2008, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ഒരു ടൂറും പിന്നെ കെ എഫ് സി യും.


ഞങ്ങൾ സഞ്ചരിക്കുന്ന വാഹനം മുന്നോട്ട് പോകുന്നുണ്ടെങ്കിലും വിശപ്പ് ഒരടി മുന്നോട്ടില്ല എന്ന സൂചന വയറിനുള്ളിൽ
 നിന്നും തരാന്‍ തുടങ്ങിയിട്ട് നേരമേറെയായി.കഴിഞ്ഞ രാത്രിയിൽ മൈസുരിൽ നിന്നും ഒജീനിച്ച കൊട്ടന് ഉണക്ക ചപ്പാത്തി, കൊട്ടന് ചുക്കാതിയായി രൂപാന്തരം പ്രാപിച്ചിരിക്കാം. നാരിയൽ ക പാനി റോഡരുകില് കാണുന്നുണ്ടെങ്കിലും ഞങ്ങൾക്ക് വേണ്ടത് ചാവൽ ക കാന ആയിരുന്നു. ഈ ബാങ്കളൂര് ടൌണില് ഒരു സാധാ ഹോട്ടല്, അല്ലെങ്കില് ഒരു തട്ടുകട എവിടെയും കാണുന്നില്ലല്ലോ. വഴിയിൽ ചിലരോടൊക്കെ ചോദിച്ചെങ്കിലും അവരൊക്കെ എന്തൊക്കെയോ പറയുന്നു. അവർക്ക് ബുദ്ധിയില്ലാഞ്ഞിട്ടോ ഞങ്ങൾക്ക് മനസ്സിലാവാഞ്ഞിട്ടോ ....

“നമുക്ക് കെ എഫ് സി (കെന്റക്കി ഫ്രൈഡ് ചിക്കൻ ) ഒന്ന് ചോദിച്ച് നോക്കിയാലോ“. കെ എഫ് സി ബാങ്കളൂരില് തുടങ്ങിയതും അതിന്റെ തുടർച്ചയായി ഉണ്ടായ കച്ചറയും ടി വിയിൽ; സി എന് എന് കാണിച്ചത് ഓർത്ത് കൊണ്ട് ഞാന് ചോദിച്ചു. എന്റെ ബുദ്ധിയിൽ തെളിഞ്ഞ ആ ഐഡിയ എല്ലാവർക്കും നന്നായി ബോധിക്കാൻ കാരണം, ഞങ്ങൾ പ്രവാസികൾ നാലാളുടെ ഭാര്യമാരും ബ്രോസ്റ്റ് എന്ന് കേട്ടതല്ലാതെ കണ്ടിട്ടില്ലായിരുന്നു എന്നത് കൊണ്ട് മാത്രമായിരുന്നു. (ദൈവം പിന്നീടവർക്ക് നാലാള്‍ക്കും ഇവിടെ എത്തി അല്‍ബേക്ക് ബ്രോസ്റ്റ് തിന്നാനുള്ള ഭാഗ്യം നല്‍കി)

"അതാ ആ വരുന്ന ആളോട് ചോദിക്കാം ".
ഞാൻ തന്നെ ആ സാഹസത്തിനായി പുറത്തിറങ്ങി.
"ഹലോ ചേട്ടാ...ഇല്ലി ഏക് കെ എഫ് സി....ഇന്ത കോളി ...ഒരു തന്തൈ തലൈ ഫ്രൈ...."
"ങാ...ങാഹ ..." അയാള്‍.

ഹാവൂ സമാദാനം!. എന്റെ സർവ്വ ഭാഷാ പാണ്ഡിത്ത്യം, ഈ ഒറ്റ ഭാഷാ പരിജ്ഞാനിക്ക് വേഗത്തിൽ മനസ്സിലായതിൽ ഞാന്‍ സ്വയം അഭിമാനപുളകിതനായിക്കൊണ്ട് മോഹൻ ലാല് ചോദിച്ച പോലെ

 (അന്ന് മോഹന് ലാല് ഇങ്ങനെ ചോദിച്ചിട്ടില്ല) വളീ...വ ളീ ....എന്ന് പറഞ്ഞു. അയാള് "അക്കടു ഇക്കടു ഇല്ലീ കന്നഡ കൊത്തമ്പാലി കടുക് വറ്ത്തലു അരച്ചലു...."എന്ന് പറഞ്ഞു കൊണ്ട് ഇടതു വശത്തെ റോഡിനു് നേരെ കൈ ചൂണ്ടി.

അയാൾ പറഞ്ഞതപ്പടി മനസ്സിലായ രീതിയിൽ ഞാൻ ഡ്രൈവർക്ക് നിർദ്ദേശം കൊടുത്തു കൊണ്ട് വണ്ടിയില്‍ കേറി. സ്റ്റൈലിൽ  ഷർട്ടിന്റെ കോളറ് ഒന്ന് പിടിച്ചു കുലുക്കാനായി ഞാന്‍ കഴുത്തിൽ തപ്പിയപ്പോഴാണ് ഓർത്തത് ഇതിന് ആ സാധനം ഇല്ലല്ലൊ എന്ന്. അന്ന് രാവിലെ ടീ  ഷർട്ട് ഇടാന്‍ തോന്നിയ മണ്ടരി ബുദ്ധിയെ ശപിച്ചു കൊണ്ട്, ആലോചിച്ചിരിക്കെ..
നമ്മ വാഹനത്തൈ ഓട്ട്ണറ് ഓരമാകെ നിറ്ത്തിനാറ്....നൊ രക്ഷ...എന്നതിന്റെ സൂചന...മൌനം!.

“ദാ...ആ വരുന്ന കുട്ടികളോട് ചോദിക്കാം” സമദ് അങ്ങനെ പറഞ്ഞപ്പോഴേക്കും ഞാന്‍ ഡോർ തുറന്നു.
ആ നിമിഷം എന്റെ പെങ്കോലുട്ടി തൂടക്കിട്ടൊരു നുള്ള്. എന്റെ സ്വഭാവം ശരിക്ക് അറിയാവുന്ന അവളുടെ മുഖം കത്തുന്നു. മോന്തായം ഒരു ഭാഗത്തേക്ക് കോടുന്നു. അത് കണ്ട് ഭയപ്പെടാതെ? ഞാനാ ദൌത്യം സക്കീറിനെ ഏല്പിച്ചു !!

സക്കീറ് ഇറങ്ങിച്ചെന്ന് അവരോട് ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു. അവർ മോഹിനിയാട്ടം നടത്തി അതേ ഭാഷയില്‍ മറുപടി പറഞ്ഞു കൊണ്ടിരിക്കെ “എന്താ ഇത്രേം ചോദിക്കാന്‍...എന്താ കല്ല്യാണാലോചന വല്ലതും നടത്തുന്നൊ” എന്ന് വേണു പറഞ്ഞപ്പോള്‍ ഞാന്‍ മാത്രം ചിരിച്ചില്ല.
പൊട്ടന്‍ കമ്പ്യൂട്ടറ് കണ്ട മാതിരി ആ മൂന്ന് സുന്ദരന്‍ പീസുകളെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന എനിക്കതത്ര രസിച്ചില്ല.

എന്റെ നോട്ടം കണ്ട് അതിലൊരുത്തി സില്‍ക്ക് സ്മിത സ്റ്റൈലില്‍ താഴ് ചുണ്ട്നൊരു വശം മേല്‍ പല്ലിനാല്‍ കടിച്ച് ഒരു കണ്ണ് ചെറുതായി ചിമ്മി കാണിച്ചുവോ...ഹെയ്...ഉണ്ടാവില്ല. ഉണ്ടായിരുന്നെങ്കില്‍ എന്റെ ഫാര്യ തല പിടിച്ച് തിരിക്കുമായിരുന്നല്ലൊ. ഇനി മറ്റുള്ളവരുടെ മുമ്പില്‍ നാണം കെടണ്ട എന്ന് കരുതിയിട്ടൊ...എന്തൊ?.

സക്കീറ് പറഞ്ഞു കൊടുത്ത വഴിയെ വണ്ടി മെല്ലെ നീങ്ങി. കെ എഫ് സി എന്ന മൂന്നക്ഷരം എന്റെ കണ്ണില്‍ കാണിച്ച് തരു ദൈവമേ എന്ന പ്രാര്‍തനയോടെ ഓരോരുത്തരും, കെ എഫ് സീ, യാ നഫ്സീ എന്ന തിരു വചനം ഉരുവിട്ട് , തലയുള്ള ഒരു ബോർഡ് കാണാനായി തന്താങ്ങളുടെ സ്വന്തം തല ഇടതും വലതുമായി തിരിച്ചു കൊണ്ടിരുന്നു.

“യുടേണ്‍...അതേ യെസ് ...ഐവ..അതാ ആകാണുന്ന ബില്‍ഡിങ്ങിനപ്പുറം....ങാഹ ഇതു തന്നെ”. സക്കീറിന്റെ പറച്ചിൽ നിന്നതിനൊപ്പം വണ്ടിയും നിന്നു.
അവസാ‍നം ഞങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചിക്കന്‍ കാല്‍ കടിച്ചു വലിക്കുന്ന രംഗം ആലോചിച്ചു കൊണ്ട് ആ വലിയ ബില്‍ഡിങ്ങിന് മുമ്പിലുള്ള ബോർഡ് ഞാൻ  വായിച്ചു.ങേ ......കെ എഫ് സി...?.

വായിച്ചവർ, വായിച്ചവർ മുഖത്തോട് മുഖം നോക്കി കുറച്ച് നേരം സ്തംഭിച്ചു നിന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി. വിശന്നൊട്ടിയ വയർ പൊത്തിപ്പിടിച്ച് വളഞ്ഞ് പുളഞ്ഞ് ചിരിക്കാന്‍ വണ്ടിയില്‍ സ്തലം പോരാഞ്ഞ് ഓരോരുത്തരും പുറത്തിറങ്ങി ചിരിച്ച് കുഴങ്ങി വീണ് മണ്ണില്ലാത്തതിനാല്‍ ടാറ് റോഡ് കപ്പി തളർന്ന നേരം ഒരുത്തന്‍ പറഞ്ഞു “ നീ നേരത്തെ കണ്ട ഫൈവ് സ്റ്റാറിലേക്ക് വിട്”. ഞങ്ങള്‍ വണ്ടിയില്‍ കേറി. ഡ്രൈവർ വണ്ടി തിരിച്ചു. ഞാനന്നേരം ആ ബോർഡ് ഒന്നും കൂടെ ഉറക്കെ വായിച്ചു.

“കെ എഫ് സി....കർണാടക ഫൈനാന്‍സ് കോർപറേഷൻ !!”.
.................................


രാത്രി ഷോപ്പിങ്ങിന്നിടയില്‍ ഞങ്ങളറിയാതെ അതിന്റെ മുമ്പില്‍ എത്തിപ്പെട്ടു. കുറച്ച് ഫ്രൈഡ് ചിക്കന്‍ വാങ്ങി സഹധറ്മ്മിണിമാരെ തീറ്റിച്ച ഞങ്ങളെ അവർ തിന്നാന്‍ തുടങ്ങി. ഇതാണൊ നിങ്ങളെ ഗള്‍ഫിലെ....ബ്ലോസ്റ്റ്. ...തൊള്ളീക്ക് വക്കാന്‍ പറ്റുന്ന ഒരു സാധനം!. എല്ലാവരും ചിരിക്കുന്നു. പക്ഷേ ഓരോ വിറ്റുകളും എനിക്ക് നേരെയുള്ള ഒരോ കൂരമ്പായി എന്റെ ഹൃദയത്തില്‍ തറച്ചു കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നി. അത് മറച്ച് വച്ച് ഞാന്‍ പറഞ്ഞു. “നാട്ടിലെത്തട്ടെ.. ഞാനുണ്ടാക്കി കാണിച്ചു തരാം ബ്രോസ്റ്റ് എങ്ങനെയെന്ന്”.

പിന്നിടൊരു ദിവസം ഞാനുണ്ടാക്കിയ ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച് മക്കള്‍ പറഞ്ഞു. “ഈ ഉപ്പാക്ക് അറിയാത്തതെന്താ...” ഞാന്‍ പൊങ്ങി സീലിങ്ങില്‍ തട്ടി താഴെ പറന്ന് വീണു.
----------------------------------------
വായനക്കാരാ, നിങ്ങള്‍ക്കറിയണൊ ബ്രോസ്റ്റഡ് ചിക്കന്‍ എങ്ങനെ ഉണ്ടാക്കാം എന്ന്?.
അറിയാത്തവരുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞ് തരാം.








മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില