2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

ബസ്സിനുള്ളിലെ ഡെഡ്‌ബോഡി!

സ്റ്റ് എയ്ഡ് ബോക്സില്‍ നിന്നും ഭക്തി ഗാനത്തിന്റെ ഒരു കാസെറ്റെടുത്ത് സ്റ്റീരിയോയിലിട്ട് പാടിപ്പിച്ച് രണ്ട് ചന്ദനത്തിരി കത്തിച്ച് ഡാഷ് ബോര്‍ഡിലും വച്ച് ‘ദൈവമേ പ്രശ്നങ്ങള്‍ ഉണ്ടാവാത്ത ഒരു ദിനമാകണേ‘ എന്ന് പ്രാര്‍ത്ഥിച്ച് കഴിഞ്ഞ് ഡ്രൈവര്‍ ബസ്സ് സ്റ്റാര്‍ട്ടാക്കാനൊരുങ്ങുമ്പോഴാ ക്ലീനര്‍ ഭയത്തോടെ വിളിച്ച് പറഞ്ഞത് “ദേ... ചോര....“
അതെ ഞങ്ങളെല്ലാവരും കണ്ടു,,!! ബസ്സിനുള്ളിലെ പിറകിലെ സീറ്റിനടിയിലെ പെട്ടിയില്‍ നിന്നും ചോര വരിയിട്ടൊലിച്ചിരിക്കുന്നു! “ടൌണിലിറക്കാന്‍ ഉള്ളതാ.... നിങ്ങളവിടെ എത്തുമ്പോഴേക്കും ആള് അവിടെ ഇറക്കാനായി കാത്ത് നില്‍പ്പുണ്ടാവും“ എന്ന് പറഞ്ഞ് ഇന്നലെ വൈകീട്ടത്തെ ട്രിപ്പില്‍ ഗ്രാമത്തിലെ കവലയില്‍ നിന്നും കേറ്റി വിട്ട പെട്ടിയില്‍...????
കേട്ടറിഞ്ഞ് കണ്ടറിഞ്ഞ് ജനം കൂടി.
അക്കാലത്ത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച ‘ഡോക്ടര്‍ ഓമന‘ കാമുകനെ കൊന്ന് വെട്ടിനുറുക്കി പെട്ടിയിലാക്കിയ പോലെ പഹയന്മാര്‍ ആരെയെങ്കിലും കൊന്ന് പെട്ടിയിലാക്കി കേറ്റി വിട്ടതാണൊ?
എന്തായാലും പോലീസ് വരട്ടെ എന്നിട്ട് മതി പെട്ടി പൊട്ടിച്ച് നോക്കാന്‍ എന്നായി വിവരമുള്ളവര്‍. പോലീസ് വരട്ടെ, അതിന് മുമ്പ് ഞങ്ങളുടെ ബസ്സോടുന്ന നാട്ടിലെ കുടിയാന്മാരെ കുറിച്ച് പറയാം.

പുതുതായ് റൂട്ടിലൂടോടി വരുന്നൊരു ബസ്സിനെ മാലയിടുന്നതും മാളോര്‍

പിന്നെ അവനാം പടിക്കലൊന്ന് നിന്നിലേല്‍ കല്ലെറിവതും മാളോര്‍!!പൂരപ്പറമ്പിലെഒന്ന് വച്ചാല്‍ രണ്ട്, രണ്ട് വച്ചാല്‍ നാല് കളിയിലെ ചട്ടീലെ ഉണ്ട പോല്‍ കറങ്ങി, അവിടെ നിക്കും ഇവിടെ നിക്കും എന്ന് കരുതുന്ന ബസ്സ് റൂട്ട്. അപ്പളുമിപ്പളുമായി അങ്ങാടിയിയില്‍ കൊണ്ടിട്ട ആണ്‍പെറന്നോനെ മോന്തിക്ക് മുമ്പേ വീട്ടിലെത്തിച്ചില്ലെങ്കില്‍ ബസ്സ് ജോലിക്കാരെ കിടത്തിയുറക്കാത്ത (അയ്യേ,,, ഞങ്ങളാ ടൈപ്പല്ല) പെമ്പറന്നോത്തികളുള്ള നാട്. ബസ്സ് ജോലിക്കാരെ സില്‍മാനടന്മാരെ പോല്‍ ആരാധിക്കുന്ന ഒന്നിനാത്തരം പോന്ന നാടന്‍ സുന്ദരിമാരുടെ നാട്. കല്ല്യാണമാണേലും തക്കാരമാണേലും വച്ചു വിളമ്പുന്നതില്‍ ഒരോരി പാര്‍സലായ് ഞങ്ങള്‍ക്ക് എത്തിക്കാന്‍ സന്മനസ്സ് കാണിക്കുന്നവരുടെ നാട്. സ്നേഹസമ്പന്നത കണ്ടസൂയ പൂണ്ടഓന്റെ പെരന്റെ മുമ്പിലെ റോഡിലെ കുജ്ജ്‘ ഒരു പുടി മണ്ണിട്ട് മൂടാന്‍ പോലും തയ്യാറാവാതെ നാട് നന്നാക്കാന്‍ നടക്കുന്നവരുടെ നാട്.

അങ്ങനെയുള്ള നാട്ടില്‍,
ഒരിക്കല്‍ കാലമില്ലാ കാലത്ത് പെയ്ത മഴയില്‍, നേരമില്ലാ നേരത്ത് മണ്ടിപ്പായുന്ന ബസ് ചക്രം കേറിത്തെറിച്ച വെള്ളത്തിന് പകരം ചാണകം കലക്കി ഡ്രൈവറെ തലയില്‍ കൂടി ഒഴിച്ച് നാട്നന്നാക്കികള്‍ അവരുടെ സ്നേഹം ഒന്നും കൂടെ അരക്ക്+ ഇട്ട്+ ഉറപ്പിച്ചു. അതിന് ശേഷം മഴക്കാലത്ത് മേല്‍ സ്ഥലമെത്തിയാല്‍ പുലി പോലോടുന്ന ബസ് പുഴു പോലരിക്കും. ചാകണം,,,,, അല്ല ചാണകംകലക്കിയതിനെ ഭയന്നല്ല. അത് കലക്കാനവര്‍ക്കുള്ള ബുദ്ധിമുട്ട്! പിന്നെ ദിലീപ് കാവ്യയുടെ മുമ്പില്‍നിന്ന പോല്‍ ‘ഗൊച്ചു ഗള്ളാ ഒഴിച്ചോളൂ....ഹും...’ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് കലം വാങ്ങി തലയില്‍കമിഴ്ത്തിയത് കൊണ്ട് ഡിസര്‍ട്ടായി കിടക്കുന്ന ഡ്രൈവറുടെ തലയില്‍ ഒരു മ..മ...മ..അല്ലെങ്കിലത്‌വേണ്ട മത്തങ്കുരു പോലും മുളക്കില്ല എന്ന തിരിച്ചറിവ്!!

എന്നാല്‍, പൊളിമാര്‍ക്കറ്റിലേക്ക് കാലും നീട്ടിയിരിക്കുന്ന ബസ്സിന്റെ സെക്കന്‍ ഗീര്‍ രണ്ട് പല്ല് പൊട്ടിപ്പോയതിനാല്‍ ഫസ്റ്റില്‍ നിന്നും തേര്‍ഡിലേക്ക് ഡയരക്റ്റായി മാറ്റി, ഒരു റൌണ്ട് മുഴുവന്‍ പ്ലേയുള്ള സ്റ്റേറിങ്ങ് കറക്കി മലയോരപ്പാതയിലെ എസ് വളവ് വീശിയൊടിച്ച്, തൊട്ട് കാണുന്ന വീട്ടിലെ ജനലഴികളില്‍ പിടുത്തമിട്ട എട്ട് വിരലുകള്‍ക്ക് പിന്നില്‍ കിലുങ്ങുന്ന കുപ്പിവളക്കു മീതെ തിളങ്ങുന്ന രണ്ട് കണ്ണിനുടമക്ക് ഒരു പഞ്ചാരപുഞ്ചിരി സമ്മാനിച്ച്, എല്‍ ബെന്റ് ആട്ടിയൊടിച്ച് കാണുന്ന ബാലവാടിപ്പടിയിലെ പെണ്ണുങ്ങളെ ഒന്ന് ഹോണടിച്ച (ബസ്സിന്റെ ട്ടൊ) ശേഷം ഒരു നാരങ്ങ ചിരി കൊടുത്ത്, മൂന്നും കൂടിയേടത്ത് കൂടിയ നലാള്‍ക്ക് വേണ്ടി രണ്ട് കിക്കീ യടിച്ച് ഒരു ഹായ് പറഞ്ഞ്, ഓല ഷെഡ്ഡിലെ കവുങ്ങിന്‍ തടിയില്‍ നാട് നന്നാക്കാനായ് തല ‘പുകക്കുന്ന‘ പയ്യന്മാര്‍ക്കൊരു പുളിഞ്ചിരി നല്‍കി കൈ വീശി സലാം പറഞ്ഞ്, ഒറ്റവരിപ്പാതയില്‍ കൂടി വട്ടുരുട്ടി വരുന്ന കുട്ടിയെ നോക്കി, ചാമ്പറയില്‍ മേയുന്ന കോരുവിന്റെ മൂരീന്റെ കൊമ്പ് നോക്കി,അമ്മു ഏടത്തീടെ ചെമ്മക്കന്‍ കോഴി ആമിനുമ്മേടെ പെടക്കോഴീനെ നടു റോട്ടിലിട്ട് ബലാത്സംഘം ചെയ്യുന്നത് നോക്കി,,,,,,,,,,,,ഹാവൂ....ഒന്ന് ശ്വാസം വിട്ടോളി....

അങ്ങനെ അരിപ്പോം തിര്പ്പോം ബസ്സോടിച്ച് സമയാസമയത്ത് അതാത് സ്ഥലത്ത് പാസ് ചെയ്ത് ജന പ്രീതി സമ്പാദിച്ച കുഞ്ഞാന്റെ കൈയ്യില്‍ നിന്നും ഒരു കൈ പിഴ പറ്റിയതെങ്ങനെയെന്നതാണ്, പോലീസ് വന്ന് പെട്ടി പൊട്ടിച്ച് കണ്ടപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ അല്‍ഭുത ചിന്ത !

പിന്നീട്, മുമ്പെ കീറിമുറിഞ്ഞ ബോഡി ആയതിനാല്‍ പോസ്റ്റ് മോര്‍ട്ടം ആവശ്യമില്ലെന്ന് പോലീസ്. ഏറ്റെടുക്കാന്‍ ബന്ധത്തില്‍ പെട്ടവരാരും വരില്ല എന്നറിയാമായിരുന്നതിനാല്‍ അനാഥ ശവമായി അടക്കം ചെയ്യാനുള്ള ആളുകളെ ഞങ്ങള്‍ തന്നെ ഏര്‍പ്പാടാക്കി. രാവിലത്തെ ഒരു ട്രിപ്പ് മുടങ്ങിയെങ്കിലും അടുത്ത ട്രിപ്പെടുക്കാന്‍ ഗ്രാമത്തില്‍ എത്തിയ കാലി ബസ്സിനെ കൂവി എതിരേല്‍ക്കാന്‍ നാട് നന്നാക്കികളെല്ലാം ഹാജരുണ്ടായിരുന്നു. കാരണം അവരാണല്ലൊ ഡ്രൈവറുടെ കൈ കാല്‍ പിഴയാല്‍ ബസ്സ്‌ കേറി ചത്ത പട്ടിയെ പെട്ടിയിലാക്കി, ഞങ്ങളെ ബസ്സില്‍ തന്നെ കേറ്റി വിട്ടത് !!




കഥ പറഞ്ഞതും വരച്ചതും നന്ദി പറയുന്നതും, ഒഎബി.
















മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില