---------------
കോയിക്കോട്ടങ്ങാടിയിലെഒരു സിൽമാശാലയിൽ നിന്നും സിനിമ കണ്ടിറങ്ങവെയാണ് ഞാനാ കാഴ്ച കാണുന്നത്. അവനും അവളും!
അവൻ; ഞാൻ സാധാരണ യാത്ര ചെയ്യുന്ന ബസ്സിലെ കണ്ട്രാവി.
അവൾ; ഒരു പഠിപ്പീരുകാരി.
പലപ്പഴും ബസ്സിനുള്ളിലെ തിരക്കിനിടയിൽ അവളവനെ കാട്ടിക്കൂട്ടുന്ന കൈ കാൽ ക്രിയകൾ നല്ല രീതിയലല്ലെങ്കിലും അവളുടെ അറിയാഭാവം പറഞ്ഞിരുന്നു ‘നോ പ്രൊബ്ലം കേരിഓൺ’
ഇന്നിതാ അവൾ അവന്റെ കയ്യിൽ തൂങ്ങി... ഇനി അവരുടെ കല്ല്യാണമെങ്ങാനും...ഹേയ് ഇല്ല, ഇല്ല.
അതാ അവർ ഒരു ഓട്ടോയിൽ കേറി പോണൂ. എങ്ങോട്ടായിരിക്കാം! പാർക്കിലേക്കൊ അതൊ ലോഡ്ജിലേക്കോ? അവനെന്തായിരിക്കാം ഇപ്പൊ അവളെ.....?
ചിന്തിച്ചൊരു നിമിഷം ഞാനന്തിച്ചു നിൽക്കവെ
ഒരു കോയ വന്നെന്നെ മുട്ടിയുരുമ്മിയതിൽ
പിന്നെ ഞാനൊന്നു ഞെട്ടി കാക്കാ;
സോറിയങ്ങോട്ടു പറയവേ,
ഒരു വളിച്ച ചിരി ചിരിച്ചെൻ കൈ പിടിച്ചയാളുടെ വിരൽ കൊണ്ടെന്റെ കൈ വെള്ളയിലൊരു ചിത്രമെഴുത്ത്?
‘വേണ്ട കോയാ...ഒരു കോയി ബിരിയാണി തിന്നാനുള്ള മൂടിലല്ല ഞമ്മളിപ്പോൾ. അതിന് പറ്റുന്ന ആളെ വേറെ നോക്കെന്റെ കോയാ... ’ എന്ന രൂക്ഷഭാവം മുഖത്ത് വരുത്തി ഞാനെൻ കൈകൾ പിൻ വലിച്ച് പാളയം സ്റ്റാന്റിലേക്ക് നടന്നു (ഇന്നത് ശിക്ഷിക്കപ്പെടാത്ത കുറ്റമാക്കിയതിൽ പിന്നെ മുട്ടാനും തട്ടാനുമൊന്നും നിൽക്കാതെ നേരിട്ടുള്ള ഡീലിങ്ങാണെന്നും, മാട്രിമോന്യല് പരസ്യം മുതല്‍ ചാനൽ വരെ തുടങ്ങുന്നെന്നും പറഞ്ഞ് കേൾക്കുന്നു..ഹി..ഹീ)
എന്നെയും എന്റെ ചരക്കിനെയും (തുണിത്തരങ്ങളാണെ) പിന്നെ കൊറേ ആളുകളെയും കൊണ്ട് ബസ്സ് മഞ്ചേരിയിലേക്ക് ഓടിയതിലേറെ സ്പീഡിൽ എന്റെ ചിന്തകൾ മണ്ടിപ്പാഞ്ഞു.
---സ്നേഹിതന്മാർ കൂടുതലും ബസ്സ്പ്പണിക്കാർ. അവരെപ്പോഴും നിർബന്ധിക്കും നീയൊരു കണ്ടക്ടർ ലൈസൻസ്സ് എടുത്ത് നിന്റെ മുടിഞ്ഞ സെയിത്സുമാൻ പണി നിർത്തി വല്ല ബസ്സിലും കേറാൻ നോക്ക്.
എന്റെ ഒഴിവ് ദിവസങ്ങളിൽ ഒരു അപ്പൻഡൌൺ കണ്ടക്ടറായി ഞാനവരെ സഹായിച്ച മുൻ പരിചയവും ഉണ്ട്. അതിന് മൂന്നുണ്ട് ഗുണം!
൧, എനിക്ക് പാസില്ലാ ഓസ് കണ്ടക്ടർ പരിശീലനം.
൨, പരിചയമുള്ള ബസ്സുകളിൽ ഫീസ് വേണ്ടാ ഫ്രീ യാത്ര.
൩, സ്നേഹിതന്മാർ പലരും പകരക്കാരനെ കിട്ടാതെ ബസ്സിനുള്ളിൽ തട്ടിയും മുട്ടിയും (മനുഷ്യന് വെരുകിന്റെ സ്വഭാവം ഉണ്ടായിരുന്നെങ്കിലെന്താകുമായിരുന്നു എന്ന് ഇത്തരുണത്തിൽ ആലോചിച്ചു പോകുവാ) പത്ത് പയിനഞ്ചീസം അങ്ങ്ടും ഇങ്ങ്ടും നടക്കുമ്പൊ പിന്നെ ഓനുണ്ടാവൂലെ ഒരു പൂതി വീട്ടി പോയി കെട്ട്യോളെ തട്ടാനും മുട്ടാനുമൊക്കെ?
ഇനി കെട്ടാത്തോനാണെങ്കി, കൂട്ടുകാരന്റെ കൂടെ കെട്ടുന്നോളെ കാണാൻ പോയി, വിരുന്ന്, സൽക്കാരം=പരിശീലനം+ മറ്റു വഹകൾ.
കടയിൽ ചരക്കിരക്കിറക്കിയ ശേഷം വീട്ടിലെത്തും വരെയും പലവക ചിന്തകള്‍ക്കൊടുവില്‍ ഒന്നുറപ്പിച്ചു.
നാളെ തന്നെ തുണിക്കടയോട് സലാം പറഞ്ഞ് പിരിഞ്ഞ് മറ്റന്നാൾ മുതൽ ഞാനുമൊരു ബസ്സിൽ....
ഓർത്തപ്പോൾ ഒരു കുളിരും തോന്നിയില്ല. പിന്നെ പേടിയും ഇല്ല .എന്നാലും ഒരു ഭയം....അത് കണ്ടക്ടർ പാസ്സ് ഇല്ലാത്തത് കൊണ്ടായിരിക്കാം അല്ലെ?
നിര്‍ത്ത് നിര്‍ത്ത്...ആദ്യം പറഞ്ഞ ഓനും ഓളും എന്തായി അത് പറ. എന്നിട്ട് മതി നിന്റെ....?
പറയാം...
അന്നൊരിക്കലത് കണ്ണിൽ കാണുകിൽ
അൽഭുത വാർത്തയായ് വിണ്ണിതിൽ
ഇന്നത് കാണുവാൻ കേൾക്കുവാൻ
ഇല്ല നേരമേയില്ല ബ്ലോഗിതിൽ.
എന്ന് മഹാ കവി??? ഒഎബി പറഞ്ഞത് പോലെ അതൊന്നും ഇന്നൊരു പുതുമയല്ലന്നേ...അതിനാൽ, ഒന്ന് വഴി മാറിക്കൊടുത്തെ. അവരൊന്ന് മുന്നോട്ട് പൊയ്ക്കോട്ടെ!
നമുക്കും തട്ടിയും മുട്ടിയുമൊക്കെ ജീവിക്കേണ്ടതല്ലേ?
>തുടർക്കഥയല്ല<