീക്കോട് പോയി അരീക്കോടന്റെ ബിരിയാണി തിന്ന് മലബാറിന്റെ കല്ല്യാണ കഥ വായിക്കാൻ വന്നവനേ, നന്ദീ.

നരിക്കുന്നൻ- ഇഷ്ടമായെന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം. കല്ല്യാണത്തിൽ കൂടീയതിന് താങ്കളെ ഞാൻ പാരഡൈസ് ഹോട്ടലിലേക്ക് ക്ഷണിക്കുന്നു....നന്ദിയോടെ.

ഇവിടെ വന്നവർക്കും ഇനി വരുന്നവർക്കും ഓരോ സർബത്ത് ശുക്രൻ.

the man to walk with പറഞ്ഞു...

kallyanom....kaithamullum ..
aa andhareeksham feel cheyyunnu..
ishtaayi..sarbath edutho..

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഹ ഹ ഇത് നല്ല കത....
ശരിക്കും പഴയ കല്യാണങള്‍ ഓര്‍മ്മയില്‍ വന്നു...

Anil cheleri kumaran പറഞ്ഞു...

മനോഹരമായ അവതരണം.

പാവത്താൻ പറഞ്ഞു...

നല്ല കഥ...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അടീവെടിപൊളി പോസ്റ്റ് കൊള്ളാം കേട്ടോ..
നീളം ഇത്തിരി....ങ്ങാ നീളം നല്ലതല്ലേലാ

raadha പറഞ്ഞു...

കഥ വളരെ അധികം ഇഷ്ടായീട്ടോ. അത് ഒരു ബാല്യകാല സ്മരണ ആയിരുന്നോ എന്ന് ഒരു സംശയം ബാക്കി . അത്രക്കങ്ങട്ടു പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നു!!!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

രാധേ....ബാല്യ കാലസ്മരണ അല്ല.സ്വന്തം കല്യാണാസ്മരണ (അയ്യോ ഞാന്‍ ഓടി)

OAB/ഒഎബി പറഞ്ഞു...

the man to walk with- thanks sir. സർബത്ത് അല്ല ടേങ്ങ് കളക്കിയതെ ഉള്ളു രണ്ട് ഗ്ലാസ് ഡോർ ടു ഡോർ വിടാം...

Areekkodan | അരീക്കോടന്‍-വരും, വരാൻ വേണ്ടിയാണ് ഇങ്ങനെ എഴുതിയത്.

കുമാരന്‍ | kumaran- അങ്ങനെയോ?

പാവത്താൻ -ഓകെ..

bilatthipattanam- താങ്കൾ കഥ വായിച്ചെന്ന് തോന്നുന്നു. നീളം....പിന്നെ പറയാം..

raadha-അല്പം മാത്രം. പഴയ ഒരു മലബാർ കല്ല്യാണം വായനക്കാർ ഒന്ന് അറിഞ്ഞോട്ടെ എന്നും പിന്നെ ഒരു പരീക്ഷണവും. അത് ബ്ലോഗിലല്ലെ പറ്റൂ...പക്ഷേ വിജയിച്ചില്ല.
കാരണം വായിച്ചവരധികവും തന്നെ കഥയുടെ കാമ്പ് എന്തെന്ന് മനസ്സിലാക്കാൻ തക്ക രീതിയിൽ വായിച്ചില്ല. അതിനവരെ കുറ്റം പറയാൻ ഒക്കൂല. എന്റെ പരാജയം തന്നെ.

Areekkodan | അരീക്കോടന്‍- അന്ദി വീണ്ടും കണ്ടതിന്.
ശരിയായിരിക്കാം രാധെ,
അങ്ങനെയെങ്കിൽ സ്പീക്കർ സെറ്റുകാരൻ അരീക്കോടനായിരിക്കുമൊ?(ഞാനും മണ്ടി)

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

കഥ കലക്കിക്ക്ണല്ലാ‍..
അന്റെ സ്ഥിരം ഇസ്റ്റൈലീന്ന് മാറിയൊരെണ്ണം...

Typist | എഴുത്തുകാരി പറഞ്ഞു...

ഇഷ്ടായി കഥ.
‍ ഇതുപോലെ കല്യാണങ്ങള്‍ ഞാന്‍ ഇതുവരെ കണ്ടിട്ടേയില്ല. ഇപ്പോള്‍ ഏകദേശം ഒരു രൂപം കിട്ടി. ഇപ്പോള്‍ കുറേയൊക്കെ മാറ്റം വന്നിരിക്കും ഇല്ലേ?

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില