2012, മേയ് 11, വെള്ളിയാഴ്‌ച

വെറുതെയല്ല ഭര്‍ത്താവ്!ഒരു ബെഡ് റൂമും അടുക്കളയും ചെറിയൊരു ഹാളും മാത്രമുള്ള ഫ്ലാറ്റില്‍ തന്റെ ഭാര്യയെന്ന ശരീരത്തെ വിരസതയിലൂടെ മേയാന്‍ വിട്ട്, ഒരു കട്ടന്‍ ചായ മാത്രം കുടിച്ചു കൊണ്ട് അന്നുമയാള്‍ ജോലി സ്ഥലത്തേക്ക് ഓടി. 
പതിവുകള്‍ക്കു പുതുമയൊന്നുമില്ലാത്തതിനാല്‍ അവള്‍ എസിയുടെ കടുത്ത തണുപ്പില്‍ പുതപ്പിനുള്ളിലേക്ക് ചുരുണ്ടു. വീണ്ടും ഉറങ്ങി തന്റെ ചന്തമുള്ള ശരീരം ചില ഗള്‍ഫു ഭാര്യമാരെപ്പോലെ വെറുമൊരു ഇറച്ചിത്തുണ്ടാമാവാന്‍ അവള്‍ ഇഷ്ടപ്പെടുന്നില്ല. കണ്ണുകളടച്ചു കഴിഞ്ഞ കാലത്തിലേക്ക് ഒന്ന് ഊളിയിടാന്‍ അവള്‍ക്കെന്നും ഇഷ്ടമായിരുന്നു.


ഒന്നുരിയാടി മനസ്സിനുള്ളില്‍ കെട്ടിക്കിടക്കുന്നതൊക്കെ ഒന്നൊഴുക്കിക്കളയാന്‍ ആരുമില്ലാത്ത,,,, പെട്ടെന്നാണവള്‍ ഓര്‍ത്തത് താഴത്തെ നിലയില്‍ താമസിക്കുന്ന അറബി പെണ്ണുങ്ങള്‍ തലേന്ന് പറഞ്ഞ "ഇതെന്താ നിങ്ങള്‍ കൈകാലിലെ രോമം കളയാത്തെ. അത് നിര്‍ബന്ധമായും വേണം. എന്നിട്ട് കുളിച്ചൊരുങ്ങി മേയ്ക്കപ്പും ചുണ്ടില്‍ ലിപ്സ്റ്റിക്കുമൊക്കെയിട്ട് നിക്കണം...... ജോലി കഴിഞ്ഞു വരുന്ന ഭര്‍ത്താക്കന്മാര്‍ അത് കാണുമ്പോഴുണ്ടല്ലോ...! ഇടക്കെന്നെന്കിലുമൊന്നു കേറി വരുന്ന അവര്‍ ഭാഷക്കൊപ്പം താളവും ഭാവവുമായി കള്ള ചിരിയോടെ പറഞ്ഞ അക്കാര്യത്തെ കുറിച്ച് അവള്‍ കുറച്ചു നേരം ആലോചിച്ചു. ഡോക്ടര്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ പറഞ്ഞ രണ്ടു മൂന്നു ദിവസമാണ് ഇന്ന് തൊട്ട്. അവസാനം അവള്‍ ഒരു തീരുമാനത്തിലെത്തി.


 അവള്‍ കിടന്നിടത്ത് നിന്നും എണീറ്റ്‌ ബാത്ത് റൂമില്‍ ചെന്ന് സെറ്റെടുത്ത് നൈറ്റ്ഗൌണ്‍ പൊക്കി മുട്ടുകാലിനു താഴെ അല്‍പ സ്ഥലം........ശേഷം വടിച്ചിടം കൈ വിരലോടിച്ചു നോക്കി. കൂടുതല്‍ മിനുസവും, വെളുപ്പും; അത് വരെ വേണോ വേണ്ടയോ എന്ന് തീരുമാനമാവാത്ത അവളില്‍ അത് ആവേശം ജനിപ്പിച്ചു. പിന്നെ ഗൌണ്‍ അഴിച്ചു വച്ച് എല്ലായിടവും.... കുളിയും കഴിഞ്ഞു വലിയ കണ്ണാടിക്കു മുമ്പില്‍ പോയി നിന്ന് അവള്‍ തന്റെ വിവസ്ത്രയായ പ്രതിബിംബം മറ്റൊരാളെന്ന പോലെ നോക്കി കണ്ടു. പിന്നെ മനസ്സിലെ സുഖ ദുഃഖങ്ങള്‍ പങ്കു വെക്കപ്പെടുന്ന തന്റെ ഏറ്റവും വലിയ കൂട്ടുകാരിയായ നിഴലിനോട്‌ കോപ്രായങ്ങള്‍ കാട്ടി സല്ലപിച്ചു. പിന്നെ ആ ശരീരം ഒരു മാക്സിക്കുള്ളില്‍ ഒളിപ്പിച്ചു,


അവളെ പോലെ തന്നെ എകാന്തതയോടു പൊരുതി ഇരമ്പിക്കൊണ്ടിരിക്കുന്ന എസി ഓഫാക്കി. ജാലക വിരിപ്പുകള്‍ വകഞ്ഞു മാറ്റി ചില്ല് പാളികള്‍ ഒരു വശത്തേക്ക് നീക്കി പുറത്തെക്കൊന്നു എത്തി നോക്കി. താഴെ പാര്‍ക്ക് ചെയ്ത കാറുകള്‍ കഴുകിക്കൊണ്ട് നില്‍ക്കുന്ന കാവല്‍ക്കാരന്‍ ബംഗാളി. അയാളുടെ കൈകള്‍ കാറിന്‍ ബോഡിയിലെ ഫെയറി പതകള്‍ തുടച്ചു മാറ്റുന്നുണ്ടെങ്കിലും കണ്ണുകള്‍ തറച്ചിരിക്കുന്നത് തന്റെ മുഖത്തേക്കായിരുന്നു. ഫ്ലാറ്റിന്റെ ഉടമയെക്കാളും അധികാരം കാണിക്കുന്ന അയാളെ എന്നും വെറുപ്പോടെ മാത്രമേ അവള്‍ കാണാറുള്ളു.


ജനല്‍ തുറന്നാല്‍ ഉടനെ അവിടന്നും ഇവിടന്നുമായ ദാഹാര്‍ത്തമായ പല ജോഡി കണ്ണുകള്‍ അവളുടെ ഒരു കടാക്ഷത്തിനായി കത്തുന്നത് അവള്‍ സ്ഥിരമായി കാണാറുണ്ട്‌. മനസ്സില്‍ തീ എരിയുന്ന നിസ്സഹായര്‍ക്ക്ഒരു ചെറു ചിരി കണ്ടാല്‍ പോലും ശരീര മോഹം സായൂജ്യമടയുമായിരിക്കും. ഒരു പക്ഷേ അതു തന്റെ വെറുമൊരു തോന്നല്‍ മാത്രമാകാം. പൊള്ളുന്ന പകലില്‍ പുറത്തെ വെളിച്ചവും വായുവും ശ്വസിക്കാന്‍ ആവാതെ അവള്‍ തിരിഞ്ഞു. കിച്ചണില്‍ ചെന്ന് ലൈറ്റ്തെളിയിച്ചപ്പോള്‍ കൂറകൂട്ടങ്ങള്‍ പലയിടങ്ങളിലേക്കായി ഓടിയൊളിച്ചു. കുറച്ചു കോണ്‍ഫ്ലാക്സ് എടുത്തു അതിലേക്കു ചുടു പാലും ഒഴിച്ചു. തല്‍ക്കാലം അത് തിന്നു വിശപ്പടക്കി. അദ്ദേഹം വൈകിയേ വരൂ. അപ്പോഴേക്കും എന്തെങ്കിലുമൊക്കെ പാകം ചെയ്യുകയാണ് പതിവ്. പാത്രം വാഷ് ബേസിനിലേക്ക് എറിഞ്ഞ് കൈ കഴുകി ഹാളിലെ സോഫയിലേക്ക് ചരിഞ്ഞു. തുരുമ്പെടുത്ത ചിന്തകള്‍ അവളറിയാതെ തന്നെ കൂട്ടിനു വന്നു. 'രണ്ടാള്‍ക്കും തകരാറൊന്നുമില്ല. പക്ഷെ ഒരുമിച്ചു കഴിയണം' എന്ന ഡോക്ടരുടെ ഉപദേശം.അദ്ദേഹത്തിന്റെ ഇഷ്ടത്തെക്കാള്‍ തന്റെ ആഗ്രഹമായിരുന്നു ഗള്‍ഫിലെ ഒരുമിച്ചുള്ള ജീവിതം. മാസങ്ങള്‍ പിന്നിടുമ്പോഴും നാട്ടില്‍ നിന്നുമുള്ള 'വിശേഷം വല്ലതുമുണ്ടോ' എന്ന ചോദ്യത്തിനു എന്നും ഉത്തരം ഒന്നേയുള്ളൂ. ഇല്ല, പ്രത്യേകിച്ചൊന്നുമില്ല.


ഇവിടെ എത്തി തന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒരു ഗൈനകോളജിസ്റ്റിനെ കാണാന്‍ തന്നെ കൂട്ടാക്കിയത്‌. ഈ രണ്ടു മൂന്നു ദിവസം ലീവെടുത്ത് ഭാര്യയുമായി കഴിയാന്‍ ഡോക്ടര്‍ കുറെ ഉപദേശങ്ങള്‍ക്കൊപ്പം പറഞ്ഞിരുന്നെങ്കിലും അതദ്ദേഹം കാര്യമായെടുക്കില്ലെന്നറിയാം . ജോലി, സമ്പാദ്യം എന്ന ഒരു ചിന്ത മാത്രമേ അദ്ദേഹത്തിനുള്ളു. പെട്ടെന്ന് ഫോണ്‍ ബെല്‍ അടിക്കുന്ന ശബ്ദം കേട്ട് അവള്‍ ഞെട്ടി. ബെഡ് റൂമിലെത്തി. മൊബൈല്‍ എടുത്തു നോക്കി. അതില്‍ തെളിഞ്ഞ നമ്പര്‍ കണ്ട് ഓണാക്കാന്‍ ഒന്ന് ശങ്കിച്ചു. പലപ്പോഴായി ഈ നമ്പരില്‍ നിന്നും വിളി വരുന്നു. അറ്റന്റു ചെയ്ത് ആരെന്നു ചോദിച്ചാല്‍ ഒരു മറുപടിയും ഇല്ലായിരുന്നു. എന്നാല്‍ ഇന്നലെ ഫോണെടുത്ത് ഹലോ പറയും മുമ്പേ ഏതോ ഒരുത്തന്റെ ചോദ്യം "എന്താടീ------- "ബാക്കി പറഞ്ഞ തോന്ന്യാസം കേട്ട് ഒന്നു ഞെട്ടിയെങ്കിലും "താങ്കള്‍ക്കു ആള് മാറിപ്പോയി" എന്ന അവളുടെ മറുപടിയില്‍ അയാള്‍ പതറിയതായി തോന്നി. ഇന്ന് വീണ്ടും...? ഒന്നറച്ചു നിന്നെങ്കിലും അവള്‍ ബട്ടണമര്‍ത്തി. അപ്പുറത്ത് നിന്നും അയാളുടെ ശബ്ദം. "ഹലോ"
കട്ടാക്കിയാലോ എന്നൊരു വേള ചിന്തിച്ചെങ്കിലും അവള്‍ "എന്താ താങ്കള്‍ക്കു വേണ്ടത്" എന്ന് ചോദിച്ചു.
"ക്ഷമിക്കണം ഞാനിന്നലെ...അറിയാതെ...അതിനും വേണ്ടി ഒരു സോറി പറയാന്‍......." അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞതിന് അവളൊന്നും മറുപടി പറഞ്ഞില്ല. പിന്നെ ഓരോ ചോദ്യമായി. അതിനെല്ലാം ഒറ്റ വാക്കില്‍ മറുപടിയും പറഞ്ഞു. സംസാരം നീണ്ടു പോവുന്നതറിഞ്ഞ് അവള്‍ ദൃതി കൂട്ടി. അപ്പോള്‍ അയാളുടെ ഭാവം മാറി. "തിരക്ക് കൂട്ടല്ലെ മോളെ ഏതായാലും ഒറ്റക്കല്ലേ റൂമില്‍. എനിക്കും കാര്യമായ പണിയൊന്നും ഇല്ല നമുക്ക് കുറച്ചു നാട്ടു വര്‍ത്താനങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കാം... ഏന്തേ"


അയാളുടെ മനസ്സിലിരുപ്പ് കേട്ട് "താന്‍ ഉദ്ദേശിച്ച ആളല്ലേടോ ഞാന്‍.. നീ പോയി...." അവള്‍ അയാള്‍ക്ക്‌ നേരെ കലി തുള്ളി ഫോണ്‍ കട്ട് ചെയ്തു. പിന്നെ ആത്മഗതമെന്നോണം കുറച്ചുറക്കെ തന്നെ പറഞ്ഞു "അയാളെന്താ എന്നെ കുറിച്ച് വിചാരിച്ചേ.... തെണ്ടി, നാറി. അപ്പൊ ഇതിനായിരുന്നു പലപ്പഴുമുള്ള ആ വിളി" അവള്‍ ഫോണ്‍ സോഫയിലെക്കെറിഞ്ഞു കിതച്ചു.


ഏറെ വൈകി എത്തിയ ഭര്‍ത്താവിനെ ചോദ്യങ്ങള്‍ കൊണ്ടു മുഷിപ്പിക്കണ്ട എന്ന് അവള്‍ നേരത്തെ തീരുമാനിച്ചിരുന്നു. ചോദിച്ചാല്‍ കിട്ടുന്ന മറുപടി അവള്‍ക്കറിയാം "ഇന്ന് നിര്‍ബന്ധ ഓവര്‍ ടൈം..." തന്റെ ഇന്നത്തെ മാറ്റം കണ്ടു അദ്ദേഹം തന്നെ വാരിപ്പുണരുന്നതോര്‍ത്ത് വാതില്‍ തുറന്ന് കൊടുത്തു. അയാളെ നേരിടാന്‍ വയ്യാതെ അവള്‍ തല താഴ്ത്തി നിന്നു. അകത്തേക്ക് കേറിയ അയാള്‍ അവളുടെ രൂപവും ഭാവവും കണ്ടു ഒന്നമ്പരന്നു "ഇതെന്താ കാട്ടിക്കൂടിയെ...ഇപ്പൊ നിന്നെ കണ്ടാ ശരിക്കും ലക്ഷം വീട്ടിലെ ശാന്തേനെ പോലെണ്ട്' എന്ന് പറഞ്ഞത് കേട്ട് അല്പം നിരാശ തോന്നിയെങ്കിലും അത് മറച്ചു വച്ച് അവള്‍ നാണത്തോടെ വശ്യമായി പുഞ്ചിരിച്ചു. അയാള്‍ അതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കാതെ വേഷം മാറി നേരെ ബാത്ത് റൂമിലേക്ക്‌ കേറി. ആ സമയം അവള്‍ രണ്ടു പേര്‍ക്കും കഴിക്കാനുള്ള ഭക്ഷണം എടുത്തു വച്ചു.


ഭക്ഷണം കഴിച്ചു കഴിഞ്ഞു പാത്രങ്ങളെല്ലാം വൃത്തിയാക്കാന്‍ നാളത്തേക്ക് മാറ്റി അവള്‍ ദൃതിയില്‍ ബെഡ് റൂമിലെത്തി. അപ്പോഴേക്കും അയാള്‍ നെറ്റിയില്‍ കൈകള്‍ വച്ച് കണ്ണുകള്‍ ചിമ്മിയിരുന്നു.അവള്‍ അയാള്‍ നെഞ്ച് വരെയിട്ട ബ്ലാങ്കറ്റിനകത്തെക്ക് കേറി. അയാളെ തന്റെ കൈകളാല്‍ കെട്ടി വരിഞ്ഞു. അവളുടെ ശരീരത്തിന്റെ മാറ്റം അപ്പോള്‍ മാത്രമാണ് അയാള്‍ ശ്രദ്ധിച്ചത്. അയാള്‍ അടച്ച കണ്ണുകള്‍ തുറന്ന് മുട്ടുകയ്യില്‍ നിവര്‍ന്നു അവളെ സാകൂതം നോക്കി. അവള്‍ നാണം കൊണ്ടു. പക്ഷെ അവള്‍ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. ‘നീയെന്താ പോണ്‍ ഫിലിമില്‍ അഭിനയിക്കാന്‍ പോകുന്നോ. വെറുതെ ഓരോ മണ്ടത്തരങ്ങള്‍ ചെയ്തു വച്ചു.....”അയാള്‍ അവളെ കളിയാക്കി ചിരിച്ചു. പിന്നെ ഒരു വശത്തേക്ക് ചരിഞ്ഞു, കൈ രണ്ടും തലക്ക് താങ്ങായി വച്ചു ചുരുണ്ടു.


അവള്‍ക്കതൊരു തമാശയായി തോന്നിയില്ല. പകരം ഇരച്ചു പൊങ്ങിയ ദേഷ്യത്തെ നിയന്ത്രിച്ച് മെല്ലെ അയാളെ തനിക്കഭിമുഖമാക്കാന്‍ ശ്രമിച്ച് കൊണ്ടു മൊഴിഞ്ഞു
“പിന്നേയ്....ഇന്ന് ഡോക്ടര്‍ പറഞ്ഞ ഒന്നാമത്തെ ദിവസമാ..’
“ങാ...എനിക്കറിയാം ഡോക്ടര്‍മാര്‍ അങ്ങനെ പല വിഡ്ഢിത്തങ്ങളും പറയും. അത് വിശ്വസിക്കാന്‍ മാത്രം പോഴനല്ല ഞാന്‍. മാത്രവുമല്ല മറ്റുള്ളവരുടെ ക്ഷീണം അവര്‍ക്കറിയില്ലല്ലോ. നിയാ ലൈറ്റോഫാക്കി കിടന്നുറങ്ങാന്‍ നോക്ക്. അതൊക്കെ.......”അയാള്‍ പിന്നെയും എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു.  
 അതിനു മുമ്പേ തന്നെ അവളിലെ ആവേശമെല്ലാം അണഞ്ഞു പോയിരുന്നു.


മൌനം കനത്തു. ഇരുട്ടില്‍ ചാലിട്ട കണ്ണുനീര്‍ തുടച്ചു അവള്‍ മലര്‍ന്നു കിടന്നു.
പിറ്റേന്ന് വളരെ നേരം വൈകിയാണ് അവള്‍ എണീററത്.
തലേന്നു കാര്യമായൊന്നും കഴിക്കാഞ്ഞതിനാല്‍ നല്ല വിശപ്പുണ്ടായിരുന്നു. വാഷ്‌ബേസിനില്‍ നിന്നും ഒന്ന് കുലുകുഴിഞ്ഞു അവള്‍ ചായക്ക് വെള്ളം വച്ചു. റഫ്രിജരേറ്റര്‍ തുറന്ന് ഒരു റൊട്ടിയും കുറച്ചു ജാമും പിന്നെ ഒരു ഖിയാറും കാരെറ്റുമെടുത്തു. തിളച്ച വെള്ളത്തിലേക്ക് തെയിലയിട്ടു ഗ്ലാസിലേക്ക് പകര്‍ന്നു ഹാളിലേക്ക് നടന്നു. സോഫയിലിരുന്നു ചായ ഒരു കവിള്‍ കുടിച്ചു. നല്ല വിശപ്പുണ്ടായിട്ടും റൊട്ടി കഴിക്കാന്‍ ഒരു മടി പോലെ. ചായഗ്ലാസും മറ്റും ടീപോയില്‍ വച്ച് കാലുകള്‍ ടീപോയുടെ ഒരു ഭാഗത്തേക്ക് കേറ്റി വച്ച് കൈകള്‍ ഇരു വശത്തേക്കും നിവര്‍ത്തി അവള്‍ സോഫയിലേക്ക് ചാഞ്ഞു.


അപ്പോള്‍ തലേന്ന് ദേഷ്യത്തില്‍ സോഫയിലേക്കെറിഞ്ഞ മൊബൈല്‍ കൈയ്യില്‍ തടഞ്ഞു. അവള്‍ അതെടുത്ത്ബട്ടണില്‍ വെറുതെ ഞക്കിക്കൊണ്ടിരുന്നു. റസീവ്ഡ കോളില്‍ എത്തിയപ്പോള്‍ അവളുടെ വിരലുകളുടെ ചലനം അല്‍പ നേരം നിന്നു. പിന്നെ എപ്പഴോ അവളുടെ വിരലുകള്‍ പച്ച ബട്ടണില്‍ അമര്‍ന്നു. രണ്ടു നിമിഷം കഴിഞ്ഞു അവള്‍ ഫോണ്‍ ചെവിയോടടുപ്പിച്ചു. അങ്ങേ തലക്കലെ റിംഗ് ടോണ്‍ കേട്ട് അവളുടെ ഹൃദയമിടിപ്പിനു വേഗതയേറി. അതിനു പിറകെ ഹലോയെന്ന അയാളുടെ ശബ്ദം കൂടി കേട്ടപ്പോള്‍ അവളുടെ ചങ്കുകള്‍ വരണ്ടുണങ്ങി!
33 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

മോഹങ്ങള്‍ കൊഴിയുമ്പോള്‍, സ്വപ്നങ്ങള്‍ തകര്‍ന്നുവീഴുമ്പോള്‍, ഏത് പെണ്‍മനസ്സും പ്രതികരിക്കാനൊരുങ്ങും. പ്രതികാരത്തിന്റെ രൗദ്രഭാവത്തിന് വാള്‍മുനയുടെ മൂര്‍ച്ചയുണ്ടായാല്‍ ഏത് ബന്ധവും അറ്റുവീഴും. അവള്‍ പകല്‍ക്കാഴ്ചകള്‍ക്ക് മുന്നിലേക്ക് ശിരസ്സുയര്‍ത്തി കടന്നുവരുമ്പോള്‍ തകരുന്നത് ആരുടെയൊക്കെ.....

(കടം കൊണ്ട വാക്കുകള്‍)

Shaiju Rajendran പറഞ്ഞു...

'അവഗണിക്കപ്പെടുന്നവര്‍' താന്താങ്ങളുടെ വഴി തിരഞ്ഞെടുക്കും.

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇത്ര പെട്ടെന്നൊ? അത്രക്കങ്ങു വിശ്വാസം വരുന്നില്ല ബഷീറിക്ക.
തുടര്‍ന്ന് വായിപ്പിക്കാന്‍ തോന്നുന്ന അവതരണം നന്നായിരിക്കുന്നു.

Pheonix പറഞ്ഞു...

വളരെ മിതമായ വാക്കുകളില്‍ ലളിതമായി പറഞ്ഞു. അവിഹിതത്തിന്റെ പ്രാരംഭ വഴികള്‍ ഇതില്‍ നിന്നും മനസ്സിലാക്കാം. ആവിഷ്കരിച്ചതിനു അഭിനന്ദനം.

ishaqh ഇസ്‌ഹാക് പറഞ്ഞു...

വെറുതെയൊരു ഭര്‍ത്താവ്...!

MANSOOR പറഞ്ഞു...

ഞാന്‍ വിജാരിച്ച അത്ര മസാലയില്ല ,അതിനാല്‍ എനിക്ക് ഇഷ്ടമായില്ല .


Mansoor Palakkad

ajith പറഞ്ഞു...

പെണ്ണൊരുമ്പെട്ടാല്‍....

OAB/ഒഎബി പറഞ്ഞു...

Shaiju Rajendran> സ്വാഗതം,
പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്

പട്ടേപ്പാടം റാംജി>ഈ വരവിനും നന്ദി പറഞ്ഞു കൊണ്ട്:-
മുമ്പ് എഴുതി വച്ചതായിരുന്നു. അതില്‍ അല്പം നീളം(ചിന്തിച്ചാല്‍ അശ്ലീലം) കുറച്ചു.

ഫിയൊനിക്സ്> നേരിട്ടനുഭവം ഇല്ലെങ്കിലും ഇവിടെ (ശറഫിയയില്‍) കടയില്‍ നില്‍ക്കുന്ന വിശ്വസ്തനായ ഒരു സ്നേഹിതന്‍ പറഞ്ഞ കുറെയേറെ അനുഭവ കഥകളില്‍ നിന്നും തെരഞ്ഞെടുത്ത ഒന്നിനെ എന്റെ ഭാവനക്കനുസരിച്ച് ആവിഷ്കരിച്ചു. ഇഷ്ടപ്പെട്ടതില്‍ നന്ദി.

OAB/ഒഎബി പറഞ്ഞു...

ishaqh ഇസ്‌ഹാക്- അതെ
ആ പേര് നിര്‍ദ്ദേശിച്ച എന്റെ പ്രിയ സ്നേഹിതന് ഇവിടെ നന്ദി പറയട്ടെ.

MANSOOR> അതിനിത് മന്മദം പേജല്ലല്ലോ. എങ്കിലും നന്ദിയുണ്ട്.

ajith > ഒരുമ്പെടീക്കാന്‍ കരുതി കൂട്ടുന്ന ആണുണ്ടായാല്‍.....
നന്ദി, അജിദു.

ഫെയര്‍ 66 പറഞ്ഞു...

കുറഞ്ഞ വാക്കുകളില്‍ നന്നായവതരിപ്പിച്ചു. സ്ത്രീകള്‍ വഴിവിട്ടുപോകുന്നതിനു പകുതിയും കാരണക്കാര്‍ "ഫര്താവുദ്യോഗസ്തരാന്" എന്നാണെനിക്കു തോന്നുന്നത്. അവര്‍ക്ക് വേണ്ട പരിഗണനയും കരുതലും കൊടുത്താല്‍ തന്നെ ഒരുവിധപ്പെട്ട പെണ്ണുങ്ങള്‍ ഒന്നും മറ്റൊരു ബന്ധതെപറ്റി ചിന്തിക്കാന്‍ സാധ്യത കുറവാണ്. ബാക്കിയൊക്കെ അല്ലാഹുവില്‍ അര്‍പ്പിച്ചു ജീവിക്കുക തന്നെ...വിശ്വാസം അതല്ലെയെല്ലാം.

Unknown പറഞ്ഞു...

വെറുതെയല്ല ഭര്ത്താവ്! അതിലുണ്ട് എല്ലാം :)
ആശംസകള്‍

Unknown പറഞ്ഞു...

വെറുതെയല്ല ഭര്ത്താവ്! അതിലുണ്ട് എല്ലാം :)
ആശംസകള്‍

Mohiyudheen MP പറഞ്ഞു...

നല്ല രസകരമായ അവതരണം, വായിച്ച്‌ തീര്‍ന്നതേ അറിഞ്ഞില്ല ബഷീര്‍ ഭായ്‌. സ്ത്രീകള്‍ വഴിതെറ്റിപ്പോകാന്‍ ഇടയാക്കുന്ന ഒരു സംഭവമിങ്ങനെ എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ ഈ പ്രമേയത്തില്‍ അല്‍പം പഴമയുണ്‌ട്‌ എന്നത്‌ മാത്രമാണ്‌ കുറവ്‌. ഗള്‍ഫ്‌ പശ്ചാത്തലത്തില്‍ പറഞ്ഞത്‌ കൊണ്‌ട്‌ ഒരു പുതുമ നല്‍കി,. ആ ഭര്‍ത്താവിനെ ഏഭ്യന്‍ എന്നേ ഞാന്‍ വിളിക്കൂ,,,, ഭാര്യമാരുടെ ശരീരത്തിന്‌റെ ദാഹം ദിവസവും തീര്‍ത്ത്‌ കൊടുക്കാത്തവന്‍ ആണാണോ... ആണും പെണ്ണും കെട്ടവനല്ലേ...എന്‌റെ രോക്ഷം തിളച്ച്‌ മറിയുന്നു...

Rashid പറഞ്ഞു...

വന്നു കണ്ടു ഇഷ്ടപ്പെട്ടു കീഴടങ്ങി....

സ്നേഹിക്കുന്നവരാല്‍ അവഗണിക്കപ്പെടുന്നവര്‍ സ്നേഹിക്കുന്നവരെ വെറുക്കും എന്നാണല്ലോ..

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഭര്‍ത്താവ് വെറുതെയാണോ അല്ലയോ എന്നതിനേക്കാള്‍ , അവഗണിക്കപ്പെടുന്ന ഒരു സ്ത്രീയുടെ മനസ്സ് ഈ കഥയില്‍ കാണാം. ശാരീരിക സ്നേഹത്തെക്കാള്‍ , സഹജീവി എന്ന പരിഗണനയുണ്ടായാല്‍ തന്നെ ഒരു സ്ത്രീയും അത് തേടി പോകുമെന്ന് തോന്നുന്നില്ല. ഇത്തരം മിക്ക സംഭവങ്ങളിലും പുരുഷന്‍ തന്നെ അവരെ പറഞ്ഞയക്കുകയാണ് ....

അധികം പരത്തിപ്പറയാതെ നന്നായി എഴുതി ട്ടോ...

Unknown പറഞ്ഞു...

കുഞ്ഞൂസ് ചേച്ചിയോട് യോജിക്കുന്നു..അപവാദങ്ങൾ ഉണ്ടാകാമെങ്കിലും. ഇത് പുരുഷനും സ്ത്രീക്കും ബാധകമാണു..

നന്നായിഷ്ടാ...

ന്തായാലും ഒരു ന്യൂജനറേഷൻ കഥ...

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
OAB/ഒഎബി പറഞ്ഞു...

ഫെയര്‍ 66 > അതാണതിന്റെ ശരിയായ കാര്യം.

Thechikkodan Shams> ശരിയാണ്, ഈ കഥ പറഞ്ഞപ്പോള്‍ പേര് നിര്‍ദ്ദേശിച്ച ഇസ്ഹാക്കിനാനതിന്റെ കടപ്പാട്.


Mohiyudheen MP > ഗള്‍ഫു റൂമിലെ ഒറ്റപ്പെടലിന്റെ ആകുലത; അതും കൂടെയാണീ
പ്രമേയം.

ഇങ്ങനെയുള്ള ആളുകള്‍ മറ്റുള്ളവരുടെ ഉപദേശം ഒരിക്കലും സ്വീകരിക്കാറില്ല എന്നതും ശ്രദ്ദേയമാണ്.
എന്ത് ചെയ്യാം മുഹീ, രോഷം തീര്‍ക്കാന്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ.

Rashid >ഈ കമന്റില്‍ ഞാനും കീഴടങ്ങി. താങ്കളുടെ വരികള്‍ ശരി വക്കുന്നു.

കുഞ്ഞൂസ് (Kunjuss) >വളരെ വളരെ കറക്റ്റ്. നല്ല കാഴ്ചപ്പാട് തന്നെ.
വക്കാനും വിളമ്പാനും വീട് വൃത്തിയാക്കാനും ഒരു വേലക്കാരിയെ മതി ഇവര്‍ക്ക്. സ്ത്രീ ശരീരം അത്യാവശ്യമെങ്കില്‍ വല്ല...ഓ അതിനൊക്കെ കൂലി കൊടുക്കണമല്ലോ അല്ലെ.

പരത്തിപ്പറഞ്ഞാ ഇപ്പഴത്തെ കാലത്ത് വായിക്കാന്‍ ആര്‍ക്കും സമയമില്ലല്ലോ പെങ്ങളെ :) എഴുത്തിഷ്ടപ്പെട്ടത്തില്‍ സന്തോഷം.


sumesh vasu > അപവാദങ്ങള്‍ മാത്രമല്ല സത്യങ്ങളും. നേരത്തെയുള്ള ഒരു കമന്റില്‍ പറഞ്ഞ പോലെ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു ജീവിക്കുക.

ഇപ്പറഞ്ഞതിനു പ്രത്യേക നന്ദി.

അഭിപ്രായം എഴുതിയവര്‍ക്കെല്ലാം വളരെ നന്ദി.

Shaleer Ali പറഞ്ഞു...

സ്വന്തം സുഖങ്ങളിലും സൌകര്യങ്ങളിലും മാത്രം താല്പര്യം കാണിച്ചു ,കൂടെ ജീവിക്കുന്ന ഇണയുടെ മനസ്സ് അവഗണിക്കപ്പെടുമ്പോള്‍ .. അതിന്റെ പര്യവസാനം എങ്ങനെയൊക്കെയായിരിക്കാംഎന്നതിന്റെ ഒരു ഉദാഹരണം ...... നന്നായി അവതരിപ്പിച്ചു ആശംസകള്‍....................

Unknown പറഞ്ഞു...

ഭര്‍ത്താവ് അവഗണിച്ചുവെന്ന് തോന്നിയാല്‍ ഏതെങ്കിലും പൂവാലന്‍റെ പുറകേ പോവുകയാണോ വേണ്ടത്.. പോയി പണി നോക്കാന്‍ പറഞ്ഞിട്ട് അന്തസ്സായി ജീവിക്കണം..

anupama പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തേ,
സംഭവിച്ചു കൊണ്ടിരിക്കുന്ന സമകാലീക പ്രശ്നങ്ങള്‍ വരികളിലൂടെ പറഞ്ഞു. ആശംസകള്‍!
ആദ്യം ആത്മാവറിയുക....സൗഹൃദം ,വിശ്വാസം, കരുതല്‍ എല്ലാം തന്നെ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നു. സസ്നേഹം,
അനു

Naseef U Areacode പറഞ്ഞു...

നല്ല ശൈലി.... ഇഷ്ടപ്പെട്ടു.. ആശംസകൾ

aboothi:അബൂതി പറഞ്ഞു...

വൈകിയെത്തിയ ആളാണ്‌.. എങ്കിലും കഥയിലെ വിഷയം ഒരു അഭിനന്ദനം അറിയിച്ചിട്ടെ പാടുള്ളൂ എന്ന് പറയുന്നു. ഈ വിഷയം വളരെ കയ്യടക്കത്തോടെ പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍..

Areekkodan | അരീക്കോടന്‍ പറഞ്ഞു...

സമര്‍ഥമായി അതിര്‍വരമ്പ് വിടാതെ അവതരിപ്പിച്ചു...അഭിനന്ദനങ്ങള്‍

ഫൈസല്‍ ബാബു പറഞ്ഞു...

വിശ്വാസം അതെല്ലേ എല്ലാം !!!!! അവതരണ ശൈലിയിലെ പുതുമ ഇതൊരു മികച്ച പോസ്റ്റ്‌ ആക്കി ...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

:)

Unknown പറഞ്ഞു...

ഇത്രയും നല്ല കഥകൾ എഴുതിയിട്ടും നിങളുടെ പോസ്ട്ടുകൾക്കു കമന്റുകൾ കുറവ് കാണുന്നതിൽ അൽബുതം തോന്നുന്നു. ഞാൻ വെറുമൊരു വായനക്കാരൻ മാത്രം.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇതൊക്കെയാണ്
യഥാർത്ഥ കഥകൾ..
നിങ്ങളൊക്കെ എഴുതാതിരിക്കുന്നതിന്റെ
നഷ്ട്ടം വായക്കാർക്കാണ് കേട്ടൊ ഭായ്

പടന്നക്കാരൻ പറഞ്ഞു...

തരക്കേടില്ല !!!

ഐക്കരപ്പടിയന്‍ പറഞ്ഞു...

കുറെകാലത്തിനു ശേഷം ഒന്ന് വന്നതാണ്....
നന്നായിട്ടുണ്ട്...

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഇവിടെ ആദ്യം ,,ഇനിയും വരാം

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഇവിടെ ആദ്യം ,,ഇനിയും വരാം

OAB/ഒഎബി പറഞ്ഞു...

എന്നെ വായിക്കാനെത്തുന്ന സ്നേഹിതന്മാരെ, വായിക്കാനും എഴുതാനും ഏറെ ഇഷ്ട്ടമാണെങ്കിലും സമയക്കുറവ് അല്ലെങ്കിൽ ഓഫീസ് ജോലി അല്ലാത്തതിനാലും എനിക്ക് നിങ്ങളോ ടടുക്കാൻ പറ്റുന്നില്ല. അതിനാൽ ക്ഷമിക്കുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.

എല്ലാവര്ക്കും നന്ദി.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില