ചെറുകഥ
ചില നേരമ്പോക്കുകളിലൂടെ മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുന്ന ശീലം മാറ്റിനിർത്തിയാൽ,ഞാൻ ആരെയും നോവിച്ചതായി എനിക്കോർമയില്ല. പക്ഷേ, എന്റെ നിശബ്ദതകൾക്കും നിന്റെ വാചാലതകൾക്കുമിടയിൽ എവിടെയോ വെച്ച് എന്തൊക്കെയോ നമുക്ക് പിഴച്ചുപോയിട്ടുണ്ട്.
അന്ന് നിലമ്പൂർ കനോലി പ്ലോട്ടിലെ തേക്കിൻമരങ്ങൾ തീർത്ത തണൽവഴികളിലൂടെ നിന്റെ കൈകോർത്തു നടക്കുമ്പോൾ, ചാലിയാർ പുഴയുടെ ഓളങ്ങൾ തീർത്ത കൊലുസ് കിലുക്കത്തേക്കാൾ മധുരമൊന്നും നിന്റെ ശബ്ദത്തിന് ഞാൻ അനുഭവിച്ചിട്ടില്ല.
ചിലപ്പോൾ ബസ് കാത്ത് നിൽക്കുന്ന നേരങ്ങളിൽ, ചീറിപ്പായുന്ന ബൈക്കിന് പിന്നിൽ അയാളിലേക്ക് അമർന്ന് പ്രിയപ്പെട്ടവനെ പുണരുന്ന പെൺകുട്ടികളെ ചൂണ്ടി നീ സംസാരിക്കുമ്പോൾ, നിന്റെ വാക്കുകളിൽ വിരിഞ്ഞത് അസൂയയായിരുന്നില്ലെന്ന് എനിക്കറിയാമായിരുന്നു; മറിച്ച്, നിന്നിൽ തന്നെയുള്ള തീവ്രമായ ചില ആഗ്രഹങ്ങളുടെ പ്രതിഫലനമായിരുന്നു അത്.
നിനക്കതൊരു കൗതുകമായപ്പോൾ എന്റെ ഉള്ളിലത് നീറ്റലുണ്ടാക്കി. ലഗിൻസ് ധാരിണികളെ അറപ്പോടെ നോക്കിയതും മോട്ടോർ സൈക്കിളിന്റെ കർണ്ണകഠോരമായ ശബ്ദത്തെ വെറുത്തതും എന്റെ വിവരക്കേടായി നീ കരുതിയിട്ടുണ്ടാകാം. ആ കാഴ്ചപ്പാടുകളെ തിരുത്താൻ ഞാൻ ശ്രമിച്ചിട്ടില്ല.
പാതയോരത്തെ കടയിൽ നിന്നും ഞാൻ വാങ്ങിത്തന്ന ചോക്ലേറ്റ് ബ്രാൻഡഡ് അല്ലെന്ന് നീ പരിഭവിച്ചപ്പോൾ, നീ ആഗ്രഹിച്ച ആഡംബരങ്ങളുടെ വിലയോ രുചിയോ അളക്കാൻ പോലുമാകാത്ത സാധാരണക്കാരനായിരുന്നു ഞാൻ.
നിന്നെ എനിക്ക് അപ്രതീക്ഷിതമായി വീണ് കിട്ടിയതാണ്. ഒരുപക്ഷേ, എറിഞ്ഞ് വീഴ്ത്തിയിരുന്ന തെങ്കിൽ ഇതിലുമേറെ മധുരം ഉണ്ടായേനെ.
നിന്നോട് പ്രണയം തോന്നിയ നിമിഷം മുതൽ നിന്നെ വിശേഷിപ്പിക്കാൻ 'സുന്ദരി' എന്നതിനേക്കാൾ മനോഹരമായൊരു പദം തേടി ഞാനെന്റെ ഉറക്കമൊഴിവാക്കിയിട്ടില്ല.
ഭാവപ്പകർച്ചകളില്ലാതെ സത്യം മാത്രം വിളിച്ചുപറയുന്ന എന്റെ സ്വഭാവം ചിലപ്പോഴൊക്കെ എന്നെത്തന്നെ വെറുപ്പിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ നിനക്ക് എന്നോട് തോന്നിയ മടുപ്പിൽ എനിക്ക് അത്ഭുതമില്ല.
എങ്കിലും പ്രിയപ്പെട്ടവളേ... എനിക്കൊരു സൂചന നൽകാമായിരുന്നു. പിന്തിരിഞ്ഞു നടക്കും മുൻപ് ഒന്നു പറയാമായിരുന്നു. മറ്റൊരാളുടെ വാക്കുകളിലൂടെ നീ എന്നെ വിട്ടത് അറിയേണ്ടി വന്നതാണ് എന്നെ വല്ലാതാക്കുന്നത്. എന്റെ ഭാഗത്ത് എന്തെങ്കിലും പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് തിരുത്താനോ ക്ഷമ ചോദിക്കാനോ ഒരവസരം പോലും നൽകാതെയുള്ള നിന്റെ ഈ മടക്കം...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ