ചെറുകഥ
...........................
നേരത്തെ
കണ്ടതിനാലാവാം സ്‌റ്റേജിൽ നിന്നിറങ്ങി സദസ്സിന് നടുവിലൂടെ നടക്കാനൊരുങ്ങിയ ബാപ്പുവിന്റത്ര ജിജ്ഞാസ തനൂജയുടെ മുഖത്തുണ്ടായിരുന്നില്ല. പകരം ഏറെ ആഗ്രഹിച്ച കളിപ്പാട്ടം കയ്യിൽ കിട്ടിയ ഒരു കുട്ടിയുടെ ആഹ്ളാദം അവളുടെ മുഖത്ത് കാണായി.
പ്രീഡിഗ്രി വാട്സാപ്പ് ഗ്രൂപ്പിലെ പങ്ക് വക്കൽ ചിത്രങ്ങളിലൂടെ, ഒരു ഹായ്, ഗുഡ് മോർണിങ്ങ്, ചങ്ക്കൾക്ക് സുഖമല്ലെ എന്ന അക്ഷര ഉടമകളുടെ പ്രൊഫൈൽ ചിത്രങ്ങളിലൂടെ അല്ലെങ്കിൽ മറ്റു ഫങ്ഷൻ ഫോട്ടോകളിലൂടെ പലരെയും പലപ്പഴും കണ്ടിട്ടുള്ളതിനാൽ
ഏറെ കാലത്തിന് ശേഷമുള്ള നേർകാഴ്ചകളിലൂടെയുള്ള പരിചിത മുഖങ്ങളെ ചോദിച്ചറിയേണ്ടി വന്നിട്ടില്ല.
എന്നാൽ ഒരിക്കലും മറക്കാൻ പറ്റാത്ത ചില മുഖങ്ങൾക്ക് നമ്പരിട്ടാൽ ഒന്ന് അല്ലെങ്കിൽ രണ്ട് എന്നതിനപ്പുറം പോകാത്ത ഒരുത്തിയായിരുന്നു തനൂജ.
അവളുടെ കവിൾത്തടശോഭ അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും ആ വദനാരുണിമ പഴയ പോലെത്തന്നെ.
അവളുടെ ചിരി നിശ്കളങ്കമായതിനാലായിരിക്കാം അതിന് പഴയതിലേറെ ഇത്തിരി ക്ലാരിറ്റി കൂടുതലായിരുന്നു.
അവളിലെ അളവുകളിലേക്കുള്ള ബാപ്പുവിന്റെ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലാക്കിയിട്ടായിരിക്കാം അവളിത്തിരി ചൂളിപ്പോയത്.
പിന്നെ വിശേഷങ്ങളുടെ കൈമാറ്റങ്ങൾക്കിടെ പറയാതെ പറയുന്ന അവളിലെ ചില ബോഡി ലാങ്ഗേജുകൾ! അതവനിലും രൂപം കൊണ്ടിരുന്നു.
ഒരു നെടുനിശ്വാസത്തിൻ്റെ അവസാനത്തിൽ അവളുടെ കണ്ണുകളിൽ നോക്കി ബാപ്പു പറഞ്ഞു
"തനൂജ.... നിനക്കറിയൊ എമ്മീയെസ്സ് വിട്ട് നമ്മൾ രണ്ട് വഴിക്കായ ശേഷം
ദൂരം കൊണ്ട് നാമെന്ന ശരീരങ്ങൾ അകലെയായിരുന്നെങ്കിലും എന്റെ ഹൃദയത്തിൽ നീ പലപ്പോഴുമൊപ്പമുണ്ടായിരുന്നു. ജിദ്ദയിലെ അമീർ ബൈത്തിലെ വലിയ സോഫയിലെ പതുപതുത്ത കുഷ്യൻ ചിലപ്പോൾ.... "
ബാക്കി അവൾക്കൂഹിക്കാനായി വിട്ട് കൊടുത്ത് കൊണ്ട് അവളെ ബാപ്പു ചെരിഞ്ഞ് നോക്കി.
അത് കേട്ടവൾ നോട്ടം അവനിൽ നിന്നും പറിച്ച് ജനലിലൂടെ പുറത്തേക്കെറിഞ്ഞു.
പിന്നെ ചിരി മാഞ്ഞ മുഖവുമായി തലതാഴ്ത്തി
"എന്നിട്ടെന്തേ അന്നൊന്നും പറയാഞ്ഞെ"
ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം ബാപ്പു പറഞ്ഞു
"അന്നത്തെ കാലത്ത് ഒരു സെെക്കൾ ഷോപ്പുകാരൻ്റെ മകന്... അങ്ങനെ ഒന്ന് ആഗ്രഹിക്കാനെ കഴിയുമായിരുന്നുള്ളു. അവനതർഹിക്കുന്നില്ല. അല്ലെങ്കിൽ അതംഗീകരിക്കാൻ നിൻ്റെ ബാക്കിയുള്ളവർക്ക് മാത്രമല്ല നിനക്കും കൂടി സമ്മതമായെന്ന് വരില്ല''
"ഹേയ് അങ്ങനെ പറയരുത്... ഞാൻ ആഗ്രഹിച്ചിരുന്നു "
"ഇല്ലില്ല ... നീ ഇന്നിലൂടെ ചിന്തിക്കുന്നു"
"അത് ബാപ്പുവിൻ്റെ തോന്നലാണ്"
അതിന് മറുപടി ഒരർത്ഥവുമില്ലാത്ത ഒരു ചിരി മാത്രം മുഖത്ത് വരുത്തി അവൾക്കരികിലേക്ക് ഒന്നു കൂടെ അടുത്ത്, ശബ്ദം താഴ്ത്തി ചോദിച്ചു.
"അല്ല ...അത് വിട് നീ... നീയും കുട്ടികളും പോരുന്നൊ എൻ്റെ കൂടെ ജീവിക്കാൻ?"
ഒട്ടും കളിയല്ലാതെ ആ പറഞ്ഞത് കേട്ട് അവൾ അതിശയത്തോടെ ചോദിച്ചു
" ബാപ്പു... ബാപ്പു എന്താ പറഞ്ഞത്? ഇത്രയും ധൈര്യം ബാപ്പുവിനെവിടെന്ന് വന്നു. എൻ്റെ മുന്നിലെ പഞ്ചപ്പാവമായിരുന്ന ആ ബാപ്പു തന്നെയല്ലെ ഇത്. നിനക്കിത് പറയാൻ ഒരു ഭയവുമില്ല...?
എൻ്റെ കുടുംബം... നിൻ്റെ ഭാര്യ മക്കൾ..."
അത് കേട്ട് ബാപ്പു ഒന്നു ചിരിച്ചു പിന്നെ പറഞ്ഞു
"തനൂ ... അന്നത്തെ ഒരു പതിനേഴ്കാരൻ ഒരു പിഞ്ചു ബാലനാണ് ! പെങ്ങന്മാരും ഉമ്മയും ഉപ്പയുമൊക്കെ ആ പതിനേഴുകാരൻ്റെ ബാധ്യതയാണ് !! ബസ്സിന് പത്ത് പൈസ കൊടുക്കാനില്ലാത്തവൻ്റെ സ്കൂളിലേക്കുളള മൂന്നും നാലും കിലോമീറ്റർ നടത്തം നഗ്നപാദനായിട്ടാണ് "
ശേഷം അവളിൽ നിന്നും കണ്ണെടുത്ത് അൽപം ഗൗരവത്തിൽ പറഞ്ഞു
"നീ ചോദിച്ച ധൈര്യം... അതെങ്ങനെ വന്നൂ എന്നല്ലെ പറയാം. ഇന്നെനിക്ക് കാശുണ്ട് അത്യാവശ്യത്തിനും അതിനപ്പുറവും. അത് തന്നെയാണ് ഇന്നത്തെ സമൂഹത്തിൽ ഏതൊരുത്തനെയും ധൈര്യവാനാക്കുന്നതും.
നീ എൻ്റെ കൂടെ പോരുന്നോ എന്ന് ചോദിച്ചത് തമാശയാണെങ്കിൽ കൂടി; അങ്ങനെ സംഭവിച്ചാൽ... കാശെറിഞ്ഞാൽ സമൂഹം മൗനമാവും. പിന്നെ നാണക്കേട്;
അതും ഇന്നത്തെ നാടിൻ്റെ അവസ്ഥയിൽ ഒരു അലങ്കാരമാണ്!
ബാപ്പുവിൻ്റെ സംസാരത്തിൽ ഒരെത്തും പിടിയും കിട്ടാതെ അവൾ പിടഞ്ഞു. പിന്നെ മറുപടിയൊന്നുമില്ലാതെ അവൻ്റെ മുഖത്തേക്ക് മാത്രം നിർനിമേശയായി സാകൂതം നോക്കി നിന്നു.
ചോദ്യവും ഉത്തരവും താൽക്കാലികമായി തീർന്ന വേളയിൽ ബാപ്പു ഒരു സാധാരണ മനുഷ്യനായി
"പിന്നെ എന്തൊക്കെ തനൂ... ന്നാ പിന്നെ ഞാൻ പോയാലൊ... ഇടക്കൊക്കെ ഇത് പോലെ എവിടെന്നെങ്കിലുമൊക്കെ കാണാം "
അവിടന്ന്, അവളിൽ നിന്ന് നടന്ന് തുടങ്ങിയപ്പോഴാണ് ബാപ്പു തൻ്റെ ചോദ്യത്തിൻ്റെ ഗൗരവം ചിന്തിച്ചത്
പാവം... അവളുടെ കുടുംബമെന്ന ചില്ലുപെട്ടിയിന്മേൽ എഴുതിയ "ഹാൻ്റ്ൽ വിത്ത് കെയർ " എന്നത് ഞാൻ വായിക്കാൻ വിട്ടു പോയല്ലൊ...!
അവളപ്പോഴും ആ നിറുത്തത്തിലെ ചിന്തയിൽ നിന്നും മോചിതയായിരുന്നില്ല.
ബാപ്പു നടന്ന് കോണിയിറങ്ങി തലക്കറുപ്പ് മറയവെ അവളോടിച്ചെന്ന് ഹാന്റ്റയിലിൽ പിടിച്ച്
ബാപ്പുവിനെ വിളിച്ചു.
വിളി കേട്ട് ലാന്റിങ്ങ് സ്റ്റപ്പിൽ നിന്നും ബാപ്പു ചോദ്യ ഭാവത്തിൽ മേലോട്ട് നോക്കി.
അവൾ അവനിൽ നിന്നും മുഖം വലിച്ച് അലുമിനിയപ്പിടിയിൽ വിരലിനാൽ വരച്ചു കൊണ്ട് മെല്ലെ മൊഴിഞ്ഞു
"ഫോൺ നമ്പർ .... ബാപ്പുവിന്റെ നാട്ടിലെ നമ്പർ തന്നില്ലാ"
അത് കേട്ട് ബാപ്പു എന്തൊക്കെയോ മിന്നിമറയുന്ന ആ മുഖത്തേക്ക് അൽപ നേരം നോക്കി പിന്നെ ഒരു മന്ദഹാസത്തോടെ അരയിലെ തുണിത്തലയിൽ തിരുകിയ മൊബൈൽ തപ്പി !
വരയും വരയും
🅾️🅰️🅱️
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ