2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

മണിയടി അഥവാ മണിയുടെ അടി

ബന്ധുവീട്ടില്‍ നിന്നും നോമ്പ് തുറന്ന് ഒരു കാര്യസാധ്യത്തിന് വേണ്ട മണിയടിയും കഴിഞ്ഞ് ഏറെ വൈകി വീട്ടില്‍ തിരിച്ചെത്തി, പെലച്ചക്ക് നാല് മണിക്ക് മണി അടിക്കാന്‍ പാകത്തില്‍ ടൈമ്പീസ് തിരിച്ച് വച്ച് കിടന്നതാണെങ്കിലും, വച്ച മണി അടിക്കും മുമ്പെ ഉണര്‍ന്ന് പടച്ചോനെ നോമ്പ് കഴിഞ്ഞാല്‍ വീണ്ടുമാ ഊഷര ഭൂമിയിലേക്ക്..’ഓര്‍മിക്കാന്‍ ഇഷ്ടമില്ലാഞ്ഞിട്ടും ഇടക്കിടക്ക് തികട്ടി വരുന്ന ചിന്തകളെ മറക്കാന്‍ ശ്രമിച്ച് കണ്ണ് ഇറുകെ അടച്ച് മനസ്സിനെ മറ്റൊരു വഴിക്ക് തിരിച്ച് വിട്ടതും ആരോ മുഖത്തേക്ക് ഒരു പ്രകാശം അടിച്ചതായി തോന്നി. കണ്ണ് തുറന്ന് നോക്കി. വീണ്ടുമാ വെളിച്ചം കണ്ണില്‍ തറച്ചു. ശ്രദ്ധിച്ച് നോക്കും നേരം, ക്രികറ്റ് ബോളായി ഗോലിയും ഉപയോഗിക്കാം എന്ന മക്കളുടെ കണ്ട് പിടുത്തം കാരണം പൊട്ടിയ ജനല്‍ ചില്ലിന്‍ വിടവിലൂടെ (അതിന്റെ ശേഷം മുണ്ടിനുള്ളില്‍ ടൌസറിടാതെ കുനിഞ്ഞ് നില്‍ക്കാന്‍ ഭാര്യ സമ്മതിക്കാറില്ല) കുഞ്ഞു ടോര്‍ച്ചിന്റെ മുഖത്തിനു പിറകില്‍ പഴേ ബ്ലാക്ക് ആന്റ് വൈറ്റ് പ്രേതകഥ സിനിമയിലെ പോലെ വലിയ തലയുള്ള ഒരാളിന്റെ നിഴല്‍!

ഖോജരാജാവായ തമ്പുരാനെ കള്ളന്‍!!
കള്ളന്‍ തന്നെ അല്ലെ?? ഗല്‍ഫില്‍ നിന്നും പെട്ടി നിറയെ കൊണ്ട് വന്ന മണിയെല്ലാം അടിച്ചോണ്ട് പോവാം അതല്ലെങ്കില്‍ വല്ല - ഉം കാണാമെന്ന് കരുതി വന്നതാവാം! സമയത്ത് എന്ത് കാണാന്‍ ??അല്ല നോമ്പായതിനാല്‍! വീണ്ടും ടോര്‍ച്ചിന്‍ വെളിച്ചം. പെട്ടെന്നാണോര്‍ത്തത്അള്ളാ.... ഫാര്യേടെ കെടത്തം ഏത് രീതിയിലാണാവൊതല തിരിച്ച് നീക്കിയപ്പോള്‍ സമാധാനമായി. സ്വകാര്യതാനയം പൂര്‍ണ്ണമായും പൊതിഞ്ഞ് ഓളൊരു വശത്തേക്ക് തിരിഞ്ഞ് കിടക്കുന്നു.
ഇനി
എന്ത് ചെയ്യും ? തലേ ദിവസം ബന്ധുവീട്ടിലേക്ക് നോമ്പ് തുറക്കാന്‍ പോകും നേരം ആരൊക്കെയോ ചോദിച്ചിരുന്നുഇന്ന് പ്പൊ ഇനി തിരിച്ച് വരവ്ണ്ടാവില്ല അല്ലെ? ഇല്ല, അവിടെ തങ്ങും‘ എന്ന് കരുതി കൂട്ടി ഞാന്‍ നുണയും പറഞ്ഞിരുന്നു. വിചാരിച്ച പോലെ തന്നെ കള്ളന്‍ വന്നിതാഇവരാരെടാ ഇന്നലെ രാത്രി ഇവര്‍ തിരിച്ച് വന്നുവോ അതോ വേറെ ആരെങ്കിലുമാണൊ എന്ന് സംശയിച്ച് അന്തം വിട്ട് ജനലും ചാ‍രി നില്‍ക്കുന്നത് എനിക്ക് ശരിക്കും കാണാം.

നന്നായി ചിന്തിച്ച് കൈകാര്യം ചെയ്യേണ്ടതായ വിഷയമായതോണ്ട് ആദ്യം എണീറ്റ് ബ്ലാങ്കറ്റും തലയണയും കൂട്ടി ഞാന്‍ കിടക്കുന്നതിന് പകരമായി ഒരു ഡമ്മിയുണ്ടാക്കി. വീണ്ടു ടോര്‍ച്ചടിച്ച് നോക്കിയാല്‍ എന്നെ കാണാതാവരുതല്ലൊ. പിന്നെ ഇരുട്ടില്‍ ഹാളില്‍ ചെന്ന് ഒരു വടിക്കായി റാക്കില്‍ തപ്പി. കൈയ്യില്‍ തടഞ്ഞത് രാത്രികാലത്ത് പുഴയിലും തോട്ടിലും മീന്‍ വെട്ടിപ്പിടിക്കുന്ന ഇരു തലമൂര്‍ച്ചയില്ല്ലാത്ത വാള്‍ (ഇതാ ഈ എഴുത്ത് ശാക്ഷിയായി പറയുന്നു. എന്നെങ്കിലും ഒരു കാലത്ത് വാളുംകുന്തവുമായി ഒരു മുസ്ലിം തീവ്രവാധി പിടിയിലായി എന്ന് അഥവാ കേട്ടാല്‍, സത്യം ഇതായിരിക്കുംകെട്ടൊ) വാളെടുത്തതുംട്ടെം ണ്ടം.. ണ്ഡം.... ണ്ടം.. ണ്ടം.. ണ്ടം.. ണ്ടംഒപ്പം ഒരൊഴിഞ്ഞ പെയിന്റ് ടിന്ന് താഴെക്ക് വീണ്.....

പിന്നെ വലിയ മോനെ കുലുക്കിയുണര്‍ത്താനായി ശ്രമം. രണ്ടാമത്തവന്‍ എന്ത് തന്നെ സംഭവിച്ചാലുംഉണരില്ലെങ്കിലും ഒന്നാമത്തോന്‍ പഴയ കാല വാള്‍വ് റേഡിയോ ഓണാക്കിയ പോലെ ചൂടായാല്‍
ഒണര്‍ന്നോളും. ഉണര്‍ന്ന അവന്റെ ചെവിയില്‍ മന്ത്രിച്ചു “ഒച്ചയുണ്ടാക്കല്ലെ പുറത്തൊരാള്‍ നില്പുണ്ട്”
അത് കേട്ട് അവന്റെ ഉറക്കച്ചടവ് ഇറക്കപ്പടവ് വിട്ടിറങ്ങി ചാടിപ്പിടന്നെഴുന്നേറ്റു. അവനോടൊരുവടിയൊ കുന്തമൊ തിരയാനേല്പിച്ച് ഞാനയലോക്കത്തേക്ക് ഫോണ്‍ ചെയ്ത് വിവരം പറഞ്ഞു. അത്കേട്ട് കുഞ്ഞാപ്പു കാക്ക പറഞ്ഞു“ നിങ്ങള്‍ വാതില്‍ തുറക്കണ്ട. ഞാനും മണിയും ഇതാ
എത്തിക്കഴിഞ്ഞു

ഫോണ്‍ വെച്ചതും വീണ്ടും ട്ടെ ട്ട ണ്ഡ.. ണ്ഡ ട്ട.. ട്ട ട്ടം.. ണ്ടം ണ്ടം... ക്ട ക്‍ടുംനേരത്തെ താഴെ വീപാട്ടമേല്‍ മോന്റെ കാല്‍ തട്ടി ഒച്ചപ്പാട് ! അത് കേട്ട് ഭാര്യയുണര്‍ന്ന് “ഹെ..ങെ..ന്തെത്താ..എന്താ” വേഗംഅവളുടെ അടുത്തെത്തി സംഭവം വിവരിച്ച് മുണ്ടാതെ അതേ പോലെ കിടക്കാന്‍ പറഞ്ഞെങ്കിലും 'മമ്പറത്തെ തങ്ങളേ..പടച്ചോനെ ന്‍‌ക്കിഞ്ഞി വയ്യാ..ങ്ങള്‍ പൊറത്തെറങ്ങണ്ടാ‘ എന്നും പറഞ്ഞ് പേടിച്ച് ശബ്ദമുണ്ടാക്കാന്‍ ശ്രമിച്ച അവള്‍ക്ക് നല്ല രണ്ട് മുട്ടന്‍ തെറി കിട്ടിയപ്പോള്‍ വായ താനെ അടഞ്ഞു. പിന്നെ മൂരിയെ കിടത്തും പോലെ പൂഞ്ഞയില്‍ പിടിച്ചമര്‍ത്തി പഴയ രൂപത്തില്‍ കിടക്കയില്‍ പിടിച്ച് കിടത്തിയതും “ട്ടിര്‍ണ്ണീം.....ട്ടിര്‍ണീം, ടിര്‍ണ്ണീം...ടിര്‍ണീം”? പെലച്ചക്കെണീക്കാന്‍ ഗള്‍ഫില്‍ നിന്നും വരുന്ന മിസ് കോള്‍ ! ഇരുട്ടിലോടി ഫോണ്‍ ക്രെഡിലില്‍ നിന്നും എടുത്ത് മാറ്റി.

ജനലിനപ്പുറത്തെ നിഴലിനുടമ കിച്ചണിന്റെ വാതില്‍ ടോര്‍ച്ചടിച്ച്
പരിശോധിക്കുന്നത് മോന്‍ കാണിച്ച് തന്നു. എന്ത് ചെയ്യണം എന്ന് ചര്‍ച്ച ചെയ്യുന്നതിന് മുമ്പെ “പ്പി പ്പി.. പ്പീ.... പ്പീം...പ്പി പ്പി.. പ്പീ.... പ്പീം... പ്പിപ്പി.. പ്പീ.... പ്പീം...” പണ്ടാരടങ്ങാന്‍ ആ സമയത്ത് ശരിയായ മണിയടിക്കാന്‍ തുടങ്ങി. അതോഫാക്കി വേഗം കിച്ചണില്‍ തിരിച്ച് വന്നു. അപ്പോള്‍ പുറത്തെ ടോര്‍ച്ച് വെളിച്ചം എവിടെയും കാണാന്‍ കഴിഞ്ഞില്ല. വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ദൈര്യമുണ്ട്. പക്ഷെ തലേന്ന് ആയുഷ് കാല ഗ്യാരണ്ടിയുള്ള ടോര്‍ച്ചിന്റെ ബള്‍ബ് ഫ്യും ! എമര്‍സഞ്ചിയിലൊട്ട് ചാര്‍ജ്ജും ഇല്ല. ഇത് വരെ എത്തിപ്പെടാത്ത കുഞ്ഞാപ്പുകാക്കയെയും മണിയെയും ഇനി കാത്ത് നില്‍ക്കുന്നത് ബുദ്ധിയല്ല എന്ന തീരുമാനത്തില്‍ മോനോട് പറഞ്ഞു. നീ ശടേന്ന് വാതില്‍ തുറക്കണം. വാതില്‍ തുറന്നതും ഞാന്‍ എമര്‍ജെന്‍സി ഓണാക്കും. (ഒരി്ത്തിരി വെട്ടം കുറച്ച് നേരത്തേക്ക് അതിലുണ്ടാവാറുണ്ടല്ലൊ) ആളെ കണ്ടതും കൈയ്യിലുള്ള വടിയാല്‍ അടി വീണിരിക്കണം... ഓക്കെ പറഞ്ഞ് ‘വണ്‍ ടു ത്രീ‍ീ‍ീ‍ീ‍ീ‍ീ‍ീ”
“..................................“

ങും...എന്തോന്ന്.... ആര് ....എപ്പൊ??? വീടിന് ചുറ്റുമോടി റോഡിലേക്കിറങ്ങിയപ്പോഴേക്കും എമര്‍ജെന്‍സി വെളിച്ചം റ്റാ റ്റാ പറഞ്ഞു കഴിഞ്ഞിരുന്നു. ഞാന്‍ വാള്‍ മുന്നില്‍ വീശി വീടിന് ചുറ്റും നടന്നു.

പെട്ടെന്ന് മുമ്പിലേക്ക് മണി ചാടി വീണു. അതിന്റെ പുറകെ കുഞ്ഞാപ്പുകാക്ക “ ആരെടാ.. മണിയെ അടിയെടാ... നെറും തല നോക്കി കൊടുക്ക്..വിടല്ലെ വിടല്ലെ” എന്ന് വളരെയധികം ഉച്ചത്തില്‍ പറയുന്നുണ്ട്. മണിയും എന്തൊക്കെയോ പറയുന്നു. ഒപ്പം തല്ലാന്‍ ഓങ്ങുന്നു. പെട്ടെന്നെനിക്ക് കത്തി. ഇരുട്ടില്‍ അവര്‍ എന്നെ കള്ളനായി കണ്ടിരിക്കുന്നു. “മണിയേ തല്ലല്ലേ...ഇത് ഞാനാ ടാ മണീ..തല്ലല്ലേ” എന്നുള്ള എന്റെ ശബ്ദം “ആരെടാ നായിന്റെ മോനെ...വിടല്ലെ മണീ ” എന്നൊക്കെയുള്ള അവരുടെ ചോദ്യ പറച്ചിലുകളില്‍ക്കിടയില്‍ എന്റെ ഇടര്‍ന്ന ശബ്ദം ഒന്നുമല്ലാതാവുന്നു.

ശബ്ദ കോലാഹലം (എന്റെ പേടിയോടെയുള്ള തല്ലല്ലേ) കേട്ട് കിടക്കപ്പൊറുതിയില്ലാതെ ഭാര്യ പുറത്തേക്കുള്ള ലൈറ്റ് തെളിയിച്ചു. അപ്പോഴേക്കും മോനും ഓടി വന്നു. ആളറിഞ്ഞപ്പോള്‍ അവര്‍ രണ്ടാളും ചുടായി “പുറത്തേക്കിറങ്ങരുത് എന്ന് പറഞ്ഞിട്ട്...ഭാഗ്യം അടിക്കാന്‍ തോന്നാഞ്ഞത്. ഏതായാലും നമുക്കൊന്ന് തെരയാം” ഞങ്ങള്‍ പറമ്പിലും പാടത്തുമൊക്കെ തിരഞ്ഞെങ്കിലും ആരെയും കാണാന്‍ കിട്ടിയില്ല. ആ സമയം ഭാര്യ വിളിച്ച് പറഞ്ഞു

“ ണ്ടോക്കീ...മോളൂന്റെ ചെയിന്‍ ഊരീട്ട്ണ്ട് ട്ടൊ” അപ്പോഴാണൊര്‍ത്തത് അവള്‍ കിടന്നിടത്തു നിന്നും തിരിഞ്ഞ് മറിഞ്ഞ് ഞങ്ങളുടെ കാല്‍ കീഴില്‍ ജനലിനു ചാരിയാ കിടന്നിരുന്നത്. എങ്കില്‍ മാല ആ വിടവിലൂടെ കള്ളന്‍ കൈക്കലാക്കിയിരിക്കുന്നു. “ഇനി നോക്കാനില്ല ദാ സമയം നാലെ ഇരുപത്തഞ്ച് ‘കൊളക്കാടന്‍‘ ഇപ്പൊ വരും. നീയും മണിയും ഓടിക്കോളി അങ്ങാടിയിലേക്ക്. ആദ്യം ബസ്സ്സ്റ്റോപ്പില്‍ നോക്കീ....” പറഞ്ഞ് മുഴുവനാകും മുമ്പെ അവര്‍ ഓടി. ഞങ്ങള്‍ അകത്തേക്ക് കേറി. വേറെ വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടൊ എന്ന് നോക്കിയോ എന്ന എന്റെ ചോദ്യത്തിന് “അതിനെന്തേപ്പൊ ഇവിടെ നഷ്ടപ്പെട്ടത് ?” എന്ന് ഓളെ മറുപടി. “അപ്പൊ മോളൂന്റെ മാലാന്ന് നീ പറഞ്ഞത്?
“ഹോ അതൊ, അത് ഞാന്‍ തലേന്ന് തന്നെ ഊരി വച്ചിട്ടുണ്ടെന്നാ പറഞ്ഞത്”
“ഛെ... കള്ള കഴുവേറി മോളെ.....ആവശ്യമില്ലാതെ ഓരോ”
ഇരച്ച് പൊന്തിയ ദേശ്യം അവളുടെ ചിരിയില്‍ ഇല്ലാതായി. കുറച്ച് കഴിഞ്ഞ് മണിയും മോനും തിരിച്ച് വന്ന് പറഞ്ഞു “രക്ഷയില്ല,,, അവിടെ കണ്ട എല്ലാവരെയും പരിശോദിച്ചു. രണ്ട് അണ്ണാച്ചികളെ നല്ലോണം തപ്പി......” അവര്‍ പറഞ്ഞ് കഴിയുന്നത് വരെ ഞങ്ങള്‍ കാത്തിരുന്നു. പിന്നെ ഉമ്മ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായപ്പോള്‍ “ഛെ, സംഗതി മോശായി. ഇനിയിപ്പൊ അങ്ങാടീക്കെറങ്ങാന്‍ പറ്റൂല” എന്നെല്ലാം പറഞ്ഞ്, പിന്നെ പറഞ്ഞ് പറഞ്ഞ് മണിയുടെ കൈയ്യില്‍ നിന്നും ഫ്രഷ് ചീമക്കൊന്ന കമ്പിനാല്‍ ഉപ്പാക്ക് അടി കിട്ടാത്തതിന്റെ തമാശ പറഞ്ഞ് ചിരിച്ച് ഉറക്കമുണര്‍ന്ന്‍ വന്ന മക്കളും അയലോക്കക്കാരും കൂടി എന്റെ നേരെ ആയി. പിന്നെ, നോമ്പ് സ്പെഷ്യല്‍ താളിപ്പ് തൂമിച്ച വാസനയില്‍ അത്താഴ ചോറിലേക്കായി ശ്രദ്ധ.


അന്നോടിക്കിതച്ച് വന്ന, ഒരു നീണ്ടകാല പ്രവാസിയായിരുന്ന കുഞ്ഞാപ്പുകാക്ക തീരെ സുഖമില്ലാതെ തളര്‍ന്ന് കിടക്കുന്നു. കഴിഞ്ഞ നോമ്പിന് അങ്ങനെ നാട്ടില്‍ കഴിഞ്ഞു. ഈ നോമ്പ് പകുതിയെങ്കിലും നാട്ടില്‍ കൂടാനാകുമെന്ന് കരുതുന്നു. ഇന്‍ശാ അള്ളാ....
വീണ്ടും കാണും വരെ എല്ലാവര്‍ക്കും നന്മയുടെ നാളുകള്‍ നേര്‍ന്ന് കൊണ്ട്, ഒഎബി.


മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില