2009 ജൂൺ 26, വെള്ളിയാഴ്‌ച

കായി മൊബൈല്‍ നക്കി

ഞാന്‍ ജോലി ചെയ്യുന്ന നിര്‍മാണ ശാലക്കടുത്ത് മുതലാളിയുടെ തന്നെ കുറച്ച് കൃഷി സ്ഥലവുംഅതിൽ കുറേ വളർത്തു കാട്ടു മൃഗങ്ങളുമുണ്ട്. ഒഴിവു ദിവസങ്ങളിൽ സുഹൃത്തുക്കളും ഫാമിലികളും കാണാൻ വരിക പതിവാണ്.

ഇന്ന്‍ വന്നത് സമദായിരുന്നു.
ഞങ്ങളങ്ങനെ നടക്കവെ, ജർമ്മൻ ഷപ്പേഡിന്റെ കുട്ടികളെ കണ്ട് അതീറ്റങ്ങളെ കളിപ്പിച്ച് കൊണ്ടിരിക്കും സമയം ഞാനണിഞ്ഞ ജീൻസിന്റെ പോക്കറ്റിലുള്ള മൊബൈൽ ഫോൺന്റെ ബട്ടണമർന്ന് എന്റെ വീട്ടിലെ ഫോൺ വിളിച്ചു നെലോൾച്ചു.
(രാവിലെ നൂറ് റിയാൽ കേറ്റി പെങ്കോലുട്ടിയെ മൂന്ന് മിനുട്ട് പഞ്ചാരയടിച്ച് കാശ് പോവുന്നെടി പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്തതായിരുന്നു)

ചെറിയ മോൻ ഫോണെടുത്ത് കുറേ ഹലോകൾ പറഞ്ഞതിന് എന്റെ പോക്കറ്റിൽ നിന്നും തിരിച്ചങ്ങോട്ട് ‘വ ഹലോ‘ എന്നാരും മറുപടി പറഞ്ഞില്ല!
അവൻ ഉമ്മാനെ വിളിച്ചു. അവൾ വളരെയധികം ഹെലോ പറഞ്ഞതിനും ‘മാഫി ജവാബ്‘
പിന്നെ മുണ്ടാട്ടമില്ലാതെ സംസാരം ശ്രദ്ധിച്ചു.
ചെവിയെന്ന ഫീഡ് ഹോണിൽ കൂടി കടന്ന് പോവുന്ന ശബ്ദത്തെ അവളുടെ മണ്ടരിത്തല റസീവ് ചെയ്തപ്പോൾ മനസ്സിലെ മോണിറ്ററിൽ തെളിഞ്ഞു വന്നത് ഓളെ പുത്യാപ്ലന്റെ രൂപം, ഒച്ച.

അത് മനസ്സിലായ ഉടനെ അവൾ വീണ്ടും “ഹെലോ..ഹെലോ... ഇത് ഞാനാ ഇയ്യ, ഹെലോ ഇയ്യ സ്പീക്കിങ്ങ്...കുഞ്ഞൊ.....”
മാഫി ഫായിദ.! എല്ലാം പള്ളിക്കാട്ടിലേക്ക് സലാം പറഞ്ഞത് പോലായി പോലും.
പിന്നെ അവൾക്കും വന്നു ബുദ്ധി?
ഇത് അറിയാതെങ്ങാനും ഓണായതായിരിക്കാം! എന്ന് നിനച്ച് വേഗം ഫോൺ കട്ടാക്കി.
കുറച്ച് കഴിഞ്ഞ് തമാശക്കൊന്ന് എടുത്തു നോക്കി. അപ്പഴും കേൾക്കുന്നു ടോക്കിങ്ങ്, ദൂര ശ്രവണ യന്ത്രത്തിൽ കൂടി. പിന്നെ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ഓട്ടം.
അയൽപക്കത്തേക്കൊരാൾ; കമ്പനി നമ്പർ തിരഞ്ഞ് മറ്റൊരാൾ.
ഇതിനിടയിൽ ‘എൻ സംസാരം’ ശ്രവിച്ച ഞങ്ങളുടെ സംസാരത്തിൽ നിന്നും....

സമദ്:- “ഓള് പുറം നാട്ടുകാരിയാ അല്ലെ? എന്താ സൌന്ദര്യം”
ഞാൻ:- “അതേ”
“അല്ലേടാ...ഇതിൽ നിന്റെ വല്ല ഷെയറും ഉണ്ടൊ?
“എന്ത്?”
“അല്ല നിന്റെ ഓള് നാട്ടിലല്ലെ അപ്പൊ..(എഴുതാൻ പറ്റില്ല)....ഹ ഹ ഹാ....”
“പോഡാ...മ@{}$#..”
“അത് പോട്ടെ, നമ്മുടെ സുശീലക്കുട്ടീനെ കണ്ട്ല്ല?”
“ ഓളെ മൊതലാളീന്റെ വിട്ടിലേക്ക് കൊണ്ടേയ്നു. പക്ഷേ പള്ളേല് ഉണ്ടായപ്പൊ അവിടന്നും ഒഴിവാക്കി”
“ങൂം.. അതെന്തേ?”
“അത്, അവിടത്തെ അയ്ലോക്കത്തെ അൽ-കുവൈസിന്റെ വീട്ടിലെ കറുപ്പന്റെ കുട്ടികളായിരിക്കാമെന്നും പറഞ്ഞ്”
“പാത്തുട്ടിയോ?”
“സുശീലക്ക് പകരമായി ഓളാ ഇപ്പൊ അവിടെ”
“നീ പോകാറില്ലെ മൊതളിയുടെ വീട്ടിൽ?”
“പിന്നേ...”
“നിന്നെ കണ്ടാൽ അവൾ..?”
“അത് പറയണ്ട... എന്നെ കണ്ടാലവൾ ഓടി വരും. ഉടനെ ഞാൻ വാരിയെടുത്തൊരു ഉമ്മ കൊടുക്കും. ഇടക്ക് ഞാൻ അവളെ സ്വപ്നം കണ്ടിരുന്നു. ഓളെ അങ്ങോട്ട് കൊണ്ടോയത് എനിക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ലാ........”
ഇതിനിടയിൽ റൂമിൽ നിന്നും അയൂബ് ഓടി വന്നു പറഞ്ഞു. “ബഷീറ് ബായ് നിന്റെ ഫോൺ...ഫോൺ ഓഫാക്കാൻ...”
“ഹെന്ത് ഫോണെന്റെ ചങ്ങാതീ.. ഓണാക്കിയെങ്കിലല്ലെ ഓഫാക്കേണ്ടതുള്ളു?”
“അതല്ലാന്ന്.. നിങ്ങളെ അയൽ വാസി ഏതോ ഒരു ബാപ്പു എനിക്ക് വിളിച്ചു പറഞ്ഞു നിങ്ങളെ ഫോൺ ഓണായി കിടക്കുന്നെന്ന്”
“പടച്ചോനേ...ഞമ്മള് പറഞ്ഞ തോന്ന്യാസങ്ങളൊക്കെ അവൻ കേട്ടോ...”എന്ന് പറഞ്ഞതിനൊപ്പം തന്നെ ഞാൻ ഫോണെടുത്ത് ഓഫ് ബട്ടണമർ
ത്തി.

‘പിം പ്പീം...‘ ദി ലാസ്റ്റ് കാൾ കോസ്റ്റ്
എഴുപത്തൊന്ന് ഇരുപത് എസ് എ ആർ,യുവർ എക്കൌണ്ട്....
“അള്ളാ...ഞമ്മളെ കായി മൊബൈൽ നക്കിയെടാ”
ഞാൻ പറഞ്ഞ് മുഴുമുപ്പിക്കുന്നതിനും മുമ്പേ വീട്ടിൽ നിന്നും വിളി വന്നു.
“ഹലോ.. ങാ എന്തേയ്..?
“രാവിലെ ന്നോട് രണ്ട് മിനുട്ട് വർത്താനം പറഞ്ഞപ്പൊ കാശ് പോണൂ, കായി പോണൂന്ന് പറഞ്ഞ്......പ്പൊ എന്തായി?...അതാ പടച്ചോന്റെ പണി....അങ്ങനെ മാണം.....ന്നാലുംന്താ ങ്ങളെ എല്ലാ കള്ളത്തരവും ആ പടച്ചോൻ തന്നെ എനിക്ക് കേപ്പിച്ചു തന്നു....ഏതാ ഈ പറഞ്ഞ അവളുമാരൊക്കെ?”
“ങേ... അവളുമാരൊ? ഓ അതൊ അത് ഞാൻ പറ....”
“വേണ്ട ങ്ങളൊന്നും പറയണ്ട. ഇനിക്ക് അറിയാലൊ ങ്ങളെ..എനിക്കെല്ലാം മനസ്സിലായി....വേണ്ട, ങ്ങളെ പുന്നാരം ഇനി ന്നോട് വേണ്ട....വച്ചാളീ...”
ഫോൺ കട്ടായി.

ഇനി എന്താ ഒരു വഴി ? ഞാനാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ട് ണില്ലാ....

2009 ജൂൺ 18, വ്യാഴാഴ്‌ച

പ്ലീസ്‌ വെയിറ്റ്‌

പാടത്ത്‌ പണിയെടുത്ത് കൊണ്ടിരിക്കുന്ന ബാപ്പക്ക്‌ പഴം കഞ്ഞിയും ചമ്മന്തിയുമായി വരമ്പിലൂടെ നടന്നു പോവുകയായിരുന്നു കുഞ്ഞുമോന്‍. വരമ്പിലെ കലായി എടുത്തു ചാടിയ കുഞ്ഞുവിന്റെ ലങ്ങ്ത്തില്‍ വന്ന പിഴവിനാൽ ദാണ്ടെ കിടക്കുന്നു......


ചളിയിൽ നിന്നും എണീറ്റ് കയ്യിൽ നിന്നും തെറിച്ചു വീണ പാത്രമെടുത്തു നോക്കുമ്പോൾ കഞ്ഞി വെള്ളം പോയിട്ട് ഒരു വറ്റ് പോലുമില്ല. കലായിലെ വെള്ളത്തിൽ കൂടി ഒലിച്ചു പോവുന്ന വറ്റുകള്‍ കൊത്തി വിഴുങ്ങുന്ന പരൽ മീനുകളെ നോക്കി ഞാൻ, അല്ല കുഞ്ഞു
എന്തു ചെയ്യണമെന്നറിയാതെ തലയിൽ ക്ലിക്കി;‘പ്ലീസ് വെയ്റ്റ്’ തലപുണ്ണാക്കിൽ നിന്നും വന്ന റിസൽറ്റ് പ്രകാരം കുഞ്ഞു ഇങ്ങനെ വിളിച്ചു ചോദിച്ചു.
ബാപ്പാ.... കഞ്ഞി ചിന്തിപ്പോയീ...ഇനി ഇപ്പുമ്മൊളു അങ്ങട്ട് കൊണ്ടരട്ടേ.....
-------------------------------------

നാടകത്തിൽ നായകൻ വില്ലനെ വെടി വച്ച് കൊല്ലുന്ന അവസാന രംഗം.
വെടിയുതിര്‍ക്കുമ്പോള്‍ നെഞ്ചിൽ പിടിക്കും. അപ്പോൾ ചോരയൊലിക്കാനായി വില്ലന്റെ ഷറ്ട്ടിൻ പോക്കറ്റിൽ ബലൂണിൽ നിറച്ച ചോര നിറം റെഡി.

ഇതാ നായകൻ കളിത്തോക്ക് ചൂണ്ടി ഉന്നം പിടിച്ചു.
“ഇനി ഒരു നിമിഷം ഈ ഭൂമിയിൽ നീ ജീവിച്ചിരിക്കാൻ പാടില്ല” കാഞ്ചി വലിച്ചു; ‘ക്ലിക്ക്’
ടൈമിങ്ങ് കണക്കാക്കി ഞാന്‍ , അല്ല സംവിധായകൻ സ്റ്റേജിൻ പിറകിൽ പടക്കത്തിന് തിരി കത്തിച്ചു. “ശൂ.....”
പടക്കം പൊട്ടുന്നതും കാത്ത് വില്ലൻ; ‘പ്ലീസ് വെയ്റ്റ്’

നായകൻ ഇല്ലാത്ത ഒരു ഡയലോഗും കൂടെ കാച്ചി.
“നിന്റെ മരണം എന്റെ കൈ കൊണ്ട് തന്നെ” വീണ്ടും കാഞ്ചി വലിച്ചു; ‘ക്ലിക്ക്’
പിറകിൽ, ചീറ്റിപ്പോയ പടക്കത്തിന് പകരം വേറെ ഒരെണ്ണത്തിന് തിരി കൊളുത്തി. ‘ഫ്യൂം...’
തീ പടക്കത്തിനകത്തേക്ക് കേറാൻ ‘പ്ലീസ് വെയിറ്റ്’

നായകൻ ആദ്യം പറഞ്ഞ ഒരു നിമിഷം കഴിഞ്ഞിട്ട് പത്തെഴുപത് സെക്കന്റായി. ഇനിയും പ്ലീസ് വെയിറ്റ് ചെയ്യുന്നത് ശരിയല്ലെന്ന് മനസ്സിലാക്കി വില്ലൻ
“ആ...” എന്ന് ഉച്ചത്തിൽ നെലോളിച്ച് തന്റെ നെഞ്ചമറ്ത്തി. തണുചോര ഷറ്ട്ടിൽ കൂടി ഒലിച്ചിറങ്ങി. വീണ് മരിക്കാനായി ആടിക്കുഴഞ്ഞപ്പോൾ; “ഠെ.........പൊട്ട് കേട്ട് വില്ലനും നായകനും നാട്ടുകാരും ഞെട്ടി.
--------------------------------------

ഫാസ്റ്റ് ഫുഡ്ഡ് കടയിൽ നിന്നും കൊണ്ട് വന്ന ഭക്ഷണം ഞാനൊറ്റക്ക്? കഴിച്ച് കൊണ്ടിരിക്കെ സുഹൃത്ത് ചോദിച്ചു “ഹാഹഹ...എന്തൊക്കെ ഐറ്റംസാ..എന്നെന്തെടേയ് ഇത്ര ആഘോഷിക്കാൻ”
ഞാൻ സന്തോഷ പൂറ്വ്വം പറഞ്ഞു“ഇന്നെന്റെ ബ്ലൊഗിന്റെ പിറന്നാളാ
അത് കേട്ട് അവനെന്നെ തുറിച്ച് നോക്കിക്കാണും. കൈ നക്കിക്കൊണ്ടിരുന്ന ഞാനത് കണ്ടില്ല.
-----------------------------------

ബ്ലോഗാണ്ടറ്തി ആരെയും അറിയിക്കാഞ്ഞതെന്ത് കൊണ്ട്?
“സൌദി അറേബ്യേണ് രാജ്യം. ശരീഅത്താണ് നിയമം. തല പോയതു തന്നെ..” എന്നതിനാലല്ല. പിന്നെയോ? എന്റെ ജോലി! ‘പ്ലീസ് വെയ്റ്റ്’

ബ്ലോഗ് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാതെ, അതിനായി കുറെ അഗ്രിഗേറ്ററുകൾ ഉള്ളതറിയാതെ ഒരു പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഞാൻ തുടക്കം കുറിച്ച ബ്ലോഗ്!
മുമ്പെന്നോ തമാശക്ക് ക മ ന ത ഷ സ യ ബ ല അ എന്ന അറബി കീ ബോറ്ഡിന്റെ ഒരു വരി കണാ പാഠമാക്കി വച്ചതൊഴിച്ചാൽ, കമ്പൂട്ടറിന്റെ എവിടെ പിടിച്ചു തിരിച്ചാലാണ് ഓണും ഓഫുമാവുക എന്ന് പോലുമറിയാത്ത ഞാൻ ആരംഭിച്ച ബ്ലോഗ്!

വായിച്ചൊ എഴുതിയൊ മുൻപരിചയമില്ലാതെ എഴുതിയ എഴുത്തിൽ നല്ലതെന്ന് അവകാശപ്പെടാൻ ഒന്നുമില്ലാത്ത ബ്ലോഗ്!

ജീവിതത്തിൽ എന്തിനും, എവിടെയും ഒരു തടസ്സം മുമ്പേ എനിക്കുള്ളതാണ്. അതിന്റെ ഒരു ചെറു ഉദാഹരണമാണ് മുകളിൽ പറഞ്ഞ രണ്ട്‌ കഥ. ഇവിടെയും അത് സംഭവിച്ചു.
എന്നിരുന്നാലും ആഗ്രഹിക്കുന്നതൊക്കെയും (കഴിയുന്നതെ ആഗ്രഹിക്കാറുള്ളു ഉദാ:‌‌- ഇനിയൊരു ഫ്ലൈറ്റിന്റെ കോക്ക്പിറ്റിലിരുന്ന് അതിന്റെ സ്റ്റീറിങ്ങ് ഒന്ന് പിടിക്കണം) സാധിപ്പിച്ചു തരുന്ന പടച്ച തമ്പുരാന് എന്നുമെന്നും സ്തുതി.
ഈ നിമിഷം അകമഴിഞ്ഞ നന്ദിയോടെ സ്മരിക്കട്ടെ ഞാനെന്റെ പ്രിയ വായനക്കരെ.
പ്രത്യേക നന്ദി “നിങ്ങൾക്കായി” എന്ന പോസ്റ്റിന്.

പ്രോത്സാഹനങ്ങൾ, തിരുത്തലുകൾ, വിമര്‍ശനങ്ങള്‍ ഇനിയുമുണ്ടാവണം. അതാണീ ബ്ലോഗറുടെ ദൈര്യം, ബലം, ശ്രോതസ്സ്.
എല്ലവറ്ക്കും നല്ലതു വരട്ടെ എന്നാശംസിച്ച്, ഒരിക്കൽ കൂടി നന്ദി പറഞ്ഞ് കൊണ്ട് നിങ്ങളുടെ, ഒഎബി.

2009 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

സൂയിസൈഡ്

ഒരു കാരണവും കൂടാതെ ആത്മഹത്യ ചെയ്തെന്ന് പറയപ്പെടുന്നവറ്ക്ക് വലുതും ചെറുതുമായ നമ്മളറിയാത്ത, ആലോചിക്കാത്ത, അന്വേഷിക്കാത്ത പല കാര്യങ്ങൾ ഉണ്ടാവാം. ഒരു പഴയ കാല സഹപ്രവറ്ത്തകന്റെ ധാരുണ മരണത്തിൻ എന്റെ കാഴ്ചപ്പാടുകൾ, ഒന്നിച്ച് താമസിക്കുന്നവറ്ക്കും, ജോലി ചെയ്യുന്നവറ്ക്കും, സ്നേഹിതന്മാറ്ക്കും ഒരോറ്മപ്പെടുത്തൽ എന്ന രീതിയിൽ ഇവിടെ കുറിച്ചിടുന്നു.

കോഴി കൂവുന്നതോ, കാക്ക കരയുന്നതോ കേൾക്കാത്ത നാട്. ലേബറ് കേമ്പിൽ നേരത്തെ ഉണരാൻ വേണ്ടി പ്രാറ്ത്ഥനയോടെ കിടക്കുന്ന ചിലരിൽ ഒരാളായ അബുക്ക അന്നും നേരത്തെ ഉണറ്ന്ന് കിടന്ന്, പതിവ് പോലെ തന്റെ വീട്ടുകാരെ കുറിച്ചുള്ള ചിന്തയിലായിരുന്നു. ബാങ്ക്‌ വിളി കേട്ടതും പെട്ടെന്ന് എണീറ്റ് പ്രഭാത ക്രത്യത്തിനായി ഇരുമ്പും, തുരുമ്പും മറ്റു ഗുമാമ (വേസ്റ്റ്) കൾ നിറഞ്ഞ ഇടുങ്ങിയ വഴിയെ നടക്കവെ തന്റെ തല എന്തിലോ തട്ടി. ആദ്ദേഹം തന്റെ മുന്നോട്ട് വച്ച ഒരു കാൽ പിന്നോട്ട് വച്ച് തല ഉയറ്ത്തി നോക്കി. ഇരുണ്ട വെട്ടത്തില്‍ കാഴ്ച വ്യക്തമായതോടെ ഭയന്ന് ഒരാറ്ത്ത നാദത്തോടെ പിന്നോട്ടോടി. തൊട്ടടുത്ത റൂമിന്റ് വാതിൽ തല്ലിത്തകറ്ക്കും രൂപത്തിൽ മുട്ടി വിളിച്ചു. ഏസി യുടെ തണുപ്പിൽ പുതച്ച് മൂടി കിടന്നവരൊക്കെയും പ്രാകിക്കൊണ്ട് എണീറ്റ് പുറ്ത്തേക്കിറങ്ങി.
“എന്താ അബുക്കാ.... മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ?.
“...അവിടെ....അവിടെ....ആരോ.... തൂങ്ങി നിൽക്കുന്നു”. ഭയന്ന് വിറയാറ്ന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞൊപ്പിച്ചു.
അത് കേട്ടവറ് ആരും ഞെട്ടിയില്ല എന്ന് മാത്രമല്ല ചിരിക്കുക കൂടി ചെയ്തു. പിന്നെ ആരോ പറഞ്ഞു
“ഓ അതായിരുന്നൊ കാര്യം.. അത് ആ പോത്ത് ഹംസ എക്സസേയ്സ് ചെയ്യുന്നതാ അബുക്കാ...ങ്ങൾ ഇതു വരെ കണ്ടിട്ടില്ലെ?”
“അല്ല ചെങ്ങായിമാരെ ആ തൂങ്ങലല്ല.....ഇത് കയറ്....കഴുത്തിൽ”
സംഗതി പന്തികേട് തോന്നിയവറ് ഇടവഴിയിലെ ലൈറ്റ് തെളിയിച്ചു. കണ്ടവറ് കണ്ടവറ് ഞെട്ടി പിറകോട്ട് മാറി. കൂട്ടത്തിൽ ദൈര്യവാന്മാരിൽ ഒന്നുരണ്ട് പേറ് അടുത്തെത്തി . ലുങ്കി മാത്രമുടുത്ത് കഴുത്തിൽ കയറ് മുറുകിയിട്ട് കുറഞ്ഞ സമയമേ ആയിട്ടുള്ളു എന്ന് മനസ്സിലാക്കും മുമ്പേ തൂങ്ങിയത് “ഉറ്പ്പ്യേക്ക് പതിനാര്‍അണ” എന്ന് പറഞ്ഞ് അധികമാളുകളും കളിയായിരുന്ന ജബ്ബാറ് എന്ന ചെറുപ്പക്കാരനാണെന്ന് മനിസ്സിലായിരുന്നു.
കേട്ടെത്തിയവരിൽ അറബികൾ മാത്രം “ലിപ്ത്തൂൻ” (നൂലിൽ തൂക്കിയ ലിപ്റ്റൻ ചായപ്പൊടി ബാഗ്) എന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചു.
പിന്നെയൊക്കെ പെട്ടെന്നായിരുന്നു.
തൂങ്ങി മരിച്ചവരോട് ഒരു ദയാദാക്ഷീണ്യവും കാണിക്കാത്ത അറബിപോലീസ് “ലിപ്ത്തൂൻ” വെട്ടിമുറിച്ചു. ചക്ക വീഴും പോലെ.........!

ഡെഡ് ബോഡിയും കൊണ്ട് ആമ്പുലൻസ് കൂവി വിളിച്ച് സ്ഥലം വിട്ടതും ഞെട്ടലിൽ നിന്നും മുക്തരാവാതെ അന്തം വിട്ട് നിൽക്കുന്ന പണിക്കാരോടായി മുതലാളി ചീറി.
“എന്താ എല്ലാരും നോക്കി നിൽക്കൺ. നേരം വൈകി വേഗം പണിതുടങ്ങൂ”
വീട്ടിലേക്ക് പോകാൻ നേരം അവൻ ഫോർ മേനോടായി ഇങ്ങനെ കൂടി കൂട്ടിച്ചേറ്ത്തു.
“പണി ഒരു മണിക്കൂറ് വൈകി. അഞ്ച് മണിക്ക് നിർത്തണ്ട, ഇന്ന് ആറ് മണി ഓകേ...?"

സ്പോൺസറുടെ കീഴിലുള്ളവറ് പണിക്കിറങ്ങി. അല്ലാത്തവറ് റൂം വിട്ട് പുറത്തേക്ക് പോയി.
പണിശാലയില്‍ യന്ദ്രങ്ങള്‍ കരഞ്ഞു. ഒപ്പം കോ വര്‍ക്കേഴ്സും.

പക്ഷേ എല്ലാവറ്ക്കും ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു.
“എന്തിന്...? എന്തിനവൺ അത് ചെയ്തു?” ആറ്ക്കും ഒരു മറുപടിയും കിട്ടിയില്ല. കാരണം അവനെക്കുറിച്ച് ഒരാൾക്കറിയുന്നതേ മറ്റവനും അറിയുമായിരുന്നുള്ളു. നിഷ്കളങ്കൻ. എന്ത് പറഞ്ഞാലും ചിരിക്കുന്നവൻ.
തൊട്ടടുത്ത് ഓഫീസിൽ മാനേജരായി ജോലി ചെയ്യുന്ന ജ്യേഷടൻ ചോദിച്ചു. “എന്റെ പൊന്നുമോൻന് എന്തിനിത് ചെയ്തു?"
നാട്ടിൽ അല്ലലറിയാതെ അവനെ വളറ്ത്തിയവറ് ചോദിച്ചു“ന്റെ പടച്ചോനെ ഞങ്ങളെ കുട്ടിക്കെന്തെ പറ്റ്യെ?”

ഇതിനൊരു മറുപടി കിട്ടിയേ മതിയാവൂ!
അന്വേഷണത്തിൽ മനസ്സിലാക്കാൻസാധിച്ചത് ഞാൻ പറയാം!
ജബ്ബാറ്. സുന്ദരൻ പയ്യൻ. ഇരുപത്തി രണ്ട് വയസ്സിൽ ഗൾഫിലെത്തിയിട്ട് വെറും ആറ് മാസം.
കുട്ടികളെ മനസ്സ്.അയഞ്ഞ സംസാരം.

നിസ്സാര കാര്യത്തിന് പോലും കമ്പ്ലേന്റ് ചെയ്യുന്നതിനാൽ ഫാക്ടറിത്തൊഴിലാളികൾ അവനെ ‘ഉറ്പ്പ്യേക്ക് പതിനാറണ’ എന്ന് പറഞ്ഞ് കളിയാക്കുമ്പോൾ, അവന്റെ റൂം മേറ്റ്സായ മൂവറ് സംഘം വാക്കുകൾ
കൊണ്ട് റാഗിങ്ങ് ചെയ്യുവാൻ (തമാശ) കിട്ടുന്ന അവസരം പഴാക്കാറില്ല. ഒരിക്കല്‍ ടിയാന്മാര്‍
ടിവിയില്‍ ബിഎഫ് ചാനല്‍ വച്ച് അവനെ വിളിച്ച് കയ്യില്‍ 'പാരചൂറ്റ് ' ന്റെ ബോട്ടലും പിടിപ്പിച്ച് മറ്റു റൂമുകളിലുള്ളവരെ വിളിച്ചു വരുത്തി കാണിച്ചു കൊടുത്തു. എല്ലാവരും കൂടി കളിയാക്കി ചിരിച്ചപ്പോള്‍ മാത്രമാണ് സംഗതിയിലടങ്ങിയ തമാശയവന് പിടുത്തം കിട്ടിയത്.എന്നാലും അവനവരെ ഇഷ്ടമായിരുന്നു.
മധുരഭാഷണവും, സൌന്ദര്യവറ്ണ്ണനയും കൊണ്ട് സാന്ത്വനം, സഹായം ഞങ്ങളിലൂടെ എന്ന പൊള്ളത്തരം ആ ലോലമനസ്സിൽ കുത്തി വക്കാൻ മിടുക്കരുമായിരുന്നു മേൽ സംഘം.

ഒരു ദിവസം സംസാരിച്ചിരിക്കെ (പ്രലോഭനങ്ങൾക്ക് വഴങ്ങി) അവനത് പറഞ്ഞു.
“-ഞാനൊരു കുട്ടിയെ ഇഷ്ടപ്പെടുന്നു.....
ബന്ധുവാൺ. ഇഷ്ടം പോലെ പണമുണ്ട്. തന്തപ്പടി വലിയ ഗവ: ജോലിക്കാരനാണ്. ഇഷ്ടം വൺ വേ ആണെന്നും കൂടി അവൻ പറഞ്ഞപ്പോൾ, അവൻ അവളെ കാണുന്നതും, കാണുമ്പോഴുള്ള പ്രതികരണവും, സമയവും, സന്ദറ്ഭങ്ങളും വലിയ കാര്യത്തോടെ (അഭിനയം) ചോദിച്ചറിഞ്ഞ് മൂവറ് സംഘം ഒരു തീരുമാനത്തിലെത്തി!
“ഇഷ്ടം വൺ വേയല്ല. അവൾക്ക് നിന്നോട് കടുത്ത പ്രേമമാണ്. നിന്നോട് പറയില്ല. കാരണം, അവൾക്ക് വിവരമുണ്ട്!
നാടൻ ഭാഷയിൽ പറഞ്ഞാൽ, എത്രത്തോളം ഒരാളെ ‘പുളിമേൾ കേറ്റാൻ’ പറ്റുമോ അത്രത്തോളം കേറ്റി. (പോസ്റ്റ് നീളുമെന്നതിനാൽ കൂടുതൽ വിവരിക്കുന്നില്ല)
അവസാനം കൂട്ടിച്ചേറ്ത്തു...“നീ കണ്ടോ അവളൂടെ എഴുത്ത് നിനക്ക് വരും. അവളുടെ ഇഷ്ടം അറിയിച്ച് കൊണ്ട്”!
അവനത് അത്രയങ്ങ് വിശ്വസിച്ചിരുന്നില്ലെങ്കിലും ഒരു നാൾ പ്രതീക്ഷിക്കാതെ അവനവളുടെ എഴുത്ത് വന്നു.

ജോലി സമയത്ത് കിട്ടിയ എഴുത്ത് ബാത്ത് റൂമിൽ കേറി അവൻ വായിച്ചു. നാട്ടിൽ നിന്നും കാണുമ്പോൾ മിണ്ടാൻ പറ്റാത്തതിൻ കാരണം വിവരിച്ചും കൊണ്ട് അവൾ മനസ്സ് തുറന്നു.
അതിലെ വാചകങ്ങൾ ഓരോന്നും അവനെ കോരിത്തരിപ്പിച്ചു. സുഹൃത്തുക്കളുമായി സന്തോഷം പങ്ക് വക്കാൻ മനസ്സ് വെമ്പി. അന്ന് അഞ്ച് മണിയാകാൻ സമയമേറെ ഉള്ളതായി അവന് തോന്നി.
എന്നാൽ, മൂവറ് സംഘത്തിലൊരുത്തൻ അവന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് അപ്പപ്പോൾ മറ്റുള്ളവറ്ക്ക് വിവരം നൽകുന്ന കാര്യം പാവമറിഞ്ഞിരുന്നില്ല!
കാരണം അവരായിരുന്നല്ലൊ അവളെഴുതുന്ന രൂപത്തിൽ കത്തെഴുതി നാട്ടിൽ പോകുന്ന ഒരാളുടെ കൈ വശം കൊടുത്തയച്ച് നാട്ടിൽ നിന്നും ഇങ്ങോട്ട് തന്നെ പോസ്റ്റ് ചെയ്യിപ്പിച്ചത്.
കത്ത് കിട്ടിയ വിവരം പറഞ്ഞപ്പോൾ മറുപടിയും അവറ് തന്നെ എഴുതിക്കൊടുത്തു .

തന്റെ കത്ത് അവള്‍ക്ക് കിട്ടി അതിനുള്ള മറുകത്തും പ്രതീക്ഷിച്ച് ഇരുന്ന ജബ്ബാറിന് ഒരു മാസത്തിന് ശേഷം കിട്ടിയത്, അവനെ മകനെപ്പോലെ ലാളിച്ചിരുന്ന ജ്യേഷ്ടന്റെ കയ്യിനാൽ കരണ കുറ്റിക്കുള്ള മൂന്നാല് പെടയും നൂറിലധികം ആൾക്കാരുടെ ഇടയിൽ വച്ചുള്ള ചീത്ത പറച്ചിലും.

പിറ്റേ ദിവസം ഇതേ ജ്യേഷ്ടൻ അവനെ കെട്ടിപ്പിടിച്ച് മാപ്പ് പറഞ്ഞ് അവനെ നല്ല രീതിയിൽ ഉപദേശിച്ച് ജോലിക്ക് പോയി.
ദിവസങ്ങൽ കഴിഞ്ഞു. എല്ലാം നല്ല നിലയിൽ അവസാനിച്ചതായി അവന്റെ കളി തമാശ കണ്ട് ജനം ഊഹിച്ചു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഉച്ചയുറക്കം കഴിഞ്ഞ് പുറത്തേക്കൊന്നും പോകാതെ അവൻ തന്റെ ഇഷ്ട ഗാനങ്ങളും ശ്രവിച്ച് ക്യാമ്പിൽ തന്നെ കൂടി. രാത്രി ഏറെ വൈകി അവൻ ഡ്യൂട്ടി ഡ്രസ്സ് അലക്കിയിടവെ ആരോ ചോദിച്ചു പോൽ “ങാ...അത് ശരി--ഫിലിം കണ്ട്---ഇപ്പഴാ കുളിക്കാനും അലക്കാനും സമയം കിട്ടിയേത് അല്ലേ?“
അതിനവൻ “ഒന്ന് പോയീം കാക്ക” എന്ന മറുപടിയും കൊടുത്തു.

പിറ്റേ ദിവസം രാവിലെ ഒരു ചെറിയ പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങി നിശ്ചലനായി അവന്റെ ജീവനറ്റ
ശരീരം കണ്ട് മറ്റുള്ളവരോടൊപ്പം, അവന്റെ റൂം മേറ്റ്സായ മൂവറ് സംഘവും ചോദിച്ചു. “എന്താ പ്പൊ ആ ചെങ്ങായ് കാട്ട്യേത്?

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ ചോദിച്ചു.
“അവന്റെ മരണത്തിന് ......ഹേതു ...നിങ്ങൾ കൂടിയല്ലെ?”
മറുപടിയായി അവരിലൊരുത്തൻ പറഞ്ഞു “ങേ....ഞങ്ങളല്ലെ ഓനെ അവടെ കെട്ടിത്തൂക്ക്യേത്. ജ്ജൊന്ന് പോഡാ
മ$%$.. ഹല്ല പിന്നെ.....ഓന്റെ ഒരു ചോദ്യം. ഒന്ന് പോയി പണി നോക്കെന്റെ ചെങ്ങായി...?”
പിന്നെയവൻ പൊട്ടിച്ചിരിച്ചു. അത് കേട്ട് മറ്റുള്ളവരും ചിരിച്ചു. പിന്നെ ജനം മൊത്തം ചിരി തുടങ്ങി. അവസാനം അതൊരട്ടഹാസമായി....

ഞാനവിടെ ഒറ്റപ്പെടുന്നുവോ എന്ന ഒരു തോന്നൽ.

പിന്നെ എനിക്കും സംശയമായി---അല്ല....എന്ത് കാരണത്തിനായിരിക്കാം അവൻ ആത്മഹത്യ ചെയ്തത്?.
-----------------
വളരെ ചെറിയൊരു ഗുണപാഠം കൂടി:-‌‌
ഒരാളുടെ ബലഹീനതയെ മുതലെടുത്ത് അകത്തിറച്ചിക്ക് കൊള്ളുന്ന തരത്തിൽ തമാശ കളിക്കുമ്പോൾ ഓർക്കുക.
പ്രതികരണ ശേഷി നഷ്ടപ്പെടുമ്പോളവൻ നമ്മളോട് മധുരമായി പകരം വീട്ടുന്നത് പല രീതികളിലായിരിക്കാം.
കൂട്ടിലിട്ട് വളറ്ത്താതെ മക്കളെ ചെറുപ്പത്തിലേ സ്വന്തം കാര്യം ഒറ്റക്ക് ചെയ്യാൻ പരിശീലിപ്പിച്ച് ആരുടെ മുമ്പിലും കൂസലില്ലാതെ നിൽക്കാൻ പ്രാപ്തരാക്കുക.

2009 ജനുവരി 13, ചൊവ്വാഴ്ച

സഖാവ് വിരുതന്‍

ഭരണിയിലുള്ള മുട്ടായി,റൌണ്ടുട്ടായി, കട്ടായി കട്ടെടുത്ത് തിന്നാൻ ഉപ്പ പള്ളിയില്‍ പോവുന്നത് എന്നും നോക്കിയിരിക്കും സഖാവ് വിരുതൻ .
സഖാവ് വിരുതന്‍ മറ്റാരുമല്ല, എന്റെ അനുജൻ തന്നെ!
മൂന്നാം തരത്തില്‍ പഠിക്കുന്ന അവൻ സ്കൂൾ വിട്ട് വന്നാൽ , ഞങ്ങളുടെ വിക്കി,വിക്കി പീടികയിലെ ബീഡി തെറുപ്പുകാരും, സഖാക്കളുമായ ആലി ഗോപാലന്മാരുടെ കൂടെ ഞായം പറഞ്ഞിരിക്കലാണ് പിന്നത്തെ പണി. നന്നേ കുട്ടിയായിരിക്കുമ്പോൾ തന്നെ ഏത് കാര്യത്തിനും എന്നെക്കാളും അല്പം കൌശലം കു‌ടുതല്‍ ഉള്ളതിനാൽ പീടികയിൽ വരുന്നവരും മറ്റും അവനെ വിരുതൻ എന്ന ഓമനപ്പേര് നൽകി ഓമനിച്ചു .
ആലിയും ഗോപാലനും, സഖാവ് എന്ന ഒരു ബിരുദം നല്കി ആദരിച്ച ശേഷം അവന്‍ സഖാവ് വിരുതൻ എന്ന പേരിലറിയപ്പെടാൻ തുടങ്ങി.
പള്ളിയില്‍ നിന്നും ബീരാന് മൊല്ലയുടെ അസര്‍ ബാങ്ക്‌!. തന്റെ കലാ പരിപാടി ആരംഭിക്കാനുള്ള ഒരു വിളിയാളമായി അവനന്നും തോന്നി.
ഉപ്പ പള്ളിയിലേക്ക് പുറപ്പെട്ടതും അവന്‍ മേശപ്പുറത്തെ ഭരണികളെ മാറി, മാറി നോക്കി.
ഒരു മസാല കേക്ക് ആദ്യം തട്ടിയപ്പോള്‍ അടുത്ത ഐറ്റംസിന് കൂടുതൽ ചിന്തിക്കേണ്ടതായി വന്നില്ല. ഒരു അരുള്‍ ജ്യോതിയും കൂടി റാഞ്ചി, ഊമ്പി വലിച്ച് തിന്നാൻ സമയം ഇല്ലാത്തതിനാൽ കടിച്ച് ചവച്ച് വേഗത്തിൽ അകത്താക്കി. ഇതൊക്കെയും കസ്റ്റമേഴ്സ് കാണാതെ കയ്യിലൊതുക്കാനുള്ള അവന്റെ യുക്തിവൈഭവം എടുത്ത് പറയേണ്ടത് തന്നെ.
ഇനി അഥവാ ആരെങ്കിലും കണ്ടാലും ഞങ്ങളുടെ പീടിക, ഞങ്ങളുടെ ഭര(ണി)ണം, ഇങ്ങക്കെന്താ കോങ്ക്രസ്സെ. എന്നാണ് അവന്റെ ഭാവം.

" സ്വഭാവം ശരിയല്ല കേട്ടോ" ഞാന്‍ പലപ്പോഴും എതിർ പ്രകടിപ്പിക്കും.
“നീ പോടാ കട്ഞ്ഞിപൊട്ടേ” അവന്റെ പ്രതിരോധശേഷി വായ് കൊണ്ട് മാത്രമല്ല എന്ന് ശരിക്കറിയാവുന്ന ഞാൻ, വലിയ തവളയെ കണ്ട കൊക്കിനെ പോൽ കണ്ണടക്കും.

അന്ന് പതിവ് പരിപാടി അവസാനിച്ചപ്പോൾ സഖാവ് വിരുതന് വേറെ ഒരു പൂതി കൂടി തോന്നി,,,. ഒരു ബീഡി കൂടി ആയാലെന്താ?.
അങ്ങനെ ഒരു ബീഡി പൊക്കി , തീപ്പെട്ടിയിൽ നിന്നും ഒന്ന് രണ്ട് കോലും ഊരിയെടുത്ത് പീടികയുടെ പിന്നാമ്പുറത്തേക്ക് എസ്കേപ്പായി.

പള്ളി പിരിഞ്ഞ് വന്ന ഉപ്പയുടെ കണ്ണിൽ പെട്ടത് മേശപ്പുറത്ത് കിടക്കുന്ന അരുൾ ജ്യോതി പൊതിഞ്ഞ കടലാസ്!. ഭരണിയുടെ ചരിഞ്ഞടഞ്ഞ അടപ്പ്!. ആദ്യമേ സംശയമുണ്ടായിരുന്ന ഉപ്പാക്ക് രണ്ടാമതൊന്നാ‍ലോചിക്കേണ്ടി വന്നില്ല.
ഉപ്പ ശബ്ദമുണ്ടാക്കാതെ അവനെ തിരഞ്ഞു. പീടികയുടെ പിറക് വശത്ത് ചുമരും ചാരി ഒരു കാൽ മടക്കി കേറ്റി വച്ച് മൂളിപ്പാട്ടും പാടി ബീഡി ആഞ്ഞ് വലിച്ച്, മൂക്കിൽ കൂടി പൊഹ എങ്ങനെ വരുത്താം എന്ന് പരിശീലിക്കുന്നു.

അവനെ കണ്ടതും ഉപ്പ പീടികക്കകത്തേക്ക് തന്നെ വലിഞ്ഞു. നേരെ പോയി ഒരു കെട്ട് സാധു ബീഡിയും ഒരു സുറൂം കുറ്റിയും (ഓട, ഈറ്റ .ഇതിൽ മണ്ണെണ്ണ ഒഴിച്ച് ചകിരിത്തൊപ്പ തിരുകി ക്കേറ്റി കത്തിച്ചായിരുന്നു രാത്രിയിലെ യാത്രക്കാറ് വഴി നടന്നിരുന്നത്)കയ്യിൽ പിടിച്ച് വീണ്ടും പീടികയുടെ പിറക് വശത്തേക്ക് ശബ്ദമുണ്ടാക്കി തന്നെ നടന്നു.


“ഓന്റെ ബീഡി വലി ഇന്ന് ഞാൻ തെകച്ച് കൊടുക്കാം. ഹറാം പെറന്നോനെ അന്നെന്ന് ഞാൻ...... “. ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവൻ ഞെട്ടി. ഉപ്പ ഓടക്കുറ്റിയും ഓങ്ങിക്കൊണ്ട് അടുത്തെത്തിയതും, വായിലുള്ള പുക പുറത്തേക്ക് വിടാൻ കഴിയാതെ അവൻ ഒറ്റ വിഴുങ്ങൽ.
ഉപ്പ അവന്റെ തല പിടിച്ച് ഇരുപത് ബീഡിയുടെ ഒറ്റക്കെട്ട് ഒന്നിച്ച് വായിൽ തിരുകി കേറ്റി വച്ച് തീപ്പെട്ടി ഉരസി.
“വലി...മക്കള് വലിച്ചാട്ടെ.... പുന്നാരമോന്റെ വലി ഞാനൊന്ന് കാണട്ടെ...”
ഉപ്പയുടെ മുഖം കോപത്താൽ ചുവന്നു. ശബ്ദം ഒരട്ടഹാസമായി.
അകത്തേക്ക് വിട്ട പുക മൂക്കിൽ കൂടി പുറത്തേക്കും (പുക എങ്ങിനെ മൂക്കിൽ കൂടി വിടാം എന്നവൻ അപ്പോൾ പഠിച്ചു) ഒപ്പം ചുമയും കൂടി കൂട്ടിനുണ്ടായതിനാൽ, ഉപ്പ പിന്നെ പറഞ്ഞതൊന്നും അവന് മനസ്സിലായില്ല.

ഈ ശിക്ഷയിൽ ആഹ്ലാദിക്കുന്ന ഒരുവൻ ഉണ്ടായിരുന്നു അവിടെ . അതെ, അത് ഞാൻ തന്നെ!.
കാരണം, അവന്റെ പോക്ക്രിത്തരം ഞനാണല്ലൊ കൂടുതൽ അനുഭവിക്കുന്നത്.
കുഞ്ഞാണിയേ വിട്”.
“ഞ്ഞി ഓൻ വലിക്കൂല”.
“ന്തേയ്..സഖാവേ അങ്ങ്നെയല്ലെ....?ഇനി ഒരിക്കലും ബീഡി വലിക്കൂലാന്ന് ഉപ്പാനോട് പറയ്”.
പീടികയിലുള്ളവരുടേയും മറ്റും ഒത്ത് തീറ്പ്പ് .
കാര്യം സുല്ലാക്കി എല്ലാവരും പിരിഞ്ഞു. അവന്റെ ഉച്ച്ത്തിലുള്ള കരച്ചിൽ പിന്നെ ഏങ്ങിയേങ്ങി വോള്യം കുറഞ്ഞും, ഇടക്കിടക്ക് ഞാൻ വന്ന് കളിയാക്കുമ്പോൾ ശബ്ദമുയറ്ത്തിയും പിന്നെ മറന്നും, ഓറ്ക്കുമ്പോൾ വീണ്ടും ഒരേലക്കമായി തുടറ്ന്നും കുറേ നേരത്തേക്ക് അവസാനിച്ചിരുന്നില്ല.

---മഹത്തായ രണ്ടാം വാരത്തിലേക്ക്. അതെ നിലമ്പൂര്‍ രാജേസ്വരി തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദറ്ശനം തുടരുന്നു. ഷീല, പ്രേം നസീറ്. ഭാസി......”ദൂരെ നിന്നും അടുത്ത് വന്ന് കൊണ്ടിരിക്കുന്ന അനൌൺസ് മെന്റ് കേട്ട്, എപ്പഴോ കരയാന്‍ മറന്ന്‍ പോയി മൂക്കിൽ തുഴഞ്ഞ് കൊണ്ടിരുന്ന വിരലെടുത്ത് സഖാവ് വിരുതൻ ചെവി കൂറ്പ്പിച്ചു.
നോട്ടീസ്....!” ( അന്ന് ഞങ്ങളുടെ ഒരു വീക്ക്നെസ്സായിരുന്നു നോട്ടീസ് ശേഖരണം)
ചിന്തിച്ച് നിൽക്കാൻ സമയമില്ല. അവൻ റോഡിലേക്ക് പാഞ്ഞു. നോട്ടീസ് പുറത്തേക്കെറിഞ്ഞ് കൊണ്ട് ജീപ്പ് ഞങ്ങളുടെ അടുത്തെത്തി. നേരത്തെ റോഡിൽ എത്തിയ എനിക്ക് രണ്ടെണ്ണം കിട്ടി. അവനൊരെണ്ണമെങ്കിലും കിട്ടാനായി ജീപ്പിന്റെ പിറകിൽ “ഹേയ് ...നോട്ടീസ്, നോട്ടീസ് “ എന്ന് വിളിച്ച് കൂവി ഓടിക്കൊണ്ടിരിക്കെ തട്ടിത്തടഞ്ഞ് റോഡിൽ വീണതും ഒരു ലാറി ജീപ്പിനെ കടന്ന് വന്നതും ഒരുമിച്ച്.
കമിഴ്ന്നടിച്ച് വീണ് കിടക്കുന്ന അവന്റെ തലക്ക് നേരെ ലോറി ചക്ക്രം......
ഞാൻ പേടിച്ച് കണ്ണ് പൊത്തി. ലോറി ഞങ്ങളെ കടന്ന് പോയി.
“ന്റെ പടച്ചോനേ...’ ഉപ്പയുടെ കരച്ചിൽ.
ആരെക്കെയോ ഓടിക്കിതച്ചു വരുന്ന ശബ്ദം.
പിന്നെ കേട്ടു അവന്റെ കരച്ചിൽ. ഞാൻ കണ്ണ് തുറന്ന് നോക്കി. ഓടിക്കൂടിയവറ് വീണീടത്തും നിന്നും അവനെ പൊക്കിയെടുത്ത് പീടികയിലെ ബഞ്ചിൽ കിടത്തി.
“അള്ള കാത്തു. ഒന്നും പറ്റീലല്ലൊ”.ആരോ.

അവൻ കരഞ്ഞ് കൊണ്ട് തലയിൽ തപ്പി. അപ്പോൾ കണ്ടു... കൈ വിരലിൽ ചോര.
“ന്റെ കുട്ടിന്റെ തല...”അത് കണ്ട് ഉപ്പ വീണ്ടും കരയാൻ തുടങ്ങി. ഓടിക്കിതച്ച് ഉമ്മയും സ്ഥലത്തെത്തിയപ്പോൾ കൂട്ടക്കരച്ചിൽ.
ഇല്ല കുഞ്ഞാണിയേ കാര്യമായി ഒന്നും പറ്റീട്ടില്ല. നീ ബേജാറാവല്ലെ”. ലോറി ചക്ക്രമുരഞ്ഞ് അവന്റെ തലയിൽ വട്ടത്തിൽ മുടിയടക്കം തൊലി ഉരഞ്ഞ് പോയിരുന്നു. പിന്നെ എന്തൊക്കെയോ നാടൻ മരുന്ന് വച്ച് കെട്ടി.
അപ്പോൾ ഞാൻ ചിന്തിക്കയായിരുന്നു,,,, അര മണിക്കൂറ് മുൻപേ കണ്ട ഞങ്ങളുടെ ഉപ്പാന്റെ മുഖം ഇതായിരുന്നില്ലല്ലൊ ?.

2008 സെപ്റ്റംബർ 1, തിങ്കളാഴ്‌ച

നിണമണിഞ്ഞ നോമ്പുകള്



കുല്ലു ആം അന്തും ബി ഖൈറ് .
--------------------------------
ചായക്കടയില് ഞങ്ങള് കുട്ടികൾക്ക് കയ്യെത്താ ദൂരത്ത് വച്ച ഫിലിപ്സ് ന്റെ
നാല് വാൾവ്  ഉള്ള റേഡിയോയിൽ നിന്നും കാള സോദരി രാഗത്തില്‍ കഷ്ടാങ്ങ വൈദ്യര്‍ പാടുന്ന കീർത്തനം ആസ്വദിച്ച് ഇരിക്കുന്ന നാട്ടുകൂട്ടത്തെ നിരാശരാക്കി ക്കൊണ്ട് ആകാശ വാണിയിലെ ഏതോ ഒരു വാണി മൊഴിഞ്ഞു.
“ഒരു പ്രത്യേക അറിയിപ്പ്.......കടപ്പുറത്ത് മാ‍സം കണ്ടതായി...........നാളെ നോമ്പായിരിക്കുമെന്ന്.......”
കാരണവന്മാരില്‍ ചിലർ “ എന്റെ പടച്ചോനെ...” എന്ന് ആത്മഗദം ചെയ്തത് ഭക്തി കൂടിയത് കൊണ്ടാണൊ എന്ന് അത്ര തിട്ടമില്ലാ‍യിരുന്നു.

ജനം പിരിഞ്ഞു.

നാളെ മുതല്‍ നോമ്പ് തുറന്ന് രണ്ട് മൂന്ന് മണിക്കൂറ് കാലി ചായ വിറ്റതിന്റെ പ്രോഫിറ്റ് കൊണ്ട് ആറേഴെണ്ണത്തിന്റെ പള്ളേല് ഉണ്ടാക്കാനുള്ളതൊന്നും തന്നെ വാങ്ങാന്‍ തികയില്ല എന്ന് എന്റെ ഉപ്പാക്ക് മുന്‍പരിചയം ഉള്ളതിനാല്‍ ഹോട്ടല്‍ മുഗള്‍ എന്ന പ്രസസ്ഥ സ്ഥാപനത്തിന്റെ, മൂച്ചിപ്പലകയാല്‍ നിർമ്മിതമായ പ്രധാന കവാടം ആമത്താഴിട്ട് പൂട്ടിക്കൊണ്ട് ഉപ്പ വീടണഞ്ഞു.

ഞങ്ങള്‍ നാട്ടിലെ അറിയപ്പെടുന്ന ഹോട്ടല്‍ ബിസിനസ്സുകാര്
. കൊയ്ത്തും മെതിയുമായി വർഷാ വർഷം
മൂന്ന് നാല് പറ നെല്ല് വീട്ടിലെ ബല്ലക്കൊട്ടയെന്ന ഗോഡൌണില്‍ സൂക്ഷിക്കപ്പെടുന്നവര്. അതിന്റെ വൈക്കോല്‍ രണ്ടാഴ്ച സുഖമായി തിന്ന് ഏമ്പക്കമിടാത്ത;, മെയ്ത്യാക്കാന്റെ ആനയെ കുത്തി തോല്പിച്ച, ആലയില്‍ നിറഞ്ഞ് നില്‍കുന്ന ചൂട്ടി എരുമ. കറിയായി വെക്കാന്‍ മുറ്റത്ത് മുരിങ്ങാമരമൊന്ന്. ഞാനൊ...?. സെഞ്ചുറി മില്ലിന്റെ കലാപി കോട്ടണ്‍ കുപ്പായം, അലുമിനിയ പിഞ്ഞാണത്തില്‍ ചിരട്ടക്കണലിട്ട് ഇസ്തിരിയിട്ട് ചുളിയാതെ നടക്കുന്നവന്‍. ചുരുക്കിക്കുറുക്കി പറഞ്ഞാല്‍ ഹോട്ടലില്ലെങ്കിലും ഞങ്ങള്‍ക്ക് പട്ടിണി കിടക്കാം എന്നത് നാട്ടുകാർക്ക് അറിയില്ല. ഞങ്ങള്‍ അറിയിച്ചിരുന്നില്ല എന്നതാണ് ശരി.

അത് കൊണ്ട് ഉപ്പ ഒരു ഭയങ്കര തീരുമാനം എടുത്തു. നാട്ടിലെ പേര് കേട്ട പണക്കരന്റെ കൂടെ കള്ളക്കടത്ത് ബിസിനസ്സ്!


 നോമ്പ് ചില്ലറ ദിവസങ്ങള്‍ പിന്നിട്ടു. ഉപ്പ വിദേശ രാജ്യങ്ങളായ പാലക്കാട്, കാലടി എന്നിവിടങ്ങളില്‍ കുറച്ച് ദിവസങ്ങളായി ബിസിനസ്സ് ടൂറിലാണ്. അവിടങ്ങളിലേക്ക് കരിഞ്ചന്തയായി ലോറിയില്‍ കേറ്റി പോയ സ്വർണ്ണക്കളറുള്ള നെല്ലിന്റെ പൈസ കിട്ടാന്‍ കാത്തിരുന്നതിനാല്‍ വീട്ടിലേക്കുള്ള എല്ലാ കമ്മ്യൂണിക്കേഷനും തല്‍ക്കാലമായി നിന്നു പോയിരുന്നു.

നോമ്പ് ആദ്യത്തില്‍ അരിപ്പത്തിരി, പിന്നെ ഗോതമ്പത്തിരി, പിറ്റേന്ന് തിരിക്കാത്ത ഗോതമ്പ്, പിന്നീടുള്ള ദിവസങ്ങള്‍ കിലോക്ക് അമ്പത് പൈസ നിരക്കില്‍ പ്ലാസ്റ്റിക്കിനെ നാണിപ്പിക്കുന്ന (കൈപ്പ് ഫ്രീ ) പറമ്പന്‍ മരച്ചീനിയാല്‍ നോമ്പ് തള്ളിയിട്ടപ്പോഴേക്കും  ഖജനാവ് കാലി. പിന്നെ മടിച്ചു നിന്നില്ല. അയല്‍ പക്കത്ത് മാനം പണയം വച്ച് അരിയും മറ്റും കടം വാങ്ങി. ഒരു കാലത്ത് വയറ് നിറച്ചുണ്ണാന്‍ ഞങ്ങളുടെ വീട്ടീല്‍ വരേണ്ടിയിരുന്ന അവരില്‍ നിന്നും തുടർന്നും സഹായമഭ്യാർത്തിക്കാൻ പിന്നെ മാനം സ്റ്റോക്കില്ലായിരുന്നു.

കിട്ടിയാല്‍ ഒരു നോമ്പ് പോയാല്‍ ഒരു നിയ്യത്ത് എന്ന് കരുതി ഏഴു വയസ്സ് കാരന്‍ അനുജന്‍ വരെ നോമ്പ് കാരനാണ്. മാത്രവുമല്ല, എങ്ങനെയെങ്കിലും ടൈം അഡ്ജസ്റ്റ് ചെയ്ത് നോമ്പ് തുറന്ന് ഭക്ഷണം വിളംമ്പുംമ്പോള്, നോമ്പ് ഉള്ള മക്കള്‍ക്ക് ഉമ്മാന്റെ വക ബോണസ്സായി രണ്ട് പത്തിരിയെങ്കിലും അധികം കിട്ടും എന്ന ഒരു ഉള്‍ കാഴ്ചയും അന്നത്തെ നോമ്പിനുണ്ടായിരുന്നു.

അങ്ങനെ നോമ്പ് തുറക്കാനുള്ള സമയം അടുത്തു കൊണ്ടിരിക്കുന്നൂ. ഉപ്പയെ പ്രതീക്ഷിച്ചിട്ട് ഇനി കാര്യമില്ല എന്ന് മനസ്സിലാക്കി ഉമ്മ, അന്നത്തെ പാഠ പുസ്തകത്തിലെ ഖലീഫ ഉമറ് എന്ന കഥയിലെ നായികയായി. കിണറ്റില്‍ നിന്നും ഫ്രീയായി കിട്ടുന്ന വെള്ളം മണ്‍ കലത്തില്‍ ഒഴിച്ച് വീട്ടില്‍ സ്വന്തമായി ഉണ്ടായിരുന്ന അടുപ്പിന്‍ മുകളില്‍ ചൂടാകാന്‍ വച്ചു.
ആ സമയം “ ഇതാ നോമ്പ് തുറക്കാന്‍ സമയമായി കൊണ്ടിരിക്കുന്നു. ഞാനൊന്നും കാണുന്നില്ലല്ലൊ നാഥാ എന്റെ കുഞ്ഞു മക്കള്‍ക്ക് കൊടുക്കാന്‍. ....”

എന്ന്ഉമ്മ പ്രാർത്ഥിച്ചത് ശബ്ദമായി പുറത്തേക്ക് വന്നില്ലെങ്കിലും, കയ്യില്‍ ഐല മീന്‍ തവരക്കോലില്‍ കോർത്ത് തൂക്കിപ്പിടിച്ച് നടന്നു പോകുന്ന അയല്‍ പക്കത്തെ അബുകാക്കയെ നോക്കി ഒതുക്കുകല്ലിലിരിക്കുന്ന ഞാനെന്ന പന്ത്രണ്ട് വയസ്സുകാരന്‍ അത് കേട്ടിരുന്നു.

ആ സമയത്തതാ ദൈവം ഞങ്ങളുടെ വീടിന്റെ കുറേ അകലെയുള്ള ഒരു പയ്യന്റെ രൂപത്തില്‍ കയ്യില്‍ ഒരു പാത്രവുമായി അവിടെ പ്രത്യക്ഷപ്പെട്ട് എന്നോട് ചോദിച്ചു.
“ഉമ്മയില്ലെ”
“ഉമ്മാ ദാ വിളിക്കണൂ...”
ഉമ്മ എന്റെ വിളി കേട്ട് പുറത്തേക്ക് വന്നു. അവന്‍ വാഴയില കൊണ്ട് മൂടിയ പാത്രം ഉമ്മയുടെ കയ്യില്‍ കൊടുത്തു കൊണ്ട് പറഞ്ഞു. “ ഞങ്ങള്‍ക്ക് നേർച്ചയുണ്ടായിരുന്നു. കുറച്ച് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാമെന്ന്. ഇന്ന് നിങ്ങള്‍ക്കാ......” അപ്പോളാണ് ഞങ്ങള് പാവങ്ങളിൽ പെട്ടതാണെന്ന കാര്യം ഞങ്ങൾ തന്നെ അറിയുന്നത്. (കണ്ണീര് കൊണ്ട് എഴുതാന്‍ കഴിയുന്നില്ല ഇനി പിന്നീട് എഴുതാം)

അവന്‍ പോയിക്കഴിഞ്ഞ് ഉമ്മ കരഞ്ഞു. അത് കണ്ട് ഞാനും കരഞ്ഞു. സംഭവം ഒന്നും മനസ്സിലാകാത്ത അനുജാ‍നുജത്തിമാര് നല്ല വോള്യത്തില്‍ കരയാന്‍ ശദ്ധിച്ചു.

ഈ കഥക്കിപ്പോള്‍ പ്രസക്തി ഉണ്ടെന്ന് തോന്നിയതിനാലാണ് ഇവിടെ കുറിച്ചിടുന്നത്. കാരണം, ആരാണ് പാവപ്പെട്ടവന്‍?. നമ്മുടെ മുമ്പില്‍ അവരുണ്ടാവാം. അത് വീട്ടിലേക്കുള്ള അര കിലോമീറ്ററ് നടക്കാന്‍ മടിച്ച് ഓട്ടോ‍ പിടിച്ച് വരുന്ന കൂലിപ്പണിക്കാരനല്ല. എന്നോ ഒരിക്കല്‍ മാറ്ഗ്ഗത്തില്‍ കൂടിയവനാവില്ല. പിന്നെയോ? അതൊരു ഗള്‍ഫ് കാരനാവാം. രോഗം വന്ന് കിട്ടുന്നതൊക്കെയും ചികിത്സക്ക് വേണ്ടി ചിലവഴിക്കുന്നവനാവാം. അവർ നല്ല ഡ്രസ്സും അണിഞ്ഞ് നടന്ന് ആരുടെ മുമ്പിലും കൈ നീട്ടാത്തവരാവാം. ചുരുക്കത്തില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ മാത്രമേ നമുക്കവരെ കാണാന്‍ സാധിക്കൂ.

അതിനാല്‍ അവരെ കണ്ടെത്തി അവരുടെ മുമ്പില്‍ ദൈവമായി പ്രത്യക്ഷപ്പെടാന്‍ ഇതാ വലിയ അവസരം വന്നിരിക്കുന്നു. ‘അയല്‍ വാസി പട്ടിണി കിടക്കെ വയറ് നിറച്ചുണ്ണുന്നവന്‍ നമ്മളില്‍ പെട്ടവനല്ല‘. എന്ന് പറഞ്ഞവരില്‍ പെട്ടവരാണ് നമ്മള്‍. ഒന്നോർക്കുക. നാളെ, കൂറ്റന്‍ മാളികകളും, ആഡംഭര കാറുകളും, റബറ് എസ്റ്റേറ്റും നമ്മള്‍ കൂടെ കൊണ്ട് പോവില്ല. നമുക്ക് ബാക്കിയായി നല്ല സന്താനങ്ങളുടെ പ്രാർത്തനയും, അവകാശപ്പെട്ടവന് സഹായങ്ങള്‍ ചെയ്ത് കൊടുത്തതും മാത്രമേ ബാക്കിയുണ്ടാവൂ.
പറഞ്ഞ് ചളമാക്കുന്നില്ല.
എന്തിനും സ്വന്തം അനുഭവം പറഞ്ഞ് ബോറടിപ്പിക്കുന്ന ഞാന്‍ കുറച്ചു കൂടെ പറയട്ടെ.

അന്നത്തെ ആ സ്നേഹത്തിന്‍ ഉറവിടമായിരുന്ന ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് മൂന്ന് കൊല്ലമായെങ്കില്‍ ഉപ്പയില്ലാത്ത ആ‍ദ്യ റമളാന്‍ ആണ് ഇന്ന്. മക്കളെല്ലാം നല്ല നിലയില്‍ ആയത് കണ്ട് മരിക്കാന്‍ ഭാഗ്യം വന്നവര്!
ഇടക്കിടക്ക് ഞാന്‍ ദൈവത്തെ പല രീതിയിലും കാണും. ഇപ്പോഴിതാ വീണ്ടും കണ്ടു. ഒരഞ്ച് പൈസ ആർക്കും വെറുതെ കൊടുക്കാത്ത എന്റെ മുതലാളി ദൈവ രൂപത്തില്‍ വന്ന് എന്നോട് പറഞ്ഞു. “യാ......(അറബിയിലെഴുതുന്നില്ല) നിന്റെ നാട്ടില്‍ പോയ ബ്ലോഗിനെയും പോസ്റ്റുകളെയും ഇങ്ങോട്ട് കൊണ്ട് വരിക. എന്നാല്‍ നിനക്കിനി നാട്ടില്‍ പോവാതെ ഇവിടെ നിന്ന് കൊണ്ട് പോസ്റ്റുകള്‍ രചിക്കയും, കമന്റുകള്‍ എഴുതുകയും ചെയ്യാമല്ലൊ..അതിനുള്ള ചിലവ് ഞാന്‍ തരാം....” അല്‍ഹംദുലില്ലാ.......ഹ് .
അതിനാല്‍ അതിന്റെ ഒരുക്കത്തിലേറെ, ഞാന്‍ എന്റെ പടച്ചവനോട് കൂറ് പുലർത്തണ്ടവനല്ലെ....
അതിനുള്ള അവസരം ഞാന്‍ ശരിക്കും വിനിയോഗിച്ചേ മതിയാകൂ...അതിനാല്‍ ഈ ഒരു മാസക്കാലം ഞാന്‍ ഇവിടന്ന് തല്‍ക്കാലത്തേക്ക് വിട്ട് നില്‍ക്കട്ടെ...

ദൈവം എനിക്ക് ദാനമായി തന്ന നിങ്ങളുടെ നല്ല മനസ്സുകള്‍ ഞാന്‍ കാണുന്നു. നിങ്ങള്‍ക്ക് നല്ലതിന്‍ വേണ്ട പ്രാർത്ഥന എന്നോടൊപ്പം എപ്പോഴുമുണ്ടാവും. തിരിച്ച് നിങ്ങളും പ്രാർത്ഥിക്കുക..

ശല്യമാവാന്‍ വേണ്ടി കൂടുതല്‍ ശക്തിയാർജിച്ച് ഞാന്‍ വരും. തല്‍ക്കാലം വിട.

എല്ലാവർക്കും റമളാൻ ആശംസകൾ.
ഒഎബി.
























2008 ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ബ്രോസ്റ്റ് റെഡി


ആദ്യം നാഴി പൊടി അരിയോ പച്ചരിയോ എടുത്ത് മാറ്റി വയ്ക്കുക.
-----------------------
ബ്രോസ്റ്റ്
-------
ഇഞ്ചി ഒരിഞ്ച് നീളം.
വെളുത്തുള്ളി നാല് അല്ലി.
സവാള ചെറുതൊന്ന്.
കുരു മുളക് പൊടി ഒരു സ്പൂൺ.
മുളക് പൊടി ഒരു സ്പൂണ്ൺ.
അജീന മോട്ടോ ഒരു നുള്ള്.
ഉപ്പ്.
ഇത്രയും വഹകള്‍ കൂട്ടിയരച്ച്,

ഒരു കോഴി പൂട കളഞ്ഞ് തൊലി കളയാതെ എട്ട് പീസാക്കി കട്ട് ചെയ്ത് അരച്ച് വച്ച പേസ്റ്റ് തേച്ച് പിടിപ്പിച്ച് നൂറ്റി ഇരുപത് മിനുട്ട് റസ്റ്റ് എടുക്കാന്‍ വക്കുക. 
ഈ സമയം ടിവി സീരിയൽ രണ്ട് മൂന്നെണ്ണം കാണുക. അതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് 
കോണ്‍ ഫ്ലവറ് പൊടി അല്ലെങ്കിൽ മൈദ പോടി ഛെ...മൈദപ്പൊടി
ഉപ്പ്
കൂട്ടി കുഴച്ചതിലേക്ക് ചിക്കന്‍ പീസുകള്‍ ഇട്ടിളക്കിയതിനെ
ചൂടായ എണ്ണയിലേക്ക് ഇട്ട് ചെറു തീയില്‍, മലയാളത്തില്‍ പറഞ്ഞാല്‍ ഗോള്‍ഡ് ബ്രൌണ്‍ അയാല്‍ കോരിയെടുക്കുക. ചട്ടിയവിടെ ഇരിക്കട്ടെ.
------------------
അടുത്തത് ഉരുളക്കിഴങ്ങ്.
നീളക്കിഴങ്ങ് തൊലി കളഞ്ഞ് അഞ്ച് മില്ലി ( സ്കെയില് എടുക്കാന്‍ പോകേണ്ടതില്ല) സമ ചതുരത്തില്‍ കട്ട് പണ്ണി ഉപ്പ് ലായനിയിൽ മുക്കി അതേ എണ്ണയില്‍ നന്നായി വറുത്ത് കോരുക. തീ അണക്കുക. ചട്ടിയെടുത്തു വക്കുക.
------------------
നെക്സ്റ്റ് ഗാറ്ലിക്ക് പേസ്റ്റ്. (ഇതാണ്  മക്കളേ മൊതല്)

രണ്ടല്ലി വെളുത്തുള്ളി ജ്യൂസ്മെഷീനിൽ ഇട്ട് ഉപ്പ്
ലമണ്‍ സാള്‍ട്ട് ( ഇല്ലെങ്കിൽ തൈര് അര കപ്പ്) ഒരു നുള്ള്.
അമ്പത് മില്ലി പാല്‍
അമ്പത് മില്ലി (സൺഫ്ലവർ എന്നിത്യാതി) എണ്ണ
മിക്സിയിലൊഴിച്ച് അടിച്ച് അതിലേക്ക്
ഒരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്
ഇട്ട് ആവശ്യത്തിനുള്ള കട്ടിയാവുന്നത് വരെ, വീണ്ടും നന്നായി അടിക്കുക.
കലാസ്...ഇത്രയും മതി. ഇനി രണ്ട് പ്ലൈറ്റ് എടുത്ത് നാല് പീസ് വീതം വച്ച് രണ്ടാള്‍ അപ്പുറവും ഇപ്പുറവും ഇരുന്ന് രണ്ട് കൈ കൊണ്ട് തിന്നുക. ഇടക്കിടക്ക് വറുത്ത കിഴങ്ങ് പീസുകളീല്‍ പേസ്റ്റ്, പേസ്റ്റ് ചെയ്ത് ഒപ്പം തട്ടുക.
ടൊമാറ്റൊ കെച്ചപ്പ് ഉണ്ടെങ്കില്‍ പ്രമാദം. കൂടെ കഴിക്കാന്‍ ചപ്പാത്തി, റൊട്ടി എക്സറ്ററാ....

}വേറെ ആളുണ്ടെങ്കിൽ കോഴി വേറെ നോക്കുക. 
] കോഴിക്ക്          പകരം ചെമ്മീന്‍, മുള്ളില്ലാത്ത മീന്‍ ഇവയും ആവാം.
]വെജിറ്റേറിയൻ:- കോളീ ഫ്ലവറ്.

] ഗാറ്ലിക് പേസ്റ്റ് ബാക്കിയുണ്ടാവും അതു ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ബ്രെഡ്ഡിലും അപ്പത്തിന്റെ ഒപ്പമൊക്കെ കഴിക്കാം. കുട്ടികള്‍ക്ക് നന്നായി ഇഷ്ടപ്പെടും.

] വിദേശത്ത് ഉള്ളവർക്ക് ബ്രോസ്റ്റ് പൊടി റെഡി മെയ്ഡ് വാങ്ങാൻ കിട്ടും.ഇപ്പോൾ നാട്ടിലും  കിട്ടും.


--------------------------------

ഇത് ശരിയായില്ല എന്നുണ്ടെങ്കിൽ ആദ്യത്തിൽ മാറ്റി വച്ച അരി എടുത്ത് കഞ്ഞി വച്ച് കുടിച്ച് മുണ്ടാതെ ഒരു പാത്ത് പോയി കെടന്നുറങ്ങുക!

2008 ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ഖല്ബിനുള്ളിലെ ഫാത്ഥിമ

ഒരു ഓണത്തിന്റെ വീണപ്പൂവിന് ഓര്മ്മകള് .
---------------------------------------------
ആശുപത്രിയുടെ കുറച്ചപ്പുറത്ത് ചായക്കട നടത്തുന്ന രാമേട്ടന് മകളെ കാണിക്കാന് ഡോക്ടറ് ഇല്ലാത്ത
സമയത്താണ്‍ വന്നത്. ഒരു മാസത്തോളമായി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഞാന്‍, രാമേട്ടന്‍ ഇങ്ങനെ ഒരു മകളുണ്ടെന്ന കാര്യം അപ്പോഴാണ്‍ അറിയുന്നത്.

ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ടൊ?. അതൊ അന്നത്തെ എന്റെ പ്രായത്തിന്റെ ഇളക്കമായിരുന്നൊ?. അല്ല, അവള്‍ സുന്ദരി തന്നെയായിരുന്നു. സുന്ദരി എന്നതിലും സുന്ദരമാ‍യ ഒരു പേര്‍ അവളെക്കുറിച്ച് പറയാന്‍ എനിക്കറിയില്ല.

“രാമേട്ടാ നിങ്ങള്‍ നാളെ വരൂ. ഡോക്ടറ്ക്ക് സുഖമില്ലാത്തതിനാല്‍ നേരത്തെ പോയതാ”
അയാള്‍ മറുപടിക്കായി മകളെ നോക്കി. അവള്‍ വേണ്ടെന്ന് തലയാട്ടി.
“അല്ല മോനെ തല്‍ക്കാലം വല്ല മരുന്നും..?”
“എന്താ അസുഖം”.
“അവളെ വായില്‍ നെറയെ പുണ്ണാ. കുട് നീര്‍ എറക്കാന്‍ വരെ പറ്റ്ണില്യ”.
“വരൂ.. ഞാനൊന്ന് നോക്കട്ടെ”.
-രാമേട്ടനും മോളും ഇച്ചിച്ചതും, ഞാന്‍ ആഗ്രഹിച്ചതും പരിശോധന-
ഒരു തികഞ്ഞ ഡോക്ടറെ പോലെ ഞാന്‍ ആ കുട്ടിയുടെ തലയില്‍ പിടിച്ച് പറഞ്ഞു. “വായ് തുറക്കൂ. നാവ് നീട്ടൂ...” ഞാനങ്ങനെ പറയേണ്ട താമസം. -ഉള്ള ചോറും ചക്കയില്‍ ഒട്ടി- സുന്ദരമായ അവളുടെ മുഖം രണ്ട് കൈ കൊണ്ടും പൊത്തപ്പെട്ടു. കുപ്പിവളകള്‍ക്കൊപ്പം അവളും ചിരിച്ചു.

രാമേട്ടന്റെ ദേഷ്യപ്പെടലും എന്റെ നിറ്ബന്ധവുമായപ്പോള്‍ എങ്ങനെയോ.....
ഞാനാ തൊട്ടാവാടിയുടെ നിരയൊത്ത പല്ലുകളും, ചിരിക്കുമ്പോള്‍ കൂടുതല്‍ തിളങ്ങും കവിളില്‍ വിരിയുന്ന നുണക്കുഴിയും മാത്രമാണൊ കണ്ടത്?.
“ഞാന്‍ രണ്ട് ദിവസത്തേക്ക് മരുന്ന് തരാം” -ഗൌരവം-
“പേര്‍..?” ഞാന്‍ പ്രിസ്ക്രിപ്ഷന്‍ എഴുതി ത്തുടങ്ങി.
“പത്മം..പത്മജാ‍ന്ന് !”.
“അവള്‍ പറയട്ടെ രാമേട്ടാ. സംസാരിക്കാ‍ന്‍ ബുദ്ധിമുട്ടുണ്ടോന്ന് അറിയാലോ”. -ആഗ്രഹം-
“പത്മാന്ന് തന്നെയാ”. -മണിനാദം-.
“വയസ്സ്?.
“പതിനാല്‍”. -അധികം നാണത്തോടെ-
സുന്ദരമായ കയ്യക്ഷരത്തിന്‍ മറ്റു ജോലിക്കാരുടെ അസൂയാപാത്രമായിരുന്ന ഞാന്‍ ഒന്നും കൂടെ സുന്ദരമായി എഴുതി. (അന്നൊക്കെ ഡോക്ടറ് മാറ് എഴുതുന്നത് എന്താണെന്ന് സാധാരണക്കാരന്‍ മനസ്സിലാവാറില്ല) ‘ബികോമ്പ്ലക്സ് റ്റാബ്സ്. പത്ത്. വണ്‍ ടി ഡി എസ്’.

രണ്ട് ദിവസം കൊണ്ട് അസുഖം മാറിയില്ലെങ്കില്‍ ഡോക്ടറെ വന്ന് കാണണമെന്ന് പറഞ്ഞ് ‘അസുഖം മാറരുതെ’ എന്ന് മനസ്സില്‍ മന്ത്രിച്ച് ഞാന്‍ മരുന്ന് അവളുടെ കയ്യില്‍ വച്ച് കൊടുത്തു.

ദിവസം മൂന്നാലെണ്ണം കഴിഞ്ഞു. അവറ് വന്നില്ല. വരില്ല എന്നറിഞ്ഞ് കൊണ്ട് തന്നെ വീണ്ടും ഒരു വരവിനായി, കാഴ്ചക്കായി വല്ലാതെ ആഗ്രഹിച്ചു.

വേണ്ടാഞ്ഞിട്ടും രാമേട്ടന്റെ കടയില്‍ പോയി ഒരു ചായക്ക് പറഞ്ഞു. “എന്തായി രാമേട്ടാ മോളുടെ...?”

“ങാ മോനേ ഞാനത് മറന്നു. ഒരു വിധമൊക്കെ മാറി. ഇപ്പൊ എരിയും പുളിയും തട്ടിയാ കൊഴപ്പല്ല. പിന്നേ...ഞങ്ങള്‍ അവിടെ വന്നപ്പോള്‍ ഡോക്ടരില്ലാഞ്ഞത് നന്നായീന്ന് പിന്നെ തോന്നി. ഒരു ഉറ്പ്പ്യോണ്ട് കഴിഞ്ഞില്ലെ....അല്ലെങ്കില്‍ എട്ട് പത്ത് ഉറുപ്പ്യ ആ വഴിക്കും....നന്ദിണ്ട് മോനെ ...”.

പിന്നീടുള്ള ദിവസങ്ങളില്‍ രാമേട്ടന്റെ കടയില്‍ തന്നെ ചായ കുടിക്കാന്‍ പോവുന്നത് പതിവായി. സ്കൂള്‍ വിട്ട് ആ വഴി വരുന്ന അവളുടെ ഒരു നോട്ടം. ലജ്ജയില്‍ പൊതിഞ്ഞ ഒരു ചിരിയോടെ തൊട്ടപ്പുറത്തുള്ള വീട്ടിലേക്ക് ഒരു ഓട്ടം. -സംതൃപ്തി. സായൂജ്യം-
ആയിടക്കാണ്‍ മാനേജ്മെന്റ് അവരുടെ ജോലികള്‍ വേഗത്തിലോടാന്‍, എനിക്കോടിക്കാന്‍ (എന്നെയിട്ടോടിക്കാന്‍) ഒരു പുതുപുത്തന്‍ ഹീറോ സൈക്കിള്‍ അനുവദിച്ച് തന്നത്.

അതും കൊണ്ട് രാവിലെ അവള്‍ സ്കൂളില്‍ പോണ സമയത്ത് ഹൈ സ്പീഡില്‍ ചെന്ന് ഒരു സഡണ്‍ ബ്രേക്ക്. പിന്നെ “ഫാത്തിമാ..” എന്ന് വിളിച്ച് എന്തെങ്കിലും ഒന്ന് പറഞ്ഞാല്‍ ഒരു ചിരി മാത്രം മറുപടി. പിന്നെ പിന്നെ ചെറുതായി സംസാരിച്ചു തുടങ്ങി.

ഒരു ദിവസം അവളെന്നെ കൂട്ടുകാരികള്‍ക്ക് പരിചയപ്പെടുത്തിയതിങ്ങനെ.
“ആശുപത്രീലെ കമ്പോണ്ടറാ...”
“ഇത്ര ചെറുപ്പത്തിലോ?”. നാട്ടുകാറ് ചിലരങ്ങിനെ എന്നെ വിളിച്ചിരുന്നെങ്കിലും, അവള്‍ കമ്പോണ്ടറ് എന്ന് പറ്ഞ്ഞപ്പോ അതു വരെയില്ലാത്ത ഒരു തോലാഞ്ജം .-രോമമില്ലാത്തതിനാല്‍-

ആ വറ്ഷവും ഓണം വന്നു. രാമേട്ടന്‍ നിറ്ബന്ധം ഞാന്‍ ഉണ്ണാന്‍ ചെല്ലണമെന്ന്. മടിച്ച് മടിച്ച് (ആഗ്രഹിച്ച്) ഞാന്‍ സമ്മതിച്ചു.

ഉണ്ണാനിരിക്കുമ്പോള്‍ ചമ്രം പടിഞ്ഞിരിക്കാനറിയാത്ത ഞാന്, രണ്ട് കാലുകളും പിന്നിലേക്കാക്കി ഇടത് കൈ നിലത്ത് കുത്തി ശരീരത്തെ ബാലന്‍സ് ചെയ്ത്....ഹൊ...കൂട്ടാന്‍ വിളമ്പുന്ന അവളുടെ മുമ്പില്‍,
ആരുടെ മുമ്പിലും ഒരു കോമ്പ്ലക്സും ഇല്ലാത്ത ഞാന്‍..........?.
ഊണ്‍ കഴിഞ്ഞ് കുറച്ച് ലാത്തിയടിച്ച് അവളെ ഒന്നും കൂടെ കണ്ടെങ്കില്‍ എന്ന മോഹം സഫലമാകാതെ അവിടെനിന്നും ഇറങ്ങി.

“ശ്...ദേ...” എന്നെയാണൊ?. ഞാന്‍ ഇടം വലം തിരിഞ്ഞു. ഇടവഴിയിലെ വലിയ മതിലിലെ ചെറിയ വാതിലില്‍ ആശുപത്രി അടിച്ചുതളിക്കാരി ലക്ഷ്മി!.
“എന്തേ ലക്ഷ്മ്യേ...?”.
“ദാ ഒരാള്‍ ...!എത്ര നേരായി കാത്ത് നില്‍ക്കണൂന്നറിയൊ?...അവളങ്ങിനെ പറഞ്ഞ് മതിലില്‍ ചാരി മറഞ്ഞ് നില്ക്കുന്ന പത്മയെ പിടിച്ച് വലിച്ചു. പിന്നെ കൂട്ടി ചേറ്ത്തു. “അങ്ങട്ട് കൊടുക്ക് കുട്ട്യേ...ഇപ്പൊ ആളടുത്ത് എത്ത്യേപ്പൊ...”
എന്റെ ആകാംക്ഷ മാറിയത് കയ്യില്‍ മിഠായി വീണപ്പോഴാണ്‍. “ഞാന്‍ മിഠായി തിന്നതാണല്ലൊ ഫാത്തിമാ”.
“ഇതവളുടെ മാത്രം വകയാ” വീണ്ടും ലക്ഷ്മി.
ഒരു നിമിഷം എന്റെ ഖല്‍ബില്‍ കൂടി എന്തൊക്കെയോ മിന്നി മറഞ്ഞു. ഞാനാ മുഖം ശ്രദ്ധിച്ചു. നാണത്താല്‍ തല താഴ്ത്തി നിന്നിരുന്ന അവള്‍ തല ഉയറ്ത്തി എന്റെ കണ്ണുകളിലേക്ക് നോക്കി. കുറച്ച് സമയം കണ്ണുകള്‍ കഥകള്‍ കൈ മാറി. പിന്നെ അവള് ഒരോട്ടം വീടിനെ ലക്ഷ്യം വച്ച്. ഞാന്‍ ഖല്‍ബിനുള്ളില്‍ നീയാണ്‍ ഫാത്തിമാ എന്ന് പാടാതെ അവിടെ നിന്നും നടന്നു.

മാസങ്ങള്‍ കണ്ടും, പലതും പറഞ്ഞും, ചിരിച്ചും കഴിഞ്ഞു. എന്തും, ആരോടും നേരിട്ട് പറയാന്‍ അന്നും ദൈര്യം കൂടപ്പിറപ്പായി ഉണ്ടായിട്ടും, ഒരിക്കല്‍ പോലും ഐ ലവ് യു എന്ന് പറയുകയൊ, ഒരു കത്ത് കൊടുക്കുകയോ ചെയ്യാതിരിക്കാന്‍ കാരണം , എന്റെ വീട്ടിലെ പ്രാരാ‍ബ്ദം കണക്കിലെടുത്ത് എനിക്ക് പതിനാറ് വയസ്സായപ്പോഴേക്കും ജീവിതമെന്തെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ദൈവം തന്നു. മറ്റൊന്ന് എനിക്ക് താഴെയുള്ള ‘ലിറ്ററ് സെറ്റുകളെ’ പോറ്റണം എന്ന ചിന്തയും. പിന്നെ എന്ത് ഒലക്കേലെ ....?.
-ചോദ്യം സ്വാഭാ‍വികം-

ഒരിക്കല്‍ സ്കൂള്‍ കലോത്സവത്തില്‍ അവള്‍ പാടി “ വീണ പൂവേ..കുമാരനാശാന്റെ വീ‍ണ പൂവേ... ആ ശബ്ദ മാധുര്യം ആസ്വദിച്ച് എല്ലാം മറന്ന് നിന്ന എന്നെ ഉണറ്ത്തിയത് കൂടി നിന്നവരുടെ കരഘോഷം.

ആയിടക്കായിരുന്നു ഒരു ചെറിയ ശംസയത്തിന്റെ പേരില്‍ എനിക്ക് സസ്പെന്‍ഷന്‍ ( അത് ഞാന്‍ മുമ്പെഴുതിയിട്ടിട്ടുണ്‍ട്) അതിലും വലിയ ഒരു സ്താപനത്തില്‍ ജോലി ലഭിച്ചപ്പോള്‍ ഉറ്വശീ ശാപം......
........................................
വറ്ഷങ്ങള്‍ കഴിഞ്ഞു. പലയിടത്തായി ഒട്ടനവധി തൊഴിലുകള്‍. അവസാ‍നം ഗള്‍ഫിലും. ഒരിക്കല്‍ നാട്ടില്‍ പോയ സമയം. സ്നേഹിതന്‍ പുതിയതായി വാങ്ങിയ കാറില്‍ ഒരു യാത്ര. പഴയ ആശുപത്രി എത്തും മുമ്പേ ഞാന്‍ ഡ്രൈവറ് സീറ്റില് സ്താനാം പിടിച്ചു മെല്ലെ വണ്ടി ഓടിച്ചു. ആ നാട്ടുകാറ് , പരിചയക്കാറ് , ഈ പഴയ കുട്ടിക്കമ്പോണ്ടറ് കാറും വിട്ട് പോവൂന്നത് കാണുമ്പോള്‍ അവറ്ക്കുണ്ടാവുന്ന ആ ഒരു ഇത്...... അതു തന്നെയായിരുന്നു ഡ്രൈവറ് സീറ്റിലിരുന്നതിന്റെ ലക്ഷ്യം.

ആശുപത്രിക്കരികില്‍ വണ്ട് നിറ്ത്തി പുറത്തിറങ്ങി. രാമേട്ടന്റെ കട നിന്നിരുന്ന സ്തലത്ത് നിരയായി കെട്ടിയ പീടിക റൂമുകള്‍. നേരെ ഒരു കടയിലേക്ക് നടന്നു. ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി. കടക്കാരനാ‍യ ചെറുപ്പക്കരനോട് ചോദിച്ചു. “ഇവിടെ ഉണ്ടായിരുന്ന രാമേട്ടന്‍....?”
അവന് കുറച്ച് നേരം ആലോചിച്ചു പിന്നെ കൈ മലറ്ത്തി “ ആ...”.
“ആര്‍.... നമ്മുടെ ചായക്കട നടത്തിയിരുന്ന...?” തൊട്ടപ്പുറത്ത് നിന്നും എന്റെ ചോദ്യം കേട്ട ഒരു കാക്ക.
“അതേ അദ്ദേഹം...ഇപ്പോള്‍..?”
“രാമനിപ്പൊ ഇതൊക്കെ വിറ്റ് ഇവിടന്ന് പോയിട്ട് കാ‍ലം കുറേ ആയല്ലൊ. എന്താപ്പൊ കാര്യം”.
“ഒന്ന് കാണാനാ. ഇപ്പൊ എവിടെയാ താമസം ”.
“കുറെ ഉള്ളോട്ടാ”.
“....അല്ലാ...അയാള്‍ക്കൊരു മോള്‍ ഉണ്ടായിരുന്നല്ലൊ. പത്മാന്നും പറഞ്ഞ്...”.
“ങാ...ഉണ്ടായിരുന്നു. ആ മരിച്ച കുട്ടി”.
ഒരു നിമിഷം ഭൂമി ഒന്ന് കറങ്ങിയോ?.
“ങേ..മരിച്ച കുട്ടിയോ? എപ്പൊ...എങ്ങനെ?.
“അതേ മോനെ. സ്കൂളീന്ന് തല കറങ്ങി വീണൂന്നൊ...തലന്റെ ഉള്ളില്‍ മുഴാന്നൊക്കെ അന്നത്തെ കാലത്ത് പറയുന്നത് കേട്ടിരുന്നു. അത്പ്പൊ കൊറേ കലായല്ലൊ.... എന്തേപ്പൊ ചോദിക്കാന്‍”.
ചുണ്ടത്ത് വച്ച സിഗരറ്റ് എടുത്ത് കയ്യിലിട്ട് ഞരടി എറിഞ്ഞു .
" അല്ല നിന്നെ എവിടെയോ കണ്ട മാതിരി ....ശരിക്കങ്ങ് മനസ്സിലായില്ല.നീ നമ്മുടെ.....”
അയാള്‍ പലതും ചോദിക്കുന്നുണ്ടായിരുന്നു. ഒന്നിനും മറുപടി പറയാന്‍ കഴിയാതെ അവിടെ നിന്നും . എങ്ങനെയോ കാറിനരികില് എത്തി. നേരെ സ്നേഹിതനെ താ‍ക്കോല് ഏല്പിച്ച് അപ്പുറത്തെ സീറ്റില്‍ കേറി ഇരുന്നു.

നാട് വിട്ട് പോയി പണക്കാരനായി തിരിച്ച് വന്ന് എല്ലാ വിലക്കുകളെയും മറി കടന്ന് താ‍ന്‍ ആശിച്ച പെണ്ണിനെ സ്വന്തമാക്കുന്ന സിനിമയുടെ ക്ലൈമാക്സ് കാണുമ്പോഴൊക്കെ അങ്ങനെ ഒന്ന് മോഹിച്ചിരുന്നുവോ?...ഈയൊരു വാറ്ത്ത കേള്‍ക്കാനാണൊ ദൈവമേ ഈ വഴി വീണ്ടും വന്നത്. വന്നില്ലായിരുന്നെങ്കില്‍....ഒരിടത്തൊരിടത്ത് വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ വീട്ടില്‍, ഒരു തൊട്ടാവാടി പാവാടക്കാരിയായി, എന്റെ പഴയ ഒരു സ്നേഹിതായായി, ഇന്നും എന്റെ ഖല്‍ബിനുള്ളിലെ ഫാത്ഥിമയായിത്തന്നെ അവള്‍ ജീവിച്ചേനെ.
നിനക്കറിയാമൊ ഫാത്ഥിമാ... നീ‍ വിളമ്പിയ അവസാന ഓണ സദ്യ, എന്റെ ജീവിതത്തിലെ ആദ്യത്തേതാ‍യിരുന്നു എന്ന്.

“വിശ്വദറ്ശന ചക്ക്രവാളത്തിലെ നക്ഷത്രമല്ലേ നീ‍ ഒരു ശുക്ക്ര നക്ഷത്രമല്ലേ നീ....”.
ചിന്തക്കിടയില്‍ അവളന്ന് പാടിയ പാട്ടിന്‍ വരികള്‍ ശബ്ദമായി പുറത്തേക്ക് വന്നപ്പോള്‍ സ്നേഹിതന് ചോദിച്ചു. “എന്താ‍ സിഗരറ്റിന്‍ പകരം കഞ്ചാവ് വാ‍ങ്ങി വലിച്ചൊ”.
മറുപടി ഒരു ചിരിയില്‍ ഒതുക്കി. മുന്നോട്ടുള്ള പ്രയാണത്തില്‍ പിന്നിടുന്ന പാതകളെ നോക്കി കാറിനുള്ളില്‍ ഒന്ന് ഇളകിയിരുന്നു.














2008 ഓഗസ്റ്റ് 16, ശനിയാഴ്‌ച

ക്നൈഫ് ( മിനി കഥ )

"അത് ശങ്കരന് പൊക്കിയത് തന്നെ"

വാറ്ത്ത പുറത്തറിഞ്ഞപ്പോള് അയല് വാസികളില് ചിലര് പറഞ്ഞു.
എവിടെ നിന്നോ വന്ന തെങ്ങ് കയറ്റക്കാരന് ശങ്കരന്, തുരുമ്പ് പിടിച്ചു കിടക്കുന്ന കത്തിയെ മുന്പേ നോട്ടമിട്ടിരുന്നുവെന്നും, നന്നായി അണച്ചാല് കത്തിക്ക് നല്ല മിനുസം ലഭിക്കുമെന്നും അയാള് ആരോടൊക്കെയോ രഹസ്യമായി പറഞ്ഞിരുന്നു പോല്.

രാവിലെ, തന്റെ നാട്ടിലെ കത്തി നഷ്ടപ്പെട്ടതറിഞ്ഞ് അയാള്‍ എന്തു ചെയ്യണമെന്നറിയാതെ വ്യാകുല ചിത്തനായി. സഹപ്രവറ്ത്തകരുടെ സഹതാപം നിറഞ്ഞ നോട്ടവും, വാക്കുകളും അയാളെ വല്ലാതെ അലോസരപ്പെടുത്തി.

വിവരമറിഞ്ഞ് ആശ്വസിപ്പിക്കാനെത്തിയ കമ്പനി മാനേജരെ കെട്ടിപ്പിടിച്ചയാള്‍ പൊട്ടിക്കരഞ്ഞു.
അയാളുടെ പുറത്ത് തട്ടിക്കൊണ്ട് മാനേജര്‍ പറഞ്ഞു.
“എല്ലാം ദൈവത്തിന്റെ അടുത്താണ്‍. നീ സമാധാനിക്ക് തല്‍ക്കാലം പണിക്കിറങ്ങണ്ട”.
അയാള്‍ ഗദ് ഗദത്തോടെ മാനേജരോട് ശുക്രന്‍ പറഞ്ഞു കൊണ്ട് തന്റെ ബെഡ്ഡില്‍ കമിഴ്ന്ന് കിടന്നു.

രണ്ട് മൂന്ന് ദിവസം അയാള്‍ ജോലിക്കിറങ്ങിയതേയില്ല.
നാലാം ദിവസം ഒന്ന് കുളിച്ച് ഫ്രഷായി ഒരു നൂറ് റിയാല്‍ പോക്കറ്റില്‍ കരുതി അയാള്‍ റൂമില്‍ നിന്നും പുറത്തിറങ്ങി.

‘ശങ്കരന്‍ കൊണ്ട് പോയ തന്റെ മണ്ടക്കത്തിയുടെ മൂറ്ച്ച നല്ലവണ്ണമറിഞ്ഞ് തിളക്കം നഷ്ടപ്പെട്ടുവെന്ന് തോന്നുമ്പോള്‍ അയാളതിനെ വാടകക്ക് കൊടുക്കുകയോ ഇരുമ്പ് വിലക്ക് വില്‍ക്കുകയോ ചെയ്യുമായിരിക്കും’.
മാറ്ക്കറ്റിലേക്കുള്ള നടത്തത്തിനുള്ളില്‍ അയാളിങ്ങനെ പലതും ചിന്തിച്ച് കൊണ്ട് മനസ്സില്‍ ചിരിച്ചു.

നാട്ടിലുള്ളതിലേറെ പല രാജ്യങ്ങളിലേയും നല്ല തിളക്കമുള്ള കത്തികള്‍ മാറ്ക്കറ്റില്‍ സുലഭമായി ലഭിക്കുമെന്ന് അയാള്‍ക്ക് പണ്ടേ അറിയാമായിരുന്നു.

അതില്‍ നിന്നും തനിക്ക് തല്ക്കാലം ഉപയോഗിക്കാന് പറ്റുന്ന ഒരെണ്ണം തിരഞ്ഞു കൊണ്ട് അയാള് മാറ്ക്കറ്റിനുള്ളില്‍ കൂടി നടന്നു.
------------------------------

കുറച്ച് കമന്റുകള്‍ക്ക് ശേഷം കഥാകൃത്തിന്റെ സ്വയം നിരൂപണം.

വായനക്കാരന്‍ ദിവസവും നൂറുക്കണക്കിന്‍ മ്റ്റു ബ്ലോഗുകള്‍ നോക്കി തീറ്പ്പ് കല്പിക്കാനുള്ളതിനാല്
കൂലംകുഷമായ ഒരു ചിന്തക്ക് നേരമില്ലാത്തതിനാലും, ഈ കഥയുടെ കാമ്പ് ചില വായനക്കാരില്‍
എത്തിക്കാനുള്ള ഞാന്റെ ആഖ്യാന ശൈലി അമ്പേ പരാചയപ്പെട്ടതിനാലും ഇനി വരുന്ന വായനക്കാരനെങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ ഈ കത്തിയുടെ കഥാസാരം ഇവിടെ വരച്ചിടുന്ന വിവരം വ്യസന സമേധം അറിയിച്ചു കൊള്ളുന്നു.

കഥാസാരം.
ഒരിടത്തൊരു വരുത്തന്‍ ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഒരു ഭാര്യയെ നാട്ടു നടപ്പനുസരിച്ച് കടത്തിക്കൊണ്ട് ( നടത്തിയൊ, ഉരുട്ടിയൊ എന്നറിയില്ല) പോവുന്നു. ഇത് ഗള്‍ഫിലുള്ള ഭറ്ത്താവ് അറിയുന്നു. കമ്പനി തനുക്കനുവദിച്ച ലീവിനെ കഴിയുന്നതും ചൂഷണം ചെയ്ത് അയാള്‍ നല്ല തൊലി വെളുപ്പുള്ള അന്യ രാജ്യ പെണ്ണുങ്ങളെ ( മുന്‍ പരിചയം ഒണ്ടേ ) തേടി പോവുന്നു. ഇത്രേയുള്ളു.

ഇനി വെറുതെ വലിച്ചിഴച്ച പാവം കത്തിയെ വെറുതെ വിടുക.

2008 ഓഗസ്റ്റ് 13, ബുധനാഴ്‌ച

വേരും തണലും

വേരുകള് ബാക്കി നിറ്ത്തി
സ്വയം പിഴുതു മാറ്റി
ഐ എസ് ഐ മുദ്ര വച്ചൊട്ടിച്ച
ഞാനുമൊരു മരമതുവൊരു വരം.

എന്‍ തടിയില്‍ നിന്നുമൊലിക്കും
ചുടു നിണം
ചില്ലു, ചിരട്ട വെച്ചൂറ്റിയെടുക്കുമീ
വരണ്ടുണങ്ങിയ മരുഭൂവില്‍
പടറ്ന്നു കേറുവാന്‍ വേരുകളില്ലാതെ
എന്നില്‍ നിന്നുമടറ്ന്ന് വീഴും തന്‍
വിത്തുകള്‍ക്ക് മുള പൊട്ടുവാനാവാതെ
ഒലിച്ചു പോകുവതൊക്കെയും
തീട്ടക്കുണ്ടിലേക്ക്.

കൊച്ചേട്ടന്റെ പത്രാസ്
കണ്ടിട്ടേച്ച് പോന്നൊരെന്‍ തണലില്‍
എന്നോ ബഡ്ഡ് ചെയ്തുണ്ടാക്കി-
യരക്കു മുകളില്‍ വളറ്ന്ന് പൊങ്ങിയ
ചെറുമരത്തൈകളെ,
എന്‍ ശിഘരങ്ങള്‍ക്കെത്തിപ്പിടിച്ചു
താലോലിക്കാനാവാതെ, യൊരിക്കലും
ഗുണദോഷിക്കാനറിയാതെ.
കളിച്ചു ചിരിച്ചു മദിച്ചുമാറ്പ്പു
വിളിച്ചുമാന്‍സ് ചവച്ചും
പഞ്ചാരയടിച്ചുമവറ് നടന്നോട്ടെ.

പക്ഷെ...പിന്നീടെന്നെങ്കിലുമൊരിക്കല്‍,
വെട്ടിയെടുക്കാനായി കറയില്ലാത്ത
ചുള്ളിക്കമ്പുകള്‍ക്ക് മുളയില്ലാത്ത
ഒരു പടു വൃക്ഷം,
തന്‍ തണല്‍ തേടിയൊരു നാള്‍
മോഹ ഭംഗ, നിറ, മന
ഭാണ്ഡക്കെട്ടുമായ് തിരികെ വന്ന്
താനിട്ടേച്ച് പോന്ന വേരിന്‍ മുകളില്‍
സ്വയം നിവറ്ന്ന് നില്‍ക്കാനാകാതെ വരികില്‍,
തണലേകുമൊരു സദനത്തിലേക്ക്
പറിച്ചു നടപ്പെടപ്പെടാതെ
നിങ്ങള്‍ക്കരികിലൊരു മണ്‍ മതിലില്‍
ഒരതിര് മരമായെങ്കിലും
നിറുത്തിയേക്കുകയീ പാഴ്മരത്തെ.

-----------------------

കൂട്ടി ചേറ്ത്തത്:- ഒരു പ്രവാസിയായ എന്റെ ചിന്തക്കള്‍ വരികളായി എഴുതിയപ്പോള്‍ ഈ രൂപത്തിലായി.


2008 ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

ചിക്കന് ബ്രോസ്റ്റിന് പകരം എന്റെ തല....

ഫാക്ടറിക്കുള്ളില് നിന്നും എന്റെ മുതലാളി എന്തോ ചിന്തിച്ചിട്ടെന്നവണ്ണം വേഗത്തില് ലാബിലേക്ക് വന്ന് ഒരു പാത്രത്തില് ലബ്സയും, പെട്രോളും കൂട്ടിക്കലറ്ത്തി ഗ്യാസടുപ്പിന്‍ മുകളില്‍ തിളക്കാന്‍ വച്ചു.

ഇത് നോക്കി നില്‍കുന്ന എന്റെ തലക്കുള്ളിലെ എല്‍ ഇ ഡി ലാമ്പ് തെളിഞ്ഞു.

“പെട്രോളിന്‍ തീ പിടിച്ചേക്കും”. ( എന്റെ ബുദ്ധി കണ്ടില്ലെ നിങ്ങള്‍)
“ഉസ്കുത്ത് യാ ബകറ അന മാഅലൂം” ( മിണ്ടരുത് പോത്തേ എനിക്കറിയാം)

അത് കേട്ട് ഞാന്‍ രണ്ടടി പിന്നോട്ട് വച്ചില്ല. അതിന് മുമ്പെ എന്റെ കണ്മുന്നില്‍, അല്ല കണ്ണില്‍, തലയില്‍, മുഖത്ത്, ഷറ്ട്ടില്‍ തീ. എവിടെയൊക്കെയോ തീ പിടിച്ച മുതലാളി പിന്നോ‍ട്ടോടിയപ്പോള്‍, മുങ്കൂട്ടി കണ്ട ഞാന്‍ മുന്നോട്ടോടി.

ഹാളിനകത്തെ ഡ്രമ്മില്‍ നിറച്ച് വച്ച വെള്ളത്തില്‍ തല താഴ്ത്തി. അതിനിടക്ക് ഷറ്ട്ടിലെ തീ അണ(ച്ച)ഞ്ഞത് എങ്ങനെ എന്ന് എനിക്കറിയില്ല. വെള്ളത്തില്‍ നിന്നും തല പൊക്കി നോക്കുമ്പോള്‍ ഒരു കണ്ണ്......

മുടി കരിഞ്ഞ മണം. ചെറിയ ഇട നാഴിയില്‍ തീ ആളിക്കത്തുന്നു. ഒരു കണ്ണ് പൊത്തിപ്പിടിച്ച് ബക്കറ്റില്‍ വെള്ളമെടുത്ത് ഞാന്‍ തിരിഞ്ഞതും, അരക്ക് മുകളിലോട്ട് കത്തുന്ന തീയുമായി (ഒരു മനുഷ്യന്‍ നിന്ന് കത്തുന്നത് ലൈവായി ഞാന്‍ ആദ്യമായി കാണുകയായിരുന്നു) പേടിച്ചരണ്ട നിലവിളിയുമായി മുതലാളി എന്റെ നേരെ ഓടി വരുന്നു. തീ അണക്കാനുള്ള അവന്റെ എല്ലാ ശ്രമവും വിഫലമാകുന്നു. അന്തമില്ലാതെ കത്തുന്ന തീ കണ്ട് ഞാനന്തം വിട്ടില്ല. എന്റെ കയ്യിലുള്ള വെള്ളം, അവന്റെ മുഖവും, നെഞുചും കണക്കാക്കി ലോറിയുടെ മട്കാട്നുള്ളിലേക്കെന്ന പോലെ ശക്തമായി ഞാന്‍ എറിഞ്ഞു.

ഭാഗ്യം (കമ്പനിത്തൊഴിലാളികളുടെ) തീ അണഞ്ഞില്ല. ഉടനെ ഞാന് അവന്‍ അണിഞ്ഞ ടീ ഷറ്ട്ട് തല വഴി ഊരാനായി ശ്രമം. അതിനിടയില്‍ വിവരമില്ലാത്ത തീ എങ്ങനെയോ അണഞ്ഞു.

ഈ സമയം, ദിവസവും മൂന്നാല്‍ പ്രാവശ്യം മുതലാളിയുടെ ചിത്ത കേള്‍ക്കാഞ്ഞാല്‍ ഉറക്കം വരാത്ത ഫോറ്മേന്‍, തന്റെ രണ്ടാമത്തെ ചിത്ത കേള്‍ക്കാനുള്ള സമയമായിട്ടും മുതലാളിയെ കാണാത്തതെന്തെ
എന്ന് വിചാരിച്ചാ‍വണം അത് വഴി വന്നത്.

ഞാനും മുതലാളിയും നനഞ്ഞ രൂപത്തില്‍ ടോം ആന്റ് ജെറി കളിക്കുന്നതും ഹാളിനടുത്ത് കത്തുന്ന തീയും കണ്ട അവന്‍ കൂടുതല്‍ വിശദീകരണം ആവശ്യം വന്നില്ല.
‘യാ റബ്ബ് യാ റബ്ബ്...’ എന്ന് ഉച്ചത്തില്‍ ഉച്ചരിച്ച് അവ്നും എന്റെ സഹായിയായി സറ്വ്വ ശക്തിയും എടുത്ത് ടീ ഷറ്ട്ട് വലിച്ചൂരി. ആ വലിയില്‍ ബട്ടന്‍സിന്‍ പകരമുള്ള സിബ്ബ് ഉരഞ്ഞ് മുതലാളിയുടെ വെളുത്ത മൂക്ക് ചുവന്ന തക്കാളി പോലെ ആയത് ഞാന്‍ ഒറ്റക്കണ്ണ് കൊണ്ട് കണ്ടു.

ഓടി വന്നവരൊക്കെയും മുതലാളിയെ സുശ്രൂശിക്കാന്‍ മത്സരിക്കുന്നതിനിടയില്‍ ഞാന്‍ കത്തുന്ന തീ അണച്ചു. അതിനിടെ നാട്ടിലെ ഫയറ് സറ്വീസുകാരെപ്പോലെ തീ കെടുത്താനായുള്ള ഫയറ് എക്സ്റ്റിങ്കുഷറുമായി ബങ്കാളി ‘ക്യാ ഹുവാ ഭായ്’ എന്ന്‍ നിറ്വികാരനായി പറഞ്ഞ് വന്നിരുന്നു പോല്‍.

ഹോ...എന്റെ കണ്ണ് കത്തി നീറിക്കൊണ്ടിരിക്കയാണല്ലൊ....അതോറ്ത്ത് ഞാന്‍ തൊട്ടപ്പുറത്തെ മുറിയിലെ ഫ്രീസറ് തുറന്ന് എന്റെ തല കഴിയുന്നതും അതിലേക്ക് കടത്തി. കട്ട പിടിച്ച് കിടക്കുന്ന ഐസ് കൈ കൊണ്ടൊപ്പി കണ്ണ് തണുപ്പിച്ചു കൊണ്ടിരിക്കെ ഞാ‍ന്‍ മുമ്പെഴുതിയ കവിതാ ശകലങ്ങളും അതിനെന്റെ സുഹൃത്തുക്കള്‍ എഴുതിയ കമെന്റും ഓറ്ത്ത് പോയി.

“........തണുത്ത് മരവിച്ച്, ഫ്രീസറില്‍ വച്ചൊരു നേന്ത്രപ്പഴം കണക്കെ കറുത്ത് കരുവാളിച്ച്..............
ഞാനെങ്ങാനും മരിച്ചുവെന്നാല്‍.......അതിന്‍ മുകളിലൊരു മീസാന്‍ കല്ല് വക്കാനാരുണ്ടീ ബൂലോഗത്തില്‍”.
എന്ന് ചോദിച്ചപ്പോള്‍, (കമന്റ് ചെയ്തവരുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ) കല്ല് വെക്കാന്‍, പേടിയുള്ളവറ്, ചൈനാ കല്ല് ലാഭത്തില്‍, റീത്ത് സ്പോണ്‍സറ് ചെയ്തവറ്, ആശ്വസിപ്പിച്ച് എന്നെ ഒരു ചിന്തകനായി കണ്ടവറ്ക്കും, ബേങ്കില്‍ നോമിനിയായി പേര്‍ കൊടുക്കുവാന്‍ കഴിയാതെ, ഒരു പ്രേതമായി വരാന്‍ കഴിയാതെ, പുഴുക്കള്‍ക്കും പഴുതാരക്കും ഭക്ഷണമായി മാറിയേക്കാവുമായിരുന്ന, പിന്നത്തെ പോസ്റ്റില്‍ ബ്രോസ്റ്റ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് പറഞ്ഞ് തരാമെന്ന് പറഞ്ഞ ഒഎബി, ചിക്കന്‍ ടിക്ക പോലെയായതറിയാതെ! അതെ ഒന്നുമറിയാതെ, എന്റെ പ്രിയ സുഹൃത്തുക്കള്‍, വായനക്കാറ്, ഈ വളിപ്പന്‍ കത്തി ബ്ലോഗറെ ഒരിക്കലുമോറ്ക്കാതെ തന്താങ്ങളുടെ ബ്ലോഗുകള്‍ എഴുതിക്കൊണ്ടിരിക്കയും, വായനക്കാറ് വായിച്ചുകൊണ്ടിരിക്കയും ചെയ്യുമായിരുന്ന ഒരു രംഗം.

വലിയ ഒരു ദുരന്തം വഴി മാറിയ ഇക്കഥ നിസ്സാരമാക്കി ഈ ബ്ലോഗില്‍ എഴുതാന്‍ ഭാഗ്യം തന്ന പടച്ച തമ്പുരാനോട് ഞാനെങ്ങനെ നന്ദി പറയേണ്ടു.....

മുഖവും കണ്ണും തണുത്ത് ഒരു സുഖം തോന്നി. ഇതിനിടയില്‍ മുതലാളി വിളിച്ച് പറയുന്നുണ്ടായിരുന്നു “ ബഷീറിനെന്ത് പറ്റിയെന്ന് നോക്കിന്‍”.(അതെ ഞാന് തന്നെ).

എനിക്കും എന്തോ പറ്റിയിട്ടുണ്ടെന്ന് അപ്പഴാണ്‍ മറ്റുള്ളവറ് അറിയുന്നത്. എന്റെ നില്‍പ്പ് കണ്ട് ഒന്ന് രണ്ടാളുകള്‍ എന്നെ സ്നേഹത്തോടെ ശകാരിച്ച് എന്റെ തല ഫ്രീസറില്‍ നിന്നും പൊക്കി. താഴെ വീണ കണ്ണടയെടുത്തു തന്നു. ഞാനെന്റെ കരിഞ്ഞ മൂന്ത ഒന്ന് കാണാന്‍ കണ്ണാടിയില്‍ നോക്കി. ങേ...എന്റെ ഒരു കണ്ണ്...?. ഞാന്‍ കണ്ണട മുഖത്തു നിന്നുമെടുത്ത് നല്ല വണ്ണം ഒന്നും കൂടെ കണ്ണാടിയില്‍ നോക്കി.

ഹാവൂ സമാദാനം.... കണ്ണടയുടെ പ്ലാസ്റ്റിക്ക് ചില്ല് കറുത്ത് പോയതായിരുന്നു. എന്നാലും പുരിക രോമമില്ലാത്ത കണ്ണ് തുറക്കാന്‍ പറ്റാത്ത രീതിയില്‍ ആയിരുന്നു. ഞാനൊരു കൊളപ്പുള്ളി അപ്പനായി മാറുമൊ ദൈവമേ...ആ സമയത്തെ ഭയം അങ്ങനെ ആയി.

പിന്നെ ആശുപത്രിയില്‍ പോയി കണ്ണ് വാഷ് ചെയ്തു.

(ഒരാഴ്ചയോളം കണ്ണില്‍ ചോരയില്ലാത്തവന്‍ എന്നാരും പറഞ്ഞില്ല. കുമ്മായ കടന്നല്‍ കുത്തിയ സുന്ദര ഭീകര കോ‍മള രൂപവും മാറി. ഒരു ചെവിയിലെ, അടുത്ത വെള്ളിയാഴ്ച കളയാന്‍ വച്ചിരുന്ന രോമവും പോയി...അല്‍ ഹംദുലില്ലാ...ഞാന്‍ ദൈവത്തെ സ്തുദിക്കുന്നു).

കമ്പനിപ്പണിക്കാറ്ക്ക് ഇതിലും വലിയ ബല്യെര്‍ന്നാള്‍ വരാനുണ്ടൊ. മുതലാളി ഇനി രണ്ട്മൂന്ന് ദിവസം ഇങ്ങോട്ടില്ല എന്ന് പറഞ്ഞ് മധുര (ലഡു വാങ്ങാന്‍ കാശ് വേണ്ടെ) വാക്കുകള്‍ കൈ മാറി ആറ്മാദിച്ചവരെയെല്ലാം നിരാശരാക്കിക്കൊണ്ട് മുതലാളി പിറ്റേന്ന് രാവിലെ കമ്പനിയില്‍.....

സാധാരണ മുതലാളി രാവിലെ ഒമ്പത് മണിക്ക് കമ്പനിയില്‍ വന്നാല്‍ രാത്രി പത്ത് മണി വരെ അവന്റെ ബുദ്ധിയി(ല്ലായ്മയി)ല്‍ തോന്നുന്നതൊക്കെയും അപ്പപ്പോള്‍ ടെസ്റ്റ് ചെയ്ത്, എന്റെ വായില്‍ കേറിയിരുന്ന്, ഞാന്‍ ഐവ...ഐവ...പറഞ്ഞ് തളറ്ന്ന് ദേഷ്യത്തോടെ സോണി... സാംസങ്ങ് ബിപി എല്‍ എന്ന് പറഞ്ഞ് തുടങ്ങും.

ഇടക്ക്, ഞാന്‍ സുബ് ഹിക്ക് ശേഷം ചിന്തിച്ച് കൂട്ടിയ എന്റെ ചിന്തകളെ ഒന്ന് സംയോചനം നടത്തി അടുത്ത പോസ്റ്റിടാനും, എനിക്ക് രണ്ട് നേരത്തെ ഭക്ഷണം ഉണ്ടാക്കാനും ഇടവേള നല്‍കിക്കൊണ്ട് മുതലാളി കമ്പനിക്കുള്ളിലേക്ക് ചെല്ലുമ്പോള്‍ ഇരുനൂറോളം വരുന്ന പണിക്കാറ് തട്ടാന്റെ തൊടിയിലെ മുയലിനെ പോല്‍ ഞെട്ടിക്കൊണ്ടിരിക്കും. അവന്‍ വിചാരിച്ച രീതിയിലല്ല പണിക്കാരന്‍ ജോലി ചെയ്യുന്നതെങ്കില്‍ പിന്നെ പറയണ്ട.

ബൈ പാസ് ഓപറേഷന്‍ കഴിഞ്ഞതിന്റെ പിറ്റേന്ന് തന്റെ ശബ്ദം ടെസ്റ്റ് ചെയ്ത, സ്വന്തം ഉമ്മ മരിച്ച് കബറടക്കം കഴിഞ്ഞ് കമ്പനിയിലെത്തിയ, പെരുന്നാള്‍ ദിവസം പോലും റസ്റ്റില്ലാത്ത, ക്ഷമ എന്ന സാധനം എന്തെന്നറിയാത്ത (അവന്റെ കൂടെ പതിനെട്ട് കൊല്ലത്തിലേറെ ഒപ്പം നിന്ന് പണിയെടുക്കുന്ന എനിക്ക് ക്ഷമക്കുള്ള വല്ല അവാറ്ഡും കിട്ടുമെങ്കില്‍ ആരെങ്കിലും ഒന്ന് റക്കമെന്റ് ചെയ്യണേ)അവന്‍ ഓരോ ജോലിക്കാരന്റെ അടുത്തും പുല്ലൂട്ടിയില്‍ കെട്ടിയ പട്ടി പോലാകും. ആരുടെ ഉപദേശവും ഇഷ്ടപ്പെടാത്ത അവന്‍ ഒന്നേ പറയാനുള്ളു.

“ നിന്റെ ബുദ്ധി എനിക്കു വേണ്ട. ഞാന്‍ പറഞ്ഞ രീതിയിലെ പണി മാത്രം. “ബിക്കോസ് ഐആം യുവറ് ബോസ്. ഐ പെയ് യുവറ് സാലറി”.

ബോറ് അല്ലെ, നിറ്ത്തി..

അങ്ങനെ മുതലാളി എന്റെയടുത്ത് വന്ന് വിഷേശങ്ങള്‍ ചോദിച്ചു. അറബി കനേഡിയനായ സുന്ദര മുഖത്തിനുടമയായിരുന്ന അവന്റെ മുഖം ഞാന്‍ ശ്രദ്ധിച്ചു നോക്കി. ഒരു സറ്ക്കസ്സ് കോമാളിയുടേത് പോലുള്ള മൂക്ക്. ഒരു വശം കറുത്ത ചുണ്ട്. വലതു ഭാഗം വള അഴിക്കാറായ ചേര പോലെ ആയ കഴുത്തും മുഖവും. കൂറ (പാറ്റ) തിന്ന കോഴി വാല്‍ പോലെയുള്ള മുടിയും കണ്ട് എനിക്ക് ചിരി പൊട്ടി.
അത് മനസ്സിലാക്കി അവന്‍ ചോദിച്ചു.

“എന്തെടാ കഴുതെ ചിരിക്കുന്നെ”.
അതെ, അതാണ്‍ അവന്‍. അതാണവന്റെ ഭാഷ. അതെന്നോട് അവനുള്ള പ്രത്യേക സ്നേഹത്തിന്റേത് തന്നെയാണെന്ന് എനിക്ക് മാത്രമെ മനസ്സിലാവൂ.







മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില