Part =1
ഇന്ന് രാവിലെ മൂന്നുമണിക്കാണ് ഉറങ്ങിയതെങ്കിലും പതിവ് തെറ്റാതെ അഞ്ചുമണിക്ക് തന്നെ എണീറ്റ് പള്ളിയിൽ പോയി ജമാഅത്ത് നമസ്കാരം കഴിഞ്ഞ് എന്റെ 3 മണിക്കൂൾ അക്കൗണ്ടന്റ് ജോലിക്കായി പോകുമ്പോൾ, എനിക്കെതിരെ mec7 നായി എനിക്കെതിരെ വരുന്ന രണ്ട് സ്ത്രീകളുടെ സംഭാഷണം "അല്ലെടി ഈ മകരമാസം ഏതു മാസത്തിലാണ് വരാറ്"
കരണ്ട് പോയതിനാൽ കെട്ടുപോയ സ്ട്രീറ്റ് ലൈറ്റില്ലാ ഇരുട്ടിൽ ശബ്ദമില്ലാത്ത എന്റെ വെളുത്ത ചിരി അവർ കാണാനിടയില്ല.
അപ്പോൾ ഞാൻ ഓർത്തത് ഇന്നലെ ഈ സമയത്ത് എവിടെയായിരുന്നു?
അനുഭവങ്ങൾ
കുറിച്ച് വക്കാതെ മനസ്സാകും മാറാപ്പിൽ കെട്ടിവച്ചാൽ ആവശ്യത്തിനെടുത്ത് നോക്കുമ്പോൾ അവ ചുക്കിച്ചുളിഞ്ഞ പാട്ടിലായിരിക്കും. അതിൽ നിന്നും അൽപം നല്ലതെടുത്ത് അലക്കി തേച്ച്
കംഫർട്ട് മുക്കിയാൽ അതിന്റെ സുഗന്ധം നിങ്ങൾക്കും അനുഭവിക്കാമല്ലൊ എന്ന തോന്നലോടെ...
പറഞ്ഞതുപോലെ മൂന്ന് മണി കഴിഞ്ഞ് ഏതാനും മിനിട്ടുകൾക്കുള്ളിൽ ഞങ്ങൾക്ക് പോകാനുള്ള ചതുർചക്ര ശകടം ഒരു ഇരുമ്പലോടെ വണ്ടൂർ മണലുമ്മൽ സ്റ്റാൻഡിന്റെ മുമ്പിൽ വന്നു നിന്നു.
ഞാനും എപ്പോഴും കട്ടക്ക് കൂടെയുള്ള ഭാര്യയും, മരുമകളും, പേരക്കുട്ടിയും ഉറ്റ സുഹൃത്ത് ഉമ്മറും ഭാര്യയും
ബസിൽ കയറി.
ഉടൻ ഞാൻ ഭാര്യയോട് (പതുക്കെ) പറഞ്ഞു: "ദൈവമേ, ഞാൻ വൃന്ദാവനത്തിൽ എത്തിപ്പെട്ടുവോ?! ഇതെന്തൊരു കാഴ്ച! ഇത്രയധികം ഗോപികമാർ!"
അതുകേട്ട്, എന്റെ മഹാലക്ഷ്മി എന്നെ നോക്കി ഒരു ദുർഗ്ഗാദേവി ലുക്ക് തന്നു, പക്ഷേ ഞാൻ വിട്ടില്ല.
സത്യം പറഞ്ഞാൽ, ഈ കെഎസ്ആർടിസിയാകും വൃന്ദാവനത്തിൽ ഒരു ശ്രീകൃഷ്ണൻ ആകാൻ എനിക്ക് ഒട്ടും മോഹമില്ല. കാരണം, എന്നിലെ കാല്പനികഭാവം കണ്ട് കൃഷ്ണന്റെ ചുണ്ടിലെ മുളന്തുണ്ടാകാൻ ഇതിൽ ആർക്കും പൂതിയാണ്ടാകൂല. പിന്നെ ഞാനൊരു 'കുഴലൂത്തുകാരനുമല്ലല്ലൊ' ഇനി അഥവാ ഞാൻ ഊതിയാൽ എന്റെ മുന്നിൽ പത്തി വിടർത്തിയ സർപ്പമായി ഞമ്മളെ കെട്ടിയോള് ഉണ്ടാവും.
പിന്നെ, എന്തിനാ വെറുതേ റിസ്‌ക്ക് എടുക്കുന്നത്? മാത്രവുമല്ല എന്റെ മഹാലക്ഷ്മി ഇപ്പോഴും സന്തൂർ സോപ്പ് തേച്ച് കുളിക്കുന്നതിനാൽ 'ഏത് കോളേജിലാ' എന്ന് ചോദിക്കുന്നവർ ഇപ്പോഴുമുണ്ട്
അതുകൊണ്ട് കൃഷ്ണന്റെ റോൾ തൽക്കാലം അവിടെയുള്ള ചെറുപ്പക്കാർക്ക് വിട്ടുകൊടുത്തിട്ട് ഞാൻ മഹാലക്ഷ്മിയുടെ സ്വന്തം ഭർത്താവായി ഞങ്ങളുടെ സീറ്റിൽ പൃഷ്ഠമൂന്നി!
ഒരു നീണ്ട വർഷപ്പെയ്ത്തിന്റെ ആരവങ്ങൾ അടങ്ങി പ്രകൃതി കരിമ്പടം പുതച്ചതിനുള്ളിലേക്ക് പ്രകാശ കിരണം പായിച്ച് ഞങ്ങളുടെ ഗജരാജൻ ചെറിയ ഒരിമ്പലോടെ കുതിച്ചു.
നേരത്തെ താഴ്ത്തിയിട്ട ഷട്ടറുകൾ തുളച്ച് കേറിയ തണുപ്പിന്റെ കൈകൾ ശരീരത്തെ കെട്ടിപ്പുണരുന്നുണ്ടെങ്കിലും ഉള്ളിലെ യാത്രയുടെ ആവേശം ഒരു കനലായി ജ്വലിച്ചു നിൽക്കുന്നു.
എനിക്ക് മുന്നില് സീറ്റുകൾക്ക് മുകളിൽ പല വർണ്ണങ്ങളിലെ തട്ടത്തലപ്പാതികൾക്ക് താഴെയുള്ള പൂർണ്ണതകളിൽ 'ഒച്ചീം ബിളീം' ഇല്ലാത്തത് പ്രകൃതിയുടെ ആത്മാവിനെ തൊട്ടറിയുന്ന ഈ കുളിർമ്മ ആസ്വദിച്ചുള്ള യാത്ര പ്രകാശത്തിന്റെ ആദ്യം കിരണങ്ങൾ പതിക്കും വരെ ക്കുള്ള ഒരു താൽക്കാലിക ധ്യാനമാവാം!
ഉണർത്തണ്ട...!!!
അടുപ്പ് കത്തിക്കാത്ത, ദോശയും പുട്ടും പുട്ടും ആവി പറപ്പിക്കാത്ത, തുടക്കലിൽ നിന്നും അലക്കലിൽ നിന്നുമൊക്കെ ഒരു നാളിലെക്ക് മാത്രം ലീവ് ലഭിച്ച സുഖത്തിൽ അവർ കണ്ണും ചിമ്മി സങ്കൽപങ്ങളുടെ ചിറകേറി ഉല്ലസിച്ച് പറക്കട്ടെ!
അവരുണർന്നിട്ട് നമുക്ക് ബാക്കി പറയാം ല്ലെ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ