2026 ഏപ്രിൽ 18, ശനിയാഴ്‌ച

പിച്ചും പേയും



പിച്ചും പേയും!

ചെറുകഥ.

.........................

സൂപ്പർമാർക്കറ്റിനകത്തേക്ക് കേറിയ ഉടനെ ശ്രീജയാണ് ആ കുട്ടിയെ എനിക്ക് പരിചയപ്പെടുത്തിത്തന്നത്.


ശരീരത്തിൻ്റെ ഉയർച്ചതാഴ്ച്ചകൾ കാണാത്ത വിധത്തിലുള്ള ക്രീം നിറത്തിലുള്ള ഒരു അബായയും അതിന് മാച്ചായ ഷാൾ കൊണ്ട് തല ചുറ്റി കറുത്ത ഒരു മാസ്ക്കും കെട്ടിയതിൽ പിന്നെ രണ്ട് കണ്ണുകൾ അല്ലാതെ അവളിലെ ഒന്നും തന്നെ പുറത്ത് കണ്ടിരുന്നില്ല.


എൻ്റെ ചോദ്യങ്ങൾക്ക് ചിരിച്ച് കൊണ്ടാണ് മറുപടി പറയുന്നതെന്ന് മാസ്കിൻ്റെ വലിച്ചിലിനൊപ്പം വിടരുന്ന;   കരിമഷി പടർന്ന ആ മുന്തിരിക്കണ്ണുകൾ അവൾ സുന്ദരിയാണെന്ന് വിളിച്ചോതുന്നുണ്ടായിരുന്നു. 


ഒരു പ്രമുഖ കമ്പനി ഉൽപന്നങ്ങളുടെ പ്രമോട്ടറായി ഇന്നലെ വന്നതാണ് വീട് വളരെ അകലെയല്ല. 


വളരെ കുറഞ്ഞ സമയത്തെ സംസാരത്തിനിടെ എൻ്റെ കണ്ണുകളും മനസ്സും സഞ്ചരിച്ചത് ഈ പെൺകുട്ടിയെ എൻ്റെ മരുമോളാക്കാൻ പറ്റുമൊ എന്ന വഴിയെയായിരുന്നു.


കോവിഡാനന്തര അകലം പാലിക്കൽ നിയമം തെറ്റിച്ച് ഒരടിയോളം അവളോടൊത്ത് നിന്നത് അവളുടെ പൊക്കം  ഊഹിക്കാൻ വേണ്ടി മാത്രമായിരുന്നു. ഏകദേശം നൂറ്റി അറുപത്തിനാല് അഞ്ചരയടി! മതി, എൻ്റെ മകന് ചേർന്ന ഉയരം തന്നെ. 


പെട്ടെന്ന് തന്നെ അവിടന്നിറങ്ങി സ്കൂട്ടിയെടുത്ത് വീട്ടിലെത്തി ഭാര്യയോട് സംഭവം പറഞ്ഞു. 


മകന് പെണ്ണ് തെരഞ്ഞ് മടുത്തിരിപ്പാണെങ്കിലും ആ കുട്ടിയുടെ സ്ഥലവും പഠിപ്പും വിവരവും കേട്ടപ്പോൾ അവൾ അണിഞ്ഞ മുഷിഞ്ഞ മാക്സിക് മുകളിൽ വേഗം ഒരു പർദയണിഞ്ഞ് എൻ്റെ സ്കുട്ടിക്ക് പിറകിൽ കേറി.


സൂപ്പർമാർക്കറ്റിലെത്തി ഞങ്ങൾ നേരെ ക്രോക്കറി സെക്ഷനിലേക്ക് തിരിഞ്ഞു. അതിനിടെ ഭാര്യയുടെ കണ്ണുകൾ ഒരു ക്രീം കളർ അബായ തിരയുന്നത് എനിക്ക് കാണാമായിരുന്നു.


അവിടെ സാധനങ്ങൾ തിരയുന്നതായി അഭിനയിക്കുന്നതിനിടെ ഞങ്ങൾക്ക് പിന്നിൽ ബിസ്ക്കറ്റ്  റേക്കിനരികിൽ  അവൾ നിൽക്കുന്നത് ഞാൻ ഭാര്യക്ക് കാണിച്ച് കൊടുത്തു. 


പിന്നെ ഞങ്ങൾ സാധനങ്ങൾ തെരഞ്ഞെന്നവണ്ണം അവൾക്കരികിലെത്തി. ഞാൻ ഭാര്യയെ അവൾക്കായി പരിചയപ്പെടുത്തി. പെട്ടെന്ന് തന്നെ

 "നീ എന്താ വേണ്ടതെന്ന് വച്ചാൽ എടുക്കു ഞാനിപ്പം വരാം"

 ധൃതി അഭിനയിച്ച് തൊട്ടപ്പുറത്തെ  സൂപ്പർമാർക്കറ്റിൻ്റെ ഓഫീസിലേക്ക് നടന്നു.  


പത്ത് മിനുട്ട് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഭാര്യ ബില്ല് ആക്കി എന്നെ കാത്ത് നിൽപുണ്ടായിരുന്നു. ഞാൻ പൈസയും ഒപ്പം പ്രിവിലേജ് കാർഡും കൗണ്ടറിൽ കൊടുത്ത് കാർഡ് തിരിച്ചു വാങ്ങി പോക്കറ്റിലിട്ട് തിരിഞ്ഞു. 


വഴിക്ക് വച്ച് ഞാൻ ചോദിക്കാതെത്തന്നെ ഭാര്യ പറഞ്ഞു "നല്ല ഒത്ത ഉയരോം നല്ല സ്വഭാവോം ഞമ്മളെ കുട്ടിക്ക് ഒക്കും. ഹസ്നിനാസിം അല്ല ഹസ്നനാസിം രണ്ടാളുടെ പേരും നല്ല ചേർച്ച" 


ഇതാണ് പെണ്ണുങ്ങളുടെ ഒരു സ്വഭാവം. അന്വേഷിക്കുതിന്ന് മുമ്പ് തന്നെ അവരുടെ ചിന്തകൾ എത്ര വേഗത്തിൽ എവിടെയെല്ലാം എത്തിക്കഴിഞ്ഞു. 


പിന്നെയും അവൾ പലതും പറഞ്ഞ് വീട്ടിലെത്തി സിറ്റൌട്ടിലെ ചാരു ബഞ്ചിലിരുന്ന് ഒന്ന് നെടുവീർപ്പിട്ട് 

"പക്ഷേ.... ഞ്ഞിപ്പൊ... പടച്ചോനെ... ഇതെങ്കിലും" എന്ന് സ്വയം പറഞ്ഞ് നെറ്റിയിൽ കൈവച്ച് കണ്ണടച്ച് അവൾ ബഞ്ചിലേക്ക് ചാരി. 


അതെ, അവളുടെ നെടുവീർപ്പിൻ്റെയും നിർത്തിയതിൻ്റെയും   ബാക്കി എനിക്കൂഹിക്കാനാവും.   


എത്ര കുട്ടികളെ കണ്ടു!! പലർക്കും പയ്യൻ എടുക്കുന്ന ജോലിയോ കിട്ടുന്ന ശംബളമൊ അല്ല ചോദ്യം. വൃത്തിയും വെടിപ്പും ഈമാനുമല്ല വലുത്. ജീവിത സുഖവും ആഹ്ളാദ കുടുംബവുമല്ല നോട്ടം.


പകരം +2 കാരിക്ക് പോലും അല്ല അവളുടെ ഉമ്മമാർക്ക് വേണ്ടത് ഉയന്ന ഡിഗ്രി. ബാപ്പക്ക് വേണ്ടത് തറവാട്ട് മഹിമ. ആങ്ങളക്ക് വേണ്ടത് യോയോ ചെക്കൻ. ഇരുപത്തിനാല്കാരിക്ക്  ഇരുപത്തെട്ട്കാരൻ ഏജോവറാണ് പോലും. 

 മുന്തിയ കാറും വലിയ വീടുമുണ്ടായിട്ടും ഒരുത്തിയുടെ കുറ്റം ചെക്കന്  ബുള്ളറ്റില്ലാത്തതായിരുന്നു.


ഉയരം, അടിയും ഇഞ്ചും പോയി സെൻറിമീറ്ററിലും മില്ലിമീറ്ററിലുമായി കണക്ക്. ഒരിക്കൽ പോലും കാണാത്ത

ദല്ലാൾക്ക് വേണ്ടത് ബയോഡാറ്റയും ഫോട്ടോയും മാത്രം.

വിവാഹം നടന്നാൽ മാത്രം  മുപ്പതിനായിരം നാൽപ്പതിനായിരം. അയാൾക്ക് മുടക്ക് ചെക്കൻ്റെയും പെണ്ണിൻ്റെയും നടുക്ക് ഒരു വാട്സാപ്പ് നമ്പർ.

 

എങ്ങനെയെല്ലാം നോക്കി എത്ര എത്ര ആലോചനകൾ. നിസ്സാര കുറ്റം പറഞ്ഞ് ഏതെല്ലാം ഒഴിവായി. 

അതിലെത്രയെത്ര നിർഭാഗ്യവതികൾ !!

അവർക്കറിയില്ലല്ലൊ എൻ്റെ വീട്ടിലെ സുഖവും സന്തോഷവും ഒരല്ലലുമില്ലാത്ത ജീവിതവും. 


ഏതായാലും ഭാര്യക്കും ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഒന്നന്വേഷിക്കുക തന്നെ. ഇന്നേതായാലും ശരിയാവില്ല നാളെ കൂടി അവളുണ്ടാവുമെന്ന് പറഞ്ഞിരുന്നു.


പിറ്റേന്ന് ഒരു പത്ത് മണിയോടെ കടയിലെത്തി കാഷ് കൗണ്ടറിൽ അൽപം കുശലം പറഞ്ഞ് ഓഫർ സാധനങ്ങൾ അട്ടിയിട്ടതും കടന്ന് ഓരോ റാക്കും നിരീക്ഷിച്ച് പാർക്ക് അവന്യുവിൻ്റെ രണ്ട് സോപ്പും യുനിബിക്ക് ബിസ്കറ്റുമെടുത്ത് ഇടയിലൂടെ നടന്നു.  പറഞ്ഞത് പോലെ അവൾ നേരത്തെയെത്തി റാക്കിൽ പാക്കറ്റുകൾ അടുക്കി വക്കുന്ന തിരക്കിലായിരുന്നു. 

തൊട്ടപ്പുറത്തും ശ്രീജയും അനുവും ഉണ്ടായിരുന്നു. അവരെ കണ്ടതും ഒരു നമസ്കാരവും ഒപ്പം സലാമും പറഞ്ഞ് മൂവരെയും മാറി മാറി നോക്കി.


അവർ കൈകൂപ്പി തിരിച്ചും നമസ്കാരവും അൻസി വ അലൈക്കുമുസ്സലാം പറഞ്ഞ് പുഞ്ചിരിച്ചു. അല്ല അപ്പോഴും അവളുടെ മുഴുമുഖം കാണാതെയാണെന്നാലും  ഞാൻ ഊഹിച്ചു. 


പെട്ടെന്ന് തന്നെ ശ്രീജ ഹൻസിജയോടായി പറഞ്ഞു തുടങ്ങി 

"ഇതാ ഞാൻ മുമ്പെ പറഞ്ഞെ. ഇവരെ കൂട്ടത്തിൽ ഈ ജലീൽക്ക  മാത്രേ രാവിലെ വരുമ്പോ നമസ്കാരവും ഗുഡ് മോണിങ്ങുമെല്ലാം പറയൂ. മറ്റേ മുതലാളിമാരൊക്കെ ഓരോന്ന് കൽപിച്ച് ഒരു കാര്യോം തമാശേം ഒന്നും പറയാതെയാണ്ട് പോവും"


അത് കേട്ട് ഞാനിടയ്ക്ക് ചാടി

"അതേയ് ഹസ്ന്യേ,  ൻ്റെ  ചോക്ക്ളേറ്റ് എടക്കെടക്ക് കിട്ടാൻ വേണ്ടി സോപ്പിടുന്നതാട്ടൊ അല്ലാതെ ഒന്നും അല്ല"


"ങ്ങാ പറഞ്ഞത് പോലെ ഇക്കാടെ വക മിഠായി കിട്ടീട്ട് കൊറേ ദെവസായി. ഇന്നേതായാലും മിഠായി വാങ്ങിത്തരണം ട്ടൊ ഇക്ക "


"മാൻ്റ മാൻ്റ... മുട്ടായി തിന്നണ്ടെ ഒരു പ്രായം.  തൽക്കാലം ൻ്റെ കുട്ടി വീട്ടീന്ന്  കൊണ്ടോന്ന കിറ്റില് കിട്ട്യ കടല പുഴുങ്ങിയത് തിന്നാ മതി ട്ടൊ. വേണെങ്കി ഞാനും കൂടാം..."


എനിക്കൽപം പറയാനുള്ളത് മുഴുവനാക്കും മുന്നേ ശ്രീജ വാതുറന്ന് ചിരിച്ചും കൊണ്ട് അത് ശരിവച്ചു

 "ഇക്ക പറഞ്ഞത് ശരിയാ ഓൾ എന്നും കൊണ്ടോരും കടല പുഴുക്ക് അല്ലെങ്കിൽ ചെറുപയർ"

അനു അത് കേട്ട് ചെറുതായി ചിനുങ്ങിക്കൊണ്ട് ശ്രീജയുടെ കൈയ്യിൽ പിച്ചി.

അപ്പോൾ എന്തോ ഓർത്തെന്ന വണ്ണം ഹൻസിജ ചിരി നിർത്തി പറഞ്ഞ് തുടങ്ങി. 


"ങ്ങാ ഇക്ക വീട്ടിന്ന് കൊണ്ടോര്ണ കാര്യം പറഞ്ഞപ്പഴാ ഓർത്തത്. ഇന്ന് ഞാൻ എല്ലാവർക്കുമായി നെയ്യപ്പം കൊണ്ട് വന്നിട്ടുണ്ട്.  ഇന്നലെ ഒരു പള്ള കാണാൻ പോക്ക് ഉണ്ടായിരുന്നു അപ്പൊ എൻ്റെ അമ്മായി അമ്മ.....!


അവരോട് യാത്ര പോലും പറയാൻ നിൽക്കാതെ മുമ്പെ എടുത്ത് വച്ച സാധനങ്ങളുമായി ബില്ല് പേ ചെയ്യാനായി ഞാൻ കേഷ് കൗണ്ടറിനരികിലേക്ക് നടന്നു!

2026 ഏപ്രിൽ 17, വെള്ളിയാഴ്‌ച

ആറാത്ത മുറിവുകൾ

 *ആറാത്ത മുറിവുകൾ*

........ കഥ............

ഞാനെന്റെ ഭൂതകാലത്തിലൂടെ നടക്കുമ്പോൾ ഒരു ചെറു സുഗന്ധമേറിയ സുഖമുള്ള കാറ്റെന്നെ തഴുകിയെത്തുന്നുണ്ട്.


അന്ന് മുന്നാം റെയിൽ  ട്രാക്ക് വാഗണുക്കൾക്കുള്ളതായിരുന്നു.

  മണലും കുണ്ടിൽ അട്ടിയിട്ട മരത്തടികൾ തലയിലെ തരികയിൽ ചുമടേന്തി നാടിച്ചിയും കുഞ്ഞാമിനക്കുട്ടിയുമൊക്കെ വാഗൺ പെട്ടികൾ നിറച്ചു പൂട്ടി. പിന്നെ കൂട്ടക്കാർ കൂടി തളളി വാഗണുകൾ കൂട്ടിക്കൊളുത്തി.


 അപ്പുറത്തുള്ള ലോ ഫ്ലോർ വണ്ടികളിൽ കാലാങ്കികൾ വച്ച് പുരുഷാരം ഏലേലൈസ പാടിയപ്പോൾ വൻ തേക്കുമരങ്ങൾ അവർക്ക് പിറകെ നീന്തി.


 ഉച്ചച്ചൂടിയിൽ തളർന്നപ്പോൾ പൂവത്തി മരം നിഴൽ വീഴ്ത്തിയതിൽ, മൂടൊട്ടിയ ചോര വണ്ടുകളെ തട്ടി മാറ്റി മുണ്ട് വിരിച്ച് കിടന്നപ്പോൾ വാഗക്കാതലിന്  മേലോട്ട് കേറിയ ബ്ലൗസിനുള്ളിൽ, മാവൂരിലേക്ക് കേറ്റാൻ തൊലി കളഞ്ഞ വേങ്ങമരനിറം പുറത്ത് കണ്ടു.


ചിലർ തൊട്ടപ്പുറത്തെ

 കുഞ്ഞലവി കാക്കയുടെ കടയിലെ വലിയ കലത്തിലെ മോരും വെള്ളം കുടിച്ചു. ചിലർ താഷ്ക്കന്റോട്ടലിലെ പൊറാട്ട കുഴച്ചു.


 പിന്നെ മോന്തിക്ക് കൂലി ഓഹരി വെക്കാൻ നൂറിന്റെ നോട്ടിന് ചില്ലറക്കായി പരക്കം പാച്ചിലായിരുന്നു.

ചില്ലറയായി കിട്ടിയ തുട്ടിന് ചില പെണ്ണുങ്ങൾ മടിക്കോന്തലയിൽ അര ലിറ്റർ അരി കെട്ടി, ഉണക്കമീനും ഉപ്പും മുളകും തേക്കിലയിൽ പൊതിഞ്ഞു വാങ്ങി വീടണഞ്ഞു. 

കുഞ്ഞനും നാടിയും കൊറ്റിയും മുണ്ടിച്ചിയും ഒക്കെ  റെയിലോരത്തെ കള്ളുഷാപ്പിന്റെ  മുറ്റത്തിരുന്ന് ചിരട്ടയിൽ ലഭിച്ച കള്ളു മോന്തി.


അവർ കീഴ് ജാതിക്കാർ ആയതിനാൽ അകമേറി ഗ്ലാസിൽ കള്ള് കുടിക്കാൻ പാടില്ലായിരുന്നു.


 ചില ദിവസങ്ങളിൽ ഒഴിഞ്ഞു കിടന്ന റെയിൽ ട്രാക്കുകൾ നോക്കി  ജോലിക്കാരികൾ  നെടുവീർപ്പിട്ടപ്പോൾ രണ്ട് രൂപ നോട്ട് മേസ്തിരി  കയ്യിൽ വെച്ച് നീട്ടി.

 അന്നന്തിക്ക് കുട്ടികളുടെ വിശപ്പകന്നു

കീറോലപ്പായയിൽ  ചുരുണ്ടപ്പോൾ തൊട്ടടുത്ത കുറ്റിക്കാട്ടിൽ നാഗങ്ങൾ പണം വിടർത്തിയാടി. കിതപ്പിന്റെ താളത്തിൽ ശീൽക്കാര ശബ്ദങ്ങൾ ! അവിടെ മാത്രം തൊട്ടുകൂടായ്മയും തോണ്ടിക്കൂടായ്‌യയും ഇല്ലായിരുന്നു. 

പിന്നെ

 ചാളക്ക് ചുറ്റും ബീഡിപ്പുക മണത്തു. 


 വിയർപ്പ് ചാലിട്ട മാറ് തുടച്ച് കുഞ്ഞാളു മുടി വാരി കെട്ടി റാക്ക് മണക്കുന്ന നാടിയോടൊട്ടി.


ഇന്ന്  ഞാനാ ഭൂതക്കാലത്തിൻ നോവും പേറി വർത്തമാനകാലത്തിലൂടെ നടക്കുമ്പോൾ, ചിതൽ അരിക് നക്കിയ പഴംങ്കാഴ്ചകളുടെ അടയാളങ്ങളും അളവുകളും ഹൃദിസ്ഥമെങ്കിലും പുനരാവിഷ്ക്കരിക്കാൻ തന്നിലെ ശില്പവൈദഗ്ധ്യം വേദന നിറയുന്ന ഒരു നീറ്റലായി തീരുന്നു.

അല്ലെങ്കിൽ

കാഴ്ചകളിൽ മങ്ങൽ വീഴ്ത്തി അങ്ങാടിയിലെ ആരവങ്ങൾക്കിടയിൽ നിന്നും ആ പരിചിത മുഖങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. 


മെമു കടന്ന് പോക്കുന്നതിനപ്പുറം കുറച്ചു കൂടെ മുന്നോട്ട് നടന്നാൽ കാണുന്ന പരിചിത മൺപാതയിലൂടെയാണല്ലൊ ഞാനെന്റെ കൗമാരങ്ങൾ താണ്ടിയത്. അവിടെ ചിലരതാ പൂർവ്വ സ്മൃതികളിൽ നിന്നും എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. 


ഇനി പഴമയുടെ ഉറയൂരിക്കളഞ്ഞ്

കൃത്രിമമായ

സൌഹൃദലാഞ്ചനയോടെ കൈവീശിക്കാണിച്ച് അവർക്കിടയിലൂടെ കടന്ന് പോയേ പറ്റു!

ഇല്ലിക്കല്ലിലേക്ക് പോക്കും വഴി

 Part =1


ഇന്ന് രാവിലെ മൂന്നുമണിക്കാണ് ഉറങ്ങിയതെങ്കിലും പതിവ് തെറ്റാതെ അഞ്ചുമണിക്ക് തന്നെ എണീറ്റ് പള്ളിയിൽ പോയി ജമാഅത്ത്  നമസ്കാരം കഴിഞ്ഞ് എന്റെ 3 മണിക്കൂൾ അക്കൗണ്ടന്റ് ജോലിക്കായി പോകുമ്പോൾ, എനിക്കെതിരെ mec7 നായി എനിക്കെതിരെ വരുന്ന രണ്ട്  സ്ത്രീകളുടെ സംഭാഷണം "അല്ലെടി ഈ മകരമാസം ഏതു മാസത്തിലാണ് വരാറ്" 

 കരണ്ട് പോയതിനാൽ കെട്ടുപോയ സ്ട്രീറ്റ് ലൈറ്റില്ലാ ഇരുട്ടിൽ ശബ്ദമില്ലാത്ത എന്റെ വെളുത്ത ചിരി അവർ കാണാനിടയില്ല.


 അപ്പോൾ ഞാൻ ഓർത്തത് ഇന്നലെ ഈ സമയത്ത് എവിടെയായിരുന്നു?

 അനുഭവങ്ങൾ

കുറിച്ച് വക്കാതെ മനസ്സാകും മാറാപ്പിൽ കെട്ടിവച്ചാൽ ആവശ്യത്തിനെടുത്ത് നോക്കുമ്പോൾ  അവ ചുക്കിച്ചുളിഞ്ഞ പാട്ടിലായിരിക്കും. അതിൽ നിന്നും അൽപം നല്ലതെടുത്ത് അലക്കി തേച്ച് 

 കംഫർട്ട് മുക്കിയാൽ അതിന്റെ സുഗന്ധം നിങ്ങൾക്കും അനുഭവിക്കാമല്ലൊ എന്ന തോന്നലോടെ...


 പറഞ്ഞതുപോലെ മൂന്ന് മണി കഴിഞ്ഞ് ഏതാനും മിനിട്ടുകൾക്കുള്ളിൽ ഞങ്ങൾക്ക് പോകാനുള്ള ചതുർചക്ര ശകടം ഒരു ഇരുമ്പലോടെ വണ്ടൂർ മണലുമ്മൽ  സ്റ്റാൻഡിന്റെ മുമ്പിൽ വന്നു നിന്നു.


​ഞാനും എപ്പോഴും കട്ടക്ക് കൂടെയുള്ള ഭാര്യയും, മരുമകളും,  പേരക്കുട്ടിയും ഉറ്റ സുഹൃത്ത് ഉമ്മറും ഭാര്യയും

​ബസിൽ കയറി.


 ഉടൻ ഞാൻ ഭാര്യയോട് (പതുക്കെ) പറഞ്ഞു: "ദൈവമേ, ഞാൻ വൃന്ദാവനത്തിൽ എത്തിപ്പെട്ടുവോ?! ഇതെന്തൊരു കാഴ്ച! ഇത്രയധികം ഗോപികമാർ!"

​അതുകേട്ട്, എന്റെ മഹാലക്ഷ്മി എന്നെ നോക്കി ഒരു ദുർഗ്ഗാദേവി ലുക്ക് തന്നു, പക്ഷേ ഞാൻ വിട്ടില്ല.

​സത്യം പറഞ്ഞാൽ, ഈ കെഎസ്ആർടിസിയാകും വൃന്ദാവനത്തിൽ ഒരു ശ്രീകൃഷ്ണൻ ആകാൻ എനിക്ക് ഒട്ടും മോഹമില്ല. കാരണം, എന്നിലെ കാല്പനികഭാവം കണ്ട് കൃഷ്ണന്റെ ചുണ്ടിലെ മുളന്തുണ്ടാകാൻ ഇതിൽ ആർക്കും പൂതിയാണ്ടാകൂല. പിന്നെ ഞാനൊരു 'കുഴലൂത്തുകാരനുമല്ലല്ലൊ' ഇനി അഥവാ ഞാൻ ഊതിയാൽ എന്റെ മുന്നിൽ പത്തി വിടർത്തിയ സർപ്പമായി ഞമ്മളെ കെട്ടിയോള് ഉണ്ടാവും.

​പിന്നെ, എന്തിനാ വെറുതേ റിസ്‌ക്ക് എടുക്കുന്നത്? മാത്രവുമല്ല എന്റെ മഹാലക്ഷ്മി ഇപ്പോഴും സന്തൂർ സോപ്പ് തേച്ച് കുളിക്കുന്നതിനാൽ 'ഏത് കോളേജിലാ' എന്ന് ചോദിക്കുന്നവർ ഇപ്പോഴുമുണ്ട്

അതുകൊണ്ട് കൃഷ്ണന്റെ റോൾ തൽക്കാലം അവിടെയുള്ള ചെറുപ്പക്കാർക്ക് വിട്ടുകൊടുത്തിട്ട് ഞാൻ മഹാലക്ഷ്മിയുടെ സ്വന്തം ഭർത്താവായി ഞങ്ങളുടെ സീറ്റിൽ പൃഷ്ഠമൂന്നി!


ഒരു നീണ്ട വർഷപ്പെയ്ത്തിന്റെ ആരവങ്ങൾ അടങ്ങി പ്രകൃതി കരിമ്പടം പുതച്ചതിനുള്ളിലേക്ക് പ്രകാശ കിരണം പായിച്ച് ഞങ്ങളുടെ ഗജരാജൻ ചെറിയ ഒരിമ്പലോടെ കുതിച്ചു.


നേരത്തെ താഴ്ത്തിയിട്ട ഷട്ടറുകൾ തുളച്ച് കേറിയ തണുപ്പിന്റെ കൈകൾ ശരീരത്തെ കെട്ടിപ്പുണരുന്നുണ്ടെങ്കിലും ഉള്ളിലെ യാത്രയുടെ ആവേശം ഒരു കനലായി ജ്വലിച്ചു നിൽക്കുന്നു.

 എനിക്ക് മുന്നില് സീറ്റുകൾക്ക് മുകളിൽ പല വർണ്ണങ്ങളിലെ തട്ടത്തലപ്പാതികൾക്ക് താഴെയുള്ള പൂർണ്ണതകളിൽ 'ഒച്ചീം ബിളീം' ഇല്ലാത്തത് പ്രകൃതിയുടെ ആത്മാവിനെ തൊട്ടറിയുന്ന ഈ കുളിർമ്മ ആസ്വദിച്ചുള്ള യാത്ര പ്രകാശത്തിന്റെ ആദ്യം കിരണങ്ങൾ പതിക്കും വരെ ക്കുള്ള ഒരു താൽക്കാലിക ധ്യാനമാവാം!


ഉണർത്തണ്ട...!!! 

അടുപ്പ് കത്തിക്കാത്ത, ദോശയും പുട്ടും പുട്ടും ആവി പറപ്പിക്കാത്ത,  തുടക്കലിൽ നിന്നും അലക്കലിൽ നിന്നുമൊക്കെ ഒരു നാളിലെക്ക് മാത്രം ലീവ് ലഭിച്ച സുഖത്തിൽ അവർ കണ്ണും ചിമ്മി സങ്കൽപങ്ങളുടെ ചിറകേറി ഉല്ലസിച്ച് പറക്കട്ടെ!


അവരുണർന്നിട്ട് നമുക്ക് ബാക്കി പറയാം ല്ലെ ?

ഇല്ലിക്കല്ലിലേക്ക് പോകും വഴി

 Part =2


നാടും നഗരവുമുറങ്ങിയ ഇരുട്ടിലൂടെ പെട്ടെന്ന് മഞ്ഞയും വെള്ളയും കലർന്ന പ്രകാശമാനമാക്കിയ തെരുവീഥിയിലൂടെ

 മുന്നിൽ പോകുന്ന വാഹനങ്ങളുടെ ചുവന്ന ടെയിൽ ലൈറ്റുകൾ ദൂരെ ഒരു ചുവന്ന വര പോലെ നീണ്ടുപോകുന്നത് നോക്കി ഞാനിരുന്നു.

  

സമയത്തെ തോൽപിക്കാനുള്ള വാശിയോടെ കുതിക്കുന്ന ശകടം എവിടെയെത്തിയെന്നറിയിച്ചത് സുബ്ഹി ബാങ്ക് അലയൊലികളായിരുന്നു. 


വടക്കഞ്ചേരി ടൗൺ കഴിഞ്ഞുള്ള പള്ളിയിൽ നിന്നുമുള്ള താൽക്കാലിക പ്രഭാതകൃത്യങ്ങളും നമസ്കാരവും കഴിഞ്ഞപ്പോൾ എല്ലാവരുടെയും ശരീരത്തിന് പുതിയ ഊർജ്ജം, ഉന്മേഷം!


ബസ്സ് പിന്നെയും ചീറി.

കൃസ്തുമസ് അടുത്തതിനാൽ എൽഇഡി അലങ്കാര വൈവിദ്യനിറ വെളിച്ചങ്ങൾ

ബസ്സിന്റെ മുൻ ചില്ലിലൂടെ അകത്തേക്ക് കേറി ഒപ്പമുള്ളവരുടെ -പൊതുവെ അഴകോലും- മുഖങ്ങൾ വർണ്ണഭേദങ്ങളാൽ ഒന്നും കൂടെ ചൊങ്കും റങ്കും കൂടി. 


പക്ഷേ ബസ്സിന് അൽപം സ്പീഡ് കുറഞ്ഞതായി തോന്നി.  

അത് നമ്മുടെ പ്രിയ ഡ്രൈവർ രജീഷ് നോട് ഞാൻ ചോദിച്ചു.


*അല്ല രജീ മ്മടെ വണ്ടി ലേശം സ്പീഡ് കൊറഞ്ഞോ ന്നൊരു...*


*അതേ കൊറഞ്ഞു. ന്താ കാരണം ന്നറ്യാേ. ആ പെണ്ണുങ്ങളൊക്കെക്കൂടി മൂത്രമൊഴിച്ചപ്പൊ ബസ്സിന്റെ വെയ്റ്റ് ത്തിരി കൊറഞ്ഞു*


*ഓ അങ്ങനെ ന്നാ പിന്നെ ചായിം കടീം വൈകിക്കണ്ട. നമ്മക്ക് വേഗത്തിൽ തന്നെ ഉദ്ദേശ സ്ഥലത്ത് എത്തണം*


എട്ട്മണിക്ക് തന്നെ

ബംഗാളികളുടെ വിഹാരകേന്ദ്രമായ പെരുമ്പാവൂരിലൊരോരത്തെ 

ഹോട്ടേലേർ ശാംനേ ബസ് ടി പാശേ രാഖാ ഹോലോ.


ഇന്നലെയന്തിക്ക് ഒജീനിച്ച കൊട്ടൻ ചപ്പാത്തി കൊട്ടൻ ചുക്കാതിയായി  രൂപാന്തരം പ്രാപിച്ചിതിനാൽ  ശരീരത്തിന്റെ ഊർജ്ജസ്വലത നിലനിർത്താനുള്ള  സ്വാഭാവിക ജൈവ പ്രതികരണം ശരീരത്തിനാവശ്യമാണല്ലൊ. അങ്ങനെ ആ ചെറിയ ഹോട്ടൽ മുഴോനും എല്ലാരും കൂടി തിന്ന് തീർത്ത്.


പിന്നെ ഒരിത്ത കൊറേ മുട്ടായിം മാങ്ങിത്തന്നു. 


അപ്പോഴും ഏതൊക്കെയോ പെണ്ണുങ്ങൾ വീട്ടിലേക്ക്  വിളിക്കുന്നത് ശ്രദ്ധിച്ചു.

"ചായീക്ക് കടി എന്തേണ്ടാക്കി. ഫ്രിഡ്ജിലെ കറി ചൂടാക്ക്യാ മതി ട്ടൊ. കുഞ്ഞോൻ നീച്ചൊ മ്മാനെ ചോയ്ച്ചൊ..." 

അതെ അതാണ് സ്ത്രീ...! മകൾ, സഹോദരി, ഭാര്യ,

അമ്മ !! മൂല്യങ്ങൾ പകർന്ന് തന്ന് സഹജീവിതത്തിന്റെ തുണയാകുന്ന അദൃശ്യ അനിവാര്യ ശക്തി... ചിലർക്കെങ്കിലും ഇന്നും തിരിച്ചറിയാനാവാത്ത The Paradoxical Parliamentarian.

[ഇന്നത്തെ കാലത്ത് നേരെ മറിച്ചും ഏറെയുണ്ട്]


വീണ്ടും

 ഞങ്ങൾ വണ്ടിയേറി.

ഡ്രൈവർ ഉയർന്ന ആക്സിലറേഷനും കുറഞ്ഞ പ്രതിരോധശേഷിയും ഉപയോഗിച്ച് വാഹനത്തെ ഹൈസ്പീഡിൽ മുന്നോട്ട് നയിച്ച് മലങ്കരഡാമിന്റെ പ്രവേശനകവാടം കടത്തി കാനനഛായയിൽ തണുപ്പിക്കാനിട്ടു !

ഇല്ലിക്കല്ലിലേക്ക് പോകും വഴി

 

Part =3

മലങ്കര ഡാം മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി ജലസേചനം കുടിവെള്ളം വൈദ്യുതി ഉൽപാദനം എന്നിവയ്ക്ക് വേണ്ടി നിർമ്മിച്ച ഒരു തടാകം മറ്റു ഡാമുകളിൽ നിന്നും വ്യത്യസ്തമായി മലങ്കര ഡാം വർഷത്തിൽ എല്ലാ ദിവസവും സഞ്ചാരികൾക്കായി ഇത് തുറന്നു കൊടുക്കാറുണ്ട്.

 കുട്ടികൾക്ക് കളിക്കാനായി ഒരു ചെറിയ പാർക്കും ഇതിനു ചാരയുണ്ട്. ചുറ്റുമുള്ള മലനിരകളിലെ പച്ചപ്പിന് നടുവിലുള്ള ശാന്തമായ തടാകം

 ഇവിടെ കുളിക്കാനിറങ്ങിയ ഒരു സിനിമാ നടൻ മുങ്ങി മരിച്ചിട്ടുണ്ട്.


 മലയാള സിനിമക്കാരുടെ ഇഷ്ട ലൊക്കേഷൻ ആണ് ഇതിന്റെ പരിസരം വെള്ളിമൂങ്ങ പീസ് ഉറുമി മഹേഷിന്റെ പ്രതികാരം തുടങ്ങി ദൃശ്യം വരെ ഇവിടെ നിന്നും ഷൂട്ട് ചെയ്ത സിനിമകളിൽ ചിലതാണ്.


ഇനി നമുക്ക് നമുക്കിടയിലൂടെ നടക്കാം.  


 ഒരു ഗ്രൂപ്പ് ഫോട്ടോ! അത് പണ്ട് ഇസ്കൂള് നിർത്തി പോരും മുമ്പേ എല്ലാവരും കൂടി ഓർമ്മ അയവിറക്കാൻ ഒരു ഫോട്ടോ എടുക്കും  


 ഇവിടെ നേരെ മറിച്ച് ഞങ്ങളെ കൂട്ടർക്ക് ഫോട്ടോയെടുക്കാനായി മാത്രം നിർമ്മിച്ചതാണ് ആ ഡാമും പരിസരവും എന്നും തോന്നുന്ന രീതിയിൽ ആയിരുന്നു; കണ്ട പൊന്തയിൽ നിന്നും വെള്ളക്കെട്ടിൻ കരയിലും കൈവരിയിൽ നിന്നും ഇരുന്നും കടന്നും പിന്നെ സെൽഫിയോട് സെൽഫി !

 ഉയരത്തിലുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചു പറയുന്നുണ്ട് ഫോട്ടോ എടുക്കരുത് പോട്ടമെടക്കരുത്. താഴെ പലയിടത്തും ബോർഡും വച്ചിട്ടുണ്ട് ഫോട്ടോ പ്രോഹിബിറ്റഡ് 

 ആര് കേൾക്കാൻ

 അവരെ കുറ്റം പറയാൻ പറ്റില്ല. ഒരു ചിത്രകാരന് വരക്കാൻ പറ്റിയ പ്രകൃതിയുടെ സുന്ദരമായ നിശ്ചലദൃശ്യങ്ങൾ എത്രയോ ഉണ്ടിവിടെ.


 ഞാനും തന്നെ ദൃശ്യം സിനിമയിലെ ജോർജുകുട്ടിയുടെയും കുടുംബത്തെയും പോലെ എന്റെ ഫാമിലിയോടൊപ്പം "മാരിവിൽ കുട  നിവർത്തും..." എന്ന പാട്ടും പാടി എന്റെ കോട്ടക്കലിനെ വട്ടംചുറ്റിച്ച്  തണുപ്പിലൂടെ നടക്കണം എന്നൊക്കെ സങ്കൽപ്പിച്ചിരുന്നെങ്കിലും ചുട്ടുപൊള്ളുന്ന ചൂട് അതിന് വിഗ്നം സൃഷ്ടിച്ചു. എന്നിട്ടും

 ഒപ്പനക്കും ഡാൻസിനും വേറെ എവിടെയും സ്ഥലമില്ലാത്ത മാതിരി തള്ളച്ചിമാർ എല്ലാംകൂടി  ഒപ്പനയോടൊപ്പന!

 പിന്നെ ബോട്ട് സവാരി. അത് നിലമ്പൂരിൽ നിന്നും ഒരു കൂട്ടർ ടൂർ വരുന്നുണ്ടെന്ന് അറിഞ്ഞിട്ട് ആണെന്ന് തോന്നുന്നു ഡാമിലുള്ള വെള്ളം പകുതിയും പറ്റിച്ചിരിക്കുന്നു അതിനാൽ ബോട്ട് സർവീസില്ല.


 പിന്നെ കുട്ടികളെ പാർക്കിൽ പെണ്ണുങ്ങളൊക്കെ കൂടി കളിയോട് കളി. ഒരുവേള ആ കീഞ്ഞ് ചാടുന്ന സാധനം പൊട്ടിപൊളിയാഞ്ഞത് ഭാഗ്യം! ചുരുക്കി കുറുക്കി പറഞ്ഞാൽ തല ഒന്നിന് (Per head) 20 രൂപ കൊടുത്തത് മുതലാക്കിയിട്ടേ അവിടുന്ന് തിരിച്ചു പോന്നതുള്ളു. 


 മുമ്പേ  ഇത്രയധികം പെമ്പ്രന്നോത്തിമാരെ കണ്ട് സമയത്ത് നല്ല നാല് ഗാനം ആസ്വദിക്കാൻ പറ്റുമലല്ലൊ എന്ന് കരുതിയിരുന്നെങ്കിലും ഒരൊറ്റ എണ്ണം പോലും ആ വഴിക്ക് വന്നതേയില്ല കുറേ കെ എസ് ആർ ടി സി ഉല്ലാസ യാത്രയിൽ  ഇത് ആദ്യത്തെ ഒരു അനുഭവം ആയിരുന്നു.  


ടൂർ ബസ്സിൽ പാടാനറിയാത്തവളും പാടാനറിയുന്നവളും തമ്മിൽ വലിയ വ്യത്യാസമില്ല. അവിടെ വേണ്ടത് ആവേശവും കുറച്ചു തമാശയുമാണ്. പാടാൻ അറിയില്ലെങ്കിലും ആ മൈക്ക് പിടിച്ച് ഒന്ന് പാടാൻ കാണിക്കുന്ന ആ 'ധൈര്യം' ഉണ്ടല്ലോ, അതാണ് ടൂർ യാത്രകളുടെ യഥാർത്ഥ രസം.


പിന്നെ മരുന്നിന് പോന്ന ഒന്ന് രണ്ട് ആണുങ്ങൾ ആ ആ അവസരം മുതലാക്കി ട്ടൊ.

ബസ്സിനുള്ളിലെ അടിപൊളികളെ ഓഫാക്കി നീലപ്പല്ല് കണക്ട് ചെയ്ത് അവർക്കാവും വിധത്തിൽ പാടിത്തുടങ്ങി. ആ ധൈര്യത്തിൽ ഏനുമൊന്ന് പാടി.

 ആസ്വാദനകരുടെ പ്രതികരണം... 

പൊതുവെ ബസ്സിന്റെ കുലുക്കത്തിൽ തലയാടുന്നത് പോലും നിലച്ച് പോയി! 

പാട്ട് മോശമെങ്കിലും "രാക്കടമ്പ് പൂക്കുമ്പോൾ... " സുഖിപ്പിക്കാനുള്ള ലാലല്ല ലാലല്ല എന്ന ഒപ്പമുള്ളവരുടെ ഡ്യൂപ്ലി BGM ലവലേശം കണ്ടില്ല !!


ഏതായാലും ഇവരുടെ മനോനില ഏത് രൂപത്തിലായിരുന്നെന്ന് isro ചെയർമാനെ വിളിച്ചെന്ന് ചോദിച്ചാലൊ എന്ന് കരുതി നിക്കുമ്പോഴാണ് തട്ട്പൊളിപ്പൻ പാട്ട് കേട്ട് പെൺപട ഡാൻസ് ചെയ്യാനായി ഗോദയിലേക്ക് ഇറങ്ങിയത്.


ന്റമ്മോ അതൊരു സംഭവമായിരുന്നു.

അതിൽ ചിലരുടെ താളത്തിന്റെ ചടുലതയും ചുവടുകളുടെ ആവേശവും ഒത്തുചേർന്നപ്പോൾ അവിടെ പിറന്നത് വെറുമൊരു അടിപൊളി നൃത്തമല്ല, മറിച്ച് ഒരു വിസ്മയമായിരുന്നു. 


അവൾ... ചുവടുവെക്കുന്നത് വെറുമൊരു ബസ്സിന്റെ ഫ്ലോറിലല്ല. മറിച്ച് എന്റെ ഹൃദയതാളത്തിലേക്കായിരുന്നു. സിരകളിൽ സംഗീതം അഗ്നിയായി പടരുമ്പോൾ, ഓരോ ചലനത്തിലും മിന്നൽപ്പിണരുകൾ വിരിയുന്നു. കാറ്റിൽ ആടുന്ന പൂവല്ല അവൾ, മറിച്ച് ആഞ്ഞടിക്കുന്ന ഒരു കൊടുങ്കാറ്റായിരുന്നു!

എന്റെ ഹൃദയത്തിൽ ഒരു സ്റ്റെന്റ് ഇല്ലായിരുന്നെങ്കിൽ ഞാനും അവളോടൊപ്പം ചേർന്ന് ഒരു റോക്കെൻറോൾ എങ്കിലും  ചെയ്യുമായിരുന്നു.


 ഏതാവട്ടെ boney mലെ മാർസിയ ബാരറ്റ് നെക്കാളും വൈഷ്ണവി പാട്ടേൽനെയൊക്കെ കവച്ച് വെക്കുന്ന ഡാൻസറികൾ മ്മടെ കൂടെണ്ടായ അൽഭുത സത്യത്തിൽ മിഴിച്ചന്തംവിട്ട് Amazement നായി ഞാനിരുന്നു!

സ്കൂൾ ഓർമ്മകൾ

 തിരിച്ചു സഞ്ചരിക്കാൻ ആകാത്ത കാലം ഓർമ്മകളുടെ വലിയ ഭാണ്ഡക്കെട്ടുകളാണ്. പഴമ്പുരാണങ്ങളുടെ കെട്ടഴിക്കുകയല്ല. എങ്കിലും ഈ മണ്ണെണ്ണ വിളക്കിൻ മങ്ങിയ ജ്വാലയിൽ എൻറെ മടിയിൽ തലവെച്ച് അൽപനേരം കിടക്കു.

ജീവിതസായാഹ്നത്തിൽ ഒരുപിടി നല്ല ഓർമ്മകൾ... ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ കടന്നു വരുന്ന തണുപ്പിക്കുന്ന ചില ആശ്വാസങ്ങൾ ഞാൻ പറയട്ടെ.


അതെ, ഇന്ന് ഞാൻ നാലഞ്ച് പതിറ്റാണ്ട് പിന്നിലേക്ക് സഞ്ചരിച്ചു. എത്തിപ്പെട്ടിടത്ത് പലരെയും കണ്ടു. അക്കൂട്ടത്തിൽ ചില മുഖങ്ങൾക്ക് താങ്കളുടെ ഛായ!! വാക്കുകൾ വർണ്ണശബളമായ പൂമരങ്ങൾ ആവുന്ന ഗൃഹാതുരതയുടെ മുറുകിയ ആശ്ലേഷങ്ങളിൽ, ക്രമം തെറ്റിയിട്ടാണെങ്കിലും ആത്മാവിന്റെ മിടിപ്പക്ഷരങ്ങൾ അവിടെയെവിടെയൊക്കെയോ ചിതറിക്കിടക്കുന്നില്ലെ?


കാലത്തിന് പോലും മായ്ക്കാൻ കഴിയാത്ത മുറിവായി, മുറിപ്പാടായി വീണ്ടുമാമുഖങ്ങൾ, ചിരികൾ, പിണക്കങ്ങൾ, ഒത്തുചേരലുകൾ പിന്നെ എന്തൊക്കെയോ... 

ആയിരമായിരം കഥകൾ മെനഞ്ഞ ക്ലാസ് റൂം. കോമ്പസ്സാൽ OABയെന്ന് കോറിയിട്ട ഡസ്ക്കെങ്ങാനും...!


ചിതലരിച്ച ഓട്ടോഗ്രാഫ് താളുകളിലൂടെ മടക്കയാത്ര... 


ഒരിക്കൽ പ്രിയപ്പെട്ടവരായിരുന്നവർ അപരിചിതരായി കടന്ന് പോവുമ്പോൾ മനസ്സിലും മിഴിയിലും ഭാവമെന്തായിരുന്നിരിക്കാം?


അന്യന്റെ മാവിൽ ഞങ്ങൾ കഷ്ടപ്പെട്ടെറിഞ്ഞു വീഴുത്തുന്ന മാങ്ങയുടെ പങ്ക് പറ്റിയവർ സ്കൂളിലെത്തുമ്പോൾ "വര്ണ വഴിയിൽ ഓൻ മാങ്ങക്കെറിഞ്ഞു ടീച്ചർ" എന്ന് ഒറ്റിക്കൊടുത്തത് കേട്ട് അവനിട്ട് രണ്ടെണ്ണം പൊട്ടിച്ചതിന് "അവനിന്നലെ എന്നെ മർദ്ദിച്ചു സാർ"എന്ന് പിറ്റേന്നും  പറഞ്ഞ് വീണ്ടും അമ്മച്ചിട്ടീച്ചറുടെ തല്ല് കൊള്ളിച്ച് ചീരാപ്പ് തുടച്ചവന്റെ മുഖത്ത് ഇന്ന് നരച്ച് വെളുത്ത രോമങ്ങൾ. 


അന്ന് കിട്ടിയ ചെറിയ അടികൾ സഹിച്ചത് കൊണ്ടായിരിക്കാം ഇന്ന് ജീവിതത്തിലെ വലിയ അടികളെ താങ്ങാനാവുന്നതല്ലേ?


ഇരുൾ വീണ് തുടങ്ങിയ  പഴയ ചെമ്മൺ വഴിത്താരയിൽ അകന്നുപോകുന്ന മജീദിന്റെയും സുഹ്റയുടെയും പദനിസ്വനങ്ങൾ...


"ഞാ ഞ്ഞീം മാന്തും"എന്ന് ഭീഷണിപ്പെടുത്തിയ സുൽത്താൻ ബഷീറിന്റെ സുഹ്റയല്ല. അന്നത്തെ ഒ എ ബഷീറിന്റെ

കൺകേമറയിൽ പതിപ്പിച്ച് മനസ്സാകും മെമ്മറിയിൽ സൂക്ഷിച്ച ആ മുഖം...

 എനിക്കൊരിക്കലും  ജാലകവിരി മാറ്റി വീണ്ടും ആ രൂപമൊന്ന്  നോക്കാനുള്ള അവസരം വീട്ടുകാരി തന്നില്ല. അതിനാലായിരിക്കാം ഏത് തിരക്കില്ലായ്മയിലും ആ മുഖം കാണാൻ കഴിയാഞ്ഞതും. 


കാലമെത്ര പ്രവഹിച്ചാലും സ്മരണകൾക്ക് യൗവ്വനം നശിക്കില്ല. 

ആഴത്തിൽ സ്വാധീനിച്ചതൊന്നും മറക്കാനുള്ളതുമല്ല.


അന്ന് മനസ്സറിഞ്ഞിടപെട്ട അദ്ധ്യാപകരാരുമിന്നില്ല. എന്നാലും എന്റെ മനസ്സിൽ ജീവിക്കുന്ന അവർക്കും, അവരിലേറെ ഇന്നെന്നെ അറിയുന്ന ഇന്നത്തെ  ഗുരുക്കന്മാർക്കും ദക്ഷിണ കൂടിയാവട്ടെ  ഈ കുറിപ്പ്.


എന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും നൊമ്പരങ്ങളും പങ്ക് വച്ച ഈ കലാലയ മുറ്റത്തെ

എന്റെ പാദങ്ങൾ പതിഞ്ഞ മണ്ണിൽ നിന്നും

 ഇറങ്ങുകയാണ് ഞാനീ പടവുകൾ!

 ഇനിയുമാർക്കൊക്കെയോ നടന്ന് കേറാൻ കാത്ത് നിൽക്കുന്ന പടവുകൾ !!

 വിതുമ്പുന്നു ചുണ്ടുകൾ, 

മുറിയുന്നു വാക്കുകൾ.

ഉറഞ്ഞു കൂടുന്നിവിടെ മൗനം. 

ഇത്രയും സ്വപ്നങ്ങൾ തന്നതിന് നന്ദി 🙏


********************

മാറ് മറക്കാത്ത കുഞ്ഞിപ്പെണ്ണ്

 ജടുക്ക വണ്ടിയും പല്ലക്കും പോയ വഴിയെ ഇന്ത്യൻ ബസ്സും മയിൽ വാഹനവും ഓടിത്തുടങ്ങിയിട്ടും ഞങ്ങളുടെ ഗ്രാമപാത ടാറിട്ടതിലൂടെ തന്റെ മാറുകൾ മറക്കാതെത്തന്നെ കുഞ്ഞിപ്പെണ്ണ് നടന്നു.

ചെറുകഥ

അമ്മ നാടിച്ചിക്ക് കഴുത്ത് മുതൽ നെഞ്ച് വരെ പല നിറത്തിലും കോലത്തിലുമുള്ള കല്ല് മാലകൾ ഉള്ളതിന് പുറമെ, മാറത്ത് സാബൂൻ തേക്കാതെ അലക്കി വെളുക്കാത്തൊരു മേൽമുണ്ട് ചിലപ്പഴൊക്കെ ഉണ്ടാകുമായിരുന്നു. നെൽച്ചെടികൾക്കിടയിൽ പുല്ല് പറിക്കാൻ കുമ്പിടുമ്പോൾ നാടിച്ചിയുടെ മാംസളമല്ലാത്ത മാറിടം തൂങ്ങിയാടുന്നത് അവർ ചൂടുന്ന വലിയ കുണ്ടൻ കുട ഒരു മറയായി നിൽക്കും.


മുറുക്കാൻ ചവച്ച് വരമ്പത്തിരിക്കുമ്പോഴും മറ്റും ആ  മാലകൾക്ക് കീഴെ അവരുടെ മുലകൾ പരന്ന് കിടക്കും അന്നേരം അവരൊരു ചിമ്പാൻസിയുടെ കോലമായി എനിക്ക് തോന്നാറുണ്ടായിരുന്നു.


എന്നാൽ മകളായ കുഞ്ഞിയുടെ കഴുത്തിൽ ശീമ വെള്ളിയുടെ ചങ്കേലസ്സ്, കറുത്തചരടിൽ കോർത്തതല്ലാതെ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല


മാറ് മറക്കുന്നതിനെ ആരും ചോദ്യം ചെയ്യാതിരുന്നിട്ടും മുട്ടിന് താഴെ മുണ്ടുടുക്കാമെന്നായിട്ടും കുഞ്ഞിയെന്ന പതിനാലുകാരിക്ക് എന്ത് കൊണ്ടോ ആ പരിഷ്കാരത്തിനോടത്ര പ്രതിപത്തി തോന്നിയില്ല എന്ന് വേണം കരുതാൻ. 


ഇല്ലത്തെ സ്ഥിരം പണിക്കാരിയായിരുന്നു അവരെങ്കിലും അവിടെ പണിയില്ലാത്ത ദിവസങ്ങളിൽ ഞങ്ങളെ പാടത്തും അവർ എത്തും.


അന്നൊരു ദിവസം അലൂമിനിയ പാത്രത്തിൽ ഉമ്മ കഞ്ഞി വിളമ്പിക്കൊടുത്തപ്പോൾ അവർ പറഞ്ഞു 'മാണ്ട പെങ്കൊലുട്ട്യേ... ങ്കക്കിവിടെ ബായെലണ്ട്'


അത് കേട്ട ഉമ്മ പറഞ്ഞു 'അതൊക്കെ വേറെ സ്ഥലത്ത് പണിക്ക് പോവുമ്പൊ. ഇബടെ വെരുമ്പൊ പിഞ്ഞാണത്തിലെ തരൂ'


ഇല്ലത്ത് അവർക്ക് കഞ്ഞി കുടിക്കാൻ മുറ്റത്തെ മൂലയിൽ ഓരോ കുഴികുത്തിയിട്ടുണ്ടാവും അതിൽ വാട്ടിയ വാഴയില വച്ചാണ് കഞ്ഞി വിളമ്പുക. അതിലേക്ക് കൂട്ടാൻ കാര്യമായി ഒന്നും ഉണ്ടാവാറില്ല. കടിച്ച് കുട്ടാനായി ഒന്ന് രണ്ട് പറങ്കി മൊളക് തൊടിയിൽ നിന്നും അവർ നേരത്തെ കരുതിക്കാണും. 


അൽപം മടിയോടെ ഉമ്മ നീട്ടിയ കഞ്ഞിപ്പാത്രവും വാങ്ങി അവർ പ്ലാവിൻ ചുവട്ടിലേക്ക് നടക്കവേ ഉമ്മ വീണ്ടും പറഞ്ഞു 'നാടിച്ച്യേ ഇവടെ കോലായ്‌മെക്ക് പോരി...'


'വേണ്ട മാപ്പൾച്ച്യേ മ്പളവടെ...'


ഉമ്മ സമ്മതിച്ചില്ല അവസാനം അവർ പുള്ളത്തിണ്ടിൽ ഇരുന്ന് പ്ലാവില കുമ്പിൾ കുത്തി കൈലാക്കിയത് കൊണ്ട് കഞ്ഞി കോരിക്കുടിച്ചു. ഒപ്പം വാഴയിലയിലെ ചക്കക്കൂട്ടാനും പച്ച മാങ്ങയും ചെമ്മീൻ ചുട്ടരച്ചതിൽ പച്ച വെളിച്ചെണ്ണ ചേർത്തത് കൂട്ടി സ്വാദ് ആസ്വദിച്ച് കൊണ്ട് ആർത്തിയോടെ കഴിച്ചു.


ശേഷം നാടിച്ചി അവരുടെ വലിയ കോന്തലക്കെട്ടഴിച്ച് മുറുക്കാനെടുത്ത് ചവച്ചു. മറ്റുള്ളവരോടായി എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കെ അവരുടെ ഇരുവായ് കോണിലൂടെയും ചുകപ്പൊലിച്ചത് ഉള്ളം കയ്യിനാൽ തുടച്ച് ഉടുമുണ്ടിൽ തേച്ചു.


തിണ്ടിൽ പിടിച്ച് നെൽക്കറ്റ ചവിട്ടി മെതിക്കുന്ന, പുഴുങ്ങിയ മുതിരയുടെ തിളക്കവും നിറവുമാർന്ന 

കുഞ്ഞിയുടെ നെറ്റിയിലും മുക്കിന്മേലും ഉരുണ്ട് കൂടി തിളങ്ങിയ വിയർപ്പ് തുള്ളികൾ ചാലിട്ട് പൂർണ്ണ നഗ്നമായ നെഞ്ചിൽ; മൂസാക്കാന്റെ പീടികയിൽ നിന്ന് കുപ്പിയിലേക്ക് കാസർട്ട് ഒഴിച്ച് കൊടുക്കുന്ന തകരക്കാളം പോലെയുള്ള മുലകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്നത് നോക്കി നിൽക്കുന്ന എന്നെ കണ്ട് ഉമ്മ പറഞ്ഞു


'കുഞ്ഞ്യേ ജ്ജ്ങ്ങനെ ഒരു മുണ്ടും കൂടെ മാറത്തിടാതെ നടക്ക്ണത് അത്ര ശര്യല്ല ട്ടൊ. ഇപ്പത്തെ കാലത്തെ ചെറ്യേ മക്കളെ കണ്ണ് വരെ...'


അന്ന് വൈകുന്നേരം കൂലി കൊടുത്ത ശേഷം ഉമ്മയുടെ പഴയ കുപ്പായങ്ങളും ഒരു തോർത്ത് മുണ്ടും കുഞ്ഞിയുടെ കൈകളിൽ വച്ച് കൊടുത്ത് കൊണ്ട് ഉമ്മ പറഞ്ഞു 'നാളെ ഈ കുപ്പായം ഇട്ടോണ്ടെ ഇങ്ങട്ട് വരാൻ പറ്റൂ. അല്ലെങ്കി മുറ്ക്ക് വെള്ളം ഞാന്തരൂല"


ഉമ്മ അങ്ങനെ ആയിരുന്നു സ്നേഹിക്കുന്ന പോലെ ശാസിക്കാനും മടി കാണിക്കാറില്ല. പണിക്കാർക്ക് ഞങ്ങളെന്താണോ തിന്നുന്നത് അത് നേരത്തിന് വയർ നിറച്ച് കൊടുക്കുക. ഇനി വഴിപോക്കർ ആയാലും ഭിക്ഷക്കാർ വന്നാലും വെറുതെ വിടില്ല. 


പിന്നെയും പല തരത്തിലുള്ള നെൽക്കറ്റകൾ മഴയത്തും വെയിലത്തും മുറ്റത്ത് മെതിച്ചെങ്കിലും പഴയ

കോലത്തിൽ മാറ് മറക്കാതെ കുഞ്ഞിയെ കണ്ടതായി ഓർക്കുന്നില്ല.


ഞാൻ ഏഴിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു, ഒരു ദിവസം സ്‌കൂൾ വിട്ട് വന്ന് കൊയ്‌തൊഴിഞ്ഞ കണ്ടത്തിലുണ്ടാക്കിയ മധുരക്കിഴങ്ങ് പുഴുങ്ങിയതും ചക്കരച്ചായയും മഞ്ചമേലിരുന്ന് കുടിച്ച് കൊണ്ടിരിക്കെ, അരിയിടിച്ചത് ഊരലിൽ നിന്ന് വാരി തരിക്കുന്ന അമ്മായിയോട് ഉമ്മ ചോദിക്കുന്നത് കേട്ടു.


'അല്ല... ആയ്ച്ചൊ സത്യത്തിലോക്ക് പള്ളേലുണ്ടായ്നൊ'


'പിന്നല്ലാതെ അത് കലക്കാനല്ലെ ഉമ്മത്തും കായ്... പിന്നെ രക്തം നിന്നില്ലൊലൊ'


'എന്തോ ഏതോ...സത്യം കൊന്നോൽക്ക് അല്ലെ അറിയൂ ഇനിപ്പൊ ഞമ്മളായിട്ട്...'


 മുമ്പ് പറഞ്ഞ് മുഴുമിപ്പിക്കാത്തതിന്റെ ബാക്കി കേട്ട് കാര്യമായി ഒന്നും മനസ്സിലാകാതെ ചോദിച്ചു  "ആരെയാ കൊന്നത് ഇമ്മാ?'


'അത്... അത് ഞമ്മളെ പണിക്കാരത്തി കുഞ്ഞില്ലെ... ഓൾ ചത്തൂന്ന് കേട്ടു'


'എങ്ങനെ ആരാ കൊന്നത്?'


'അല്ലാഹ്...അങ്ങനെ ഒറക്കെ പറയല്ലേ അങ്ങനെ പറഞ്ഞാ പോലീസ് വന്ന് അന്നെ പുടിച്ചൊണ്ടോവും. ആരും കൊന്നതല്ല ഓൾ പള്ളയിൽ വെര്ത്തം വന്ന് മരിച്ചതാ'


ഭയം അഭിനയിച്ച് കൊണ്ട് അന്നുമ്മ പറഞ്ഞത് പൂർണ്ണമായും മനസ്സിലായില്ലെങ്കിലും വളർച്ചയുടെ പടവുകൾ കേറുന്നതിനനുസരിച്ച് കാലം എനിക്കാ കഥ വിവരിച്ചു തന്നു. 


ഇന്നിപ്പൊ വർണ്ണക്കടലാസിൽ പൊതിഞ്ഞ് വച്ച മുലക്കരത്തെ ചിലരെല്ലാം വീണ്ടും തുറന്ന് പുറത്തെടുത്തപ്പോൾ, മറക്കാതിരിക്കാൻ ചുർക്കയിലിട്ട് വച്ച കുഞ്ഞിയുടെ ആ കഥ! ഓർമ്മകളാകുന്ന ചില്ലു ഭരണിയിൽ നിന്നുമെടുത്ത് രുചിച്ചാൽ രസഭേദം വരാത്ത അവളുടെ രൂപവും ഭാവവും ഒരു കേൻവാസിൽ വരച്ചിടാൻ ഇന്നും എനിക്കാവും. അവളുടെ ആ വലിയ ശബ്ദം കാതുകളിൽ ഇന്നുമുണ്ട്. 


ചില്ല് കുപ്പിയിൽ മണ്ണ് പൊതിയാതെ നഗ്‌നമാക്കപ്പെട്ട വേരുകളാൽ പുഷ്പിക്കാൻ കഴിയാതെ പോയ വെറുമൊരു പച്ചിലച്ചെടി! അതായിരുന്നു അവൾ!!


അന്ന് അവളുടെ ചവിട്ടേറ്റ നെന്മണികൾ അറയിലെ ബല്ലക്കൊട്ടയിൽ നിറച്ചപ്പോഴും അത് അവരുടെ കയ്യിനാൽ പുഴുങ്ങിയുണക്കി കുന്താണിയിലിട്ട് കുത്തിതൊലിച്ച് അരിയാക്കിയപ്പോഴൊന്നും ആർക്കും അയിത്തമുണ്ടായിരുന്നില്ല. കുഞ്ഞി യുടെ വിയർപ്പ് തുള്ളികൾ ഇറ്റിയ നെന്മണികൾ വിശേഷങ്ങൾക്ക് കാഴ്ചവച്ചപ്പോഴും അയിത്തമായിരുന്നില്ല. 


അല്ലാത്തപ്പോഴൊക്കെ അയിത്തമായിരുന്ന, തൊട്ടുകൂടാത്ത, കൺമുമ്പിലെ ശകുനശരീരങ്ങൾ ഇരുട്ടുകളിൽ മാത്രം പൂജിക്കപ്പെട്ടു!


ചില കുലസ്ത്രീകൾ അറവാതിലിന്റെ തിരുകുറ്റിയിൽ വെള്ളമൊഴിച്ച് ചീപ്പൂരി വക്കുമ്പോൾ കുഞ്ഞിമാരുടെ വൈക്കോൽ പുരയുടെ ഓല വാതിലിന്റെ ഇല്ലാത്ത സാക്ഷ നീക്കി വക്കേണ്ടതില്ലല്ലോ!

യാത്രക്കഥ

 *സിന്ദഗി എക്സഫർ ഹെെ സുഹാനാ യഹ് കൽ ക്യാ ഹൊ കിസ് നെജാനെ*

ജീവിതം ഒരു സുന്ദരമായ യാത്രയാണ്.

നാളെ ഇവിടെ എന്ത് സംഭവിക്കുമെന്നത് ആർക്കുമറിയില്ല.


*ചാന്ദ് താരെ പൂൽ ഔർ ഖുഷിയാൻ ബഹാരോൻ ക ഹെ യെ ഖസാനാ*

വസന്തത്തിന്റെ നിധി പോലുള്ള ഈ ലോകത്തിൽ

ചന്ദ്രനും താരങ്ങളും പൂക്കളുമൊക്കെ  സന്തോഷത്തിലാണ്... 


രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേട്ട മധുർ ഗീതിൽ കിഷോർ കുമാർ ഇങ്ങനെ പാടിയെങ്കിൽ എനിക്കും എന്ത് കൊണ്ടായിക്കൂടാ ?

ഈ ചിന്തയോടെ  ഉറങ്ങി ഞായറാഴ്ച രാവിലെ  സ്കൂൾ / മദ്രസ്സ കുട്ടികളെ പോലെ അല്ലെങ്കിൽ ഗൾഫുകാരന്റെ ഒരു വെളിയാഴ്ച പോലെ എണീറ്റു.

ഉയിരിട്ട പുലർ വേളയിൽ തെളിയുന്ന നിഴലിന്റെ ദൂഷിത ദൃശ്യതയിൽ അങ്ങാടിയിലേക്ക് നടക്കുമ്പോഴാണ് ഒരു കൂട്ടമാളുകൾ റോഡരികിൽ നിൽക്കുന്നത് കാണുന്നത്. സൂക്ഷ്മദർശനത്തിൽ കണ്ടാലറിയുന്നവർ... 

mec7കൂട്ടം !അവരുടെ നിർബന്ധക്ഷണം സ്വീകരിച്ച് നേരത്തെ

പറഞ്ഞുറച്ചതല്ലാത്ത ബസ്സ് വന്നപ്പോൾ  ഞാനുമതിൽ മണ്ടിക്കേറി


ദൃശ്യശക്തി  കുറഞ്ഞ കണ്ണ് ഒന്ന് കോൺസൻട്രേറ്റ് ചെയ്തപ്പൊ ബസ്സിനുള്ളിൽ...

 ങേ എല്ലാവരും

സുഹൃത്തുക്കൾ... 


ചിരികൾ നിറഞ്ഞ യാത്ര. മനസ്സിൽ വലിയ സ്വപ്നങ്ങൾ.

 ആവേശം.

ബസ് മുന്നോട്ട് നീങ്ങുമ്പോൾ

ജാലകത്തിനപ്പുറം മാറുന്ന കാഴ്ചകളെ പോലെ

 ചിന്തകളും മാറിക്കൊണ്ടിരുന്നു.

പുതുമയൊന്നുമില്ലെങ്കിലും പരിചയപ്പെടലുകൾ

പഴയ ചളികൾ, പുതിയ തമാശകൾ,

ഇടയ്ക്കിടെ ഉയരുന്ന പാട്ടുകൾ.

ഏനും പാടി പണ്ട് ജഗതി പാടിയ പോലെ


*ഓട്ടപ്പാത്രത്തിൽ ഞണ്ട് വീണാൽ ലൊട ലൊടല*


യാത്ര മുഴുവൻ ഒരു ഉത്സവമാക്കാൻ സംഘാടന ശ്രമം.

ലക്ഷ്യസ്ഥാനമല്ല പ്രധാനമായത്,

അവിടെ എത്താൻ എടുത്ത ഈ വഴി തന്നെയാണ്

സന്തോഷം സമ്മാനിച്ചത്.

ഒരുമിച്ച് ഭക്ഷണം,

ഒരുമിച്ച് ചിരി,

എല്ലാം ഒരുമിച്ച് . ചില നിശബ്ദത പോലും

ഓർമ്മകളായി മാറുന്ന നിമിഷങ്ങൾ !


*തലേന്നത്തെ മനപ്പാഠങ്ങളും ലസാഖുവും സമവാക്യങ്ങളും ഇല്ലാതെ എത്ര വിചിത്രമായാണ്  യാത്ര തരപ്പെട്ടത്!ഇതിലും വലിയൊരു ആസ്വാദനത്തിൽ കഴിഞ്ഞ പ്രാവശ്യം അവളുടെ സാന്നിധ്യമുണ്ടായിരുന്നു. അന്ന് അവൾ അരികിലുള്ളപ്പോൾ ഞാൻ ശ്രദ്ധിക്കാതെ പോയ കൊച്ചു കൊച്ചു ശബ്ദങ്ങൾ പോലും ഇപ്പോൾ, ഇവിടെ, എന്റെ കാതുകളിൽ അലയടിക്കുന്നു. അവളില്ലാത്ത ഈ  നിശബ്ദത പോലും വലിയ ഭാരമായി തോന്നുന്നു*



മാനസികോല്ലാസം; ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്നും സ്ട്രെസ്സിൽ നിന്നും മോചനം നൽകുന്നു. പ്രത്യേകിച്ച് വീട്ടിലെ സ്ത്രീകൾക്ക് വെക്കാനും വിളമ്പാനും അലക്കാനും തുടക്കാനും ഇല്ലാത്ത ഒരു ദിവസത്തെ മാത്രം ലീവ് !!! അവരുടെ ആഹ്ളാദം എത്ര മാത്രമായിരിക്കും !?

​പുതിയ അറിവുകൾ: ഓരോ സ്ഥലത്തിനും ഓരോ ചരിത്രവും കഥകളുമുണ്ടാകും. അത് നേരിട്ട് മനസ്സിലാക്കാൻ യാത്രകൾ സഹായിക്കും.

​സൗഹൃദങ്ങൾ: പുതിയ ആളുകളുമായുള്ള ചങ്ങാത്തം.

ഇതൊന്നും ചിന്തിക്കാത്ത, പാകപ്പെടുത്താത്ത മനസ്സിനുടമകൾ അപ്പോഴും ചോദിച്ചേക്കും

*നമ്മളെന്തിനാ ഇങ്ങോട്ട് പോന്നത് ?*

അവർ എത്ര തവണ ദൈവത്തെ വിളിക്കുന്നു

 കൊറോണറികളിൽ സ്റ്റാൻഡ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിലെ 20 ബഡുകളിൽ ഒന്നിൽ കിടക്കുന്ന നേരത്ത് മൊബൈൽ കയ്യിൽ ഇല്ലാത്തതിനാൽ ചിന്തകൾക്കും പരിധിയില്ലായിരുന്നു ബൈസ്റ്റാൻഡർമാർക്കും രോഗികൾക്കും പ്രാർത്ഥന ഒന്ന് മാത്രം ഉണ്ടായിരുന്നുള്ളൂ "ദൈവമേ രക്ഷിക്കണേ എത്രയും പെട്ടെന്ന് അസുഖം മാറി ഇവിടന്ന് കഴിച്ചിലാകണെ"  അവിടെ ബെഡിൽ രോഗികളും അവരുടെ നാമവും  മാത്രമേ മാറുന്നുള്ളൂ. ചികിത്സ ഒന്ന് ചെയ്തികൾ ഒന്ന് സംസാരം ഒന്ന് റിക്കാർഡ് ചെയ്തു വെച്ച പോലെ ഉപദേശം ഒന്ന് 

മരുന്നുകൾ ഒന്ന് 

 "ന്നാ പിന്നെ വരാംട്ടൊ" എന്ന് യാത്ര പറയാത്ത ഒരിടം. ദൈവത്തിനെ ഏറ്റവും കൂടുതൽ വിളിക്കുന്നത് ആശുപത്രികളിൽ ആയിരിക്കാം.

 

"കുത്താണെ"

 ഞരമ്പിലേക്ക് നീഡിൽ കുത്തിയിറക്കാൻ നേരം ഞാൻ "യാറബ്ബ്" എന്ന് പറഞ്ഞപ്പോൾ നേഴ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു "നിങ്ങളെപ്പഴെങ്കിലും അല്ലേ ദൈവത്തിനെ വിളിക്കുന്നുള്ളൂ ഞാൻ ഒരു ദിവസം എത്ര പ്രാവശ്യം വിളിക്കുന്നൂന്നറിയോ ചിലരുടെയൊക്കെ ഞരമ്പ് കിട്ടാൻ ഞാൻ പെടുന്ന പാട്..."

അതെ, ആവശ്യം വരുമ്പോൾ മാത്രം ഓർമ്മിക്കപ്പെടുന്ന ഒരു നാമം ആണല്ലോ ദൈവമെന്നത് !

പുറംകാഴ്ചകൾ

 "പുറംകാഴ്ചകൾ" കാഴ്ചക്കുറിപ്പ്

............

 മനുഷ്യ മനസ്സിന്റെ സൂക്ഷ്മ ചലനങ്ങളെ വളരെ ലളിതമായ സാഹചര്യങ്ങളിലൂടെ അവതരിപ്പിക്കുന്ന ചെറുചിത്രങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് കേരള കഫേ ആന്തോളജിയിലെ “പുറംകാഴ്ചകൾ”. യാത്രയുടെ ഇടവേളയിൽ നടക്കുന്ന ചെറിയ സംഭവങ്ങൾ വഴി മനുഷ്യരുടെ ഉള്ളിലെ വലിയ സത്യങ്ങൾ തുറന്നുകാട്ടുകയാണ് സംവിധായകൻ.


 പുറത്തു കാണുന്ന ഒരു സാധാരണ യാത്രയിൽ അകത്ത് ഓരോരുത്തരും തങ്ങളുടേതായ ജീവിതഭാരങ്ങൾ വഹിക്കുന്നവരാണ് എന്നതാണ് ചിത്രത്തിന്റെ സന്ദേശം.


മമ്മൂട്ടിയുടെ കഥാപാത്രം പുറമേ ശാന്തനും നിയന്ത്രിതനുമായി തോന്നുന്ന ഒരാളാണ്. എന്നാൽ കണ്ണുകളിലും ചെറിയ ഇടവേളകളിലും പ്രകടമാകുന്ന അസ്വസ്ഥതയും ഏകാന്തതയും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ശക്തിയാണ്. അധിക ഡയലോഗുകളില്ലാതെത്തന്നെ മനോഭാവങ്ങൾ പ്രകടിപ്പിക്കുന്ന മിനിമലിസ്റ്റിക് പ്രകടനം ഈ കഥാപാത്രത്തെ യാഥാർത്ഥ്യത്തിലേക്ക് അടുപ്പിക്കുന്നു.  


 ഉള്ളിൽ അടക്കിവെച്ച വികാരങ്ങളുടെ ഭാരം കാഴ്ചക്കാരന്റെ ഉള്ളിലേക്ക് സന്നിവേശിപ്പിക്കുന്നതാണ് ഈ കഥാപാത്രത്തിന്റെ ദർശനമേന്മയും സംവിദായകന്റെ കഴിവും.


സഹയാത്രികർ ഓരോരുത്തരും സമൂഹത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്.

ചിലർ ഔപചാരിക സൗഹൃദം മാത്രം കാണിക്കുമ്പോൾ 

കുട്ടികൾ നഗരജീവിതത്തിലെ ഉപരിതല ബന്ധങ്ങളെ സൂചിപ്പിക്കുന്നു.

അവരുടെ ചെയ്തികളിൽ ആനന്ദം കണ്ടെത്തുന്നവരാണ് കൂടുതൽ പേരും.

ഇവരുടെ പെരുമാറ്റം ചേർന്നപ്പോൾ, പ്രധാന കഥാപാത്രത്തിന്റെ ഏകാന്തത കൂടുതൽ ശക്തമായി പ്രേക്ഷകനിലേക്ക് എത്തുന്നുണ്ട്.


സംവിധായകൻ വളരെ സ്വാഭാവികമായ ദൃശ്യഭാഷയാണ് ഉപയോഗിക്കുന്നത്. വലിയ നാടകീയത ഒഴിവാക്കി, സാധാരണ നിമിഷങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ക്യാമറ പലപ്പോഴും നിരീക്ഷകന്റെ നിലപാടിലാണ്. പ്രേക്ഷകൻ തന്നെ ആ യാത്രയിലെ ഒരാളായി മാറുന്നു.

നിശബ്ദതയും ഇടവേളകളും കഥ പറയുന്ന പ്രധാന ഘടകങ്ങളായി മാറുന്നു. അതിലൂടെ “പുറം കാഴ്ചകൾ” എന്ന പേരിന് യഥാർത്ഥ അർത്ഥം ലഭിക്കുന്നു.

 നമ്മൾ കാണുന്നത് പുറം മാത്രം; ഉള്ളിലെ കഥ ഓരോരുത്തർക്കും വേറെയായിരിക്കും.


ചുരുക്കത്തിൽ

"പുറംകാഴ്ചകൾ” ഒരു വലിയ കഥ പറയുന്നില്ല; പക്ഷേ ചെറിയ നിമിഷങ്ങളിലൂടെ വലിയ അനുഭവം നൽകുന്നു. മമ്മൂട്ടിയുടെ നിയന്ത്രിതവും ആഴമുള്ള പ്രകടനവും സഹനടന്മാരുടെ സ്വാഭാവിക അഭിനയവും ചേർന്നപ്പോൾ, മനുഷ്യ മനസ്സിന്റെ നിശ്ശബ്ദ വേദന പ്രേക്ഷകനെ സ്പർശിക്കുന്നു. ജീവിതത്തിൽ നമ്മൾ കാണുന്ന ഓരോ മുഖത്തിനും പിന്നിൽ പറയാത്ത കഥകളുണ്ടെന്ന തിരിച്ചറിവാണ് ഈ ചിത്രത്തിന്റെ യഥാർത്ഥ നേട്ടം.


എഴുതിയത്:- 

ഒ എ ബഷീർ

വാണിയമ്പലം

9447516082

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില