2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

നിണമണിഞ്ഞ നോമ്പുകള്കുല്ലു ആം അന്തും ബി ഖൈറ് .
--------------------------------
ചായക്കടയില് ഞങ്ങള് കുട്ടികൾക്ക് കയ്യെത്താ ദൂരത്ത് വച്ച ഫിലിപ്സ് ന്റെ
നാല് വാൾവ്  ഉള്ള റേഡിയോയിൽ നിന്നും കാള സോദരി രാഗത്തില്‍ കഷ്ടാങ്ങ വൈദ്യര്‍ പാടുന്ന കീർത്തനം ആസ്വദിച്ച് ഇരിക്കുന്ന നാട്ടുകൂട്ടത്തെ നിരാശരാക്കി ക്കൊണ്ട് ആകാശ വാണിയിലെ ഏതോ ഒരു വാണി മൊഴിഞ്ഞു.
“ഒരു പ്രത്യേക അറിയിപ്പ്.......കടപ്പുറത്ത് മാ‍സം കണ്ടതായി...........നാളെ നോമ്പായിരിക്കുമെന്ന്.......”
കാരണവന്മാരില്‍ ചിലർ “ എന്റെ പടച്ചോനെ...” എന്ന് ആത്മഗദം ചെയ്തത് ഭക്തി കൂടിയത് കൊണ്ടാണൊ എന്ന് അത്ര തിട്ടമില്ലാ‍യിരുന്നു.

ജനം പിരിഞ്ഞു.

നാളെ മുതല്‍ നോമ്പ് തുറന്ന് രണ്ട് മൂന്ന് മണിക്കൂറ് കാലി ചായ വിറ്റതിന്റെ പ്രോഫിറ്റ് കൊണ്ട് ആറേഴെണ്ണത്തിന്റെ പള്ളേല് ഉണ്ടാക്കാനുള്ളതൊന്നും തന്നെ വാങ്ങാന്‍ തികയില്ല എന്ന് എന്റെ ഉപ്പാക്ക് മുന്‍പരിചയം ഉള്ളതിനാല്‍ ഹോട്ടല്‍ മുഗള്‍ എന്ന പ്രസസ്ഥ സ്ഥാപനത്തിന്റെ, മൂച്ചിപ്പലകയാല്‍ നിർമ്മിതമായ പ്രധാന കവാടം ആമത്താഴിട്ട് പൂട്ടിക്കൊണ്ട് ഉപ്പ വീടണഞ്ഞു.

ഞങ്ങള്‍ നാട്ടിലെ അറിയപ്പെടുന്ന ഹോട്ടല്‍ ബിസിനസ്സുകാര്
. കൊയ്ത്തും മെതിയുമായി വർഷാ വർഷം
മൂന്ന് നാല് പറ നെല്ല് വീട്ടിലെ ബല്ലക്കൊട്ടയെന്ന ഗോഡൌണില്‍ സൂക്ഷിക്കപ്പെടുന്നവര്. അതിന്റെ വൈക്കോല്‍ രണ്ടാഴ്ച സുഖമായി തിന്ന് ഏമ്പക്കമിടാത്ത;, മെയ്ത്യാക്കാന്റെ ആനയെ കുത്തി തോല്പിച്ച, ആലയില്‍ നിറഞ്ഞ് നില്‍കുന്ന ചൂട്ടി എരുമ. കറിയായി വെക്കാന്‍ മുറ്റത്ത് മുരിങ്ങാമരമൊന്ന്. ഞാനൊ...?. സെഞ്ചുറി മില്ലിന്റെ കലാപി കോട്ടണ്‍ കുപ്പായം, അലുമിനിയ പിഞ്ഞാണത്തില്‍ ചിരട്ടക്കണലിട്ട് ഇസ്തിരിയിട്ട് ചുളിയാതെ നടക്കുന്നവന്‍. ചുരുക്കിക്കുറുക്കി പറഞ്ഞാല്‍ ഹോട്ടലില്ലെങ്കിലും ഞങ്ങള്‍ക്ക് പട്ടിണി കിടക്കാം എന്നത് നാട്ടുകാർക്ക് അറിയില്ല. ഞങ്ങള്‍ അറിയിച്ചിരുന്നില്ല എന്നതാണ് ശരി.

അത് കൊണ്ട് ഉപ്പ ഒരു ഭയങ്കര തീരുമാനം എടുത്തു. നാട്ടിലെ പേര് കേട്ട പണക്കരന്റെ കൂടെ കള്ളക്കടത്ത് ബിസിനസ്സ്!


 നോമ്പ് ചില്ലറ ദിവസങ്ങള്‍ പിന്നിട്ടു. ഉപ്പ വിദേശ രാജ്യങ്ങളായ പാലക്കാട്, കാലടി എന്നിവിടങ്ങളില്‍ കുറച്ച് ദിവസങ്ങളായി ബിസിനസ്സ് ടൂറിലാണ്. അവിടങ്ങളിലേക്ക് കരിഞ്ചന്തയായി ലോറിയില്‍ കേറ്റി പോയ സ്വർണ്ണക്കളറുള്ള നെല്ലിന്റെ പൈസ കിട്ടാന്‍ കാത്തിരുന്നതിനാല്‍ വീട്ടിലേക്കുള്ള എല്ലാ കമ്മ്യൂണിക്കേഷനും തല്‍ക്കാലമായി നിന്നു പോയിരുന്നു.

നോമ്പ് ആദ്യത്തില്‍ അരിപ്പത്തിരി, പിന്നെ ഗോതമ്പത്തിരി, പിറ്റേന്ന് തിരിക്കാത്ത ഗോതമ്പ്, പിന്നീടുള്ള ദിവസങ്ങള്‍ കിലോക്ക് അമ്പത് പൈസ നിരക്കില്‍ പ്ലാസ്റ്റിക്കിനെ നാണിപ്പിക്കുന്ന (കൈപ്പ് ഫ്രീ ) പറമ്പന്‍ മരച്ചീനിയാല്‍ നോമ്പ് തള്ളിയിട്ടപ്പോഴേക്കും  ഖജനാവ് കാലി. പിന്നെ മടിച്ചു നിന്നില്ല. അയല്‍ പക്കത്ത് മാനം പണയം വച്ച് അരിയും മറ്റും കടം വാങ്ങി. ഒരു കാലത്ത് വയറ് നിറച്ചുണ്ണാന്‍ ഞങ്ങളുടെ വീട്ടീല്‍ വരേണ്ടിയിരുന്ന അവരില്‍ നിന്നും തുടർന്നും സഹായമഭ്യാർത്തിക്കാൻ പിന്നെ മാനം സ്റ്റോക്കില്ലായിരുന്നു.

കിട്ടിയാല്‍ ഒരു നോമ്പ് പോയാല്‍ ഒരു നിയ്യത്ത് എന്ന് കരുതി ഏഴു വയസ്സ് കാരന്‍ അനുജന്‍ വരെ നോമ്പ് കാരനാണ്. മാത്രവുമല്ല, എങ്ങനെയെങ്കിലും ടൈം അഡ്ജസ്റ്റ് ചെയ്ത് നോമ്പ് തുറന്ന് ഭക്ഷണം വിളംമ്പുംമ്പോള്, നോമ്പ് ഉള്ള മക്കള്‍ക്ക് ഉമ്മാന്റെ വക ബോണസ്സായി രണ്ട് പത്തിരിയെങ്കിലും അധികം കിട്ടും എന്ന ഒരു ഉള്‍ കാഴ്ചയും അന്നത്തെ നോമ്പിനുണ്ടായിരുന്നു.

അങ്ങനെ നോമ്പ് തുറക്കാനുള്ള സമയം അടുത്തു കൊണ്ടിരിക്കുന്നൂ. ഉപ്പയെ പ്രതീക്ഷിച്ചിട്ട് ഇനി കാര്യമില്ല എന്ന് മനസ്സിലാക്കി ഉമ്മ, അന്നത്തെ പാഠ പുസ്തകത്തിലെ ഖലീഫ ഉമറ് എന്ന കഥയിലെ നായികയായി. കിണറ്റില്‍ നിന്നും ഫ്രീയായി കിട്ടുന്ന വെള്ളം മണ്‍ കലത്തില്‍ ഒഴിച്ച് വീട്ടില്‍ സ്വന്തമായി ഉണ്ടായിരുന്ന അടുപ്പിന്‍ മുകളില്‍ ചൂടാകാന്‍ വച്ചു.
ആ സമയം “ ഇതാ നോമ്പ് തുറക്കാന്‍ സമയമായി കൊണ്ടിരിക്കുന്നു. ഞാനൊന്നും കാണുന്നില്ലല്ലൊ നാഥാ എന്റെ കുഞ്ഞു മക്കള്‍ക്ക് കൊടുക്കാന്‍. ....”

എന്ന്ഉമ്മ പ്രാർത്ഥിച്ചത് ശബ്ദമായി പുറത്തേക്ക് വന്നില്ലെങ്കിലും, കയ്യില്‍ ഐല മീന്‍ തവരക്കോലില്‍ കോർത്ത് തൂക്കിപ്പിടിച്ച് നടന്നു പോകുന്ന അയല്‍ പക്കത്തെ അബുകാക്കയെ നോക്കി ഒതുക്കുകല്ലിലിരിക്കുന്ന ഞാനെന്ന പന്ത്രണ്ട് വയസ്സുകാരന്‍ അത് കേട്ടിരുന്നു.

ആ സമയത്തതാ ദൈവം ഞങ്ങളുടെ വീടിന്റെ കുറേ അകലെയുള്ള ഒരു പയ്യന്റെ രൂപത്തില്‍ കയ്യില്‍ ഒരു പാത്രവുമായി അവിടെ പ്രത്യക്ഷപ്പെട്ട് എന്നോട് ചോദിച്ചു.
“ഉമ്മയില്ലെ”
“ഉമ്മാ ദാ വിളിക്കണൂ...”
ഉമ്മ എന്റെ വിളി കേട്ട് പുറത്തേക്ക് വന്നു. അവന്‍ വാഴയില കൊണ്ട് മൂടിയ പാത്രം ഉമ്മയുടെ കയ്യില്‍ കൊടുത്തു കൊണ്ട് പറഞ്ഞു. “ ഞങ്ങള്‍ക്ക് നേർച്ചയുണ്ടായിരുന്നു. കുറച്ച് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാമെന്ന്. ഇന്ന് നിങ്ങള്‍ക്കാ......” അപ്പോളാണ് ഞങ്ങള് പാവങ്ങളിൽ പെട്ടതാണെന്ന കാര്യം ഞങ്ങൾ തന്നെ അറിയുന്നത്. (കണ്ണീര് കൊണ്ട് എഴുതാന്‍ കഴിയുന്നില്ല ഇനി പിന്നീട് എഴുതാം)

അവന്‍ പോയിക്കഴിഞ്ഞ് ഉമ്മ കരഞ്ഞു. അത് കണ്ട് ഞാനും കരഞ്ഞു. സംഭവം ഒന്നും മനസ്സിലാകാത്ത അനുജാ‍നുജത്തിമാര് നല്ല വോള്യത്തില്‍ കരയാന്‍ ശദ്ധിച്ചു.

ഈ കഥക്കിപ്പോള്‍ പ്രസക്തി ഉണ്ടെന്ന് തോന്നിയതിനാലാണ് ഇവിടെ കുറിച്ചിടുന്നത്. കാരണം, ആരാണ് പാവപ്പെട്ടവന്‍?. നമ്മുടെ മുമ്പില്‍ അവരുണ്ടാവാം. അത് വീട്ടിലേക്കുള്ള അര കിലോമീറ്ററ് നടക്കാന്‍ മടിച്ച് ഓട്ടോ‍ പിടിച്ച് വരുന്ന കൂലിപ്പണിക്കാരനല്ല. എന്നോ ഒരിക്കല്‍ മാറ്ഗ്ഗത്തില്‍ കൂടിയവനാവില്ല. പിന്നെയോ? അതൊരു ഗള്‍ഫ് കാരനാവാം. രോഗം വന്ന് കിട്ടുന്നതൊക്കെയും ചികിത്സക്ക് വേണ്ടി ചിലവഴിക്കുന്നവനാവാം. അവർ നല്ല ഡ്രസ്സും അണിഞ്ഞ് നടന്ന് ആരുടെ മുമ്പിലും കൈ നീട്ടാത്തവരാവാം. ചുരുക്കത്തില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ മാത്രമേ നമുക്കവരെ കാണാന്‍ സാധിക്കൂ.

അതിനാല്‍ അവരെ കണ്ടെത്തി അവരുടെ മുമ്പില്‍ ദൈവമായി പ്രത്യക്ഷപ്പെടാന്‍ ഇതാ വലിയ അവസരം വന്നിരിക്കുന്നു. ‘അയല്‍ വാസി പട്ടിണി കിടക്കെ വയറ് നിറച്ചുണ്ണുന്നവന്‍ നമ്മളില്‍ പെട്ടവനല്ല‘. എന്ന് പറഞ്ഞവരില്‍ പെട്ടവരാണ് നമ്മള്‍. ഒന്നോർക്കുക. നാളെ, കൂറ്റന്‍ മാളികകളും, ആഡംഭര കാറുകളും, റബറ് എസ്റ്റേറ്റും നമ്മള്‍ കൂടെ കൊണ്ട് പോവില്ല. നമുക്ക് ബാക്കിയായി നല്ല സന്താനങ്ങളുടെ പ്രാർത്തനയും, അവകാശപ്പെട്ടവന് സഹായങ്ങള്‍ ചെയ്ത് കൊടുത്തതും മാത്രമേ ബാക്കിയുണ്ടാവൂ.
പറഞ്ഞ് ചളമാക്കുന്നില്ല.
എന്തിനും സ്വന്തം അനുഭവം പറഞ്ഞ് ബോറടിപ്പിക്കുന്ന ഞാന്‍ കുറച്ചു കൂടെ പറയട്ടെ.

അന്നത്തെ ആ സ്നേഹത്തിന്‍ ഉറവിടമായിരുന്ന ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് മൂന്ന് കൊല്ലമായെങ്കില്‍ ഉപ്പയില്ലാത്ത ആ‍ദ്യ റമളാന്‍ ആണ് ഇന്ന്. മക്കളെല്ലാം നല്ല നിലയില്‍ ആയത് കണ്ട് മരിക്കാന്‍ ഭാഗ്യം വന്നവര്!
ഇടക്കിടക്ക് ഞാന്‍ ദൈവത്തെ പല രീതിയിലും കാണും. ഇപ്പോഴിതാ വീണ്ടും കണ്ടു. ഒരഞ്ച് പൈസ ആർക്കും വെറുതെ കൊടുക്കാത്ത എന്റെ മുതലാളി ദൈവ രൂപത്തില്‍ വന്ന് എന്നോട് പറഞ്ഞു. “യാ......(അറബിയിലെഴുതുന്നില്ല) നിന്റെ നാട്ടില്‍ പോയ ബ്ലോഗിനെയും പോസ്റ്റുകളെയും ഇങ്ങോട്ട് കൊണ്ട് വരിക. എന്നാല്‍ നിനക്കിനി നാട്ടില്‍ പോവാതെ ഇവിടെ നിന്ന് കൊണ്ട് പോസ്റ്റുകള്‍ രചിക്കയും, കമന്റുകള്‍ എഴുതുകയും ചെയ്യാമല്ലൊ..അതിനുള്ള ചിലവ് ഞാന്‍ തരാം....” അല്‍ഹംദുലില്ലാ.......ഹ് .
അതിനാല്‍ അതിന്റെ ഒരുക്കത്തിലേറെ, ഞാന്‍ എന്റെ പടച്ചവനോട് കൂറ് പുലർത്തണ്ടവനല്ലെ....
അതിനുള്ള അവസരം ഞാന്‍ ശരിക്കും വിനിയോഗിച്ചേ മതിയാകൂ...അതിനാല്‍ ഈ ഒരു മാസക്കാലം ഞാന്‍ ഇവിടന്ന് തല്‍ക്കാലത്തേക്ക് വിട്ട് നില്‍ക്കട്ടെ...

ദൈവം എനിക്ക് ദാനമായി തന്ന നിങ്ങളുടെ നല്ല മനസ്സുകള്‍ ഞാന്‍ കാണുന്നു. നിങ്ങള്‍ക്ക് നല്ലതിന്‍ വേണ്ട പ്രാർത്ഥന എന്നോടൊപ്പം എപ്പോഴുമുണ്ടാവും. തിരിച്ച് നിങ്ങളും പ്രാർത്ഥിക്കുക..

ശല്യമാവാന്‍ വേണ്ടി കൂടുതല്‍ ശക്തിയാർജിച്ച് ഞാന്‍ വരും. തല്‍ക്കാലം വിട.

എല്ലാവർക്കും റമളാൻ ആശംസകൾ.
ഒഎബി.
44 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

.....അവരെ കണ്ടെത്തി അവരുടെ മുമ്പില്‍ ദൈവമായി പ്രത്യക്ഷപ്പെടാന്‍ ഇതാ വലിയ അവസരം കൈ വന്നിരിക്കുന്നു.’അയല് വാസി പട്ടിണി കിടക്കെ വയറ് നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല‘ എന്ന് പറഞ്ഞവരില്‍ പെട്ടവരാണ്‍ നമ്മള്‍.....

PIN പറഞ്ഞു...

അയല് വാസി പട്ടിണി കിടക്കെ വയറ് നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ലാതിരിക്കട്ടെ...
വേഗം നാട്ടിൽ പോയ്‌വന്ന് പുതിയ വിശേഷങ്ങൾ എഴുതൂ‍..

റംസ്സാന്റെ ആസംസകൾ....

siva // ശിവ പറഞ്ഞു...

ഹായ്,

ഇതൊക്കെ വലിയ കാര്യങ്ങളാ....

എനിക്കും ഏറെ ആഗ്രഹമുണ്ട് പാവപ്പെട്ടവരെയൊക്കെ സഹായിക്കണമെന്ന്...എന്നാല്‍ പലപ്പോഴും അതിനു കഴിയാറില്ല...

നന്ദി ഈ പോസ്റ്റിന്....

നരിക്കുന്നൻ പറഞ്ഞു...

ഓരോ വരികളും മനസ്സിലേക്ക് ആഴ്ന്നിറങ്ങി. ചിലപ്പോള്‍ മനസ്സെവിടേക്കോ അലഞ്ഞ് നടന്നു. ഇടക്കൊന്ന് വിതുമ്പി.

ഒരുപാട് അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും താങ്കളിതൊക്കെ എഴുതുമ്പോള്‍ മനസ്സില്‍ കൊള്ളുന്നു. ഒരു വല്ലാത്ത വാക്കുകള്‍. ശരിക്കും നാട്ടിലേക്കോ അതോ വിശ്രമമോ? ഏതായാലും നല്ലവനായ താങ്കളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളേയും ഉള്‍പെടുത്തുക.

എന്റേയും കുടുബത്തിന്റേയും റംസാന്‍ ആശംസകള്‍.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

oab,

വരികളില്‍ എപ്പോഴും നൊമ്പരങ്ങള്‍ ഒളിച്ചിരിക്കുന്നുവല്ലൊ ?

എല്ലാവര്‍ക്കും ഉണ്ടു ദുഃഖങ്ങളും കഷ്ടപ്പാടുകളും. നല്ല ചങ്ങാതിമാരുണ്ടായാല്‍ കുറെ വിഷമം അവരോടു പറഞ്ഞ് തീര്‍ക്കാം.എന്നിട്ടു പുറമെ ചിരിച്ചു അടിച്ചുപൊളിച്ചു നടക്കാം.

വിശുദ്ധിയുടെ ഒരു റംസാന്‍ ആശംസിക്കുന്നു.

ശ്രീ പറഞ്ഞു...

മാഷേ...
ഒന്നും പറയാന്‍ തോന്നുന്നില്ല. തമാശ രൂപേണ ആണെങ്കിലും എഴുത്തിലെ... അനുഭവത്തിലെ നോവ് മനസ്സിലാകുന്നു.

സന്തോഷമായി നാട്ടില്‍ പോയ് വരൂ... റംസാന്‍ ആശംസകള്‍!!!

സുല്‍ |Sul പറഞ്ഞു...

ഓഏബീ സുഹൃത്തേ,
താങ്കള്‍ക്കും കുടുംബത്തിനും റമദാന്‍ ആശംസകള്‍.
‘അയല് വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടനവല്ല’ അതു തന്നെയാണ് ഈ മാസത്തിന്റെ പ്രത്യേകതയും.
അനുഭവങ്ങള്‍ വായിച്ചപ്പോല്‍ പല മുഖങ്ങളും മുന്നിലെത്തി.
-സുല്‍

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഓരോ വരികളിലും ഒരു വലിയ വേദന കാണുന്നു..കണ്ണീരുപ്പു കാണുന്നു.

നാളെ കൂറ്റന്‍ മാളികകളും, ആഡംബര കാറുകളും, റബര്‍ എസ്റ്റേറ്റും നമ്മള്‍ കൂടെ കൊണ്ട് പോവില്ല. നമ്മള്‍ ചെയ്ത പ്രവൃത്തികള്‍ ആയിരിക്കും നമ്മള്‍ ആരെന്ന് പറയുന്നത്

സന്തോഷമായി നാട്ടില്‍ പോയി വരൂ.ഇക്കക്കും കുടുംബത്തിനും റംസാന്‍ ആശംസകള്‍ നേരുന്നു.

മാന്മിഴി.... പറഞ്ഞു...

നല്ല പോസ്റ്റ്..നന്നായി വരും....

ഗോപക്‌ യു ആര്‍ പറഞ്ഞു...

aasamsakal...
pl call me when u r
free at ur naadu
9747552469

K C G പറഞ്ഞു...

oab,വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റും അതിലെ സന്ദേശവും.

Dr.jishnu chandran പറഞ്ഞു...

nannaittunt ishttaprttu...... sherikkum

OAB/ഒഎബി പറഞ്ഞു...

!!!!!!! സുഹൃത്തുക്കളെ ഞാന്‍ നാട്ടില്‍ പോവുന്നെന്ന് എവിടെയാണ്‍ ഞാന്‍എഴുതിയിട്ടുള്ളത്?

എനിക്ക് പ്രാറ്ത്തനക്ക് കൂടുതല്‍ സമയം കണ്ടെത്താന്‍ വേണമെന്നതിനാല്‍ നിങ്ങളെ ശന്ദറ്ശിക്കന്‍ സമയം ഇല്ല അതിനാലാണ്‍ ഈ മാസം ഞാന്‍ ഇവിടെ ഉണ്ടാവില്ല എന്ന് പറഞ്ഞത്.

...നിന്റെ നാട്ടില്‍ പോയ ബ്ലോഗിനെയും പോസ്റ്റുകളെയും.....എന്ന് ഞാന്‍ എഴുതിയത് എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ല.

ഞാന്‍ ഉദ്ദേശിച്ചത് ഇതാണ്‍. നിന്റെ നാട്ടില്‍ പോയ ഭാര്യയെയും കുട്ടികളെയും ഇങ്ങോട്ട് (സൌദിയിലേക്ക്) കൊണ്ട് വന്നാല്‍ നിനക്ക് ഇവിടെ നിന്ന് കൊണ്ട് ഡിങ്കോലാഫി കളിക്കാമല്ലൊ എന്നാണ്‍ എന്റെ പൊന്നു ചങ്ങതിമാരെ.....

നരിക്കുന്നൻ പറഞ്ഞു...

എനിക്ക് തോന്നി. അതാണ്‍ വിശ്രമമോ എന്ന് ചോതിച്ചത്. ഏതായാലും താങ്കളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളേയും ഉള്‍പെടുത്തുക.

ശ്രീ പറഞ്ഞു...

...നിന്റെ നാട്ടില്‍ പോയ ബ്ലോഗിനെയും പോസ്റ്റുകളെയും...

എന്നെഴുതിയത് എന്താണെന്ന് മനസ്സിലാകാഞ്ഞിട്ടല്ല മാഷേ. പക്ഷേ ഞാനും കരുതിയത് അതിനായി (നാട്ടില്‍ പോയി അവരെയും കൂട്ടി തിരിച്ചു വരാന്‍) മാഷിനും ലീവ് കിട്ടിക്കാണും എന്നാണ്.

കുഞ്ഞന്‍ പറഞ്ഞു...

പ്രിയപ്പെട്ടവനേ..

റംസാന്‍ ആശംസകള്‍..!

മാതാപിതാക്കള്‍ക്ക് മക്കള്‍ നല്ലനിലയില്‍ ജീവിക്കുന്നതു കാണാനുള്ള ഭാഗ്യം നല്‍കിയ പടച്ചതമ്പുരാനോട് നന്ദി.

ഹഹ..എനിക്ക് നിങ്ങളുടെ മുതലാളിയുടെ കാര്യമോര്‍ത്തിട്ടാണ്. കഴിഞ്ഞ പോസ്റ്റില്‍ അദ്ദേഹത്തിന്റെ ലീലാവിലാസങ്ങള്‍ പറഞ്ഞിരുന്നല്ലൊ ആ ആളാണ് അപ്പോള്‍ അദ്ദേഹം ദീന ദയാലുവാണ്..ദൈവത്തിന് സ്തുതി

മക്കളും ഭാര്യയുമായി സസുഖം വാഴുക. ഒരിക്കലും ബ്ലോഗൊ പോസ്റ്റൊ ഡിലിറ്റു ചെയ്യാതെ വീണ്ടും പോസ്റ്റുകള്‍ രചിക്കുക അതും നബി തിരുമേനി ജനിച്ചമണ്ണില്‍ നിന്നും..!

പിന്നേ തലവാചകമായി കൊടുത്തിരിക്കുന്ന കല്ലും.. ബി ഖൈറ് ഇതിന്റെ അര്‍ത്ഥം എന്താ..ഞാനിതിനുമുമ്പ് പലപ്രാവിശ്യം പറഞ്ഞിട്ടുണ്ട് അറബി വാക്കുകള്‍ പറയുമ്പോള്‍ അതിന്റെ മലയാള അര്‍ത്ഥങ്ങളും പറയണമെന്ന്..ഇനി ഇത് ആവര്‍ത്തിച്ചാല്‍..........

OAB/ഒഎബി പറഞ്ഞു...

നരിക്കുന്നന്‍,
ശ്രീ, എല്ലാവരെയു ഞാന്‍ ഉദ്ദേശിച്ചില്ല. മനസ്സിലാവാത്തവറ്ക്ക് വേണ്ടി ഒരു ചെറു സൂചന നല്‍കി. അത്രേയുള്ളു.

കുഞ്ഞന്‍- അതാണ്‍ ഞങ്ങളുടെ മുതലാളി. പക്ഷേ ഒരു കാര്യം. അതിന്റെ ചിലവ് അവന്‍ തരാമെന്ന് പറഞ്ഞത് എനിക്കും നിങ്ങള്‍ക്കും മാത്രമേ അറിയൂ.

‘ബ്ലോഗും പൊസ്റ്റുകളും...’ അതും എനീക്ക് പടച്ചവന്‍ തന്ന മറ്റൊരു ഭാഗ്യമാണ്‍ സാറ്. ഇന്ന് വരെ അതിന്റെ പ്രോഫൈലില്‍ ഒരു കളറ് മാറ്റം കൂടി ഉണ്ടായിട്ടില്ല. പോസ്റ്റുകള്‍ക്ക് നല്ല കമന്റും കിട്ടിക്കൊണ്ടിരിക്കുന്നു. ഇനിയിപ്പോള്‍ പോസ്റ്റുകള്‍ പബ്ലിഷ് ആവില്ല. അതിലേക്കുള്ള ലിങ്ക് ഒഴിവാക്കിയതിനാല്‍...ഹ..ഹ..ഹാ..
(പടച്ചവന്‍ അറിയാം)

അറ്ത്ഥം എഴുതാം.
“കുല്ലു ആം വ അന്‍തും ബി കൈറ്”
എല്ലാ വറ്ഷത്തിലും താങ്കള്‍ക്ക് നന്മയുണ്ടാവട്ടെ.
എലാവരോടും വിശദമായി പറയാന്‍ പിന്നെ വരാം.

Cm Shakeer പറഞ്ഞു...

താങ്കളുടെ കഥ വായിക്കുന്നതിനിടയില്‍
മനസ്സില്‍ ഓര്‍മ്മ വന്ന ഒരു ഖുര്‍ആനിക സൂക്തം ഇവിടെ കുറിക്കട്ടെ-
“ഭൂമിയില്‍ സഞ്ചരിച്ച് അന്നമന്യോഷിക്കാന്‍ അവസരമില്ലാത്ത വിധം ദൈവീക മര്‍ഗ്ഗത്തിലെ യത്നങ്ങളില്‍ ബന്ധിതരായ ദരിദ്രര്‍ക്ക് വേണ്ടി(നീ)ചെലവഴിക്കുക. അവരുടെ മാന്യത കാരണം അവര്‍ ധനികരാനെന്ന് അറിവില്ലാത്തവര്‍ കരുതിയേക്കാം.എന്നാല്‍ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം.അവര്‍ ആളുകളുടെ മുന്നില്‍ യാചിച്ച് കൈ നീട്ടുകയില്ല!നിങ്ങള്‍ നല്ലത് എത്ര ചെലവഴിച്ചാലും തീര്‍ച്ചയായും അല്ലാഹു അത് അറിയുന്നതാകുന്നു“-
വി.ഖുര്‍ആന്‍.2(273)
പ്രാര്‍ത്ഥനകളോടെ...

ഷിജു പറഞ്ഞു...

എന്താ പറയുക???
മനസ്സില്‍ എവിടെയൊക്കെയോ ഒരു നൊമ്പരം,
റംസാന്‍ ആശംസകള്‍...

ശ്രീ ഇടശ്ശേരി. പറഞ്ഞു...

oab
അനുഭവങ്ങളുടെ തീച്ചൂടയില്‍ പാകപ്പെട്ടവര്‍ എന്നും
ജീവിതത്തില്‍ വിജയികും..എല്ലാ നന്മകളും നേരുന്നു.‍

Typist | എഴുത്തുകാരി പറഞ്ഞു...

റംസാന്‍ ആശംസകള്‍.

ശ്രീ ഇടശ്ശേരി. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
joice samuel പറഞ്ഞു...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

രസികന്‍ പറഞ്ഞു...

OAB : വായിച്ചപ്പോൾ ശരിക്കും കണ്ണു നിറഞ്ഞുപോയി. സമൂഹത്തിന്റെ മുൻപിൽ പാവപ്പെട്ടവരായ പലരും പലരിൽനിന്നും കിട്ടുന്ന സഹായങ്ങൾകൊണ്ട് സുഖമായി കഴിയുമ്പോൾ തന്റെ കഷ്ടപ്പാടുകൾ മനസ്സിലൊതുക്കി വയറു മുറുക്കിക്കെട്ടി നടക്കുന്നവനെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവനാണ് ശരിക്കും ഫക്കീർ അതല്ലാ എങ്കിൽ മിസ്കീൻ

പതിവുപോലെ OABയുടെ നല്ല പോസ്റ്റ് .

ചില തിരക്കു കാരണം ഇവിടെ എത്താൻ വൈകിയതാണ് .
റംസാൻ ആശംസകൾ

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

വളരെ നല്ല കുറിപ്പ്... ഖലീഫ ഉമറിന്റെ ആ കഥ കൂടി ഓര്‍മിപ്പിച്ചത് വളരെ നന്നായി...
റംസാന്‍ ആശംസകള്‍!

aachi പറഞ്ഞു...

പ്രിയ സുഹ്ര്‍ത്തെ
താങ്കളുടെ കഥകളിലെ ബാല്യത്തിന്റെ.നേര്‍ത്ത ആ തേങ്ങല്‍
മനസ്സിലെവിട്യോ തങ്ങിയതുപോലെ.ഒരു പക്ഷെ നിങ്ങളെ പോലെ ഞങ്ങളുടെ ഒക്കെ അനുഭവമാകാം. പെയ്തോഴിന്ച മഴയുടെ ശാന്തത പോലെ മനസ്സില്‍ നിന്നും ഏതോ ഒരു
നിര്‍വികാരത കൂടിരിന്ങിയ്തു. പോലെ..അരപ്പട്ടിണിയും മുഴുപട്ടിനിയുമായി. പോയ ആ കാലങ്ങള്‍ കഴിഞ്ചു ഇന്നിവിടെ കൂടും കുടുംബവുമായി കഴിഉന്മ്പോള്‍ അന്ന് രണ്ടും നേരം വയര്‍ നിറച്ചു ഭക്ഷണം തരാന്‍ പാടു പെട്ട ബാപ്പ. ഇന്നു ജീവിച്ചിരിപ്പില്ലല്ലോ എണ്ണ സങ്കടം മാത്രം... രമലാനിന്റെ വിശുദ്ധി തീര്ച്ചയായും...വിശപ്പിന്റെയും. ദാരിദ്ര്യത്തിന്റെയും, ഉള്‍വിളി തീര്ച്ചയ്യയും തിരിച്ചരിയം.
ashraf babmakkah jeddah

aachi പറഞ്ഞു...

please call 0507356743 jeddah

lone-coder പറഞ്ഞു...

pain with a sense of humor, keep writing...
By the way... where are you? your blog is dried up...

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

പണ്ട് നോമ്പു തുറക്കുന്ന സമയത്ത് മുഹമ്മദ് മാഷുടെ വീട്ടില്‍ പോയാല്‍ നോമ്പ് കഞ്ഞിയും, കഴിക്കാനുള്ള പലതും കിട്ടും.. എന്റെ ബാല്യകാല സ്മരണയാണിത്.
താങ്കളുടെ വരികളിലുള്ള കൈപ്പത്തിരിയും മറ്റും കഴിച്ചിട്ടെത്ര നാളായി. പണ്ട് കുഞ്ഞിപ്പയുടെ വീട്ടില്‍ നിന്നാണ് ഞാന്‍ അവസാനമായി കൈപത്തിരിയും, കോഴിയിറച്ചിയും കഴിച്ചിട്ടുള്ളത്. ഞങ്ങളുടെ നാട്ടിലെ ഒരു പ്രധാന വിഭവമാണ്... പത്തിരിയും കോഴിയിറച്ചിയും.. പകഷെ ഈ പത്തിരി മുഹമ്മദു മാഷുടെ വീട്ടിലുണ്ടാക്കുന്ന അത്ര രസമുണ്ടാവില്ല എന്റെ ചേച്ചി ഉണ്ടാക്കുന്നത്.
....... എന്റെ ഭൂതകാലത്തിന്റെ ഏടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയിരിക്കുന്നു താങ്കളുടെ വരികള്‍..
+++++ എല്ലാ ഭാവുകങ്ങളും നേരുന്നു..
++++++++++++++
i am going to start a blog club shortly and the details are given in my blog. kindly go thru and forward this message to the deserved candidates.

അജ്ഞാതന്‍ പറഞ്ഞു...

ഇങ്ങനെത്തെ അടക്കി പിടിച്ച വേദനകള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ എല്ലാവരോടും കരുണയോടെ പെരുമാറും എന്നാ എന്റെ വിശ്വാസം.. അത് കൊണ്ട് ദൈവത്തോട് കൂടുതല്‍ നന്ദി ഉള്ളവനായിരിക്കട്ടെ..എന്നും നന്മകള്‍ ഉണ്ടാകട്ടെ...

ബഷീർ പറഞ്ഞു...

ബഷീറെ

കുറെ നാളായി ഒരു കമന്റിടാന്‍ ശ്രമിയ്ക്കുന്നു. ഇപ്പഴും നാട്ടിലാണോ ?

Anil cheleri kumaran പറഞ്ഞു...

good style of language

നരിക്കുന്നൻ പറഞ്ഞു...

എന്താ പോരാറായില്ലേ നാട്ടിൽ നിന്ന്.

ഒന്ന് മടങ്ങി വന്ന് ഒരു പോസ്റ്റിടാശാനേ...

നവവത്സരാശംസകൾ!

aachi പറഞ്ഞു...

thirichu vanno?
vilikkuka
ashraf jeddah

ഭൂമിപുത്രി പറഞ്ഞു...

ദൈവവിളിയാണല്ലേ?

OAB/ഒഎബി പറഞ്ഞു...

ഞാനിവിടെയുണ്ട് ബൂലോകരേ...
എഴുതാൻ സമയമില്ല എന്നതാൺ സത്യം.
കുറച്ചും കൂടെ തിരക്കുണ്ട് അത് കഴിഞ്ഞ് സാവകാശം ഞാൻ എഴുതും. ഇൻശാ അള്ളാ..
എന്നാലും ഞാൻ നിങ്ങളുടേതൊക്കെ വായിക്കുന്നുണ്ട്. അത് പോരെ എന്റെ പൊന്നു സുഹൃത്തുക്കളേ.

നന്ദ പറഞ്ഞു...

താങ്കള്‍ക്ക് നന്മകള്‍ നേരുന്നു.
...നിന്റെ നാട്ടില്‍ പോയ ബ്ലോഗിനെയും പോസ്റ്റുകളെയും..... വ്യക്തമാക്കിയത് നന്നായി :) ഒറ്റ വായനയില്‍ പിടികിട്ടിയിരുന്നില്ല. നേരം കുറവായതിനാല്‍ ഓട്ടത്തിലാണീയിടെ (ഞാന്‍).

പുതു വത്സരാശംസകള്‍!

ഓഫ്: യ്യേ, ഇവിടെ ദാ പായ്‌ടെ അടീല്‍ കാ കെടക്കുന്നൂ..

പ്രയാസി പറഞ്ഞു...

ഓ എ ബി..:)

വായിക്കാന്‍ വൈകി.. കുറ്റബോധം തോന്നുന്നു..:(

തിരിച്ചു വന്നൊ

പുതിയത് പ്രതീക്ഷിക്കുന്നു

എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ!!

പാവത്താൻ പറഞ്ഞു...

കണ്ണിൽ അൽപ്പം നനവും മനസ്സിൽ നന്മയും . നന്ദി.ആർദ്രമായ ഒരു ഹൃദയം കാട്ടിത്തന്നതിന്‌

manoj പറഞ്ഞു...

പാവങ്ങളെ സഹായിക്കണം അവരില്‍ ആണ് ഈശ്വരന്‍ ഉള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു .ഗള്‍ഫിലെ കൊടും വെയിലില്‍ പാവങ്ങള്‍ പണി എടുക്കുന്നത് കനുംപ്പോള്‍ ശെരിക്കും കണ്ണ് നിറഞ്ഞു പോകാറുണ്ട് .ആ കൊടും വെയിലത്ത്‌ പണിയെടുക്കുന്ന പാവങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊണ്ട് കൊടുക്കാന്‍ പറ്റിയാല്‍ അത് തന്നെ വലിയ കാര്യമാണ് .AC റൂമില്‍ ഇരുന്നു ജോലി ചെയ്യുന്ന നമ്മള്‍ക്ക് അവരുടെ കഷ്ട്ടപാട് മനസിലാകില്ല.ഒരുനേരത്തെ വെള്ളം എങ്കിലും കൊടുക്കുവാന്‍ ഉള്ള മനസ്സ് എല്ലാവര്‍ക്കും ഉണ്ടാകണം manu5662000@gmail.com

Unknown പറഞ്ഞു...

എല്ലാർക്കും നന്ദി.

Shantha Menon പറഞ്ഞു...

ദൈവം പല രൂപത്തില്‍ എവിടെയും....മനസ്സ് നിറച്ച എഴുത്ത്.

പട്ടേപ്പാടം റാംജി പറഞ്ഞു...

ഞാനിപോഴാണ് ഇത് വായിക്കുന്നത്.
വന്ന വഴി മറക്കാതിരിക്കുന്നവരുടെ മനസ്സെപ്പോഴും കരുണയും ദയയും നിറഞ്ഞതായിരിക്കും.
വിശുദ്ധിയുടെ ഒരു റംസാന്‍ ആശംസിക്കുന്നു

OAB/ഒഎബി പറഞ്ഞു...

ഈ ഒരു ലീങ്ക് വെറുതെ ഒരു ടെസ്റ്റിന്ബ്ലോ ഗ് വാ യനക്കാരുണ്ടൊ എന്നറിയാൻ) ഇട്ട് നോക്കിയതാ


എൻ്റെ നല്ല രണ്ട് സുഹ്രുത്തുക്കളായ റാംജിയും ശാന്താ മേനോൻ്റെ യും കമൻ്റ് കണ്ടപ്പോൾ വല്ലാത്തൊരു ആഹ്ളാദം .

അപ്പോഴാണ് മുമ്പ് കമൻ്റെഴുതിയതാരൊക്കെ എന്നൊന്ന് ഓടിച്ച് നോക്കിയതു്.

അവരെ കുറിച്ചുള്ള നല്ല ഓർമ്മകൾ (അധികമാരുമായും ഒരു ബദ്ധവും അവരൊക്കെ എഴുത്ത് നിർത്തിയെന്നാലും) അൽപം ഞാൻ പിന്നെ പറയാം

നന്ദി രണ്ട് പേർക്കും '

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില