A space of every voice
"ഒരു കുട്ടിയുടെ തുറന്ന് പറച്ചിൽ"
...................................
ഒരു നിമിഷം എന്റെ മിഴികളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ.
അവിടെ നിഷ്കളങ്കമായ ഒരു ബാല്യം മാത്രമല്ല ആയിരം ചിന്തകളും, ഒരായിരം സ്വപ്നങ്ങളും തിരതല്ലുന്ന ഒരു മഹാസമുദ്രമുണ്ട്.
അതിന്റെ ആഴപ്പരപ്പിൽ അനേകം വാക്കുകളാകുന്ന തിരമാലകൾ അലയടിക്കുന്നുണ്ട്. ആ കണ്ണുകൾക്ക് പിന്നിലെ മൗനത്തിന് നിങ്ങൾ എപ്പോഴെങ്കിലും കാതോർത്തിട്ടുണ്ടോ? അതിൽ നിന്ന് ഒലിച്ചിറങ്ങുന്ന ലവണ ജലം നിങ്ങൾക്ക് കാണാനായെന്ന് വരില്ല!
ഇനി എന്റെ ഹൃദയത്തിലേക്ക് ഒന്ന് നോക്കൂ
അവിടെ എന്നെ 'എന്തുകൊണ്ട് കേൾക്കുന്നില്ല' എന്ന ഒരു ചോദ്യമുണ്ട്. സമൂഹം എന്തുകൊണ്ട് ഞങ്ങൾക്കൊരു ഇടം നൽകുന്നില്ല? ഞങ്ങളെ നന്നായി വളർത്താൻ നിങ്ങൾ വലിയവരാകട്ടെ ചെറിയവർ ആകട്ടെ പല തരത്തിലുള്ള ലേഖനങ്ങൾ എഴുതുന്നു. ആവേശം നിറയുന്ന മോട്ടിവേഷൻ ക്ലാസ് നടത്തുന്നു. പക്ഷേ ഞങ്ങളെ കേൾക്കാൻ ഒരു ഇടവും വേദിയും എവിടെയും ഇല്ല.
ക്ലാസ് മുറികളിൽ, പൊതു ഇടങ്ങളിൽ, അകത്തളങ്ങളിൽ ആവട്ടെ അവിടെയൊക്കെ "നീ മിണ്ടരുത് നിനക്കെന്തറിയാം..." എന്ന വാക്കുകൾ മാത്രം കേട്ട് അപഹാസ്യരായി എന്റെ ആത്മവിശ്വാസത്തെ തകർക്കുന്നു.
ഇനി എന്റെ മനസ്സ് ഒന്ന് കാണൂ.
അവിടത്തെ കൊച്ചു ചിന്തകൾക്ക് നാളത്തെ നിങ്ങളുടെ ലോകത്തിൽ സ്ഥാനമില്ലേ ?
'ഇന്നത്തെ കുട്ടിളുടെ ശബ്ദമാണ് നാളത്തെ പുതിയ ലോകം' എന്ന് നിങ്ങൾ വേദികളിൽ പ്രസംഗിച്ചാൽ മാത്രം മതിയൊ ?
എന്റെ ശബ്ദങ്ങളെ വിലങ്ങണിയിച്ച് നീതിപീഠത്തിലെ വിധികർത്താക്കളെപ്പോലെ, അധികാരത്തിന്റെ ഗാവലുകൾ ഉപയോഗിച്ച് ഞങ്ങളുടെ ശബ്ദങ്ങളെ നിശബ്ദമാക്കരുത്. വിധി കൽപ്പിക്കുന്നവരല്ല, കാതോർക്കുന്നവരാകണം സമൂഹം.
നിങ്ങൾ ഒരു നല്ല മാതൃകയാണെങ്കിൽ ഞങ്ങൾ നല്ലൊരു ശ്രോതാവാകും.
നീയൊരു വികൃതിയാണ് എന്ന് ആക്ഷേപിക്കുന്നതിലേറെ നീ ചുമരിൽ വിസ്മയങ്ങൾ തീർക്കുന്ന ഒരു വികൃതിക്കുട്ടിയാണ് എന്ന് കേൾക്കാനാണെനിക്കിഷ്ടം. ആ രീതിയിൽ ചെറിയ ഒരു മാറ്റം വരുത്തിയാൽ അതെന്റെ ഹൃദയത്തിന് എത്രമാത്രം ഊർജ്ജം നൽകുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ഓർക്കുക, മുളച്ചു വരുന്ന ഒരു കിളുന്തിനെ ചവിട്ടി മെതിച്ചാൽ നാളെ തണൽ നൽകുന്ന ഒരു മരത്തിന്റെ അന്ത്യമാണ്! അതിനാൽ ഒന്നുകൂടെ പറയുന്നു "എന്നെ കേൾക്കൂ"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ