ജടുക്ക വണ്ടിയും പല്ലക്കും പോയ വഴിയെ ഇന്ത്യൻ ബസ്സും മയിൽ വാഹനവും ഓടിത്തുടങ്ങിയിട്ടും തന്റെ മാറുകൾ മറക്കാതെതന്നെ ഞങ്ങളുടെ ഗ്രാമത്തിലൂടെ കുഞ്ഞിപ്പെണ്ണ് നടന്നു.
അമ്മ നാടിച്ചിക്ക് കഴുത്ത് മുതൽ നെഞ്ച് വരെ പല നിറത്തിലും കോലത്തിലുമുള്ള കല്ല് മാലകൾ ഉള്ളതിന് പുറമെ മാറത്ത് സാബൂൻ തേക്കാതെ അലക്കി വെളുക്കാത്തൊരു മുണ്ട് ചിലപ്പഴൊക്കെ ഉണ്ടാകുമായിരുന്നു. നെൽച്ചെടികൾക്കിടയിൽ പുല്ല് പറിക്കാൻ കുമ്പിടുമ്പോൾ നാടിച്ചിയുടെ മാംസളമല്ലാത്ത മാറിടം തൂങ്ങിയാടുന്നത് അവർ ചൂടുന്ന വലിയ കുണ്ടൻ കുട ഒരു തടസ്സമായി നിൽക്കും.
മുറുക്കാൻ ചവച്ച് വരമ്പത്തിരിക്കുമ്പോഴും മറ്റും ആ മാലകൾക്ക് കീഴെ പരന്ന് കിടക്കും അന്നേരം അവരൊരു ചിമ്പാൻസിയുടെ കോലമായി എനിക്ക് തോന്നാറുണ്ടായിരുന്നു.
എന്നാൽ മകളായ കുഞ്ഞിന്റെ കഴുത്തിൽ ശീമ വെള്ളിയുടെ ചങ്കേലസ്സ് കുത്തചരടിൽ കോർത്തതല്ലാതെ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല
മാറ് മറക്കുന്നതിനെ ആരും ചോദ്യം ചെയ്യാതിരുന്നിട്ടും മുട്ടിന് താഴെ മുണ്ടുടുക്കാമെന്നായിട്ടും കുഞ്ഞിയെന്ന പതിനാലുകാരിക്ക് എന്ത് കൊണ്ടോ ആ പരിഷ്കാരത്തിനോടത്ര പ്രതിപത്തി തോന്നിയില്ല എന്ന് വേണം കരുതാൻ.
ഇല്ലത്തെ സ്ഥിരം പണിക്കാരിയായിരുന്നു അവരെങ്കിലും അവിടെ പണിയില്ലാത്ത ദിവസങ്ങളിൽ ഞങ്ങളെ പാടത്തും അവർ എത്തും.
അന്നൊരു ദിവസം അലൂമിനിയ പാത്രത്തിൽ ഉമ്മ കഞ്ഞി വിളമ്പിക്കൊടുത്തപ്പോൾ അവർ പറഞ്ഞു 'മാണ്ട പെങ്കൊലുട്ട്യേ... ങ്കക്കിവിടെ ബായെലണ്ട്.'
അത് കേട്ട ഉമ്മ പറഞ്ഞു: 'അതൊക്കെ പണിക്ക് വേറെ സ്ഥലത്ത്. ഇബടെ വെരുമ്പൊ പിഞ്ഞാണത്തിലെ തരൂ.'
ഇല്ലത്ത് അവർക്ക് കഞ്ഞി കുടിക്കാൻ മുട്ടത്തെ മൂലയിൽ ഓരോ കുഴികുത്തിയിട്ടുണ്ടാവും അതിൽ വാട്ടിയ വാഴയില വച്ചാണ് കഞ്ഞി വിളമ്പുക. അതിലേക്ക് കൂട്ടാൻ കാര്യമായി ഒന്നും ഉണ്ടാവാറില്ല. കടിച്ച് കുട്ടൻ ഒന്ന് രണ്ട് പറങ്കി മൊളക് തൊടിയിൽ നിന്നും അവർ നേരത്തെ കരുതിക്കാണും.
അൽപം മടിയോടെ ഉമ്മ നീട്ടിയ കഞ്ഞിപ്പാത്രവും വാങ്ങി അവർ പ്ലാവിൻ ചുവട്ടിലേക്ക് നടക്കവേ ഉമ്മ വീണ്ടും പറഞ്ഞു 'നാടിച്ചേ ഇവടെ കോലായ്‌മെക്ക് പോരി...'
'വേണ്ട മാപ്പൾച്ച്യേ മ്പളവടെ..'
ഉമ്മ സമ്മതിച്ചില്ല അവസാനം അവർ പുള്ളത്തിണ്ടിൽ ഇരുന്ന് പ്ലാവില കുത്തി കൈലാക്കിയത് കൊണ്ട് കഞ്ഞി കോരിക്കുടിച്ചു. ഒപ്പം വാഴയിലയിലെ ചക്കക്കൂട്ടാനും പച്ച മാങ്ങയും ചെമ്മീൻ ചുട്ടരച്ച് പച്ച വെളിച്ചെണ്ണയും കൂട്ടി സ്വാദ് ആസ്വദിച്ച് കൊണ്ട് ആർത്തിയോടെ കഴിച്ചു.
ശേഷം നാടിച്ചി അവരുടെ വലിയ കോന്തലക്കെട്ടഴിച്ച് മുറുക്കാനെടുത്ത് ചവച്ചു. മറ്റുള്ളവരോടായി എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കെ അവരുടെ ഇരുവായ് കോണിലൂടെയും ചുകപ്പൊലിച്ചത് ഉള്ളം കയ്യിനാൽ തുടച്ച് ഉടുമുണ്ടിൽ തേച്ചു.
തിണ്ടിൽ പിടിച്ച് നെൽക്കട്ട ചവിട്ടി മെതിക്കുന്ന പുഴുങ്ങിയ മുതിരയുടെ തിളക്കവും നിറവുമാർന്ന
കുഞ്ഞിന്റെ നെറ്റിയിലും മുക്കിന്മേലും ഉരുണ്ട് കൂടി തിളങ്ങിയ വിയർപ്പ് തുള്ളികൾ താഴോട്ടിറങ്ങി പൂർണ്ണ നഗ്നമായ നെഞ്ചിൽ, മൂസാക്കാന്റെ പീടികയിൽ നിന്ന് കുപ്പിയിലേക്ക് കാസർട്ട് ഉമ്മ പത്ത് ഒഴിച്ച് കൊടുക്കുന്ന തകരക്കാഴം പോലെയുള്ള മുലകൾക്കിടയിലൂടെ ഞാൻ ചാലിലൂടെ പറഞ്ഞു.
'കുഞ്ഞ്യേ ജ്ജ്ങ്ങനെ ഒരു മുണ്ടും കൂടെ മാറത്തിടാതെ നടക്ക്ണത് അത്ര ശര്യല്ല ട്ടൊ. ഇപ്പത്തെ കാലത്തെ ചെറ്യേ മക്കളെ കണ്ണ് വരെ...'
അന്ന് വൈകുന്നേരം കൂലി കൊടുത്ത ശേഷം ഉമ്മയുടെ പഴയ കുപ്പായങ്ങളും ഒരു തോർത്ത് മുണ്ടും കുഞ്ഞിന്റെ കൈകളിൽ വച്ച് കൊടുത്ത് കൊണ്ട് ഉമ്മ പറഞ്ഞു 'നാളെ വരുമ്പോൾ ഈ കുപ്പായം ഇങ്ങോട്ട് ഇങ്ങോട്ട് വരാം...
ഉമ്മ അങ്ങനെ ആയിരുന്നു സ്നേഹിക്കുന്ന പോലെ ശാസിക്കാനും മതി കാണിക്കാറില്ല. പണിക്കാർക്ക് ഞങ്ങളെന്താണോ തിന്നുന്നത് അത് നേരത്തിന് വയർ നിറച്ച് കൊടുക്കുക. ഇനി വഴിപോക്കർ ആയാലും ഭിക്ഷക്കാർ വന്നാലും വെറുതെ വിടില്ല.
പിന്നെയും പല തരത്തിലുള്ള നെൽക്കട്ടകൾ മഴയത്തും വെയിലത്തും മുറ്റത്ത് മെതിച്ചെങ്കിലും പഴയ
കോലത്തിൽ മാറാതെ കുഞ്ഞിനെ കണ്ടതായി ഓർക്കുന്നില്ല.
ഞാൻ ഏഴിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു, ഒരു ദിവസം സ്‌കൂൾ വിട്ട് വന്ന് കൊയ്‌തൊഴിഞ്ഞ കണ്ടത്തിലുണ്ടാക്കിയ മധുരക്കിഴങ്ങ് പുഴുങ്ങിയതും ചക്കരച്ചായയും മഞ്ചമേലിരുന്ന് കുടിച്ച് കൊണ്ടിരിക്കെ, അരിയിടിച്ചത് ഊരലിൽ നിന്ന് വാരി തരിക്കുന്ന അമ്മായിയോട് ഉമ്മ ചോദിക്കുന്നത് കേട്ടു.
'അല്ല... സത്യത്തിലോക്ക് പള്ളേലുണ്ടായോ'
'പിന്നല്ലാതെ അത് കലക്കാനല്ലെ ഉമ്മത്തും കായ്... പിന്നെ രക്തം നിന്നില്ലൊലൊ'
'എന്തോ ഏതോ..സത്യം കൊന്നോൽക്ക് അല്ലെ അറിയൂ ഇനിപ്പൊ ഞമ്മളായിട്ട്...'
മുമ്പ് പറഞ്ഞ് മുഴുമിപ്പിക്കാത്തതിന്റെ ബാക്കി കേട്ട് കാര്യമായി ഒന്നും ചോദിക്കാതെ ചോദിച്ചു: 'ആരെയാ കൊന്നത് ഇമ്മാ?'
'അത്... അത് ഞമ്മളെ പണിക്കാരത്തി കുഞ്ഞില്ലെ... ഓൾ ചത്തൂന്ന് കേട്ടു.'
'എങ്ങനെ ആരാ കൊന്നത്?'
'അല്ലാഹ്...അങ്ങനെ ഒറക്കെ പറയല്ലേ അങ്ങനെ പറഞ്ഞാ പോലീസ് വന്ന് അന്നെ പുടിച്ചൊണ്ടോവും. ആരും കൊന്നതല്ല ഓൾ പള്ളയിൽ വെർത്തം വന്ന് മരിച്ചതാ.'
ഭയം അഭിനയിച്ച് കൊണ്ട് അണ്ണാ പറഞ്ഞത് പൂർണ്ണമായും മനസ്സിലായില്ലെങ്കിലും വളർച്ചയുടെ പടവുകൾ കേറുന്നതിനനുസരിച്ച് കാലം എനിക്കാ കഥ പറഞ്ഞു തന്നു.
ഇന്നിപ്പൊ വർണ്ണക്കടലാസിൽ പൊതിഞ്ഞ് വച്ച മുളക്കരത്തെ ചിലരെല്ലാം വീണ്ടും തുറന്ന് പുറത്തെടുക്കൽ, മറക്കാതിരിക്കാൻ ചുർക്കയിലിട്ട് വച്ച കുഞ്ഞിയുടെ ആ കഥ! ഓർമ്മകളാകുന്ന ചില്ലു ഭരണിയിൽ നിന്നുമെടുത്ത് രുചിച്ചാൽ രസഭേദം വരാത്ത അവളുടെ രൂപവും ഭാവവും ഒരു കെൻവാസിൽ വരച്ചിടാൻ എനിക്കാവും. അവളുടെ ആ വലിയ ശബ്ദം കാതുകളിൽ ഇന്നും ഉണ്ട്.
ചില്ല് കുപ്പിയിൽ മണ്ണ് പൊതിയാതെ നഗ്‌നമാക്കപ്പെട്ട വേരുകളാൽ പുഷ്പിക്കാതെ പോയ വെറുമൊരു പച്ചിലച്ചെടി. അതായിരുന്നു അവൾ!
അന്ന് അവളുടെ ചവിട്ടേറ്റ നെന്മണികൾ അറയിലെ ബല്ലക്കൊട്ടയിൽ നിറച്ചപ്പോഴും അത് അവരുടെ കയ്യിനാൽ പുഴുങ്ങിയുണക്കി കുന്താണിയിലിട്ട് കുത്തിതൊലിച്ച് അറിഞ്ഞപ്പോഴൊന്നും ആർക്കും അയിത്തമുണ്ടായിരുന്നില്ല. കുഞ്ഞിന്റെ വിയർപ്പ് തുള്ളികൾ ഇട്ടിയ നെന്മണികൾ വിശേഷങ്ങൾക്ക് കാഴ്ചവച്ചപ്പോഴും അയിത്തമായിരുന്നില്ല.
അല്ലാത്തപ്പോഴൊക്കെ അയിത്തമായിരുന്ന തൊട്ടുകൂടാത്ത, കൺമുമ്പിലെ ശകുനശരീരങ്ങൾ ഇരുട്ടുകളിൽ മാത്രം പൂജിക്കപ്പെട്ടു!
ചില കുലസ്ത്രീകൾ അറവാതിലിന്റെ തിരുകുറ്റിയിൽ വെള്ളമൊഴിച്ച് ചീപ്പൂരി വക്കുമ്പോൾ കുഞ്ഞിമാരുടെ വൈക്കോൽ പുരയുടെ ഓല വാതിലിന്റെ ഇല്ലാത്ത സാക്ഷ്യം നീക്കി വക്കേണ്ടതില്ലല്ലോ.