2023, ജൂലൈ 25, ചൊവ്വാഴ്ച

സൈലന്റ് വാലിയിലേക്ക് KSRTC

 നിലമ്പൂർ KSRTC ബസ്സിൽ






സൈലന്റ് വാലിയിലേക്ക് 



ചില യാത്രകൾ  നമ്മൾ പ്രതീക്ഷിച്ച രീതിയിൽ മാത്രമല്ല, ഹൃദയം കൊണ്ട് അതിൽ ലയിച്ചാൽ വലുതും  ചെറുതുമായ, ജീവിതത്തിൽ മുമ്പ് കാണാത്തതും അനുഭവിച്ചറിയാത്തതുമായ പലതും നമുക്കായി ഒരിക്കിയിട്ടുണ്ടാവും. അത് എങ്ങനെ ഒരനുഭവമാക്കാം എന്നത് യാത്രികന്റെ മാത്രം തിരഞ്ഞെടുപ്പാണ്. 


അങ്ങനെ ഒരനുഭവം ചുരുക്കി പറയാം. നിലമ്പൂരിൽ നിന്നും KSRTC ബസ്സിൽ സെെലന്റ് വാലിയിലേക്ക്.

പഴയൊരു ട്രാക്ക് പാന്റ്സും T ഷർട്ടും കുത്തിക്കേറ്റിയപ്പൊ വാമഭാഗം പല്ലിറുമ്പി മൊഴിഞ്ഞു 

"പൊന്നാര മനുഷ്യാ ഒന്നുല്ലാത്തപ്പോലെ ...."

"ജ്ജ് മുണ്ടരുത് ഞാൻ പോണത് അന്റമ്മായി വിളിച്ച തക്കാരത്തിനല്ല   ആൻജിൻഡ കൊടുമുടിയിലെ സസ്യജാലകങ്ങളിൽ ഘനീഭവിക്കുന്ന മൂടുന്ന മൂടൽമഞ്ഞിന്റെയും മഴക്കാടുകളിൽ ...."

"മാണ്ട മാണ്ട ങ്ങളെ സാഹിത്യം ... "


ക്ഷമയാണ് മികച്ച ആട്ടിൻ സൂപ്പ് എന്ന് പരീക്ഷിച്ച് വിജയിച്ചതിനാൽ പിന്നെ മുണ്ടീല.

ശുഭ മസ്തു !


 നിശബ്ദ താഴ് വരയിലേക്ക് ആദ്യമായി പുറപ്പെട്ട   ബസ്സിലെ രാവിലെ 5 മണി  സൈലന്റായിരുന്നു.

 മഴ നനച്ച റോഡിലൂടെ  ചിര പരിചിതനായ ഡ്രൈവർ,  കുണ്ടു കുഴികൾ വെട്ടിച്ചോടിച്ച് മണ്ണാർക്കാട് ഡിപ്പോയിലെത്തിച്ച് ബസ്സിന്റെ കിതപ്പവസാനിപ്പിച്ചു


 പ്രഭാത കൃത്യങ്ങൾ നിർവ്വഹിക്കാമെന്ന് തോൾ ബാഗില്ലാ കണ്ടക്ടർ വിളിച്ച് പറഞ്ഞപ്പോൾ 

"അതങ്ങോട്ടെന്തെങ്കിലും തള്ളിക്കൊടുത്തെങ്കിലെ ഇങ്ങോട്ട് വരൂ" എന്നാരൊ പറഞ്ഞതിന് 

"അത് കണ്ടറിഞ്ഞ് ചായക്ക് കടിയായി  പുട്ട് തന്നെ പറഞ്ഞിട്ടുണ്ട് " എന്ന് കണ്ടക്ടർ പറഞ്ഞപ്പോൾ അവിടെ ആദ്യത്തെ കൂട്ടച്ചിരി വീണെങ്കിലും എല്ലാവരും തന്താങ്ങളുടെ ഇരിപ്പിടത്തിൽ നിന്നും ഇടുപ്പുയർത്തി പുറത്തിറങ്ങി. 


 ഹെയർ പിന്നും മുടിപ്പിന്നുമൊന്നും പേരിടാൻ പറ്റാത്ത അട്ടപ്പാടി ചുരം ! കാണാക്കാഴ്ചകൾ ദൃശ്യവിസ്‌മയം തീർക്കുന്ന ഇടം,

അതൊരൊന്നൊന്നര അനുഭവം തന്നെ. കോട നിറഞ്ഞ, ഇടക്ക് മഴ ചാറിയ കാടിനുള്ളിലേക്ക് ഞങ്ങളെപ്പോലെ വയസ്സായ വണ്ടി യുവത്വത്തിന്റെ തെളിമയോടെ  ചുരത്തിൽ ചീറി മല കയറുമ്പോൾ പച്ചപ്പിന്റെയും കോടയുടെയും ഒരു കലാപം ഞങ്ങളെ വലയം ചെയ്തിരുന്നു.


ഇടക്ക് ഇരുൾ മൂടിയ ഒരു വളവിൽ ബസ്സ് നിന്നപ്പോൾ പഴയ ബ്ലാക്കെൻ വൈറ്റ് സിനിമയിലെ കൊള്ള സംഘത്തിനെ ഓർമ്മപ്പെടുത്തും രീതിയിൽ ഒരാൾ ഒരു പെട്ടിയുമായി ഓടി വന്നു. 

ബസ്സുകാർ അത് വാങ്ങി സീറ്റിനടിയിലൊരിടത്തൊതുക്കി  

അൽപം നേരത്തെ എത്തിയ ബസ്സ് മുക്കാലിയിൽ സൈഡാക്കി ചായ കുടി.

   പറഞ്ഞ പോലെ പുട്ട്  കുത്തുന്ന സ്പെശ്യൽ ചായക്കടക്കാരൻ !!

 മുമ്പെ റെഡിയായ 40 കുറ്റി പുട്ട്  കടലക്കറിയുമായി ചേർത്ത് കൂട്ടർ; പിരാന മത്സ്യക്കൂട്ടത്തിന് തീറ്റ കിട്ടിയ പോലെ നിമിഷങ്ങൾ കൊണ്ട് അണ്ണാക്കിലേക്ക്  തള്ളി. ബാക്കി പത്ത് കുറ്റികൊണ്ട് ഞങ്ങൾ കുറച്ച് പേർ അഡ്ജസ്റ്റ് ചെയ്തു. 


അന്നേരം സ്നേഹിതൻ  സമദ് ചോദിച്ചു "ഉച്ചഭക്ഷണത്തിന് നേരത്തെ ഓർഡർ പറയണം പോൽ  തലക്കഷ്ണമൊ വാൽ ഭാഗമൊ അതൊ നടു .... ആർക്കൊക്കെ ഏതാ വേണ്ടത് "


"മീനൊ അതൊ ... "

" മീനും കോഴിയുമൊന്നുമല്ല. മുരിങ്ങക്ക "

അത് കേട്ടവർ പൊട്ടിച്ചിരിച്ചു. 

അപ്പോഴെന്റെ ചിന്ത മറ്റൊന്നായിരുന്നു.

*പുട്ടെങ്കിൽ നേരത്തെ ബസ്സിൽ കേറ്റിയ പെട്ടിയിൽ  എന്തായിരുന്നു ? അതെവിടെക്ക്? ആർക്ക് ? അതെവിടെ ഇറക്കി ? ഇനി അത് വല്ല ...* 

എന്റെ ചിന്തകൾ എന്നിൽ ഭ്രാന്തമായ് പൂത്തമ്പോൾ ഞാനെന്നെ ചങ്ങലക്കിട്ടു !

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

എന്റെ ചിന്തകൾ എന്നിൽ ഭ്രാന്തമായ് പൂത്തമ്പോൾ ഞാനെന്നെ ചങ്ങലക്കിട്ടു

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില