2024, ഒക്‌ടോബർ 27, ഞായറാഴ്‌ച

പുതിയ കയർ

 

പുതിയ കയർ
ചെറു കഥ
----------------

നടവഴി വളവ് തിരിയുമ്പഴേ കേട്ടു ചൂട്ടിയുടെ പതിവ്
'മ്പേ' ഒച്ച.
ചായക്കടയിൽ പാല് കൊടുത്ത് തിരിച്ച് പോരുമ്പോൾ കൊണ്ട് വരുന്ന പഴത്തൊലി തിന്നാനുള്ള ധൃതി !
"ദാ കൊണ്ടരണൂ യ്യ് കെടന്ന് അമറണ്ട" മാളുഅമ്മ അൽപം ഉച്ചത്തിൽ തന്നെ പറഞ്ഞു.

ചൂട്ടിയെ കെട്ടിയിട്ട പഴയ കയർ കെട്ട് പിണഞ്ഞത്  വേർപ്പെടുത്തിയഴിച്ച്, അന്ന്  പുതുതായി വാങ്ങിയ കയറ് കൊണ്ട്  കുടുക്കിട്ട് പശുവിനെ കുറ്റി മാറ്റിക്കെട്ടി.  വെറുതെ വിട്ട കിടാവ് കുന്തിരിയെടുത്ത് പാഞ്ഞ് വന്ന്, കുമ്പിട്ട് നിന്ന് പഴത്തൊലിയിട്ട് കൊടുക്കുന്ന മാളുഅമ്മയെ മെല്ലെ കുത്തിയും ഉരസിയും നിന്നു.

മാളു അമ്മ സ്വന്തം മക്കളെ ചീത്ത പറയുമ്പോലെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

അത് കഴിഞ്ഞ്  വീട്ടിലേക്ക് നടന്ന് മടിയിൽ നിന്നും മൊബൈൽ എടുത്ത് കോലായത്തിണ്ടിന്മേൽ വച്ച ശേഷം വാതിൽ തുറന്ന് അകത്ത് കേറി വേഗം ഉരി അരിയെടുത്ത് കഞ്ഞിക്കലത്തിലിട്ട് പുറത്തിറങ്ങവെ സൂറയും അവളുടെ കുട്ടികളും പുത്തനുടുത്ത് ചിരിച്ച് കൊണ്ട് വരുന്നത് കണ്ട് മുറ്റത്ത് തന്നെ നിന്നു.

പ്രതീക്ഷിച്ച പോലെത്തന്നെ അവളും കുട്ടികളും അവരുടെ വീട്ടിൽ പോവുന്നു എന്ന വിവരം പറയാനായിരുന്നു വന്നത്.

കൂരിപ്പുഴക്കടവിലേക്ക് പോകുന്ന നടവഴിയുടെ അരികിലെ രണ്ട് പുരയിലൊന്ന്  സുഹ്റയുടെയും മറ്റൊന്ന് മാളുവമ്മയുടെതുമാണ്. പിന്നെ അൽപ ധൂരം കഴിയഞ്ഞാൽ രണ്ട് മൂന്ന് വീട് മാത്രമേയുള്ളുവെങ്കിലും പുഴ അക്കരെയുള്ള അങ്ങാടിയിലേക്ക് നടന്ന് പോകുന്നവർ എറെയുണ്ട്.

സുഹ്‌റയുടെ  ഭർത്താവ് ഗൾഫിലാണ് രണ്ടാൺകുട്ടികളിൽ ഒരാൾ എട്ടിലും ചെറിയവൻ അഞ്ചിലും പഠിക്കുന്നു.
ഇനി തിങ്കളാഴ്ച രാവിലെ കുട്ടികൾ നേരെ അവിടന്ന് സ്കൂളിലേക്ക്  പോവുകയും സുഹ്റ ഉച്ചയാവുമ്പോഴേക്കും തിരിച്ച് വീട്ടിലെത്തുകയും ചെയ്യും.

മാളുഅമ്മ ചെറിയ വീട്ടിൽ ഒറ്റക്കാണ് താമസം.ഒരു മകൻ ഉള്ളത് ബേങ്കലൂരിൽ ആണ്.  പത്ത് പൈസൻ്റെ ഉപകാരം അവനെക്കൊണ്ടില്ലെങ്കിലും ഇടക്കിടക്ക് ഫോൺ വിളിച്ച് അമ്മയുടെ വിവരം അന്വേഷിക്കും. നാട്ടുകാർ പറയുന്നത് അവനവിടെ പോക്കറ്റടിയൊ വേറെ എന്തൊക്കെയോ തരകിട പരിപാടിയാണെന്നാ.

അവൻ്റെ നന്നേ ചെറുപ്പത്തിൽ അച്ചൻ മരിച്ചതിൽ പിന്നെ മാളു അമ്മ കൂലിവേല ചെയ്താണ് മകനെ വളർത്തിയത്. ഒരു ദുഷ്പേരും ഇത് വരെ വരുത്താതെ ജീവിച്ച് പോന്ന;
വളരെ അഭിമാനിയായ മാളു അമ്മ താമസം ഒറ്റക്കാണെങ്കിലും നാളിത് വരെ സഹായിക്കണമെന്ന് പറഞ്ഞ് ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല.

രാവിലെ പശുവിനെ കറന്ന് ഒരു ഗ്ലാസ് പാൽ സ്വന്തമായെടുത്ത്  അര ലിറ്റർ പാൽ സുഹ്റക്കും ബാക്കി മുഴുവനും അക്കരെ  ബീരാക്കാൻ്റെ ചായക്കടയിലും കൊടുത്ത് അവിടന്ന് ചായയും കടിയായി പുട്ടൊ ദോശയൊ തിന്ന് അൽപനേരമവിടെ ഇരുന്ന് നാട്ട് വർത്തമാനമൊക്കെ കേട്ട് വീട്ടിലേക്ക് അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും പിണ്ണാക്കും വാങ്ങിപ്പോരും.
പിന്നെ ഉച്ചയ്ക്കും രാത്രിക്കും  കഴിക്കാനുമായി ഒറ്റവപ്പ്.
മിണ്ടാനും പറയാനും ആകെയുള്ളത് കറവയുള്ള പശുവും അതിൻ്റെ കുഞ്ഞും പിന്നെ എപ്പഴെങ്കിലും വരുന്ന ഒരേ ഒരു അയൽവാസി സുഹ്റയും മാത്രം.

അവർ പോയിക്കഴിഞ്ഞ് മാളു അമ്മ അരി അടുപ്പത്തിട്ട് കറിക്കരക്കാൻ ഒന്നുമില്ലാഞ്ഞ്  തൊട്ടു കുട്ടുവാനെന്തെങ്കിലും കിട്ടുവാനായി തൊടിയിലിറങ്ങി  നാല് കാന്താരി പറിച്ച് തിരിഞ്ഞതും സുഹ്റയുടെ തെങ്ങിൽ നിന്നും മാളുവമ്മയുടെ തൊടിയിലേക്ക് വീണ തേങ്ങയെടുത്ത് അവളുടെ വളപ്പിലേക്കെറിഞ്ഞു.

ഫോൺ ശബ്ദിക്കുന്നത് കേട്ട് മകനായിരിക്കാമെന്ന് കരുതി  മാളു അമ്മ വേഗം കോലായിൽ കേറി ഫോണെടുത്തു.

"മാളു അമ്മെ ഞങ്ങളെ വീടിൻ്റെ വാതിൽ പൂട്ടി താക്കോൽ അതിമ്മെന്ന് എടുക്കാൻ മറന്നു അതിനാൽ ങ്ങള് പോയി ആ താക്കോലൊന്ന് എടുത്ത് കൊണ്ടരണേ. ആ ചെക്കനെ ഏൽപിച്ചതായിരുന്നു കള്ള ബലാല് അവ്ടെട്ട് പോന്നു" അങ്ങേ തലക്കൽ നിന്നും  സുഹ്റ ഒറ്റ ശ്വാസം മുട്ടി മുഴുമിപ്പിച്ചു.

"അതിനെന്താ മോളേ ഞാനിപ്പം പോവാം യ്യ് ഒന്ന് കൊണ്ടും ബേജാറാവണ്ട"

അവർ തിടുക്കത്തിൽ സുഹ്‌റയുടെ വീട്ടിലേക്ക് നടന്നു പറഞ്ഞ പോലെത്തന്നെ വാതിലിൽ തൂങ്ങി നിൽക്കുന്ന താക്കോൽ ഒന്നും കൂടെ ഇടത്തോട്ട് തിരിച്ച് പൂട്ടിയത് ശരിയെന്ന് വരുത്തി താക്കോൽകൂട്ടമെടുത്ത് തിരിഞ്ഞു.
ജോലിയെല്ലാം തീർത്ത് ചോറ് വാർത്ത കാടിയുമെടുത്ത് പശുവിന് കൊടുത്ത് തിരിച്ച് വന്ന് ഭക്ഷണം കഴിഞ്ഞ് ഒന്നുറങ്ങി എണീറ്റു. വൈകുന്നേരമായപ്പോൾ കെട്ടിയിട്ട പശുവിനെ അഴിച്ച് കൊണ്ട് വന്ന് തൊഴുത്തിൽ രണ്ടിനെയും കെട്ടി. രാവിലെ പാൽ കറന്നെടുത്ത ശേഷം  പശുക്കുട്ടിക്ക് തള്ളയുടെ പാൽ കുടിക്കാനുള്ള സ്വാതന്ത്യം വൈകുന്നേരം  തൊഴുത്തിൽ  കെട്ടുന്നതോട് കൂടി അവസാനിക്കുന്നു.

മിണ്ടാനും പറയാനും ചെയ്യാനുമൊന്നുമില്ലാത്തതിനാൽ അന്നും നേരത്തെ കിടന്നു. ഒരുറക്കത്തിലേക്ക് നീങ്ങവെ ഫോൺ ശബ്ദിച്ചു.
മകനായിരുന്നു. അവൻ നാളെ രാവിലെ വീട്ടിലേക്ക് വരുന്നെന്ന് .

പിറ്റേന്നും അതിരാവിലെ എണീറ്റ് പശുവിനെ കറന്ന് പാലുമായി ചായക്കടയിലെത്തി.
ഒരു ചുടു ചായ കുടിച്ചു. ഇനി കടി ആയ ശേഷം ഒരു ചായ കൂടി.

ശേഷം പീടികക്കോലായിലെ കൂട്ടങ്ങളിൽ നിന്നും അന്നത്തെ പുലർകാല പുതു സൊറകളിലേക്ക് ശ്രദ്ധ തിരിച്ച് അൽപം കഴിഞ്ഞതും തെങ്ങ് കയറ്റക്കാരൻ അന്ത്രു ചായക്കടക്ക് മുമ്പിൽ എത്തി.  മോട്ടോർ സൈക്കിളിലിരുന്ന് തന്നെ ഉച്ചത്തിൽ പറഞ്ഞു

"ആ സൂറയും കുട്ട്യാളും അവരുടെ വീട്ടിലില്ലെ എത്ര വിളിച്ചിട്ടും ഒരു ശബ്ദവും കേക്കാഞ്ഞ്  തുറന്ന് കിടക്കുന്ന വാതിൽ കണ്ട് ... "
അന്ത്രു കിതപ്പ് തീർക്കാൻ നിർത്തിയ നിമിഷം മാളു അമ്മ പുറത്തിറങ്ങി

"അന്ത്രോ യ്യെന്താ പറഞ്ഞത് സുഹറയുടെ വീട്ട് വാതിൽ ....?"
അന്ത്രു മോട്ടോർ സൈക്കിൾ സ്റ്റാന്റിന്മേൽ നിർത്തിയിട്ട് തുടർന്നു.
"അതേ മാളുക്കുട്ടിയമ്മെ ഓള് തേങ്ങയിടാൻ വരാൻ പറഞ്ഞിരുന്നു. ന്നാൽ എത്ര വിളിച്ചിട്ടും ഒരൊച്ചയും വിളിം കേക്കാഞ്ഞ് ഞാനൊന്ന് അകത്ത് കേറി  നോക്കി. മനുഷ്യനല്ലെ ... പോരെങ്കി ഇപ്പഴത്തെ കാലവും. അപ്പഴ്ണ്ട്  വീട്ടിനകത്തുള്ള എല്ലാ സാധനങ്ങളും വാരി വലിച്ചിട്ടിക്ക്ണ്. പക്ഷേ ഓളും മക്കളും അവിടില്ല അതുറപ്പാ വല്ല  കള്ളന്മാരും ... വല്ല പൊന്നും പണ്ടോം ഉണ്ടായ് നൊന്ന് ആർക്കറിയാം ... " 
അത് കേട്ട് മാളു അമ്മ കണ്ണ് മിഴിച്ച് മേലോട്ട് നോക്കി  നെഞ്ചിൽ കൈ വച്ച് ശ്വാസം വിടാൻ പോലും മറന്ന് ഏറെ നേരമങ്ങനെ നിന്നു.

അതിന് മുമ്പെ പീടികക്കോലായി ശൂന്യമായിക്കഴിഞ്ഞിരുന്നു.
സ്ഥലകാല ബോധം തിരിച്ച് വന്ന മാളു അമ്മ പാൽ പാത്രം പോലും എടുക്കാൻ മറന്ന് വീട്ടിലേക്കോടി.

ഉച്ചയായപ്പോഴേക്കും  സുഹ്‌റയും അവളുടെ ആങ്ങളമാരും പോലീസുമൊക്കെ എത്തി.

അലമാരയിലുണ്ടായിരുന്ന കൊളുത്ത് പൊട്ടിയ പാദസരവും പിന്നെ കുറച്ച് പൊട്ടും പൊടിയും നഷ്ടപ്പെട്ടതിന്റെ കാരണക്കാർ സുഹ്‌റയാണെന്നും അതല്ല അവളുടെ ഭർത്താവാണെന്നും കളളനാണ് ശരിയെന്നും അതുമല്ല പോലീസാണ് ഉത്തരവാദിയെന്നും  അതൊന്നുമല്ല വാർഡ്മെമ്പർ ശരിയല്ലെന്നും ഞങ്ങളുടെ മെമ്പർ വന്നാൽ ഇമ്മാതിരി സംഭവങ്ങൾ ഉണ്ടാവില്ലെന്നും തുടങ്ങിയ  പല വിധ അഭിപ്രായങ്ങൾ പറഞ്ഞ് നടവഴിയിലൂടെ പോകുന്നവരാരും തന്നെ കഴുത്തിൽ കയറില്ലാതെ മേയുന്ന മാളുഅമ്മയുടെ ചൂട്ടിപ്പശുവിനെ ശ്രദ്ധിച്ചതേയില്ല ! 


മഴ

 

മഴ മൂന്നാം വട്ടം പെയ്യാറില്ല!
അതെ അതിന്നും
രണ്ടാം വട്ടവും വർഷിക്കുന്നു
തട്ട് പൊളിപ്പൻ സംഗീതവും
കൂട്ടിന് ഡീജേയും മിന്നലും

തിളക്കം നഷ്ടപ്പെട്ടയലുമിനിയക്കുടുക്ക നിറത്തിത്തിൽ മൂടപ്പെട്ടയാഘാശത്തിലേക്കുയർന്ന് നിൽക്കുന്നകലെയൊരു ഇരുമ്പിനസ്ഥികൂടം

പടിവാതിലിനപ്പുറത്തെ പുകമറക്കിടയിൽ അനക്കമില്ലാതുറക്കത്തിൽ  തെങ്ങിൻ കൂട്ടവും മേൽക്കൂരകളും.

കലങ്ങിയും തെളിഞ്ഞും മുറ്റം മൂടിയ ജലത്തിലൊരു നിമിഷമായുസ്സില്ലാ കുമിളകൾ.

ചെടിച്ചട്ടികളിലുണങ്ങാൻ തയ്യാറായ മുല്ലകൾക്കിനി വിരിയാം നാളെ പത്ത് മണിക്ക്.

പെട്ടെന്നെവിടെന്നോ വീശിയെറിഞ്ഞ കാറ്റിൽ മാവിലെയഞ്ചാറ് മാങ്ങകൾ വീണോടുകൾക്ക് തുളയിട്ടതിലൂടെ ചാലിട്ടൊലിച്ച് നനച്ചും ....
ഹൗ വല്ലാത്തൊരു മഴ!

മഴ;
അതങ്ങിനെയാണ് ഏറെ സന്തോഷിപ്പിക്കുന്നതിനൊപ്പം പ്രാകിപ്പറയിപ്പിച്ചെ രണ്ടാം വട്ടം പെയ്യാനായി പോകൂ...

2024, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

*പൊരുത്തം* മിനിക്കഥ

 *പൊരുത്തം*

മിനിക്കഥ

.................

ഇടക്കിടെയുള്ള കാഴ്ചയിൽ അവൻ്റെ കറുകറുത്ത താടിമീശക്കിടയിൽ വെളുവെളുത്ത പുഞ്ചിരിയായിരുന്നു അവൾക്ക് ഒന്നാമത്തെ പൊരുത്തമെങ്കിൽ

അവനവളുടെ കണ്ണുകളിലായിരുന്നു.


മിണ്ടിത്തുടങ്ങിയപ്പോൾ പൊരുത്തങ്ങൾ വർദ്ധിച്ചു.

 

അങ്ങനെ പത്തിൽ പത്ത് പൊരുത്തം തികഞ്ഞപ്പോൾ 

അവരുടെ വിവാഹം അവർ തന്നെ തീരുമാനിച്ചുറച്ചു. പക്ഷേ രക്ഷിതാക്കളുടെ പൊരുത്തം തീരെ ഉണ്ടായിരുന്നില്ല


വിവാഹം കഴിഞ്ഞ് മാസം മൂന്നാലെണ്ണം കഴിഞ്ഞപ്പോഴേക്കും പൊരുത്തങ്ങളുടെ ഗ്രാഫ് താഴേക്ക് വന്നു കൊണ്ടിരുന്നു. ഇന്നിപ്പോൾ ഒന്ന് രണ്ട് കൊച്ചുങ്ങളായി ഇപ്പോൾ പൊരുത്തങ്ങൾ ഒന്നു പാേലും ബാക്കിയില്ലെങ്കിലും വീട്ടുകാരുടെ വർദ്ധിച്ച പൊരുത്തത്തോടെ അവർ ജീവിതവുമായി ...

2024, ജനുവരി 26, വെള്ളിയാഴ്‌ച

ഫ്രേമ് വച്ചത് [ഹാസ്യ ഭാവന]

പ്രായ പൂർത്തി ആയവർക്ക് മാത്രം. അല്ലാത്തവർക്ക് മനസ്സിലാകാത്തത് കൊണ്ടാ...

ഇംഗ്ലണ്ടിൽ നിന്നും വണ്ടി കേറുമ്പോൾ കുട്ടിയും കുറേ പെട്ടികളോടുമൊപ്പം കൊണ്ട് വന്ന പട്ടിയുമായി എസ്റ്റേറ്റിലൂടെ ഉലത്താനി..അല്ല ഉലാത്താനിറങ്ങിയ മദാമ്മക്ക് കാട്ടരുവി കണ്ടപ്പോൾ വെള്ളം കണ്ട ഷക്കീലയെ പോലെ നീരാടാനൊരു മോഹമുദിച്ചു.
കുപ്പായവും കാത്സറായിയും അഴിച്ച് വച്ച് സൌസറിന്റെ വള്ളി വലിച്ചൊരു നിമിഷം ശങ്കിച്ചു നിന്നു മദാമ്മ “ഓ..ഇനിയിപ്പൊ അതിലെന്തിരിക്കുന്നു. മാത മാണിമാരൊക്കെ ആടിയുലഞ്ഞതും,നിർത്ത് കൂൽക്കുന്ന മുടിയുള്ള തലയുമായി (ചൊറിച്ച് മല്ല്) ഞങ്ങൾ ഇംഗ്ലണ്ട്കാരെക്കാൾ പരിഷ്കാരികളായി? നടക്കുന്ന ഈ ചക്കിക്കല്ല് ദേശത്ത്‌ അതൊന്നും ഒരു പ്രശ്നമല്ലല്ല് എന്ന് നിരുപിച്ച് ഒരു അരണാചരട് പോലുമില്ലാതെ മതാമ്മ മുങ്ങാനിറങ്ങി.

വെള്ളത്താമര മൊട്ടു പോലെ വെണ്ണക്കൽ പ്രതിമ പോലെ തന്റെ യജമായുടെ ജലക്രീഡ കണ്ട് കരയിൽ നിൽക്കയായിരുന്ന ‘റോക്സ്’ എന്ന നായ, തന്റെ പിന്നിൽ നിന്നും ഒരു എലയനക്കം കേട്ട് തിരിഞ്ഞു നോക്കി! “ങേ...ഇതാര് സ്ലമ്മിയോ? ഓ മൈ ഡോഗ്... അൺ ബിലീവബ്ല്”

അവളെ റോക്സ് ഇതിന് മുമ്പ് പലവട്ടം കണ്ടിട്ടുണ്ടെങ്കിലും രണ്ട് മിശയം പറയാനവസരം ലഭിച്ചിരുന്നില്ല.
അതെങ്ങനെ; എപ്പോഴും കഴുത്തിലെ കയറിന്റെ ഒരു തല യജമായുടെ കൈയ്യിലല്ലെ?
അപ്പോൾ, നമ്മുടെ റോക്സിന്റെ കൂർത്ത നോട്ടം നേരിടാനാവാതെ സ്ലമ്മി തന്റെ വാലുകൾ ആട്ടി പിന്നെ ചുരുട്ടി കാലുകൾക്കിടയിൽ തിരുകി നാണത്തോടെ തല താഴ്ത്തി മൈ..മൈ..എന്ന് മുരണ്ടു.
ഈ സമയം റോക്സ് തല തിരിച്ച് മദാമ്മയെ ഒന്ന് നോക്കി. പിന്നെ സ്ലമ്മിയെ ഒന്ന് നോക്കി. അങ്ങനെ അങ്കടും ഇങ്കടും നോക്കി നോക്കി ഒരു തീരുമാനത്തിലെത്തി; ലാസ്റ്റ് സ്ലമ്മിയുടെ നേരെ ഓടി ചെന്ന് മണത്ത് ഒരു കിസ്സ് കൊടുത്തു.
മദാമ്മയുടെ മുങ്ങലുകൾ കഴിഞ്ഞ് നോക്കും നേരം കരയിലിരിക്കും നായയെ കാണാഞ്ഞ് ബേജാറായി വേഗത്തിൽ കര കേറി തന്റെ സ്വീറ്റിയെ തിരഞ്ഞ് അവിടമാകം ഓടി.

അപ്പോൾ, കുറച്ചകലെ ചവോക്ക് മരങ്ങളെന്ന് സങ്കല്പിച്ച് റബറുമരങ്ങൾക്കിടയിലൂടെ ‘ദൂരെ കിഴ്ക്കുദിക്കും മാനത്തെ ചെമ്പഴുക്കാ..’ എന്നർത്ഥം വരുന്ന ഒരു യൂറോ ഗാനവും പാടി മോഹൻ ലാൽ സ്റ്റൈലിൽ ഡാൻസ് കളിക്കുന്ന റോക്സും, അതിനോടൊപ്പം (താനന്ന താനന്ന എന്ന് കോറസ് പാടി തന്റെ പിന്നിൽ ചാടാൻ കുറേ സ്ലമ്മികൾ ഇല്ലാത്ത ദുഖം അടക്കി വച്ച് )ചുവട് വക്കുന്ന സ്ലമ്മിയേയും കണ്ട് മദാമ്മ “ഹോ മൈ ഡോഗ്...നീയൊരു ഇന്ത്യൻ സ്ലം ഡോഗുമായി...???”എന്ന് നിലവിളിച്ചു.

മദാമ്മയുടെ ഉച്ചത്തിലുള്ള ഒച്ച കേട്ട് ഞെട്ടിയ സ്ലമ്മി ആ നിമിഷം പുട്ത്തം വിട്ടോടി. അത് കണ്ട് ദേഷ്യം വന്ന റോക്സ് തന്റെ മൊയലാളിച്ചിയെ തുറിച്ച് നോക്കി ഒരു ഒന്നൊന്നരമായിരം പി എം പി ഓ യിൽ കുരച്ച ശേഷം സ്ലമ്മി ഓടിയ വഴിയേ വച്ചു പിടിച്ചു.
തന്റെ സന്തത സഹചാരിയായ മൈ ഡാർലിങ്ങ് തന്നെ വിട്ടോടുന്നത് കണ്ട് സഹിക്ക വയ്യാതെ ഒന്നും രണ്ടുമാലോചിക്കാതെ ‘വേറാർ യു കമിങ്ങ്, ഗോയിങ്ങ്...’ എന്ന് പുലമ്പിക്കൊണ്ട് മദാമ്മ പട്ടികൾ എലോപ്മെന്റായതിന് പിറകെ ഓടി.

എസ്റ്റേറ്റും കഴിഞ്ഞ് പാടവരമ്പിൽ അമ്മട്ടിൽ, മുടിയില്ലാത്ത തല(ചൊറിച്ചു മല്ല്)യും കുലുക്കിയുള്ള മദാമ്മയുടെ ആ ഓട്ടത്തിന്, മൂന്നും കൂടിയ ചെമ്മൺ ചെത്തിലെത്തിയപ്പോൾ താനേ ബ്രേക്ക് വീണു.

പേക്കിങ്ങ് കെയ്സില്ലാത്ത പാശ്ചാത്ത്യ പ്രഭ്വിയെ കണ്ട് ആൽ മരച്ചോട്ടിലെ അത്താണിക്കരുകിലിരുന്ന് അത്തറുകാരൻ അന്ത്രുവിന്റെ കക്ഷം വടിച്ചു കൊണ്ടിരിക്കയായിരുന്ന ഒസ്സാൻ അസ്സുവിന്റെ മനസ്സൊരു നിമിഷം വെട്ടി. കത്തിയങ്ങ് തട്ടി തൊലിയൊന്ന് ചെത്തി രക്തമങ്ങ് പൊട്ടി.
ഫർലോങ്ങുകൾ പിന്നിട്ട ശേഷമാണ് രണ്ട് മൻസന്മാരെ മദാമ്മ കാണുന്നത്“ യു...യു സീ മൈ ഡോഗ്?”
മദാമ്മയുടെ കിതച്ച് കൊണ്ടുള്ള ചോദ്യ്ം കേട്ടൊന്നുമേ അന്തം കിട്ടാതെ( അന്തം, അവരെ മുമ്പേ വിട്ട് പോയിരുന്നല്ലൊ) വാ പൊളിച്ച അതേ രൂപത്തിൽ അവർ രണ്ട് പേരും സ്റ്റിൽ!

തദവസരത്തിലാണ് കുഞ്ഞാമിത്ത അവലും കൊട്ടയുമേന്തി രംഗ പ്രവേശം ചെയ്തത്.
‘ന്റെ ഖോജ രാജാവായ തമ്പുരാനേ ഞമ്മളെന്താണീ കാണുന്നേ..മദാമ്മക്കെന്തെ
...പറ്റ്യേ പറ്റ്യേ പറ്റ്യേ.....പറ്റ്യേ ....പറ്റ്യേ(എക്കൊ)
കുഞ്ഞാമിത്തയുടെ ആ ചോദ്യത്തിൽ നിന്നും ഉരുത്തിരിഞ്ഞ ചെറുതുമ്പിനാൽ, അഞ്ചാറുമാസത്തെ മലയാളത്ത പരിചയം വച്ച് മദാമ്മയുടെ അടുത്ത ചോദ്യം ഇങ്ങനെ “ യെസ്... പറ്റി, പറ്റ്യേ കന്റോ?’
ഭാഷാ വൈകല്യം! ആർക്കുമൊന്നും മനസ്സിലായില്ല.

ആരിൽ നിന്നും ഒരു മറുപടിയും കിട്ടാതെ ക്ഷമ കെട്ട് നില്‍ക്കുകയായിരുന്ന മദാമ്മയുടെ കൺ കുളിർപ്പിച്ച് കൊണ്ട് പട്ടികളുടെ ഒരു മിന്നായം കുറച്ചപ്പുറത്ത്, മദ്രസാങ്കണത്തിൽ കണ്ട് മദാമ്മ അങ്ങോട്ടോടി. ആ ഓട്ടം കണ്ട് മദ്രസ വിട്ട് വരുന്ന കുട്ടികൾ മദാമ്മയുടെ കുണ്ടനെടായിയുടെ നേരെകൈ ചൂണ്ടി ആർത്ത് വിളിച്ച് ചിരിച്ചാർമാദിച്ചപ്പോഴാണ് മദാമ്മക്ക് ബോധം വന്നത്! ഉടനെ ഒരു മൊട്ടക്കുട്ടിയുടെ കൈയിൽ നിന്നും സ്ലൈറ്റ് പിടിച്ച് വാങ്ങി ബോധത്തിൽ ഉദയം ചെയ്ത സ്ഥലം പൊത്തിപ്പിടിച്ചു.

അപ്പുറത്ത്, നായ്ക്കള്‍ ഓടിക്കളിക്കുന്നത് കണ്ട് മദ്രസയുടെ ഓലമടൽ കൊണ്ടുള്ള വാതിൽ ചാരി, ഇല്ലിപ്പടിയടച്ച് വയർ വള്ളി കൊണ്ടൊരു കെട്ടും കെട്ടി മൊല്ലാക്ക ഒരു കെസ്സിന് തിരി കൊളുത്തി.
മുരിങ്ങാകായിക്ക് ബന്ന്
മൂപ്പര് പറഞ്ഞ് തന്ന്
മൂച്ചിപ്പിരാന്തിനാലെ
പെറ്റു ഞാനൊന്ന്- അത്
മൂത്തരം പാത്തുന്ന ജന്തു...ജന്തു...ജന്തു.....
പെട്ടെന്ന് മൊല്ലാക്കയുടെ പാട്ട് പഴയ കാല റെക്കോഡ് പ്ലേറ്റിൽ സൂചി കുടുങ്ങിയ പോലായി.

തന്റെ നേരെ പാഞ്ഞടുക്കുന്നത് ജിന്ന് വർഗ്ഗത്തിൽ പെട്ട ഹൂറിയെന്ന് നിനച്ച് ‘യാ ബദ് രീങ്ങളെ കാത്തോളണേ...’എന്ന് പറഞ്ഞ്, കഞ്ഞിപ്രാക്കിന്റെ കഴുത്തിൽ തൂക്കിയ അല്പാക്കെടുത്ത് നിവർത്തി മറച്ച് പിടിച്ച് കുന്തിച്ചിരുന്ന്‘അൽ ജിന്നും വൽ ശൈത്താൻ.....’എന്നിങ്ങനെ മന്ത്രിച്ചോദിത്തുടങ്ങി മൊല്ലാക്ക.
എന്നാൽ, മദാമ്മ മറക്കുടക്കിപ്പുറം വന്ന്
‘മിസ്റ്റർ മുല്ലക്ക...യു...യു..പറ്റ്യേ കന്റൊ’എന്ന് ചോദിച്ചു.

പെൺകൂറ്റ് കേട്ട് ഇൻസാൻ വർഗ്ഗത്തിൽ പെട്ടവളെന്ന് മനസ്സിലാക്കി മൊല്ലാക്ക കുട പൂട്ടി നിവർന്നതും മദാമ്മ ചോദ്യം വീണ്ടും ആവർത്തിച്ചു‘ഐ മീൻ...എണ്ടെ പറ്റ്യേ കന്റോ?’
“ങേ... വിത്തൌട്ടിൽ വന്ന് നിന്നതും പോര, ഹറാം പെറന്നോളെ ഒരു ചോദ്യം കേട്ടില്ലെ’‘ എന്റെ പറ്റ്യേത് കണ്ടോന്ന്...!!!” ഒരു നിമിഷം മല്ലാക്കയുടെ ഓർമകൾ രണ്ട് പതിറ്റാണ്ട് കാലം പിന്നോട്ടോടി.
തന്റെ ആദ്യ ബീഡര് ബിയ്യാത്തൂനെ പെണ്ണ് കണ്ടത് ഒരിടവഴിയിൽ വച്ച്. തന്നെ കണ്ടപ്പോൾ അവൾ നാണം കൊണ്ട് ഉടുത്തിരുന്ന വെള്ളക്കാച്ചി പൊക്കി(അന്ന് അണ്ടർ സ്കേർട്ട് കണ്ട് പിടിച്ചിട്ടില്ലായിരുന്നു) മുഖം മറച്ചപ്പോൾ ആദ്യമായി കണ്ടു!പിന്നീടിങ്ങോട്ട് എത്രയെത്ര കണ്ടു!!

ഞാവകം തിരുമ്പി വന്റ്ര് മൊല്ലാക്ക മെല്ലെ മെല്ലെ പറഞ്ഞു “ ....കൊറേ ഞമ്മള് കണ്ട്ര്ക്ക്ണ് മദാമ്മേ...പക്ഷേങ്കില്......ഫ്രേമ് വെച്ചത് ആദ്യായിട്ട് കണ്വാ...ന്ന് കൂട്ടിക്കോളീ...”
മൊല്ലാക്ക അങ്ങനെ പറയാൻ കാരണം, എഴുത്ത് പലക പൊട്ടിപ്പോയ വെറും സ്ലൈറ്റിൻ ഫ്രേം മാത്രാമാണ് മൊട്ടക്കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത്. . ബന്ധപ്പാടിൽ അത് ശ്രദ്ധിക്കാതെ, വെറും ഫ്രേം കൊണ്ടാണ് മദാമ്മ നാണം മറച്ച് നിൽക്കുന്നത്.

എന്നാൽ മൊല്ലാക്കയുടെ ആ മറുപടി മനസ്സിലാവാതെ മദാമ്മ മറ്റൊരു ചോദ്യം തൊടുത്തു വിട്ടു “യു ...എന്റ്റെ... പറ്റ്യെ അരിയോ..?”
ആ ചൊദ്യം കേട്ട് മൊല്ലാക്ക തന്റെ അരയിൽ തിരുകിയ മലപ്പുറം കത്തി തപ്പിയെന്ന് കഥ.
-----------------------------------------------
ആദ്യം പറയാന്‍ വിട്ട് പോയത്:- ഭൂതത്താൻ പറഞ്ഞ പോലെ നിങ്ങൾ കേട്ട ഒരു പഴം കഥ എന്റെ വക കുറച്ച് മേമ്പൊടിയും ചേർത്ത്, തിരൂർക്കാരൻ പറഞ്ഞ രൂപത്തിൽ പുതിയ കുപ്പിയിലാക്കിയതാണെ...

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില