2008, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ബ്രോസ്റ്റ് റെഡി


ആദ്യം നാഴി പൊടി അരിയോ പച്ചരിയോ എടുത്ത് മാറ്റി വയ്ക്കുക.
-----------------------
ബ്രോസ്റ്റ്
-------
ഇഞ്ചി ഒരിഞ്ച് നീളം.
വെളുത്തുള്ളി നാല് അല്ലി.
സവാള ചെറുതൊന്ന്.
കുരു മുളക് പൊടി ഒരു സ്പൂൺ.
മുളക് പൊടി ഒരു സ്പൂണ്ൺ.
അജീന മോട്ടോ ഒരു നുള്ള്.
ഉപ്പ്.
ഇത്രയും വഹകള്‍ കൂട്ടിയരച്ച്,

ഒരു കോഴി പൂട കളഞ്ഞ് തൊലി കളയാതെ എട്ട് പീസാക്കി കട്ട് ചെയ്ത് അരച്ച് വച്ച പേസ്റ്റ് തേച്ച് പിടിപ്പിച്ച് നൂറ്റി ഇരുപത് മിനുട്ട് റസ്റ്റ് എടുക്കാന്‍ വക്കുക. 
ഈ സമയം ടിവി സീരിയൽ രണ്ട് മൂന്നെണ്ണം കാണുക. അതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് 
കോണ്‍ ഫ്ലവറ് പൊടി അല്ലെങ്കിൽ മൈദ പോടി ഛെ...മൈദപ്പൊടി
ഉപ്പ്
കൂട്ടി കുഴച്ചതിലേക്ക് ചിക്കന്‍ പീസുകള്‍ ഇട്ടിളക്കിയതിനെ
ചൂടായ എണ്ണയിലേക്ക് ഇട്ട് ചെറു തീയില്‍, മലയാളത്തില്‍ പറഞ്ഞാല്‍ ഗോള്‍ഡ് ബ്രൌണ്‍ അയാല്‍ കോരിയെടുക്കുക. ചട്ടിയവിടെ ഇരിക്കട്ടെ.
------------------
അടുത്തത് ഉരുളക്കിഴങ്ങ്.
നീളക്കിഴങ്ങ് തൊലി കളഞ്ഞ് അഞ്ച് മില്ലി ( സ്കെയില് എടുക്കാന്‍ പോകേണ്ടതില്ല) സമ ചതുരത്തില്‍ കട്ട് പണ്ണി ഉപ്പ് ലായനിയിൽ മുക്കി അതേ എണ്ണയില്‍ നന്നായി വറുത്ത് കോരുക. തീ അണക്കുക. ചട്ടിയെടുത്തു വക്കുക.
------------------
നെക്സ്റ്റ് ഗാറ്ലിക്ക് പേസ്റ്റ്. (ഇതാണ്  മക്കളേ മൊതല്)

രണ്ടല്ലി വെളുത്തുള്ളി ജ്യൂസ്മെഷീനിൽ ഇട്ട് ഉപ്പ്
ലമണ്‍ സാള്‍ട്ട് ( ഇല്ലെങ്കിൽ തൈര് അര കപ്പ്) ഒരു നുള്ള്.
അമ്പത് മില്ലി പാല്‍
അമ്പത് മില്ലി (സൺഫ്ലവർ എന്നിത്യാതി) എണ്ണ
മിക്സിയിലൊഴിച്ച് അടിച്ച് അതിലേക്ക്
ഒരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്
ഇട്ട് ആവശ്യത്തിനുള്ള കട്ടിയാവുന്നത് വരെ, വീണ്ടും നന്നായി അടിക്കുക.
കലാസ്...ഇത്രയും മതി. ഇനി രണ്ട് പ്ലൈറ്റ് എടുത്ത് നാല് പീസ് വീതം വച്ച് രണ്ടാള്‍ അപ്പുറവും ഇപ്പുറവും ഇരുന്ന് രണ്ട് കൈ കൊണ്ട് തിന്നുക. ഇടക്കിടക്ക് വറുത്ത കിഴങ്ങ് പീസുകളീല്‍ പേസ്റ്റ്, പേസ്റ്റ് ചെയ്ത് ഒപ്പം തട്ടുക.
ടൊമാറ്റൊ കെച്ചപ്പ് ഉണ്ടെങ്കില്‍ പ്രമാദം. കൂടെ കഴിക്കാന്‍ ചപ്പാത്തി, റൊട്ടി എക്സറ്ററാ....

}വേറെ ആളുണ്ടെങ്കിൽ കോഴി വേറെ നോക്കുക. 
] കോഴിക്ക്          പകരം ചെമ്മീന്‍, മുള്ളില്ലാത്ത മീന്‍ ഇവയും ആവാം.
]വെജിറ്റേറിയൻ:- കോളീ ഫ്ലവറ്.

] ഗാറ്ലിക് പേസ്റ്റ് ബാക്കിയുണ്ടാവും അതു ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ബ്രെഡ്ഡിലും അപ്പത്തിന്റെ ഒപ്പമൊക്കെ കഴിക്കാം. കുട്ടികള്‍ക്ക് നന്നായി ഇഷ്ടപ്പെടും.

] വിദേശത്ത് ഉള്ളവർക്ക് ബ്രോസ്റ്റ് പൊടി റെഡി മെയ്ഡ് വാങ്ങാൻ കിട്ടും.ഇപ്പോൾ നാട്ടിലും  കിട്ടും.


--------------------------------

ഇത് ശരിയായില്ല എന്നുണ്ടെങ്കിൽ ആദ്യത്തിൽ മാറ്റി വച്ച അരി എടുത്ത് കഞ്ഞി വച്ച് കുടിച്ച് മുണ്ടാതെ ഒരു പാത്ത് പോയി കെടന്നുറങ്ങുക!

2008, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ഖല്ബിനുള്ളിലെ ഫാത്ഥിമ

ഒരു ഓണത്തിന്റെ വീണപ്പൂവിന് ഓര്മ്മകള് .
---------------------------------------------
ആശുപത്രിയുടെ കുറച്ചപ്പുറത്ത് ചായക്കട നടത്തുന്ന രാമേട്ടന് മകളെ കാണിക്കാന് ഡോക്ടറ് ഇല്ലാത്ത
സമയത്താണ്‍ വന്നത്. ഒരു മാസത്തോളമായി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഞാന്‍, രാമേട്ടന്‍ ഇങ്ങനെ ഒരു മകളുണ്ടെന്ന കാര്യം അപ്പോഴാണ്‍ അറിയുന്നത്.

ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ടൊ?. അതൊ അന്നത്തെ എന്റെ പ്രായത്തിന്റെ ഇളക്കമായിരുന്നൊ?. അല്ല, അവള്‍ സുന്ദരി തന്നെയായിരുന്നു. സുന്ദരി എന്നതിലും സുന്ദരമാ‍യ ഒരു പേര്‍ അവളെക്കുറിച്ച് പറയാന്‍ എനിക്കറിയില്ല.

“രാമേട്ടാ നിങ്ങള്‍ നാളെ വരൂ. ഡോക്ടറ്ക്ക് സുഖമില്ലാത്തതിനാല്‍ നേരത്തെ പോയതാ”
അയാള്‍ മറുപടിക്കായി മകളെ നോക്കി. അവള്‍ വേണ്ടെന്ന് തലയാട്ടി.
“അല്ല മോനെ തല്‍ക്കാലം വല്ല മരുന്നും..?”
“എന്താ അസുഖം”.
“അവളെ വായില്‍ നെറയെ പുണ്ണാ. കുട് നീര്‍ എറക്കാന്‍ വരെ പറ്റ്ണില്യ”.
“വരൂ.. ഞാനൊന്ന് നോക്കട്ടെ”.
-രാമേട്ടനും മോളും ഇച്ചിച്ചതും, ഞാന്‍ ആഗ്രഹിച്ചതും പരിശോധന-
ഒരു തികഞ്ഞ ഡോക്ടറെ പോലെ ഞാന്‍ ആ കുട്ടിയുടെ തലയില്‍ പിടിച്ച് പറഞ്ഞു. “വായ് തുറക്കൂ. നാവ് നീട്ടൂ...” ഞാനങ്ങനെ പറയേണ്ട താമസം. -ഉള്ള ചോറും ചക്കയില്‍ ഒട്ടി- സുന്ദരമായ അവളുടെ മുഖം രണ്ട് കൈ കൊണ്ടും പൊത്തപ്പെട്ടു. കുപ്പിവളകള്‍ക്കൊപ്പം അവളും ചിരിച്ചു.

രാമേട്ടന്റെ ദേഷ്യപ്പെടലും എന്റെ നിറ്ബന്ധവുമായപ്പോള്‍ എങ്ങനെയോ.....
ഞാനാ തൊട്ടാവാടിയുടെ നിരയൊത്ത പല്ലുകളും, ചിരിക്കുമ്പോള്‍ കൂടുതല്‍ തിളങ്ങും കവിളില്‍ വിരിയുന്ന നുണക്കുഴിയും മാത്രമാണൊ കണ്ടത്?.
“ഞാന്‍ രണ്ട് ദിവസത്തേക്ക് മരുന്ന് തരാം” -ഗൌരവം-
“പേര്‍..?” ഞാന്‍ പ്രിസ്ക്രിപ്ഷന്‍ എഴുതി ത്തുടങ്ങി.
“പത്മം..പത്മജാ‍ന്ന് !”.
“അവള്‍ പറയട്ടെ രാമേട്ടാ. സംസാരിക്കാ‍ന്‍ ബുദ്ധിമുട്ടുണ്ടോന്ന് അറിയാലോ”. -ആഗ്രഹം-
“പത്മാന്ന് തന്നെയാ”. -മണിനാദം-.
“വയസ്സ്?.
“പതിനാല്‍”. -അധികം നാണത്തോടെ-
സുന്ദരമായ കയ്യക്ഷരത്തിന്‍ മറ്റു ജോലിക്കാരുടെ അസൂയാപാത്രമായിരുന്ന ഞാന്‍ ഒന്നും കൂടെ സുന്ദരമായി എഴുതി. (അന്നൊക്കെ ഡോക്ടറ് മാറ് എഴുതുന്നത് എന്താണെന്ന് സാധാരണക്കാരന്‍ മനസ്സിലാവാറില്ല) ‘ബികോമ്പ്ലക്സ് റ്റാബ്സ്. പത്ത്. വണ്‍ ടി ഡി എസ്’.

രണ്ട് ദിവസം കൊണ്ട് അസുഖം മാറിയില്ലെങ്കില്‍ ഡോക്ടറെ വന്ന് കാണണമെന്ന് പറഞ്ഞ് ‘അസുഖം മാറരുതെ’ എന്ന് മനസ്സില്‍ മന്ത്രിച്ച് ഞാന്‍ മരുന്ന് അവളുടെ കയ്യില്‍ വച്ച് കൊടുത്തു.

ദിവസം മൂന്നാലെണ്ണം കഴിഞ്ഞു. അവറ് വന്നില്ല. വരില്ല എന്നറിഞ്ഞ് കൊണ്ട് തന്നെ വീണ്ടും ഒരു വരവിനായി, കാഴ്ചക്കായി വല്ലാതെ ആഗ്രഹിച്ചു.

വേണ്ടാഞ്ഞിട്ടും രാമേട്ടന്റെ കടയില്‍ പോയി ഒരു ചായക്ക് പറഞ്ഞു. “എന്തായി രാമേട്ടാ മോളുടെ...?”

“ങാ മോനേ ഞാനത് മറന്നു. ഒരു വിധമൊക്കെ മാറി. ഇപ്പൊ എരിയും പുളിയും തട്ടിയാ കൊഴപ്പല്ല. പിന്നേ...ഞങ്ങള്‍ അവിടെ വന്നപ്പോള്‍ ഡോക്ടരില്ലാഞ്ഞത് നന്നായീന്ന് പിന്നെ തോന്നി. ഒരു ഉറ്പ്പ്യോണ്ട് കഴിഞ്ഞില്ലെ....അല്ലെങ്കില്‍ എട്ട് പത്ത് ഉറുപ്പ്യ ആ വഴിക്കും....നന്ദിണ്ട് മോനെ ...”.

പിന്നീടുള്ള ദിവസങ്ങളില്‍ രാമേട്ടന്റെ കടയില്‍ തന്നെ ചായ കുടിക്കാന്‍ പോവുന്നത് പതിവായി. സ്കൂള്‍ വിട്ട് ആ വഴി വരുന്ന അവളുടെ ഒരു നോട്ടം. ലജ്ജയില്‍ പൊതിഞ്ഞ ഒരു ചിരിയോടെ തൊട്ടപ്പുറത്തുള്ള വീട്ടിലേക്ക് ഒരു ഓട്ടം. -സംതൃപ്തി. സായൂജ്യം-
ആയിടക്കാണ്‍ മാനേജ്മെന്റ് അവരുടെ ജോലികള്‍ വേഗത്തിലോടാന്‍, എനിക്കോടിക്കാന്‍ (എന്നെയിട്ടോടിക്കാന്‍) ഒരു പുതുപുത്തന്‍ ഹീറോ സൈക്കിള്‍ അനുവദിച്ച് തന്നത്.

അതും കൊണ്ട് രാവിലെ അവള്‍ സ്കൂളില്‍ പോണ സമയത്ത് ഹൈ സ്പീഡില്‍ ചെന്ന് ഒരു സഡണ്‍ ബ്രേക്ക്. പിന്നെ “ഫാത്തിമാ..” എന്ന് വിളിച്ച് എന്തെങ്കിലും ഒന്ന് പറഞ്ഞാല്‍ ഒരു ചിരി മാത്രം മറുപടി. പിന്നെ പിന്നെ ചെറുതായി സംസാരിച്ചു തുടങ്ങി.

ഒരു ദിവസം അവളെന്നെ കൂട്ടുകാരികള്‍ക്ക് പരിചയപ്പെടുത്തിയതിങ്ങനെ.
“ആശുപത്രീലെ കമ്പോണ്ടറാ...”
“ഇത്ര ചെറുപ്പത്തിലോ?”. നാട്ടുകാറ് ചിലരങ്ങിനെ എന്നെ വിളിച്ചിരുന്നെങ്കിലും, അവള്‍ കമ്പോണ്ടറ് എന്ന് പറ്ഞ്ഞപ്പോ അതു വരെയില്ലാത്ത ഒരു തോലാഞ്ജം .-രോമമില്ലാത്തതിനാല്‍-

ആ വറ്ഷവും ഓണം വന്നു. രാമേട്ടന്‍ നിറ്ബന്ധം ഞാന്‍ ഉണ്ണാന്‍ ചെല്ലണമെന്ന്. മടിച്ച് മടിച്ച് (ആഗ്രഹിച്ച്) ഞാന്‍ സമ്മതിച്ചു.

ഉണ്ണാനിരിക്കുമ്പോള്‍ ചമ്രം പടിഞ്ഞിരിക്കാനറിയാത്ത ഞാന്, രണ്ട് കാലുകളും പിന്നിലേക്കാക്കി ഇടത് കൈ നിലത്ത് കുത്തി ശരീരത്തെ ബാലന്‍സ് ചെയ്ത്....ഹൊ...കൂട്ടാന്‍ വിളമ്പുന്ന അവളുടെ മുമ്പില്‍,
ആരുടെ മുമ്പിലും ഒരു കോമ്പ്ലക്സും ഇല്ലാത്ത ഞാന്‍..........?.
ഊണ്‍ കഴിഞ്ഞ് കുറച്ച് ലാത്തിയടിച്ച് അവളെ ഒന്നും കൂടെ കണ്ടെങ്കില്‍ എന്ന മോഹം സഫലമാകാതെ അവിടെനിന്നും ഇറങ്ങി.

“ശ്...ദേ...” എന്നെയാണൊ?. ഞാന്‍ ഇടം വലം തിരിഞ്ഞു. ഇടവഴിയിലെ വലിയ മതിലിലെ ചെറിയ വാതിലില്‍ ആശുപത്രി അടിച്ചുതളിക്കാരി ലക്ഷ്മി!.
“എന്തേ ലക്ഷ്മ്യേ...?”.
“ദാ ഒരാള്‍ ...!എത്ര നേരായി കാത്ത് നില്‍ക്കണൂന്നറിയൊ?...അവളങ്ങിനെ പറഞ്ഞ് മതിലില്‍ ചാരി മറഞ്ഞ് നില്ക്കുന്ന പത്മയെ പിടിച്ച് വലിച്ചു. പിന്നെ കൂട്ടി ചേറ്ത്തു. “അങ്ങട്ട് കൊടുക്ക് കുട്ട്യേ...ഇപ്പൊ ആളടുത്ത് എത്ത്യേപ്പൊ...”
എന്റെ ആകാംക്ഷ മാറിയത് കയ്യില്‍ മിഠായി വീണപ്പോഴാണ്‍. “ഞാന്‍ മിഠായി തിന്നതാണല്ലൊ ഫാത്തിമാ”.
“ഇതവളുടെ മാത്രം വകയാ” വീണ്ടും ലക്ഷ്മി.
ഒരു നിമിഷം എന്റെ ഖല്‍ബില്‍ കൂടി എന്തൊക്കെയോ മിന്നി മറഞ്ഞു. ഞാനാ മുഖം ശ്രദ്ധിച്ചു. നാണത്താല്‍ തല താഴ്ത്തി നിന്നിരുന്ന അവള്‍ തല ഉയറ്ത്തി എന്റെ കണ്ണുകളിലേക്ക് നോക്കി. കുറച്ച് സമയം കണ്ണുകള്‍ കഥകള്‍ കൈ മാറി. പിന്നെ അവള് ഒരോട്ടം വീടിനെ ലക്ഷ്യം വച്ച്. ഞാന്‍ ഖല്‍ബിനുള്ളില്‍ നീയാണ്‍ ഫാത്തിമാ എന്ന് പാടാതെ അവിടെ നിന്നും നടന്നു.

മാസങ്ങള്‍ കണ്ടും, പലതും പറഞ്ഞും, ചിരിച്ചും കഴിഞ്ഞു. എന്തും, ആരോടും നേരിട്ട് പറയാന്‍ അന്നും ദൈര്യം കൂടപ്പിറപ്പായി ഉണ്ടായിട്ടും, ഒരിക്കല്‍ പോലും ഐ ലവ് യു എന്ന് പറയുകയൊ, ഒരു കത്ത് കൊടുക്കുകയോ ചെയ്യാതിരിക്കാന്‍ കാരണം , എന്റെ വീട്ടിലെ പ്രാരാ‍ബ്ദം കണക്കിലെടുത്ത് എനിക്ക് പതിനാറ് വയസ്സായപ്പോഴേക്കും ജീവിതമെന്തെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ദൈവം തന്നു. മറ്റൊന്ന് എനിക്ക് താഴെയുള്ള ‘ലിറ്ററ് സെറ്റുകളെ’ പോറ്റണം എന്ന ചിന്തയും. പിന്നെ എന്ത് ഒലക്കേലെ ....?.
-ചോദ്യം സ്വാഭാ‍വികം-

ഒരിക്കല്‍ സ്കൂള്‍ കലോത്സവത്തില്‍ അവള്‍ പാടി “ വീണ പൂവേ..കുമാരനാശാന്റെ വീ‍ണ പൂവേ... ആ ശബ്ദ മാധുര്യം ആസ്വദിച്ച് എല്ലാം മറന്ന് നിന്ന എന്നെ ഉണറ്ത്തിയത് കൂടി നിന്നവരുടെ കരഘോഷം.

ആയിടക്കായിരുന്നു ഒരു ചെറിയ ശംസയത്തിന്റെ പേരില്‍ എനിക്ക് സസ്പെന്‍ഷന്‍ ( അത് ഞാന്‍ മുമ്പെഴുതിയിട്ടിട്ടുണ്‍ട്) അതിലും വലിയ ഒരു സ്താപനത്തില്‍ ജോലി ലഭിച്ചപ്പോള്‍ ഉറ്വശീ ശാപം......
........................................
വറ്ഷങ്ങള്‍ കഴിഞ്ഞു. പലയിടത്തായി ഒട്ടനവധി തൊഴിലുകള്‍. അവസാ‍നം ഗള്‍ഫിലും. ഒരിക്കല്‍ നാട്ടില്‍ പോയ സമയം. സ്നേഹിതന്‍ പുതിയതായി വാങ്ങിയ കാറില്‍ ഒരു യാത്ര. പഴയ ആശുപത്രി എത്തും മുമ്പേ ഞാന്‍ ഡ്രൈവറ് സീറ്റില് സ്താനാം പിടിച്ചു മെല്ലെ വണ്ടി ഓടിച്ചു. ആ നാട്ടുകാറ് , പരിചയക്കാറ് , ഈ പഴയ കുട്ടിക്കമ്പോണ്ടറ് കാറും വിട്ട് പോവൂന്നത് കാണുമ്പോള്‍ അവറ്ക്കുണ്ടാവുന്ന ആ ഒരു ഇത്...... അതു തന്നെയായിരുന്നു ഡ്രൈവറ് സീറ്റിലിരുന്നതിന്റെ ലക്ഷ്യം.

ആശുപത്രിക്കരികില്‍ വണ്ട് നിറ്ത്തി പുറത്തിറങ്ങി. രാമേട്ടന്റെ കട നിന്നിരുന്ന സ്തലത്ത് നിരയായി കെട്ടിയ പീടിക റൂമുകള്‍. നേരെ ഒരു കടയിലേക്ക് നടന്നു. ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി. കടക്കാരനാ‍യ ചെറുപ്പക്കരനോട് ചോദിച്ചു. “ഇവിടെ ഉണ്ടായിരുന്ന രാമേട്ടന്‍....?”
അവന് കുറച്ച് നേരം ആലോചിച്ചു പിന്നെ കൈ മലറ്ത്തി “ ആ...”.
“ആര്‍.... നമ്മുടെ ചായക്കട നടത്തിയിരുന്ന...?” തൊട്ടപ്പുറത്ത് നിന്നും എന്റെ ചോദ്യം കേട്ട ഒരു കാക്ക.
“അതേ അദ്ദേഹം...ഇപ്പോള്‍..?”
“രാമനിപ്പൊ ഇതൊക്കെ വിറ്റ് ഇവിടന്ന് പോയിട്ട് കാ‍ലം കുറേ ആയല്ലൊ. എന്താപ്പൊ കാര്യം”.
“ഒന്ന് കാണാനാ. ഇപ്പൊ എവിടെയാ താമസം ”.
“കുറെ ഉള്ളോട്ടാ”.
“....അല്ലാ...അയാള്‍ക്കൊരു മോള്‍ ഉണ്ടായിരുന്നല്ലൊ. പത്മാന്നും പറഞ്ഞ്...”.
“ങാ...ഉണ്ടായിരുന്നു. ആ മരിച്ച കുട്ടി”.
ഒരു നിമിഷം ഭൂമി ഒന്ന് കറങ്ങിയോ?.
“ങേ..മരിച്ച കുട്ടിയോ? എപ്പൊ...എങ്ങനെ?.
“അതേ മോനെ. സ്കൂളീന്ന് തല കറങ്ങി വീണൂന്നൊ...തലന്റെ ഉള്ളില്‍ മുഴാന്നൊക്കെ അന്നത്തെ കാലത്ത് പറയുന്നത് കേട്ടിരുന്നു. അത്പ്പൊ കൊറേ കലായല്ലൊ.... എന്തേപ്പൊ ചോദിക്കാന്‍”.
ചുണ്ടത്ത് വച്ച സിഗരറ്റ് എടുത്ത് കയ്യിലിട്ട് ഞരടി എറിഞ്ഞു .
" അല്ല നിന്നെ എവിടെയോ കണ്ട മാതിരി ....ശരിക്കങ്ങ് മനസ്സിലായില്ല.നീ നമ്മുടെ.....”
അയാള്‍ പലതും ചോദിക്കുന്നുണ്ടായിരുന്നു. ഒന്നിനും മറുപടി പറയാന്‍ കഴിയാതെ അവിടെ നിന്നും . എങ്ങനെയോ കാറിനരികില് എത്തി. നേരെ സ്നേഹിതനെ താ‍ക്കോല് ഏല്പിച്ച് അപ്പുറത്തെ സീറ്റില്‍ കേറി ഇരുന്നു.

നാട് വിട്ട് പോയി പണക്കാരനായി തിരിച്ച് വന്ന് എല്ലാ വിലക്കുകളെയും മറി കടന്ന് താ‍ന്‍ ആശിച്ച പെണ്ണിനെ സ്വന്തമാക്കുന്ന സിനിമയുടെ ക്ലൈമാക്സ് കാണുമ്പോഴൊക്കെ അങ്ങനെ ഒന്ന് മോഹിച്ചിരുന്നുവോ?...ഈയൊരു വാറ്ത്ത കേള്‍ക്കാനാണൊ ദൈവമേ ഈ വഴി വീണ്ടും വന്നത്. വന്നില്ലായിരുന്നെങ്കില്‍....ഒരിടത്തൊരിടത്ത് വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ വീട്ടില്‍, ഒരു തൊട്ടാവാടി പാവാടക്കാരിയായി, എന്റെ പഴയ ഒരു സ്നേഹിതായായി, ഇന്നും എന്റെ ഖല്‍ബിനുള്ളിലെ ഫാത്ഥിമയായിത്തന്നെ അവള്‍ ജീവിച്ചേനെ.
നിനക്കറിയാമൊ ഫാത്ഥിമാ... നീ‍ വിളമ്പിയ അവസാന ഓണ സദ്യ, എന്റെ ജീവിതത്തിലെ ആദ്യത്തേതാ‍യിരുന്നു എന്ന്.

“വിശ്വദറ്ശന ചക്ക്രവാളത്തിലെ നക്ഷത്രമല്ലേ നീ‍ ഒരു ശുക്ക്ര നക്ഷത്രമല്ലേ നീ....”.
ചിന്തക്കിടയില്‍ അവളന്ന് പാടിയ പാട്ടിന്‍ വരികള്‍ ശബ്ദമായി പുറത്തേക്ക് വന്നപ്പോള്‍ സ്നേഹിതന് ചോദിച്ചു. “എന്താ‍ സിഗരറ്റിന്‍ പകരം കഞ്ചാവ് വാ‍ങ്ങി വലിച്ചൊ”.
മറുപടി ഒരു ചിരിയില്‍ ഒതുക്കി. മുന്നോട്ടുള്ള പ്രയാണത്തില്‍ പിന്നിടുന്ന പാതകളെ നോക്കി കാറിനുള്ളില്‍ ഒന്ന് ഇളകിയിരുന്നു.


മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില