രീതി ഏതുമാവട്ടെ കാശ് വാരണം എന്ന് കരുതി തന്നെയാണ് കൂടുതൽ ഡോക്ടർമാർമാരും ഇന്ന് ജനങ്ങളെ സേവിക്കുന്നത്. ഈ വർഗ്ഗം പൊതു കൂട്ടായ്മയിൽ നിന്നും അയലോക്കക്കാരില്‍ നിന്ന് പോലും അകന്ന് നിന്ന് നില്ക്കുന്നതും അത് കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തന്റെയടുത്തെത്തുന്ന സാധാരണക്കാരായ രോഗികകളെ എങ്ങനെ മുറിവുണ്ടാക്കാതെ രക്തമൂറ്റാമെന്ന് ഗവേഷണം നടത്തി അത് പരീക്ഷിച്ച് വിജയിച്ചവരാണ് കൂടുതലെന്ന് ഞാൻ പറയുന്നെങ്കിൽ; അതിൽപെട്ടയാളാണ് നിങ്ങളെങ്കില്‍,,, നിങ്ങളെന്നോട് കലിപ്പ് കാട്ടിയിട്ട് കാര്യമില്ല.
അനുഭവങ്ങൾ പലർക്കും പലതുമുണ്ടാവും. എനിക്കും ഉണ്ട്. അതിൽ നിന്നും ഈയടുത്ത കാലത്തെ ഒരനുഭവം മാത്രം പറയാം.
ബന്ധത്തിൽ പെട്ട ഒരു ഗർഭിണി സ്ഥിരമായി മഞ്ചേരി പേര് കേട്ട ഒരു ഗൈനക്കിന്റെ മേല്‍ നോട്ടത്തിലാണ്. ഗർഭം ഏഴാം മാസത്തിലേക്ക് കടന്നപ്പോൾ പരിശോധനക്ക് ചെന്നു. ഈ ലേഡിയുടെ അഭിപ്രായത്തിൽ ഒരു സ്കാനിംഗ് എടുത്തു. അത് നോക്കി ഡോക്ടർ ഞെട്ടി (അഭിനയം) കൊണ്ട് ചോദിച്ചു.
"നിങ്ങൾ എങ്ങനെയാ പോന്നത് കാറിലോ അതോ ബസ്സിലോ"
"ഞങ്ങൾ ബസ്സിലാ" ഗർഭിണി.
"കൂടെ ആണുങ്ങൾ ആരെങ്കിലും..... പെട്ടെന്ന് കോഴിക്കോട്----------- ആശുപത്രിയിൽ എത്തണം. ഞാൻ എഴുത്ത് തരാം. പേടിക്കാൻ ഒന്നും ഇല്ല. എന്നാലും,,,,,,,, കുട്ടിയുടെ കഴുത്തിൽ പൊക്കിൾ കൊടി ചുറ്റിയിട്ടുണ്ട്. അത് ചിലപ്പോൾ അപകടമുണ്ടാക്കിയേക്കും. അതിനുള്ള ചികിത്സ കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്----------- ലും മാത്രമേ ലഭിക്കൂ. അതിനാൽ ...."
ഡോക്ടറുടെ അയ്ഞ്ഞാം കൊയ്ഞ്ഞാം വർത്താനം കേട്ട് ഗർഭിണി തളരും മുമ്പേ ഉമ്മയുടെ ശരീരം തളർന്നു. അത് കണ്ട് ഡോക്ടർ ( തന്റെ സംസാരം 'കൊണ്ട' സന്തോഷം മറച്ച് വച്ച്) പറഞ്ഞു. നിങ്ങളിങ്ങനെ ബേജാരാവാനൊന്നും ഇല്ല. വേഗം ആണുങ്ങളെ ആരെങ്കിലും വിളിച്ച് ഒരു വണ്ടിയുമായി വരാൻ പറയ്.
അവർ വിളിച്ചു. വണ്ടി വന്നു. നേരെ വിട്ടു കാലിക്കറ്റ് അവർ പറഞ്ഞ ആശുപത്രിയിൽ പറഞ്ഞ ലേഡി ഡോക്ടരുടെ അടുത്തേക്ക്. ഡോക്ടർ അഡ്മിറ്റ് ചെയ്തു.
"തൽക്കാലം ഞാൻ നോക്കട്ടെ ചിലപ്പോൾ പെട്ടെന്ന് ഓപ്പറേഷൻ വേണ്ടി വരും. അതിനായുള്ള തയ്യാറെടുപ്പിൽ നിന്നോളൂ..." ( മെയിനായിട്ട് കാശ് റെഡിയാക്കി വച്ചോളൂന്ന് ചുരുക്കം)
പിന്നെ വിളിച്ചു ആദ്യം എന്നെ. പിന്നെ ആരെക്കൊയോ....
ഞാനും ഭാര്യയും കിട്ടിയ വണ്ടിക്ക് കേറി ആശുപത്രിയിൽ. നോക്കുമ്പോൾ ഐസിയുവിൽ.... ഭാര്യ ചെന്ന് ചോദിച്ചു.
"കുട്ടിക്ക് അനക്കമില്ല. കുട്ടിന്റെ കഴുത്തിൽ പൊക്കിൾ കൊടി രണ്ട് ചുറ്റ്. അതിനാല്‍ കുട്ടിയുടെ അല്ലെങ്കിൽ രണ്ടാളുടെയും ജീവൻ..... അവൾ കരഞ്ഞു. പടച്ച തമ്പുരാനെ.... ഒരോ കഷ്ടപ്പാടുകൾ വരുന്ന നേരം.... എന്ന് പറഞ്ഞ് ഭാര്യയും. സംഭവം കേട്ടറിഞ്ഞ് ഞാൻ ഡോക്ടറെ പോയി കണ്ട് വിവരമന്വേഷിച്ചു. ഡോക്ടർ വിശദീകരിച്ച് പഞ്ഞു തന്നു.
"..............അല്ല ഇങ്ങനെയൊക്കെ ആവുമ്പോൾ കുട്ടിക്ക് അല്ലെങ്കിൽ തള്ളക്ക് എന്തെങ്കിലും ആപത്ത്...?"
"അത് പറയാൻ പറ്റില്ല. നമുക്ക് ചെയ്യാനുള്ളത് നമ്മൾ ചെയ്യണം. ചിലപ്പോള്‍ പെട്ടെന്ന് ഓപ്പറേഷൻ വേണ്ടി വരും"
"ശരി പക്ഷേ, ആ കുട്ടിയുടെ ഭർത്താവ് വിദേശത്താണ്. ഓപ്പറേഷൻ ഒക്കെ ആവുമ്പോൾ ഒന്ന് വിളിച്ച് പറയണ്ടെ"
ഞാൻ പുറത്ത് പോയി മറ്റു ആളുകളുമായി സംസാരിച്ചു.
ഭർത്താവിനെ ലൈനിൽ കിട്ടിയിട്ടില്ല. തല്ക്കാലം ഇപ്പോൾ ഓപ്പറേഷൻ ചെയ്യണ്ട. ഇന്നൊരു ദിവസം കൂടി കഴിഞ്ഞോട്ടെ. ഇപ്പോൾ കുട്ടി അനങ്ങുന്നുണ്ട് എന്നാണ് അവൾ പറയുന്നത്. ഇനി അത്യാവശ്യമായി വന്നാൽ ഞങ്ങളോട് ചോദിക്കേണ്ട ആവശ്യമില്ല. ഉടൻ ഓപ്പറേഷന്‍ ചെയ്തോളൂ. എന്ന തീരുമാനം ഡോക്ടറോട് പറഞ്ഞു.
"ഓകെ, നിങ്ങളെ തീരുമാനം അങ്ങനെയെങ്കിൽ അതാവട്ടെ. എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രിയെയൊ എന്നെയോ കുറ്റം പറയരുത്. ഒന്നും സംഭവിക്കാതിരിക്കട്ടെ. എല്ലാം പടച്ച തമ്പുരാന്റെ അടുത്താണ്" (ഇതാണ് ഈ വിധ ഡോക്ടർ മാരുടെയും വാക്കടവുകൾ)
രോഗിക്കും ഉമ്മക്കും ദൈര്യം കൊടുത്ത് ഞങ്ങൾ നാട് പിടിച്ചു. വീട്ടിലെത്തി ഒതുക്കുകല്ലിൽ ഈ വിഷയവും പറഞ്ഞ് ഇരിക്കെ എല്ലാം കേട്ട്; സ്കൂളില്‍ പഠിക്കുന്ന മകൾ ചോദിച്ചു
"ഉപ്പാ അതിനു അംബ്ലിക്കൽ കോഡ് എന്നല്ലേ പറയാ"
"അതേ"
"എന്നാ ങ്ങക്ക് കേക്കണോ. അതൊരു വിഷയമല്ല. മൂന്നിലൊരു കുട്ടിയെ അങ്ങിനെയായിരിക്കും പ്രസവിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. കുട്ടി പുറത്തേക്ക് വരുന്ന സമയം പരിചയസമ്പന്നനായ ഒരാൾ (ഡോക്ടറാവണമെന്നില്ല) അത് ശ്രദ്ധിക്കണമെന്നും കൂടുതൽ ചുറ്റുണ്ടെങ്കിൽ കുട്ടിയെ അടുത്ത് കിടത്തി കോഡ് കട്ട് ചെയ്യണമെന്നും"
"ജ്ജൊന്ന് പോയ്ക്കാ അന്റൊരു ഗൂഗിളും കുന്തോം കൊണ്ട്. കുട്ടിന്റെ കഴുത്തിൽ അത് ചുറ്റി മുറുക്യാ പിന്നെ കുട്ടിക്ക് എങ്ങന്യാ ശ്വാസം കിട്ടാ ..?"
"അയ്നുമ്മാ കുട്ടി പള്ളന്റെ ഉള്ളിന്ന് ശ്വാസം വലിക്കോ. ങളാ പ്പോ അന്തോം കുന്തോം ഇല്ലാത്ത വർത്താനം പറേണത്. അതൊരു കൊഴുത്ത വെള്ളത്തിലല്ലേ കിടക്കുന്നത്. അതിലെങ്ങനെയാ ഈ കോഡ്മു റുകാ"
അത് കേട്ടപ്പോ ഞാൻ വാ പൊളിച്ച് ചിന്തിച്ചു ഭാര്യയും ചിന്തിക്കാൻ ഒപ്പം കൂടിയപ്പൊ ഒരു തീരുമാനമായി. ഉടൻ വിളിച്ചു ആശൂത്രീക്ക്
"നിക്കട്ടവടെ ഓപ്പറേഷൻ ചെയ്യാൻ സമ്മതിക്കരുത്. നമുക്ക് നാളെ രാവിലെ ഡിസ്ചാർജ്ജ് ചെയ്യണം. എല്ലാം ഞങ്ങൾ രാവിലെ വന്നിട്ട് തീരുമാനിക്കാം"
പിറ്റേന്ന് നിർബന്ധിച്ച് ഡിസ്ചാർജ്ജ് വാങ്ങി. അപ്പോഴും സ്വന്തം തീരുമാനത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നെന്ന്‍ പറഞ്ഞ് ഒപ്പിടാനും പേടിപ്പിക്കാനും അവരെല്ലാം മുമ്പിലുണ്ടായിരുന്നു. രണ്ട് ദിവസം അഡ്മിറ്റിനും ഫോളിക്ക് ആസിഡ് ഗുളിക കൊടുത്തതിനും ഒരു കുപ്പി ഗ്ലൂക്കോസ് കേറ്റിയതിനും പയിനെട്ടായിരത്തി എമ്പത്തഞ്ചു രൂപ മാത്രമേ ആയുള്ളൂ ?? അക്കണക്കിന് ഓപ്പറേഷന്‍, ഏഴാം മാസത്തെ കുട്ടിയെ കുറെ ദിവസം ചൂടാക്കല്‍, ഐസിയു പിന്നെ ആ ടെസ്റ്റ് ഈ ടെസ്റ്റ്............ ഉള്ള വീടും കുടിയും വിക്കേണ്ടി വന്നേനെ.
വീട്ടിലെത്തിയപ്പോൾ നാട്ടുകാരും വീട്ടുകാരും ഞങ്ങളെ രണ്ടാളെയും ഒളിഞ്ഞും തെളിഞ്ഞും കുറ്റം പറയുന്നുണ്ടായിരുന്നു. (ആ ഒരു കാര്യം ഭയന്ന് കൂടുതൽ ആളുകളും ഉറച്ച തീരുമാനങ്ങൾ രോഗിക്കൊ അല്ലെങ്കിൽ അവരുടെ രക്ഷിതാക്കൾക്കൊ വിട്ട് കൊടുക്കാറാണ് പതിവ്) എന്നാലും അല്പം ഭയം ഞങ്ങൾക്കില്ലാതില്ലായിരുന്നു. എല്ലാം പടച്ച തമ്പുരാനിൽ അർപ്പിച്ച് പിറ്റേന്ന് നേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്. അവിടെ ഡോക്ടർ പട തിരിച്ചും മറിച്ചും പരിശോധിച്ച് ചെലക്കാണ്ടെ പോവാൻ പറഞ്ഞു (ആ അർത്ഥത്തിൽ) എന്തെങ്കിലും പ്രത്യേകിച്ച് തോന്നുന്നെങ്കിൽ വരാനും അല്ലെങ്കിൽ പത്തും തെകഞ്ഞിട്ട് ഏതെങ്കിലും തൊട്ടടുത്തുള്ള ആശുപത്രിയിൽ പോയാൽ മതിയെന്നും സാധാ ഒരു പ്രസവം തന്നെ നടക്കുമെന്നും പറഞ്ഞത് കേട്ട് അവിടന്ന് പോന്നപ്പോൾ ഒരു മഴക്കാറൊഴിഞ്ഞ സന്തോഷത്തിലായിരുന്നു ഞാനും ഭാര്യയും. ആകെ ചെലവായത് അറുപത് രൂപ.
ഇനി മേലിൽ മഞ്ചേരി പോയി ആ ഡോക്ടറെ കാണിക്കരുതെന്ന് പറഞ്ഞതിന് വിപരീതമായി അവർ ആ ഡോക്ടറെ തന്നെ പോയി കണ്ട് വിവരം പറഞ്ഞു. പ്രൈവറ്റ് ആശുപത്രിയിൽ രണ്ട് ദിവസം നിങ്ങൾക്ക് നല്ല ട്രീറ്റ്മെന്റാണ് (നാല് ഫോളിക്ക് ആസിഡ് ടാബ് ഒരു കുപ്പി ഗ്ലൂക്കൊസേയ്) ലഭിച്ചത് അത് കൊണ്ടാണ് രക്ഷപ്പെട്ടതെന്നും എന്നാലും പത്ത് മാസം തെകയാൻ നില്ക്കാൻ പറ്റൂലെന്നും അതിന്റെ മുമ്പേ ഓപ്പറേഷൻ വേണ്ടി വരുമെന്നും പറഞ്ഞത് വിശ്വസിച്ചു ആ പാവങ്ങൾ അതിനു നിർബന്ധിതരായി. അങ്ങനെ ആ വകുപ്പും പറഞ്ഞ് നാല്പത്തഞ്ചായിരം അവരും വാങ്ങി വച്ചു. അപ്പോഴും അവർക്കാശ്വാസം,,,,, രണ്ട് മൂന്ന്‍ ലച്ചം കോയ്ക്കോട് ആശൂത്രീല് പോയില്ലല്ലോന്ന്‍ പറഞ്ഞ്.
ഇങ്ങനെയൊക്കെയാ സാധാരണക്കാരെ പറഞ്ഞ് ഭയപ്പെടുത്തി പല ഡോക്ടര്‍മാരും പറ്റിക്കുന്നത്.
ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ എന്റെ അറിവ് വച്ച് :-
*ഈ കേസിന് ഒരു വിധം എല്ലായിടത്തും ചികിത്സ ലഭിക്കും.
*കഴിയുന്നതും കുറച്ച് ലോക വിവരം ഉള്ള ആളെ കൂട്ടി ആശുപത്രിയില്‍ പോവുക.
*ഒന്ന്‍ രണ്ട് കാര്യം പറയുമ്പോഴേക്കും നിങ്ങള്‍ക്ക് വിവരമില്ലെന്ന്‍ ഡോക്ടര്‍ മനസ്സിലാക്കും.
*നിങ്ങള്‍ക്ക് വില കൂടിയ ആഭരണവും വേഷവും ഉണ്ടായിട്ട് കാര്യമില്ല.
*വലിയ അസുഖമാണെന്ന് വിധിയെഴുതിയാല്‍ മറ്റൊരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും.
*ഒരു തുളസിയില കൊണ്ട് മാറാവുന്ന അസുഖത്തിനു വലിയ സ്പെഷ്യലിസ്റ്റ്‌നെ തന്നെ കാണണം എന്ന്‍ നിര്‍ബന്ധം പിടിക്കാതിരിക്കുക.
*അസുഖത്തിന്റെ പേരും പറഞ്ഞ് പുറത്ത് പോയാല്‍, ഇന്നൊരു ദിവസം അടുക്കള അമ്മായിഅമ്മ അല്ലെങ്കില്‍ 'ഓള്' നോക്കിക്കോളും എന്ന്‍ പെണ്ണുങ്ങള്‍ കരുതരുത്. കാരണം ഒരോ മരുന്നും മറ്റൊന്നിനു നല്ലതല്ല എന്ന മനസ്സിലാക്കുക.
* ചന്തമുണ്ടായിട്ടെന്ത് അന്തമില്ലെങ്കില്‍ പിന്നെ ! അല്ല,,,ഇത് മനസ്സില്‍ പറഞ്ഞതാ .
--------------------------------------
വാല്‍കഷ്ണം ഷാനവാസുമാര്‍ അല്ലാത്ത ഡോക്ടര്‍മാര്‍ക്ക്.
നിങ്ങള്‍ വാങ്ങിയ മുവ്വായിരത്തിന്റെത് കലങ്ങിപ്പിഞ്ഞിയല്ലേ ഞാന്‍ വാങ്ങിയ മുന്നൂറിന്റെതിനു ഒരു കുഴപ്പവുമില്ലല്ലോ !