*ആറാത്ത മുറിവുകൾ*
........ കഥ............
ഞാനെന്റെ ഭൂതകാലത്തിലൂടെ നടക്കുമ്പോൾ ഒരു ചെറു സുഗന്ധമേറിയ സുഖമുള്ള കാറ്റെന്നെ തഴുകിയെത്തുന്നുണ്ട്.
അന്ന് മുന്നാം റെയിൽ ട്രാക്ക് വാഗണുക്കൾക്കുള്ളതായിരുന്നു.
മണലും കുണ്ടിൽ അട്ടിയിട്ട മരത്തടികൾ തലയിലെ തരികയിൽ ചുമടേന്തി നാടിച്ചിയും കുഞ്ഞാമിനക്കുട്ടിയുമൊക്കെ വാഗൺ പെട്ടികൾ നിറച്ചു പൂട്ടി. പിന്നെ കൂട്ടക്കാർ കൂടി തളളി വാഗണുകൾ കൂട്ടിക്കൊളുത്തി.
അപ്പുറത്തുള്ള ലോ ഫ്ലോർ വണ്ടികളിൽ കാലാങ്കികൾ വച്ച് പുരുഷാരം ഏലേലൈസ പാടിയപ്പോൾ വൻ തേക്കുമരങ്ങൾ അവർക്ക് പിറകെ നീന്തി.
ഉച്ചച്ചൂടിയിൽ തളർന്നപ്പോൾ പൂവത്തി മരം നിഴൽ വീഴ്ത്തിയതിൽ, മൂടൊട്ടിയ ചോര വണ്ടുകളെ തട്ടി മാറ്റി മുണ്ട് വിരിച്ച് കിടന്നപ്പോൾ വാഗക്കാതലിന് മേലോട്ട് കേറിയ ബ്ലൗസിനുള്ളിൽ, മാവൂരിലേക്ക് കേറ്റാൻ തൊലി കളഞ്ഞ വേങ്ങമരനിറം പുറത്ത് കണ്ടു.
ചിലർ തൊട്ടപ്പുറത്തെ
കുഞ്ഞലവി കാക്കയുടെ കടയിലെ വലിയ കലത്തിലെ മോരും വെള്ളം കുടിച്ചു. ചിലർ താഷ്ക്കന്റോട്ടലിലെ പൊറാട്ട കുഴച്ചു.
പിന്നെ മോന്തിക്ക് കൂലി ഓഹരി വെക്കാൻ നൂറിന്റെ നോട്ടിന് ചില്ലറക്കായി പരക്കം പാച്ചിലായിരുന്നു.
ചില്ലറയായി കിട്ടിയ തുട്ടിന് ചില പെണ്ണുങ്ങൾ മടിക്കോന്തലയിൽ അര ലിറ്റർ അരി കെട്ടി, ഉണക്കമീനും ഉപ്പും മുളകും തേക്കിലയിൽ പൊതിഞ്ഞു വാങ്ങി വീടണഞ്ഞു.
കുഞ്ഞനും നാടിയും കൊറ്റിയും മുണ്ടിച്ചിയും ഒക്കെ റെയിലോരത്തെ കള്ളുഷാപ്പിന്റെ മുറ്റത്തിരുന്ന് ചിരട്ടയിൽ ലഭിച്ച കള്ളു മോന്തി.
അവർ കീഴ് ജാതിക്കാർ ആയതിനാൽ അകമേറി ഗ്ലാസിൽ കള്ള് കുടിക്കാൻ പാടില്ലായിരുന്നു.
ചില ദിവസങ്ങളിൽ ഒഴിഞ്ഞു കിടന്ന റെയിൽ ട്രാക്കുകൾ നോക്കി ജോലിക്കാരികൾ നെടുവീർപ്പിട്ടപ്പോൾ രണ്ട് രൂപ നോട്ട് മേസ്തിരി കയ്യിൽ വെച്ച് നീട്ടി.
അന്നന്തിക്ക് കുട്ടികളുടെ വിശപ്പകന്നു
കീറോലപ്പായയിൽ ചുരുണ്ടപ്പോൾ തൊട്ടടുത്ത കുറ്റിക്കാട്ടിൽ നാഗങ്ങൾ പണം വിടർത്തിയാടി. കിതപ്പിന്റെ താളത്തിൽ ശീൽക്കാര ശബ്ദങ്ങൾ ! അവിടെ മാത്രം തൊട്ടുകൂടായ്മയും തോണ്ടിക്കൂടായ്‌യയും ഇല്ലായിരുന്നു.
പിന്നെ
ചാളക്ക് ചുറ്റും ബീഡിപ്പുക മണത്തു.
വിയർപ്പ് ചാലിട്ട മാറ് തുടച്ച് കുഞ്ഞാളു മുടി വാരി കെട്ടി റാക്ക് മണക്കുന്ന നാടിയോടൊട്ടി.
ഇന്ന് ഞാനാ ഭൂതക്കാലത്തിൻ നോവും പേറി വർത്തമാനകാലത്തിലൂടെ നടക്കുമ്പോൾ, ചിതൽ അരിക് നക്കിയ പഴംങ്കാഴ്ചകളുടെ അടയാളങ്ങളും അളവുകളും ഹൃദിസ്ഥമെങ്കിലും പുനരാവിഷ്ക്കരിക്കാൻ തന്നിലെ ശില്പവൈദഗ്ധ്യം വേദന നിറയുന്ന ഒരു നീറ്റലായി തീരുന്നു.
അല്ലെങ്കിൽ
കാഴ്ചകളിൽ മങ്ങൽ വീഴ്ത്തി അങ്ങാടിയിലെ ആരവങ്ങൾക്കിടയിൽ നിന്നും ആ പരിചിത മുഖങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു.
മെമു കടന്ന് പോക്കുന്നതിനപ്പുറം കുറച്ചു കൂടെ മുന്നോട്ട് നടന്നാൽ കാണുന്ന പരിചിത മൺപാതയിലൂടെയാണല്ലൊ ഞാനെന്റെ കൗമാരങ്ങൾ താണ്ടിയത്. അവിടെ ചിലരതാ പൂർവ്വ സ്മൃതികളിൽ നിന്നും എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നു.
ഇനി പഴമയുടെ ഉറയൂരിക്കളഞ്ഞ്
കൃത്രിമമായ
സൌഹൃദലാഞ്ചനയോടെ കൈവീശിക്കാണിച്ച് അവർക്കിടയിലൂടെ കടന്ന് പോയേ പറ്റു!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ