2026 ഏപ്രിൽ 17, വെള്ളിയാഴ്‌ച

വിഴുപ്പലക്കൽ

 ഓളെ വീട്ടിൽ പോവുമ്പോൾ 30 പൈസ ബസ് ചാർജ് കുറവ് കിട്ടും എന്ന് കരുതി ഞങ്ങൾ ഇപ്പുറത്തെ സ്റ്റേജിൽ/ സ്റ്റോപ്പിൽ ഇറങ്ങി നടക്കുന്ന കാലം.


വീട്ടിൽ ഞങ്ങൾ കോണിപ്പടി പോലെ എട്ട് മക്കൾ.

മൂന്ന് പെങ്ങന്മാരുടെ ലിറ്റർ സെറ്റ് പോലെയുള്ള മക്കൾ വേറെയും. 

കറണ്ടുണ്ടെങ്കിലും മോട്ടോർ ഇല്ലാത്തതിനാൽ വെള്ളം കോരുക തന്നെ വേണം. 

തൊടീന്ന്

വിറക് ഉണ്ടാക്കണം


അമ്മായിഅമ്മ അതായത് എന്റെ ഉമ്മ എല്ലാത്തിനും വിട്ടുവീഴ്ച ഉള്ളതിനാൽ 

 നാത്തൂൻ പോര് പരസ്യമായി  ഇല്ലെങ്കിലും അകത്ത് ഉണ്ട്.

 ഇവരുടെയൊക്കെ ഡ്രസ്സ് അലക്കലും ഭക്ഷണം ഉണ്ടാക്കലും അലക്കലും തുടക്കലും

 വീടിന്റെ മുറ്റത്ത് തന്നെയുള്ള ഹോട്ടലിലേക്ക് രാവിലെ 4 മണിക്ക് എണീറ്റ് പുട്ട് ദോശ പൊറാട്ട ഉണ്ട ലഡു വട പൂന്തി, പൂന്താത്ത ചോറ് കറി എന്നിത്യാതി സകല കുലാവികൾ വേറെ ഉണ്ടാക്കണം. ഇടി പൊടി തരി കുടി കഴിഞ്ഞ് രാത്രി കിടക്കാൻ 12 മണി!


രാത്രി എന്റെ ജോലി കഴിഞ്ഞ് 10 മണിക്കെത്തുമ്പോൾ ഒന്നും രണ്ടും പെങ്ങന്മാർ മൂക്ര പൊട്ടിക്കുന്നുണ്ടാവും. 


പാവത്തിന്റെ കഷ്ടപ്പാട് കണ്ട് അരിയിടിക്കാൻ ഞാനും കൂടും. എങ്കിലും

വീട്ടുകുടുംബ നാട്ടുകാർക്കും അസൂയപ്പെടുത്തുന്ന ജീവിതമായിരുന്നുഞങ്ങളുടെത്. അവൾ മാറാപ്പും ചുമന്ന് എന്റെ പിറകെ നടന്നിട്ടില്ല. 

ഒരു ചങ്ങല പൂട്ടും അവളുടെ കയ്യിലൊ കാലിലൊ ഉണ്ടായിരുന്നില്ല. 

പക്ഷേ പെരുനാളിന് എല്ലാവരും ബിരിയാണി ഉണ്ടാക്കുമ്പോൾ അവൾ നെയ്യപ്പവും ഇലയടയും ഉണ്ടാക്കുന്ന തിരക്കിലായിരിക്കും (പെരുനാളിന്റെ അന്നാണെന്ന് തോന്നും ഗ്രാമവാസികൾക്ക് പള്ളേലുണ്ടാവുന്ന ദിവസം)  


ഗൾഫിലെത്തി എനിക്കൊരു സ്ഥിരജോലി കിട്ടിയപ്പോൾ ഞാൻ ആദ്യം ഞങ്ങളെ 'ഹോട്ടൽ മുഗൾ ലൈൻ' പൂട്ടിച്ചു.

എനിക്കെന്റെ മക്കളെ പഠിപ്പിക്കണം.


സ്ഥലം വാങ്ങി വീട് വച്ചു. 12 കൊല്ലം ക്ഷമിച്ച് ആരോടും കച്ചറയുണ്ടാക്കാതെ പിണങ്ങാതെ ഭാര്യയും മക്കളും ഞാനും തറവാട്ടിൽ നിന്നും പോന്നു.  


4 മക്കളെ ഭാര്യ നന്നായി പഠിപ്പിച്ചു. 2 മരുമക്കളെയും നോക്കേണ്ടി വന്നു. ഞാൻ അതിന് വേണ്ട സാമ്പത്തിക സഹായം മാത്രം. 


പറഞ്ഞ് വന്നത്

ഇന്നാണ് ആ അവസ്ഥ എങ്കിൽ  ഭർതൃഗൃഹത്തിൽ ഒരു പെണ്ണും ഒരാഴ്ച തികക്കില്ല.

കുടുംബത്തിൽ പല സന്ദർഭങ്ങളിലും തിക്താനുഭവങ്ങൾ ഉണ്ടായിട്ടും എന്റെയും ഭാര്യയുടെയും ക്ഷമ കാരണം 8 മകളിൽ 

 എന്റെ വീട്ടിലാണ് മരിക്കും വരെ ഉപ്പയും ഉമ്മയും ഏറെ കഴിഞ്ഞത്.

ഇന്ന് എല്ലാ കുടുംബങ്ങൾക്കും ഞങ്ങളോട് വളരെ ഇഷ്ടവും താൽപര്യവുമാണ്. ഒരു നാൾ കുറ്റപ്പെടുത്തിയിരുന്ന 

കുടുംബം മുഴുവൻ ഇന്ന് ഞങ്ങളെ ലൈഫ് അനുകരിക്കുന്നു.

*മീൻ നന്നാക്കാൻ പറഞ്ഞു രാവിലെ സുബ്ഹി നമസ്കരിക്കാൻ വിളിച്ചുണർത്തി* എന്ന കംബ്ലേന്റ് പറഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് വരാത്ത ഒരുത്തിയുണ്ട് ബന്ധത്തിൽ. ഇന്നത്തെ 90 % സ്ത്രീകളും ആരീതിയിലൊ അതിലേറെ കുറഞ്ഞ കാരണമാണ് ജീവിതത്തിൽ സ്വീകരിക്കുന്നത് എന്ന് ഞാൻ പറഞ്ഞാൽ അപ്പറഞ്ഞ 90% വനിതകളും അത് സമ്മതിച്ച് തരില്ല എന്നത് വേറെ കാര്യം. എന്റെ കാഴ്ച്ചപ്പാടിൽ അവർ ഉള്ള ജീവിതം ആഘോഷിക്കുന്നില്ല. അയൽവാസികൾ കെട്ടിയ നാല് അതിര് മതിൽ കാരണം അവരുടെ വളപ്പിനും മതിലുണ്ടെന്ന്  അഹങ്കരിക്കുന്നവർ! വെറും പുറം പൂച്ച്...


ഇന്ന് എന്റെ

മക്കൾ

എല്ലാവരും കല്യാണം കഴിച്ചു. എല്ലാർക്കും അത്യാവശ്യം ജീവിക്കാനുതകുന്ന  ശംബളത്തിൽ ജോലിയുണ്ട്. ദൈവം തമ്പുരാൻ ഞങ്ങൾക്ക് എല്ലാം ആദ്യം തന്നു. കുടുംബത്തിൽ തന്നെ ഗ്യാസ് വീട് കാറ് ഗൾഫ് ലൈഫ് ഉംറ ഹജ്ജ്... 

സുഖ സന്തോഷം നിറഞ്ഞ വീട്ടന്തരീക്ഷം... എന്നിങ്ങനെ  


ഇപ്പോൾ വീട്ടിൽ (അധികവും) ഞാനും ഭാര്യയും മാത്രം. ഞങ്ങൾക്ക് ചിലവിന് മക്കൾ തരണ്ട. 

ഇപ്പൊ ഗേപ്പ് കിട്ടിയാ ടൂർ പോകും (വലിയ സംഖ്യ മക്കൾ തരും) 

പണ്ട് മഹാനായ ഞാൻ പറഞ്ഞ പോലെ *പൈസ ഉണ്ടാകുമ്പോൾ ഐസ് ഇല്ല ഐസ് ഉണ്ടാകുമ്പോൾ പൈസയില്ല ഐസും പൈസയും ഉണ്ടാവുമ്പോൾ സ്കൂളും ഉണ്ടാവൂല* 


നിങ്ങൾ പറഞ്ഞ പോലെ 37 കൊല്ലം മക്കൾക്കും മരുമക്കൾക്കും  രാവിലെ ചോറ് പൊതിഞ്ഞ് നന്നായി ബുദ്ധിമുട്ടി.  ഇപ്പൊ വയ്യാതായി. 2 പേരക്കുട്ടികളെ വർഷത്തിൽ 2 മാസം മേക്കണം ട്ടൊ 😃 എന്നാലും ഓള് പേറും.  ഒരാവശ്യം വന്നാൽ വേലക്കാരികളെ വിളിക്കണം.  അത്യാവശ്യത്തിന് പൈസയൊക്കെ ആയപ്പോൾ

 മല കേറാനും ഏറെ നടക്കാനും രണ്ടാളുടെയും ശരീരം അനുവദിക്കുന്നില്ല.

അത് പല തരത്തിലുള്ള വാക്കുകളായി എന്നിൽ മോറിച്ചിന്തും.

പോരെങ്കിൽ തൈറോയ്ഡും. 

അത് കാരണം ഞാൻ പൊട്ടനാകും. 

ദാമ്പത്ത്യത്തിന്റെ മനോഹാരിതക്ക് സഹനം ഏറെ പ്രയോചകരമാണ്.

അത് ചിലപ്പോൾ അവൾ മുതലെടുക്കുമ്പോൾ ഞാൻ ഉറക്കെ ഹിന്ദിപ്പാട്ട് വക്കും.

ജോ ദിൽ സെ ലഗേ ഉസെ കേഹ് ദോ ഹി ഹി ഹി

ജോ ദിൽ ന ലഗേ ഉസെ കേഹ് ദോ ബൈ ബൈ ബൈ

ആജ് ഫിർ ജീനേ കി തമന്നാ ഹൈ.


😊😂🅾️🅰️🅱️

വിഴുപ്പലക്കൽ  🙏🙏🙏

ഹാൻ്റിൽ വിത്ത് കെയർ

 ഹാന്റിൽ വിത്ത് കെയർ*


ജീവിതം ആഘോഷിച്ച് തീർത്ത് കൊണ്ടിരിക്കുന്ന പച്ചപ്പിലേക്ക്  വേനൽ മഴയായ് നീ എന്തിന് പെയ്തിറങ്ങി വരുന്നു?


പ്രണയത്തിൻ്റേയൊ?  കാമത്തിൻ്റെ, രതിയുടെ ഭാവത്തോടെ വന്ന് ,   പതിയെ പതിയെ പെയ്ത് പിന്നീടതൊരു മഹാമാരിയായ് പെയ്യാനൊ!


പണ്ട്, കോഴിക്കോട് ബീച്ചിലെ മഞ്ഞ് വീണ് തുടങ്ങിയ ജല ഓളങ്ങൾക്കരികിലും, ചാലിയാർ പുഴത്തീരത്തെ വിശാലമായ തേക്കിൻ കാട്ടിലൂടെയും നിൻ്റെ അരക്കെട്ടിൽ കൈകൾ ചുറ്റി നടക്കാൻ കൊതിച്ചൊരു കാലം......


പക്ഷേ, ബീച്ചുകളൊ ഹോട്ടലുകളൊ ആഘോഷങ്ങളൊ  ഇല്ലാത്ത ; ദാരിദ്ര്യം മാത്രമുള്ള നമ്മുടെ വാണിയമ്പലമെന്ന നാട്ടിൽ ....

ഒരു സായാഹ്നത്തിൻ്റെ അന്ത്യയാമങ്ങളിൽ , മുൾവേലികളുടെ നിഗൂഡതയെ വെറുത്ത് തെളിഞ്ഞ മാനത്തെ പ്രണയിച്ച് ,ഒരു ചുംബനത്തിൻ ചൂടില് കോരിത്തരിച്ച് നിൽക്കവെ

*ബന്ധിക്കപ്പെട്ട ചങ്ങലക്കണ്ണിയോട് ചേർന്ന് നിൽക്കുന്ന ഉണങ്ങാത്ത ഒരു മുറി വായ് മാറാനാണെനിക്കിഷ്ടം* എന്ന് നീ പറഞ്ഞില്ല.


അത് കൊണ്ട് തന്നെയാണ് നീ ആദ്യ സംഗമത്തിൽ ജയകൃഷ്ണന് കന്യാകത്വം സമർപ്പിച്ച ക്ലാരയെ പോലെയാവാൻ  ഞാനിഷ്ടപ്പെടാഞ്ഞതും.


അതെ , ജയകൃഷ്ണനെ കണ്ട ശേഷമായിരുന്നു അങ്ങനെ ഒരു തീരുമാനം എന്നിൽ ഉണ്ടായത് . അയാളെ പോലെ, ഇനി ഒരു  പെൺകുട്ടിയുടെ  നാശത്തിൻ്റെ തുടക്കം എന്നിലൂടെ ആവരുതെന്നും ഞാൻ ആഗ്രഹിച്ചു.


എൻ്റെ മനസ്സറിഞ്ഞ് ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയ്ക്ക് മാത്രം നൽകാനായി ഞാനെന്നെ സൂക്ഷിച്ചിരുന്നില്ല എന്നത്  വേറെ കാര്യം.


അല്ലെങ്കിൽ ,,,,, ക്ലാരയുടെ അതേ ഛായയുള്ള നിൻ്റെ മേനിയിലും എൻ്റെ മേനിയിലും ആ പുഴയോര മണൽ  തിളങ്ങിയേനെ !


അത്   മാത്രവുമല്ല;

ആദ്യ രാത്രിയിൽ ഭർത്താവിൻ്റെ അടുക്കലേക്കു് കേറിച്ചെല്ലുന്ന നിൻ്റെ ഉള്ളിൽ അടക്കിപ്പിടിച്ച ഒരു തേങ്ങലില്ലാതിരിക്കാൻ കൂടിയാണ് ഞാൻ നിന്നെ ?.........!!


ഇന്നിപ്പോൾ ,,,,,, സ്നേഹിക്കപ്പെടാൻ അർഹയായ ഒരുത്തിയുണ്ടായിട്ടും നിന്നിലേക്കൊന്നെത്തി നോക്കുന്നിടത്താണ് ഞാൻ വീണ്ടും സ്വയം കൽപിത ജയ കൃഷ്ണനാവുന്നതും  നീയെൻ്റെ ക്ലാരയാവുന്നതും . 


എന്നാലിപ്പഴും ഞാൻ

വായിക്കുന്നു; 

ഒരു കുടുംബ നാഥയാകുന്ന നീയെന്ന ചില്ലു പെട്ടി മേൽ ഒട്ടിച്ച ആ വാക്കുകൾ ...

*ഹാൻ്റിൽ വിത്ത് കെയർ* അതിനാൽ;

ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക !

🅾️🅰️🅱️🙏

നിശ്ശബ്ദതയുടെ കനൽ

  A space of every voice

"ഒരു കുട്ടിയുടെ തുറന്ന് പറച്ചിൽ"

...................................

ഒരു നിമിഷം എന്റെ മിഴികളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ.

അവിടെ നിഷ്കളങ്കമായ ഒരു ബാല്യം മാത്രമല്ല ആയിരം ചിന്തകളും, ഒരായിരം സ്വപ്നങ്ങളും തിരതല്ലുന്ന ഒരു മഹാസമുദ്രമുണ്ട്. 

 അതിന്റെ ആഴപ്പരപ്പിൽ അനേകം വാക്കുകളാകുന്ന തിരമാലകൾ  അലയടിക്കുന്നുണ്ട്. ആ കണ്ണുകൾക്ക് പിന്നിലെ മൗനത്തിന് നിങ്ങൾ എപ്പോഴെങ്കിലും കാതോർത്തിട്ടുണ്ടോ? അതിൽ നിന്ന് ഒലിച്ചിറങ്ങുന്ന ലവണ ജലം നിങ്ങൾക്ക് കാണാനായെന്ന് വരില്ല!


 ഇനി എന്റെ ഹൃദയത്തിലേക്ക് ഒന്ന് നോക്കൂ

 അവിടെ എന്നെ 'എന്തുകൊണ്ട് കേൾക്കുന്നില്ല' എന്ന ഒരു ചോദ്യമുണ്ട്. സമൂഹം എന്തുകൊണ്ട് ഞങ്ങൾക്കൊരു ഇടം നൽകുന്നില്ല? ഞങ്ങളെ നന്നായി വളർത്താൻ നിങ്ങൾ വലിയവരാകട്ടെ ചെറിയവർ ആകട്ടെ പല തരത്തിലുള്ള ലേഖനങ്ങൾ എഴുതുന്നു. ആവേശം നിറയുന്ന മോട്ടിവേഷൻ ക്ലാസ് നടത്തുന്നു. പക്ഷേ ഞങ്ങളെ കേൾക്കാൻ ഒരു ഇടവും വേദിയും എവിടെയും ഇല്ല.


 ക്ലാസ് മുറികളിൽ,  പൊതു ഇടങ്ങളിൽ, അകത്തളങ്ങളിൽ ആവട്ടെ അവിടെയൊക്കെ "നീ മിണ്ടരുത് നിനക്കെന്തറിയാം..." എന്ന വാക്കുകൾ മാത്രം കേട്ട് അപഹാസ്യരായി എന്റെ ആത്മവിശ്വാസത്തെ തകർക്കുന്നു.


 ഇനി എന്റെ മനസ്സ് ഒന്ന് കാണൂ.

 അവിടത്തെ കൊച്ചു ചിന്തകൾക്ക് നാളത്തെ നിങ്ങളുടെ ലോകത്തിൽ സ്ഥാനമില്ലേ ?

 'ഇന്നത്തെ കുട്ടിളുടെ ശബ്ദമാണ് നാളത്തെ പുതിയ ലോകം' എന്ന്  നിങ്ങൾ വേദികളിൽ പ്രസംഗിച്ചാൽ മാത്രം മതിയൊ ? 

 എന്റെ ശബ്ദങ്ങളെ വിലങ്ങണിയിച്ച് നീതിപീഠത്തിലെ വിധികർത്താക്കളെപ്പോലെ, അധികാരത്തിന്റെ ഗാവലുകൾ ഉപയോഗിച്ച് ഞങ്ങളുടെ ശബ്ദങ്ങളെ നിശബ്ദമാക്കരുത്. വിധി കൽപ്പിക്കുന്നവരല്ല, കാതോർക്കുന്നവരാകണം സമൂഹം.


നിങ്ങൾ ഒരു നല്ല മാതൃകയാണെങ്കിൽ ഞങ്ങൾ നല്ലൊരു ശ്രോതാവാകും.

നീയൊരു വികൃതിയാണ് എന്ന് ആക്ഷേപിക്കുന്നതിലേറെ നീ ചുമരിൽ വിസ്മയങ്ങൾ തീർക്കുന്ന ഒരു വികൃതിക്കുട്ടിയാണ് എന്ന് കേൾക്കാനാണെനിക്കിഷ്ടം. ആ രീതിയിൽ ചെറിയ ഒരു മാറ്റം വരുത്തിയാൽ അതെന്റെ ഹൃദയത്തിന് എത്രമാത്രം ഊർജ്ജം നൽകുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?


ഓർക്കുക, മുളച്ചു വരുന്ന ഒരു കിളുന്തിനെ ചവിട്ടി മെതിച്ചാൽ നാളെ തണൽ നൽകുന്ന ഒരു മരത്തിന്റെ അന്ത്യമാണ്! അതിനാൽ ഒന്നുകൂടെ പറയുന്നു "എന്നെ കേൾക്കൂ"

ഖോജാത്തി!

ചെറുകഥ


.............. ഞാനവളുടെ പിറകെയങ്ങനെ നടക്കും. എനിക്ക്‌ 2 മൈൽ നടന്നാൽ മതി സ്കൂളിലേക്കു്. അവൾക്ക് എന്നെക്കാളും ഒന്നര മൈൽസ് അധികം നടക്കണം.

ഓളെ പുസ്തകക്കെട്ടിൻ്റെ മുകളിൽ ചോറ്റ് പൊതി ഉണ്ടാവാറില്ല. വൈന്നേരം സ്കൂൾ വിട്ട് തിരിച്ച് വീട്ടിലെത്താൻ  ബസ്സിന്  15 പൈസ കൊടുക്കും ഓൾടെ ഉമ്മ. 


ആ കാശിന് ഉച്ചക്ക് സ്കുളിൻ്റെ മുമ്പിലെ കുട്ടേട്ടൻ്റെ കടയിൽ നിന്നും കപ്പയും കാപ്പിയും കുടിക്കും ഓള് . 


നാല് മണിക്ക്‌ സ്കൂൾ വിട്ടാൽ കൂട്ടുകാരികളോടൊപ്പം തിരിച്ച് നടന്ന് എനിക്ക് തിരിയാനാവുന്നിടത്തെത്തിയാൽ ഓളൊരു നോട്ടമെറിയും എൻ്റെ നേരെ.


അപ്പോഴും ഓൾടെ കണ്മഷി പരന്നിട്ടുണ്ടാവില്ല. കാരണം, അത് രാവിലെ പഴുക്കപ്പിലാവിലയിൽ എണ്ണപുരട്ടി വിളക്ക്‌തീയുടെ മുകളിൽ പിടിച്ച് കരി പിടിപ്പിച്ചത് ഈർക്കിൽ കൊണ്ട് തോണ്ടി പുരട്ടിതിയതാണെന്ന് എനിക്ക് മാത്രമല്ലെ അറിയൂ ! 

....... ............


കഥ വന്ന ഉഡായിപ്പ് :- 

ഉപ്പാ ഇങ്ങളെ ഒരു സുറുമ.....  ഖോജാത്തീം കാജലും. ഇതൊന്നും എനിക്ക്‌ വേണ്ട. ബ്രാൻ്റ്ഡായ  ലോറലും  ട്വിങ്കിൾ ബ്യൂട്ടി യൊന്നും ഗൾഫില് ങ്ങക്ക് കിട്ടൂലെ?"

................

വരയും വരിയും 

🅾️🅰️🅱️

വെൺപുലരി

 വെൺപുലരി

.........................


വെണ്ണീരു വാരിവിതറിയ മാതിരിയാം

വെൺമേഘപ്പരപ്പിൽ നിന്ന്

അങ്ങിങ്ങായുറ്റിച്ചിതറിത്തെറിച്ച്

മുത്ത് പോൽ മഴത്തുള്ളികൾ


സൂര്യകിരണങ്ങൾ പതിയാത്ത

സിമൻ്റുപരപ്പിൽ

കെട്ടിനിൽക്കുമഴുക്ക്ജലം

അടഞ്ഞയരിപ്പ ചെരുപ്പാൽ

തോണ്ടിയിളക്കിയപ്പോളൊഴുക്ക് 

കൂടിയ ഗുളുഗുളുയൊച്ച


നാലുനിലതാഴെയപ്പുറം

നിറച്ചുകായ്ച്ചുനിൽക്കും

മഞ്ഞ നിറക്കുഞ്ഞോറഞ്ചുകൾ;

പൊടുകണ്ണി വട്ടയിലയിൽ

വശളയിറച്ചി പൊതിഞ്ഞപോലൊരുത്തിതൻ സ്കൂട്ടിച്ചക്രമുരഞ്ഞ് നിലത്ത്


അൽപമകലെ മേലോട്ടുയർന്ന്

ഹോളിഡേയ്സോട്ടലിൻ്റെ

പച്ചനിറമെഴുത്തിൻ കെടാവെളിച്ചം


മഴക്കാറുകൾക്കിടയിൽ നിന്ന്

കുടുകുടുമുക്രയിട്ടൊച്ച കേട്ടിടത്തുനിന്ന്

പൊട്ടിവീണ പൊട്ടുപോൽ, കറങ്ങുംചിറകിനാൽ പാറിവന്ന യന്ത്രപക്ഷിയന്തരീക്ഷവായുവിൽ   

തിരിഞ്ഞെങ്ങോ മറഞ്ഞു.


അപ്പോളുപ്പാ, എന്ന വിളിയാലൊപ്പമുള്ള

കൊച്ചുമോളുടെയൊച്ച കേട്ട് 

ചെരുപ്പൂരി തിരിച്ചകത്തു കേറി,

ചിരിച്ചവളെയെടുത്തൊരുമ്മ

 കൊടുത്തൊക്കത്തു കെട്ടി; 

വിട്ടു മറ്റുചിന്തകളൊക്കെയുമപ്പോൾ.

-======

[എറണാകുളം ടൗണിലെ ഒരു പുലരി]

വേണ്ടാത്ത കഥ

 ചെറുകഥ

...........................

നേരത്തെ

 കണ്ടതിനാലാവാം സ്‌റ്റേജിൽ നിന്നിറങ്ങി സദസ്സിന് നടുവിലൂടെ നടക്കാനൊരുങ്ങിയ ബാപ്പുവിന്റത്ര ജിജ്ഞാസ തനൂജയുടെ മുഖത്തുണ്ടായിരുന്നില്ല. പകരം ഏറെ ആഗ്രഹിച്ച  കളിപ്പാട്ടം കയ്യിൽ കിട്ടിയ ഒരു കുട്ടിയുടെ ആഹ്ളാദം അവളുടെ മുഖത്ത് കാണായി. 


 പ്രീഡിഗ്രി വാട്സാപ്പ് ഗ്രൂപ്പിലെ പങ്ക് വക്കൽ ചിത്രങ്ങളിലൂടെ, ഒരു ഹായ്, ഗുഡ് മോർണിങ്ങ്, ചങ്ക്കൾക്ക് സുഖമല്ലെ എന്ന അക്ഷര ഉടമകളുടെ പ്രൊഫൈൽ ചിത്രങ്ങളിലൂടെ അല്ലെങ്കിൽ മറ്റു ഫങ്ഷൻ ഫോട്ടോകളിലൂടെ പലരെയും പലപ്പഴും കണ്ടിട്ടുള്ളതിനാൽ 

ഏറെ കാലത്തിന് ശേഷമുള്ള നേർകാഴ്ചകളിലൂടെയുള്ള പരിചിത മുഖങ്ങളെ ചോദിച്ചറിയേണ്ടി വന്നിട്ടില്ല.


എന്നാൽ ഒരിക്കലും മറക്കാൻ പറ്റാത്ത ചില മുഖങ്ങൾക്ക് നമ്പരിട്ടാൽ ഒന്ന് അല്ലെങ്കിൽ രണ്ട് എന്നതിനപ്പുറം പോകാത്ത ഒരുത്തിയായിരുന്നു തനൂജ.

 അവളുടെ കവിൾത്തടശോഭ അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും  ആ വദനാരുണിമ പഴയ പോലെത്തന്നെ.


അവളുടെ ചിരി നിശ്കളങ്കമായതിനാലായിരിക്കാം അതിന് പഴയതിലേറെ ഇത്തിരി ക്ലാരിറ്റി കൂടുതലായിരുന്നു. 

അവളിലെ അളവുകളിലേക്കുള്ള ബാപ്പുവിന്റെ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലാക്കിയിട്ടായിരിക്കാം അവളിത്തിരി ചൂളിപ്പോയത്.


പിന്നെ വിശേഷങ്ങളുടെ കൈമാറ്റങ്ങൾക്കിടെ  പറയാതെ പറയുന്ന അവളിലെ ചില ബോഡി ലാങ്ഗേജുകൾ! അതവനിലും രൂപം കൊണ്ടിരുന്നു.


ഒരു നെടുനിശ്വാസത്തിൻ്റെ അവസാനത്തിൽ അവളുടെ കണ്ണുകളിൽ നോക്കി ബാപ്പു പറഞ്ഞു 


"തനൂജ.... നിനക്കറിയൊ എമ്മീയെസ്സ് വിട്ട് നമ്മൾ രണ്ട് വഴിക്കായ ശേഷം

ദൂരം കൊണ്ട് നാമെന്ന ശരീരങ്ങൾ അകലെയായിരുന്നെങ്കിലും എന്റെ  ഹൃദയത്തിൽ നീ  പലപ്പോഴുമൊപ്പമുണ്ടായിരുന്നു. ജിദ്ദയിലെ അമീർ ബൈത്തിലെ വലിയ സോഫയിലെ പതുപതുത്ത കുഷ്യൻ ചിലപ്പോൾ.... " 

ബാക്കി അവൾക്കൂഹിക്കാനായി വിട്ട് കൊടുത്ത് കൊണ്ട് അവളെ ബാപ്പു ചെരിഞ്ഞ് നോക്കി.


അത് കേട്ടവൾ നോട്ടം അവനിൽ നിന്നും പറിച്ച് ജനലിലൂടെ പുറത്തേക്കെറിഞ്ഞു.

പിന്നെ ചിരി മാഞ്ഞ മുഖവുമായി തലതാഴ്ത്തി

"എന്നിട്ടെന്തേ അന്നൊന്നും പറയാഞ്ഞെ"

ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം ബാപ്പു പറഞ്ഞു

"അന്നത്തെ കാലത്ത് ഒരു സെെക്കൾ ഷോപ്പുകാരൻ്റെ മകന്... അങ്ങനെ ഒന്ന് ആഗ്രഹിക്കാനെ കഴിയുമായിരുന്നുള്ളു. അവനതർഹിക്കുന്നില്ല. അല്ലെങ്കിൽ അതംഗീകരിക്കാൻ നിൻ്റെ ബാക്കിയുള്ളവർക്ക് മാത്രമല്ല നിനക്കും കൂടി സമ്മതമായെന്ന് വരില്ല''

"ഹേയ് അങ്ങനെ പറയരുത്... ഞാൻ ആഗ്രഹിച്ചിരുന്നു "

"ഇല്ലില്ല ... നീ ഇന്നിലൂടെ ചിന്തിക്കുന്നു"

"അത് ബാപ്പുവിൻ്റെ തോന്നലാണ്"


അതിന് മറുപടി ഒരർത്ഥവുമില്ലാത്ത ഒരു ചിരി മാത്രം മുഖത്ത് വരുത്തി അവൾക്കരികിലേക്ക് ഒന്നു കൂടെ അടുത്ത്, ശബ്ദം  താഴ്ത്തി ചോദിച്ചു.

"അല്ല ...അത് വിട് നീ... നീയും കുട്ടികളും പോരുന്നൊ എൻ്റെ കൂടെ ജീവിക്കാൻ?"

ഒട്ടും കളിയല്ലാതെ ആ പറഞ്ഞത് കേട്ട് അവൾ അതിശയത്തോടെ ചോദിച്ചു

" ബാപ്പു... ബാപ്പു എന്താ പറഞ്ഞത്? ഇത്രയും ധൈര്യം ബാപ്പുവിനെവിടെന്ന് വന്നു. എൻ്റെ മുന്നിലെ പഞ്ചപ്പാവമായിരുന്ന ആ ബാപ്പു തന്നെയല്ലെ ഇത്. നിനക്കിത് പറയാൻ ഒരു ഭയവുമില്ല...?

എൻ്റെ കുടുംബം... നിൻ്റെ ഭാര്യ മക്കൾ..."

അത് കേട്ട് ബാപ്പു ഒന്നു ചിരിച്ചു പിന്നെ പറഞ്ഞു

"തനൂ ... അന്നത്തെ ഒരു പതിനേഴ്കാരൻ ഒരു പിഞ്ചു ബാലനാണ് ! പെങ്ങന്മാരും ഉമ്മയും ഉപ്പയുമൊക്കെ ആ പതിനേഴുകാരൻ്റെ ബാധ്യതയാണ് !! ബസ്സിന് പത്ത് പൈസ കൊടുക്കാനില്ലാത്തവൻ്റെ സ്കൂളിലേക്കുളള മൂന്നും നാലും കിലോമീറ്റർ നടത്തം നഗ്നപാദനായിട്ടാണ് "

ശേഷം അവളിൽ നിന്നും കണ്ണെടുത്ത് അൽപം ഗൗരവത്തിൽ പറഞ്ഞു

"നീ ചോദിച്ച ധൈര്യം...  അതെങ്ങനെ വന്നൂ എന്നല്ലെ പറയാം. ഇന്നെനിക്ക് കാശുണ്ട് അത്യാവശ്യത്തിനും അതിനപ്പുറവും. അത് തന്നെയാണ് ഇന്നത്തെ സമൂഹത്തിൽ ഏതൊരുത്തനെയും ധൈര്യവാനാക്കുന്നതും. 

നീ എൻ്റെ കൂടെ പോരുന്നോ എന്ന് ചോദിച്ചത് തമാശയാണെങ്കിൽ കൂടി; അങ്ങനെ സംഭവിച്ചാൽ... കാശെറിഞ്ഞാൽ സമൂഹം മൗനമാവും. പിന്നെ നാണക്കേട്;

 അതും ഇന്നത്തെ നാടിൻ്റെ അവസ്ഥയിൽ ഒരു അലങ്കാരമാണ്!


 ബാപ്പുവിൻ്റെ സംസാരത്തിൽ ഒരെത്തും പിടിയും കിട്ടാതെ അവൾ പിടഞ്ഞു. പിന്നെ മറുപടിയൊന്നുമില്ലാതെ അവൻ്റെ മുഖത്തേക്ക് മാത്രം നിർനിമേശയായി സാകൂതം നോക്കി നിന്നു.

ചോദ്യവും ഉത്തരവും താൽക്കാലികമായി തീർന്ന  വേളയിൽ ബാപ്പു ഒരു സാധാരണ മനുഷ്യനായി

"പിന്നെ എന്തൊക്കെ തനൂ... ന്നാ പിന്നെ ഞാൻ പോയാലൊ... ഇടക്കൊക്കെ ഇത് പോലെ എവിടെന്നെങ്കിലുമൊക്കെ കാണാം "


അവിടന്ന്, അവളിൽ നിന്ന് നടന്ന് തുടങ്ങിയപ്പോഴാണ് ബാപ്പു തൻ്റെ ചോദ്യത്തിൻ്റെ ഗൗരവം ചിന്തിച്ചത് 

പാവം... അവളുടെ കുടുംബമെന്ന ചില്ലുപെട്ടിയിന്മേൽ എഴുതിയ "ഹാൻ്റ്ൽ വിത്ത് കെയർ " എന്നത് ഞാൻ വായിക്കാൻ വിട്ടു പോയല്ലൊ...!


അവളപ്പോഴും ആ നിറുത്തത്തിലെ ചിന്തയിൽ നിന്നും മോചിതയായിരുന്നില്ല.


 ബാപ്പു നടന്ന്  കോണിയിറങ്ങി തലക്കറുപ്പ് മറയവെ അവളോടിച്ചെന്ന് ഹാന്റ്റയിലിൽ പിടിച്ച് 

ബാപ്പുവിനെ വിളിച്ചു.

വിളി കേട്ട് ലാന്റിങ്ങ് സ്റ്റപ്പിൽ നിന്നും ബാപ്പു ചോദ്യ ഭാവത്തിൽ മേലോട്ട് നോക്കി.

അവൾ അവനിൽ നിന്നും മുഖം വലിച്ച്  അലുമിനിയപ്പിടിയിൽ വിരലിനാൽ വരച്ചു കൊണ്ട് മെല്ലെ മൊഴിഞ്ഞു

"ഫോൺ നമ്പർ .... ബാപ്പുവിന്റെ നാട്ടിലെ നമ്പർ തന്നില്ലാ"

അത് കേട്ട് ബാപ്പു എന്തൊക്കെയോ മിന്നിമറയുന്ന ആ മുഖത്തേക്ക് അൽപ നേരം നോക്കി പിന്നെ ഒരു മന്ദഹാസത്തോടെ   അരയിലെ തുണിത്തലയിൽ തിരുകിയ മൊബൈൽ തപ്പി !


വരയും വരയും

🅾️🅰️🅱️

സീറോലോസ്

 

ചെറുകഥ


​ചില നേരമ്പോക്കുകളിലൂടെ മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുന്ന ശീലം മാറ്റിനിർത്തിയാൽ,ഞാൻ ആരെയും നോവിച്ചതായി എനിക്കോർമയില്ല. പക്ഷേ, എന്റെ നിശബ്ദതകൾക്കും നിന്റെ വാചാലതകൾക്കുമിടയിൽ എവിടെയോ വെച്ച് എന്തൊക്കെയോ നമുക്ക് പിഴച്ചുപോയിട്ടുണ്ട്.


അന്ന് നിലമ്പൂർ ​കനോലി പ്ലോട്ടിലെ തേക്കിൻമരങ്ങൾ തീർത്ത തണൽവഴികളിലൂടെ നിന്റെ കൈകോർത്തു നടക്കുമ്പോൾ, ചാലിയാർ പുഴയുടെ ഓളങ്ങൾ തീർത്ത കൊലുസ് കിലുക്കത്തേക്കാൾ മധുരമൊന്നും നിന്റെ ശബ്ദത്തിന് ഞാൻ അനുഭവിച്ചിട്ടില്ല. 


 ചിലപ്പോൾ ബസ് കാത്ത് നിൽക്കുന്ന നേരങ്ങളിൽ, ചീറിപ്പായുന്ന ബൈക്കിന് പിന്നിൽ അയാളിലേക്ക് അമർന്ന് പ്രിയപ്പെട്ടവനെ പുണരുന്ന പെൺകുട്ടികളെ ചൂണ്ടി നീ സംസാരിക്കുമ്പോൾ, നിന്റെ വാക്കുകളിൽ വിരിഞ്ഞത് അസൂയയായിരുന്നില്ലെന്ന് എനിക്കറിയാമായിരുന്നു; മറിച്ച്, നിന്നിൽ തന്നെയുള്ള തീവ്രമായ ചില ആഗ്രഹങ്ങളുടെ പ്രതിഫലനമായിരുന്നു അത്.

​നിനക്കതൊരു കൗതുകമായപ്പോൾ എന്റെ ഉള്ളിലത് നീറ്റലുണ്ടാക്കി. ലഗിൻസ് ധാരിണികളെ അറപ്പോടെ നോക്കിയതും മോട്ടോർ സൈക്കിളിന്റെ കർണ്ണകഠോരമായ ശബ്ദത്തെ വെറുത്തതും എന്റെ വിവരക്കേടായി നീ കരുതിയിട്ടുണ്ടാകാം. ആ കാഴ്ചപ്പാടുകളെ തിരുത്താൻ ഞാൻ ശ്രമിച്ചിട്ടില്ല.


​പാതയോരത്തെ കടയിൽ നിന്നും ഞാൻ വാങ്ങിത്തന്ന ചോക്ലേറ്റ് ബ്രാൻഡഡ് അല്ലെന്ന് നീ പരിഭവിച്ചപ്പോൾ, നീ ആഗ്രഹിച്ച ആഡംബരങ്ങളുടെ വിലയോ രുചിയോ അളക്കാൻ പോലുമാകാത്ത സാധാരണക്കാരനായിരുന്നു ഞാൻ.


 നിന്നെ എനിക്ക് അപ്രതീക്ഷിതമായി വീണ് കിട്ടിയതാണ്.  ഒരുപക്ഷേ, എറിഞ്ഞ് വീഴ്ത്തിയിരുന്ന തെങ്കിൽ ഇതിലുമേറെ മധുരം ഉണ്ടായേനെ.


​നിന്നോട് പ്രണയം തോന്നിയ നിമിഷം മുതൽ നിന്നെ വിശേഷിപ്പിക്കാൻ 'സുന്ദരി' എന്നതിനേക്കാൾ മനോഹരമായൊരു പദം തേടി ഞാനെന്റെ ഉറക്കമൊഴിവാക്കിയിട്ടില്ല.

 ഭാവപ്പകർച്ചകളില്ലാതെ സത്യം മാത്രം വിളിച്ചുപറയുന്ന എന്റെ സ്വഭാവം ചിലപ്പോഴൊക്കെ എന്നെത്തന്നെ വെറുപ്പിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ നിനക്ക് എന്നോട് തോന്നിയ മടുപ്പിൽ എനിക്ക് അത്ഭുതമില്ല.

​എങ്കിലും പ്രിയപ്പെട്ടവളേ... എനിക്കൊരു സൂചന നൽകാമായിരുന്നു. പിന്തിരിഞ്ഞു നടക്കും മുൻപ് ഒന്നു പറയാമായിരുന്നു. മറ്റൊരാളുടെ വാക്കുകളിലൂടെ നീ എന്നെ വിട്ടത്  അറിയേണ്ടി വന്നതാണ് എന്നെ വല്ലാതാക്കുന്നത്. എന്റെ ഭാഗത്ത് എന്തെങ്കിലും പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് തിരുത്താനോ ക്ഷമ ചോദിക്കാനോ ഒരവസരം പോലും നൽകാതെയുള്ള നിന്റെ ഈ മടക്കം...!

2025 ഓഗസ്റ്റ് 10, ഞായറാഴ്‌ച

സൈന്‍ ഔട്ട്‌



സഹപ്രവർത്തകന്റെ ഒപ്പമെത്താനുള്ള കഴിവ് ഇല്ലാത്തിടത്ത് പാരകൾ സൃഷ്ടിക്കപ്പെടുന്നു! കുഴികൾ രൂപപ്പെടുത്താനും, ചേമ്പ്, ചേന കളച്ചെടുക്കാനുമുതകാത്ത സാങ്കല്പിക പാരതന്നെയാണ് കാലേ കൂട്ടി കണ്ടറിഞ്ഞ് പി കെ അലിയും
പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ പ്രയോഗിച്ചത്.

അതിനാ‍ൽ കഷ്ടപ്പെടാതെ തന്നെ നല്ല ശംബളമുള്ള ജോലിയിൽ എത്തിപ്പെട്ട്, വലിയ പണക്കാരനായി അറിയപ്പെട്ടപ്പോഴും സാമ്പത്തികമായി കഷ്ടപ്പെടുന്നവരെ കണ്ടറിഞ്ഞ് സഹായിക്കാൻ അയാൾ മനസ്സ് കാണിച്ചു എന്നത് എടുത്തു പറയേണ്ടതായ ഒരു വസ്തുതതന്നെയായിരുന്നു കെട്ടൊ. സഹായമായി രണ്ടഞ്ഞൂറിന്റെ റിയാൽ കൊടുക്കുമ്പോൾ നൂറിന്റെ ഒരു നോട്ട് അപ്പോൾ തിരിച്ചു
കൊടുത്താൽ മതി. പിന്നെ മാസാവസാനം ശംബളം കിട്ടി, കാശ് തിരിച്ച് കൊടുക്കുമ്പോൾ അതേപോലെ നൂറ് റിയാൽ മടക്കിക്കൊടുക്കുന്ന ദു:സ്വഭാവമൊന്നും പി കെ അലിക്കില്ലായിരുന്നു ട്ടൊ.

പണ്ടെന്നോ നാട്ടിൽ പായസ കച്ചവടം നടത്തി പിന്നെ ഗൾഫിൽ വന്ന് നാല് കാശ് കൂടിയപ്പോൾ പായസം കൂട്ട്യാലിയെന്ന തന്റെ പേര് ചുരുക്കി പി കെ അലി എന്നാക്കി മാറ്റിയതാണെന്നും അതല്ല പലിശക്ക് കാശ് കൊടുക്കുന്ന കുട്ട്യാലി എന്നതിന്റെ ചുരുക്കമാണെന്നും പറയപ്പെടുന്നു.

എന്തായാലും പ്രവാസ കൂട്ടായ്മയിൽ അയാൾ എല്ലാവർക്കും പ്രിയങ്കരനായി. പള്ളി മദ്രസ്സ പിരിവിനും, പന്തുകളി ഓണോത്സവ സകല കുലാവി അസോസിയേഷനുകളിലും, എന്തിന്; നാട്ടിലെ പാവപ്പെട്ട ഒരു പെങ്കുട്ടിയെ അയ്മ്പത്തൊന്ന് പവനും തൊണ്ണൂറ്റെട്ടായിരം ഉർപ്യ- ഒരു ലച്ചമായിരുന്നു ചോയ്ച്ചത്. അത് നാട്ടുകാർ പേശി പേശി തൊണ്ണൂ‍റ്റെട്ടാക്കി കുറച്ചതാ. അവരെ സമ്മയ്ക്കണം‌- യും കൊടുത്ത് കെട്ടിച്ചയക്കാനുള്ള വരിയിടൽ പിരിവിനു വരെ ചുക്കാൻ പിടിക്കാൻ പി കെ അലി വേണമെന്നായി.

അതൊക്കെ ചലിക്കുന്നതും നിശ്ചലിക്കുന്നതുമായ ചിത്രങ്ങളായി മാധ്യമങ്ങളിൽ വന്നു തുടങ്ങും മുമ്പെ തന്നെ നാട്ടുകാരിൽ വലിയവരൊക്കെയും അയാ‍ളെ അവരവരുടെ ഹൃദയങ്ങളിൽ കുടിയിരുത്തിയിരുന്നു. കുട്ടികൾ ഫാനായി അയാളുടെ ചിത്രങ്ങൾ വെട്ടിയെടുത്ത് വറ്റ് തേച്ച് വീടുകളിലെ വാതിലുകളിൽ വരെ ഒട്ടിച്ച് വച്ചിരുന്നു!

അങ്ങനെ, ഏറെയേറെ
പൊങ്ങി നിൽക്കുന്ന സമയത്താണ് അയാളുടെ ആത്മാർത്ത സുഹൃത്തുക്കളിൽ ഒന്ന് രണ്ട് പേർ അയാ‍ളെ അറിയിച്ചത് “കുട്ട്യാല്യേ...സംഗതിയൊക്കെ ശരിതന്നെ. പക്ഷേങ്കി..... അന്റെ കെട്ട്യോളേം കുട്ട്യാളേം നാട്ടുക്കൂടെള്ള നടത്തത്ര ശരിയല്ലാന്ന് കേക്കണു. ഇയ്യൊന്നു ശ്രദ്ധിച്ചാൽ അനക്ക് നന്ന്..” എന്നാൽ പറച്ചിലുകൾ, ‘നിന്റെ വളർച്ചയിൽ അവരിൽ രൂപപ്പെട്ട അസൂയയുടെ പര്യായാങ്ങളായി കരുതിയാ‍ൽ മതി’യെന്ന് അയാളുടെചിലവ് പറ്റികൾ’ അയാളുടെ കാതിലോതിയപ്പോൾ; അതാണതിന്റെ ശരിയെന്ന് പി കെ കുട്ടിയും ധരിച്ചു.

പിന്നെ എപ്പഴോ; ജോലി കഴിഞ്ഞ് എന്തിനുമേതിനും മണ്ടിപ്പാഞ്ഞ് നടന്നിരുന്ന അയാളിതാ ജോലിക്ക് പോലും പോവാതെ,
തീനും കുടിയും, യാതൊരു മുണ്ടാട്ടവുമില്ലാതെ റൂമിലൊരേ ഇരുത്തം! ഇതിപ്പംതുടങ്ങിയിട്ട് ദിവസം കുറച്ചായി. എന്താ കാരണമെന്ന് ചോദിച്ചാൽ റൂമിലുള്ളോർക്ക് ഒന്നേ പറയാനുള്ളു.
ഒരു
സുഹൃത്തിന്റെ മൊബൈലിലേക്ക് ആരൊ അയച്ച ഒരു എമ്മെമ്മെസ് സൌണ്ട് ക്ലിപ്പ് എല്ലാവരുംകൂടിയിരുന്ന് കേട്ട് ആർത്തുല്ലസിച്ച് ചിരിച്ചതിന് ശേഷം അയാൾ മിണ്ടാതായി പോലും.
അതിൽ അനുരാഗവിലോചനയായി അതിലേറെ മോഹിനിയായിനൌഷാദിക്കാ..എന്റെ നൌഷാദിക്കാ
..’ എന്നിടക്കിടക്ക് വിളിച്ച് പിന്നെ കാമാർത്ത ഭാവത്തോടെ പലതും പറയുന്നത് പി കെ അലിയുടെ മകളുടെ ശബ്ദമാണെന്ന് പറഞ്ഞ്, ചിലർ ഒളിഞ്ഞും തെളിഞ്ഞും ചിരിച്ചു. പിന്നെ അത് അയാളോടുള്ള ദയയുടെയും അനുകമ്പയുടെയും പാതയിലേക്ക് വഴി മാറി. അപ്പോഴേക്കും മാസങ്ങൾകഴിഞ്ഞിരുന്നു.
* * * *
സ്യൂട്ടും കോട്ടുമ്മണിയാത്ത, സാധാരണ ക്ലീൻ
ഷേവ് ചെയ്തിരുന്ന മുഖത്തിനു പകരം നീണ്ട് വളർന്ന ദീക്ഷയും വെട്ടിയൊതുക്കാത്ത തലമുടിയുമായി കൈയ്യിലൊരു സ്യൂട്ട് കേസ് പോലുമില്ലാതെ, യാതൊരു മുന്നറിയിപ്പും കൂടാതെ വീട്ടിലേക്ക് കേറിവരുന്നയാൾ ഒരു തെണ്ടിയല്ലെന്ന് മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു പി കെ അലിയുടെ ഭാര്യമക്കൾക്ക്.

അസ്സലാമു അലൈക്കുംപതിവില്ലാത്ത ചൊല്ലു കേട്ട്, മുമ്പേ ഭയന്ന് പോയിരുന്ന അവർ
സലാം മടക്കാൻ മറന്ന് നിന്ന നിശ്ചലാവസ്ഥയിൽ നിന്നും ചലനാവസ്ഥ പുനസ്താപ്പിക്കാൻ എന്താവടെ..എന്തു പറ്റി ഇവിടെയുള്ളോർക്കെല്ലാംഎന്ന അയാളുടെ ഇടി വെട്ടുമ്പോലുള്ള ഒരു അട്ടഹാസം വേണ്ടിവന്നു .
ഉടൽ വിറച്ച് ഭൂതം
കയറിയത് പോലെയായ അയാളെ കണ്ട് മൂന്ന് ഖൽബുകളുടെ വോൾട്ടേജ് കൂടാൻ തുടങ്ങി.
എന്നാൽ അയാൾ
ഒരു മറുപടിക്കൊ മറ്റോ കാത്ത് നിൽക്കാതെ, എന്തോ നിശ്ചയിച്ചുറച്ച മട്ടിൽ പുതിയതായി പണിത കൊട്ടാരസമമായ വീടിന്റെ പുറകിലെ പൊളിച്ച് മാറ്റാത്ത പഴയ വീട്ടിലേക്ക് കേറി. അകത്തെ മൂലയിൽ പണ്ടെന്നോ കൂട്ടിയിട്ട അലുമിനിയ പാത്രങ്ങളും തന്റെ നാലു ചക്ര ഉന്തു വണ്ടിയുമെടുത്ത് മുറ്റത്തേക്കിട്ടു. അതിൽ ഏറ്റവും വലിയ പാത്രത്തിൽ വെള്ളം കോരി നിറച്ചു.ശേഷം മൂന്ന് വെട്ടുകല്ലിനാൽ മുറ്റത്തൊരടുപ്പ് തയ്യാറാക്കി. പുതിയ വീട്ടിനുള്ളിലേക്കോടി. തിരിച്ചുവന്ന അയാളുടെ കൈയ്യിൽ തന്റെ ഭാര്യയുടെ ഉയർച്ച താഴ്ചകൾ കാണിക്കുന്ന പർദ്ദകളും, മകളുടെ അണിഞ്ഞാൽ അരച്ച് തേച്ചത് പോലുള്ള ഉടുപ്പുകളും മറ്റുമുണ്ടായിരുന്നു. അതൊക്കെയുമയാൾ അടുപ്പിലേക്കെറിഞ്ഞു. ശേഷം മകന്റെ പ്രൈവറ്റ് റൂമിലെ അലമാരിക്കുള്ളിലെ കുപ്പിയിലെ നിറമുള്ള ദ്രാവകമെടുത്ത് അടുപ്പിലേക്കൊഴിച്ച് ഗ്യാസ് ലൈറ്റർ ഉരച്ച് തീ കൊളുത്തി. പിന്നെ ഫണമുയർത്തിയാടുന്ന തീയിൻ മുകളിലേക്ക് വെള്ളം നിറച്ച് വെച്ച പാത്രമെടുത്ത് വച്ചു.

ആളിക്കത്താൻ തുടങ്ങിയ തീ കണ്ട് അയാൾ ഉന്മത്തനായി പൊട്ടിച്ചിരിക്കാൻ തുടങ്ങി. വീണ്ടും അകത്തേക്കോടി. നാലഞ്ച് മൊബൈലുകളും ടിവിയും സിഡിയും കമ്പ്യൂട്ടറും മറ്റു കുറേ യന്ത്രങ്ങളും ആയാൾ കത്തുന്ന തീയിലേക്കെറിഞ്ഞ് കൊണ്ടിരുന്നു. എല്ലാം കത്തിയമർന്നപ്പോൾ, തീയിലേറെ ആളിക്കത്തിയിരുന്ന അയാളുടെ കണ്ണുകൾ വെറും കനലുകളായി മാറി. വിയർപ്പുകൾ ചാലിട്ട ശരീരവുമായാൾ കിതച്ചു.

ഏറെ കഴിഞ്ഞ് അയാൾ പാത്രം താഴെയിറക്കി. ഭ്രാന്തൻ കാ‍ഴ്ചകൾ കണ്ട് കാറ്റിലെ പുൽകൊടി പോലെ
നിൽക്കുന്ന മൂവരോടുമായി അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു
പാത്രത്തിൽ കേറി നിന്ന് നിങ്ങളോരോരുത്തരും അവരവരുടെ ശരീരം കഴുകി വൃത്തിയാക്കുവിൻശബ്ദമില്ലാഞ്ഞിട്ടും അവർ നടുങ്ങി. എന്തിനുള്ള പുറപ്പാടെന്നറിയാതെ
ച്ച് വിറച്ച് നിന്ന അവരുടെ നേരെ നീണ്ട് വരുന്ന രണ്ട് കനൽ കട്ടകൾ കണ്ടപ്പോൾ അവർ യാന്ത്രികമായി അതിലേക്ക് കേറി.
ആ സമയം, പഴയ പായസം കുഞ്ഞലവിയായി വണ്ടിയിലെ തുരുമ്പും പാത്രങ്ങളിലെ പൊടിയും മാറാലകളും കഴുകി കളയാൻ തുടങ്ങി. അപ്പോൾ പുതിയ വീടിൻ മുമ്പിൽ ഒരു ജെ സി ബി എത്തിക്കഴിഞ്ഞിരുന്നു!



2024 ഒക്‌ടോബർ 27, ഞായറാഴ്‌ച

പുതിയ കയർ

 

പുതിയ കയർ
ചെറു കഥ
----------------

നടവഴി വളവ് തിരിയുമ്പഴേ കേട്ടു ചൂട്ടിയുടെ പതിവ്
'മ്പേ' ഒച്ച.
ചായക്കടയിൽ പാല് കൊടുത്ത് തിരിച്ച് പോരുമ്പോൾ കൊണ്ട് വരുന്ന പഴത്തൊലി തിന്നാനുള്ള ധൃതി !
"ദാ കൊണ്ടരണൂ യ്യ് കെടന്ന് അമറണ്ട" മാളുഅമ്മ അൽപം ഉച്ചത്തിൽ തന്നെ പറഞ്ഞു.

ചൂട്ടിയെ കെട്ടിയിട്ട പഴയ കയർ കെട്ട് പിണഞ്ഞത്  വേർപ്പെടുത്തിയഴിച്ച്, അന്ന്  പുതുതായി വാങ്ങിയ കയറ് കൊണ്ട്  കുടുക്കിട്ട് പശുവിനെ കുറ്റി മാറ്റിക്കെട്ടി.  വെറുതെ വിട്ട കിടാവ് കുന്തിരിയെടുത്ത് പാഞ്ഞ് വന്ന്, കുമ്പിട്ട് നിന്ന് പഴത്തൊലിയിട്ട് കൊടുക്കുന്ന മാളുഅമ്മയെ മെല്ലെ കുത്തിയും ഉരസിയും നിന്നു.

മാളു അമ്മ സ്വന്തം മക്കളെ ചീത്ത പറയുമ്പോലെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

അത് കഴിഞ്ഞ്  വീട്ടിലേക്ക് നടന്ന് മടിയിൽ നിന്നും മൊബൈൽ എടുത്ത് കോലായത്തിണ്ടിന്മേൽ വച്ച ശേഷം വാതിൽ തുറന്ന് അകത്ത് കേറി വേഗം ഉരി അരിയെടുത്ത് കഞ്ഞിക്കലത്തിലിട്ട് പുറത്തിറങ്ങവെ സൂറയും അവളുടെ കുട്ടികളും പുത്തനുടുത്ത് ചിരിച്ച് കൊണ്ട് വരുന്നത് കണ്ട് മുറ്റത്ത് തന്നെ നിന്നു.

പ്രതീക്ഷിച്ച പോലെത്തന്നെ അവളും കുട്ടികളും അവരുടെ വീട്ടിൽ പോവുന്നു എന്ന വിവരം പറയാനായിരുന്നു വന്നത്.

കൂരിപ്പുഴക്കടവിലേക്ക് പോകുന്ന നടവഴിയുടെ അരികിലെ രണ്ട് പുരയിലൊന്ന്  സുഹ്റയുടെയും മറ്റൊന്ന് മാളുവമ്മയുടെതുമാണ്. പിന്നെ അൽപ ധൂരം കഴിയഞ്ഞാൽ രണ്ട് മൂന്ന് വീട് മാത്രമേയുള്ളുവെങ്കിലും പുഴ അക്കരെയുള്ള അങ്ങാടിയിലേക്ക് നടന്ന് പോകുന്നവർ എറെയുണ്ട്.

സുഹ്‌റയുടെ  ഭർത്താവ് ഗൾഫിലാണ് രണ്ടാൺകുട്ടികളിൽ ഒരാൾ എട്ടിലും ചെറിയവൻ അഞ്ചിലും പഠിക്കുന്നു.
ഇനി തിങ്കളാഴ്ച രാവിലെ കുട്ടികൾ നേരെ അവിടന്ന് സ്കൂളിലേക്ക്  പോവുകയും സുഹ്റ ഉച്ചയാവുമ്പോഴേക്കും തിരിച്ച് വീട്ടിലെത്തുകയും ചെയ്യും.

മാളുഅമ്മ ചെറിയ വീട്ടിൽ ഒറ്റക്കാണ് താമസം.ഒരു മകൻ ഉള്ളത് ബേങ്കലൂരിൽ ആണ്.  പത്ത് പൈസൻ്റെ ഉപകാരം അവനെക്കൊണ്ടില്ലെങ്കിലും ഇടക്കിടക്ക് ഫോൺ വിളിച്ച് അമ്മയുടെ വിവരം അന്വേഷിക്കും. നാട്ടുകാർ പറയുന്നത് അവനവിടെ പോക്കറ്റടിയൊ വേറെ എന്തൊക്കെയോ തരകിട പരിപാടിയാണെന്നാ.

അവൻ്റെ നന്നേ ചെറുപ്പത്തിൽ അച്ചൻ മരിച്ചതിൽ പിന്നെ മാളു അമ്മ കൂലിവേല ചെയ്താണ് മകനെ വളർത്തിയത്. ഒരു ദുഷ്പേരും ഇത് വരെ വരുത്താതെ ജീവിച്ച് പോന്ന;
വളരെ അഭിമാനിയായ മാളു അമ്മ താമസം ഒറ്റക്കാണെങ്കിലും നാളിത് വരെ സഹായിക്കണമെന്ന് പറഞ്ഞ് ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല.

രാവിലെ പശുവിനെ കറന്ന് ഒരു ഗ്ലാസ് പാൽ സ്വന്തമായെടുത്ത്  അര ലിറ്റർ പാൽ സുഹ്റക്കും ബാക്കി മുഴുവനും അക്കരെ  ബീരാക്കാൻ്റെ ചായക്കടയിലും കൊടുത്ത് അവിടന്ന് ചായയും കടിയായി പുട്ടൊ ദോശയൊ തിന്ന് അൽപനേരമവിടെ ഇരുന്ന് നാട്ട് വർത്തമാനമൊക്കെ കേട്ട് വീട്ടിലേക്ക് അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും പിണ്ണാക്കും വാങ്ങിപ്പോരും.
പിന്നെ ഉച്ചയ്ക്കും രാത്രിക്കും  കഴിക്കാനുമായി ഒറ്റവപ്പ്.
മിണ്ടാനും പറയാനും ആകെയുള്ളത് കറവയുള്ള പശുവും അതിൻ്റെ കുഞ്ഞും പിന്നെ എപ്പഴെങ്കിലും വരുന്ന ഒരേ ഒരു അയൽവാസി സുഹ്റയും മാത്രം.

അവർ പോയിക്കഴിഞ്ഞ് മാളു അമ്മ അരി അടുപ്പത്തിട്ട് കറിക്കരക്കാൻ ഒന്നുമില്ലാഞ്ഞ്  തൊട്ടു കുട്ടുവാനെന്തെങ്കിലും കിട്ടുവാനായി തൊടിയിലിറങ്ങി  നാല് കാന്താരി പറിച്ച് തിരിഞ്ഞതും സുഹ്റയുടെ തെങ്ങിൽ നിന്നും മാളുവമ്മയുടെ തൊടിയിലേക്ക് വീണ തേങ്ങയെടുത്ത് അവളുടെ വളപ്പിലേക്കെറിഞ്ഞു.

ഫോൺ ശബ്ദിക്കുന്നത് കേട്ട് മകനായിരിക്കാമെന്ന് കരുതി  മാളു അമ്മ വേഗം കോലായിൽ കേറി ഫോണെടുത്തു.

"മാളു അമ്മെ ഞങ്ങളെ വീടിൻ്റെ വാതിൽ പൂട്ടി താക്കോൽ അതിമ്മെന്ന് എടുക്കാൻ മറന്നു അതിനാൽ ങ്ങള് പോയി ആ താക്കോലൊന്ന് എടുത്ത് കൊണ്ടരണേ. ആ ചെക്കനെ ഏൽപിച്ചതായിരുന്നു കള്ള ബലാല് അവ്ടെട്ട് പോന്നു" അങ്ങേ തലക്കൽ നിന്നും  സുഹ്റ ഒറ്റ ശ്വാസം മുട്ടി മുഴുമിപ്പിച്ചു.

"അതിനെന്താ മോളേ ഞാനിപ്പം പോവാം യ്യ് ഒന്ന് കൊണ്ടും ബേജാറാവണ്ട"

അവർ തിടുക്കത്തിൽ സുഹ്‌റയുടെ വീട്ടിലേക്ക് നടന്നു പറഞ്ഞ പോലെത്തന്നെ വാതിലിൽ തൂങ്ങി നിൽക്കുന്ന താക്കോൽ ഒന്നും കൂടെ ഇടത്തോട്ട് തിരിച്ച് പൂട്ടിയത് ശരിയെന്ന് വരുത്തി താക്കോൽകൂട്ടമെടുത്ത് തിരിഞ്ഞു.
ജോലിയെല്ലാം തീർത്ത് ചോറ് വാർത്ത കാടിയുമെടുത്ത് പശുവിന് കൊടുത്ത് തിരിച്ച് വന്ന് ഭക്ഷണം കഴിഞ്ഞ് ഒന്നുറങ്ങി എണീറ്റു. വൈകുന്നേരമായപ്പോൾ കെട്ടിയിട്ട പശുവിനെ അഴിച്ച് കൊണ്ട് വന്ന് തൊഴുത്തിൽ രണ്ടിനെയും കെട്ടി. രാവിലെ പാൽ കറന്നെടുത്ത ശേഷം  പശുക്കുട്ടിക്ക് തള്ളയുടെ പാൽ കുടിക്കാനുള്ള സ്വാതന്ത്യം വൈകുന്നേരം  തൊഴുത്തിൽ  കെട്ടുന്നതോട് കൂടി അവസാനിക്കുന്നു.

മിണ്ടാനും പറയാനും ചെയ്യാനുമൊന്നുമില്ലാത്തതിനാൽ അന്നും നേരത്തെ കിടന്നു. ഒരുറക്കത്തിലേക്ക് നീങ്ങവെ ഫോൺ ശബ്ദിച്ചു.
മകനായിരുന്നു. അവൻ നാളെ രാവിലെ വീട്ടിലേക്ക് വരുന്നെന്ന് .

പിറ്റേന്നും അതിരാവിലെ എണീറ്റ് പശുവിനെ കറന്ന് പാലുമായി ചായക്കടയിലെത്തി.
ഒരു ചുടു ചായ കുടിച്ചു. ഇനി കടി ആയ ശേഷം ഒരു ചായ കൂടി.

ശേഷം പീടികക്കോലായിലെ കൂട്ടങ്ങളിൽ നിന്നും അന്നത്തെ പുലർകാല പുതു സൊറകളിലേക്ക് ശ്രദ്ധ തിരിച്ച് അൽപം കഴിഞ്ഞതും തെങ്ങ് കയറ്റക്കാരൻ അന്ത്രു ചായക്കടക്ക് മുമ്പിൽ എത്തി.  മോട്ടോർ സൈക്കിളിലിരുന്ന് തന്നെ ഉച്ചത്തിൽ പറഞ്ഞു

"ആ സൂറയും കുട്ട്യാളും അവരുടെ വീട്ടിലില്ലെ എത്ര വിളിച്ചിട്ടും ഒരു ശബ്ദവും കേക്കാഞ്ഞ്  തുറന്ന് കിടക്കുന്ന വാതിൽ കണ്ട് ... "
അന്ത്രു കിതപ്പ് തീർക്കാൻ നിർത്തിയ നിമിഷം മാളു അമ്മ പുറത്തിറങ്ങി

"അന്ത്രോ യ്യെന്താ പറഞ്ഞത് സുഹറയുടെ വീട്ട് വാതിൽ ....?"
അന്ത്രു മോട്ടോർ സൈക്കിൾ സ്റ്റാന്റിന്മേൽ നിർത്തിയിട്ട് തുടർന്നു.
"അതേ മാളുക്കുട്ടിയമ്മെ ഓള് തേങ്ങയിടാൻ വരാൻ പറഞ്ഞിരുന്നു. ന്നാൽ എത്ര വിളിച്ചിട്ടും ഒരൊച്ചയും വിളിം കേക്കാഞ്ഞ് ഞാനൊന്ന് അകത്ത് കേറി  നോക്കി. മനുഷ്യനല്ലെ ... പോരെങ്കി ഇപ്പഴത്തെ കാലവും. അപ്പഴ്ണ്ട്  വീട്ടിനകത്തുള്ള എല്ലാ സാധനങ്ങളും വാരി വലിച്ചിട്ടിക്ക്ണ്. പക്ഷേ ഓളും മക്കളും അവിടില്ല അതുറപ്പാ വല്ല  കള്ളന്മാരും ... വല്ല പൊന്നും പണ്ടോം ഉണ്ടായ് നൊന്ന് ആർക്കറിയാം ... " 
അത് കേട്ട് മാളു അമ്മ കണ്ണ് മിഴിച്ച് മേലോട്ട് നോക്കി  നെഞ്ചിൽ കൈ വച്ച് ശ്വാസം വിടാൻ പോലും മറന്ന് ഏറെ നേരമങ്ങനെ നിന്നു.

അതിന് മുമ്പെ പീടികക്കോലായി ശൂന്യമായിക്കഴിഞ്ഞിരുന്നു.
സ്ഥലകാല ബോധം തിരിച്ച് വന്ന മാളു അമ്മ പാൽ പാത്രം പോലും എടുക്കാൻ മറന്ന് വീട്ടിലേക്കോടി.

ഉച്ചയായപ്പോഴേക്കും  സുഹ്‌റയും അവളുടെ ആങ്ങളമാരും പോലീസുമൊക്കെ എത്തി.

അലമാരയിലുണ്ടായിരുന്ന കൊളുത്ത് പൊട്ടിയ പാദസരവും പിന്നെ കുറച്ച് പൊട്ടും പൊടിയും നഷ്ടപ്പെട്ടതിന്റെ കാരണക്കാർ സുഹ്‌റയാണെന്നും അതല്ല അവളുടെ ഭർത്താവാണെന്നും കളളനാണ് ശരിയെന്നും അതുമല്ല പോലീസാണ് ഉത്തരവാദിയെന്നും  അതൊന്നുമല്ല വാർഡ്മെമ്പർ ശരിയല്ലെന്നും ഞങ്ങളുടെ മെമ്പർ വന്നാൽ ഇമ്മാതിരി സംഭവങ്ങൾ ഉണ്ടാവില്ലെന്നും തുടങ്ങിയ  പല വിധ അഭിപ്രായങ്ങൾ പറഞ്ഞ് നടവഴിയിലൂടെ പോകുന്നവരാരും തന്നെ കഴുത്തിൽ കയറില്ലാതെ മേയുന്ന മാളുഅമ്മയുടെ ചൂട്ടിപ്പശുവിനെ ശ്രദ്ധിച്ചതേയില്ല ! 


മഴ

 

മഴ മൂന്നാം വട്ടം പെയ്യാറില്ല!
അതെ അതിന്നും
രണ്ടാം വട്ടവും വർഷിക്കുന്നു
തട്ട് പൊളിപ്പൻ സംഗീതവും
കൂട്ടിന് ഡീജേയും മിന്നലും

തിളക്കം നഷ്ടപ്പെട്ടയലുമിനിയക്കുടുക്ക നിറത്തിത്തിൽ മൂടപ്പെട്ടയാഘാശത്തിലേക്കുയർന്ന് നിൽക്കുന്നകലെയൊരു ഇരുമ്പിനസ്ഥികൂടം

പടിവാതിലിനപ്പുറത്തെ പുകമറക്കിടയിൽ അനക്കമില്ലാതുറക്കത്തിൽ  തെങ്ങിൻ കൂട്ടവും മേൽക്കൂരകളും.

കലങ്ങിയും തെളിഞ്ഞും മുറ്റം മൂടിയ ജലത്തിലൊരു നിമിഷമായുസ്സില്ലാ കുമിളകൾ.

ചെടിച്ചട്ടികളിലുണങ്ങാൻ തയ്യാറായ മുല്ലകൾക്കിനി വിരിയാം നാളെ പത്ത് മണിക്ക്.

പെട്ടെന്നെവിടെന്നോ വീശിയെറിഞ്ഞ കാറ്റിൽ മാവിലെയഞ്ചാറ് മാങ്ങകൾ വീണോടുകൾക്ക് തുളയിട്ടതിലൂടെ ചാലിട്ടൊലിച്ച് നനച്ചും ....
ഹൗ വല്ലാത്തൊരു മഴ!

മഴ;
അതങ്ങിനെയാണ് ഏറെ സന്തോഷിപ്പിക്കുന്നതിനൊപ്പം പ്രാകിപ്പറയിപ്പിച്ചെ രണ്ടാം വട്ടം പെയ്യാനായി പോകൂ...

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില