2009 നവംബർ 14, ശനിയാഴ്‌ച

സാധാരണ നേരത്തെ ഉണരും. ഉണർന്നില്ലെങ്കിൽ ഉപ്പ പാൽ മണക്കും കയ്യിനാൽ തഴുകി തലോടിയുണർത്തും. അടുത്ത രംഗം ചാണകത്തിൽ മുങ്ങിയ കാലിനാലുള്ള ചവിട്ട് നാടകമായതിനാൽ പേടിച്ച് വേഗത്തിൽ എണീക്കും. കാരണം ഞങ്ങടെ എരുമയുടെ ഫ്രഷ് ചുടു പാലിനാലുള്ള ചായക്കായി പള്ളേലുണ്ടായി കാത്തിരിക്കയല്ലെ നാട്ടിൻ പുറത്തെ കുറേ കാർന്നോമാരും മാരികളും!

വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഒരു ബലി പെരുനാള്‍ രണ്ടാം ദിവസത്തെ പുലര്‍ച്ച.

തലേ ദിവസം വാങ്ങിക്കൊണ്ട് വന്ന് വച്ച നിലക്കടല എണ്ണി തിട്ടപ്പെടുത്തി അത് വിറ്റാൽ കിട്ടുന്ന ലാഭവും, ഞാനും സഖാവ് വിരുതനും (അനുജൻ) സ്വന്തം പീടികയിലെ മേശ വലിപ്പിൽ നിന്നും ഇസ്കി ഒരുക്കൂട്ടി വച്ച പൈസയും കൂട്ടി, അഞ്ചാം ക്ലാസിൽ പഠിക്കുന്ന (അപ്പൊ നീയെത്രീലാ എന്ന് ചോദിക്കരുത്) അവന് ഒരു റെഡിമെയ്ഡ് ഷര്‍ട്ട് (ചന്തയില്‍ ഒന്നര രൂപക്ക് കിട്ടും) വാങ്ങാനുള്ള പദ്ധതിക്ക് രൂപം കൊടുത്ത്, ഏത് വഴിക്ക് നീങ്ങിയാലാണ് കൂടുതൽ ബിസിനസ്സ് നടക്കുകയെന്ന് ചർച്ച ചെയ്ത്, ചാണകം മെഴുകിയ നിലത്ത് ഓലപ്പായയിൽ കിടക്കുകയായിരുന്നു. അപ്പോഴാണ് പാൽ കറന്നെടുക്കാൻ പോയ ഉപ്പാന്റെ ശബ്ദം കേൾക്കുന്നത്.

ഡാ..എണീറ്റ് വരി..എരുമയെ കാണാനില്ല

പെരുന്നാൾ പ്രമാണിച്ച് ഇന്നലെ രാവിലെ ഞങ്ങൾ എണ്ണ തേച്ച് നിരാല സാബൂൻ തേച്ച് കുളിച്ചതു പോലെ ചൂട്ടിയെയും കുളിപ്പിച്ച് കുട്ടപ്പിയാക്കി, ഞങ്ങൾ കട്ടമാമു തിന്ന പോലെ (രണ്ട് മൂന്ന് ദിവസത്തേക്കുള്ള ശേഖരിച്ച് വച്ചതിൽ നിന്നും) ആവശ്യത്തിന് പുല്ല് മതി മറന്ന് തിന്ന് അണയരച്ച് കിടന്നുറങ്ങിയ അവൾ എവിടെ പോവാൻ?,,,,,ങേ...ക്യാ ഹോഗയാ ബാബുജീ,,,,,,
വയർ വിശന്നാൽ തൊട്ടടുത്ത ലോഡ്ജിന്റെ പുറകിലെ അപ്പക്കാട്ടിലേക്ക് നാട് വിട്ട് പോവുന്ന സ്വഭാവം പണ്ടേ ഉള്ളതാ. ഇരുട്ടിൽ അവളെ കണ്ടെത്തി തെളിച്ച് കൊണ്ട് വരുമ്പോഴേക്കും ചൂട്ടിയും ഞങ്ങളും തീട്ടത്തിൽ മുങ്ങിയിരിക്കും. അതല്ല വലിയ പ്രശ്നം പുതിയതായി വാങ്ങിയ ചങ്ങലക്കണ്ണികളിൽ നിന്നും---കഴുകിക്കളയാൻ പെടുന്ന പാട്!!
പോരെങ്കിൽ ഇന്നലെ പെയ്ത പുതു മഴയും!
(
ഗൾഫിൽ ഒട്ടകത്തിനെ മേക്കുന്ന ഒരുത്തൻ കൂടി അത്രയും കഷ്ടപ്പെട്ടിട്ടുണ്ടാവില്ല)

ചൂട്ട് കത്തിച്ച് തെരഞ്ഞ ചൂട്ടിയെ അയലോക്കത്തൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നെ എവിടെ പോവാൻ? ഇന്നലെ രാത്രി ഓൾക്ക് നൊലോളി ഉണ്ടായിനൊന്ന് ഒരു ശംസയം ഉമ്മ പ്രഖ്യാപിച്ചപ്പോൾ ഉപ്പ പ്രവചിച്ചുന്നാ പിന്നെ നോക്കാനില്ല. ങ്ങള് ഇണ്ണിമൂസാക്കാന്റെ അവിടെ..... അവിടെണ്ടാവും ഓള്അത് ശരിയായിരിക്കാം. അവരുടെ പോത്തനോട് ഈയിടെയായി കു‌ടുതല്‍ ഒരു കുണ്ട്രസ്സ്, മേക്കാരനായ(ഇപ്പൊ മനസ്സിലായില്ലെ ഞാനെത്രാം ക്ലാസിലാണെന്ന്) ഞാൻ ചൂട്ടിയിൽ ദർശിച്ചിരുന്നു.

ഇണ്ണിമൂസാക്കയുടെ ആലയിൽ ഞങ്ങളെ ചൂട്ടിയുമില്ല അവരുടെ നാല് കന്നുമില്ല പുല്ല് മാത്രം ബാക്കി.
അപ്പൊ പിന്നെ ഇത് കന്നുകളൊക്കെ കൂട്ടം കൂടി കരുതി കൂട്ടിയുള്ള ഒരു ഒളിച്ചോടൽ തന്നെ!
ഞങ്ങളെ ഒച്ച കേട്ട് മുറ്റമടിക്കാനിറങ്ങിയ ഉണ്ണിമോൾ ബാപ്പാനെ വിളിച്ചു.
അവരുടെ കന്നുകളെയൊക്കെ മരുതയിൽ മല കേറ്റി വിടാൻ കൊണ്ട് പോയി എന്ന് പറഞ്ഞതിൽ നിന്നും വ്യകതമായി... എന്ത്? എരുമയില്ലാതെ വീട്ടിലേക്ക് ചെന്നാൽ???

സുബ് ഹി നമസകാരം കഴിഞ്ഞ് വരുന്നവരിൽ നിന്നും, മക്കാനി ചായ കുടിക്കാൻ പോകുന്നവരിൽ നിന്നും അറിയാൻ കഴിഞ്ഞു ചൂട്ടി നേരെ പടിഞ്ഞാറോട്ട് വിട്ടിട്ടുണ്ടെന്ന്. പിന്നെ ഞങ്ങളും വിട്ടു. ചോദിച്ചറിഞ്ഞ് പോയി പോയി നാല് കി:മി: കഴിഞ്ഞ് വണ്ടൂരെത്തി. അന്തം വിട്ട് ഒരു കുന്തവും വിഴുങ്ങാത്ത ഞങ്ങൾ ടൌണില്‍ നാല് ഭാഗത്തേക്ക് റോഡുണ്ടാക്കിയ വിഡ്ഡികളെ? പ്രാകിക്കൊണ്ട് കുറച്ച് നേരം നിന്നു. നേരം നന്നായി വെളുത്തിരുന്നു.

പിന്നെ ചോദ്യമായിഒരെരുമനെ കണ്ടൊ..?ഒരെരുമനെ കണ്ടോ..??”
ങാ കണ്ടല്ലൊ ഇപ്പൊ ഇവിടെ കാറിക്കൊണ്ട് നിന്നിരുന്നു. ചെലപ്പൊ തുപ്പാൻ പോയതായിരിക്കാംഏതൊ ഒരുത്തന്റെ ഫലിതം കേട്ട് ചിരിക്കുന്നവരുടെയൊക്കെ മൂന്ത നോക്കി കല്ലിന്മേല്‍ തുപ്പി എറിയാനുള്ള ദേഷ്യം ഉള്ളിലൊതുക്കി വിഡ്ഡിച്ചിരിയും ചിരിച്ച് ദയനീയമായി ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി.
അത് കണ്ട് ഒരു വയസ്സൻ ദേഷ്യപ്പെട്ടുഛെ..കള്ള ബലാലാളെ, ചെറിയ കുട്ടികളെയാണൊ രാവിലെ തന്നെ പുറം കേറാൻ കിട്ടിയത്”...........അയാൾ കണ്ടിരുന്നു ചങ്ങലയും വലിച്ച് പോവുന്ന എരുമയെ. “ചങ്ങല വലിഞ്ഞ അടയാളം നോക്കി പൊയ്ക്കോളിൻഅയാൾ പറഞ്ഞ് തന്ന പ്രകാരം നിലമ്പൂർ റോഡിലൂടെ നടന്നു.

ങാ...കണ്ടു.....ദാ ഇപ്പൊ...ഇതിലെ...അഞ്ച് മിനുട്ട് മുമ്പെനടന്ന് ന്ന് .........ന്ന്....പതിനാല് കിമി:
നിലംബൂർ അരുവാക്കോട്ടിൽ തേക്കിൻ കാട്ടിലെ നടവഴിയിലേക്ക് ചങ്ങലപ്പാടുകൾ തിരിഞ്ഞത് കണ്ട് ഞങ്ങളും വഴിക്ക് വളയം തിരിച്ചു. അല്ല തിരിഞ്ഞു. ഒരാൾക്ക് കഷ്ടിച്ച് നടന്ന് പോകാവുന്ന പൊന്തക്കാട്ടിലൂടെ കുറച്ചങ്ങ് നടന്നപ്പോൾ അവിടെയുമിവിടെയുമായി നിന്നിരുന്ന കുറേ പെണ്ണുങ്ങൾ# ഞങ്ങളെ അമ്പരപ്പോടെ നോക്കി!! വിഷയം കേട്ടപ്പോൾ ഒരുത്തി പറഞ്ഞുങേ...അതായിരുന്നൊ കാര്യം ഞങ്ങൾ കരുതി.......!!!ഇതിലെ തന്നെ ഓടിയിട്ടുണ്ട് നേരെ നടന്നോളിൻഅതിനിടക്ക് കുറച്ചപ്പുറത്തെ ഒന്ന് രണ്ട് പെണ്ണുങ്ങൾ ചിരിച്ച് കൊണ്ട് വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു
എടീ യശോദെ ഒത്തോടീ..രാവിലെത്തന്നെ നല്ല കോളാല്ലേ കിട്ട്യേത്

പാടത്തേക്കിറങ്ങിയ ഞങ്ങൾ കിഡ്സ് എവരി ബഡി ഹാപ്പി! അവളും പുറത്തേറി കളിച്ച് കൊണ്ട് വേറേ ഒന്നും!!അതൊന്നും ഞങ്ങൾക്കൊരു വിഷയമല്ല എന്ന ഭാവത്തില്‍ മേയുന്ന കന്നിൻ കൂട്ടവും.
അനുജൻ
ശീമക്കൊന്ന കമ്പിനാൽ ചൂട്ടിയുടെ പുറത്ത് പക്കമേളം നടത്തി സന്തോഷം? പങ്കിട്ടെങ്കിലും അതൊന്നും അവൾ മൈന്റ് ചെയ്തതേയില്ല. എന്നാൽ പോത്തൻ ഇടക്കിടക്ക് ചൂട്ടിയുടെ വാലിന്റവിടെ മണത്ത് ഞങ്ങളെ നോക്കി ഇളിച്ച് കാണിക്കുന്നുണ്ടായിരുന്നു. അപ്പോൾ കന്നുകളെ നോക്കുന്നയാൾ പറഞ്ഞുനിങ്ങൾ കുറച്ചേരം നിക്കി. ഓക്ക് മതിയായാൽ ങ്ങള് വിളിക്കാതെ തന്നെ ഓള് പോരും

അത് ശരിയായിരുന്നു. നേരം ഒരു രണ്ട് മണിയായിക്കാണും അവളുടെ മതി മതിയാവാന്‍. ലാസ്റ്റ് ചൂട്ടി പോത്തനെ ഒന്ന് നോക്കി ഒരു നെടുവീർപ്പുമിട്ട് തിരിഞ്ഞു. ചൂട്ടിയുടെ പോക്കും നോക്കി നിർനിമേഷനായി നിൽക്കുന്ന പോത്തൻ ഞങ്ങൾ ഫോറസ്റ്റിലേക്ക് കേറി കണ്ണിൽ നിന്നും മറയാൻ നേരം ഒന്ന് നീട്ടി മുക്രയിട്ടു. അത് കേട്ട് ചൂട്ടി ഒന്ന് തിരിഞ്ഞു. “ പാടത്തെ കലക്ക വെള്ളം ഞങ്ങളെ ഇത്ര നേരം കുടിപ്പിച്ചതും പോര ഇനിയും തിരിഞ്ഞ് കളിക്കുന്നൊ പച്ചപ്പൊലിയാടിച്ചി നായിന്റെ മോള് ഓടെടി....“അനുജന്‍.
അവന്‍
ദേഷ്യപ്പെടുകയായിരുന്നില്ല. കരയുകയായിരുന്നു. അത് തീർത്തത് അവന്റെ കൈയ്യിലെ വടി കൊണ്ട് ചൂട്ടിയുടെ പുറത്ത്.

ങാ ഹാ..ഞങ്ങൾ കണ്ടു. പോത്ത് നന്നായി കേറി അല്ലേ? ഓളെ പൂതിയൊക്കെ മാറിയൊകാട്ടിനുള്ളിൽ നിൽക്കുന്ന ഒരുത്തി.നേരത്തെ കണ്ട അത്രയും പെണ്ണൂങ്ങൾ അവിടെ ഉണ്ടായിരുന്നില്ല.
ഞാൻ ഒരിളിഭ്യച്ചിരി ചിരിച്ചോണ്ട് നടന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. പെട്ടെന്ന് ഒരുത്തി വഴി തടഞ്ഞ് നിർത്തി പറഞ്ഞു
ഇനി നിങ്ങൾക്ക് കേറിപ്പടിക്കണൊ? പെര്നാളായതോണ്ട് നിനക്കും മേക്കാരനും കൂടി അഞ്ച് ഉര്‍പ്യ തന്നാ മതി
മറുപടിക്ക് കാക്കാതെ, പെണ്ണുങ്ങളൊക്കെ ചിരിയോ ചിരി. എനിക്ക് ചിലതെല്ലാം മനസ്സിലായില്ലെങ്കിലും അനുജന് ഒന്നും മനസ്സിലായില്ല!

വഴിയിലും പിന്നെ ഏറെ വൈകി വീട്ടിലെത്തിപ്പെട്ടപ്പോഴും ഉണ്ടായതൊന്നും ഇവിടെ എഴുതുന്നില്ല....

തൊടിയില്‍ കിട്ടാവുന്ന എല്ലാ കിഴങ്ങുകളും തണ്ടും താളും, ഇലയും മിക്സ് ചെയ്തുണ്ടാക്കിയ കൂട്ടാനിലേക്ക്, ഞങ്ങൾക്കായി മാറ്റി വച്ച കഞ്ഞിയിലെ വറ്റ് ഊറ്റി ഇട്ട്, പുളിയിട്ട തല മുറിയൻ ഉണക്കമത്തിക്കറിയും കൂട്ടിക്കുഴച്ച് തിന്ന് പള്ള ഭും... എന്നായപ്പോൾ തുടങ്ങി അനുജന്റെ കഥാസാരം....

"
പിന്നേ...കാട്ടില്..പരുത്ത പരുത്ത തേക്ക്...അയിന്റെടക്ക്‌ കൊറേ പെണ്ണുങ്ങള്. ഞങ്ങള്‍ പോന്നപ്പൊ അയിലൊരുത്തി ചോയ്ക്കാ കേറിപ്പടിക്കണോന്ന്. അത് ന്താമ്മാ...എവിട്യാ കേറിപ്പടിക്ക്യാ... ഞാന്‍ ഇക്കാനോട് ചോയ്ച്ചപ്പൊ ഇക്കാക്കുമറിലാന്ന്. അതല്ല ഓള്‍ പറയാ ന്നെ,,, മേക്കാരന്‍ ന്ന്. ഓളെ പ്പൊന്റെ കജ്ജ് കിട്ട്യാ...ഹും...”
അത് കേട്ട് ഉമ്മ എന്നെയൊന്ന് ഇടം കണ്ണിട്ട് നോക്കിയോ?

“............
മ്മാ ന്നട്ട്....... മൻസൻ ഞങ്ങക്ക് ചായയും ഉണ്ടക്കായിയും മാങ്ങി തന്നു. ഞങ്ങൾ കൊറേ പറഞ്ഞു മാണ്ടാ മാണ്ടാന്ന്. പിന്നെ.....പിന്നെ......പള്ള പയ്ചപ്പൊ,,,,,”ആര് എന്ത് തന്നാലും വാങ്ങി കഴിക്കരുത്. ഏതൊരു വീട്ടിൽ ചെന്നാലും ആക്രാന്തം കാട്ടി തന്നത് മുഴുവൻ തിന്ന് പാത്രം കാലിയാക്കരുത് എന്നൊക്കെ പഠിപ്പിച്ച ഉമ്മ അത് കേട്ട് ദേഷ്യപ്പെട്ടില്ല!!?

രാത്രി ഉറങ്ങാന്‍ കിടന്നപ്പൊ ഉപ്പയും ഉമ്മയും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നത് കേട്ടിരുന്നു.

പിറ്റേന്ന് രാവിലെ പതിവ് പോലെ പാൽ വിതരണവും മറ്റും കഴിഞ്ഞ് കടല വറുത്തത്
ബാറ്ററിപ്പെട്ടിയിലാക്കി ഞങ്ങള്‍ റോഡിലേക്കിറങ്ങാന്‍ ഒരുങ്ങി. ഞാന്‍, കഴിഞ്ഞ പെരുന്നാളിന് അമ്മാവന്‍ ഗള്‍ഫില്‍ നിന്നും അയച്ച് തന്ന ഷര്‍ട്ട് എടുത്തിട്ടു.(അന്ന് ഷര്‍ട്ടിനും പവാടക്കും കൂടി നാല് മീറ്റര്‍ തുണി പോസ്റ്റ് വഴി അയച്ചതിന് കൊച്ചി കസ്റ്റംസില്‍ നിന്നും മുന്നൂറ് രൂപ ഡ്യൂട്ടി അടക്കാന്‍ ലറ്റര്‍ വന്നു. [ഇന്ന് മൂന്ന് ലക്ഷം ഉണ്ടാക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാവില്ല] അതിന് കഴിവില്ല. സാധനം വേണ്ട തിരിച്ചയച്ചു കൊള്ളുക എന്ന് പറഞ്ഞ് മറുപടി അയച്ചു. രണ്ടാഴ്ച കഴിഞ്ഞ് അതാ വരുന്നു പാര്‍സല്‍!അന്നത് ഒരു നിധിയല്ല അതിലും എത്രയോ വലുതായിരുന്നു. ഏത് ഓഫീസറായാലും ഒരു പൈസ ഡ്യൂട്ടിയില്ലാതെ അത് വിട്ട് തന്ന നല്ല മനസ്സിന് അന്നുമിന്നും ഞങ്ങളുടെ നന്ദിയും നല്ലതിനായുള്ള പ്രാര്‍ത്തനയും ഉണ്ട്) അനുജന്‍ ഗൾഫ് തുണി കൊണ്ടടിച്ച ഡ്രോയർ എടുത്തുടുത്തു. അതിന് മുകളില്‍ കൈലിയുടുത്ത് മടക്കിക്കുത്തി. അണിഞ്ഞ പഴയ ഷര്‍ട്ടൂരി എറിഞ്ഞു. പിന്നെ ഉടുതുണി മീന്‍ കച്ചവടക്കാരനെ പോല്‍ മേലോട്ട് മാടി വച്ചു. ഗൾഫ് പാർസൽ പൊതിഞ്ഞ് വന്ന തുണികൊണ്ടടിച്ച ഡ്രോയറിന്മേൽ അപ്പോഴും ബോള്‍ പേന കൊണ്ട് എഴുതിയ അഡ്ഡ്രസ്സും, സ്വര്‍ണ്ണ കളറില്‍ മേഡിന്‍ ജപ്പാനും, കമ്പനി പേരും മായാതെ കിടപ്പുണ്ടായിരുന്നു.അത് കണ്ട് ഉമ്മ വഴക്ക് പറഞ്ഞു.

അപ്പോള്‍ അവന്‍ പറയുകയാ.. “ഇതാ പറീണത് ങ്ങക്ക് വിവരം ല്ലാന്ന്...തുണി മാടിക്കേറ്റി നടക്കുമ്പൊ മന്‍സന്മാര് അടീലെ ഡ്രോയര്‍ കണ്ട് അന്തം വിട്ട് നിന്ന് പറയുംങാഹാ ചെക്കന്റെ ഡ്രോയര്‍ കണ്ടോ? അത് ജപ്പാന്റേതാകുമ്പം ഓന്റെ പുത്യേ പെര്ന്നാള്‍ തുണീം കുപ്പായോം ഏതായിരിക്കും?മനസ്സിലായൊ ബുത്തി മാണം. അതേയ്..... കടല വാങ്ങ്ണ മാതിരി വാങ്ങാന്‍ കിട്ടൂല.....ങ്ങളോടൊന്നും വർത്താനം പറഞ്ഞാ ശരിയാവൂല..... ജ്ജ് നടന്നാ ഇക്കാക്ക
അവന്റെ പറച്ചിലുകള്‍ കേട്ട് ഞാനും ഉമ്മയും ചിരിച്ചു. പക്ഷേ ഇന്നോര്‍ക്കുന്നു ഉമ്മാടെ ചിരിക്കിടയിലും ണ്ണീരിന്റെ നനവുണ്ടായിരുന്നില്ലെ???

സമർപ്പണം:-
പെരുന്നാൾന്റെ തലേ ദിവസം പോലും ബിരിയാണി തിന്നും പുത്തനുടുപ്പണിഞ്ഞും നടക്കുന്ന ഇന്നത്തെ പുതു തലമുറക്ക്.
#മുമ്പ് കുറേ വേശ്യകളാൽ (കു)പ്രസിദ്ധമായിരുന്നു നിലമ്പൂർ അരുവാക്കോട്.

2009 നവംബർ 12, വ്യാഴാഴ്‌ച

മൂന്ന് കുഞ്ഞു കഥകള്‍

ഒരു കഥ വായിക്കുന്നവർക്ക് രണ്ടെണ്ണം ഫ്രീ......

ഞാൻ ഭാവനയിൽ കണ്ടത്
!
**********************
എന്റെ റുമില്‍ വച്ചായിരുന്നു ഞാനവളെ ആദ്യമായി കണ്ടത്! സാധാരണ ഒരു സ്ത്രീക്കുള്ള മുലയും കണ്ണും മൂക്കും കൈയ്യും കാലുമൊക്കെ അവൾക്കുമുണ്ടായിരുന്നു. എന്നാൽ കുറച്ചധികം ശരീര മനോഹാരിതയും ചിരിക്കുമ്പോൾ എന്തോ ഒരു വശ്യതയും അവളില്‍ ഉണ്ടോ എന്നെനിക്ക് തോന്നിയിരുന്നു.
വെറും പതിനാലിഞ്ചിൽ ഞാൻ കണ്ട ഭാവനയെ ഇതിൽ കൂടുതൽ വർണ്ണിക്കാൻ എനിക്കാവില്ല!


ഭാഗ്യവാൻ !
********

“ഹൊ...അവന്റെ ഒരു മുടിഞ്ഞ ഭാഗ്യം!”
“ങും...എന്താണാവൊ?”
“അവന് ഇന്നൊരു ദിവസം മുതലാളി ലീവ് അനുവദിച്ചെന്ന്!”
“കാരണം?”
“അപ്പൊ നീ അറിഞ്ഞില്ലെ? അവന്റെ അമ്മ മരിച്ചെന്നും പറഞ്ഞ് നാട്ടിൽ നിന്നും...!!”




എണ്ണപ്പെടാത്തവൻ
!
**************

ഉമ്മാ, ഞാനും കുഞ്ഞോളും ഉമ്മയും കൂടി നമ്മളെന്നും മൂന്നാളാണല്ലെ?”
ങാ....കുഞ്ഞോള്‍ വലുതായി കെട്ടിക്കുമ്പൊ നമ്മൾ രണ്ടാളാവൂലെ?”
“അപ്പോഴേക്കും ഞാൻ പെണ്ണ് കെട്ടോലൊ!”
“അപ്പൊ അനക്കൊരു കുട്ടി ഉണ്ടാവുമ്പഴൊ?”
അപ്പോഴേക്കും ഉമ്മ മരിക്കോലൊ!”
"?............................................!"

ഗൾഫിലുള്ള ബാപ്പ എവിടെയും എണ്ണപ്പെട്ടില്ല !!!


2009 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

കസര്‍ത്ത്‌



ആണി
നെരിയാണിയിൽ തിരഞ്ഞു ഞാനാണി
ബിരിയാണിയിൽ കണ്ടു ഞാനാം കുഞ്ഞാണി.
....................................................
വാച്ച്
വാച്ചോടുന്നതും നടക്കുന്നതും പറഞ്ഞ് കേട്ട്
വാച്ച് ചെയ്തിട്ടുമിതു വരെ കണ്ടില്ല ഞാൻ.
....................................................
ചക്ക്രം
ചക്രമില്ലാതെ തിരിയുന്ന ഭൂവിതിൽ-നാല്
ചക്രത്തിനായ് കറങ്ങുന്നു മാനവൻ.
....................................................
ഭൂതം
പെട്ടിയൊന്നെനിക്കുണ്ടതിലൊ ഭൂതം
പൊട്ടനാമെന്റെ ഭൂതകാലമാണാ ഭൂതം.
.....................................................
താരം
മാനത്ത് കാണാത്ത തരം താരം
മാനമേയില്ലാത്ത തരം താണ താരം.
.....................................................
ഉമ്മ
ഉമ്മയെന്ന് വിളിക്കാനൊരുമ്മയില്ലെങ്കിലും
ഉമ്മ നൽകാനൊരുമ്മയുണ്ടെൻ മക്കളുടെയുമ്മായാണാ ഉമ്മ.
------------------------------


നവമ്പർ ഒന്ന്;എന്തൊക്കെയൊ ആണെന്ന് പറയപ്പെടുന്നു.
അതിനാൽ മുഹളിൽ എഴുത്യേത് വല്ല്യോർക്ക് കോപ്പിയടിക്കാനും, മലയാളം പഠിക്കുന്നോർക്ക് നാല് വര കോപ്പി എയ്തി കജ്ജച്ചരം നന്നാക്കാനും മാണ്ടി, വിശിഷ്യാ മലയാളത്തിന് ഒരു വലിയ സംഭാവന വളരെ എളിമയോടെ ഞാൻ സമർപ്പിക്കുന്നു. ങ്യാ ഹ ഹ...

2009 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

വീരനാം വീരാന്‍ {നർമാനുഭവം}


സുന്ദരിയാം ഹസീനക്ക് ലോഡാവാന്‍ ഇനി രാജന്‍ വരണം!

ആലം ദുനിയാവിന്റെ ഒരറ്റത്ത്‌ നിന്നും അവ്വല്‍ സുബ്ഹിക്ക് യാത്ര തുടങ്ങി, എല്ലാ പള്ളിപ്പടി അവനാംപടിയിലും നിര്‍ത്തി യാത്രക്കാരെ കുത്തി നിറച്ച തന്റെ തിരുവയർ കുറച്ചൊന്നൊഴിച്ച് സ്റ്റാന്റിലെ ട്രാക്കിൽവിശ്രമിക്കയായിരുന്നു ഹസീന.

ഡ്രൈവർ സീറ്റിൽ ആസനസ്ഥനായ ബഷീർ(ഞാനല്ല) തന്റെ മുടി ചീകിയൊതുക്കി താടി രോമങ്ങൾകെറുവിക്കേണ്ട എന്ന് വിചാരിച്ച് അവറ്റകളുടെ ഇടയിലൂടെയും ഒന്ന് ചീപ്പോടിച്ച് ശരി വരുത്തി, പിറകിലിരിക്കും യാത്രക്കാർ കാണത്തക്ക രീതിയിൽ ഡാഷ് ബോർഡിൽ വച്ച വിത്സിന്റെ പാക്കറ്റെടുത്ത്അതിൽ നിന്നും ഒരു കുന്തമെടുത്ത്(ഒന്നെ ഉണ്ടാവാറുള്ളു) ക്ലീനർ വീരാൻ അവർകളുടെ കയ്യിൽ നിന്നുംതീപ്പെട്ടി വാങ്ങി കത്തിച്ച് ആസ്വദിച്ച് പുക വിട്ടു.
(വല്ലിപ്പാക്ക് അടുപ്പിലും......)

പുറത്ത് കണ്ടക്ടർ ബഷീർ(ഞാൻ തന്നെ) വിളിച്ച് പറയുന്നു“തൃശൂർ..തൃശൂർ...പോന്നോളീ....സീറ്റുണ്ട്പാട്ട്ണ്ട് കാണാൻ ചൊറുക്കുള്ള കണ്ടക്ടറൂണ്ട്...ങാ...തൃശൂർ തൃശൂർ...”(വളിപ്പൻ)

ആ സമയം ഫ്രന്റ് ഡോറും പിടിച്ച് ദിനേശ് ബീഡി കുറ്റി ആഞ്ഞ് വലിച്ച് കിളി തന്റെ മുന്നിലൂടെ പാസ്ചെയ്യുന്ന കുയിൽവാണി, അന്നനടയാൾ,ഗജഗാമിനിമാരെ നോക്കി “താത്തയേ..ചേച്ചിയേ.. താഴെനോക്കി നടന്നോളിൻ. കാൽ കല്ലിന്മേൽ തട്ടും..കല്ലിന്മേൽ തട്ടും..കല്ലിന്മേൽ .....”
ഇതൊക്കെ കേട്ട് വായ് നോക്കികളും, ബസ്സിനുള്ളിലെ പേപ്പർനോക്കികളായ മാന്യന്മാരും ചിരിക്കും?

“എന്തിനാ ചിരിക്കുന്നെ?” കിളിയുടെ അവസാന വരി ഒരു എക്കൊ ആയി മാറുന്നതിനനുസരിച്ച്കല്ലിന്മേൽ എന്ന് വാക്കിന്റെ നടുവിലെ അക്ഷരത്തിന് രൂപഭേദം സംഭവിച്ച് അതൊരു പുളിക്കുന്ന? തെറിയായി മാറും.(വഷളൻ)
അതേലൊ; വഷളൻ,വൃത്തികെട്ടവൻ,തൊലിക്കട്ടി,പറഞ്ഞ് ബോറാക്കി പാറ ചേറാക്കി മാറ്റാൻകഴിവുള്ളവൻ എന്നീ സ്ഥിരം വീക്നെസ്സുകളും, എക്സ്ട്രാ ആക്റ്റിവിറ്റീസായി കുടിയൻ, കളിയൻ, പിടിയൻഎന്നിവയിലുള്ള മുങ്കാല പ്രാവീണ്യവും(സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല) മുഖദാവിൽ കണ്ടാൽ സുന്ദരൻ, പാവം,ഡീസന്റ് പെരുമാറ്റം ഇത്രയും കാര്യങ്ങളും ഒത്ത് വരുന്നവർക്കേ ഞങ്ങടെ ബസ്സ് മുതലാളി പണികൊടുക്കത്തുള്ളു.(ഇതിൽ ആദ്യം പറഞ്ഞ ഒന്ന് രണ്ടെണ്ണം എനിക്കുണ്ടെന്ന് എന്റെ വായനക്കാർ മുമ്പേസമ്മദിച്ചതാ...)

“ മേങ്കോസ്കിൻ...നിർത്തി കഥ പറയെഡെയ്”

സോറി..സോറി, പറയാം:- അപ്പൊ എവിടെയാ നിർത്തിയേ...ങാ അങ്ങനെ ഡ്രൈവർ സിഗരറ്റ് മഞ്ഞകത്തും വരെ വലിച്ച് മനമില്ലാ മനസ്സോടെ കുറ്റി പുറത്തേക്ക് എറിഞ്ഞ് വാച്ചിലേക്ക് നോക്കി. ഇതുവരെയും രാജന്‍ വന്നില്ല! ഇനി മുപ്പത് സെക്കന്റ് ബാക്കി. അവൻ തന്റെ കൂളിങ്ഗ്ഗ്ലാസ് മുഖത്ത് ഫിറ്റ്ചെയ്ത് കൈ ഹോണിൽ ഒന്നമർത്തി-‘പ്യം’ (ആയോ)പിറകിൽ അത് മനസ്സിലാക്കി ചെക്കർഒന്നടിച്ചു‘ടിം’(അതെ) സെക്കന്റ് സൂചി പന്ത്രണ്ടിൽ. വണ്ടി സ്റ്റാർട്ട്. വീണ്ടും കൈരണ്ടമർന്നു‘പ്യം..പ്യൂം’(
പൂവാം പോവാം)ബെൽരണ്ടടിഞ്ഞു‘ടിംട്ടിം’(വിട്ടോടാ)

ബസ്സ് മെല്ലെ ട്രാക്ക് വിട്ടിറങ്ങി. ആ സമയം ബസ്സിന്റെ കോക്ക്പിറ്റിൽ, എയർഹോസ്റ്റസ് സ്റ്റെയിലിൽയാത്രക്കാർക്കഭിമുഖമായി നിന്ന്, കയ്യിലെ തോൽ സഞ്ചി ഉയർത്തിക്കാണിച്ച്...
“നമസ്കാർ; എയർ ഹസീനമേ ആപ്കാ സ്വാഗത് ഹെ. യെഹ് കെ എൽ ടെൻ---വിമാൻ ട്ര് ച്ചൂർ സെഉടാൻ ബർണെ കേലിയെ തയാർ ഹെ.കൃപയാ ആപ് ആപ്നെ സീറ്റ് ബെൽറ്റ്ബാന്ത്ലെ......ദന്യവാൻ!”
എന്ന് പറയാനുള്ള എന്റെ ചെറുപ്പത്തിലെയുള്ള പൂതി മനസ്സിൽ സങ്കല്പിച്ച് ഞാൻ പറഞ്ഞു“പ്രിയയാത്രക്കരെ, നിങ്ങൾ കഴിയുന്നതും ചില്ലറ ഒറ്റ രണ്ട് രൂപ നോട്ടുകൾ തന്ന് സഹകരിച്ച് യാത്രസുഖകരമാക്കുക. ഈ ബസ്സ് ഇവിടം വിട്ടാൽ ഇനി അടുത്ത ടൌണിലെ നിർത്തു. അതിനിടക്ക്ഇറങ്ങനായി ആരെങ്കിലുമുണ്ടെങ്കിൽ ഇവിടെ തന്നെ ഇറങ്ങി അടുത്ത ബസ്സിന്.....”
അഹങ്കാരം! അഹങ്കാരം...!!

ഞാൻ ടിക്കറ്റ് റാക്കെടുത്ത് തെണ്ടാനായി ഒരുങ്ങി! അങ്ങനെ അടുത്ത ജില്ലയിലെ പെരിയടൌണിലേക്കുള്ള ടേക്കോഫിനായി ബസ്സ് റൺ വേയിൽ കൂടെ മെല്ലെ നീങ്ങിക്കൊണ്ടിരിക്കെ ഒരുകാക്ക‘ മുൻഡോറിൽ കൂടി പാഞ്ഞ് കേറി. കേറുന്നവരെ ക്വസ്റ്റൻ ചെയ്യാനും,ബോഡിചെക്കപ്പിനായും
(ഈ സൌജന്യം സ്ത്രീകൾക്ക് മാത്രം) ഫൂട്ട്ബോർഡിൽ കർമ്മനിരതനായി കാത്ത് നിൽക്കുന്ന കിളിവീരാന്,കാക്കയുടെ ഇസ്സ്വഭാവം അത്ര രസിച്ചില്ല. അതവന്റെ വാക്കുകളിൽ പ്രതിഫലിച്ചു കണ്ടു.

“എബ്ട്ക്കാ കാക്കാ പണ്ടാരടങ്ങാൻ ഓടുന്ന ബസ്സിൽ പാഞ്ഞ് കേറി...?രാവിലെ കെട്ടിയെടുക്കുംഓരോന്നിനെ....”
“ഞാനൊരു എയ്പത്..”
“ങ്ങളെ വയസ്സല്ല ചോയിച്ചത്. എവടേ എറങ്ങാ ന്നാ..?”
“അതെന്നെടോ പറഞ്ഞേ എയ്പത് പൈസ പോയന്റെന്ന്”
“ആ പോയന്റിൽ ഈ ബസ്സ് നിർത്തൂലല്ലൊ. ഒന്നുകിൽ ഇവടെ അല്ലെങ്കിൽ അടുത്ത ടൌണിൽ” വഴക്കായി വക്കാണമായി. ചൂടായി നിൽക്കുന്ന കാക്കയെ ഒന്ന് ഐസിൽ മുക്കാനുള്ള എന്റെ ശ്രമവുംവിജയിച്ചില്ല. ബീരാന്റെ ആദ്യ ചോദ്യം ചെയ്യൽ രസിക്കാഞ്ഞിട്ടാവാം അയാൾ അവിടെ
ഇറങ്ങിയില്ല.
അപ്പോഴേക്കും ഡ്രൈവർ നാല് ഗിയറും കഴിഞ്ഞ് അടുത്തതിനായി തപ്പിക്കൊണ്ടിരിക്കയായിരുന്നു.

“ങേ.. അവടെ നിർത്താതൊരു ബസ്സൊ. ന്നാ പിന്നെ ഞമ്മക്കതൊന്ന് കാണണല്ലൊ” എന്നുംപറഞ്ഞ് കാക്ക ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു.

പറഞ്ഞ സ്റ്റോപ്പിലെത്തിയപ്പോൾ ആ ഇബ്‌നു ആദം എണീറ്റ് വാതിലിനടുത്തേക്ക് വന്നു. ബസ്സിലെയാത്രക്കാർ ഉറ്റാതെ നോക്കി!. കിളി; നെവർമൈന്റ്! ചെക്കർ; കക്ഷത്തിൽ പച്ചമുട്ട.!! ഞാൻ; ഈനാട്ടുകാരനേ അല്ല്.!!! ഡ്രൈവർ; പിടിച്ച വാശിക്ക് ബ്രേക്കില്ല.!!!!

മഞ്ചേരി കഴിഞ്ഞാൽ പിന്നെ ടൌൺ റ്റു ടൌൺ മാത്രം നിർത്തി, ഇരുപത്തഞ്ചിലധികം ബസ്സുകളെപാസ് ചെയ്ത്, നിർദ്ദിഷ്ട സമയ്ത്തിനും മണിക്കൂറുകൾക്ക് മുമ്പെ നിശ്ചിത സ്ഥലത്ത്
എത്തിച്ച്,അന്നത്തെ കാലത്ത് പ്രൈവറ്റ് ബസ്സുകളിൽ റിക്കാഡ് കളക്ഷൻ നേടി പേരെടുത്ത ബസ്സ്!

ഇന്നത്തെ പോലെ ലിമിറ്റഡ് എന്നെഴുതി അൺസ്റ്റോപ്പിൽ നാലാളെ കാണുമ്പോൾ ബ്രേക്ക്
അമരുകയും, ഒരാളിറങ്ങാനുണ്ടായാൽ ഇവിടെ സ്റ്റോപ്പില്ല എന്ന് പറഞ്ഞ് അഹങ്കരിക്കാതെ, ഒരുസാധാ പെർമിറ്റോടെ ഓടി നാലല്ല നാല്പതാൾ കൈ കാണിച്ചാലും നിർത്താത്ത ബസ്സ്! ഏറ്റവും പുതിയമോഡലിൽ, ആധുനിക സൌകര്യത്തോടെ അലങ്കരിച്ച ഹസീനയെ പറഞ്ഞ സ്റ്റോപ്പിൽനിർത്തിയാൽ????? നിന്നാൽ അതു വരെയുള്ള മാനം എന്നോ വിമാനം കേറി പോയിരിക്കും.

എങ്കിലും
;പാവം, വയസ്സൻ എന്ന ഒരു കരുണ. “ഇവിടെ കേറ്റമായതിനാൽ നിർത്താൻ ബുദ്ധിമുട്ടാനിരപ്പിലെത്തിയാൽ നിർത്തിത്തരാം. അവിടെ ഇറങ്ങി ഒരു നാലടി നടന്നാൽ..”
“അവടെ അന്റെ ബാപ്പ എറങ്ങും...”അത് കേട്ട് ഞാൻ ചിരിച്ചു, ചിരിച്ചേ മതിയാവൂ.

ബസ്സ് അടുത്ത ടൌണിലെ സ്റ്റാന്റിൽ നിന്നു. അയാൾ അറിയാവുന്ന എല്ലാ അസംസ്കൃത വാക്കുകളുംകുലുക്കുഴിഞ്ഞ് അവിടെ ഇറങ്ങി. പോണ പോക്കിൽ അയാൾ പറഞ്ഞു
“കാണിച്ചു തരാം ഡോഗിന്റെ മക്കളെ നിങ്ങൾക്ക്. തിരിച്ചിങ്ങ് വരിൻ”
അത് കേൾക്കേണ്ട താമസം വീരാൻ “ങേ...ങ്ങളൊന്ന് ചൊരണ്ടും”
“അതേടാ ചൊരണ്ടും... ജ്ജ് ങ്ങട്ട് ബാ... ചൊരണ്ടാൻ പറ്റൊന്ന് ഞാനൊന്ന് നോക്കട്ടെ”
“ന്നാ ഒരുങ്ങി നിന്നോളീ.. കത്തിയും കല്ലുമായി.... ങ്ങൾ ന്റെമ$%&-----....ഒന്ന് പോയിം കാക്ക”
“ഛെ..ഛെ വീരാനെ വിട്ടാ ജ്ജ്.. അയാളൊരു വയസ്സനല്ലെ. ബഷീറെ ജ്ജ് വണ്ടി വിട്ടാ” ഞാൻ ഇടക്ക്കേറേണ്ടി വന്നു.

ബസ്സ് ജോലികൾക്കിടയിൽ സാധാരണ സംഭവിക്കാറുള്ളത് തന്നെ. അത്ര തന്നെ ഇതിനും പ്രാധാന്യംകൊടുത്തതുള്ളു. മടക്കത്തിന് മേൽ സ്റ്റോപ്പിൽ കൂടിയ ജനക്കൂട്ടത്തെ കണ്ട് എന്തെങ്കിലും ആക്സിഡന്റ്സംഭവിച്ചിരിക്കാം എന്ന ധാരണയോടെ ഡ്രൈവർ വണ്ടിയുടെ വേഗത കുറച്ചു. പക്ഷേ അതിനു മുമ്പേആരവവുമായി നാട്ടുകാർ ബസ്സ് തടഞ്ഞു. രാവിലത്തെ പ്രശ്നം ഓർമയിലില്ലാതെ“എന്താ..എന്താ പ്രശ്നം”
എന്ന ചോദ്യത്തിന് “പ്രശ്നോ... ഞങ്ങൾക്ക് നിങ്ങളെ ക്ലീനറെ കിട്ടിയാൽ മതി. അതോടെ പ്രശനംതീരും.അല്ലെങ്കില്‍ ഞങ്ങൾ തീർക്കും” സംഗതിയുടെ ഏകദേശ രൂപം മുഴുരൂപമാവാൻ, റോഡരികിൽപലകയിട്ടിരുന്ന് പഴയ ലെതർ ബെൽറ്റിൽ കത്തിയണക്കുന്ന ഒസ്സാനും, തൊട്ടരികിലായി തലേകെട്ടുംകെട്ടി നിൽക്കുന്ന വീരപണ്ഡാരകട്ടകാലകാക്കയും സഹായിച്ചു. “അതേ ഇതതു തന്നെ. ക്ലീനറുടേത്കഴിഞ്ഞാൽ പിന്നെ...പടച്ചോനെ....”ഞാനെന്റെ പാന്റ്സ് തപ്പി!

അപ്പോഴേക്കും ജനം വീരാനെ
പിടിച്ചിറക്കി വലിച്ചിഴച്ചു തുടങ്ങി. ഇടക്ക് നല്ല നല്ല ഡയലോഗുകൾകേൾക്കാം. നാട്ടുകാർക്ക് ഒരു കൊണ്ടോട്ടി നേർച്ചക്ക് കൂടിയ സന്തോഷം. ബസ്സ് യാത്രക്കാർബാൽക്കണിയിൽ ഒന്നിളകിയിരുന്ന് ഫ്രീ ഷോ ആസ്വദിച്ചു. അപ്പോൾ കൂട്ടമായി പിടിച്ചു വക്കപ്പെട്ടവീരാൻ പറഞ്ഞു “ഹെയ് നാട്ടാരെ ങ്ങക്കെന്താ വേണ്ടേന്ന് ഞമ്മക്കറിയാം.... അതിന് ങ്ങൾ ങ്ങനെകൂട്ടമായി പിടിച്ച് വച്ചാ ഒന്നും നടക്കുലാ...നിങ്ങൾ വിടിൻ” അത് പറഞ്ഞ് വീരാൻ ഒന്ന് കുതറി മാറി. ഉടന്‍അവന്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ച് തോളിലിട്ടു. അത് കണ്ട് ജനം അന്തം വിടും മുമ്പെ അവന്റെഅണ്ടർവെയർ കാലിലൂടെ ഊർന്ന് നിലത്ത് വീണു! വെള്ളത്തിലൊരു തുള്ളി പെട്രോൾ വീണ പോലെകൂട്ടം ഒന്ന് പിറകോട്ടടിച്ചു. കുട്ടികൾ ആർത്ത് വിളിച്ചു. വേലിക്കപ്പുറത്ത് കാഴ്ചക്കാരായി നിന്നിരുന്ന പെണ്ണുങ്ങൾ,തങ്ങളുടെ മുന്നിൽ നിൽക്കുന്ന കുട്ട്യോളുടെ കണ്ണ് പൊത്തി പിൻ തിരിഞ്ഞു ചിരിച്ചു. വീരാൻ, പെറ്റ് നാലീസം കഴിഞ്ഞ ഒരു പൈതലിൻ കോലത്തിൽ പുള്ളിക്കുപ്പായം മാത്രമിട്ട് യാതൊരു വിധകൂസലുമില്ലാതെ നടുറോഡിൽ നിന്നു.

വീരാന്
അതൊരു പുതുമയുള്ള കാര്യമായിരുന്നില്ല. നാട്ടും പുറത്തെ ചെറുപൂരം, താലപ്പൊലി തുടങ്ങി, നിലമ്പൂരിലെ വലിയ പാട്ടുത്സവത്തിന് കൂടുന്ന ആയിരങ്ങൾക്കിടയിൽ കൂടി വാള് വച്ച്, പാമ്പായി, മുണ്ടിപ്പറഞ്ഞും, മുണ്ടില്ലാതെ കിടന്നും നടന്നും ശീലമുള്ള ബീരാന് ഈ നാല് മുച്ചീർപ്പന്മാർഒന്നുമല്ലായിരുന്നു.

കിളിയുടെ റിയൽ ഷോ കണ്ട് ജനത്തിന്റെ മുഖത്ത് വൈക്ലഭ്യം. ക്ലീനർ എതിർക്കും അപ്പോൾ നാല്പൊട്ടിക്കാം ഇത്രയുമേ നാട്ടുകാർ വിചാരിച്ചിരുന്നുള്ളു. എന്ത് ചെയ്യണം? കൂടിയാലോചന! തീരുമാനം.

“മൊട്ടയടിക്കാം...”അർദ്ധനഗ്നാംഗനാം വീരാനെ മുണ്ടുടുപ്പിച്ച് നാൽക്കാലിയിലേക്ക് ആനയിച്ചിരുത്തി.ജനം വീണ്ടും ഉത്സവതൃമർപ്പിലായി. ആസമയം അവിടെ ഒരു മാന്യ ദേഹംഎത്തിപ്പെട്ടു. ജനം നിശ്ശബ്ദരായി. സന്ധി സംഭാഷണം. അവസാന തീരുമാനം:-
#കഥാപാത്രമായ കാക്ക‘ യോട് ക്ലീനർ മുതൽ ഞങ്ങൾ എല്ലാവരും പരസ്യമായി മാപ്പ് ചോദിക്കുക.
#ഇനി മുതൽ ആള് കേറാനും ഇറങ്ങാനും ബസ്സ് ഈ സ്റ്റോപ്പിൽ നിർബന്ധമായും നിറുത്തുക.

#അഥവാ നിർത്തിയില്ലെങ്കിൽ അന്ന് മുതൽ ഈ ബസ്സ് ഇതിലേയുള്ള ഓട്ടം തടയുക.
#തൽകാലം വെറുതെ വിടുക.

-
ഇന്നല്ല, എന്നും ഓരോ ട്രിപ്പിലും ഇവിടെ നിറുത്തി കാണുന്ന ആളുകളോടൊക്കെ മാപ്പ് ചോദിക്കാം-
-
വേണ്ട, ഇനി മുതൽ ആളല്ല ആടിനെ കണ്ടാലും നിർത്താമെ‌-രണ്ടും എന്റെ മനസ്സിൽ പറഞ്ഞതാ..അങ്ങനെ തൊള്ളായിരത്തി ഇരുപത്തൊന്നിൽ ബ്രിട്ടീഷ് കാരെ വാരിക്കുന്തം കൊണ്ട് നേരിട്ട്തുരത്തിയോടിക്കാന്‍ സഹായിച്ച ഒരു നാട്ടുമക്കൾക്കും, അവരുടെ മക്കൾക്കും കേവലമൊരു ഹസീനശകടത്തിലെ നാലാലെ നേരിടാൻ ഒരു കുന്തത്തിന്റെയും ആവശ്യം വന്നില്ല.നേരം കുറച്ച് വൈകിയാലും ബസ്സ് വീണ്ടും ലക്ഷ്യത്തിലേക്ക് പാറി. കുത്താറാത്തീബും ഭരണിപ്പാട്ടുംഓസിൽ കണ്ട യാത്രക്കാർ ബസ്സിനുള്ളിൽ ചർച്ച നടത്തിക്കൊണ്ടിരുന്നു.തദവസരത്തിൽ പതറാതെ നിന്ന കിളി ഫുട്ട്ബോർഡിൽ പാറാതെ നിന്ന് വീരവാദംമുഴക്കുന്നതിനിടയില്‍ ഒന്ന് നിര്‍ത്തി എന്തോ ഓര്‍ത്ത് കൊണ്ട് ഉറക്കെ വിളിച്ച് പറഞ്ഞു
അല്ല ചെങ്ങായ് മാരെ...ന്റെ അണ്ടർ വെയർ മൻസന്മാർ അടിച്ചോണ്ട് പോയല്ലൊ”

2009 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

മച്ചി {ചെറു കഥ}

ഹെൽത്ത് വാണിങ്ങ്: റീഡിങ് ഇസ് മെയിൻ കേസ് ഫോർ.... കഥ വളിപ്പ്‌ തമാശയില്ലാതെ, പോലെ കള്‍ ഇല്ലാതെ വായിക്കാനുള്ള മൂഡ് ഉള്ളവർ മാത്രം ഈ അതിർത്തി ലംഘിച്ചാൽ മതി.
=====================================


കുഞ്ഞുമോൻ
ഉമ്മയുടെ കൂടെ ബസ്സിറങ്ങി ഒരു മൈലെങ്കിലും നടന്ന് കാണും. കോളാമ്പിയിൽ കൂടി അതു വരെ കേട്ടിരുന്ന പാട്ടുകൾ നിന്നതൊ നിർത്തിയതൊ എന്നതായിരുന്നുന്റെ അവന്റെ ചിന്ത.
കുഞ്ഞുമോന് പാട്ട് വളരെ ഇഷ്ടമാണ്. മുസ്ലിം വീടുകളിൽ അധികവും മാപ്പിളപ്പാട്ടായിരിക്കും. ഹിന്ദുക്കളുടെ കല്ല്യാണത്തിന് സിനിമാപാട്ടും. അത് രണ്ട് മൂന്ന് ദിവസവും ഉണ്ടാവുകയും ചെയ്യും.

“ഓനോട് ഞാനാദ്യമേ ഒലത്ത്യേതാ....ദൂരേക്ക് പാട്ട് കേക്കൂലാ ആ ഫീക്കർ പ്ലാകിന്റെ* മോളിലെ കൊമ്പിൽ കെട്ട്...കെട്ട്ന്ന്; മൻസന്റെ കുട്ട്യാണെങ്കി ഓൻ കേക്കണ്ടെ?”
പന്തലിലേക്ക് കേറിയപ്പോൾ പാട്ട് നിന്നതിന്റെ കാരണം മനസ്സിലായി. സ്പീക്കർ കെട്ടിയത് ഉയരം പോരെന്ന് മൂത്താപ്പ ജദബ് എളകുന്നു. വയസ്സ് കുറേ ആയതാ. എന്നാലും മൂത്താപ്പയെ എല്ലാർക്കും പേടിയാ. അബ്ദു എളാപ്പ മൂത്താപ്പ പറഞ്ഞ് കൊടുത്ത കൊമ്പിൽ സ്പീക്കർ ഉയർത്തി കെട്ടി.

അബ്ദു എളാപ്പ മൂത്താപ്പാന്റെ മൂത്ത മോനാ. ആ എളാപ്പാന്റെ മോളെ കല്ല്യാണമാ ഇന്ന്.
“ഇതെന്താ ഒരാള് വന്നപ്പൊ തന്നെ പെട്ടിപ്പാട്ടിന്റൊപ്പം കൂടിയൊ? വാ..വാ മൂത്തമ്മ നിന്നെ വിളിക്കണു” പരിചിത ശബ്ദം കേട്ട് അവൻ തിരിഞ്ഞതും സഫിയാത്ത അവനെ പൂണ്ടടക്കം പിടിച്ചു. നെഞ്ച് നന്നായമർന്നെങ്കിലും അവന് വേദനിച്ചില്ല? വാതിൽക്കൽ അവനെ തന്നെ നോക്കി നിന്നിരുന്ന മൂത്തമ്മയും അവനെ കെട്ടിപ്പിടിച്ചുമ്മ വച്ചു കൊണ്ട് പറഞ്ഞു
“ഹായ് എന്താ സുജായിന്റെ ഒരു പൌറ്; പുത്യേ ചെരിപ്പും വാച്ചും..”
“ചെക്കനിന്ന് കള്ളത്തരം കാട്ടി അല്ലെ? അല്ല എളേമാ...ഇവനെ സ്കൂളിൽ പറഞ്ഞയകാതെ...?
“ഇല്ല സഫിയ..ഇന്നൊരീസം പറഞ്ഞയച്ചീല. കല്ല്യാണല്ലെ”
“ങാഹാ അതൊന്നും പറ്റൂല. ആദ്യം സ്കൂൾ പിന്നെയാ കല്ല്യാണോം കാനോത്തും. അല്ലേടാ കട്ഞ്ഞ്യേ” കുഞ്ഞുമോൻ തലയാട്ടി കൊണ്ട് പറഞ്ഞു “എനിക്കും അതു തന്നെയാ ഇഷ്ടം അതിന് ഈ ഉമ്മ സമ്മതിക്കണ്ടെ”
“അല്ല സഫിയാ..എന്താപ്പൊ അന്റെ കാര്യം. ഓൻ വരാരില്ലെ?ഉമ്മ.
“അയിന് മാത്രം ഇപ്പൊ എന്തേ ണ്ടായീ...ഓളെ അൻസത്തിന്റെ മാപ്പള വന്നപ്പൊ കോയീനെ അറുത്ത് നെയ്ച്ചോറ് വച്ചു. ഓൻ വന്നപ്പൊ സാധാ ചോറ് വച്ച് മുരിങ്ങാകറി കൊടുത്ത്. ഇങ്ങനെ ഒക്കെയല്ലൊ ഓൻ പറഞ്ഞോണ്ട് നടക്ക്ണെ” മറുപടി മൂത്തമ്മയാണ് പറഞ്ഞത്.
“അതൊന്നുമല്ല എളേമ്മെ..മൂപ്പർക്ക് ഇപ്പൊ ന്നെ ശർത്ത് പോര. ഞാൻ വേറെ ആളെ ഒപ്പാന്നും പറഞ്ഞ് വലിച്ചിട്ട് എന്നും അടിയാ...ഇനിക്ക് മടുത്തു” സഫിയാത്ത കണ്ണ് തിരുമ്മി.
“അയ്ന്പ്പൊ ജ്ജ് ഇനി....ങാ തേടിപ്പോകാനുള്ളോര് ഇപ്പൊ ഇങ്ങെത്തും. ജ്ജ് ആ തേങ്ങട്ത്ത് അരക്കാൻ നോക്ക്” മൂത്തമ്മ വിഷയയം മാറ്റി.
സഫിയാത്ത തേങ്ങയെടുക്കാൻ പോയപ്പോൾ മൂത്തമ്മ സ്വകാര്യം പറഞ്ഞു.“അനക്കറീലെ കാര്യം; ഓല് പെറൂല! ആറേഴ് കൊല്ലായിലെ കെട്ടിച്ചിട്ട്. ഈ റജബ് മാസം വന്നാല് ഓക്ക് വയസ്സ് ഇരുപതാ..ഓള് മച്ചിയാ.... മച്ചി!!
സഫിയ തേങ്ങയുടച്ച് അതിന്റെ വെള്ളം അവന് കൊടുത്തു. ദാഹിച്ചിരുന്നതിനാൽ അവനതൊറ്റ വലിക്ക് കുടിച്ചു. അത് കണ്ട് മൂത്തമ്മ പറഞ്ഞു“അള്ളാ...വർത്താനത്തിന്റെടക്ക് ന്റെ കുട്ടിക്ക പഞ്ചാരവെള്ളം കൊടുക്കാൻ മറന്നല്ലൊ”

സഫിയ ഒരു മൂളിപ്പാട്ടും പാടി തേങ്ങ നീട്ടിയരച്ചു. അതിനനുസരിച്ച് അയഞ്ഞ കുപ്പായത്തിന്റെ നിറഞ്ഞ മാറ് തുള്ളിക്കളിച്ചു.
സഫിയാത്ത മൂത്തമ്മാന്റെ നാത്തൂന്റെ മോളാ. ഇംഗ്ലീഷും ഹിന്ദിയുമൊക്കെ വായിക്കാൻ അറിയാം!! എട്ട് വരെ സ്കൂളിൽ പോയത!!!പിന്നെ കെട്ടിച്ചു. എവിടെ കല്ല്യാണമുണ്ടായാലും സഫിയാത്ത നല്ല കെസ്സ് പാടും. അത് കൊണ്ട് തന്നെ കുഞ്ഞുമോന് സഫിയാത്തയെ നല്ല ഇഷ്ടമാ. എന്നാലും,,,,ഈ മച്ചി എന്ന് എന്തിനാ സൂറാത്തയെ പറഞ്ഞത്? മച്ചി പാല് കൊണ്ട് വരുന്ന അപ്പ്വേട്ടന്റെ പശൂന്റെ പേരല്ലെ??മനുഷ്യരെയും അങ്ങനെ പറയൊ???

കൂടുതൽ ആലോചിക്കാൻ നിൽക്കാതെ അവൻ സ്പീക്കർ പാടിപ്പിക്കുന്ന മൂലയിലേക്ക് നടന്നു. അവിടെ താഴേക്കെറിഞ്ഞ സൂചികൾ പെറുക്കി. അത് കണ്ട് സ്പീക്കറുകാരൻ ഒരു കാലിപ്പെട്ടി അവന് കൊടുത്തു. പിന്നെ അരികിൽ പിടിച്ചിരുത്തി. അവന് അതിലും വലിയ സന്തോഷമില്ലായിരുന്നു. പക്ഷേ അയാളുടെ ഇടക്കിടക്കുള്ള കത്രിമാർക്ക് സിഗരറ്റ് വലി, അതിന്റെ ഗന്ധം അവന് തീരെ ഇഷ്ടമല്ലായിരുന്നു. എങ്കിലും സഹിച്ചു. കാരണം ഓരോ റിക്കാഡ് പ്ലേറ്റ് മാറ്റിയിടുമ്പോഴും കിട്ടുന്ന സൂചി! വേറെ കുട്ടികൾ എത്തും മുമ്പെ അവിടെ എത്തിപ്പെട്ടതിലും അവൻ സന്തോഷിച്ചു.

മൂത്താപ്പ വയ്യെങ്കിലും എല്ലായിടത്തും ഓടി നടന്നു. കുറച്ച് കഴിഞ്ഞ് ഒരു മുസ്ല്യാരും പിന്നെ കുറച്ചാളുകളും എത്തി. ചായ ആയില്ലെ എന്ന് ചോദിച്ച് മൂത്താപ്പ ബേജാർ കൂട്ടി.
പിന്നെ പ്രധാനപ്പെട്ടവർക്ക് വേണ്ടി അകത്തെ മുറിയിൽ സ്വകാര്യമായി എടുത്തു വച്ച കോഴിയും പത്തിരിയും കഴിക്കാൻ കുഞ്ഞുമോനെയും വിളിച്ചു.

ചായ കുടി കഴിഞ്ഞ് മുസ്ല്യാർ അൽ-ഫാത്തിഹ പറഞ്ഞ് ദുആ ഇരന്നു. കുഞ്ഞുമോനും ആകൂട്ടത്തിൽ തന്നെയിരുന്നു? പുത്തൻ ചെരിപ്പും സൂരിത്തുണിയും, വളർത്തിയ മുടിയിൽ എണ്ണ തേച്ച് ഒരു വശത്തേക്ക് ചീകിയൊതുക്കിയും, അപ്പോഴും കഴുത്തിലും നെഞ്ചിലും പറ്റിപ്പിടിച്ചു കിടക്കുന്ന പൌഡറും പോരാത്തതിന് കല്ല്യാണത്തിന് പുറപ്പെട്ടപ്പോൾ ഉപ്പ കെട്ടിക്കൊടുത്ത ഹാന്റിസാന്റോസ് വാച്ചും കുഞ്ഞുമോനെ ഒരു മുതലാളിക്കുട്ടി എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. മൂക്കിളയൊലിപ്പിച്ച് മുളം തൂണും ചാരി നിന്ന കുട്ടികൾ ആമീൻ പറയാൻ മറന്ന് അസൂയയോടെ അവന്റെ പത്രാസും കണ്ട് നിന്നപ്പോൾ വലിയവർ ചിലർ അൽഭുതത്തോടെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു.

പ്രാർത്ഥന കഴിഞ്ഞ് തേടികൾ പുത്യാപ്ലയുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി. അപ്പോൾ അബ്ദു എളാപ്പ കിതച്ച് കൊണ്ടെത്തി “ആ സ്പീക്കർകാരൻ പാട്ട് നിർത്തി എറങ്ങിപ്പോയി. ഓനെ ചായ കുടിക്കാൻ വിളിച്ചിലാന്നും പറഞ്ഞ്....”
“ആ കാര്യം പറ്റേ മറന്നല്ലൊ ന്റെ ബദ് രീങ്ങളെ...ഇനിപ്പൊ ന്താ ഒരു വയി? ആ ചെങ്ങായി ആണെങ്കി ഒരു കൈതമുള്ളാ..മേപ്പട്ടും വജ്ജ.... കീപ്പട്ടും വജ്ജ”മൂത്താപ്പ തലക്കും കൈ കൊടുത്ത് ഒരു ബഞ്ചിൽ ഇരുന്നു.

പുത്യാപ്ലയുടെ വീട്ടിൽ നിന്നും തിരിച്ചു വന്നപ്പോൾ കുഞ്ഞുമോൻ ആദ്യം ശ്രദ്ധിച്ചത് പാട്ടായിരുന്നു. എങ്ങനെയാ അയാളെ പിണക്കം മാറ്റിയതാവൊ? കല്ല്യാണത്തിന്റെ അന്ന് പാട്ട് മുടങ്ങിയത് അങ്ങാടിപ്പാട്ടയാൽ?? ഔ..പെട്ടിപ്പാട്ടുകാരന്റെ ഒരു ഭാഗ്യം!വലുതാവുമ്പൊ ഒരു സ്പീക്കർകാരനാവണം,,,എന്തൊരു സൽക്കാരമാ അയാൾക്ക്!!
അവൻ വീണ്ടും സ്പീക്കർ ഓപ്പറേറ്റ് ചെയ്യുന്നിടത്തേക്ക് നടന്നു. റിക്കാഡ് പ്ലേറ്റിൻ നടുവിൽ കോളാമ്പിയിലേക്ക് നോക്കിയിരിക്കുന്ന നായയേയും/ അത് കറങ്ങുന്നതും നോക്കിയിരിപ്പായി.

മറ്റു കുട്ടികൾ ബഹളവുമായി പന്തലിൽ കളിച്ചുകൊണ്ടിരിക്കെ കാരണവന്മാർ ഒച്ചയിട്ടു. അപ്പോളവർ ചെമ്മൺ ചെത്തിലേക്കും തൊടിയിലേക്കുമോടി. ഇറച്ചി മണം കേട്ടെത്തിയ നായകളെ കല്ലെടുത്തെറിഞ്ഞും അണ്ടിക്കളി കളിച്ചും ആർമാദിച്ചു. രാത്രി ആയപ്പോൾ ആളുകൾ കൂടാൻ തുടങ്ങി.

പന്തലിന് പിറകിൽ നാരിയും തോഴിമാരു ഒപ്പൻ പാടാനിറങ്ങി. മൈലാഞ്ചിയിട്ട ഏതോ കൈ പനമ്പട്ടക്കിടയിലൂടെ പന്തലിനുള്ളിലേക്ക് നീണ്ടതിൽ സ്പീക്കർകാരൻ മൈക്ക് വച്ച് കൊടുത്തു. അപ്പോഴും അയാളുടെ മറ്റേ കയ്യിൽ കത്രിമാർക്ക് പുകഞ്ഞിരുന്നു “ജ്ജ് പാട്..ജ്ജാദ്യം പാട്”ഓണായിക്കിടന്ന മൈക്കിൽ കൂടി പെൺ കൂറ്റ് കേൾക്കായി. തുടക്കം കുറിക്കനുള്ള മടി. പിന്നെ പൊട്ടിച്ചിരികൾ. അത് കേട്ട് മൂത്താപ്പ കലി തുള്ളി “ഒന്ന്നാത്തരം പോന്ന പഹയത്ത്യാള് നിന്ന് കൊണീണത് കണ്ടീലെ..ഒന്നൂക്കിൽ പാട്വാ..അല്ലെങ്കി
പറയ്വാ..” ശബ്ദം കനത്തതെങ്കിലും അതിൽ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിയിരുന്നു.
“ആദിപെരിയോന്റെ............”ഒടുവിൽ സഫിയാത്താന്റെ ശബ്ദം.

പിന്നെ ആരൊക്കെയോ പാടി.കൈ കൊട്ടി. താളം പിടിച്ച്. കുപ്പി വളകൾ കിലുക്കി.
എന്നാൽ, അതിനിടക്കൊക്കെ പന്തൽ മറ ചാരിയിരിക്കുന്ന സ്പീക്കർകാരന്റെ കൈ എന്തിനാ പുറത്തേക്ക് കടത്തുന്നത്? അതിനും കുഞ്ഞുമോന് സംശയം തന്നെ!

രാത്രി ഏറെ വൈകി തന തന പാടി പുത്യാപ്ലയും കൂട്ടുകാരുമെത്തി. ഒരു കിണ്ടി വെള്ളം
അളിയൻ കുട്ടി എടുത്ത് കൊടുത്തതിലേക്ക് ഒരു നാണയമിട്ട് പുത്യാപ്ല ചെരുപ്പഴിച്ച് വച്ച് പന്തലിൽ കേറിയപ്പോൾ കൂടെയുള്ളവർ ചെമ്പു പാത്രത്തിൽ നിന്നുംകാൽ കഴുകി നിരത്തിയിട്ട വൈക്കോലിൽ ചവിട്ടി നടന്ന് വിരിച്ചിട്ട പായകളിൽ ഇരുന്നു. സർബത്ത് ഗ്ലാസുകൾ കൂട്ടിമുട്ടി. ആരോ എറിഞ്ഞു കൊടുത്ത സിഗരറ്റുകൾ എരിഞ്ഞ് പന്തലിനുള്ളിൽ പുക നിറഞ്ഞു. പനമ്പട്ടയുടെ വിടവുകൾ വലുതായി. അതിൽ കൂടെ സുറുമയിട്ടനൂറ് കണ്ണുകൾ, വെള്ള മേലാപ്പിനടിയിൽ വെള്ള വിരിച്ചതിലിരിക്കുന്ന പുതുമണവാളന്റെ നേരെ പാഞ്ഞു.
അകത്ത് തോഴിമാർ അടക്കം പറഞ്ഞു. പുതുപെണ്ണ് നാണം കുണുങ്ങി. പെട്രോമാക്സ് വെളിച്ചത്തിൽ കസവ് തട്ടം തിളങ്ങി. ചെരിപ്പുകൾ കിരികിരി പാടി.

പുതുക്കപ്പെണ്ണുങ്ങൾ ഇറങ്ങിയതും, അയൽ പക്കത്ത് നിന്നും കൊണ്ട് വന്ന പായയും മറ്റ് ഉപകരണങ്ങളും അതിന്റെ ഉടമസ്ഥർ തന്നെ തെരഞ്ഞെടുക്കാൻ സഹായിച്ചു. ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കലും മറ്റു ജോലികളും അവരുടെ അവകാശമായി കണ്ട് വേഗത്തിൽ തീർത്തു കൊണ്ടിരുന്നു. മാപ്പിളപ്പാട്ടുകൾ സിനിമാപാട്ടുകൾക്ക് വഴി മാറി. അപ്പോഴും കുഞ്ഞുമോൻ ഉറക്കം തൂങ്ങി കൊണ്ട് പാട്ടും കേട്ട് കൊണ്ടിരിപ്പായിരുന്നു.

പിന്നെ എപ്പഴോ സഫിയാത്ത അവനെ വിളിച്ചുണർത്തി പിടിച്ച് കൊണ്ട് പോയി. എല്ലായിടത്തും മത്തിയുണക്കാനിട്ട പോലെ കിടത്തക്കാർ. അവസാനം സഫിയയും അവനും ശബ്ദമുണ്ടാക്കാതെ മൂത്താപ്പ കിടക്കുന്ന ചായ്പിൽ പോയി കിടന്നു. കുപ്പായക്കീശയിലെ സൂചിപ്പെട്ടി പായക്കടിയിൽ വച്ച് അവൻ ചിന്തിച്ചു. തനിക്ക് ഇത്രയും സൂചികൾ കിട്ടിയത് കണ്ട് സ്കൂളിലെ കുട്ടികൾ അസൂയപ്പെടുന്നത് കാണാൻ അവന് ദൃതിയായി. നാളെയും സ്കൂളിൽ പോകാൻ പറ്റില്ല. ഇനി മറ്റന്നാൾ.....
പാട്ട് എപ്പഴോ നിന്നിരുന്നു. അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് കത്രിമാർക്കിന്റെ അവനിഷ്ടമില്ലാത്ത ഗന്ധം! അവിടെയും അനുഭവപ്പെടുന്നതായി. ഇനി മൂത്താപ്പയെങ്ങാൻ....ഹെയ് മൂത്താപ്പ ബീഡിയാ വലിക്കുക. അതിന്റെ വാസന ഇതല്ല. പിന്നെ എവിടെന്നാണാവൊ ആ വാസന? അങ്ങനെ പലതും ചിന്തിച്ച് കിടക്കവെ ഉറക്കം കൺ പോളകളെ തഴുകുന്നതറിഞ്ഞ് അവൻ ചെരിഞ്ഞ് കിടന്നു. നല്ല തണുപ്പ്.പുതപ്പ് ഇല്ലാതെ സാധാരണ ഉറങ്ങാറെ ഇല്ല. അവൻ കൈകൾ കാലുകൾക്കിടയിൽ തിരുകി ചുരുണ്ടു.

“കുട്ട്യാളെ പൊറത്താരും ഇല്ലെ? ഇബടെ എവടെയോ പട്ടി കേറീന്നാ തോന്നണെ. കൊറേ നേരായി കെതപ്പ് കേക്കണ്. ആ കാസ്ലൈറ്റ്**ൽ കാറ്റടിച്ച് ഒന്ന് നോക്കി. ആ പാത്രങ്ങളൊക്കെ അയ്റ്റങ്ങൾ നക്കും” ഉറങ്ങിയ അവൻ മൂത്താപ്പയുടെ പിച്ചും പേയും കേട്ട് ഉണർന്നു. മൂത്താപ്പ പറഞ്ഞത് ആരും കേട്ടില്ലെന്ന് തോന്നുന്നു ഒരൊച്ചയും അനക്കവും എവിടെ നിന്നുമുണ്ടായില്ല. ഇനിയിവിടെയെങ്ങാൻ പട്ടിയുണ്ടൊ? അവൻ കണ്ണ് തുറന്ന് ചുറ്റുമൊന്ന് നോക്കി. ഒരു മിന്നാമിനുങ്ങിന്റെ? പ്രകാശം അവൻ കണ്ടു.

അപ്പോൽ ആളില്ലാ പന്തലിൽ, കാറ്റ് തീർന്നു കൊണ്ടിരിക്കുന്ന പെട്രോമാക്സ്, അതിന്റെ അവസാന ശ്വാസം വലിച്ച് കൊണ്ടിരുന്നു. അതിന്റെ ആളിയാളിയുള്ള കത്തൽ ചായ്പിലെ ഇരുട്ടിലേക്ക് കൂടുതൽ വെളിച്ചം കടന്ന് വന്നു. ആ വെളിച്ചത്തിൽ അവൻ മിന്നാമിനുങ്ങിന്റ്റെ വെളിച്ചം കണ്ടിടത്തേക്ക് നോക്കി. അവിടെ ആരോ ഇരിക്കുന്നതായി അവന് തോന്നി. ഉടൻ അവൻ അടുത്ത് കിടന്നിരുന്ന സഫിയാത്തയെ നോക്കി. പാവം പട്ടിയെ പേടിച്ചാണെന്ന് തോന്നുന്നു മൂത്താപ്പാന്റെ കട്ടിലിനടിയിൽ എത്തിയിരിക്കുന്നു! ഈ സഫിയാത്താക്ക് തണുക്കുന്നും ഇല്ലെ. മണ്ണ് തേച്ച നിലത്ത് കെടക്കുന്ന കെടത്തം കണ്ടീലെ!! കുപ്പായത്തിന്റെ കുടുക്ക് പോലുമിടാതെ!!!
അപ്പോൾ വീണ്ടും കത്രി മാർക്കിൻ രൂക്ഷഗന്ധം കുഞ്ഞുമോനെ ശ്വാസം മുട്ടിച്ചു.
------------------------------------------
*പ്ലാവിന്റെ
**ഗ്യാസ്ലൈറ്റ്/പെട്രോമാക്സ്



2009 സെപ്റ്റംബർ 20, ഞായറാഴ്‌ച

എടാങ്കുടുക്ക്....



ഇന്നലെ
ഇടിയും മഴയുമുള്ളൊരീസമെന്നുമ്മ
ഇരുകൈ ഉയർത്തി മോണോയായ് പറഞ്ഞു
ഇടവപ്പാതിയായ് തണുക്കുന്നു, വിറക്കുന്നു
ഇല്ലേയില്ലയിച്ചിരി പള്ളയിലൊന്നുമേയില്ല
ഇടിച്ചുപൊടിക്കാനിവിടൊന്നുമില്ല
ഇനിയും പഷ്ണിക്കിടല്ലെയെന്റെ നാഥാ...

ആഗ്രഹം ന്യായമെന്നു കണ്ട് ദൈവം
അനുഗ്രഹമേറെയറിഞ്ഞു ചൊരിഞ്ഞു.

ഇന്ന്
ഗ്യാസെനിക്കില്ലാ? ഗ്യാസെനിക്കുണ്ട്!
ഗ്യാങ്ങിനു നാലിനും
വച്ചു വിളമ്പാൻ
വേണ്ടു പോൽ സാധനമുണ്ടെന്ത് കാര്യം
വേലക്കാരിയില്ലൊട്ടു നേരമേയില്ല.
വടക്കിനിയിൽ കിടന്ന്
വടക്കായെൻ മേനിയിന്ന്
എന്നൊരു മോചനമെന്റെ റബ്ബേ
എവ്വഴി ഈ എടാമുടുക്കിൽ നിന്നും.

ഭാര്യ തൻ സ്റ്റീരിയോ രോധനം കേട്ടൊരാ ദൈവം
ഭ്രാന്തായി
ചിന്തിച്ചിരിക്കുന്നു പോലിന്ന്!

നാളെ
വാഷിനും, വാക്കിനും
വായിലുള്ളൊരീ ടൂത്തിനും,
കളിക്കാനും,കുളിക്കാനും പിന്നെ
ക്യാപ്സൂളായ് ഭക്ഷണമെത്താനും
കയ്യിലിരിക്കുമൊരീ
യന്ത്രത്തിൽ
പ്രോഗ്രാം ചെയ്ത് മടുത്തു; മടുത്ത്...
..ഗോഡ്; അപ്പ്ലോഡ് ചെയ്യെന്നെ
ഹെല്ലിൽ നിന്നുമേ വേഗം.....

മാലോകരെല്ലാം മകൾ തൻ നാനോയൊച്ച കേക്കും-പക്ഷേ
മമഗോഡതു കേട്ടോടിയൊളിക്കുമായിരിക്കും!
------------------------------------
ഈദുൽ ഫിത്ഥ്വർ ആശംസകൾ

2009 ഓഗസ്റ്റ് 5, ബുധനാഴ്‌ച

‘സമകാലിക(ൾ)ർ’ മിനികഥ

അവൾക്ക് അക്ഷമയാകാൻ അത്രയും സമയം മതിയായിരുന്നു.
“എന്താ പ്രോബ്ലം .....?”
ചുവർ കോണിൽ ഉറപ്പിച്ച ദൃഷ്ടി പിൻ വലിച്ച് ദുഖം ഘനീഭവിച്ച മുഖം താഴ്ത്തി അയാൾ മുരടനക്കി.

“....ഞാനവിടെ എത്തിയപ്പോഴേക്കും അവർ എല്ലാം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.എന്റെ ഇഷ്ടം....അഭിപ്രായം....;നമ്മളൊരുമിച്ചുള്ള ഒരു ജീവിതം സ്വപ്നം കണ്ടിരുന്ന ഞാൻ....പക്ഷേ...പക്ഷെ എനിക്കവരെ അനുസരിച്ചെ മതിയാവൂ.. ഇവിടെ എന്ത് പറഞ്ഞ് നിന്നെ ആശ്വസിപ്പിക്കണമെന്ന്....
പറയൂ.......നമുക്കെല്ലാം മറക്കാം അല്ലെ...എല്ലാം അവസാനിപ്പിച്ച് നമുക്ക് പിരിയാം?

ഒരു തേങ്ങൽ പിന്നെ ഒരു പൊട്ടിത്തെറി ഇതെല്ലാം പ്രത്തീക്ഷിച്ച് നിന്ന അയാളെ അമ്പരപ്പിച്ചു കൊണ്ട് അവളുടെ പൊട്ടിച്ചിരി!
എത്രയോ രാപകലുകളിൽ അവളിൽ കാണാത്ത ഭിന്നഭാവം അയാളിൽ ഭീതിയുടെ.....

അയാൾ, തന്റെ പ്രചന്ന വേഷം നന്നായി അഭിനയിച്ച് തീർത്തത് മൻസ്സിലാക്കി, കപടനാട്യ ശാസ്ത്ര കലയിൽ ബിരുദമെടുത്ത അവൾ തെല്ലൊരു വിഷാദഭാവത്തോടെ പറഞ്ഞു തുടങ്ങി.

“അറിഞ്ഞിരുന്നു എല്ലാം...പര്യവസാനം ഇത്തരത്തിലായിരിക്കുമെന്നും ഊഹിച്ചു....
ജിവിതം അങ്ങനെയാ. നമ്മളൊന്ന് ആഗ്രഹിക്കും വിധി മറ്റൊന്ന് കല്പിക്കും. ഇഷ്ടത്തോടെ അല്ലെങ്കിലും നമ്മൾ കിട്ടിയത് സ്വീകരിച്ച് അതിൽ വേഷമിടും. ആര് കൂടുതൽ നന്നായഭിനയിക്കുന്നുവോ അയാൾ മുന്നേറും....
അവൾ അകലേക്ക് പായിച്ച കണ്ണുകൾ വലിച്ചെടുത്ത് ഒരു ദീർഘനിശ്വാസത്തോടെ അയാളെ നോക്കി.

എവിടെയോ, ഏതോ ഒരു പൈങ്കിളി കഥയിലെ പദപ്രയോഗ ശൈലി ഓർമിച്ചു കൊണ്ട് അവനവളെ തന്നെ സാകൂതം നോക്കിക്കൊണ്ടിരുന്നു.

പിന്നെയവൾ പ്രസന്നവതിയായി കൊഞ്ചി.
എന്നാലും എന്റെ...വാ വിട്ടേക്ക്..നമുക്ക് പോവാം നേരം ഏറെയായി. ഇന്ന് നമുക്ക് നിന്റെ റൂമിൽ കൂടാം..ഓകേ? അവിടെ എത്തിയിട്ട് നമുക്ക് തീരുമാനിക്കാം പിരിയണൊ അതൊ ചുറ്റണൊ എന്നൊക്കെ”
കൂസലന്യേ പറഞ്ഞ്, കൊണിഞ്ഞ് കൊണ്ടവൾ അയാളുടെ കൈയ്യിൽ തൂങ്ങി.
അപ്പോഴും അയാളുടെ അൽഭുത ഭാവം മാറിയിരുന്നില്ല.

അവരെ അറിയാത്തവര്‍ക്കിടയിലൂടെ, അവർക്കറിയാവുന്ന പാതയിലൂടെ അവളേയും പിറകിലിരുത്തി അയാൾ ബൈക്കോടിച്ചു.

ഫാസ്റ്റ് ഫുഡ് കടക്കരികിൽ നിർത്തി പാർസൽ വാങ്ങിക്കാനായി അയാൾ കടക്ക് അകത്തേക്ക് നടന്നപ്പോൾ, ബൈക്കിനരികിൽ നിന്ന അവളുടെ കണ്ണുകൾ തൊട്ടടുത്ത ടിവി കടയിലെ വരിവരിയായി വച്ച പ്ലാസ്മ സ്ക്രീനിലെ മിന്നുന്ന ചിത്രങ്ങളിൽ ഉടക്കി.

“കൽ രാത് മേ ബഡീ ഗൽത്തി കിയാ...”

ചില്ലു കൂട്ടിനകത്ത് നിന്നും ടിവിയുടെ ശബ്ദം പുറത്തേക്ക് കേട്ടിരുന്നില്ലെങ്കിലും പരസ്യത്തിലെ സുന്ദരി ചുണ്ടനക്കുന്നതെന്തെന്ന് നേരത്തെ അവൾക്കറിയാമായിരുന്നു. ഒരു നിമിഷം അതിൽ നിന്നും കണ്ണെടുത്ത് എന്തോ ആലോചിച്ചെന്ന വണ്ണം അവൾ തന്റെ ഹാന്റ് ബാഗിനുള്ളിൽ തപ്പി. കൈയ്യിൽ തടഞ്ഞ ടാബ്ലറ്റ്; സുരക്ഷിതമായി വച്ചിടത്ത് തന്നെയുണ്ടെന്ന് ഉറപ്പായപ്പോൾ അവളുടെ ചുണ്ടിൽ ഒരു ഗൂഡ മന്ദഹാസം.....!!!!

കഥ വന്ന വഴി:-
മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്ത അനുഭവവും,കണ്ട പരസ്യവും.

2009 ജൂലൈ 21, ചൊവ്വാഴ്ച

ഒരാനക്കാര്യം

സൂര്യൻ വളരെയധികം പടിഞ്ഞാറ് താഴ്ന്നിരുന്നു. സമയമായെന്ന് കാര്യസ്തൻ പറഞ്ഞപ്പോൾ എല്ലാവരും പണി മതിയാക്കി. അയാളുടെ കയ്യിൽ മാത്രമുള്ള വാച്ച് ഒരു മണിക്കൂർ പിന്നോട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. അത് വിളിച്ച് പറയാൻ ആർക്കെങ്കിലും തോന്നിയാൽ അവനപ്പോൾ മലയിറങ്ങാം!

കൂട്ട് പുരയിലെത്തി ചളുങ്ങിയതെങ്കിലും വലിയ അലുമിനിയ പാത്രം തന്നെ കിട്ടാനായി പണിക്കാർ തിരക്ക് കൂട്ടി. അത് അടുത്ത കാട്ട് ചോലയിൽ നിന്നും വെള്ളം കോരി തലയിലൊഴിക്കാനെന്ന് പേര്! എന്നാൽ ഉദ്ദേശം; കുളി കഴിഞ്ഞ് വന്നാലുടനെ വിളമ്പുന്ന ചോറിനും, ഉടപ്പറപ്പ് കറി(ചെറുള്ളി നാലഞ്ചെണ്ണം ചെറുതായി അരിഞ്ഞ് ഒരു സ്പൂൺ എണ്ണയും ചേർത്ത് ആറേഴ് പച്ചമുളകും മുറിച്ചിട്ട് , ചോറ് ഊറ്റിയതിന്റെ ബാക്കിയുള്ള വെള്ളം ഒഴിച്ച് ശ്ചീ...എന്ന ശബ്ദം നിന്നാലുടനെ ഉപ്പും ചേർത്താൽ ഉടപ്പിറപ്പ് കറി പാകമായെന്ന് മനസ്സിലാക്കാം)ക്കും അതേ പാത്രമാണ് കാണിച്ച് കൊടുക്കുക എന്നതാണ്.
ചോറ് വിളമ്പുമ്പോൾ ‘പോവും..പോവും‘ എന്ന് പറയും. അതിനുമുണ്ട് രണ്ടറ്ത്ഥം. ഒന്ന്:- അധികം വിളമ്പിയാൽ പാത്രത്തിന് പുറത്ത് പോവും. രണ്ട്:-എത്ര വിളമ്പിയാലും ഞാൻ തിന്നോളാം.

കാട്ടു മൃഗങ്ങളിൽ നിന്നും താൽക്കാലിക രക്ഷക്കായി മൂന്ന് ഭാഗം ചരിവും മുൻ ഭാഗം നിരപ്പുമായ സ്ഥലം തിരഞ്ഞെടുത്താണ് കൂട്ടു പുര നിർമ്മിച്ചിട്ടുള്ളത്. ശാപ്പാട് കഴിഞ്ഞ് മുൻഭാഗത്ത് ഉണക്ക മരം കൂട്ടിയിട്ട് തീയിട്ടു. ചിലർ അതിൽ നിന്നും തീ പകർന്ന് ഓരോ ബീഡി കൂടി കത്തിച്ച് വലിച്ച് റാഹത്തായ ശേഷം ചാക്ക് വിരിച്ച് ഉറങ്ങാൻ കിടന്നു. ചെറിയ ഒരു ചാറ്റൽ മഴ തണുപ്പിനെ ഒന്നും കൂടെ തണുപ്പിച്ചു. ചിലർ ഉടുമുണ്ട് അഴിച്ച് പുതച്ചപ്പോൾ മറ്റുള്ളവർ ചാക്കിനെ ആശ്രയിച്ചു.

“.......മക്കളൊക്കെ എന്തായിരിക്കാം കഴിച്ചിട്ടുണ്ടാവുക...മൂസാക്ക പലചരക്ക് സാധനങ്ങൾ കൊടുത്തിട്ടുണ്ടാവും. ഈ പണി കഴിഞ്ഞ് നാട്ടിലെത്തിയാൽ അയാളുടെ കടം വീട്ടണം. സ്കൂൾ തുറക്കുമ്പോഴേക്കും കുട്ടികൾക്ക് ഉടുപ്പും പുസ്ഥകങ്ങളും വാങ്ങണം. ---ക്ക് ഒരു ലുങ്കിയും ബ്ലൌസും വാങ്ങിക്കണം...........”പലരും ഇങ്ങനെയുള്ള ചിന്തകളുമായി കിടക്കവെ എന്റെ ചിന്ത മറ്റൊന്നായിരുന്നു.

കൂലി കിട്ടിയാൽ ഒരാഴ്ചത്തെ റേഷൻ വാങ്ങാൻ ഉമ്മാടെ കയ്യിൽ കാശ് കൊടുക്കണം. ബാക്കി പൈസയും കൊണ്ട് നെലമ്പൂര് പോയി രണ്ട് റിലീസ് പടം കാണണം. പിന്നെ ഇന്ത്യനോട്ടലിൽ കേറി മട്ടൺ ചാപ്സും പൊറാട്ടയും കഴിച്ച്........വായിൽ പൊടിഞ്ഞ് പുറത്തേക്കൊലിച്ച ഉമിനീർ തുടച്ച് ഞാൻ ശബ്ദമില്ലാതെ ചിരിച്ചു.

എപ്പഴോ അടക്കിപ്പിടിച്ച സംസാരം കേട്ടുണർന്ന് ശ്രദ്ധിച്ചു. ങേ.. ആന പുറത്ത് വന്ന് നില്പുണ്ട് പോലും! “ശരിയാ ചെവിയാട്ടുന്ന ഒച്ച കേൾക്കാം...അത് തന്നെ...ആന തന്നെ” എല്ലാവരും ഉറപ്പിച്ചു!

മഴയിൽ തീയണഞ്ഞതിനാലാവാം ഒറ്റക്കൊമ്പൻ വന്നത്. അന്ന് പകലിലും തൊട്ടടുത്ത കുന്നിൻ ചരുവിൽ ആനകൾ മേയുന്നത് കണ്ടിരുന്നു. മറ്റ് കൂപ്പിലുള്ള ഒന്ന് രണ്ടാളുകളെ പിച്ചിച്ചീന്തിയതായ വാർത്ത നാട്ടിൽ നിന്നും പോരുന്നതിന് മുമ്പേ കേട്ടിരുന്നു. അത് പോലെ ഞങ്ങളെയും..ഈ കൂട്ടുപുരയടക്കം എടുത്തെറിഞ്ഞ്.....
പേടിച്ച് വിറച്ച് ഓരോരുത്തരും ശ്വാസം വിടാതെ അവനവന്റെ ജാതിയിൽ പെട്ട പ്രാർത്തനകൾ മനസ്സിൽ ചൊല്ലി. നിമിഷങ്ങൾ കഴിഞ്ഞിട്ടും ചെവിയാട്ടൽ ശബ്ദം മാറ്റമില്ലാതെ തുടർന്നു.

ഏതായാലും മരണം മുന്നിൽ വന്ന് നിൽക്കുന്നു. എന്നാൽ പിന്നെ ചാകുന്നതിന് മുമ്പെ കൊല്ലുന്നവനെയൊന്ന് നേരിൽ കണ്ട് ഒരു സലാം പറയാം എന്ന് കരുതിയാണെന്ന് തോന്നുന്നു ആരോ അഞ്ചുകട്ട ടോർച്ചടുത്ത് പുറത്തേക്ക് അടിച്ചത്. കത്തുന്ന പ്രകാശത്തിൽ കണ്ട കാഴ്ച???
ആനയതാ കൂട്ട് പുരക്ക് മുമ്പിൽ! ഇനിയെന്ത് ചെയ്യും? കാറ്റ് കൂറ്റിൽ കൂടിയാലോചനകൾ നടക്കവേ കൂട്ടത്തിൽ നിന്നും ആലി ശബ്ദമുയർത്തി പറഞ്ഞു “നിങ്ങളാ ടോർച്ച് ഒന്നുംകൂടെ തെളിച്ചേ...”
“ഹേയ്..വേണ്ട വെളിച്ചം കണ്ടാൽ പിന്നെ അവൻ...” നിങ്ങളതിങ്ങ് താ..എന്നും പറഞ്ഞ് ആലി ടോർച്ച് പിടിച്ച് വാങ്ങി പുറത്തേക്ക് നീട്ടിയടിച്ചു.
‘ചെങ്ങായ്മാരെ അത് ഞമ്മളെ പാറയല്ലെ’ ശരിയാ. ഹാവൂ....പിടിച്ചു വച്ച ശ്വാസം ഓരോരുത്തരും പുറ്ത്തേക്ക് തള്ളി .

രണ്ട് ദിവസമേ ആയിട്ടുള്ളു ഈ സ്ഥലത്ത് പണി തുടങ്ങിയിട്ട്. ആനയെന്ന് കേട്ട ഭയത്തിനിടയിൽ മുന്നിലുള്ള പാറയെക്കുറിച്ച് ഓർക്കാൻ സമയമെവിടെ.
“അപ്പൊ പിന്നെ ആ ശബ്ദമൊ?” അത് കേട്ട്, വിട്ട ശ്വാസം തിരിച്ച് വലിക്കാൻ പോലും മറന്ന് എല്ലാരും ഒന്നിച്ച് ഞെട്ടി.

അല്പ സമയം കഴിഞ്ഞ് ഇരുമ്പൻ മൊയ്തീൻ ടോർച്ചുമെടുത്ത് പുറത്തിറങ്ങി. അത് കണ്ട് ശ്വാസം വലിക്കണൊ വിടണൊ എന്നറിയാതെ കൂട്ടർ ചെവി കൂർപ്പിച്ചു.
".............???"
“ഹാഹ ഹാ...പോയത്തക്കാർ.. തേക്കിന്റെല!”
“തേക്കിന്റെലയോ????”ഒറ്റ ശ്വാസം.
എന്നലതൊന്ന് കണ്ടിട്ട് തന്നെ കാര്യം. അഴിഞ്ഞ മുണ്ടെടുത്ത് പുരുഷാരം പുറത്തിറങ്ങി.

നാട്ടിൽ നിന്നും പോരുമ്പോൾ ഉണക്ക മീൻ പൊതിഞ്ഞ് കൊണ്ട് വന്ന തേക്കിൻ ഇലയിന്മേൽ, കൂട്ട് പുരപ്പുറത്തു നിന്നും വെള്ളത്തുള്ളികൾ ഉറ്റ് വീഴുമ്പോൾ എങ്ങിനെ ആന ചെവിയാട്ടുന്ന ശബ്ദമുണ്ടാകുന്നുവെന്ന തന്റെ കണ്ട് പിടുത്തം, ശാസ്ത്രമേള കൌണ്ടറിലെ സ്കൂൾ കുട്ടിയെ പോൽ ഇരുമ്പൻ ഞങ്ങൾക്ക് വിവരിച്ചു തന്നു.

പിന്നെ കൂട്ടർ ബഡായികളുടെ കെട്ടഴിക്കാൻ തുടങ്ങി.അതൊരു ലിങ്കായി തുടരവേ ..വീണ്ടും ഓരോരുത്തരായി പുതയിട്ടു.

“ബസിയേ..നീ ഒറങ്ങിയോ?”
വാതിലിനരികിൽ കിടന്നിരുന്ന ശിവന്റെ വിളി കേട്ട് നിദ്രാലസ്യത്തിൽ, ബ്ലാക്ക് ബൽറ്റ് മണി സിനിമയിലെ കുതിരപ്പുറത്ത് പോകുകയായിരുന്ന ഞാൻ ചാടിയിറങ്ങി.
“ഇല്ലാ...എന്തേ ശിവാ?’
“എനിക്ക് പേടിയാവുന്നു”
“ഞങ്ങളൊക്കെയില്ലേ.. പിന്നെയെന്തിനാ...?”
“അതല്ല..അഥവാ ആന വന്നാ...ന്നെല്ലേ ആദ്യം പിടിക്ക്യാ...അതോണ്ട്...”
“...........”
“അതോണ്ട്...ഞാൻ നിന്റെ അടുത്ത് വന്ന് കിടക്കാം”
ഉറക്കമുണർന്നവർ അത് കേട്ട് ചിരിച്ചു. ശിവൻ എന്റെ അടുത്ത് വന്ന് കിടന്ന ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു.“നമ്മക്ക് ഈ പണി വേണ്ട..നന്ന രാവിലെ മ്മക്ക് പോവാം”
“എന്തെ ശിവാ..ഇങ്ങനെ പേടിച്ചാലൊ?”
“അതേയ് ഞാൻ നാളെ പറയാം”
അവൻ കാറ്റ് കൊണ്ട് സംസാരിച്ചു.

രാവിലെ കാലി കട്ടൻ ചായ മധുരമിടാതെ തരുന്നതിനൊപ്പം കിട്ടുന്ന വെല്ലശർക്കര ഊമ്പി തിന്ന്, ശിവന്റെ നിർബന്ധത്തിന് വഴങ്ങി മലയിറങ്ങി.
വഴിക്ക് വച്ച് ഞാൻ ചോദിക്കാതെ തന്നെ അവൻ പറഞ്ഞ് തുടങ്ങി.
“അതേയ്....എനിക്കത്ര പേട്യൊന്നുല്ല്യാ ട്ടൊ”
“ങും..പിന്നെ എന്തേ ഇന്നലെ അന്തിക്ക്...?”
“അത് പിന്നെ...മ്മടെ ആ കാക്കയില്ലെ... ആ കാര്യേസൻ”
“....ങാ അയാള്?”
“അയാള്... ഞാൻ കെടന്നപ്പൊ തൊടങ്ങ്യേതാ ന്നെ തോണ്ടലും തലോടലും. ഞാൻ കൊറേ സഹിച്ചു. പിന്നെ രക്ഷ്യല്ലാന്ന് വന്നപ്പോ...അങ്ങനെ ഒരു നൊണ പറഞ്ഞേ...അല്ലാതെ...”

അത് കേട്ട് ഞാൻ ചിരിച്ചു. എന്റെ ചിരിയിൽ അവനും പങ്ക് ചേർന്നപ്പോൾ അതൊരു പൊട്ടിച്ചിരിയായി മാറി. അത് കേട്ട് മരക്കൊമ്പിലിരുന്ന മൊച്ചക്കുരങ്ങുകൾ കാര്യമറിയാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി.

ഒരു പെരുമഴക്കുള്ള ഒരുക്കത്തിൽ, ഇല മേലാപ്പിനിടയിൽ നിന്നും അങ്ങിങ്ങായി ചിതറിത്തെറിച്ച വെയിൽ പൊട്ടുകളും ഇല്ലാതായി. മഴ പെയ്താൽ പുഴയിൽ കുത്തിയൊലിച്ച് വരുന്ന വെള്ളം കുറയുന്നത് വരെ കാത്ത് നിൽക്കേണ്ടി വരും അക്കരെയെത്താന്‍.

നാലഞ്ച് മണിക്കൂർ നടന്ന് മലയിറങ്ങി നാട്ട് പാതയിലെത്തിയാൽ മൂത്തുമ്മാന്റെ വീടായി. അവർ കഞ്ഞികുടി തുടങ്ങും മുമ്പേ അവിടെ എത്തിപ്പെട്ടാലെ കാലി വയറിലേക്കെന്തെങ്കിലും ചെല്ലൂ. അവിടന്ന് നാട്ടിലെത്താൻ ബസ്സിനുള്ള പൈസ മൂത്തുമ്മ തരുമായിരിക്കും. എന്നിങ്ങനെ ചിന്തിച്ച്, ആവി പറക്കുന്ന ആന പിണ്ഡത്തെ വക വെക്കാതെ ഞങ്ങൾ നടത്തത്തിന് വേഗത കൂട്ടി.








മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില